Monday, 1 June 2020

കൊച്ചൂസ് കൊലക്കറി ഷോ!

മുൻ‌കൂർ ജാമ്യം: മരിച്ചു പോയവരെയോ അവരുടെ കുടുംബാംഗങ്ങളെയോ യാതൊരു വിധത്തിലും അപമാനിക്കാനോ വേദനിപ്പിക്കാനോ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെയുള്ള എന്തെങ്കിലും ചൂണ്ടിക്കാട്ടിയാൽ ഉടനടി തിരുത്തുന്നതായിരിക്കും. കൊലപാതകത്തെയോ അത്തരം മനസികാവസ്ഥയെയോ ഞാൻ ഒരിക്കലും പിന്തുണയ്ക്കുന്നില്ല. റേറ്റിംഗ് കൂട്ടുക എന്ന ഒറ്റ ലക്‌ഷ്യം മാത്രം മുൻ നിർത്തി, മരണങ്ങളെ മാർക്കറ്റ് ചെയ്യുന്ന  ദൃശ്യമാധ്യമങ്ങളെ ഒന്ന് കളിയാക്കാൻ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ.
*******
സമർപ്പണം: ന്യൂജൻ കൊലപാതകങ്ങളെ വമ്പൻ വിനോദോപാധിയാക്കുന്ന വാർത്താമാധ്യമങ്ങൾക്കും യൂട്യൂബ് ചാനലുകൾക്കും മറ്റ് സോഷ്യൽ മീഡിയകൾക്കും...

*******
കൊച്ചൂസ് കൊലക്കറി ഷോയിലേക്ക് എല്ലാ മാന്യപ്രേക്ഷകർക്കും സ്വാഗതം.,

ലോക്ക്ഡൗൺ പ്രമാണിച്ച് വിവിധതരം വിഭവങ്ങൾ പരീക്ഷിക്കുന്നതിലും റെസിപ്പികൾ പങ്കു വെക്കുന്നതിലും എല്ലാവരും മത്സരമാണല്ലോ. ഡാൽഗോണ കോഫി മുതൽ ചിക്കൻ ഡിങ്കോഡാൾഫി വരെ നൂറായിരം വിഭവങ്ങൾ!!! അപ്പൊ പിന്നെ, ഞാൻ ചിക്കന്റെയോ മട്ടന്റെയോ പുതിയൊരു വിഭവവുമായി വന്നാൽ ഒരാളും മൈൻഡ് ചെയ്യാൻ പോകുന്നില്ല. അതുകൊണ്ട്, വളരെ വ്യത്യസ്തമായ ഒരു ഐറ്റവും ആയിട്ടാണ് ഞാൻ വന്നിരിക്കുന്നത്.
മൂന്ന് വ്യത്യസ്തമായ കൊലപാതകങ്ങളാണ് ഞാൻ നിങ്ങൾക്ക് വേണ്ടി പരിചയപ്പെടുത്തുന്നത്. ഓരോ സമയത്തെ മൂഡനുസരിച്ച്, നിങ്ങൾക്ക് ഇത് ഓരോന്നും പരീക്ഷിച്ചു നോക്കാവുന്നതാണ്. സ്വന്തം അമ്മ, അച്ഛൻ, കെട്ടിയോൻ, കെട്ടിയോൾ, മകൻ, മകൾ, ബന്ധുക്കൾ തുടങ്ങി ഒരു പരിചയവും ഇല്ലാത്തവരെ വരെ കൊല്ലാൻ പറ്റുന്ന രസകരമായ ഇനങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്റെ ഈ റെസിപ്പികൾ പരീക്ഷിക്കാൻ, കയ്യിൽ കിട്ടുന്ന ഒരാളെയെങ്കിലും നല്ല ക്രിയാത്മകമായി കൊല്ലാൻ ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ഇതിൽ പറയുന്ന കൊലപാതക വിഭവങ്ങളിൽ കൂടുതലും നിങ്ങൾക്ക് വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്നതാണ്. അപ്പൊ നമുക്ക് തുടങ്ങാം.

