Wednesday, 29 January 2020

എന്നെ ഇങ്ങനെ അപമാനിക്കല്ലേ ബേബി മോളേ!

എന്റെ ഭാര്യേടെ വീടിന്റെ തൊട്ടടുത്തുള്ള ക്ഷേത്രമാണ് ആനയ്ക്കൽ ധന്വന്തരീ ക്ഷേത്രം. അവിടത്തെ പത്താമുദയ മഹോത്സവമായിരുന്നു... അല്ലെങ്കി വേണ്ട. കുറച്ച് ഫ്ലാഷ് ബാക്ക് ആവാം ആദ്യം.

തൊണ്ണൂറുകളുടെ പകുതി. ഞങ്ങടെ വീടിന്റെ ചുറ്റുവട്ടത്ത്,  സുശീല വല്യമ്മേടെ വീട്ടിൽ മാത്രേ അന്ന് ടീവീം ഫോണും ഒക്കെ ഉണ്ടായിരുന്നുള്ളു. ഞായറാഴ്ചയിലെ സിനിമയും വെള്ളിയാഴ്ചയിലെ ചിത്രഗീതവും ഒക്കെ കാണാൻ ആ ഭാഗത്തെ കുട്ടികളും മുതിർന്നവരും ഒക്കെ ഒന്നിച്ചു കൂടും. നല്ല രംഗങ്ങളോ ക്ളൈമാക്‌സോ ഒക്കെ വരുമ്പോഴായിരിക്കും കറന്റ് പോവുക. അയ്യോ എന്ന് നിരാശയോടെ എല്ലാവരും കൂടി ഒരു വിളിയാണ്. പിന്നെ കറന്റ് വരുന്നത് വരെ പിള്ളേരെല്ലാം മുറ്റത്തിറങ്ങി എന്തെങ്കിലും ഒക്കെ കളിക്കും. മുതിർന്നവർ, ആസ് യൂഷ്വൽ വല്ല പരദൂഷണവും പറഞ്ഞു നേരം കളയും. ആ ഒരു ആംബിയൻസ് ഒന്നും ഇന്ന് എത്ര വലിയ എൽ ഇ ഡി ടീവിയിൽ കണ്ടാലും കിട്ടില്ല. അങ്ങനെയിരിക്കേ ആണ് ഒരു ദിവസം അത് സംഭവിച്ചത്.  സൂര്യഗ്രഹണം !!!

ഗ്രഹണം പ്രമാണിച്ച് അന്ന് ആ സമയത്ത്, ദൂരദർശനിൽ പ്രത്യേകം സിനിമയൊക്കെ ഉണ്ടായിരുന്നു! "കൊച്ചോയിന്നാ, സിനിമേടെ എടേല് കറന്റ് പോയാലും മുറ്റത്തൊന്നും എറങ്ങാൻ നിക്കണ്ടാട്ടാ" ന്ന് അമ്മാമ്മ, എന്ന് വച്ചാൽ സാക്ഷാൽ ഗോവിന്ദന്റെ മിസ്സിസ്, പറഞ്ഞത് ഇപ്പോഴും നല്ല ഓർമയുണ്ട്. ഗ്രഹണസമയത്ത് രശ്മികൾക്ക് വിഷാംശം ഉണ്ടാവും ത്രെ! സിനിമ തല്ലിപ്പൊളിയായത് കൊണ്ട്, ഞാൻ കാണൽ പകുതിക്ക് നിർത്തി. വാതിൽ തുറന്ന് പതുക്കെ നോക്കി. പൊതുവെ ഒരു മങ്ങിയ വെളിച്ചമാണ്. നിറയെ മരങ്ങൾ ഉള്ളത് കൊണ്ട് വെയിലടിക്കുന്നൊന്നുമില്ല. ഞാൻ രണ്ടും കൽപ്പിച്ചു പുറത്തിറങ്ങി. തണലത്ത് കൂടെ നടന്ന്, വീട്ടിലേക്കുള്ള വഴിയിൽ എവിടെയെങ്കിലും വെയിലടിക്കുന്നുണ്ടോ എന്ന് നോക്കി. ഭൂരിഭാഗം സ്ഥലത്തും തണലാണെങ്കിലും കുറച്ചിട വെയിലുണ്ട്! ഞാൻ നടന്നു. വെയിലുള്ള ഭാഗം എത്താറായപ്പോൾ, ചെരിപ്പ് ഊരി കയ്യിൽ പിടിച്ച് നൂറേ നൂറിൽ ഒരോട്ടം അങ്ങ് വെച്ച് കൊടുത്തു. സംഗതി, കുറച്ചു വെയിലേ കൊണ്ടുള്ളൂ എങ്കിലും വിഷം ബാധിച്ച് ഞാൻ തട്ടിപ്പോവോന്ന് കുറെ നാളത്തേക്ക് എനിക്ക് പേടിയായിരുന്നു! രശ്മിക്ക് നല്ല ഉന്നം ഇല്ലാത്തത് കൊണ്ട് ഞാൻ ചത്തില്ല!

