Monday, 30 December 2019

വാക്ക് 2019

അങ്ങനെ പതിവുപോലെ ഓക്സ്ഫോർഡും മെറിയം വെബ്സ്റ്ററും ഒക്കെ അവരുടെ word of the year പ്രഖ്യാപിച്ചു കഴിഞ്ഞു. ഓക്സ്‌ഫോർഡ് ഇത്തവണയും സംഗതി കുറച്ചു കളറാക്കിയിട്ടുണ്ട്. കാരണം അവരുടെ വാക്ക് ഒരു വാക്കല്ല. രണ്ട് വാക്കാണ്! Climate emergency ആണ് ഓക്സ്ഫോർഡിന്റെ word of the year. ഒരു വിശദീകരണം പോലും ആവശ്യമില്ലാത്ത കാര്യമാണ് പാരിസ്ഥിതിക അടിയന്തിരാവസ്ഥ എന്നത്. ഇനി ഒരു തിരിച്ചു പോക്കില്ലാത്ത വിധം കാലാവസ്ഥ മാറിമറിയാൻ അധികം താമസമില്ല. അതിനു മുന്നേ ആത്മാർത്ഥമായി എന്തെങ്കിലും ചെയ്യാൻ നേതാക്കളോട് ലോകം മുറവിളി കൂട്ടിയ വർഷമാണ് കടന്നു പോകുന്നത്. ഗ്രെറ്റ തുൻബെർഗ് എന്ന കൗമാരക്കാരി തുടക്കമിട്ട ഒരു ചെറിയ പ്രതിഷേധം ലോകത്തങ്ങോളമിങ്ങോളമുള്ള കുട്ടികളും മുതിർന്നവരും ഏറ്റെടുത്തത് നമ്മളെല്ലാം അറിഞ്ഞതും പിന്തുണച്ചതും ആണ്. അതുകൊണ്ട് തന്നെ ഓക്സ്‌ഫോർഡിന്റെ തെരഞ്ഞെടുപ്പ് മികച്ചതായി എന്നാണ് എന്റെ അഭിപ്രായം. 

മെറിയം വെബ്സ്റ്ററിന്റെ വാക്ക് 'they' ആണ്. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന 'അവർ' എന്ന ബഹുവചനമല്ല ഈ they. അവൾ അല്ലെങ്കിൽ അവൻ എന്ന വേർതിരിവ് ഒഴിവാക്കി ഒരു വ്യക്തിയെ ലിംഗഭേദമന്യേ സൂചിപ്പിക്കുന്ന ഒരു ഏകവചനമാണ് ഈ 'They'. ഈ തെരഞ്ഞെടുപ്പിലേക്ക് നയിച്ച കാര്യങ്ങൾ അവരുടെ ബ്ലോഗിൽ വിശദീകരിച്ചിട്ടുണ്ട്. They എന്ന വാക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച്, 313% കൂടുതൽ തെരയപ്പെട്ടു എന്നാണ് മെറിയം പറയുന്നത്. ബൈ ദി വേ, നമ്മൾക്ക് കാര്യപരിപാടിയിലേക്ക് വരാം.

മലയാളത്തിൽ ഇങ്ങനെ ഒരു തെരഞ്ഞെടുപ്പ് നടത്താൻ, മേല്പറഞ്ഞ പോലത്തെ കിടിലോസ്‌കി സ്ഥാപനങ്ങൾ ഒന്നും ഇല്ല എന്നത് നിരാശാജനകമാണ്. അതുകൊണ്ട്, കഴിഞ്ഞവർഷത്തെ പോലെ, ഇപ്രാവശ്യവും ഞാൻ സ്വന്തം നിലയ്ക്ക് ഒരു മലയാളം വാക്കിനെ വേർഡ് ഓഫ് ദി ഇയർ ആയി പ്രഖ്യാപിക്കുകയാണ്. "പൗരത്വം" ആണ് എന്റെ വേർഡ് ഓഫ് ദി ഇയർ.
നമ്മൾ നിത്യജീവിതത്തിൽ പൊതുവേ ഉപയോഗിക്കുന്ന ഒരു വാക്കല്ല 'പൗരത്വം'. എന്നാൽ 2019ൽ അസാധാരണമായ വിധത്തിൽ ഉപയോഗിക്കപ്പെട്ട ഒരു വാക്കായി മാറി പൗരത്വം എന്നത്. 

