അങ്ങനെ 2021 ഉം കഴിഞ്ഞു. എത്ര പെട്ടെന്നാണ് വർഷങ്ങൾ ഇങ്ങനെ കടന്നു പോകുന്നത്. അൽ മജാസ് കോർണിഷിൽ നിന്ന് 2020 നോട് വിടപറഞ്ഞത് ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. ഒരു വർഷത്തിനിടയ്ക്ക് എന്തെന്തൊക്കെ കാര്യങ്ങൾ! മരണം താണ്ഡവമാടിയ കോവിഡിന്റെ രണ്ടാം തരംഗവും ന്യൂനമർദങ്ങൾ മതിവരാതെ പെയ്ത കാലവർഷവും പിന്നിട്ട് ലോകം ഒമിക്രോണിനെ വരവേൽക്കാൻ തയ്യാറായിക്കഴിഞ്ഞു... ഇതിനിടെ ഓക്സിജനും ചികിത്സയും കിട്ടാതെ എത്രയെത്ര സാധാരണ മനുഷ്യർ റോഡുകളിൽ മരിച്ചു വീണു. ചിതയിൽ ഒരു അഡ്മിഷൻ കിട്ടാൻ എത്രയെത്ര മൃതദേഹങ്ങൾ ശ്‌മശാനങ്ങൾക്ക് മുമ്പിൽ ക്യൂ കിടന്നു... ഗംഗയിലൂടെ മൃതദേഹങ്ങൾ എത്ര ഒഴുകിപ്പോയി!
ഛെ! ഛേ! തെരഞ്ഞെടുപ്പിന് ശേഷം ഉറക്കമായിരുന്ന എന്റെയുള്ളിലെ അന്തം കമ്മി എഴുന്നേറ്റു കുറച്ചു നേരത്തേക്ക് കേന്ദ്ര സർക്കാരിനെ ചീത്ത വിളിക്കാൻ തുടങ്ങുമ്പോഴാണ് എനിക്ക് വിഷയം ഓർമ വന്നത്. ഇത് ആക്ഷേപ ഹാസ്യം എന്ന പേരിൽ ചളു അടിക്കാനുള്ള പോസ്റ്റല്ല. മലയാളക്കരയിൽ മറ്റാരും നടത്താത്ത ഒരു പ്രത്യേക അവാർഡിന്റെ വിളംബരമാണ്! അതെ, ഈ വർഷത്തെ വാക്കിനെ തെരഞ്ഞെടുക്കാനുള്ള സമയമായിരിക്കുന്നു.
Word of the Year തെരഞ്ഞെടുക്കുന്ന ഓക്സ്ഫോർഡിലെയും മെറിയം വെബ്സ്റ്ററിലെയും സായിപ്പന്മാർക്ക് പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതിരുന്ന വർഷമായിരുന്നു ഇത്. കാരണം രണ്ടു പേരുടെയും വാക്ക് ഒന്ന് തന്നെ. Vaccine! ഓക്സ്ഫോർഡ് Vaccine പരിഷ്കരിച്ച് 'Vax' എന്നാക്കി എന്ന് മാത്രം. ഇതിനെ word of the year ആയി തെരഞ്ഞെടുക്കാൻ ശമ്പളം കൊടുത്ത് ആളെ വെക്കുകയൊന്നും വേണ്ട. ഏതു കുഞ്ഞിനോട് ചോദിച്ചാലും 2021 ൽ വാക്‌സിനെ കടത്തി വെട്ടുന്ന മറ്റൊരു ആംഗലേയ വാക്ക് കിട്ടില്ല. പക്ഷേ, മലയാളത്തിൽ അതല്ല അവസ്ഥ.
എത്രയെത്ര വാക്കുകൾക്ക് പതിവിൽ കവിഞ്ഞ പ്രാധാന്യം കൈവന്ന വർഷമായിരുന്നു ഇത്. മരണം എന്ന വാക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് എത്രയോ മടങ്ങാണ് 2021ൽ ഉപയോഗിക്കപ്പെട്ടത്? വല്ല മഴക്കാല വാർത്തയിലും മിന്നിമറഞ്ഞിരുന്ന 'മിന്നൽ' എന്ന വാക്ക് മിന്നൽ മുരളിയുടെ റിലീസ് സംബന്ധിച്ച് എത്രയേറെ തവണ ആഗോള തലത്തിൽ ഉപയോഗിക്കപ്പെട്ടു! അതുപോലെ 'സംഖ്യ' എന്ന വാക്ക് നിയമസഭാ തെരഞ്ഞെടുപ്പിലും കോവിഡ് കണക്കിലും നിരന്തരമായി കടന്നു വന്നു. ആലോചിച്ചാൽ ഇനിയും ഏറെയുണ്ടാകും 2021ൽ സവിശേഷ പ്രാധാന്യം കൈവന്ന വാക്കുകൾ. അപ്പൊ എങ്ങനെയാണു ഒരു തെരഞ്ഞെടുപ്പ് നടത്തുക?