അവിടുന്നൊക്കെ ലോകം എത്രയോ മാറി. ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്ത് വിജയിപ്പിച്ച ഒരു വലയ സൂര്യഗ്രഹണത്തിനാണ്  2019 ഡിസംബർ 26 ന്റെ പ്രഭാതം സാക്ഷ്യം വഹിച്ചത്. ഗ്രഹണത്തിന്റെ ശാസ്ത്രീയത തിരിച്ചറിയാനും പുരാണകഥയെ കഥയായി കാണാനും ഒക്കെ ജനങ്ങൾക്ക് കഴിഞ്ഞു. ഏതാനും വർഷം മുമ്പ് വരെ, ഗ്രഹണസമയത്ത് വാതിലുമടച്ച്, ഭക്ഷണമൊന്നും കഴിക്കാതെ പേടിച്ച് കഴിഞ്ഞിരുന്ന ഒരു കൂട്ടം ജനങ്ങൾ വസ്തുതകൾ തിരിച്ചറിഞ്ഞ് ശാസ്ത്രത്തെ പുണരുന്നത് സന്തോഷമുള്ള കാര്യമാണ്. ഗ്രഹണം കാണാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ മിക്കയിടത്തും നടന്നു എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇതൊന്നും തിരിച്ചറിയാതെ ബലമായി വാതിലടച്ച് നമ്മൾ അകത്തിരുത്തിയ ചില സാധുക്കൾ നമുക്ക് ചുറ്റും ഇപ്പോഴുമുണ്ട്. അവരെ മോചിപ്പിക്കാനാണ് ഈ കുറിപ്പ്. ദൈവങ്ങളെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
സൂര്യനെ വിഴുങ്ങാൻ വരുന്ന രാഹൂന്റെ 
ഒരു ബാല്യകാല ചിത്രം.

എല്ലാ പ്രാവശ്യത്തെയും പോലെ ഇത്തവണയും ക്ഷേത്രങ്ങൾ എല്ലാം ഗ്രഹണസമയത്ത് അടഞ്ഞു കിടന്നു.  ഒരടിപൊളി ആകാശവിസ്മയം അരങ്ങേറുമ്പോൾ നമ്മളെന്തിനാണ് ദൈവങ്ങളെ പൂട്ടിയിടുന്നത്? സാധാരണനിലയിൽ ജ്യോതിഷികൾ ഒരു ചതുരം ഒക്കെ വരച്ച് ശി, ഗു, ച, മ എന്നൊക്കെ എഴുതി എന്തൊക്കെയോ നിഗൂഢതകൾ ഒക്കെ സമന്വയിപ്പിച്ച് ഭഗവാൻ കോപിച്ചിരിക്കുകയാണെന്നോ നാടിന് ദോഷം ആണെന്നോ പറഞ്ഞാൽ വിശ്വാസികൾക്ക് മറുത്തു പറയാൻ എളുപ്പമല്ല. കാരണം, ജ്യോത്സ്യത്തെ എതിർക്കണമെങ്കിൽ നമ്മൾ ഗ്രഹനിലയും  ലഗ്നവും ഭാവവും ഒക്കെ പഠിക്കേണ്ടി വരും. സ്വന്തം പ്രശ്‍നം എന്താണെന്ന് കണ്ടുപിടിക്കാനുള്ള  മടി കാരണം പ്രശ്നക്കാരനെ കാണുന്നവർ പ്രശ്നക്കാരനെ പ്രശ്നത്തിലാക്കാൻ ജ്യോതിഷം പഠിക്കുമെന്നു കരുതുക വയ്യല്ലോ?! പക്ഷേ, ഗ്രഹണത്തിന്റെ കാര്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഒരുവിധപ്പെട്ടവർക്കൊക്കെ അറിയാം. ഒരു സാധാരണവിശ്വാസിക്ക് മനസിലാകാത്ത എന്ത് യുക്തിയാണ് ദൈവങ്ങളെ പൂട്ടിയിടുന്നതിൽ പറയാനുള്ളത്? ചന്ദ്രന്റെ മറ കാരണം പകൽസമയത്ത് കുറച്ച് നേരത്തേക്ക് കുറച്ചു വെളിച്ചം കുറഞ്ഞാൽ ക്ഷേത്രങ്ങൾക്ക് എന്താണ് സംഭവിക്കുക?

ഗ്രഹണ സമയത്ത്, ദേവചൈതന്യം കുറയുമെന്നും നെഗറ്റീവ് എനർജി വ്യാപിക്കും എന്നുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ഗ്രഹണം ആസ്വദിക്കുന്ന ഒരു കുഞ്ഞിന്റെ മുഖത്ത് ഒരാൾക്ക് നെഗറ്റീവ് എനർജി കണ്ടെത്താൻ കഴിയുമോ? ആ കുഞ്ഞിന് സംഭവിക്കാത്ത എന്ത് ചൈതന്യക്ഷയമാണ് ലോകസംരക്ഷകരായ ദൈവങ്ങൾക്ക് സംഭവിക്കുക?

പിന്നെയുള്ളത് ആചാര ലംഘനമാണ്. ഇത്രേം കാലം കൊണ്ടുനടന്ന ഒരു സംഗതി പെട്ടെന്ന് നമ്മളായിട്ട് നിർത്തിയാൽ ശരിയാവുമോ എന്ന് തോന്നാം. നമ്മൾ ആചാരം നിർത്തിയാലും ഇല്ലെങ്കിലും നാളെ നമ്മുടെ ദൈവങ്ങളൊക്കെ ഗ്രഹണം കാണുക തന്നെ ചെയ്യും എന്നേ പറയാനുള്ളൂ. കാരണം, ഇനിയൊരു ഗ്രഹണം വരുമ്പോഴേക്കും, ഇപ്പൊ പായസവും കുടിച്ച് ഗ്രഹണം ആസ്വദിച്ച തലമുറയായിരിക്കും അമ്പലക്കമ്മിറ്റി അംഗങ്ങൾ! നടയടക്കേണ്ടതില്ലെന്ന് ഒരു അഭിപ്രായം വീണു കിട്ടിയാൽ, ചൂടേറിയ ചർച്ചകൾക്ക് അത് വഴിയൊരുക്കുകയും ചിലയിടത്തെങ്കിലും ദൈവങ്ങൾ ഗ്രഹണം കാണുകയും ചെയ്യും.

അടുത്ത അഞ്ചോ പത്തോ വർഷത്തിൽ ഇതൊക്കെ സംഭവിക്കും എന്നൊന്നും അല്ല. പക്ഷേ, എന്നെങ്കിലും എല്ലാം മാറി വരും. കാരണം, മാറ്റമില്ലാത്തതായി മാറ്റം മാത്രമേയുള്ളൂ. അന്ന്, ഗ്രഹണം പേടിച്ച് ദൈവങ്ങളെ മുറിക്കകത്തിരുത്തിയ പഴയ തലമുറയെ, അതായത് നമ്മളെ ഓർത്ത് അവർ ചിരിക്കും. അവരുടെ പരിഹാസച്ചിരിയിൽ ഉൾപ്പെടാൻ ഇഷ്ടമില്ലാത്തവർക്ക് വേണ്ടിയാണ് ഇതെഴുതിയത്.