അസമിൽ ദേശീയ പൗരത്വ പട്ടികയുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ തന്നെ പൗരത്വം എന്ന വാക്ക് നമ്മുടെ മാധ്യമങ്ങളിൽ  നിറഞ്ഞു തുടങ്ങിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വർഷമായിരുന്നത് കൊണ്ട്, വോട്ടഭ്യർത്ഥനയുടെ കൂടെ പൗരൻ എന്നും പൗരത്വം എന്നും ഒക്കെ സീസണൽ ആയും ഉപയോഗിക്കപ്പെട്ടു. എന്നാൽ കേന്ദ്രസർക്കാർ, CAB അഥവാ പൗരത്വ ഭേദഗതി ബില്ല് അവതരിപ്പിക്കുകയും, ലോകസഭയും രാജ്യസഭയും കടന്ന് അത് CAA അഥവാ പൗരത്വ ഭേദഗതി നിയമം ആവുകയും ചെയ്തതോടെയാണ് പൗരത്വം എന്ന വാക്കിന് അസാമാന്യമായ പ്രസക്തിയും അർത്ഥവും ഒക്കെ കൈവന്നത്. 

നമ്മുടെ വിഷയം ഈ വർഷത്തെ വാക്കിന്റെ തെരഞ്ഞെടുപ്പ് ആയതുകൊണ്ട്, CAA യിലേക്കൊന്നും പോകുന്നില്ല. എന്നാൽ ഈ വിഷയത്തിൽ നടന്ന ചർച്ചകളിലും എഴുത്തിലും ഒക്കെ പൗരത്വം എത്രയോ തവണ പ്രതിപാദിക്കപ്പെട്ടു! നമ്മിൽ മിക്കവരുടെയും സോഷ്യൽ മീഡിയ ടൈം ലൈനുകൾ പല ആഴ്ചകളായി പൗരത്വവിഷയങ്ങളിൽ കിടന്ന് അർമാദിക്കുകയായിരിക്കും. അങ്ങനെ, വല്ലപ്പോഴും മാത്രം പ്രൗഢിയോടെ പുറത്തിറങ്ങിയിരുന്ന 'പൗരത്വം', ഈ വർഷം തെരുവിലേക്കിറങ്ങി സാധാരണക്കാരുടെ ഇടയിൽ ഒരാളായി മാറിയിരിക്കുന്നു! ഈ വർഷത്തെ വാക്കായി തെരഞ്ഞെടുക്കാൻ പൗരത്വത്തിന് മറ്റൊരു എതിരാളിയില്ല എന്നാണ് എന്റെ അഭിപ്രായം.

അപ്പൊ, എല്ലാവർക്കും പുതുവത്സരാശംസകൾ!

ഇതോടൊപ്പം എന്റെ സുഹൃത്തുക്കളെ #vaakk2019 എന്ന ചലഞ്ചിലേക്ക് ഞാൻ ക്ഷണിക്കുകയാണ്. അപ്പോൾ പറയൂ, ഏതായിരുന്നു നിങ്ങളുടെ വാക്ക് ഓഫ് ദി വർഷം 2019?! എന്തായിരുന്നു അതിനുള്ള കാരണങ്ങൾ? 

Thursday, 28 February 2019

കല്യാൺ ആണോ ചുങ്കത്ത് ആണോ ശരി?!

#കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു

ആഭരണമേഖലയിലെ പരസ്യങ്ങളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണല്ലോ കല്യാൺ ജ്വല്ലേഴ്‌സിന്റെ 'വിശ്വാസം അതല്ലേ എല്ലാം' എന്ന സീരീസ്. കാമുകനൊപ്പം ഒളിച്ചോടാൻ വീടുവിട്ടിറങ്ങിയ മകൾ, അച്ഛനെ ഓർത്തു മടങ്ങി വരുന്നതാണ് ഈ സീരീസിലെ ആദ്യ പരസ്യം. അച്ഛൻ മകളെ സ്നേഹത്തോടെ പുണരുമ്പോൾ സ്‌ക്രീനിൽ ആ പ്രശസ്തമായ വരികൾ തെളിയുകയായി...

വിശ്വാസം... അതല്ലേ എല്ലാം!


സാധാരണ നിലയിൽ കേരളത്തിലെ അച്ഛനമ്മമാർ വിശ്വസിക്കുന്നത് എന്താണ്? വീട്ടിൽ സ്നേഹവും കരുതലും നൽകി വളർത്തുന്ന തന്റെ മകൾ അല്ലെങ്കിൽ മകൻ ഒരു പ്രേമത്തിൽ അകപ്പെടുകയില്ല എന്ന് തന്നെ. ഇനി പ്രേമിച്ചാൽ തന്നെ, ഒളിച്ചോടാനൊന്നും നിൽക്കാതെ, അച്ഛനമ്മമാരോട് മനസ്സ് തുറക്കും എന്ന് വിശ്വസിക്കുന്നവരും ഉണ്ടാകും. എന്റെ മകൾ/മകൻ ഒളിച്ചോടാൻ സാധ്യതയുണ്ട് എന്ന് വിശ്വസിക്കുന്നവരും കാണും. എന്നാൽ, ഒളിച്ചോടിയ മകൾ, വഴിക്ക് വെച്ച് ഓട്ടം നിർത്തി തിരിച്ചു വരും എന്ന് വിശ്വസിക്കുന്ന അച്ഛനമ്മമാർ ഈ ദുനിയാവിൽ ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല.

എന്നാൽ നമ്മടെ പരസ്യത്തിലോ? അച്ഛൻ തന്റെ മകളിലുള്ള വിശ്വാസം ശരിയായതോർത്ത് ധൃതംഗപുളകിതനാവുന്നു! ഇതാണ് ഈ വിശ്വാസത്തിന്റെ ഒരു കുഴപ്പം. ഒരു കാര്യം വിശ്വസിച്ചാൽ അത് ശരിയാണെന്ന് വരുത്തി തീർക്കാൻ നമ്മൾ ഏതറ്റം വരെയും പോകും. കാര്യങ്ങളെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കും. ഏറ്റവും എളുപ്പത്തിൽ മനസിലാകുന്ന ഒരു ഉദാഹരണം പറയാം. നമുക്ക്, മണ്ടത്തരമായി തോന്നുന്ന ഒരു ആചാരം അന്യമതസ്ഥൻ ആനക്കാര്യമായി വിളമ്പുന്നത് ശ്രദ്ധിച്ചിട്ടില്ലേ?!

വിശ്വാസ പരസ്യത്തിന് മറുപടിയെന്നോണം ചുങ്കത്ത് ജ്വല്ലേഴ്‌സ് കൊണ്ടുവന്ന പരസ്യമാണ് 'അനുഭവം അതാണ് സത്യം' എന്നത്. കൂടെ വരാം എന്ന് പറഞ്ഞ പെണ്ണ് വരാതായപ്പോൾ ചമ്മി നാറി വീട്ടിൽ കയറി വരുന്ന മകനെ അച്ഛൻ കെട്ടിപ്പിടിക്കുമ്പോൾ സ്‌ക്രീനിൽ... 'അനുഭവം, അതാണ് സത്യം'!


ഇവിടെ നമ്മടെ ചെറുക്കന് ഉണ്ടായ അനുഭവം എന്താണ്? ഒളിച്ചോടാൻ ഇറങ്ങിയ കാമുകി ഓട്ടം നിർത്തി റിവേഴ്‌സ് ഗിയർ ഇട്ട് വീട്ടിൽ പോയി. ഇതിൽ അടങ്ങിയിരിക്കുന്ന സത്യം എന്താണ്? പെണ്ണുങ്ങൾ എല്ലാം തേപ്പുകാരികൾ ആണെന്നോ? അതോ വീട്ടിൽ തിരിച്ചു വരുമ്പോൾ അച്ഛൻ കെട്ടിപ്പിടിച്ചു ഇമ്മാതിരി ഡയലോഗ് അടിക്കുമെന്നോ? ഇതിൽ ഏത് തന്നെയായാലും അത് അയാളുടെ വ്യക്തിപരമായ അനുഭവം മാത്രമാണ്. ഒരു കാര്യം സത്യമാണെന്നു സ്ഥാപിക്കാൻ തനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നത് ഒരു ന്യായവൈകല്യം ആണ്. എനിക്ക് പ്രേതാനുഭവം ഉള്ളത് കൊണ്ട് പ്രേതം ഉണ്ട് എന്ന് പറയുന്നത് പോലെ. മലയാളത്തിൽ ഇതിനെ അനക്ഡോട്ടൽ ഫാലസി എന്നും ഇംഗ്ലീഷിൽ Anecdotal Fallacy എന്നും പറയും 🙂 അതുകൊണ്ട്, അനുഭവങ്ങളെ സത്യത്തിന്റെ അടിസ്ഥാനം ആക്കാൻ പറ്റില്ല എന്ന് ചുരുക്കം. ഒരു കാര്യം സത്യമാണെന്നു സ്ഥാപിക്കാൻ ശാസ്ത്രീയമായ ചില രീതികളൊക്കെയുണ്ട്.

ഒരു കാര്യം നിരീക്ഷിച്ചാൽ നമുക്ക് ചില അനുമാനങ്ങളിൽ എത്തിച്ചേരാം. എന്നാൽ അത് ശരിയാണെന്നു തെളിയിക്കാൻ നിരന്തരമായ പരീക്ഷണങ്ങൾ നടത്തണം. അതിൽ നിന്ന് കിട്ടുന്ന ഫലങ്ങൾ വിശകലനം ചെയ്യണം. അവ നമ്മുടെ അനുമാനങ്ങളുമായി ഒത്തു പോയാൽ, ആ പഠനഫലം മികച്ച ശാസ്ത്ര ജേർണലുകളിലൂടെ നമുക്ക് ലോകത്തോട് പങ്കു വെക്കാം. തലയിൽ കിഡ്നിയുള്ള ഒരുപാട് പേര് അത് വായിക്കുകയും വിമർശിക്കുകയും തിരുത്തുകയും മെച്ചപ്പെടുത്തുകയും ഒക്കെ ചെയ്യും. അങ്ങനെയൊക്കെയാണ് ഒരു കാര്യം ശാസ്ത്രീയമായി തെളിയിക്കുന്നത്.

മുകളിലിരിക്കുന്ന പല്ലി നമ്മുടെ ദേഹത്ത് വീണശേഷം, ഓടുന്ന ദിശ നോക്കി ഒരാളുടെ ഭാവി പ്രവചിക്കുന്ന (കപട)ശാസ്ത്രമാണല്ലോ ഗൗളിശാസ്ത്രം. ഇത്തരം കാര്യങ്ങളാണ് വാട്സാപ്പിലെ കേശവൻ മാമന്മാർ മുതൽ ഇന്ത്യൻ സയൻസ് കോൺഗ്രസിൽ പ്രബന്ധം അവതരിപ്പിക്കുന്ന ശാസ്ത്രജ്ഞന്മാർ വരെ പ്രോത്സാഹിപ്പിക്കാറുള്ളത്. എന്നാൽ ആ പല്ലി വീണത് കാല് സ്ലിപ്പായതുകൊണ്ടാണെന്നും വീണു കഴിഞ്ഞു ഓടിയത് സ്വന്തം ജീവൻ രക്ഷിക്കാനാണെന്നും പരീക്ഷണനിരീക്ഷണങ്ങളിലൂടെ തിരിച്ചറിയുന്നതാണ് ശാസ്ത്രത്തിന്റെ ശരിയായ രീതി!




അപ്പൊ പറഞ്ഞു വന്നത് ഇതാണ്. വിശ്വാസമോ, കാലപ്പഴക്കമോ, അനുഭവസാക്ഷ്യങ്ങളോ അല്ല ഒരു കാര്യത്തിന്റെ ആധികാരികത നിർണയിക്കുന്നത്. ശാസ്ത്രത്തിന്, സാമാന്യബുദ്ധിക്ക് നിരക്കുന്നതും കൃത്യമായ നിർവചനം ഉള്ളതുമായ ചില രീതികൾ ഉണ്ട്. അത് പിന്തുടർന്ന് നമ്മുടെ അവകാശവാദം തെളിയിച്ചാൽ അത് ശാസ്ത്രീയമായിരിക്കും. അല്ലാതെ അവിടെയും ഇവിടെയും തൊടാതെ നിങ്ങൾക്ക് ഇപ്പോൾ ഭയങ്കര കാലക്കേട് ആണ് എന്ന് ജ്യോത്സ്യൻ പറയുന്ന ഉടായിപ്പ് പരിപാടി അല്ല ശാസ്ത്രം!





