Thursday, 28 February 2019

കല്യാൺ ആണോ ചുങ്കത്ത് ആണോ ശരി?!

#കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു

ആഭരണമേഖലയിലെ പരസ്യങ്ങളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണല്ലോ കല്യാൺ ജ്വല്ലേഴ്‌സിന്റെ 'വിശ്വാസം അതല്ലേ എല്ലാം' എന്ന സീരീസ്. കാമുകനൊപ്പം ഒളിച്ചോടാൻ വീടുവിട്ടിറങ്ങിയ മകൾ, അച്ഛനെ ഓർത്തു മടങ്ങി വരുന്നതാണ് ഈ സീരീസിലെ ആദ്യ പരസ്യം. അച്ഛൻ മകളെ സ്നേഹത്തോടെ പുണരുമ്പോൾ സ്‌ക്രീനിൽ ആ പ്രശസ്തമായ വരികൾ തെളിയുകയായി...

വിശ്വാസം... അതല്ലേ എല്ലാം!


സാധാരണ നിലയിൽ കേരളത്തിലെ അച്ഛനമ്മമാർ വിശ്വസിക്കുന്നത് എന്താണ്? വീട്ടിൽ സ്നേഹവും കരുതലും നൽകി വളർത്തുന്ന തന്റെ മകൾ അല്ലെങ്കിൽ മകൻ ഒരു പ്രേമത്തിൽ അകപ്പെടുകയില്ല എന്ന് തന്നെ. ഇനി പ്രേമിച്ചാൽ തന്നെ, ഒളിച്ചോടാനൊന്നും നിൽക്കാതെ, അച്ഛനമ്മമാരോട് മനസ്സ് തുറക്കും എന്ന് വിശ്വസിക്കുന്നവരും ഉണ്ടാകും. എന്റെ മകൾ/മകൻ ഒളിച്ചോടാൻ സാധ്യതയുണ്ട് എന്ന് വിശ്വസിക്കുന്നവരും കാണും. എന്നാൽ, ഒളിച്ചോടിയ മകൾ, വഴിക്ക് വെച്ച് ഓട്ടം നിർത്തി തിരിച്ചു വരും എന്ന് വിശ്വസിക്കുന്ന അച്ഛനമ്മമാർ ഈ ദുനിയാവിൽ ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല.

എന്നാൽ നമ്മടെ പരസ്യത്തിലോ? അച്ഛൻ തന്റെ മകളിലുള്ള വിശ്വാസം ശരിയായതോർത്ത് ധൃതംഗപുളകിതനാവുന്നു! ഇതാണ് ഈ വിശ്വാസത്തിന്റെ ഒരു കുഴപ്പം. ഒരു കാര്യം വിശ്വസിച്ചാൽ അത് ശരിയാണെന്ന് വരുത്തി തീർക്കാൻ നമ്മൾ ഏതറ്റം വരെയും പോകും. കാര്യങ്ങളെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കും. ഏറ്റവും എളുപ്പത്തിൽ മനസിലാകുന്ന ഒരു ഉദാഹരണം പറയാം. നമുക്ക്, മണ്ടത്തരമായി തോന്നുന്ന ഒരു ആചാരം അന്യമതസ്ഥൻ ആനക്കാര്യമായി വിളമ്പുന്നത് ശ്രദ്ധിച്ചിട്ടില്ലേ?!

വിശ്വാസ പരസ്യത്തിന് മറുപടിയെന്നോണം ചുങ്കത്ത് ജ്വല്ലേഴ്‌സ് കൊണ്ടുവന്ന പരസ്യമാണ് 'അനുഭവം അതാണ് സത്യം' എന്നത്. കൂടെ വരാം എന്ന് പറഞ്ഞ പെണ്ണ് വരാതായപ്പോൾ ചമ്മി നാറി വീട്ടിൽ കയറി വരുന്ന മകനെ അച്ഛൻ കെട്ടിപ്പിടിക്കുമ്പോൾ സ്‌ക്രീനിൽ... 'അനുഭവം, അതാണ് സത്യം'!


