Saturday, 13 June 2015

ജുറാസ്സിക് വേൾഡ് 3D

 സാധാരണക്കാർ, സിനിമ കണ്ടാൽ മാത്രം മതിയെന്നും റിവ്യൂ എഴുതുന്ന കാര്യം, തലയിൽ കിഡ്നിയുള്ള പുലികൾ നോക്കിക്കോളും എന്നും സുഹാസിനി ആന്റി പറഞ്ഞിട്ട് അധിക നാളായില്ല. എന്ന് വച്ച് നമ്മൾക്ക് വെറുതെ ഇരിക്കാൻ പറ്റുമോ? തലയിൽ വല്ല കുന്തവും ഉണ്ടായിട്ടാണോ നമ്മൾ കഥ, കവിത, ലേഖനം തുടങ്ങിയ ലേബലുകൾ ഒട്ടിച്ച് ഓരോ ഐറ്റംസ് പടച്ചു വിടുന്നത്?! ഒരു വിശ്വാസത്തിന്റെ പുറത്ത് അടിച്ചു വിടുന്നു. വഴി തെറ്റിയെത്തുന്ന ചില പാവങ്ങൾ അതൊക്കെ വായിച്ച് കണ്ണും തള്ളി ഡെസ്പടിച്ച് സ്കൂട്ടാവുന്നു. അത്ര തന്നെ. അപ്പൊപ്പിന്നെ റിവ്യൂവിനെ മാത്രം ഒഴിവാക്കിയാൽ അതിന് സങ്കടമാവില്ലേ? സുഹാസിനി ആന്റി എന്തൊക്കെ പറഞ്ഞാലും റിവ്യൂവിനെ സങ്കടപ്പെടുത്താൻ എനിക്കാവില്ല. ഈ കൊച്ചു ഗോവിന്ദന്റേത് ഒരു കൊച്ചു മനസ്സാണ് അമ്മായീ, കൊച്ചു മനസ്സാണ്. കഥയും കവിതയും അനുഭവങ്ങളും  നിരൂപണങ്ങളും ഒക്കെ നിറഞ്ഞ ഒരു സമത്വസുന്ദരമായ ഒരു ബ്ലോഗ്‌ ആണ് ഈ കേഡിയുടെ സ്വപ്നം. അതുകൊണ്ട് ഇത്തവണ ഞാൻ അവതരിപ്പിക്കുന്ന ഐറ്റത്തിന്റെ പേരാണ്... കേഡീസ് റിവ്യൂ ഓഫ് ജുറാസ്സിക് വേൾഡ് 3D!!! (പ്രത്യേക ഓഫർ : കഥ മുഴുവൻ പറഞ്ഞ് രസം കളയുന്നതല്ല. അത് കൊണ്ട് ധൈര്യമായി വായിക്കാം!)

 22 വർഷങ്ങൾക്ക് മുമ്പ് സ്റ്റീവൻ സ്പീൽബെർഗ് ലോകത്തിന് സമാനിച്ച ഒരു ദൃശ്യവിസ്മയമായിരുന്നു ജുറാസിക് പാർക്ക് എന്ന സയൻസ് ഫിക്ഷൻ സിനിമ. അന്ന് സുരക്ഷാ കവചം ഭേദിച്ച് 'ടൈറാനോസോറസ് റെക്സ്‌' എന്ന ഭീമാകാരനായ ദിനോസർ ജുറാസിക് പാർക്ക്‌ എന്ന തീം പാർക്കിൽ നടത്തിയ വിളയാട്ടം ഇന്നും നമ്മളാരും മറന്നിട്ടില്ല. അതിനെ പിന്തുടർന്ന് പിന്നീട് രണ്ട് സിനിമകൾ കൂടി പുറത്തിറങ്ങി. ജുറാസിക്‌ പാർക്ക്‌ സീരീസിലെ നാലാമത്തെ സിനിമയാണ്, യൂണിവേഴ്സൽ പിക്ചേഴ്സിന്റെ ബാനറിൽ കോളിൻ ട്രെവറോ സംവിധാനം ചെയ്ത് കഴിഞ്ഞ ദിവസം ലോകമാകെ റിലീസ് ചെയ്ത ജുറാസിക് വേൾഡ്. ഒറ്റ വരിയിൽ പറഞ്ഞാൽ മനുഷ്യന്റെ നിയന്ത്രണത്തിൽ നിന്ന് രക്ഷപ്പെടുന്ന ഒരു ഭയങ്കര ദിനോസറും അതിനെ വരുതിയിൽ ആക്കാൻ ഉള്ള ശ്രമങ്ങളും ആണ് ഈ സിനിമ. അതിൽ പതിവ് പോലെ കുറച്ച് പ്രണയവും സെന്റിമെൻസും പണക്കൊതിയും സസ്പെന്സും ഒക്കെ ചേർത്തിരിക്കുന്നു. പക്ഷേ, അത് 3D യിൽ, കയ്യൊതുക്കത്തോടെ ചെയ്തിരിക്കുന്നു എന്നത് കൊണ്ടാണ് ഈ സിനിമ മികച്ച താവുന്നത്.

സീരീസിലെ നാലാമത്തെ സിനിമയാണെങ്കിലും ആദ്യസിനിമയുടെ തുടർച്ചയായിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. അന്ന് അടച്ചു പൂട്ടിയ 'ഐല നുബ്ലാർ' എന്ന ദ്വീപ്‌ സ്വപ്നസദൃശമായ രീതിയിൽ നവീകരിച്ച് സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. പാർക്കിന്റെ ഓപറേഷൻസ് മാനേജർ ആയ ക്ലെയറിനെ (ബ്രിസ് ഹോവാർഡ്) കാണാനും പാർക്കിലെ കാഴ്ചകൾ ആസ്വദിക്കാനുമായി ക്ലെയറിന്റെ അനന്തരവന്മാരായ സാക് മിച്ചലും ഗ്രേ മിച്ചലും യാത്ര തിരിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. ദ്വീപിലേക്കുള്ള യാത്രയും അവിടുത്തെ ആകർഷണങ്ങളും ഒക്കെ നമുക്ക് മുന്നിൽ ത്രിമാന ദൃശ്യങ്ങളായി  ഇതൾ വിരിയുന്നതും ഇവരിലൂടെ തന്നെയാണ്. അന്നേ ദിവസം ഔദ്യോഗിക കാര്യങ്ങളാൽ തിരക്കിലായിപ്പോയ ക്ലെയർ, കുട്ടികളുടെ മേല്നോട്ടം സഹപ്രവർത്തകയായ സാറയെ ഏൽപ്പിക്കുന്നു. കുഞ്ഞു ദിനോസറകളുടെ പുറത്ത് സവാരി ചെയ്യുന്ന കുട്ടികളും വെള്ളത്തിൽ താമസിക്കുന്ന മോസസോറസ് എന്ന വമ്പൻ ദിനോസറിന്റെ ഇരപിടിത്തവും പാർക്കിലൂടെ മെട്രോ റെയിലിലുള്ള യാത്രയും ഗൈറോസ്ഫിയർ എന്ന ഗോളാകൃതിയിലുള്ള വാഹനവും ഒക്കെ പുതിയ കാഴ്ചകളാണ് നമുക്ക് സമ്മാനിക്കുന്നത്. അതുപോലെ കഥാനായകനായ ഓവെൻ ഗ്രാഡി (ക്രിസ് പ്രാറ്റ്), വെലോസിറാപ്റ്റർ എന്ന ചെറിയ ദിനോസറുകളെ പരിശീലിപ്പിക്കുന്നതും അബദ്ധത്തിൽ അവയുടെ കൂട്ടിലേക്ക് വീണ ഒരു ജോലിക്കാരനെ രക്ഷപ്പെടുത്തുന്നതും തുടക്കത്തിലെ രസകരമായ കാഴ്ചകളാണ്. കുട്ടികളോടൊപ്പം നിൽക്കാത്തതിൽ നായികക്ക് കുറ്റബോധം തോന്നുന്ന രംഗവും ഉണ്ട്.


ഇതിനിടെ, കോർപ്പറേറ്റുകളുടെ താത്പര്യത്തിന് വഴങ്ങി, ജനിതക മാറ്റം വരുത്തിയ, ബുദ്ധിയും കരുത്തുമേറിയ 'ഇൻഡോമിനസ് റെക്സ്‌' എന്ന ദിനോസർ അണിയറയിൽ ഉള്ള കാര്യം ക്ലെയർ സംസാരത്തിനിടെ വെളിപ്പെടുത്തുമ്പോൾ ആണ് പ്രധാന കഥാപാത്രത്തിന്റെ സൂചന ആദ്യമായി നമ്മൾക്ക് കിട്ടുന്നത്. പിന്നീട് ജുറാസിക് വേൾഡിന്റെ CEO ആയ സൈമണ്‍ മസ്രണിയുടെ (ഇർഫാൻ ഖാൻ) കൂടെ ക്ലെയർ, ഇന്ഡോമിനസ് റെക്സിന്റെ വാസസ്ഥലം സന്ദർശിക്കുകയും സൈമണ്‍ന്റെ  ആവശ്യപ്രകാരം ആ നിർമിതിയുടെ ബലം ഉറപ്പ് വരുത്താൻ ഓവെൻ ഗ്രാഡിയെ വിളിച്ചു വരുത്തുകയും ചെയ്യുന്നു. (ഓവന്റെ നഷ്ട പ്രണയിനി കൂടിയാണ് ക്ലയർ!). ശരീരതാപനില തിരിച്ചറിഞ്ഞ് ഉറവിടം വ്യക്തമാക്കുന്ന സംവിധാനത്തിലൂടെ ദിനോസറിനെ തിരയുന്ന ജീവനക്കാർ ആ കൃത്രിമ വനത്തിനുള്ളിൽ ദിനോസർ ഇല്ലെന്ന് മനസ്സിലാക്കുന്നു. ഇവിടെ നിന്നാണ് നമ്മൾ കാത്തിരുന്ന കഥ തുടങ്ങുന്നത്!

ആ കൂറ്റൻ ചുറ്റുമതിലിൽ മുകളറ്റം വരെ വലിയ നഖക്ഷതങ്ങൾ കാണുന്നതോടെ ദിനോസർ രക്ഷപ്പെട്ടതായി ക്ലയറും ഓവനും ഊഹിക്കുന്നു. ഈ വിവരം പറയാൻ ക്ലയർ ജുറാസിക് വേൾഡിന്റെ കണ്ട്രോൾ സെന്ററിലേക്ക് ഫോണ്‍ വിളിക്കുന്ന സമയത്ത് രണ്ട് ജീവനക്കാരും ഓവനും കൂടി മതിലിലെ പാടുകൾ നിരീക്ഷിക്കാൻ സെക്യൂരിറ്റി ഗേറ്റ് തുറന്ന് അകത്തേക്ക് കയറുന്നു. എന്നാൽ ദിനോസറിന്റെ ശരീരത്തിൽ ഘടിപ്പിച്ച ഇലക്ട്രോണിക് ചിപ്പിന്റെ സ്ഥാനം വച്ച്, ദിനോസർ അവിടെത്തന്നെയുണ്ടെന്ന വിവരമാണ് നായികക്ക് മറുപടിയായി കിട്ടിയത്. അതായത് നായകനും ദിനോസറും ഒരേ സമയം ഒരു കൂട്ടിൽ! അപ്പോൾ ആ കാട് മൊത്തം ഉലച്ചു കൊണ്ട് ദിനോസർ രംഗപ്രവേശം ചെയ്യുന്ന ദൃശ്യം ശരിക്കും ത്രസിപ്പിക്കും കേട്ടോ. ഓവനും മറ്റുള്ളവരും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും സെക്യൂരിറ്റി ഗേറ്റ് അടയുന്നതിന് മുമ്പ് അത് തകർത്തെറിഞ്ഞു കൊണ്ട് ഇൻഡോമിനസ് റെക്സ്‌ പുറത്തെത്തുകയും ചെയ്യുന്നതോടെ മനുഷ്യനും മൃഗവും തമ്മിലുള്ള അതിജീവനത്തിന്റെ പുതിയ യുദ്ധം തുടങ്ങുകയായി...


ഒരു ദ്വീപ്‌, ഇരുപതിനായിരത്തിൽ ഏറെ സഞ്ചാരികൾ, നൂറു കണക്കിന് കോടി ഡോളറിന്റെ നിക്ഷേപം, നിരവധി കോർപ്പറേറ്റ് താൽപ്പര്യങ്ങൾ, തന്നിഷ്ടക്കാരനായ സേഫ്ടി ഓഫീസർ, അപകടകാരികളായ മറ്റ് ദിനോസർ വർഗങ്ങൾ, കാട്ടിലകപ്പെട്ട രണ്ട് കുട്ടികൾ, അവരെ തേടി കാട്ടിലേക്ക് തിരിക്കുന്ന നായികാനായകന്മാർ, പരിശീലിപ്പിച്ചെങ്കിലും ഇണങ്ങാത്ത നാല് വെലോസിറാപ്ടറുകൾ, രക്തദാഹിയായ ഒരു കൂറ്റൻ ദിനോസർ... പിന്നീടങ്ങോട്ട് ശ്വാസം പിടിച്ചു മാത്രം കാണാൻ കഴിയുന്ന ദൃശ്യങ്ങളാണ് സിനിമയിൽ ഉള്ളത്. അതിനിടെ നൊസ്റ്റാൽജിയ ഉണർത്തി പഴയ ജുറാസിക് പാർക്കിലെ കെട്ടിടങ്ങളും അവശിഷ്ടങ്ങളും കടന്നു വരുന്നുമുണ്ട്. ശരീരതാപനില ചുറ്റുപാടുകൾക്കൊപ്പം ക്രമീകരിക്കാനും ശരീരത്തിലെ ഇലക്ട്രോണിക് ചിപ്പ് ചീന്തിയെറിയാനും തക്ക ബുദ്ധിയുള്ള ജീവിയാണ് 'ഇൻഡോമിനസ് റെക്സ്‌' എന്ന് കഥ പുരോഗമിക്കുമ്പോൾ നമ്മൾ മനസ്സിലാക്കുന്നു. വെലോസിറാപ്ടറുകളെയും കൂട്ടി നായകൻ ദിനോസർ വേട്ടക്ക് പോകുന്നതും അതിന്റെ അനന്തര ഫലവും ഒക്കെ സിനിമയുടെ ഹൈലൈറ്റ് ആണ്. അതിജീവനത്തിന്റെയും ആക്രമണത്തിന്റെയും കുറെ നിമിഷങ്ങൾക്കൊടുവിൽ മികച്ച ഒരു ക്ലൈമാക്സോടെ ചിത്രം അവസാനിക്കുന്നു.

ജുറാസിക് പാർക്കിലെ പ്രധാന താരങ്ങളെയെല്ലാം ഒഴിവാക്കി 3D ഉൾപ്പെടുത്തി സിനിമക്ക് പുതുമ സമ്മാനിക്കാൻ ഉള്ള ശ്രമം വിജയിച്ചു എന്ന് വേണം പറയാൻ. നായകനായ ക്രിസ് പ്രാറ്റ് നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്നു. മറ്റുള്ളവർ തരക്കേടില്ലാതെ തങ്ങളുടെ വേഷം കൈകാര്യം ചെയ്തു എന്നേ പറയാനുള്ളൂ. ദിനോസറിന്റെ പ്രത്യേകതകൾ ഉൾപ്പടെ, തിരക്കഥയിലെ അശാസ്ത്രീയത ഇതിനകം പലയിടത്തും ചൂണ്ടിക്കാണിക്കപ്പെട്ടുവെങ്കിലും ഇതൊരു സൈ-ഫൈ മൂവിയാണ്, ഡോക്യുമെന്ററി അല്ല എന്ന മറുപടിയിലൂടെ സംവിധായകൻ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു! പിന്നെ, ആദ്യം പറഞ്ഞ ആന്റിയെ പേടിച്ച്, ശബ്ദ മിശ്രണം, രംഗസജ്ജീകരണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മിണ്ടുന്നില്ല :)

ജുറാസിക് പാർക്കിനോട് തോന്നിയ ആ ഒരു ഇഷ്ടം ജുറാസിക് വേൾഡിനോട്‌ തോന്നില്ല എന്നത് സത്യമാണ്. ഫസ്റ്റ് ഇമ്പ്രഷൻ ഈസ്‌ ദ ബെസ്റ്റ് ഇമ്പ്രഷൻ എന്നാണല്ലോ! എങ്കിലും ജുറാസിക് വേൾഡ് നിങ്ങളെ പിടിച്ചിരുത്തും എന്നതിൽ സംശയമില്ല.

P.S : ജുറാസ്സിക് വേൾഡിനെ കുറിച്ച്  മുരളി ചേട്ടൻ (ബിലാത്തിപ്പട്ടണം / മുരളീ മുകുന്ദൻ ) എഴുതിയ ഒന്നാന്തരം റിവ്യൂ ഇവിടെ വായിക്കാം.

You may also like: 
                               ചതിക്കല്ലേ മൊതലാളീ...!
                               ആൽബട്രോസിനെ കൊന്നിട്ടുണ്ടോ?
                               ബാർട്ടണ്‍കുന്നിലെ വിസ്മയം 

23 comments:

  1. തുടര്‍ന്നും എഴുതുക ,ആശംസകള്‍

    ReplyDelete
    Replies
    1. കേഡിക്കാഴ്ചകളിലേക്കുള്ള ആദ്യ വരവിനും വായനക്കും നന്ദി, അന്നൂസ് ഭായ്.

      Delete
  2. പ്രീമിയർ റിലീസ് ദിനം തന്നെ ‘ജുറാസിക് വേൾഡ്‘
    കണ്ട് ഒരു റിവ്യു എഴുതി പ്രസിദ്ധീകരിക്കുവാൻ വന്നപ്പോൾ
    ദാ പിടിച്ചേനേക്കാളും വലിയത് അളയിൽ എന്ന കണക്കിൽ
    കൊച്ച് ആയത് കലക്കി പൊരിച്ചിരിക്കുന്നു .

    സൂപ്പറായി അവതരിപ്പിച്ചിരിക്കുന്നു കേട്ടോ ഭായ്
    ഇനി ഇതിന്റെയൊന്ന് ഒന് ചൂടാറിയിട്ടെ ഞാൻ പ്രസിദ്ധീകരിക്കുന്നുള്ളു

    ReplyDelete
    Replies
    1. പ്രോത്സാഹനത്തിന് നന്ദി :)
      അതിമോഹത്തിൽ നിന്നും പിറന്ന ഒരു അമച്വർ കുറിപ്പ് മാത്രമാണിത്. സിനിമയുടെ വിവിധ വശങ്ങളെ പ്രതിപാദിച്ചു കൊണ്ട് മുരളി ചേട്ടൻ എഴുതുന്ന മനോഹരമായ നിരൂപണങ്ങൾ മറ്റൊരു തലത്തിലാണ് നിൽക്കുന്നത്. അതുകൊണ്ട്, ഞങ്ങളെ നിരാശരാക്കാതെ എത്രയും പെട്ടന്ന് 'റെക്സി'നെ തുറന്നു വിടുക.

      Delete
  3. തലയിൽ ഓളം കുറവായതുകൊണ്ട് ബ്ലോഗിലെ കഥ, കവിത, ലേഖനം വായിക്കാൻ വഴിതെറ്റി നടക്കാറുള്ളതുകൊണ്ട് ഇതാ ഇവിടെയെത്തി..... വലിയ സംഭവങ്ങളേക്കുറിച്ചൊന്നും അധിഹം വായന ഇല്ലാത്തതുകൊണ്ടായിരിക്കും ഇത്തരം എഴുത്തിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കാൻ തോന്നുന്നത്. വിസ്മയം തുളുമ്പുന്ന ഒരു സിനിമയിലേക്കുള്ള ഈ ക്ഷണക്കത്തിന് നന്ദി....

    ReplyDelete
    Replies
    1. അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി, പ്രദീപ്‌ സർ. ഒരു എളിയ ശ്രമം നടത്തിയതാണ്. ഇഷ്ടപ്പെട്ടു എന്നറിയുമ്പോൾ സന്തോഷം.

      Delete
  4. റിവ്യൂ കലക്കി! സ്വാഭാവികമായി ഹാസ്യം എഴുതാനുള്ള ആ കഴിവിന് ഒരു സല്യൂട്ട്!
    കഥ,കവിത,നിരൂപണം എന്നിങ്ങനെ സകലമേഘലകളിലും പടർന്നു പന്തലിച്ചു, കേഡിക്കാഴ്ചകൾ ഒരു ജുറാസിക് കാടായി വളരുന്നതും, അവിടുത്തെ ഒരേയൊരു 'ഇൻഡോമിനസ് റെക്സ്‌' ആയി കൊച്ചുഗോവിന്ദൻ വിലസുന്നതും, ഞാൻ ടൈം മഷീനിൽ കാണുന്നു.

    ReplyDelete
    Replies
    1. എന്റെ ഡോക്ടറേ, കമന്റിലെ ഭാവനാവിലാസത്തിന്‌ എന്റെ വക അങ്ങോട്ടും ഒരു സല്യൂട്ട്!

      Delete
  5. തകർപ്പൻ റിവ്യൂ.

    ഇത് വായിച്ചിട്ട് സിനിമ കണ്ടില്ലെങ്കിൽ വലിയ നഷ്ട്മായിരിക്കും...............,

    ReplyDelete
    Replies
    1. നന്ദി, സുധീ.
      ജുറാസിക് പാർക്ക്‌ എറങ്ങീപ്പൊ നമ്മളൊക്കെ ചോട്ടാ പിള്ളേരായിരുന്നത് കൊണ്ട് കാണലൊന്നും നടന്നില്ല. സാഹചര്യം അനുകൂലമാണെങ്കിൽ പുതിയ വേൾഡ് ചുമ്മാ പോയി കാണെന്നേ!

      Delete
  6. 'ജൂറാസിക് വേൾഡ് ' മൂവിയിലെക്കുള്ള ക്ഷണം ഹാസ്യരൂപത്തിൽ അവതരിപ്പിച്ചതു രസമായിരുന്നു. ഇനിയും ഇതുപോലുള്ളതൊക്കെ തുടർന്നും എഴുതൂ. ആ ആന്റി പറഞ്ഞതൊന്നും കാര്യമാക്കാൻ പോവണ്ട. ആശംസകൾ

    ReplyDelete
    Replies
    1. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം. പിന്തുണക്ക് നന്ദി :)

      Delete
  7. കേഡീ...... കിടു ....കിടിലന്‍...... ആന്‍റി പിടിച്ചാല്‍ എന്‍റെ പേരു പറയണ്ട......അനുമോദനങ്ങള്‍......

    ReplyDelete
    Replies
    1. നന്ദി, വിനോദ് ഭായ്.
      പേര് പറയൂല. വേണമെങ്കിൽ ബ്ലോഗിന്റെ ലിങ്ക് കൊടുത്തേക്കാം :)

      Delete
  8. കൊച്ചു ഗോവിന്ദാ സാധനം കണ്ടില്ല. അത് കൊണ്ട് എന്ത് പറയാൻ?

    ReplyDelete
  9. പണ്ട് ജുറാസിക്ക് പാര്‍ക്ക് കണ്ടതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. ജുറാസിക് വേള്‍ഡ് പോലും ..അതും 3D... വായിക്കുമ്പോള്‍ തന്നെ പേടിയാവുന്നു..തിയേറ്ററിലെ ഇരുട്ടില്‍ സിനിമയാണെന്ന ബോധമൊന്നും എനിക്കുണ്ടാവില്ല..ഞാന്‍ പേടിച്ച് നിലവിളിക്കും. ഉറപ്പാ... നല്ലൊരു റിവ്യൂ തന്നതിനു നന്ദി...ഞാന്‍ കാണൂല്ല..

    ReplyDelete
  10. പണ്ട് ജുറാസിക്ക് പാര്‍ക്ക് കണ്ടതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല. ജുറാസിക് വേള്‍ഡ് പോലും ..അതും 3D... വായിക്കുമ്പോള്‍ തന്നെ പേടിയാവുന്നു..തിയേറ്ററിലെ ഇരുട്ടില്‍ സിനിമയാണെന്ന ബോധമൊന്നും എനിക്കുണ്ടാവില്ല..ഞാന്‍ പേടിച്ച് നിലവിളിക്കും. ഉറപ്പാ... നല്ലൊരു റിവ്യൂ തന്നതിനു നന്ദി...ഞാന്‍ കാണൂല്ല..

    ReplyDelete
    Replies
    1. സിനിമ ആസ്വദിക്കുമ്പോഴാണല്ലോ ചിരിയും കരച്ചിലും ഒക്കെ വരുന്നത്. അങ്ങനെ നോക്കിയാൽ നിലവിളിയും ആസ്വാദനമാണ്. അതുകൊണ്ട്, തീർച്ചയായും പോയി നിലവിളിക്കണം സോറി, ആസ്വദിക്കണം എന്നാണ് എന്റെ അഭിപ്രായം :)

      Delete
  11. Please see Jayesh San's note and my comments there.https://www.facebook.com/jayeshsan?fref=ts

    ReplyDelete
  12. ജൂറാസിക് വേള്‍ഡ് കണ്ടു. ശ്വാസം അടക്കിപ്പിടിച്ചാണ് പല രംഗങ്ങളും കണ്ടത്. അതിശയിപ്പിക്കുന്ന സിനിമ. എന്നാല്‍ ഒരു രംഗത്ത് കുട്ടികള്‍ പോക്കറ്റില്‍നിന്ന് ഒരു തീപ്പെട്ടിയെടുത്ത് പന്തത്തിന് തീ കൊളുത്തുന്നുണ്ട്. അതിനു തൊട്ടു മുമ്പ് അവര്‍ വെള്ളത്തില്‍ വീണ് മുങ്ങിപ്പൊങ്ങുകയും കുറേനേരം വെള്ളത്തില്‍ നീന്തുകയും ചെയ്ത ശേഷവും പോക്കറ്റില്‍ കിടന്ന തീപ്പെട്ടി കത്തിക്കാന്‍ യാതൊരു പ്രയാസവുമുണ്ടായില്ലെന്നത് ചിരിയുണര്‍ത്തി.
    റിവ്യൂ നന്നായിരിക്കുന്നു. നല്ല ശൈലിയില്‍ എഴുതിയതിന് അഭിനന്ദനങ്ങള്‍. തുടര്‍ന്നും ഇവിടെ വരാം...

    ReplyDelete