Thursday, 16 April 2015

ആത്മഹത്യാ കുറിപ്പ്

"നമ്മക്ക് നമ്മടെ ഉസ്കൂള് വരെ ഒന്ന് പൂവാ?"ഏഴു വർഷങ്ങൾക്ക് മുമ്പ്, കുറച്ചു ആശ്വാസം തോന്നിയ ഒരു ദിവസം, രോഗശയ്യയിൽ കിടന്ന് എന്റെ ലക്ഷ്മി ആവശ്യപ്പെട്ടു. അന്ന് ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയായിരുന്നു. നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. മഞ്ഞണിഞ്ഞ പുലരിയിലെ മങ്ങിയ വെളിച്ചത്തിൽ ഞാൻ ലക്ഷ്മിയോടൊപ്പം നടന്നു. വാകപ്പൂക്കളും പേരറിയാത്ത മഞ്ഞപ്പൂക്കളും വഴി നീളെ വീണു കിടന്നിരുന്നു...

ഇത് എൻറെ ആത്മഹത്യാ കുറിപ്പാണ്. ഇത്രയും സമചിത്തതയോടെയും ശാന്തതയോടെയും ആത്മഹത്യ ചെയ്യാമെന്നും ആത്മഹത്യാ കുറിപ്പ് എഴുതാമെന്നും എനിക്ക് അറിയില്ലായിരുന്നു. അല്ലെങ്കിലും ആത്മഹത്യയെ എക്കാലവും എതിർത്തു പോന്നിരുന്ന ഒരാളായിരുന്നല്ലോ ഞാൻ. ആ ഞാനാണ് ഏതാനും നിമിഷങ്ങൾക്കകം മരണത്തെ പുൽകാൻ തയ്യാറെടുക്കുന്നത്. എവിടെയോ വായിച്ചിട്ടുണ്ട്, 'ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നമുക്കായി എപ്പോഴും കാത്തുവെക്കുന്നു' എന്ന്.
ജീവിതം എനിക്കായി കാത്തു വെച്ചത് ആത്മഹത്യയാണ്! ചിരി വരുന്നു. ഇപ്പോൾ ചിരിക്കുന്നത് ശരിയാണോ എന്നറിയില്ല. പക്ഷേ, ഇനി ശരിയിലും തെറ്റിലും ഒക്കെ എന്തിരിക്കുന്നു?

മരണത്തിനു മുമ്പുള്ള നിമിഷങ്ങൾ തിരിച്ചറിവിന്റെ കൂടി നിമിഷങ്ങൾ ആണ്. അല്ലെങ്കിൽ, നിത്യേന എന്നവണ്ണം ആത്മഹത്യാ വാർത്തകൾ കേട്ടിട്ടും ഉണ്ടാകാത്ത തിരിച്ചറിവ് ഇപ്പോൾ എനിക്ക് ഉണ്ടാവുമായിരുന്നില്ലല്ലോ. ജീവിതം നമുക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കാം, ഒരു പരിധി വരെയെങ്കിലും... ഇഷ്ടമുള്ള ജോലി ചെയ്യാം. ഇഷ്ടമുള്ള സ്ത്രീയെ വിവാഹം ചെയ്യാം. ഇഷ്ടമുള്ള രീതിയിൽ വീട് പണിയാം. അങ്ങനെയെന്തും... പക്ഷേ, ഇഷ്ടമുള്ള രീതിയിൽ മരിക്കാൻ ആർക്കും കഴിയില്ല. ഒരു രോഗം, ഒരു അപകടം, ഒരു നെഞ്ചു വേദന അല്ലെങ്കിൽ ഒരു വെള്ളക്കടുവ... മരണം 'കട്ട്‌' പറയുമ്പോൾ അഭിനയം നിർത്തി വേദിയിൽ നിന്നും മടങ്ങേണ്ട ഒരു നാടകശാലയല്ലേ ജീവിതം? 

നമ്മുടെ മരണത്തെ, നാടകത്തിലെ അപ്രതീക്ഷിത വഴിത്തിരിവായി കണക്കിലെടുത്ത് മറ്റുള്ളവർ നാടകം തുടർന്ന് കൊണ്ടേ ഇരിക്കുന്നു. ഒരിക്കലും അവസാനിക്കാത്ത ജീവിത മഹാനാടകം. സങ്കൽപ്പങ്ങൾക്കപ്പുറമുള്ള ക്ലൈമാക്സിലൂടെ ജീവിതനാടകത്തിനു തിരശീലയിടുന്ന മരണത്തെ, 'രംഗബോധമില്ലാത്ത കോമാളി' എന്ന് വിളിച്ചതാരാണ്? സ്വപ്‌നങ്ങൾ എല്ലാം പൂവണിഞ്ഞ്, മക്കളും പേരക്കുട്ടികളും അരികിലിരിക്കേ, നാമജപങ്ങളിൽ അലിഞ്ഞ് മരണത്തിൽ ലയിക്കുന്ന ആ പഴയ സ്വപ്നം താലോലിക്കുന്ന ഏതെങ്കിലും സ്വപ്നജീവിയായിരിക്കും. ഓ, ഞാൻ വിഷയത്തിൽ നിന്ന് മാറിപ്പോകുന്നു.

ഈ കുറിപ്പ് വായിക്കുന്ന ആർക്കെങ്കിലും സ്വന്തം മരണം എങ്ങനെ ആയിരിക്കും എന്ന് നിശ്ചയമുണ്ടോ? ഉണ്ടാവില്ല. കാരണം, അകാല മരണമാണെങ്കിൽ അതിൽ തീർച്ചയായും ഒരു ബാഹ്യഇടപെടൽ ഉണ്ടാകും. ഇനി സ്വാഭാവിക മരണമാണെങ്കിൽ തന്നെ എപ്പോ മരിക്കും, എവിടെ വച്ച് മരിക്കും എന്ന് വല്ല നിശ്ചയവും ഉണ്ടോ? ഇല്ല അല്ലേ? ആ തിരിച്ചറിവ് ഇപ്പോൾ മാത്രമാണ് എനിക്ക് ഉണ്ടായത്. സ്വന്തം മരണം എങ്ങനെ ആയിരിക്കും എന്ന് നിശ്ചയിക്കാനുള്ള അവകാശം ആത്മഹത്യ ചെയ്യുന്നവർക്ക് മാത്രം ഉള്ളതാണ്. ക്ഷമിക്കണം, എന്തൊക്കെയാണ് ഇവിടെ എഴുതിക്കൂട്ടുന്നത്? എന്തൊക്കെയോ... പക്ഷേ, ഒന്നറിയാം. ഞാൻ ഈ ഭൂമിയിൽ അവശേഷിപ്പിച്ചു പോകുന്ന അവസാന രേഖയാണിത്...

തൊടിയിലും പറമ്പിലും ഏറെ മരങ്ങൾ നട്ടിട്ടുണ്ടെങ്കിലും സ്കൂളിലേക്ക് ഉള്ള വഴിയുടെ ഇരുവശവും ഞങ്ങൾ നട്ട തണൽ മരങ്ങളായിരുന്നു ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടത്. ഞങ്ങളുടെ അധ്യാപക ജീവിതത്തോടൊപ്പം വളർന്ന മരങ്ങൾ. ഞങ്ങൾ വിരമിച്ചപ്പോൾ, മക്കളില്ലാത്ത ഞങ്ങൾക്ക് തണൽ വിരിച്ചത് ആ മരങ്ങളാണല്ലോ... ഒരു ആത്മഹത്യാ കുറിപ്പ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് ഈ വൃദ്ധന് നല്ല നിശ്ചയം പോരാ. മനസ്സിൽ തോന്നിയ കാര്യങ്ങൾ കുറിച്ച് വെക്കണം എന്ന് തോന്നി. ഇത് കണ്ടെത്തി വായിക്കുന്നവർ എന്നോട് പൊറുക്കുക. സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.

അന്ന്, സ്കൂളിനു മുന്നിലുള്ള ഞാവൽ മരത്തിന്റെ ചുവട്ടിൽ ഞങ്ങൾ ഇരുന്നു. പുലരിയിലെ ആദ്യ കിരണങ്ങൾ മഞ്ഞിനും മരങ്ങൾക്കും ഇടയിലൂടെ ഭൂമിയിലേക്ക് ഇറങ്ങി വരുന്ന കാഴ്ച കണ്ടപ്പോൾ ഏറെ മാസങ്ങൾക്ക് ശേഷം ഞാനെന്റെ ദുഃഖങ്ങൾ മറന്നു. അർബുദം അതിന്റെ അവസാനഘട്ടത്തിൽ ആയിരുന്നിട്ട് പോലും, ലക്ഷ്മി അന്ന് ഏറെ പ്രസന്നയായി കാണപ്പെട്ടു. ആ പ്രഭാതകിരണങ്ങളിൽ  ലക്ഷ്മിയുടെ മുഖം ഏറ്റം മനോഹരമായിരുന്നു. "ഒരു കാര്യം പറയാനാ ഇത്രടം വരെ വന്നത്. എനിക്ക് മരിക്കാൻ ഭയല്യ,ട്ടോ." ലക്ഷ്മി പറഞ്ഞു.  "മരിച്ചാലും ഞാൻ എങ്ങും പോവില്ല മാഷേ. ഈ ഞാവൽ മരത്തിൽ ഞാൻ ഇണ്ടാവും. എനിക്ക് എന്റെ ഉസ്കൂളും കുട്ടികളെയും എപ്പഴും കാണണം." ഞാൻ നിശബ്ദനായിരുന്നു. ലക്ഷ്മി തുടർന്നു "മാഷ്‌ വെഷമിക്കരുത്. സാധിക്കും ച്ചാ ഇവടെ വരെ വല്ലപ്പോഴും ഒന്ന് വരൂ." "ഉം" ഞാൻ മൂളിക്കേട്ടതേയുള്ളൂ. "പിന്നെ, മരുന്ന് മൊടങ്ങാണ്ട് കഴിക്കണം. പഞ്ചസാര കൊറച്ച്..." വിതുമ്പലിൽ ലക്ഷ്മിയുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. സഹധർമിണിയുടെ ആസന്നമരണത്തെ കുറിച്ച് ഞാൻ എന്താണ് പറയേണ്ടിയിരുന്നത്? അറിയില്ല...

ഒന്നും മിണ്ടാതെ കൈ കോർത്ത് ഏറെ നേരം ഞങ്ങൾ ഇരുന്നു.  വെയിലിനു ശക്തി കൂടിയപ്പോഴാണ് അവിടുന്ന് മടങ്ങിയത്. ആ വഴിയിലൂടെ ഞങ്ങൾ ഒരുമിച്ചുള്ള അവസാന യാത്രയായിരുന്നു അത്. ആ മരങ്ങൾ അന്നും ഞങ്ങൾക്ക് പതിവ് പോലെ തണൽ വിരിച്ചു. പിറ്റേ ഞായറാഴ്ച ലക്ഷ്മി മരിച്ചു.