പ്രയോഗത്തിൽ പിന്നിലാണെങ്കിലും 2021നെ മൊത്തത്തിൽ പ്രതിഫലിപ്പിക്കുന്ന ഒരു വാക്കാണ് ഞാൻ ഈ വർഷത്തെ വാക്കായി തെരഞ്ഞെടുക്കുന്നത്.
'പ്രതീക്ഷ'.
ഇതാണ് 2021 ലെ എന്റെ വാക്ക്. കാരണങ്ങളിലേക്ക് വരാം.
കോവിഡിനെ മറികടക്കാൻ രാഷ്ട്രീയപരവും ഭൗതികവുമായ എല്ലാ അതിരുകൾക്കുമപ്പുറം സമൂഹ വാക്‌സിനേഷന് വേണ്ടി ലോകം ഒന്നിച്ചതാണ് 2021 നൽകുന്ന വലിയ പ്രതീക്ഷ. റെക്കോർഡ് വേഗത്തിൽ ഗവേഷണങ്ങൾ നടത്തുകയും കണ്ടെത്തലുകൾ പരസ്പരം പങ്കുവെക്കുകയും ചെയ്തു കൊണ്ട് ശാസ്ത്രം മനുഷ്യരാശിയെ ഒരിക്കൽ കൂടി രക്ഷിച്ചു. ഡൊണാൾഡ് ട്രംപിനെ പടികടത്തിക്കൊണ്ട് അമേരിക്കൻ ജനത നൽകിയ സന്ദേശമാണ് 2021 ലെ മറ്റൊരു പ്രതീക്ഷ. ഇനി തിരിച്ചുകൊണ്ടു വരാൻ ആവാത്ത വിധം കാലാവസ്ഥ തകിടം മറിയുന്നതിനു മുമ്പ്, ഒരു അവസാന ശ്രമം എന്ന നിലയിൽ, ലോകം ഗ്ലാസ്ഗോയിൽ COP 26 ഉച്ചകോടി നടത്തിയതും ഈ വർഷം തന്നെ. രാഷ്ട്രീയനേതാക്കളും ശാസ്ത്രജ്ഞരും മറ്റ് നാനാ തുറകളിൽ പെട്ട പ്രഗത്ഭരും ഒത്തുചേർന്ന് നമ്മുടെയെല്ലാം ഭാവി നിർണയിക്കുന്ന തീരുമാനങ്ങളെടുത്തത് തീർച്ചയായും പ്രതീക്ഷാവഹമാണ്.
ഭരണകൂടം കിടങ്ങു കുഴിച്ചും കാറ് കയറ്റിയും പിന്തിരിപ്പിക്കാൻ നോക്കിയിട്ടും പിന്മാറാതെ ലക്ഷ്യം കൈവരിച്ച വടക്കേ ഇന്ത്യയിലെ സാധാരണ കർഷകരാണ് 2021 നൽകുന്ന മറ്റൊരു സുവർണ പ്രതീക്ഷ. അധികാരത്തിന്റെ ധാർഷ്ട്യത്തിനു മുമ്പിൽ വർഗസമരത്തിന്റെ വിയർപ്പും ചോരയും കൊണ്ടെഴുതിയ ചരിത്രമായിരുന്നു കാർഷിക നിയമങ്ങളുടെ പിൻവലിക്കൽ. ഇതിനെല്ലാമുപരി, സാമ്പത്തിക മാന്ദ്യത്തിലും നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയിലും അകപ്പെട്ടിട്ടും മുന്നോട്ടു പോകുന്ന മനുഷ്യരാശി തന്നെയാണ് 2021 നൽകുന്ന ഏറ്റവും വലിയ പ്രതീക്ഷ.
പ്രതീക്ഷകളുടെ പൂക്കാലമാണ് പുതുവർഷം. എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ!