Wednesday, 1 July 2015

എന്റെ പ്രണയം എന്ത് പിഴച്ചു???

 ബൂലോഗത്തെ കവിതകൾ വായിച്ചാൽ കവികൾക്ക് എഴുതാൻ ഈ ലോകത്ത് രണ്ടേ രണ്ട് വിഷയങ്ങളേ ഉള്ളൂ എന്ന് തോന്നും. ഒന്നുകിൽ ഒടുക്കത്തെ നൊസ്റ്റാൾജിയ. അല്ലെങ്കിൽ പ്രണയം. നൊസ്റ്റാൾജിയക്ക് ഞാനും ഒരു തവണ പിന്തുണ പ്രഖ്യാപിച്ചതാണ്. അതുകൊണ്ട് ഇപ്രാവശ്യം പ്രണയത്തിന്റെ പരിപ്പെടുക്കാം എന്ന് തീരുമാനിച്ചു.

ദുഃഖത്തിന്റെ മൂടുപടം അണിയിച്ച് ഓരോരുത്തർ പടച്ചു വിടുന്ന ഇമ്മാതിരി ഐറ്റങ്ങൾക്ക് എത്രയാ കമന്റ്?! കവിത ഒരു വരി പോലും മനസ്സിലായില്ലെങ്കിലും ടിപ്പിക്കൽ കമന്റുകളായ ആശംസകൾ, അഭിനന്ദനങ്ങൾ, ഭാവുകങ്ങൾ, അതിമനോഹരം, ലളിതം, നന്നായിരിക്കുന്നു, ഇഷ്ടായി തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നെടുത്ത് കാച്ചിയാൽ ബ്ലോഗറും ഹാപ്പി, ബ്ലോഗറെ പറ്റിച്ചതോർത്ത് നമ്മളും ഹാപ്പി!

പക്ഷേ, എന്റെ ഈ കവിത ഉത്തര/ ദക്ഷിണ ആധുനിക ടൈപ്പ് ഒന്നും അല്ല കേട്ടോ. ഉദാത്തമായ ക്ലീഷേകൾ കോറിയിടാനും അശേഷം താല്പര്യമില്ല. അനുവാചകന്റെ ആത്മാവിലേക്ക് ഇറങ്ങി ചെല്ലാൻ ബിംബങ്ങൾ ആവശ്യമില്ലെന്നും, പകരം വല്ല തേനോ അമൃതാഞ്ചനോ കുറിഞ്ഞിപ്പൂച്ചയോ മതിയെന്നും എനിക്ക് തിരിച്ചറിവ് കൈവന്നിരിക്കുന്നു. ഇതാ അതിനുള്ള തെളിവ്.

സമർപ്പണം
ഉത്തരാധുനിക കവിതകൾ വായിച്ച് അന്തം വിട്ടിരിക്കുന്ന പാവങ്ങൾക്ക്...
പൊള്ളലേറ്റ് മൃതിയടഞ്ഞ മൂവാണ്ടൻ മാവിന്...
പിന്നെ, നിന്നെ കെട്ടാൻ പോകുന്ന ചെക്കനും!

എന്റെ പ്രണയം എന്ത് പിഴച്ചു???


ഇന്നലെയൊരു കത്ത് കിട്ടി,
എന്നെ ചാറ്റിംഗ് പഠിപ്പിച്ചവളുടെ കത്ത്.
കടം വാങ്ങാൻ പഠിപ്പിച്ചവളുടെ ക്ഷണക്കത്ത്.
ഉറക്കമൊഴിക്കാൻ പഠിപ്പിച്ചവളുടെ വിവാഹ ക്ഷണക്കത്ത്!

ഇന്ന് രാവിലെ ഉണർന്നു നോക്കുമ്പോൾ
കരിഞ്ഞുണങ്ങി നിൽക്കുന്നു...
കന്നി കായ്ച്ച മൂവാണ്ടൻ മാവ്!

പഴിചാരുന്നുണ്ട്...
അച്ഛൻ ആഗോളതാപനത്തെയും
അമ്മ അയൽക്കാരെയും.

വക്ക് പൊട്ടിയ പാത്രവും തേടി
അനിയത്തി നടക്കുന്നു...
തേരാപാരാ.
കുറിഞ്ഞി പൂച്ചക്ക്
പാലൊഴിച്ച് കൊടുക്കുന്നത്
അതിലാണത്രേ!

മാതൃഭൂമിയും പിടിച്ച്
ഞാൻ മാത്രം
നാണമില്ലാത്ത മാണിയേയും
മാനമില്ലാത്ത ചാണ്ടിയേയും
ചായയോടൊപ്പം നുണഞ്ഞു.
ഭയങ്കര കയ്പ്!

സത്യത്തിൽ എന്താ സംഭവിച്ചത്?
ആരോടും പറയില്ലെങ്കിൽ പറയാം.

നഷ്ട പ്രണയത്തിന്റെ ഭാരവും ചുമന്ന്
എത്രയാണ് ഞാനലഞ്ഞത്?
നിങ്ങൾക്കറിയില്ല.
ആത്മാവിന്റെ വേദന
അമൃതാഞ്ജൻ പുരട്ടിയാൽ മാറുമോ?



ഏകാന്തതയുടെ മരുഭൂവിലൂടെ
നിരാശയുടെ തീക്കാറ്റുമേറ്റ്
നിദ്രാവിഹീനമായ രാവിൽ,
എത്രയാണ് ഞാൻ പുളഞ്ഞത്?
അഗ്മാർക്ക് മുദ്രയുള്ള ചെറുതേൻ
അന്തരാളത്തിന്റെ പൊള്ളൽ മാറ്റുമോ?

ഇല്ല തന്നെ.

അതുകൊണ്ടാണ്
അതുകൊണ്ട് മാത്രമാണ്
ഞാനാ കടുംകൈ ചെയ്തത്!

ഇന്നലെ രാത്രി,
ഏഷ്യാനെറ്റിൽ ചന്ദനമഴ തോർന്നതിനു ശേഷം
നഷ്ടസ്വപ്നങ്ങളുടെ നെടുവീർപ്പുകൾ ഉതിരുന്ന
മോഹങ്ങളുടെ കാലിച്ചാക്കിൽ
അർത്ഥഭേദം വന്ന പ്രണയലേഖനങ്ങളും,
വക്ക് പൊട്ടിയ സമ്മാനങ്ങളും നിറച്ച്
മുറ്റത്തെ മൂവാണ്ടൻ മാവിന് വളമാക്കിയത്
ഞാനാണ്!!!

രാവിലെ ഉണർന്നു നോക്കുമ്പോൾ
കരിഞ്ഞുണങ്ങി നിൽക്കുന്നു.
നഷ്ടപ്രണയത്തിന്റെ പങ്കേറ്റു വാങ്ങിയ
മൂവാണ്ടൻ മാവ്
പൊള്ളലേറ്റ് മൃതിയടഞ്ഞ മാവേ, മാപ്പ്.

പാബ്ലോ നെരൂദയെ കടം കൊള്ളട്ടെ...
സമൂഹം,
മാഗി നൂഡിൽസിനോട് ചെയ്തതെന്തോ
അതാണ്‌,
നീയെന്നോടും ചെയ്തത്.

എന്റെ മനപ്പായസത്തിൽ മണ്ണ് വാരിയിട്ട്, 
നിന്റെ കല്യാണപ്പായസം
കുടിക്കാൻ ക്ഷണിച്ച വഞ്ചകീ,
നീ നന്നായി വരും.

**********************

അറിയിപ്പ്: 
കലാപ പരിപാടികൾ അവസാനിച്ചിരിക്കുന്നു.

എനിക്ക് സമ്മാനിക്കാൻ പൂമാല, പൊന്നാട, റീത്ത്, ചൂരൽ, ചങ്ങല, ഇലക്ട്രിക്‌ കസേര തുടങ്ങിയവ കൊണ്ടുവന്നിട്ടുള്ളവർ താഴെയുള്ള കമന്റ് പെട്ടിയിൽ നിക്ഷേപിക്കാൻ അപേക്ഷ. രാത്രി, പവർകട്ടിന്റെ നേരത്ത് ഞാൻ വന്ന് പെറുക്കിയെടുക്കുന്നതായിരിക്കും.

ഫോർ ദ ടൈം ബീയിംഗ്, ലവ് ഓഫ് എ സാഡ് വല്ലരി ക്ലൈംബിംഗ് ഓണ്‍ ദി ഹണി മാംഗോ ട്രീ ഫോർ ഗ്രേറ്റ്‌ ക്രിയേഷൻ ആൻഡ്‌ ഡൊണേഷൻ ഓഫ് സാറ്റിസ്ഫാക്ഷൻ ഓഫ് ഗുഡ് ബൈ. ദ എൻഡ്.

മനസ്സിലാകാത്തവർക്ക്:
പ്രണയമാകുന്ന തേൻമാവിലേക്ക് ഒരു ശോകവല്ലരിയായി പടർന്നു കയറാൻ, ഉദാത്തമായ ഒരു സൃഷ്ടി സംഭാവന ചെയ്തു എന്ന ചാരിതാർത്ഥ്യത്തോടെ തൽക്കാലം ഞാൻ വിട കൊള്ളട്ടെ... ശുഭം!

Related Posts :
                         തൊഗാഡിയ അങ്ങുന്നിന് ഒരു കത്ത്.

                         എന്റെ കോളേജിന്റെ കഥ - നൊസ്റ്റാൽജിയ 

30 comments:

  1. കൊച്ചു ഗോവിന്ദൻ!!!!!!!

    ഏതായിരുന്നു സാധനം???

    ReplyDelete
    Replies
    1. ഇനി ഡീറ്റെയിൽസ് ഒക്കെ പറഞ്ഞിട്ട് എന്താ കാര്യം സുധീ. പോയത് പോയി.

      Delete
  2. കൊച്ചു..... കശ്മലാ..... കൊടുപാതകമായിപ്പോയി......
    വിവാഹ ക്ഷണക്കത്തുമായി കല്യാണം ഉണ്ണാന്‍ പോകുന്ന ഉത്തമന്‍ കൊച്ചുവിന് ആശംസകൾ......
    ഹോ!!! എന്നാലും മാവ് കരിഞ്ഞു പോകണമെങ്കില്‍.....പ്രണയ ലേഖനത്തിന്‍റെ പവറെന്തുവായിരിക്കും......
    എന്നാലും ചോദിക്കുവാ......അടിച്ച സാധനത്തിന്‍റെ പേരെന്തുവാ......നമ്മ അര ലിറ്റടിച്ചിട്ടും കിക്കാവാത്തതു കൊണ്ടാാാ

    ReplyDelete
    Replies
    1. കല്യാണം ഉണ്ണാൻ വേറെ ആളെ നോക്കണം.
      സത്യായിട്ടും ഞാൻ മദ്യപിക്കാറില്ല.
      എന്നാലും നിരാശനാവണ്ട. മുപ്പത് ഷിവാസും അറുപത് ജാക്ക് ഡാനിയേലും കൂടി മിക്സ്‌ ചെയ്ത് മൂന്ന് പ്രാവശ്യം അടിച്ചാൽ എന്തോ പോലെ തോന്നും എന്ന് തോന്നുന്നു!

      Delete
  3. കൊച്ചുഗോവി പറഞ്ഞതു സത്യം.... എനിയ്ക്കൊന്നും മനസ്സിലായില്യ.

    മാതൃഭൂമിക്കാരെങ്ങാനും കണ്ടാൽ അവരുടെ ബ്ലോഗനയിൽ ചേർക്കുമോന്നാ എന്റെ പേടി.

    ആട്ടെ, കാത്തിരുന്നു കാണാം.... മറ്റുള്ളവർ എന്തെഴുതുന്നു എന്നും നോക്കാമല്ലോ!

    ReplyDelete
    Replies
    1. ഇത്ര ലളിതമായി എഴുതിയിട്ടും മനസ്സിലായില്ല അല്ലേ? അടുത്ത തവണ ശരിയാക്കാം!

      Delete
    2. എന്നാലും കവിതയിൽ ഇത്ര ലാളിത്യം പാടില്ല.

      Delete
    3. ഹരിഹർ നഗറിലെ അപ്പുക്കുട്ടൻ ചോദിച്ചത് ഞാൻ ആവർത്തിക്കുന്നു.
      " എന്താ ഇങ്ങനെ സിമ്പിളായി എഴുതുന്നവരെ പെണ്‍കുട്ടികൾക്ക് ഇഷ്ടമല്ലേ? ഡോണ്ട് ദേ ലൈക്‌?"

      Delete
  4. ആത്മാവിന്റെ വേദന
    അമൃതാഞ്ജൻ പുരട്ടിയാൽ മാറുമോ?
    ആത്മാവിന്റെ ഇടത്‌ വശത്ത്‌ പുരട്ടിനോക്ക്‌ കൊച്ചു ഗോവിന്ദാ

    ReplyDelete
    Replies
    1. എന്റെ വേദനയെ കുറിച്ച് ചിന്തിച്ചതിന് നന്ദി മനൂ, നന്ദി!
      ഒറ്റമൂലി പറഞ്ഞു തന്നതിന് പിന്നേം നന്ദി!

      Delete
  5. വിനേഷ്12:18 pm, July 02, 2015

    ആ പെണ്‍കുട്ടിയെ പറഞ്ഞിട്ടെന്തു കാര്യം, കൊച്ചുഗോവിന്ദന്റെ ഈ ബ്ലോഗു ഭാഷയിൽ ഒരു ലവ് ലെറ്റർ എഴുതി കൊടുത്തു കാണും.
    പാവം ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതാ....

    ReplyDelete
    Replies
    1. വിനേഷ് ഭായ് സ്കോട്ട്ലാൻഡ്‌ യാർഡിൽ ജോലി ചെയ്തിട്ടുണ്ടോ എന്ന് എനിക്ക് ബലമായ സംശയം!

      Delete
  6. ഞങ്ങൾ എന്ത് പിഴച്ചു ഗോവിന്ദൻ ?

    ആരുടേതും അല്ലാത്ത, അല്ലെങ്കിൽ എല്ലാവർക്കും തുല്ല്യ അവകാശമുള്ള ഇന്റർനെറ്റ്. അതിനാൽ ആർക്കും എന്തും എഴുതിപ്പിടിക്കാം എന്നതാണ് ഇന്നത്തെ രീതിയും ട്രെൻഡും. ആരും ചോദിക്കാനും ഇല്ല. പരസ്പര സഹായ സംഘം ആയതു കൊണ്ട് ആശംസകളും ഭാവുകങ്ങളും മാത്രമാണ് വരുന്നത്.

    കവിതയുടെ 'കാവ്യത്വം' പോയി 'ഗദ്യത്വം' വന്നു കേറി. എല്ലാവർക്കും കാര്യം എളുപ്പമായി.എന്ത് പറഞ്ഞാലും എങ്ങിനെ പറഞ്ഞാലും കവിത ആയി.
    " ഞാനീ പ്പറയുന്നതും വേണമെങ്കിൽ കവിത,
    കൊച്ചു ഗോവിന്ദൻ എഴുതുന്നതും കവിത"
    അവിടെ കൊച്ചു ഗോവിന്ദനും തുല്യ അവകാശം ഉണ്ട്.