ലക്ഷ്മിയുടെ മരണശേഷം ഒരു ദിവസം പോലും ഞാൻ ആ ഞാവൽ മരച്ചുവട്ടിൽ പോകാതെ ഇരുന്നിട്ടില്ല. കർക്കിടകത്തിലെ ഇരുളടഞ്ഞു മഴ തിമിർക്കുന്ന സായാഹ്നങ്ങളിൽ പോലും ഞാൻ എന്റെ ലക്ഷ്മിയുടെ അരികിലെത്തി. പല ദീർഘയാത്രകളും ഞാൻ ഒഴിവാക്കിയത്, അന്ന് തന്നെ തിരിച്ചെത്തിയില്ലെങ്കിൽ ലക്ഷ്മി എന്നെ കാത്തിരുന്ന് മുഷിയുമോ എന്ന് കരുതിയിട്ടാണ്. ഒരു വൃദ്ധന്റെ ഭ്രാന്തമായ പരികല്പനകളായി നിങ്ങൾക്ക് തോന്നിയേക്കാം... മറുപടിയില്ല...

ഈ താളിൽ അവിടവിടെയായി ചോരപ്പാടുകൾ പടർന്നത് ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചത്. എന്റെ ഉള്ളം കൈ തനിയെ പൊട്ടി ചോര വന്നതാണ് കേട്ടോ. അമിത രക്തസമ്മർദം. ഇന്നലെയും ഇന്നും ഗുളിക കഴിച്ചില്ല. മന:പൂർവം  കഴിക്കാഞ്ഞതാണ്. മരിക്കാൻ തീരുമാനിച്ചവന് എന്ത് ഗുളിക? ഞാൻ വീണ്ടും വിഷയത്തിൽ നിന്ന് മാറിപ്പോയി അല്ലേ?
കടന്നു പോയ ഏഴു വർഷങ്ങൾ എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് നേരത്തെ പറഞ്ഞ ആ ഭ്രാന്ത് തന്നെയാണ്. അതേ, ചില നേരങ്ങളിൽ ഭ്രാന്തും ജീവിക്കാൻ പ്രേരിപ്പിച്ചേക്കും.

പക്ഷേ, ഇന്ന് എന്റെ ഭ്രാന്ത് അവസാനിച്ചിരിക്കുന്നു. ഇനി എനിക്ക് മടങ്ങാം.

റോഡ്‌ വികസനത്തിന്റെ ഭാഗമായി എന്റെ അമ്പത്തിനാല് മക്കളെ വെട്ടിവീഴ്ത്തിയിരിക്കുന്നു. എന്റെ ലക്ഷ്മിയുടെ ആത്മാവുറങ്ങുന്ന ഞാവൽ മരം ഉൾപ്പടെ. ഞാനും ലക്ഷ്മിയും, വെള്ളവും സ്നേഹവും വാത്സല്യവും നൽകി വളർത്തിയ അമ്പത്തിനാല് തണൽ മരങ്ങൾ... വന്മരങ്ങൾ വെട്ടി വീഴ്ത്തി സൗധങ്ങൾ പണിത്, അതിന്റെ മട്ടുപ്പാവിൽ ഒരു മുളക് ചെടിയും നട്ട് പ്രകൃതി സ്നേഹം വിളമ്പുന്ന പ്രത്യയശാസ്ത്രം ഈ വൃദ്ധന് മനസ്സിലാവില്ല. ഏക്കറും സെന്റും ചുരുങ്ങി അഭിനവവാമനന്മാരെ പോലെ അടിക്കണക്കിൽ ഭൂമി അളക്കുന്ന നാട്ടിൽ എന്റെ സ്വപ്നങ്ങളിലെ മാമരങ്ങൾക്ക് പടർന്നു പന്തലിക്കാൻ എവിടെയാണ് ഇടം? അറിയില്ല...

വലിയ റോഡിലൂടെ അതിവേഗത്തിൽ പായുമ്പോൾ ആരെങ്കിലും ഓർക്കുമോ ഈ വൃദ്ധദമ്പതികളുടെ സ്വപ്നങ്ങളുടെ ശവപ്പറമ്പിലൂടെയാണ് നിങ്ങളുടെ യാത്രയെന്ന്? എനിക്കറിയാം, ഈ ചോദ്യത്തിന് തന്നെ പ്രസക്തിയില്ല.
കാരണം, മനുഷ്യവംശത്തിന്റെ അപാരമായ കുതിപ്പിനിടയിൽ ഞെരിഞ്ഞമർന്ന എത്രയെത്ര സ്വപ്‌നങ്ങൾ... അതിൽ ഏറ്റവും നിസാരമായവയുടെ കൂട്ടത്തിൽ ഇതും.

ആത്മസംഘർഷങ്ങളുടെ നെരിപ്പോട് കെട്ടടങ്ങിയിരിക്കുന്നു... നിർവികാരതയാണ്‌ തോന്നുന്നത്. ആരോടും പരാതിയില്ല. എന്റെ മരണം കൊണ്ട് ഞാൻ ബുദ്ധിമുട്ടിക്കുന്ന എല്ലാവരോടും മാപ്പ്.

ഇനി എന്റെ യാത്രയാണ്. കേട്ട് കേൾവി മാത്രമുള്ള മരണത്തിന്റെ ലോകത്തേക്ക്. ഭൂമിയിൽ വെച്ച് ഞാൻ ചെയ്ത നന്മ തിന്മകൾ ഇനിയുള്ള യാത്രയിൽ വഴി നിശ്ചയിക്കട്ടെ. ജീവിതത്തിന്റെ പരമമായ ലക്ഷ്യം കണ്ടെത്താനാവാതെ, ദൈവമേ, ഞാൻ ഭൂമിയിലെ യാത്ര ഇവിടെ അവസാനിപ്പിക്കുകയാണ്. എന്നോട് പൊറുക്കുക.
അവസാനമായി ഞാൻ ഒന്ന് പ്രാർഥിച്ചു കൊള്ളട്ടെ.

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.


Related Posts: മരണമെത്തുന്ന നേരത്ത് 

33 comments:

 1. അഭിനവ വാമനന്മാരെ പോലെ അടിക്കണക്കിൽ ഭൂമി അളക്കുന്ന നാട്ടിൽ എന്റെ സ്വപ്നങ്ങളിലെ മാമരങ്ങൾക്ക് പടർന്നു പന്തലിക്കാൻ എവിടെയാണ് ഇടം? അറിയില്ല...

  ReplyDelete
 2. എഴുതാമെന്നേറ്റപ്പോൾ ഇങ്ങനെയൊന്നെഴുതുമെന്ന് കരുതിയില്ല. മനസ്സിനു വിഷമം തരുന്ന മരണവും ആത്മഹത്യയും മരം വെട്ടലുമൊക്കെയായത് കഷ്ടമായി. ഞാൻ ഐശ്വര്യാറായിയും ചെറുതും വലുതുമൊക്കെയായിരുന്നു പ്രതീക്ഷിച്ചത്. (കൊച്ചുഗോവിന്ദന്റെതായ ശൈലിയിലുള്ള നർമ്മം പൊതിഞ്ഞ കുറിപ്പുകൾ.)

  എന്തായാലും സംഗതി നന്നായിരിക്കുന്നു. 

  ReplyDelete
  Replies
  1. സംഗതി നന്നായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. വരവിനും വായനക്കും നന്ദി.

   Delete
 3. This comment has been removed by the author.

  ReplyDelete
 4. "ഒന്നോർത്തു നോക്കിയാൽ എന്തോരം ആശ്ചര്യങ്ങളാ നമുക്ക് ചുറ്റും.
  പിരമിഡ് മുതൽ ബുർജ് ഖലീഫ വരെ.
  മഞ്ഞു തുള്ളി മുതൽ നയാഗ്ര വെള്ളച്ചാട്ടം വരെ.
  ജോർജ് ക്ലൂണി മൂന്നാമതും പെണ്ണ് കെട്ടിയത് മുതൽ ഐശ്വര്യാ റായിയുടെ പ്രസവം വരെ... "

  കൊച്ചുഗോവിന്ദന്റെ തന്നെ വരികളാണിവ... ഇത്തരം ആശ്ചര്യങ്ങളെക്കുറിച്ചെഴുതാമെന്നിരിക്കേ മനസ്സിനെ വിഷമിക്കുന്നതൊന്നും എഴുതാതെന്റെ കൊച്ചേ.

