Friday, 5 September 2014

രണ്ടു മിനുട്ടിൽ കവിത തയ്യാറാക്കുന്നതെങ്ങനെ?!

 നാം കണ്മുന്നിലുള്ളത് മാത്രം കാണുന്നു. എന്നാൽ നമ്മുടെ അധ്യാപകർ കാണുന്നത് നാളത്തെ നമ്മളെ തന്നെയാണ്. അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ എല്ലാ തെറ്റുകളും പൊറുക്കുക. അനുഗ്രഹിക്കുക. ജീവിതവഴികളിൽ അക്ഷരവെളിച്ചം പകർന്ന ഗുരുക്കൻമാർക്ക് മുന്നിൽ കൊച്ചു ഗോവിന്ദന്റെ പ്രണാമം.
അധ്യാപകദിന സ്പെഷ്യൽ

അഞ്ചാം ക്ലാസ്സിൽ ചേർക്കാൻ നേരം ഒന്നാം ഭാഷ ഏതു വേണമെന്ന് ക്ലെർക്ക്‌ അമ്മയോട് ചോദിച്ചപ്പോൾ, സംസ്കൃതം എന്ന് ചാടിക്കേറി പറഞ്ഞത് ഞാനാണ്. എന്തോ, സംസ്കൃതത്തോട് വല്ലാത്ത ഒരു അടുപ്പം തോന്നിയിരുന്നു എനിക്ക്. അങ്ങനെ സംസ്കൃതം പഠിക്കണം എന്നാ മോഹവുമായി ചെന്ന് കയറിയത് ഒരു കൂട്ടം സിംഹങ്ങളുടെ മുന്നിൽ. ശ്രീദേവി ടീച്ചർ, നരേന്ദ്രൻ മാഷ്, രമ ടീച്ചർ, പിന്നെ എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ രാജലക്ഷ്മി ടീച്ചർ. കേരളത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരായ സംസ്കൃത ഭാഷാധ്യാപകരിൽ ചിലർ. ഇവരുടെയെല്ലാം ശിക്ഷണത്തിൽ വളരാൻ കഴിഞ്ഞതിലും സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാൻ കഴിഞ്ഞതിലും ജഗദീശ്വരനോട് നന്ദി പറയുന്നു.

ഇനി കഥയിലേക്ക്..

ഏഴാം ക്ലാസ്സിലെ, ക്ലാസ്സ്‌ ലീഡർ തെരഞ്ഞെടുപ്പിൽ, മുഖ്യ എതിരാളി മോഹനകൃഷ്ണനോട് തോറ്റ് തല കുനിച്ചിരിക്കുന്ന ഒരു ഉച്ച സമയം. അല്ലെങ്കിലും, എലക്ഷന്റെ അന്ന് രാവിലെ ഒരു പാക്കറ്റ് മിഠായിയും കൊണ്ട് വന്നു പ്രലോഭിപ്പിച്ചാൽ, ഏതു ഏഴാം ക്ലാസ്സ്‌കാരനാണ് വീണുപോകാത്തത്? എന്നിട്ടും തോറ്റത് വെറും രണ്ടു വോട്ടിനാണ്. 17-15. ഏതെങ്കിലും ഒരുത്തൻ മാറ്റി കുത്തിയിരുന്നെങ്കിൽ തുല്യമാവുമായിരുന്ന സ്കോർ! പിന്നെയും ഉണ്ടായിരുന്നു സ്ഥാനാർഥികൾ. ലിബിൻ മത്തായി 9 വോട്ട്. നീതു മുരളി 5 വോട്ട്. ഇരുപതിലേറെ പെണ്‍കുട്ടികൾ ഉള്ള ക്ലാസ്സിൽ ഒരേയൊരു പെണ്‍ പ്രതിനിധിക്ക് കിട്ടിയത് വെറും 5 വോട്ട്. പ്രബുദ്ധതയാണോ? നെവെർ. മോഹനകൃഷ്ണന്റെ ഗ്ലാമറിലും എന്റെ വാചകമടിയിലും വീണുപോയ പെണ്‍മനസ്സിന്റെ ചാപല്യം! അഞ്ചിലും ആറിലും എതിരില്ലാതെയാണ് ഞാൻ ജയിച്ചത്. പഠിച്ച് പഠിച്ച് പിള്ളേർക്ക് വിവരം വെച്ചത് ഏഴാം ക്ലാസ്സിൽ എത്തിയപ്പോഴാണ്.
"കൊച്ചു ഗോവിന്ദനെ രാജലക്ഷ്മി ടീച്ചർ വിളിക്കുന്നു". ആരോ പറഞ്ഞു.

അഞ്ചാം ക്ലാസിലെ ഞങ്ങളുടെ ക്ലാസ് ടീച്ചർ. ഞങ്ങളുടെ സംസ്കൃതം അധ്യാപിക. പുതിയ സ്കൂളിന്റെ പരിഭ്രമങ്ങളിലേക്ക് കരഞ്ഞു കൊണ്ട് കടന്നു വന്ന ഒരു പത്തു വയസ്സുകാരനെ, കാലിടറാതെ, കൈ പിടിച്ചു നടത്തിയ എന്റെ പ്രിയപ്പെട്ട രാജലക്ഷ്മി ടീച്ചർ.
"തോറ്റു അല്ലേ?"
"അതെ"
"സാരമില്ല." ടീച്ചറുടെ കണ്ണിൽ വാത്സല്യം. "ഇക്കൊല്ലം അതിനേക്കാൾ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉണ്ട്. യുവജനോത്സവത്തിൽ പങ്കെടുക്കണം." കൂടൽമാണിക്യം ക്ഷേത്രത്തിൽ കതിനകൾ മുഴങ്ങി. ഉച്ചപ്പൂജ കഴിഞ്ഞ് നട തുറന്നിട്ടുണ്ടാകും. "രചനാമൽസരങ്ങൾക്ക് പേര് ഞാൻ കൊടുത്തോളാം. കൊച്ചു ഗോവിന്ദൻ വന്നെഴുതിയാൽ മാത്രം മതി."

പക്ഷേ പ്രശ്നം ഗുരുതരമാണ്. രചനാ മത്സരങ്ങൾ എന്ന് പറയുമ്പോൾ, കവിത, കഥ, ഉപന്യാസം മുതലായ ഇനങ്ങൾ ആണ് ടീച്ചർ ഉദ്ദേശിക്കുന്നത്. നാറാണത്ത് ഭ്രാന്തനും മാമ്പഴവും കുറച്ചു വരികൾ കാണാപ്പാഠം അറിയാം എന്നല്ലാതെ കവിതകൾ വായിച്ചോ, എഴുതിയോ ഒരു ഐഡിയയോ വോഡാഫോണോ  ഇല്ല. ഇതൊന്നും പോരാതെ സംസ്കൃതം കവിത എന്ന് പറയുമ്പോൾ...!
'വിട്ടു കള, പെട്ടത് പെട്ടു' എന്നോർത്ത് ഞാൻ ക്ലാസ്സിൽ തിരിച്ചെത്തി, മോഹനകൃഷ്ണൻ തന്ന മിഠായിയും കഴിച്ച് ക്ലാസിലെ കലപിലകളിലേക്ക് മടങ്ങി. പിന്നീട് ഏതോ ദിവസം യുവജനോത്സവത്തിന്റെ തീയതി അറിയിച്ചു കൊണ്ട് നോട്ടീസും വന്നു.

 അങ്ങനെയിരിക്കേ ഒരു ദിവസം എനിക്ക് കലശലായ പനി. എന്ത് അസുഖം വന്നാലും ക്ലാസ്സിൽ പോകാൻ നിർബന്ധം പിടിക്കുന്ന ഒരു പഠിപ്പിസ്റ്റ് ആയിരുന്നു ഞാൻ (അന്ന് അങ്ങനെയൊക്കെ സംഭവിച്ചു പോയി)! പക്ഷെ ഈ പനിയിൽ ഞാൻ ശരിക്കും തളർന്നു. രണ്ടു ദിവസം എഴുന്നേല്ക്കാൻ പോലും പറ്റിയില്ല. രണ്ടാമത്തെ ദിവസം വൈകീട്ട് പടിഞ്ഞാറേലെ സുശീല വല്യമ്മയുടെ വീട്ടിലേക്ക് ഒരു ഫോണ്‍കോൾ. അന്ന് ഞങ്ങളുടെ പരിസരത്ത് ലാൻഡ്‌ ഫോണ്‍ ഉള്ള ഒരേയൊരു വീട് അതാണ്‌. പരിസരത്തെ എല്ലാവരുടെയും കോണ്ടാക്റ്റ് നമ്പർ അവിടുത്തേതും. സ്കൂളിൽ നിന്നാണ്. കൊച്ചു ഗോവിന്ദൻ വരാത്തത് കൊണ്ട് രചനാ മത്സരങ്ങൾ നടത്തിയിട്ടില്ല. നാളെ എന്തായാലും വരാൻ പറയണം. ഇതാണ് കോളിന്റെ ഉള്ളടക്കം.

ഞാൻ ഞെട്ടിയില്ല! ഒരു തരം നിസ്സംഗതയാണ് തോന്നിയത്. ഞാൻ വന്നിട്ട് എന്ത് ചെയ്യാൻ എന്ന മനോഭാവം. പിറ്റേന്ന് പോയി. രാജലക്ഷ്മി ടീച്ചർ രോഗവിവരം തിരക്കി. എന്നിട്ട് ഒരു മുറി ചൂണ്ടി കാണിച്ചിട്ട് അവിടെ പോയി ഇരുന്നോളാൻ പറഞ്ഞു. സംസ്കൃതം കവിതാ രചനയാണ്. എന്റെ ക്ലാസ്സിലെയും മറ്റു ക്ലാസ്സുകളിലെയും കുട്ടിക്കവികൾ നേരത്തെ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. വിഷയം തന്നു.
സൂര്യോദയം!

സുന്ദര ദൃശ്യം സൂര്യോദയം!
അനുപമ ദൃശ്യം സൂര്യോദയം!
മോഹന ദൃശ്യം സൂര്യോദയം!
സുന്ദര ദൃശ്യം സൂര്യോദയം!

വരികൾ ഇപ്പോഴും കൃത്യമായി ഞാൻ ഓർക്കുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ കവിത. ഏറ്റവും വേഗത്തിൽ എഴുതി തീർത്ത കവിത. സൂര്യോദയം! എല്ലാം വളരെ പെട്ടെന്നായിരുന്നു. രണ്ടു മിനിറ്റിനുള്ളിൽ സംഗതി കഴിഞ്ഞു.   കാരണം മറ്റൊന്നുമല്ല. ഞാൻ കുറെ ഇരുന്നു ആലോചിച്ചാലും ഒരു ചുക്കും കുരുമുളകും ഭാവനയിൽ വിരിയില്ലെന്നു എനിക്ക് ഉറപ്പുണ്ടായിരുന്നു. പിന്നെ മിക്കവാറും മലയാളം പദങ്ങൾ സംസ്കൃതത്തിൽ നിന്ന് ഉത്ഭവിച്ചതായത് കൊണ്ട് എഴുതി വച്ച വാക്കുകൾ സംസ്കൃതമാവാൻ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി. അത്ര തന്നെ! അങ്ങനെ വെറും നാലേ നാല് വാക്കുകളിൽ നാല് വരികളും എഴുതി ഞാൻ ഇറങ്ങി.

 കഥയുടെ ബാക്കി ഇങ്ങനെ ചുരുക്കാം. ആ വർഷം ഇരിഞ്ഞാലക്കുട സബ്ജില്ലാ യുവജനോത്സത്തിൽ സംസ്കൃതം കവിതയ്ക്ക് ഒന്നാം സമ്മാനം. ജില്ലാ യുവജനോത്സവത്തിൽ ഒന്നാം സമ്മാനം. പിന്നീടങ്ങോട്ട് വിവിധ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ. പത്തില്‍ പഠിക്കുമ്പോൾ ഇരിഞ്ഞാലക്കുട സബ് ജില്ലാ യുവജനോത്സവത്തിൽ മലയാളം കവിതയ്ക്കും സംസ്കൃതം കവിതയ്ക്കും ഒരുമിച്ച് ഒന്നാം സ്ഥാനം. എന്തിനേറെ, 2005ൽ മലപ്പുറം ജില്ലയിലെ തിരൂരിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ സംസ്കൃതം കവിതയ്ക്കും ഉപന്യാസത്തിനും ഒന്നാം സ്ഥാനം. ഇതിന്റെയെല്ലാം തുടക്കം സുന്ദരദൃശ്യം സൂര്യോദയത്തിൽ നിന്നും.

അറിവും കഴിവുമുള്ള നിരവധി കുട്ടികൾക്കിടയിൽ നിന്നും കവിതയുടെ ഏ ബീ സീ ഡി അറിയാത്ത ഞാൻ എങ്ങനെ?
ഗുരുകൃപ എന്നാണുത്തരം.
പക്ഷേ, മുമ്പ് ഒരു വരി കവിത പോലും എഴുതാത്ത എനിക്ക് വേണ്ടി മത്സരങ്ങൾ മാറ്റി വയ്ക്കാൻ ടീച്ചറെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു? അതോർത്ത് ഞാൻ ഇന്നും  അത്ഭുതപ്പെട്ടുകൊണ്ടേയിരിക്കുന്നു...


3 comments:

 1. അറിവും കഴിവുമുള്ള നിരവധി കുട്ടികൾക്കിടയിൽ നിന്നും
  കവിതയുടെ ഏ ബീ സീ ഡി അറിയാത്ത ഞാൻ എങ്ങനെ?
  ഗുരുകൃപ എന്നാണുത്തരം....
  പക്ഷേ, മുമ്പ് ഒരു വരി കവിത പോലും എഴുതാത്ത എനിക്ക്
  വേണ്ടി മത്സരങ്ങൾ മാറ്റി വയ്ക്കാൻ ടീച്ചറെ പ്രേരിപ്പിച്ച ഘടകം
  എന്തായിരുന്നു? അതോർത്ത് ഞാൻ ഇന്നും അത്ഭുതപ്പെട്ടുകൊണ്ടേയിരിക്കുന്നു...! ?

  ReplyDelete
 2. സത്യമാണ്.
  പലപ്പോഴും തോന്നിയിട്ടുണ്ട് നമ്മളെ നമ്മള്‍ മനസ്സിലാക്കുന്നതിലും നന്നായിട്ട് നമ്മുടെ ഗുരുക്കന്മാര്‍ മനസ്സിലാക്കുന്നുണ്ടെന്ന്.

  എഴുത്തും നന്നായിട്ടുണ്ട് :)

  ReplyDelete
 3. ഗോവിന്ദ ചരിതം മഹനീയം......
  കൊച്ചു ... കൊച്ചല്ലാതെ
  വലുതൊന്നു പറഞ്ഞു
  മഹാകൃപയിതു....ഗുരുകൃപ
  ആശംസകൾ.....

  ReplyDelete