    അവതാരിക ഒക്കെ ഒഴിവാക്കി ഗദ്യ കവിത എന്ന രീതിയിൽ നോക്കുകയാണെങ്കിൽ സുന്ദരമായ ഒരു കവിത. ഭാവനാ സമ്പുഷ്ട്ടമായ കവിത. അച്ഛനും അമ്മയും മാവുണങ്ങിയതിനെ പഴി ചാരുന്നത് എത്ര മനോഹരമായി ? അത് പോലെ പത്രം വായിക്കുന്നതിൽ വരുന്ന കാര്യങ്ങളും. പാബ്ലോ യിൽ തുടങ്ങുന്ന നാല് വരി അർത്ഥ മില്ലാത്തത് ആയിപ്പോയി. അത് പോലെ അവസാനത്തെ നാല് വരി " പ്രണയ പ്പൂഞ്ചൊലയിൽ നഞ്ചു കലക്കിയ വഞ്ചകി" എന്ന നിലവാരത്തിലേക്ക് താഴ്ന്നു പോയി. അൽപ്പം ഹാസ്യം ആക്കിക്കളയാം എന്നൊരു ചിന്തയാണതിനു കാരണം.

    ReplyDelete
    Replies
    1. //ആർക്കും എന്തും എഴുതിപ്പിടിക്കാം എന്നതാണ് ഇന്നത്തെ രീതിയും ട്രെൻഡും// അതാണ്‌ പോയന്റ്! ബ്ലോഗുകളുടെ അടിസ്ഥാനപരമായ സവിശേഷത എന്നത് തന്നെ ഇപ്പറഞ്ഞതാണല്ലോ.

      പക്ഷേ വായനക്കാർ ചെലവഴിക്കുന്ന ഓരോ നിമിഷവും മൂല്യമുള്ളതാക്കാൻ എഴുത്തുകാരന് ഉത്തരവാദിത്തം ഉണ്ട് എന്ന കാര്യം പലരും മറന്നു പോകുന്നു. അതുപോലെ, അഭിപ്രായം രേഖപ്പെടുത്തുമ്പോൾ പ്രോത്സാഹനം നല്ലത് തന്നെ. പക്ഷേ, സത്യസന്ധമായ വിലയിരുത്തലുകൾ / അഭിപ്രായങ്ങൾ വരുമ്പോഴാണ് എഴുത്ത് വിലമതിക്കപ്പെടുന്നത്. അതാണ്‌ ആമുഖത്തിൽ കൊളോക്കിയലി സൂചിപ്പിക്കാൻ ശ്രമിച്ചത്. പക്ഷേ, കൊളമായി എന്ന് തോന്നുന്നു :)

      വിശദമായ വിലയിരുത്തലിന് നന്ദി.

      Delete
  7. ഇത്തവണ ഏതായാലും എല്ലാവർക്കും മനസിലായിട്ടുണ്ട്. .
    ആത്മാവിന്റെ വേദന
    അമൃതാഞ്ജൻ പുരട്ടിയാൽ മാറുമോ?
    ഇത് കണ്ടപ്പോ ബസിലൂടെ പച്ചില തൈലം വിൽക്കുന്ന ആളുടെ പ്രസംഗം ആണോർത്തത് : "ഇത് പുരട്ടിയാൽ ഇതു വേദനയും മാറും സുഹൃത്തുക്കളെ.. മനോവേദന ഒഴിച്ച്.. " ;)

    ReplyDelete
    Replies
    1. പച്ചില തൈലം വിൽക്കുന്നയാളെയും ആരോ വഞ്ചിച്ചിട്ടുണ്ട് എന്ന് തോന്നുന്നു :) അനുഭവം ഗുരു എന്നാണല്ലോ?

      Delete
  8. "ദുഃഖത്തിന്റെ മൂടുപടം അണിയിച്ച് ഓരോരുത്തർ പടച്ചു വിടുന്ന ഇമ്മാതിരി ഐറ്റങ്ങൾക്ക് എത്രയാ കമന്റ്?! കവിത ഒരു വരി പോലും മനസ്സിലായില്ലെങ്കിലും ടിപ്പിക്കൽ കമന്റുകളായ ആശംസകൾ, അഭിനന്ദനങ്ങൾ, ഭാവുകങ്ങൾ, അതിമനോഹരം, ലളിതം, നന്നായിരിക്കുന്നു, ഇഷ്ടായി തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നെടുത്ത് കാച്ചിയാൽ ബ്ലോഗറും ഹാപ്പി, ബ്ലോഗറെ പറ്റിച്ചതോർത്ത് നമ്മളും ഹാപ്പി!"