എല്ലാത്തിലേക്കും കൂടി പൊതുവായി ആവശ്യമുള്ള സാധനങ്ങൾ:

1. ക്രൂരമായ മനസ്സ് (നന്നായി മൂത്തത്): ഒരെണ്ണം
2. നിഷ്കളങ്കമായ മുഖഭാവം: ഒന്ന്
3. സഹായികൾ (വിശ്വസിക്കാൻ കൊള്ളാവുന്നത്): രണ്ടോ മൂന്നോ
4. കരച്ചിൽ: ആവശ്യത്തിന്
ബാക്കി ചേരുവകളൊക്കെ വഴിയേ പറയാം.

ഒന്നാമത്തെ വിഭവം: കന്യാസ്ത്രീ കിണറ്റിലിട്ടത് 
കന്യാസ്ത്രീ മഠങ്ങളിലെ കിണറുകളിൽ തയ്യാറാക്കുന്ന പ്രത്യേക വിഭവമാണ് കന്യാസ്ത്രീ കിണറ്റിലിട്ടത്. പൊതുവേ കൃസ്തീയ പുരോഹിതന്മാരാണ് ഇത് തയ്യാറാക്കുന്നത്.

ആവശ്യമായ സാധനങ്ങൾ
1. കന്യാസ്ത്രീ മഠം: ഒന്ന്
2. കന്യാസ്ത്രീ (ഭക്തിയും ആദർശവും ഉള്ളത്): ഒന്ന്
3. കന്യാസ്ത്രീ (ചുറ്റിക്കളിയോട് കൂടിയത്): ഒന്ന്
4. പള്ളീലച്ചൻ: ഒന്നോ രണ്ടോ
5. ആഴമുള്ള കിണർ (വെള്ളത്തോട് കൂടിയത്): ഒന്ന്

ഉണ്ടാക്കുന്ന വിധം: ആദ്യം തന്നെ ചുറ്റിക്കളിയുള്ള കന്യാസ്ത്രീയെ പള്ളീലച്ചനുമായി നന്നായി ഇളക്കി യോജിപ്പിച്ച് കന്യാസ്ത്രീ മഠത്തിലെ ഒരു മുറിയിൽ മാറ്റി വെക്കുക. മുറിയുടെ ജനലോ വാതിലോ ചെറുതായി തുറന്നു വെക്കുന്നത് നന്നായിരിക്കും. ആ സമയത്ത് അതിലേ കടന്നു പോകുന്ന രണ്ടാമത്തെ ചേരുവ, മുറിയിലെ ചുറ്റിക്കളി നന്നായി മൂത്തു വരുന്നത് കണ്ടാൽ ഈ വിഭവം ഉണ്ടാക്കാൻ തുടങ്ങാവുന്നതാണ്. ഇതിന് ആകെ ഒരു ഘട്ടമേ ഉള്ളൂ. രണ്ടാമത്തെ ചേരുവയെ എടുത്ത് കിണറ്റിൽ ഇടുക. അതോടെ നെല്ലിക്ക ഉപ്പിലിട്ടത് സോറി കന്യാസ്ത്രീ കിണറ്റിലിട്ടത് തയ്യാർ. കിണറ്റിലിടുന്നതിനു മുമ്പ് കഴുത്തിൽ കയറു കൊണ്ട് മാരിനേറ്റ് ചെയ്യുകയോ അടിച്ചു പതം വരുത്തുകയോ ചെയ്യാം. അധികാരവും സ്വാധീനവും ഉപയോഗിച്ച് ഈ കൊലയെ നന്നായി അലങ്കരിക്കാവുന്നതാണ്. അവിടെയും ഇവിടെയും തട്ടാത്ത രീതിയിൽ കാലങ്ങളായി മാധ്യമങ്ങൾ ആസ്വദിക്കുന്ന ഒരു വിഭവം ആണ് ഇത്. പോലീസ് എങ്ങനെ അന്വേഷിച്ചാലും റെസിപ്പി കണ്ടു പിടിക്കാൻ പറ്റാത്ത വിഭവം കൂടിയാണ് കന്യാസ്ത്രീ കിണറ്റിലിട്ടത്.