  ReplyDelete
  Replies
  1. എഴുത്ത് സാറിന്റെ മനസ്സിൽ തട്ടി എന്നറിഞ്ഞതിൽ വളരെ സന്തോഷം. വിഷമിപ്പിച്ചതിനു, അയാം ദ സോറി!

   Delete
 5. അങ്ങിനെ ഏറെ നാളുകൾക്കു ശേഷം കൊച്ചു ഗോവിന്ദൻ ഒരു വലിയ കഥയുമായി പ്രത്യക്ഷ പ്പെട്ടിരിയ്ക്കുന്നു.

  നല്ല അവതരണം. നല്ല എഴുത്ത്. നല്ല കഥ.

  ഭാര്യയുമായുള്ള ആത്മ ബന്ധം, സ്നേഹം അഭിനിവേശം ഒക്കെയാണ് കഥയുടെ കാതൽ. അത് വളരെ ഭംഗിയായി അവതരിപ്പിയ്ക്കുകയും ചെയ്തു. ഇതിനിടയിൽ റോഡു വികസനത്തിന്‌ മരം മുറിച്ചതിൽ ആവശ്യത്തിലേറെ രോഷം പ്രകടിപ്പിച്ചതും പ്രകൃതി സ്നേഹം വിളമ്പിയതും കഥയ്ക്ക്‌ യോജിച്ചില്ല. കാരണം മാഷുടെ പ്രകൃതി സ്നേഹം എങ്ങും പറഞ്ഞു കണ്ടില്ല. അത് മാത്രമല്ല. അത് ഈ കഥയിൽ ഒരു വിഷയമേ അല്ല. അപ്പോൾ അതിന് വലിയ പ്രാധ്യാന്യം കൊടുത്തതും മറ്റും ശരിയായില്ല.കഥയിൽ നിന്നും വേറിട്ട്‌ നിൽക്കുന്നത് പോലെ. ആ ഞാവൽ പോയത് വെറുതെ ഒന്ന് പറഞ്ഞു പോയാൽ മതിയായിരുന്നു. രോഷാകുലനാകാതെ.

  ആ ഒരു ഭംഗി കേട് ഒഴിച്ചാൽ കഥ മനോഹരമായി.

  ReplyDelete
  Replies
  1. വഴിയരികിൽ നട്ടുവളർത്തിയ തണൽമരങ്ങൾ തന്നെയല്ലേ പ്രകൃതി സ്നേഹത്തിന് തെളിവ്?

   Delete
 6. എഴുതാനറിയുന്നവര്‍ എഴുതട്ടെ .അതാണ്‌ അവരുടെ നിയോഗം .മരണത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ജീവിതത്തെ വിസ്മരിക്കരുത്.ജീവിതം ഒന്നിന്‍റെയും പൂര്‍ണതയല്ല _മരണവും ! നന്മകള്‍ വരട്ടെ !!

  ReplyDelete
  Replies
  1. ചിലർ ജീവിതത്തിലൂടെ പൂർണത തേടുന്നു. മറ്റു ചിലർ മരണത്തിലൂടെയും.
   വായനക്കും അഭിപ്രായത്തിനും നന്ദി.