    അല്ലാ, മോനേ, ഇമ്മാതിരി മുഖത്തടിച്ച പോലെ എഴുതിയാൽ പിന്നെ കമ്ന്റെഴുതാൻ ബ്ലോഗർമാർ ഇതു വഴി വരുമോ? ഓരോന്നെഴുതിവച്ചതിന്റെ ഫലം ഞാൻ കണ്ടതാണ്! അതുകൊണ്ട് വാക്കുകൾ അല്പം സൂക്ഷിക്കുമല്ലോ.

    എന്തായാലും ഞാനിപ്പോൾ ബ്ലോഗിൽ വരുന്നത് പോസ്റ്റുകൾ വായിക്കാനല്ല. മറിച്ച് കമന്റുകൾ വായിക്കാനാണ്. പല കമന്റുകളും പോസ്റ്റിനെ വെല്ലുന്നവയാണ്.

    ReplyDelete
    Replies
    1. ബിപിൻ സാറിനോട് പറഞ്ഞത് ശ്രദ്ധിക്കുമല്ലോ?

      Delete
  9. ആര് പറഞ്ഞു പുത്തൻ തലമുറക്ക് കവിത്വമില്ലെന്ന് ...
    പ്രണയമില്ലെന്ന് .....ആ നൊസ്റ്റാൾജിക് പ്രേമലേഖനങ്ങൾ ഇല്ലെന്ന് ...
    ആർക്കില്ലെങ്കിലും മ്ടെ കൊച്ചുവിനുണ്ടത്.....!


    ‘പണയത്തിലാക്കിയെന്‍ പ്രേമം വീണ്ടുമാ ഇഷ്ട പ്രണയിനി ,
    പണിക്കാരിക്കു പോലുമീയിഷ്ടം ... ശേഷം കൂലിയില്‍ ..!
    പ്രണയമെന്‍ കുപ്പായത്തോടും , ബൈക്കിനോടും മാത്രം;
    പ്രണയം നടിച്ച ആ പ്രിയ കൂട്ടുകാരികള്‍ക്കെല്ലാം.

    പ്രണയിച്ചീ‘ക്കളി ‘ കൂട്ടുകാരികളെല്ലാം... കേളികള്‍ മാത്രം.
    പ്രണയം തേടി ഞാന്‍ അലയുന്നു കാലമിത്രയും ....
    പ്രണയം കടം കിട്ടുമെന്നു പറയുന്നൊരുനാള്‍ ....
    പ്രണയം സുലഭമായി കിട്ടുമോ ... ശാശ്വതമായേനിക്കു മാത്രം ? ..”



    ചുമ്മാ ആശിക്കാം എന്ന് മത്രം....
    ഇനിയും എത്രയെത്ര മൂവ്വാണ്ടൻ മാവികൾ കരിയാനിരിക്കുന്നു...
    ഇനി കൊച്ചുവെന്ന മണവാളൻ ചെക്കനും കിട്ടും വേറൊരു നഷ്ട്ടകാമുകനിൽ നിന്നും ഇത്തരം ഒരു സമർപ്പണം

    ReplyDelete
    Replies
    1. വിരഹകവിത പങ്കു വെച്ചതിന് നന്ദി, മുരളിയേട്ടാ. 'തിരിച്ച് കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്'. അത് ലണ്ടനിൽ ആയാലും ദുഫായിൽ ആയാലും! എന്താ ശരിയല്ലേ :)