രണ്ടാമത്തെ വിഭവം: ഡബിൾ കോബ്ര മസാല 
ജീവിത പങ്കാളികൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കുന്ന വിഭവമാണ്  കോബ്ര മസാല. സാധാരണയായി രാത്രിയിൽ, ഭർത്താക്കന്മാരാണ് ഈ വിഭവം പരീക്ഷിക്കുന്നതെങ്കിലും ധൈര്യവും താല്പര്യവുമുള്ള ഭാര്യമാർക്കും ഇത് പരീക്ഷിക്കാവുന്നതാണ്.

ആവശ്യമായ സാധനങ്ങൾ:
  • സ്ത്രീധനം: ധാരാളം
  • ഭാര്യ: ഒന്ന്
  • മൂർഖൻ പാമ്പ് (നല്ല വിഷമുള്ളത്): ഒന്നോ രണ്ടോ 
  • ലൈഫ് ഇൻഷുറൻസ് (ഭാര്യയുടെ പേരിൽ ഉള്ളത്): ഒന്ന്
  • ധൈര്യം: ആവശ്യത്തിന്
ആദ്യമായി, ഭാര്യയ്ക്ക് കിട്ടിയ സ്ത്രീധനം ഒക്കെ ചെറുതായി അടിച്ചുമാറ്റി സ്വന്തം ലോക്കറിലോട്ട് ചേർത്ത് നന്നായി വഴറ്റുക. അതോടൊപ്പം, മികച്ച കവറേജ് ഉറപ്പു തരുന്ന ഒരു പോളിസി ഭാര്യയുടെ പേരിൽ നന്നായി മിക്സ് ചെയ്ത് മാറ്റി വെക്കുക. രാത്രി ഭാര്യ ഉറങ്ങിയതിനു ശേഷം ചാക്കിലുള്ള മൂർഖൻ പാമ്പിനെ പുറത്തെടുത്ത് ക്രൂരതയിൽ മുക്കി ഭാര്യയുടെ കാലിൽ ആഞ്ഞു കൊത്തിക്കുക. വിഷം നന്നായി പിടിച്ചതിനു ശേഷം മൂർഖൻ പാമ്പിനെ തല്ലിക്കൊന്ന് മുറി അലങ്കരിക്കാവുന്നതാണ്. ഇപ്പോൾ നിങ്ങൾക്ക് മുന്നിൽ ഇരിക്കുന്നതാണ് കോബ്ര മസാല! ആദ്യ ശ്രമത്തിൽ കോബ്ര മസാല ശരിയായില്ലെങ്കിൽ ഒരു മാസത്തിനു ശേഷം വീണ്ടും ഈ വിഭവം തയ്യാറാക്കാവുന്നതാണ്. ഡബിൾ കോബ്ര മസാല തയ്യാറാക്കുന്ന ഷെഫിന് ഗവൺമെന്റ് ചെലവിൽ താമസവും ഭക്ഷണവും കിട്ടുന്നതായിരിക്കും.മാധ്യമങ്ങൾക്ക് ഏറെ ഇഷ്ടമുള്ള വിഭവമാണ് ഇത്. കുറേ നാൾ പുതുമ നശിക്കാതെ ഇരിക്കും എന്നതാണ് ഈ റെസിപ്പിയുടെ പ്രത്യേകത. ഇതിലെ ചേരുവകൾ കൂട്ടിക്കുഴച്ച് എക്സ്ക്ലൂസീവ് ഉണ്ടാക്കി നാലുനേരവും കൊറോണയോടൊപ്പം വിളമ്പാം.