   Delete
 7. മനസ്സിൽ തട്ടുന്ന എഴുത്ത്.വളരെ നന്നായി.:)

  ReplyDelete
 8. കൊച്ചുഗോവിന്ദന്റെ എഴുത്തിൽ ഒരു സ്വാഭാവിക പ്രതിഭയുടെ കയ്യൊപ്പ് കാണാം.അയത്നസുന്ദരമായ എഴുത്ത്. ഭാഷയ്ക്ക് നല്ല ശുദ്ധിയുമുണ്ട്.  ReplyDelete
  Replies
  1. ആദ്യമായിട്ടാണ് ഇത്ര മനോഹരമായ അഭിപ്രായം :)
   എന്തെങ്കിലും കുറിച്ച് വെക്കുന്നു എന്നേ ഉള്ളൂ. എഴുത്ത് ഇഷ്ടപ്പെടുന്നു എന്നറിയുമ്പോൾ വലിയ സന്തോഷം. നന്ദി.

   Delete
 9. മരങ്ങളെ സ്നേഹിക്കുന്ന മനസ്സിന് മനുഷ്യരെ സ്നേഹിക്കാതിരിക്കാനാവില്ല... മനസ്സിലെ വികാരവിക്ഷോഭങ്ങളെ തന്മയത്വത്തോടെ പകര്‍ത്തി.നല്ലൊരു കഥ..

  ReplyDelete
  Replies
  1. ശരിയാണ്. മരങ്ങളെ സ്നേഹിക്കുന്ന മനസ്സിന് എല്ലാവരെയും സ്നേഹിക്കുവാനേ കഴിയൂ.
   വായനക്കും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി.

   Delete
 10. മരങ്ങളെ സ്നേഹിക്കുന്ന മനസ്സിന് മനുഷ്യരെ സ്നേഹിക്കാതിരിക്കാനാവില്ല... മനസ്സിലെ വികാരവിക്ഷോഭങ്ങളെ തന്മയത്വത്തോടെ പകര്‍ത്തി.നല്ലൊരു കഥ..

  ReplyDelete
 11. മനോഹരമായ എഴുത്ത് . ഒരു നിമിഷം പോലും വായനക്കാരനെ ബോറടിപ്പിക്കുന്നില്ല.

  ReplyDelete
 12. കരീനാ കപൂറിനു ചെറുതെന്ന് പറഞ്ഞാൽ അടി വെക്കാൻ വന്നതാ.
  നല്ല കഥ.ഇഷ്ടായി.ഽ
  . വന്മരങ്ങൾ വെട്ടി വീഴ്ത്തി സൗധങ്ങൾ പണിത്, അതിന്റെ മട്ടുപ്പാവിൽ ഒരു മുളക് ചെടിയും നട്ട് പ്രകൃതി സ്നേഹം വിളമ്പുന്ന പ്രത്യയശാസ്ത്രം//////////..സൂൂൂൂൂൂൂൂപർ.

  ReplyDelete
  Replies
  1. ഇഷ്ടപ്പെടാത്ത എന്തെങ്കിലും ഉണ്ടെങ്കിൽ അടിക്കാനൊന്നും നിക്കണ്ട. വെറുതെ ഒന്ന് ഉപദേശിച്ച് വിട്ടാ മതി :)
   വായനക്കും അഭിപ്രായത്തിനും നന്ദി.