      Delete
  10. കടുത്ത വാക്കുകൾ കൊണ്ട് നിറഞ്ഞ ഈ ആധുനിക കവിത വായിച്ചു പകച്ചു പോയി എന്റെ ബാല്യം !!! എന്റെ ആശിർവാദങ്ങൾ... :)
    [ Note :: എന്റെയും ടിപ്പിക്കൽ കമന്റുകളായ ആശംസകൾ, അഭിനന്ദനങ്ങൾ, ഭാവുകങ്ങൾ, അതിമനോഹരം, ലളിതം, നന്നായിരിക്കുന്നു, ഇഷ്ടായി തുടങ്ങിയവ നിന്നും കഷ്ട്ടപെട്ടു ഒഴിവാക്കി , പകരം 'ആശിർവാദങ്ങൾ' എന്നാക്കിയിട്ടുണ്ട്... :) ]

    ReplyDelete
    Replies
    1. ആരെയും പകപ്പിക്കണ്ടല്ലോ എന്ന് കരുതിയാണ് പൂച്ചയെയും മാവിനേയും ഒക്കെ ഉൾപ്പെടുത്തി സിംപിളാക്കിയത്. എന്നിട്ടും... അയാം ദി റിയലി സോറി.
      നന്ദി ഫോർ ദ ഇന്നവേറ്റീവ് 'ആശീർവാദം'!

      Delete
    2. പ്രിയ കൊച്ചുഗോവിന്ദൻ, ആരെന്തുപറഞ്ഞാലും എനിക്കിഷ്ടപ്പെട്ടു; മോന്റെ 'ക്രിയേറ്റിവിറ്റിയും' ഭാവനയും. അതുരണ്ടുമില്ലെങ്കിൽ ഇതൊന്നും എഴുതാൻ പറ്റില്ലല്ലോ? എഴുതുക ഇനിയുമൊരുപാട്. കൊച്ചുഗോവിന്ദൻ എഴുതിയിട്ടുള്ളതെല്ലാം എനിക്ക് ആസ്വാദ്യകരമായിട്ടെ തോന്നിയിട്ടുള്ളൂ.

      Delete
    3. വായനക്കും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി :)

      Delete
  11. ആത്മാവിന്റെ വേദന അമൃതാഞ്ജൻ പുരട്ടിയാൽ മാറില്ല.അതിന് പ്രണയതൈലം തന്നെ പുരട്ടണം!

    ReplyDelete
    Replies
    1. പ്രിസ്ക്രിപ്ഷന് നന്ദി ജുവൽ. ഈ പ്രണയ തൈലം എന്ന് പറയുന്നത് ഇരുതല മൂർച്ചയുള്ള ഒരു വാളാണ്. ഭേദമായാൽ രക്ഷപ്പെട്ടു. അല്ലെങ്കിൽ ആത്മാവും ഹൃദയവും പൊള്ളിപ്പോകും! അതുകൊണ്ട് ഞാൻ ഒന്ന് ആലോചിക്കട്ടെ :)

      Delete
  12. ഞാൻ ഈ വഴിക്കു വന്നതല്ല . മാവിലായി ആണ് എന്റെ നാട്.
    എന്നാലും പറയാതെ വയ്യല്ലോ....
    സംഭവം ഒന്നൊന്നര ക്ലീഷേ ആയിട്ടുണ്ട്.....

    ReplyDelete
    Replies
    1. എന്ത് ചെയ്യാനാ മാഷേ?! ഈ പ്രണയം എക്കാലവും പൈങ്കിളിയും ക്ലീഷേയും ആണ് :)

      Delete
  13. "ആത്മാവിന്റെ വേദന
    അമൃതാഞ്ജൻ പുരട്ടിയാൽ മാറുമോ?"- ഹ ഹ...ഈ വരികള്‍ക്ക് മാത്രം എന്റെ വക അഞ്ച് പൂമാല..

    ReplyDelete
    Replies
    1. വായനക്കും സമ്മാനത്തിനും നന്ദി, രാജാവേ നന്ദി. രണ്ട് പൂമാല പുതിയ പ്രണയിനിക്ക് കൊടുത്തു. ബാക്കി മൂന്നെണ്ണം നോം അണിഞ്ഞിട്ടുണ്ട് :)

      Delete