ഫ്ളാഷ്ബാക്കും ഫിലാസഫിയും ഒക്കെ കഴിഞ്ഞു. പറഞ്ഞു തുടങ്ങിയത്, ആനയ്ക്കൽ ധന്വന്തരീ ക്ഷേത്രത്തിനെ കുറിച്ചാണ്. അവിടത്തെ പത്താമുദയ മഹോത്സവമായിരുന്നു ഡിസംബർ 26നു. അന്ന് ഗ്രഹണം പ്രമാണിച്ച്, പകലത്തെ ഉത്സവം ചുരുക്കുകയും ഉച്ചയ്ക്കുള്ള അന്നദാനം ഒഴിവാക്കുകയും ചെയ്തു. കൊല്ലത്തിലൊരിക്കൽ നല്ല കളർഫുള്ളായി നടക്കേണ്ട ഉത്സവം ഭക്തശിരോമണികൾ വെട്ടിച്ചുരുക്കിയതിൽ ധന്വന്തരിക്ക് എന്തായാലും പരിഭവം കാണും.

ബൈ ദി വേ, ആരാ ഈ ധന്വന്തരീന്നാ വിചാരം? ദേവന്മാരുടെ ജരാനരകളകറ്റാൻ, കയ്യിൽ അമൃതകുംഭവും പിടിച്ച് പാലാഴിയിൽ നിന്നും ഉയർന്നു വന്ന ദേവൻ! ആയുർവേദത്തിന്റെ ദേവൻ! "ആ രാഹൂനെ പേടിയാണെന്ന് പറഞ്ഞ്, എന്നെ ഇങ്ങനെ അപമാനിക്കല്ലേ മക്കളേ!" എന്ന്  ധന്വന്തരി അഭ്യർത്ഥിക്കുന്നത്  നിങ്ങളാരും കേൾക്കുന്നില്ലേ?

 ചെലപ്പോ കേൾക്കില്ല. മറ്റൊരമ്പലത്തിലിരുന്ന്, "ആ രാഹൂനേ ചക്രായുധം വെച്ച് അരിഞ്ഞു വീഴ്ത്തിയ നിന്റെ മഹാവിഷ്ണുവാടാ പറയുന്നേ, എന്നെ തുറന്നു വിടടാ" എന്ന സാക്ഷാൽ മഹാവിഷ്ണൂന്റെ രോദനത്തിൽ ധന്വന്തരീടെ ഒച്ച മുങ്ങിപ്പോയതാവാം.

Sunday, 5 January 2020

നിങ്ങൾക്കും ആകാം ജോക്കീശ്വരൻ!!!

 ധ്വജമാപ്രാണം സംഘബന്ധുക്കളേ!

നമ്മൾ സംഘികൾ സമ്മതിച്ചു കൊടുക്കാറില്ലെങ്കിലും ഇന്ത്യൻ സമ്പദ്  വ്യവസ്ഥയുടെ അണ്ടം കീറിയിരിക്കുകയാണ് എന്നത് ഒരു നഗ്നസത്യമാണല്ലോ. നോട്ട് നിരോധിച്ചും നെഹ്‌റുവിനെ കുറ്റം പറഞ്ഞും കോർപറേറ്റുകൾക്ക് നികുതിയിളവുകൾ കൊടുത്തും ഇവിടുത്തെ പാവങ്ങളെ സഹായിക്കാൻ മോദിജിയും നിർമ്മലാജിയും പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ജിഡിപി കുറയുന്ന പോലെ കഷ്ടപ്പാടുകൾ കുറയുന്നില്ല എന്നത് വളരെ കഷ്ടമാണ്. ഈ അവസരത്തിൽ നമ്മെപ്പോലുള്ള സംഘസഹോദരന്മാർ സടകുടഞ്ഞെഴുന്നേൽക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. നോട്ട് ക്ഷാമം പരിഹരിക്കാൻ കൊടുങ്ങല്ലൂരിലെ നമ്മുടെ സംഘബന്ധു നോട്ടടിച്ച് വിതരണം ചെയ്തത് ഈ അവസരത്തിൽ ഞാൻ നന്ദിയോടെ ഓർക്കുകയാണ്. കൊടുങ്ങല്ലൂര് നിന്നും ഇരിങ്ങാലക്കുടയിലേക്ക് അധികം ദൂരമില്ല എന്നത് വളരെ അഭിമാനാർഹമായ സംഗതി കൂടിയാണ്.