   Delete
 13. ഇവിടെ എഴുതിയ കമന്റൊക്കെ വായിച്ചപ്പോൾ ഞാനെന്തോ മോശമായിട്ടാണ് കമന്റെഴുതിയത് എന്നൊരു തോന്നലാണ് എനിയ്ക്കുണ്ടായത്. അങ്ങനെയല്ല കെട്ടോ. ഇമ്മാതിരിയൊക്കെ വായിച്ചാൽ മനസ്സിലൊരു വിങ്ങലാണ്. പിന്നെ എന്തെങ്കിലും എഴുതാൻ നോക്കിയാൽ വാക്കുകൾ ലക്ഷിടീച്ചറുടെ തൊണ്ടയിൽ കുടുങ്ങിയതു പോലെ എന്റെ കമ്പ്യൂട്ടറിന്റെ കീസ് സ്റ്റക്ക് ആകും. ദീർഘയാത്രകൾ ഒഴിവാക്കി, ഞാവല്മരച്ചുവട്ടിൽ ഓർമ്മകൾക്ക് കാവലിരിക്കുന്ന മാഷെപ്പോലെ അക്ഷരങ്ങൾ എവിടെയോ പോയി മറയും. അതു കൊണ്ടൊക്കെയാണ് മനസ്സിനുല്ലാസം തരുന്ന "ചെറുതും വലുതും" ഒക്കെ എഴുതാൻ പറഞ്ഞത്. അല്ലാതെ എഴുതിയത് മോശമായിട്ടല്ല കെട്ടോ. എഴുതിയത് പസ്റ്റ് ക്ലാസ് തന്നെയാണ് എന്ന് ഒരിക്കൽ കൂടി പറയട്ടെ; അതോടൊപ്പം ആ മൂന്നാം ഭാഗത്തിനായി കാത്തിരിക്കുകയും ചെയ്യാം.
  പിന്നെ, കോൺഗ്രസ്സിലെ കമന്റ് വരവ് വച്ചിരിക്കുന്നു കെട്ടോ.

  ReplyDelete
  Replies
  1. ഈ വാക്കുകൾ ഒരു അംഗീകാരമായി ഞാൻ കാണുന്നു. നന്ദി.
   സെന്റിമെന്റൽ ആക്കിയതിന് ക്ഷമാപണം.

   Delete
 14. കൊച്ചൂസ്,
  വളരെ ഹൃദ്യമായ രചന.
  അര്‍ത്ഥം കൊണ്ടും ആശയം കൊണ്ടും വളരെയേറെ ഇഷ്ടമായി...

  ReplyDelete
  Replies
  1. ആദ്യമായാണ്‌ ഒരു കല്ലോലിനി ഇതുവഴി ഒഴുകിയെത്തുന്നത്! സന്തോഷം :)
   വായനക്കും നല്ല വാക്കുകൾക്കും നന്ദി.

   Delete
 15. ആദ്യമായാണ് താങ്കളെ വായിക്കുന്നത്. അച്ചടി മാധ്യമങ്ങളിൽ വരുന്നതിനേക്കാൾ നിലവാരമുള്ള കഥകൾ ബ്ലോഗുകളിൽ വരുന്നു എന്നതിന് തെളിവായി ഈ കഥയും ഉൾപ്പെടുത്താവുന്നതാണ്. നാഗരികതയുടെ വന്യമായ കുതിപ്പിനിടയിൽ മനുഷ്യന് അവന്റെ ജീവിതമടക്കം എല്ലാ നഷ്ടമാവുകയാണെന്ന നല്ലൊരു സന്ദേശം ഈ കഥയിൽ വായിക്കാനാവുന്നു. അടുക്കും ചിട്ടയുമുള്ള ഭാഷ ഒരിക്കലും അതിഭാവുകത്വത്തിലേക്ക് വഴുതിപ്പോവുന്നില്ല. കഥതന്തുവിൽ നിന്നു വഴുതാതെ പ്രകൃതിയും പുരുഷനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ നല്ല നിരീക്ഷണങ്ങളാൽ കഥയിൽ അവതരിപ്പിക്കുന്നു......

  തുടർന്നും എഴുതുക.....

  ReplyDelete
  Replies
  1. സ്വാഗതം, പ്രദീപ്‌ സർ. ഇത്രയും മികച്ച ആസ്വാദനക്കുറിപ്പിന് ഹൃദയം നിറഞ്ഞ നന്ദി.

   Delete
 16. നർമ്മം മാത്രമല്ല മർമ്മം നോക്കി നൊമ്പരവും
  അസ്സലായി പകർത്തി വെക്കുവാൻ കൊച്ചുവിനാകുമെന്ന്
  ഈ വളരെ ഹൃദ്യമായ എഴുത്തിലൂടെ തെളിയിച്ചിരിക്കുന്നു....
  അഭിനന്ദനങ്ങൾ....

  ReplyDelete