മൂന്നാമത്തെ വിഭവം: സയനൈഡ് വൈൻ 
വളരെ കാലം കൊണ്ട് തയ്യാറാക്കുന്നതും ഏതു പ്രായത്തിലുള്ളവർക്കും കൊടുക്കാവുന്നതുമായ ഒരു പാനീയമാണ് സയനൈഡ് വൈൻ. കോഴിക്കോട് ജില്ലയിലെ കൂടത്തായി ഭാഗങ്ങളിൽ ഇത് ഒരു സവിശേഷവിഭവമാണ്. മധ്യവയസ്കരായ അമ്മായിമാർക്ക് പരീക്ഷിക്കാൻ പറ്റിയ വിഭവം ആണിത്.

ആവശ്യമായ സാധനങ്ങൾ
  • വിവിധ പ്രായത്തിലുള്ള ബന്ധുക്കൾ: ആറോ ഏഴോ 
  • ആഭരണം, സ്വത്ത്, അവിഹിതം: ആവശ്യത്തിന് 
  • അത്യാഗ്രഹം: ധാരാളം 
  • പൊട്ടാസ്യം സയനൈഡ്: ഒരു പൊതി 
ഉണ്ടാക്കുന്ന വിധം: ആദ്യമായി, ക്രൂരത നിറഞ്ഞ മനസിലേക്ക് ധാരാളം അത്യാഗ്രഹം ചേർത്ത് നന്നായി യോജിപ്പിക്കുക. എന്നിട്ട് ആ മനസ്സ് അനങ്ങാതെ കുറെ കാലം മൂടിപ്പൊതിഞ്ഞു വെക്കുക. വീഞ്ഞിനു വീര്യം കൂടാനാണ് ഇങ്ങനെ ചെയ്യുന്നത്. ഈ കാലയളവിൽ സഹായി വഴി കുറച്ചു പൊട്ടാസിയം സയനൈഡ് സംഘടിപ്പിക്കേണ്ടതാണ്. സയനൈഡ് എന്തിനാണെന്ന് സഹായി ചോദിച്ചാൽ എലിയെ പിടിക്കാനാണെന്നു പറഞ്ഞാൽ മതി. എലിയെപ്പിടിക്കാൻ മൂർഖൻ പാമ്പും സയനൈഡും ഒക്കെ സപ്ലൈ ചെയ്യുന്നവനാണ് യഥാർത്ഥ സഹായി. അങ്ങനെ മനസ്സ് നന്നായി മൂത്ത് വരുമ്പോൾ, ഒരല്പം സയനൈഡ് എടുത്ത് കുറച്ചു മട്ടൻ സൂപ്പിൽ കലക്കി സ്നേഹത്തിൽ ചാലിച്ച്  അമ്മായിഅമ്മയ്ക്ക് കൊടുക്കുക. അമ്മായിയമ്മയുടെ പടം ചില്ലിട്ട് ഭിത്തിയിൽ തൂക്കിയാൽ സയനൈഡ് വൈൻ റെഡിയായി എന്ന് മനസിലാക്കാം. ഇനി ഇത് മൂന്നാലു കൊല്ലം കൂടുമ്പോൾ ഓരോ തവണ എടുത്ത് അമ്മായിയച്ഛനും ഭർത്താവിനും അമ്മാവനും ബന്ധുവിനും ബന്ധുവിന്റെ മകൾക്കും ഒക്കെ കൊടുക്കാവുന്നതാണ്. ഓരോ മരണങ്ങളിലും കരച്ചിൽ ചേർത്ത് നന്നായി ഇളക്കണം. ഇടയ്ക്ക് ഒരു പുതിയ കല്യാണം ഒക്കെ കഴിച്ച് വൈൻ അലങ്കരിക്കാവുന്നതാണ്. കിട്ടാതെ പോയ സ്വത്തിന്റെയും സുഖത്തിന്റെയും പേരിൽ ശോകമാവാതെ ജയിലിൽ ജോളിയായിരിക്കാൻ സയനൈഡ് വൈനിന്റെ ഓർമ്മകൾ സഹായകരമായിരിക്കും.
*******
ഈ മൂന്നു വിഭവങ്ങളും നിങ്ങൾക്ക് വളരെ ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായെങ്കിൽ എന്റെ ബ്ലോഗ് ഒന്ന് ലൈക് ചെയ്യുക, ഷെയർ ചെയ്യുക, സബ്സ്ക്രൈബ് ചെയ്യുക. വേറെ ഏതെങ്കിലും വിഭവങ്ങളുടെ റെസിപ്പികൾ ആവശ്യമാണെങ്കിൽ കമന്റിൽ സൂചിപ്പിക്കാൻ മറക്കരുത്. അപ്പൊ പുതിയ വിഭവങ്ങളുമായി വീണ്ടും കാണാം. അതുവരെ എല്ലാവർക്കും നന്ദി നമസ്കാരം.