അങ്ങനെയിരിക്കേ, ജട്ടി വാങ്ങാൻ ആളില്ലാത്തത് കൊണ്ട് 'ജോക്കി' എന്ന ഷെഡ്ഢി കമ്പനിയുടെ കച്ചോടത്തിൽ നഷ്ടം വന്ന കദനകഥ വായിച്ച് എനിക്ക് ഉറക്കം നഷ്ടപ്പെട്ടു. ലോ വേസ്റ്റ് പാന്റും ധരിച്ച് ഷെഡ്ഢി കാണിച്ചു ചെത്തി നടന്നിരുന്ന യൂത്തന്മാരെല്ലാം പണിയില്ലാത്തത് മൂലം തുള വീണ ഷെഡ്ഢിയുമിട്ട് മുണ്ട് മുറുക്കിയുടുത്തു നടക്കുകയാണെന്നാണ് പ്രതിപക്ഷം പറയുന്നത്. ഈ മാനക്കേടിൽ നിന്നും സർക്കാരിനെ കരകയറ്റാൻ എന്നെക്കൊണ്ടാവുന്നത് പോലെ ഞാൻ ശ്രമിക്കുകയാണ്. ഭാരതത്തെ മൊത്തം കരകയറ്റിയില്ലെങ്കിലും ഒരു ഷഡ്ഢിക്കമ്പനിയെ എങ്കിലും കരകയറ്റേണ്ടത് ആത്മാർത്ഥതയുള്ള ഒരു സംഘി എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണ്. അങ്ങനെയാണ് ഞാൻ സ്വന്തം നിലയിൽ ഒരു മത്സരം നടത്താൻ തീരുമാനിച്ചത്.

നിങ്ങൾക്കും ആകാം ജോക്കീശ്വരൻ 

മത്സരത്തിൽ വിജയിക്കുന്നവർക്ക് ജോക്കിയുടെ വിലയേറിയ ജെട്ടികൾ സമ്മാനമായി ലഭിക്കുന്നതാണ്. അതും കാണിച്ച് നാലുചാൽ റോട്ടീക്കൂടെ നടന്നാൽ പ്രതിപക്ഷ തെണ്ടികളുടെ വായടയുന്നതാണ് എന്ന് ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ. സംഘസഹോദരിമാരും ഈ യജ്ഞത്തിൽ പങ്കെടുത്ത് പരമാവധി പ്രോത്സാഹനം തരേണ്ടതാണ്. ബ്രസീലിലെ റിയോ കാർണിവൽ പോലെ, വിലയേറിയ ജെട്ടികൾ ധരിച്ച് നടന്നു നീങ്ങുന്ന സംഘബന്ധുക്കളെ കാണാൻ വിദേശ ടൂറിസ്റ്റുകൾ ഒഴുകി വരുന്ന ഒരു ഭാരതത്തെ ഓർക്കുമ്പോൾ എനിക്ക് കോൾമയിര് കോരുന്നു! അപ്പൊ നമുക്ക് മത്സരത്തിലേക്ക് കടക്കാം. സംഘിസഹോദരന്മാർക്ക് ഒന്നാമതെത്താൻ വേണ്ടി ചോദ്യങ്ങളിൽ ചാണകം കൂടുതലായി ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന സന്തോഷവാർത്ത ആദ്യമേ പങ്കുവെക്കുന്നു. വിജയീ ഭവഃ


നൂറു രൂപ വിലയുള്ള ബ്രീഫ് ജെട്ടി സ്വന്തമാക്കാനുള്ള ഒന്നാമത്തെ ചോദ്യം.

1. ഗോമാതാവിന്റെ ചാണകത്തിൽ അടങ്ങിയിരിക്കുന്നത് എന്തെല്ലാം?
a. സ്വർണം
b. പ്ലൂട്ടോണിയം
c. ഓക്സിജൻ
d. അണ്ഡകടാഹം 

നൂറ്റമ്പത് രൂപ വിലയുള്ള ബ്രീഫ് ജെട്ടിക്കുള്ള രണ്ടാമത്തെ ചോദ്യം.