Saturday, 9 February 2019

അവസാനത്തിന്റെ ആരംഭം

ഓഫീസിൽ കുഴഞ്ഞു വീണായിരിക്കുമോ?
അല്ലെങ്കിൽ വണ്ടിയിടിച്ചോ?
തലയിൽ തേങ്ങാ വീണുമാവാം.
മരിച്ചു കഴിഞ്ഞ്,
അങ്ങനെയാണോ ഇങ്ങനെയാണോ
എന്ന് ചിന്തിച്ചിട്ട് എന്ത് കാര്യം?
എന്തായാലും ഒരു ദിവസം,
പെട്ടെന്ന് ഞാനങ്ങ് മരിച്ചു പോകും!


എന്നിട്ട്,
ഓഫീസിൽ പോകാനില്ലാതെ,
ബന്ധങ്ങളും ബാധ്യതകളുമില്ലാതെ,
തർക്കിക്കാനും ട്രോളാനും
പോസ്റ്റിടാനും ഇല്ലാതെ,
മരണത്തിന്റെ സുഖാലസ്യത്തിൽ കിടന്ന്
ഞാനോർക്കും.

മാറ്റിവച്ച
ചില കാര്യങ്ങളുണ്ടായിരുന്നുവല്ലോ?
എന്ന് വേണമെങ്കിലും
ചെയ്യാമെന്ന് കരുതിയവ.


ദൂരെ ദൂരെ...
മഞ്ഞു പെയ്യുന്ന മലമുകളിൽ പോയി
വെറുതെയിരിക്കണമെന്ന്.
വാങ്ങി വച്ച പുസ്തകങ്ങൾ
വായിച്ചു തീർക്കണമെന്ന്...
പിയാനോ വായിക്കാൻ പഠിക്കണമെന്ന്
പഴയ കൂട്ടുകാരുടെ വീട്ടിൽ
അപ്രതീക്ഷിതമായി കയറി ചെന്ന്
അവരെ ഞെട്ടിക്കണമെന്ന്!
ജിമ്മിൽ പോകണമെന്ന്
ഒരു പുസ്തകമെഴുതണമെന്ന്...!

അങ്ങനെ,
ചെയ്യാതെ മാറ്റിവച്ച
ഒരു നൂറുകൂട്ടം കാര്യങ്ങൾ...
എന്നു വേണമെങ്കിലും ചെയ്യാമെന്ന് കരുതി
ഒരിക്കലും ചെയ്യാതിരുന്നവ...

തെക്കേപ്പാടത്ത്,
മാത്തിരിയുടെ കണ്ടത്തിൽ വെച്ച്,
മൂളിപ്പറന്നു വന്ന പന്തിനെ
അവസാനമായി സിക്സർ പായിച്ചത്
എന്നായിരുന്നു?
അവസാനത്തിന്റെ ആരംഭം എന്നായിരുന്നുവെന്ന്
മരണത്തിന്റെ തണുപ്പിൽ
കോടിമുണ്ടും പുതച്ചു കിടന്ന്
ഞാനോർക്കും.
അതെന്റെ അവസാന സിക്സർ ആയിരുന്നെന്ന്
എന്തേ ഞാൻ അറിയാതെപോയി?!

എന്റെ മരണത്തിന്റെ
കൂട്ടനിലവിളികൾക്കിടയിലും
ജീവിതത്തിന്റെ ആകസ്മികതകളോർത്ത്
ഞാൻ പതിയേ ചിരിക്കും, ആരും കാണാതെ!


ഒടുവിലായി കണ്ണുപൊത്തിക്കളിച്ചത്
എന്നായിരുന്നു?
കശുമാവിൻ കൊമ്പുകളിൽ ഊഞ്ഞാലാടിയത്?
ഇടവപ്പാതിയിൽ,
കലിതുള്ളിയൊഴുകുന്ന കുറിഞ്ഞാലിത്തോട്ടിൽ
കുളിച്ചു തിമിർത്തത്!!!