29 comments:

  1. കൊച്ചൂ,,, ഭീകർ മേനോൻ...തകർത്തു ട്ടാ..ഏറ്റവും ഇഷ്ടായ ത് കന്യാസ്ത്രീ കിണറ്റില് ഇട്ടതിൽ പറയുന്ന ആ രണ്ടാമത്തെ ചേരുവയെ യെ അവതരിപ്പിച്ചത് ഒരു രക്ഷയുമില്ല,,പിന്നെ മൂർഖൻ റെസിപ്പി ലെ കരച്ചിൽ ചേരുവയും,നിഷ്‌കു ചേരുവയും ട്രോൾ പിക്സ് ഉം....നല്ല മുട്ടൻ കുത്ത് ട്ടാ...കട്ട സലാം.

    ReplyDelete
    Replies
    1. നിഷ്കളങ്കതയിൽ സ്നേഹം ചാലിച്ച്, ഒരു ഡബിൾ സലാം!

      Delete
  2. എക്സ്ക്ലൂസീവ് കൊലപാതക കഥ വിളമ്പൽ, ബ്ലോഗെഴുത്ത് ആണ് നാലാമത്തേത്..
    എന്തുട്ട് റെസിപ്പിയാഷ്ടാ..
    കൊന്നു കൊലവിളിച്ചു

    ReplyDelete
    Replies
    1. റെസിപ്പിയിൽ എരിവ് കൂടിയെന്ന് പറഞ്ഞ് വല്ല പോലീസും പിടിച്ച് അകത്തിട്ടാൽ പുറത്തിറക്കാൻ വക്കീലുണ്ടല്ലോ എന്നതാണ് ഒരു ആശ്വാസം!

      Delete
  3. അയ്യോ.... ഈ നിമിഷം ഞാനിതാ സ്വർഗാരോഹണം ചെയ്യുന്നു 😂😂😂ഒരു രക്ഷയുമില്ലെന്റെ മാഷേ... ഈ വർഷത്തെ ഏറ്റവും കൊടും ക്രൂരകൊലപാതകമാണിത് 😆😆😆😆

    ReplyDelete
    Replies
    1. ഇങ്ങനെയാണ് പ്രോത്സാഹനമെങ്കിൽ കൊലപാതകങ്ങൾ തുടരും!

      Delete
  4. ഇനി ഈ റസിപ്പി കണ്ട് ആരെങ്കിലും prepare ചെയ്താൽ
    പ്രേരണ കുറ്റം ചുമത്തി കെ. ഡി യെ അകത്തിടുന്നതായിരിക്കും.
    ഇത് വെറും ഒരറിയിപ്പ്. കബർദാർ

    ReplyDelete
    Replies
    1. സെൻട്രൽ ജയിൽ എനിക്ക് തറവാട് പോലെയാണെന്ന ഡയലോഗ് ക്രൂരതയിൽ മുക്കിയെടുത്ത് ഞാൻ വീശും!

      Delete
  5. ഹായ് അനുരാഗ്, അടിപ്പൊളി റെസിപ്പി. രസകരം.

    ReplyDelete
    Replies
    1. ഹായ് അങ്കിൾ! കണ്ടതിൽ വളരെ സന്തോഷം. നന്ദി!