2 . നമ്മൾ സംഘബന്ധുക്കൾ സ്വപ്നം കാണുന്ന ഇന്ത്യ എങ്ങനത്തെയാണ്?
a. ജിഹാദികൾ ഇല്ലാത്ത ഇന്ത്യ
b. കമ്മികൾ ഇല്ലാത്ത ഇന്ത്യ
c. ഭരണഘടന ഇല്ലാത്ത ഇന്ത്യ
d. ചാണകം നിറഞ്ഞ ഇന്ത്യ

ഇരുന്നൂറ്റി പത്തൊമ്പത് രൂപ വിലയുള്ള ബോക്‌സർ ജെട്ടിക്കുള്ള മൂന്നാമത്തെ ചോദ്യം ഇതാ

3. സംഘബന്ധുക്കളുടെ കണ്ടുപിടുത്തങ്ങൾക്ക് വാട്സാപ്പിൽ സപ്രിടിക്കറ്റ് കൊടുക്കുന്നത് ആരാണ്?
a. യുനെസ്കോ
b. നാസ
c. പാശ്ചാത്യർ
d. കേശവൻ മാമൻ


ജോക്കി നല്ല ബലമുള്ള ജെട്ടിയാണ് എന്നതിന്റെ തെളിവായി പരീക്ഷണ ശാലയിൽ നടത്തിയ ടെസ്റ്റിന്റെ ചിത്രം ശ്രദ്ധിക്കുക.

അടുത്തതായി, 500 രൂപ വിലയുള്ള ഒരു ബോക്‌സർ ജെട്ടിയും ഒരു ബിക്കിനി ജെട്ടിയും ഒരുമിച്ചു സ്വന്തമാക്കാനുള്ള നാലാമത്തെ ചോദ്യത്തിലേക്ക് കടക്കാം.

4. ഭാരതത്തിന്റെ പേരും സാമ്പത്തിക സ്ഥിതിയും ഇന്നത്തെ നിലയിൽ എത്തിച്ചതിനു നമ്മൾ നന്ദി പറയേണ്ടത് ആരോട്?
a. മോദിജി
b. അമിട്ട് ഷാജി
c. യോഗി ആദിത്യനാഥ് ജി
d. നിർമലാജി

ഇനി 800 രൂപ വിലമതിക്കുന്ന ഒരു ബോക്‌സർ ജെട്ടിയും ഒരു ബിക്കിനി ജെട്ടിയും ഒരു സ്പോർട്സ് ബ്രായും ഒരുമിച്ചു സ്വന്തമാക്കാനുള്ള അഞ്ചാമത്തെ ചോദ്യം

5. നിങ്ങളുടെ വീട്ടിൽ വളർത്തുന്ന ആട്ടിൻകുട്ടിക്ക് ഇടാൻ പറ്റിയ ഏറ്റവും നല്ല പേര് ഏതാണ്?
a. കമ്മിണി 
b. കൊങ്ങിണി 
c. സംഘിണി 
d. കിങ്ങിണി

അഞ്ച് ചോദ്യത്തിനും ശരിയുത്തരം പറഞ്ഞ സ്ഥിതിക്ക് നിങ്ങളുടെ ഓട്ടവീണ ജെട്ടി എക്സ്ചേഞ്ച് ഓഫറിലൂടെ സൗജന്യമായി മാറ്റിയെടുക്കാനുള്ള കൂപ്പൺ ഇതാ.


അടുത്തത് പൊതുവിജ്ഞാനം പരീക്ഷിക്കുന്ന ഒരു ചോദ്യമാണ്. ഉത്തരം അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. സമ്മാനം 1000 രൂപ വിലവരുന്ന കാക്കി ജട്ടികൾ!

6. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കിയതിലൂടെ കേരളത്തിൽ ബിജെപി നേടിയ ലോക്‌സഭാ സീറ്റുകളുടെ എണ്ണം എത്ര?
a. കോഴിമുട്ട
b. ആനമൊട്ട
c. ഒട്ടകമുട്ട
d. വെറും മുട്ട

അടുത്ത ചോദ്യത്തിന് ശരിയുത്തരം നൽകിയാൽ നിങ്ങൾക്ക് കിട്ടാൻ പോകുന്നത് 1500 രൂപയുടെ വിവിധ നിറത്തിലും സൈസിലും ഉള്ള നാല് ഡിസൈനർ ഷെഡ്ഢികളാണ്. ശ്രദ്ധിച്ച് ഉത്തരം പറയണം. ചോദ്യം ഇതാ.