പൂരപ്പറമ്പുകളിലും തീയറ്ററിലും
മൈതാനങ്ങളിലും തട്ടുകടയിലും
ചങ്ങാതിമാരോടൊപ്പം അവസാനമായി
ഒത്തുകൂടിയത് എന്നായിരുന്നു?

ഇതെല്ലാം
അവസാനമായി ചെയ്ത,
ചില ദിവസങ്ങളുണ്ടായിരുന്നു...
അറിയാതെ പോയ
അവസാനത്തിന്റെ ആരംഭങ്ങൾ!!!

പണ്ടെന്നോ,
അമ്മായിമാരുടെ മക്കളും
അയലത്തെ പിള്ളേരും ഒക്കെ ചേർന്ന്
കളിച്ചു പിരിഞ്ഞത്
അവസാനത്തേതാണെന്ന് അറിഞ്ഞില്ലല്ലോ എന്ന്
ഞാനത്ഭുതപ്പെടും!


മരിക്കുമ്പോഴെങ്കിലും,
നഷ്ടോൾജിയയും പൊക്കിപ്പിടിച്ച്
തലപെരുപ്പിക്കാതെ,
അടങ്ങിക്കിടന്നൂടേയെന്ന്
ഞാനെന്നോട് കയർക്കും!

ആ കിടപ്പിൽ ഞാനൊന്നു തിരിഞ്ഞു നോക്കും
ബാക്കിയാക്കിയതെന്തൊക്കെയാണ്?
കഥയാക്കി മാറ്റാൻ ഡയറിയിൽ കുറിച്ചിട്ട
ഒറ്റവരി ആശയങ്ങൾ...
പറയാൻ ബാക്കിവെച്ച ഇഷ്ടങ്ങൾ...
കറക്കിയിട്ടും കറക്കിയിട്ടും നേരെയാവാത്ത
റുബിക്സ് ക്യൂബ്...
സേവ് ചെയ്തിട്ടും പോസ്റ്റ് ചെയ്യാത്ത
ടിക്‌ടോക് വീഡിയോകൾ...
കഷ്ടം!

ആചാരവെടി കിട്ടിയില്ലെങ്കിലും
നാലാളോർക്കാൻ
നാല് നല്ലകാര്യങ്ങളൊന്നും ചെയ്തില്ലല്ലോ
എന്ന് ഞാൻ എന്നെ പുച്ഛിക്കും!
ചെലപ്പോ കൺകോണിൽ ഒരുതുള്ളി
കണ്ണീർ പൊടിയാനും മതി!
പ്രാരാബ്ധം തീർന്നിട്ട് നന്മ ചെയ്യാൻ
തീരുമാനിച്ചതിനിടയ്ക്ക്
മരണമെന്ന മാരണം വരുമെന്ന്
ആരറിഞ്ഞു?!

അങ്ങനെ,
അത്ഭുതപ്പെട്ടും തലപെരുപ്പിച്ചും
കയർത്തും കരഞ്ഞും
ചിരിച്ചും ചിന്തിച്ചും
ഞാൻ ജീവിതത്തെ
അവസാനമായി
തിരികെപ്പിടിക്കാൻ നോക്കും!
പിന്നെ,
മാർഗ്ഗമേതായാലും
ലക്ഷ്യം മരണമാണെന്ന തിരിച്ചറിവിൽ
ഞാനത് വേണ്ടെന്നു വയ്ക്കും!

ഒടുവിൽ,
മരണത്തിന്റെ കയ്യും പിടിച്ച്...
അതോ പോത്തിന്റെ ചുമലിലോ?
കയ്യിലിരുപ്പനുസരിച്ച്,
കയറിൽ കെട്ടിവലിച്ചും ആവാം!
എങ്ങനെയായാലും,
മാവിന്റെ വിറകുകൾക്കുള്ളിൽ
ദേഹത്തിന്
ചൂടുപിടിക്കുന്നതിനു മുൻപേ,
ഞാൻ ആ യാത്ര തുടങ്ങും...
അതായിരിക്കും
അവസാനത്തിന്റെ യഥാർത്ഥ ആരംഭം!