      Delete
  6. ഓരോ റെസിപ്പിയും കെങ്കേമം.!! അവ അലങ്കരിക്കുന്ന വിധം അതിലും കേമം .!!! എനിക്ക് ആ അലങ്കാരപ്പണികൾ ആണ് കൂടുതൽ ഇഷ്ടായത്!! ഇത്തവണ ആ പഴയ കൊച്ചുഗോവിന്ദന്റെ പോസ്റ്റുകളുടെ നിലവാരം വന്നു. കിടിലൻ പോസ്റ്റാണ് ട്ടോ ...!! തകർത്തു വാരി !!

    ReplyDelete
    Replies
    1. അലങ്കോലപ്പണികളാണ് ആസൂത്രിത കൊലപാതകങ്ങളുടെ ഒരു ഹൈലൈറ്റ്!
      നന്ദി സ്നേഹത്തിലിട്ടത് (വലുത്): നൂറെണ്ണം

      Delete
  7. കൊലക്കറി ഷോ ചിരിപ്പിക്കുന്നു. ചിന്തിപ്പിക്കുന്നു. അതിലോല ഹൃദയരുണ്ടെങ്കിൽ കരയുകയും ചെയ്യും..എന്തായാലും ബ്ലോഗർമാർ ആരും പരീക്ഷിച്ചുപോകരുതെന്ന പ്രാർഥന മാത്രം..

    ReplyDelete
    Replies
    1. കുഞ്ഞിനെ പാറക്കെട്ടിലെറിഞ്ഞു കൊന്ന കാര്യം എഴുതിയതാ. പക്ഷേ, സാറ് പറഞ്ഞ പോലെ, എത്ര തമാശിച്ചാലും, വായിക്കുന്നവരുടെ ഉള്ളൊന്നു പിടയും. അതോണ്ട് പോസ്റ്റിയില്ല. ആരും ഇതൊന്നും പരീക്ഷിക്കാതിരിക്കട്ടെ. നന്ദി.

      Delete
  8. മാധ്യമങ്ങൾക്ക് പഥ്യമായെ ഐറ്റങ്ങളാണല്ലോ! പഴഞ്ചൻ സ്റ്റൗവും, സാരിയും,ഗ്യാസുമെല്ലാം കണ്ടുംത്തള്ളിയല്ലോ!നർമ്മത്തിൽ ചാലിച്ച ഇന്നിന്റെ വർണ്ണങ്ങൾ നന്നായി വരച്ചു.
    ആശംസകൾ

    ReplyDelete
    Replies
    1. തിരുത്ത് :- 'കണ്ടംത്തള്ളിയല്ലോ' എന്നാണ്

      Delete
    2. അതേ തങ്കപ്പൻ സർ. പഴയ സ്റ്റൈൽ കൊലപാതകങ്ങൾക്കൊന്നും മാർക്കറ്റില്ല. പുതുമയും വ്യത്യസ്തതയുമാണ് മാധ്യമങ്ങൾക്ക് വേണ്ടത്. നന്ദി.

      Delete
  9. കൊച്ചു കൊച്ചു കൊലപാതകങ്ങൾ...
    മൂന്നെണ്ണത്തിൽ ആദ്യത്തെത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്.. അത് പുതിയ രീതിയിൽ അവതരിപ്പിച്ചതിനു നന്ദി..
    കാളൻ...ചെ..കാലൻ കാണണ്ട... മൂപ്പർക്ക് ഇതു പിടിക്കുമോ ആവോ.. എന്തായാലും നല്ലോണം വിളമ്പി.. ഇനി എല്ലാർക്കും സേവിക്കാം..

    ReplyDelete
    Replies
    1. ആനന്ദ് പറഞ്ഞപ്പോഴാണ് ഞാൻ ആ വശം ചിന്തിച്ചത്. സത്യത്തിൽ കാലനാണ് ഇവിടുത്തെ മാസ്റ്റർ ഷെഫ്. പുള്ളിയാണല്ലോ ആരൊക്കെ എപ്പോ എങ്ങനെ ചാവണം എന്നൊക്കെ തീരുമാനിക്കുന്നത്.
      ബൈ ദി വേ, ആനന്ദിന്, നന്ദിയും സ്നേഹവും നന്നായി ഇളക്കി യോജിപ്പിച്ചത്: ധാരാളം.

      Delete
  10. ഇത് ബെല്ലാത്തൊരു പോസ്റ്റായിപ്പോയല്ലോ . ഇതൊന്നും ആരും പരീക്ഷിക്കാതിരിക്കട്ടെ . മാധ്യമങ്ങൾ ഉള്ളതുകൊണ്ട ല്ലേ ഇങ്ങനെയുള്ള ക്രൂരപ്രവർത്തികളുടെ കഥകൾ പുറം ലോകം ... സാധാരണ ജനങ്ങളും അറിയുന്നത് .

    ReplyDelete
    Replies
    1. ഇത്തരം വാർത്തകൾ പുറംലോകത്തെത്തിക്കുക എന്ന ധർമം തീർച്ചയായും മാധ്യമങ്ങൾ നിറവേറ്റേണ്ടതുണ്ട്. പക്ഷേ, ഇതിലുൾപ്പെടുന്നവരുടെ കുടുംബ ചരിത്രവും കുട്ടിക്കാലവും ചികഞ്ഞ് എക്സ്ക്ലൂസീവ് ആയി നൽകുന്നത് അവരുടെ ധർമം നിറവേറ്റാൻ അല്ല. ഇത്തരം ഗോസിപ്പുകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്തി റേറ്റിംഗ് കൂട്ടാൻ മാത്രമാണ്. ദീപസ്തംഭം മഹാശ്ചര്യം... നന്ദി, ഗീത ചേച്ചീ.

      Delete
  11. തനി കേരളീയമായ മസാലക്കൂട്ടുകളോടെ 
    അസ്സൽ മൂന്ന് 'കൊല'ക്കറികളുടെ ചേരുവകൾ 
    പങ്കുവെച്ച - ബൂലോഗ ഷെഫ് കൊച്ചുവിന് ഇനി മുതൽ
    ധൈര്യമമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങാവുന്നതാണ്... 
    ഇത്തരം കറിക്കൂട്ടുകൾ എക്‌സ്ക്കൂളീസായി വിളമ്പുന്ന സകലമാന 
    മാധ്യമങ്ങൾ തൊട്ട് ലക്ഷക്കണക്കിനാളുകൾ ആ ചാനൽ സബ്സ്ക്രൈബ് 
    ചെയ്‌ത്‌ കൊച്ചുവിനെ ഭൂലോകം മുഴുവൻ ഫേമസ് ആക്കും കേട്ടോ ഭായ് ...!

    ReplyDelete
    Replies
    1. നന്ദി, മുരളിച്ചേട്ടാ... ഇതുവരെ അങ്ങനെ ഒരു പരിപാടിയെ കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല. ഒന്ന് ശ്രമിച്ചു നോക്കാം എന്ന് ഇപ്പൊ തോന്നുന്നു.

      Delete
  12. അടിപൊളി !!!

    കൊച്ചു , ഇത് അവതരിപ്പിച്ച് യൂ ടൂബിൽ ഇടൂ .

    ReplyDelete
    Replies
    1. നന്ദി സമാന്തരൻ സർ. ശ്രമിച്ചു നോക്കാം :)

      Delete
  13. സൂപ്പർ കുക്കറി ഷോ.. കിടു കന്യാസ്ത്രീ കിണറ്റിലിട്ടത് തന്നെ

    ReplyDelete
  14. എന്റെ പൊന്നു കൊച്ചുഗോവിന്ദൻ മാഷേ ..ഇന്നാണ് വായിക്കാൻ പറ്റിയത് ..കിടിലൻ ഐറ്റം ..ഈ ഐഡിയ ഒക്കെ എങ്ങനെ കിട്ടുന്നു ? അഭിനന്ദനങ്ങൾ .

    ReplyDelete