ഇവിടെ നമ്മടെ ചെറുക്കന് ഉണ്ടായ അനുഭവം എന്താണ്? ഒളിച്ചോടാൻ ഇറങ്ങിയ കാമുകി ഓട്ടം നിർത്തി റിവേഴ്‌സ് ഗിയർ ഇട്ട് വീട്ടിൽ പോയി. ഇതിൽ അടങ്ങിയിരിക്കുന്ന സത്യം എന്താണ്? പെണ്ണുങ്ങൾ എല്ലാം തേപ്പുകാരികൾ ആണെന്നോ? അതോ വീട്ടിൽ തിരിച്ചു വരുമ്പോൾ അച്ഛൻ കെട്ടിപ്പിടിച്ചു ഇമ്മാതിരി ഡയലോഗ് അടിക്കുമെന്നോ? ഇതിൽ ഏത് തന്നെയായാലും അത് അയാളുടെ വ്യക്തിപരമായ അനുഭവം മാത്രമാണ്. ഒരു കാര്യം സത്യമാണെന്നു സ്ഥാപിക്കാൻ തനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നത് ഒരു ന്യായവൈകല്യം ആണ്. എനിക്ക് പ്രേതാനുഭവം ഉള്ളത് കൊണ്ട് പ്രേതം ഉണ്ട് എന്ന് പറയുന്നത് പോലെ. മലയാളത്തിൽ ഇതിനെ അനക്ഡോട്ടൽ ഫാലസി എന്നും ഇംഗ്ലീഷിൽ Anecdotal Fallacy എന്നും പറയും 🙂 അതുകൊണ്ട്, അനുഭവങ്ങളെ സത്യത്തിന്റെ അടിസ്ഥാനം ആക്കാൻ പറ്റില്ല എന്ന് ചുരുക്കം. ഒരു കാര്യം സത്യമാണെന്നു സ്ഥാപിക്കാൻ ശാസ്ത്രീയമായ ചില രീതികളൊക്കെയുണ്ട്.

ഒരു കാര്യം നിരീക്ഷിച്ചാൽ നമുക്ക് ചില അനുമാനങ്ങളിൽ എത്തിച്ചേരാം. എന്നാൽ അത് ശരിയാണെന്നു തെളിയിക്കാൻ നിരന്തരമായ പരീക്ഷണങ്ങൾ നടത്തണം. അതിൽ നിന്ന് കിട്ടുന്ന ഫലങ്ങൾ വിശകലനം ചെയ്യണം. അവ നമ്മുടെ അനുമാനങ്ങളുമായി ഒത്തു പോയാൽ, ആ പഠനഫലം മികച്ച ശാസ്ത്ര ജേർണലുകളിലൂടെ നമുക്ക് ലോകത്തോട് പങ്കു വെക്കാം. തലയിൽ കിഡ്നിയുള്ള ഒരുപാട് പേര് അത് വായിക്കുകയും വിമർശിക്കുകയും തിരുത്തുകയും മെച്ചപ്പെടുത്തുകയും ഒക്കെ ചെയ്യും. അങ്ങനെയൊക്കെയാണ് ഒരു കാര്യം ശാസ്ത്രീയമായി തെളിയിക്കുന്നത്.

മുകളിലിരിക്കുന്ന പല്ലി നമ്മുടെ ദേഹത്ത് വീണശേഷം, ഓടുന്ന ദിശ നോക്കി ഒരാളുടെ ഭാവി പ്രവചിക്കുന്ന (കപട)ശാസ്ത്രമാണല്ലോ ഗൗളിശാസ്ത്രം. ഇത്തരം കാര്യങ്ങളാണ് വാട്സാപ്പിലെ കേശവൻ മാമന്മാർ മുതൽ ഇന്ത്യൻ സയൻസ് കോൺഗ്രസിൽ പ്രബന്ധം അവതരിപ്പിക്കുന്ന ശാസ്ത്രജ്ഞന്മാർ വരെ പ്രോത്സാഹിപ്പിക്കാറുള്ളത്. എന്നാൽ ആ പല്ലി വീണത് കാല് സ്ലിപ്പായതുകൊണ്ടാണെന്നും വീണു കഴിഞ്ഞു ഓടിയത് സ്വന്തം ജീവൻ രക്ഷിക്കാനാണെന്നും പരീക്ഷണനിരീക്ഷണങ്ങളിലൂടെ തിരിച്ചറിയുന്നതാണ് ശാസ്ത്രത്തിന്റെ ശരിയായ രീതി!




