Tuesday, 10 March 2020

ഉപമേഷു സമസ്തേഷു സഞ്ചാരിണീ ജയതേ!

വിശാലമനസ്കന്റെ 'കൊടകരപുരാണം' നാടൻ ഉപമകളുടെ ഒരു സൂപ്പർ മാർക്കറ്റാണ്. സേവ്യറേട്ടന്റെ വാൾ എന്ന പോസ്റ്റിലെ ഉപമ നോക്കാം.

"കാക്കമുട്ട സേവ്യറേട്ടന്‍ ഒരു സ്ഥിരം മദ്യപാനിയല്ല.

വല്ലപ്പോഴും. അതായത് കൊല്ലത്തില്‍ ഏറിയാ അഞ്ചോ ആറോ തവണ. അതും കാശ് ചിലവൊന്നുമില്ലാതെ കിട്ടിയാല്‍ മാത്രം. അങ്ങിനെ കിട്ടുമ്പോള്‍; ഇന്നത്‌, ഇത്ര, ഇന്ന സമയത്ത്‌ എന്നൊന്നുമില്ല. കൊമ്പില്‍ കളറടിച്ച പൊള്ളാച്ചി മാടുകള്‍ റോഡ് സൈഡിലെ തോട്ടീന്ന് വെള്ളം കുടിക്കണ പോലെയൊരു കുടിയാണ്‌." 


ആഹാ! ഇമ്മാതിരി അസാധ്യ അലക്കലക്കുന്നതു കൊണ്ടാണ് 'ഉപമാ വിശാലസ്യ' എന്ന് നമ്മൾ അഭിനന്ദിക്കുന്നത്! സേവ്യറേട്ടന്റെ കള്ളുകുടിയുടെ സ്റ്റൈലും തീവ്രതയും ഇതിനേക്കാൾ കുറഞ്ഞ വാക്കുകളിൽ എങ്ങനെയാണ് വിവരിക്കുക? ഉപമിക്കാനുള്ള കഴിവിന്റെ കാര്യത്തിൽ വിശാലമനസ്കനെ കഴിഞ്ഞിട്ടേ ബൂലോഗത്ത് വേറെ ആരും ഉള്ളൂ. ഉപമാ കാളിദാസസ്യ എന്ന പ്രശസ്തമായ പ്രയോഗത്തിന്റെ ബൂലോഗവൽക്കരണമാണ് ഉപമാ വിശാലസ്യ എന്നത്. ഉപമ എന്ന് കേട്ടാൽ ഉടനെ ഞാൻ രാജലക്ഷ്മി ടീച്ചറെ ഓർക്കും

അഞ്ചാം ക്‌ളാസിൽ പഠിക്കുമ്പോൾ രാജലക്ഷ്മി ടീച്ചർ ഒരു ദിവസം ക്‌ളാസിൽ കയറി വന്ന് മുന്നറിയിപ്പൊന്നും കൂടാതെ ഒരു പാട്ട് പാടി. 

"എന്തു ഭംഗി നിന്നെക്കാണാൻ എന്റെയോമലാളേ 
മകരസൂര്യനോമനിക്കും മഞ്ഞുതുള്ളി പോലെ..." 
ആദ്യമൊന്ന് അമ്പരന്നെങ്കിലും അടുത്തവരി ഞങ്ങടെ വക ഒരു കോറസായിരുന്നു...
"മുത്തുമാല ചാർത്തി നിൽക്കും മുല്ലവള്ളി പോലെ...!" ആ റെസ്പോൺസ് കണ്ട് ടീച്ചർ  പൊട്ടിച്ചിരിച്ചു, അതുകണ്ട് ഞങ്ങളും!

"മഞ്ഞുതുള്ളി പോലെ... മുല്ലവള്ളി പോലെ... ഒരു കാര്യത്തെ മറ്റെന്തെങ്കിലും പോലെ എന്ന് പറയുന്നതിനെയാണ് ഉപമ എന്ന് പറയുന്നത്. ഉപമയുടെ കാര്യത്തിൽ മഹാകവി കാളിദാസനെ വെല്ലാൻ മറ്റൊരു കവിയില്ല" ടീച്ചർ പറഞ്ഞു തന്നു. 

ആ പാട്ടും പൊട്ടിച്ചിരികളും ഇല്ലായിരുന്നെങ്കിൽ, മറ്റേതൊരു വ്യാകരണനിയമവും പോലെ ഉപമയും മറവിയിലായേനെ. പക്ഷേ, ടീച്ചർ ആളൊരു പുലിയാണ്! അല്ലെങ്കിൽ ഇത്രേം വർഷം കഴിഞ്ഞിട്ടും ഇനി പറയാൻ പോകുന്ന കാര്യങ്ങളൊക്കെ ഞാൻ ഓർത്തു വെച്ചത് എങ്ങനെയാണ്? അങ്ങനെ അന്ന് ഞാൻ ഉപമയേയും കാളിദാസനെയും  പരിചയപ്പെട്ടു. പിന്നീട് പലതവണ കാളിദാസന്റെ ഉപമകൾ വായിച്ച് ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. അതിലേറ്റവും പ്രശസ്തമായ ഉപമയാണ് രഘുവംശം എന്ന മഹാകാവ്യത്തിലെ  ഇന്ദുമതീ സ്വയംവരം. 

സഞ്ചാരിണീ ദീപശിഖേവ രാത്രൗ 
യം യം വ്യതീയായ പതിംവരാ സാ 
നരേന്ദ്രമാർഗാട്ട ഇവ പ്രപേദേ 
വിവർണഭാവം സ സ ഭൂമിപാല|

നിരന്നിരിക്കുന്ന രാജാക്കന്മാരിൽ നിന്ന് വരനെ തിരഞ്ഞെടുക്കാൻ വരുന്ന ഇന്ദുമതിയെ, സഞ്ചരിക്കുന്ന ഒരു ദീപശിഖ പോലെയെന്നാണ് കാളിദാസൻ വിശേഷിപ്പിക്കുന്നത്. ഇന്ദുമതി കടന്നുപോകുമ്പോൾ രാജാക്കന്മാരുടെ മുഖം മങ്ങുന്നു. ഒരു ദീപശിഖയും പിടിച്ച് രാജവീഥിയിലൂടെ നടക്കുമ്പോൾ, പിന്നിടുന്ന കെട്ടിടങ്ങൾ ഇരുളിലാഴുന്ന പോലെ...! ആഹാ, എന്താ ഒരു ഇത്! ഈ ഉപമയെത്തുടർന്ന് മഹാകവി കാളിദാസൻ, ദീപശിഖാ കാളിദാസൻ എന്നും അറിയപ്പെടുന്നു.

പ്രാചീന ഭാരതീയ കവികളിൽ അഗ്രഗണ്യനായിരുന്നു കാളിദാസൻ. പുള്ളീടെ ഗുളുഗുഗ്ഗുളുഗുഗ്ഗുളു എന്ന സമസ്യയെ കുറിച്ച് ഞാൻ മുമ്പ് എഴുതിയത് ചിലരെങ്കിലും വായിച്ചിട്ടുണ്ടാവും. ഒരിക്കൽ, പ്രഗത്ഭരായ കവികളുടെ എണ്ണമെടുത്തപ്പോൾ കാളിദാസനെ ഒന്നാമതായി കണക്കാക്കി ചെറുവിരൽ മടക്കി. കാളിദാസന് തൊട്ടു താഴെ രണ്ടാം സ്ഥാനം നേടാൻ ഒരു കവിയ്ക്കും യോഗ്യതയില്ലായിരുന്നു. മോതിരവിരലിൽ എണ്ണാൻ പേരില്ലാത്തത് കൊണ്ട് നാമമില്ലാത്തവൾ എന്ന അർത്ഥത്തിൽ മോതിരവിരൽ 'അനാമിക' ആയിത്തീർന്നു എന്ന് പറയപ്പെടുന്നു. രണ്ടാം സ്ഥാനക്കാരൻ ഇല്ലാത്തതുകൊണ്ട് മോതിരവിരൽ മടക്കാൻ ആയില്ലെന്നും, അതുകൊണ്ട്, നമിക്കാത്തവൾ എന്ന അർത്ഥത്തിൽ അനാമിക എന്ന് മോതിരവിരലിനു പേര് ലഭിച്ചു എന്നും ഒരു കഥയുണ്ട്. 

അപ്പൊ, ഉപമാ കാളിദാസസ്യ എന്നതിൽ സംശയമില്ല. എന്നാൽ ആ പ്രയോഗം വന്നതെവിടെ നിന്നാണെന്നറിയാമോ?

ഉപമാ കാളിദാസസ്യ 
ഭാരവേരർത്ഥഗൗരവം 
ദണ്‍ഡിനഃ പദലാളിത്യം 
മാഘേ സന്തി ത്രയോഗുണാഃ

എന്നാണു ആ ശ്ലോകത്തിന്റെ മുഴുവൻ ഭാഗം.

ഉപമിക്കാനുള്ള കഴിവിന്റെ കാര്യത്തിൽ കാളിദാസൻ അഗ്രഗണ്യനായിരുന്ന പോലെ, ഉള്ളടക്കത്തിന്റെ പ്രാധാന്യത്തിൽ കിരാതാർജ്ജുനീയം എന്ന മഹാകാവ്യത്തിന്റെ രചയിതാവായ ഭാരവിയ്ക്കാണ് ഒന്നാം സ്ഥാനം.  കാവ്യാദർശം, ദശകുമാരചരിതം തുടങ്ങിയ കൃതികൾ രചിച്ച ദണ്ഡി എന്ന കവിയാണ് വാഗ്‌വിലാസത്തിൽ ഒന്നാമൻ. ഈ മൂന്നു ഗുണങ്ങളും മാഘനിൽ ഒന്നിക്കുന്നു! ഈ മൂന്നു ഗുണങ്ങളും ബാണഭട്ടനിൽ ഒന്നിക്കുന്നു എന്ന അർത്ഥത്തിൽ ബാണഭട്ടേരിദം ത്രയം എന്ന് മാറ്റിയ അവസാനവരിയും കണ്ടിട്ടുണ്ട്. പക്ഷേ, അനാമികയുടെ ഗതി തന്നെ ഈ ശ്ലോകത്തിനും വന്നു. ആദ്യ വരിയിലെ കാളിദാസനെ മാത്രം നമ്മളോർക്കുന്നു.

ഇതുപോലെ, അവസാനവരി മാത്രം ലോകപ്രശസ്തമായ ഒരു ശ്ലോകമുണ്ട്.
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു!
നമ്മടെ സ്വന്തം കൂടപ്പിറപ്പിനെ പോലെ പരിചയമുള്ള ശ്ലോകമാണെങ്കിലും  ഇതിന്റെ മറ്റു വരികൾ ചോദിച്ചാൽ മിക്കവരും കൈമലർത്തും! ദിതാണ് ആ മുഴുവൻ ശ്ലോകം.

സ്വസ്തി പ്രജാഭ്യാം പരിപാലയന്താം 
ന്യായേന മാർഗേണ മഹീം മഹീശ 
ഗോബ്രാഹ്മണേഭ്യഃ സുഖമസ്തു നിത്യം 
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു!

പ്രജകളേയും ഭൂമിയേയും ന്യായമായ മാർഗങ്ങളിലൂടെ പരിപാലിക്കുന്ന രാജാവിന് സുഖമായിരിക്കട്ടേ. ഗോക്കൾക്കും ബ്രഹ്മണർക്കും സുഖമായിരിക്കട്ടേ. സമസ്ത ലോകത്തിനും സുഖമായിരിക്കട്ടേ എന്നർത്ഥം.

അവസാന വരി മാത്രം കേട്ടാൽ അതീവ ഹൃദ്യമാണെങ്കിലും മുഴുവൻ ശ്ലോകവും എടുത്തു നോക്കിയാൽ ചാതുർവർണ്യത്തിന്റെ ചുവയുള്ള ഒരു ശ്ലോകമാണ് ഇത്. രാജാവിനും നാൽക്കാലികൾക്കും ബ്രാഹ്മണർക്കും സുഖം നേർന്നതിനു ശേഷം മാത്രമാണ് ബാക്കി ലോകത്തിനു സ്വസ്തി നേരുന്നുള്ളൂ. അതൊക്കെ എന്തുതന്നെ  ആയാലും "ലോകാഃ സമസ്താഃ സുഖിനോ ഭവന്തു!" എന്ന ദർശനം ലോകോത്തരം തന്നെയാണ്. 

അങ്ങനെ, ഒറ്റവരി മാത്രം പ്രസിദ്ധമായ എത്രയോ ശ്ലോകങ്ങൾ! കാട്ടിലെ ഒറ്റയാന്മാരെ പോലെ അവർ കൂട്ടമൊക്കെ വിട്ട് സ്വയം ഒരു മേൽവിലാസം ഒക്കെ ഉണ്ടാക്കി വിലസി നടക്കുന്നു. ഇന്ത്യയുടെ വിവിധ  സേനാവിഭാഗങ്ങൾക്കും ഔദ്യോഗിക സ്ഥാപനങ്ങൾക്കും ഒക്കെ ഇതുപോലെ ഒറ്റവരിയുള്ള മുദ്രാവാക്യങ്ങൾ ഉണ്ട്. മിക്കവയും സംസ്കൃതത്തിലുള്ളതും വേദേതിഹാസങ്ങളിൽ നിന്ന് കടം കൊണ്ടവയുമാണ്. ഉദാഹരണത്തിന് ഇന്ത്യൻ വ്യോമസേനയുടെ ആപ്തവാക്യമായ "നഭസ്പൃശം ദീപ്തം" എന്നത് ഭഗവദ്ഗീതയിലെ  "നഭസ്പൃശം ദീപ്തമനേകവർണം..." എന്ന ശ്ലോകത്തിൽ നിന്നെടുത്തതാണ്. ആകാശം മുട്ടെ ജ്വലിക്കുന്നത് എന്നർത്ഥം. ഇന്ത്യൻ നേവി, എൽ ഐ സി, കേരളാപോലീസ് തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ള സ്ഥാപനങ്ങളുടെയും ആപ്തവാക്യങ്ങൾ ഒക്കെ ഇതുപോലെ, ഏതെങ്കിലും ഒരു ശ്ലോകത്തിന്റെ ഭാഗമാണ്. അതൊക്കെ കണ്ടുപിടിക്കുന്നതും വായിക്കുന്നതും നല്ല രസമുള്ള സംഗതിയാണ്. 

എന്നാൽ, ഒരു ശ്ലോകത്തിന്റെ ഭാഗമാണ് എന്നുപോലും ആരും ചിന്തിക്കാത്ത ഒരു വരിയുണ്ട്. ഒരുപക്ഷേ, ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വരി. യഥാർത്ഥ ഒറ്റയാൻ വരി!

സത്യമേവ ജയതേ!

അതിന്റെ മുഴുവൻ ശ്ലോകം ഇങ്ങനെയാണ്. 
സത്യമേവ ജയതി നാനൃതം, സത്യേന പന്ഥാ...
അല്ലെങ്കി വേണ്ട. മുഴോനും പറഞ്ഞാൽ ഒരു ത്രില്ലില്ല! അപ്പൊ ശരി. നന്ദി നമസ്കാരം!