7. ചാണകം എന്ന് കേൾക്കുമ്പോൾ ഓർമ വരുന്നത് ആരെയാണ്?
a. സംഘി 
b. ഓപ്ഷൻ എ 
c. ഓപ്ഷൻ ബി 
d. ഇവയെല്ലാം

ജോക്കിയുടെ ഓൺലൈൻ സൈറ്റിൽ നിന്നും ഷെഡ്ഢി വാങ്ങാൻ 2000 രൂപയുടെ ഗിഫ്ട് വൗച്ചർ സമ്മാനമായി നേടാനുള്ള ചോദ്യം ഇതാ.

8. തലയിൽ ഏറ്റവും അധികം ചാണകം നിറഞ്ഞ സംഘിക്ക് കിട്ടുന്ന ബഹുമതി ഏതാണ്?
a. ചാണക സംഘി
b. ബിജെപി സംസ്ഥാന അധ്യക്ഷൻ
c. ബിജെപി ദേശീയ അധ്യക്ഷൻ
d. മിസോറാം ഗവർണർ 

അടുത്ത ചോദ്യത്തിലേക്ക് കടക്കാം. നേടാനുള്ളത് 2500 രൂപ വിലമതിക്കുന്ന മൂന്ന് വെസ്റ്റും മൂന്ന് ബോക്സറും രണ്ട് ഫുൾ സെറ്റ് ബിക്കിനിയും ആണ്.

9. ആരോഗ്യപരിപാലന രംഗത്ത് ഇന്ത്യയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏതാണ്?
a. ഉത്തർ പ്രദേശ്
b. ഗുജറാത്ത്
c. കേരളം
d. അറിഞ്ഞാലും ഞാൻ പറയൂല്ലടാ പട്ടീ!!!

മത്സരം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. 3000 രൂപ വിലയുള്ള ജോക്കി സ്റ്റിക്കർ പതിച്ച കാക്കി കളസവും കാവി ഷെഡ്ഢിയും അടങ്ങിയ ഫാമിലി പാക് ആണ് സമ്മാനം. സുവർണ ചോദ്യം ഇതാ.

10. നമ്മുടെ ചാനൽ സിങ്കം ശ്രീ. ബി. ഗോപാലകൃഷ്ണൻ താഴെ പറയുന്നവയിൽ ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
a. സുന്ദർ പിച്ചായ്
b. സത്യ നദെല്ല
c. എലോൺ മസ്‌ക്
d. ഒട്ടകം

അങ്ങനെ നമ്മൾ അവസാന ചോദ്യത്തിലേക്ക് കടക്കുകയാണ്. ഇതിന് ഉത്തരം പറഞ്ഞാൽ നിങ്ങൾക്ക് കിട്ടുന്നത് ഒരു കൊട്ട ചാണകം, ദണ്ഡ, കുറുവടി, വെള്ള ഷർട്ട്, കാക്കി കളസം, കാവി ജെട്ടി, നാസ അംഗീകരിച്ച യുനെസ്കോ സർട്ടിപ്രിക്കറ്റ് എന്നിവയടങ്ങിയ ഫാമിലി പാക് ആണ്. ആശംസകൾ!

11. ഷെഡ്ഢിയുടെ വള്ളിയിൽ ഷേവ് ശബരിമല എന്നെഴുതി തലയിൽ ചുറ്റിയ സംഘസഹോദരൻ ആരാണ്?
a. കണ്ഠരര് മഹേശ്വര്
b. എരുമേലി വാവര്
c. രാഹുൽ ഈശ്വര്
d. സാക്ഷാൽ ഈശ്വര്

എത്രയും പ്രിയപ്പെട്ട സംഘസഹോദരീസഹോദരന്മാരെ,
നിങ്ങളെല്ലാം പലപല സൈസിലുള്ള ജെട്ടികളും ബ്രായും കളസവും ഒക്കെയണിഞ്ഞു നടന്നു നീങ്ങുന്ന, ചാണകമണം നിറഞ്ഞ വികസിത ഭാരതമാണെന്റെ സ്വപ്നം. ആ സ്വപ്നത്തിലേക്ക് ഇനിയധികം ദൂരമില്ലെന്നു ഇവിടുത്തെ കമ്മി ജിഹാദി കുരിശു കൃഷിക്കാരെ ഓർമിപ്പിച്ചുകൊണ്ട് നിർത്തുന്നു.

ജയ് ഭവാനി. ജയ് ശിവാജി.