അപ്പൊ പറഞ്ഞു വന്നത് ഇതാണ്. വിശ്വാസമോ, കാലപ്പഴക്കമോ, അനുഭവസാക്ഷ്യങ്ങളോ അല്ല ഒരു കാര്യത്തിന്റെ ആധികാരികത നിർണയിക്കുന്നത്. ശാസ്ത്രത്തിന്, സാമാന്യബുദ്ധിക്ക് നിരക്കുന്നതും കൃത്യമായ നിർവചനം ഉള്ളതുമായ ചില രീതികൾ ഉണ്ട്. അത് പിന്തുടർന്ന് നമ്മുടെ അവകാശവാദം തെളിയിച്ചാൽ അത് ശാസ്ത്രീയമായിരിക്കും. അല്ലാതെ അവിടെയും ഇവിടെയും തൊടാതെ നിങ്ങൾക്ക് ഇപ്പോൾ ഭയങ്കര കാലക്കേട് ആണ് എന്ന് ജ്യോത്സ്യൻ പറയുന്ന ഉടായിപ്പ് പരിപാടി അല്ല ശാസ്ത്രം!





10 comments:

  1. അനുഭവവും പഴയ പ്രാമാണിക സൂത്രങ്ങളും
    മാത്രം കുഴിച്ചിട്ടാൽ മുളക്കുന്ന 'കുരു' എന്ന്
    വിശ്വസിക്കുന്നവരുടെ മുമ്പിലൊക്കെ ശാസ്ത്രമെന്ന
    ടിപ്പ് ചുള്ളത്തി എന്നും നാണം കുണുങ്ങിയായി നിൽക്കുന്ന
    ചരിത്രവും വർത്തമാനവും ഭാവിയും നീ ഒട്ടും വിസ്മരിക്കരുത് കേട്ടോ കൊച്ചു ..!

    ReplyDelete
    Replies
    1. അതും ശരിയാണ്! എന്റെ ഭാഗത്തും തെറ്റുണ്ട്!

      Delete
  2. ശാസ്ത്രത്തെ വിശ്വാസവുമായി കൂട്ടിക്കുഴക്കുന്ന പരിപാടിയാണല്ലോ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്....

    ReplyDelete
    Replies
    1. ഇപ്പോഴൊന്നും അല്ല ബ്രോ. എല്ലാ കാലത്തും ശാസ്ത്രത്തെ കൂട്ട് പിടിച്ചു തന്നെയാണ് വിശ്വാസങ്ങൾ വളർന്നിട്ടുള്ളത്.

      Delete
  3. തകർത്തല്ലോ.... ഇതെന്നാ മൊത്തം കലിപ്പിൽ ആണല്ലോ.

    മലയാളത്തിൽ ഇതിനെ അനക്ഡോട്ടൽ ഫാലസി എന്നും ഇംഗ്ലീഷിൽ Anecdotal Fallacy എന്നും പറയും 🙂 ////////😛😛😛😛

    ReplyDelete
    Replies
    1. ഇനി ദതിന്റെ മലയാളം പറഞ്ഞിട്ട് പോയാ മതി!

      Delete
  4. ഇങ്ങനെയൊരാളെ ഞാൻ ഇതുവരെ കണ്ടിക്കില്ല... ഇനി മുതൽ ഓരോന്നിലേക്കും ഞാൻ വലിഞ്ഞു കയറുന്നതാണ്...അസാധാരണമായാ സാധാരണ വിഷയം...നന്നായിട്ടുണ്ട്..

    ReplyDelete