Tuesday, 22 December 2015

ഓക്സ്ഫോഡ്+സോഷ്യൽ മീഡിയ=അണ്ടകടാഹം!

മലയാളം ബ്ലോഗെഴുത്തുകാരെ കമന്റുകളിലൂടെ ഏറ്റവും അധികം പ്രോത്സാഹിപ്പിക്കുന്ന വ്യക്തി ആര് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ. അജിത്‌ കുമാർ. 'എന്ന് സ്വന്തം' എന്ന ബ്ലോഗിലൂടെ 'മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ?" എന്ന് നമ്മളെ ഓർമപ്പെടുത്തുന്ന അജിത്തേട്ടന്റെ ഈ പോസ്റ്റിലൂടെയാണ് മലയാളത്തിന്റെ ആധികാരിക ശബ്ദകോശമായ ശബ്ദതാരാവലിക്ക് ഒരു ഡിജിറ്റൽ പതിപ്പ് അണിയറയിൽ  തയ്യാറാവുന്ന വിവരം ഞാൻ ആദ്യമായി അറിയുന്നത്. പിന്നീട് മാതൃഭൂമി വാരാന്തപ്പതിപ്പിൽ, ഈ സംരംഭത്തിന് ചുക്കാൻ പിടിച്ച വിശ്വപ്രഭ എന്ന വിശ്വനാഥൻ പ്രഭാകരൻ സാറിനെയും അദ്ദേഹത്തിന്റെ പ്രയത്നങ്ങളെയും കുറിച്ച് വായിക്കാൻ ഇടയായി. ഭൂഗോളത്തിന്റെ പല കോണുകളിലും ഇരുന്ന് വിശ്വപ്രഭ സാറിന്റെ നേതൃത്വത്തിൽ ഈ വലിയ സംരംഭത്തിൽ പങ്കാളികളായ എല്ലാവരോടും ഓരോ ഭാഷാസ്നേഹിയും കടപ്പെട്ടിരിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. വർഷാവർഷം ഭാഷാപോഷണത്തിന് കോടികൾ പൊടിക്കുന്ന അധികാരവൃന്ദം ഇത്തരം നിസ്വാർത്ഥസേവനങ്ങളെ കണ്ടു പഠിക്കുന്നത് നന്നായിരിക്കും. ഫേസ്ബുക്കിലെ ഒരു സ്വകാര്യ കൂട്ടായ്മ മലയാളികൾക്ക് ഒരു വലിയ പദസഞ്ചയം തയ്യാറാക്കുമ്പോൾ മറ്റൊരിടത്ത് സോഷ്യൽ മീഡിയ, ഡിക്ഷണറി സങ്കൽപ്പത്തെ തന്നെ കീഴ്മേൽ മറിച്ചിരിക്കുന്നു. പക്ഷേ, സരിതയുടെ സാരിത്തുമ്പിലും ചാണ്ടിയുടെ സീഡിത്തുണ്ടിലും അഭിരമിക്കുന്നതിനിടയിൽ ആ ചെറിയ 'വലിയ' വാർത്ത പലരും അറിയാതെ പോയി. പ്രശസ്തമായ ഓക്സ്ഫോഡ് ഡിക്ഷണറിയുടെ 'WORD OF THE YEAR-2015' (ഈ വർഷത്തെ വാക്ക്)-നെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

 ഒരായിരം വാക്കുകൾക്ക് പറയാവുന്നതിലേറെ കാര്യങ്ങൾ ഒരു ചിത്രത്തിന് പറയാൻ കഴിയും എന്ന് നമ്മളെല്ലാം കേട്ടിട്ടുണ്ട്. എങ്കിലും ഒരു വാക്കിനെ ചിത്രമാക്കാനോ ഒരു ചിത്രത്തെ വാക്ക് ആക്കി മാറ്റാനോ ആർക്കും കഴിഞ്ഞിട്ടില്ല. വാക്ക് എന്നും വാക്കായും ചിത്രം എന്നും ചിത്രമായും തുടർന്നു പോന്നു. എന്നാൽ ഇനി മുതൽ അങ്ങനെയല്ല! ആംഗലേയ ഭാഷാലോകത്തെ അതികായരായ ഓക്സ്ഫോഡ്, ചരിത്രത്തിൽ ആദ്യമായി ഒരു ചിത്രത്തിന് വാക്കിന്റെ പദവി നൽകിയിരിക്കുന്നു.നമ്മൾ വാട്സാപ്പിലും ഫേസ്ബുക്കിലും ഒക്കെ പുട്ടിന് പീര പോലെ ചേർക്കുന്ന, സന്തോഷക്കണ്ണീർ പൊഴിക്കുന്ന ഇമോജിയാണ് 2015 ലെ വാക്കായി ഓക്സ്ഫോഡ് തെരഞ്ഞെടുത്തിരിക്കുന്നത് 😂😂😂!

ഈ തെരഞ്ഞെടുപ്പിന് പിന്നിലെ കാരണവും ഓക്സ്ഫോഡ് വ്യക്തമാക്കുന്നുണ്ട്. തൊണ്ണൂറുകൾ മുതൽ ഇമോജികൾ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും അവയുടെ ഉപയോഗത്തിൽ ഒരു കുതിച്ചു ചാട്ടം പ്രകടമായത് 2015ൽ ആണത്രേ. ഇമോജികളുടെ കൂട്ടത്തിൽ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഇമോജിയാണ് 😂. 2015 ന്റെ ആകെ മൊത്തത്തിലുള്ള അവസ്ഥ (ethos, mood and preoccupation ) ഈ ഇമോജിയിൽ  😂ൽ പ്രതിഫലിക്കുന്നുണ്ട് എന്ന് കൂടി ഓക്സ്ഫോഡ് കണ്ടെത്തിയിരിക്കുന്നു! മൊബൈൽ സാങ്കേതികതയുടെ വ്യാപാരത്തിൽ മുൻനിരക്കാരായ Swiftkey യുമായി ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ഗ്രാഫ് സഹിതമുള്ള വിശദമായ വിവരണം ഓക്സ്ഫോഡിന്റെ ഒഫിഷ്യൽ ബ്ലോഗിൽ വായിക്കാം

ആദ്യവായനയിൽ സന്തോഷവും കൗതുകവും ജനിപ്പിക്കുന്ന വാർത്തയാണെങ്കിലും വളരെ ഗൗരവമേറിയതും വലിയ മാനങ്ങൾ ഉള്ളതുമായ ഒരു തെരഞ്ഞെടുപ്പാണ് ഓക്സ്ഫോഡ് നടത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയുടെ സ്വാധീനം ഒരു പദകോശത്തിന്റെ  അടിസ്ഥാന സങ്കൽപ്പങ്ങളെ തന്നെ മാറ്റിയെഴുതിരിക്കുന്നു എന്നത് വിപ്ലവകരവും സമാനതകൾ ഇല്ലാത്തതുമാണ്. ഓക്സ്ഫോഡ് ഡിക്ഷണറിയുടെ  പുതിയ പതിപ്പിൽ ഈ ഇമോജി  😂 ഉൾപ്പെടുത്തുമോ? അക്ഷരമാലാ ക്രമത്തിൽ ചിരിച്ചു കൊണ്ട് കരയുന്ന ഈ 😂ന് എവിടെയാണ് സ്ഥാനം തുടങ്ങി നിരവധി സംശയങ്ങൾ പലയിടത്ത് നിന്നും ഉയരുന്നുണ്ട്. എന്തൊക്കെയായാലും ഈ തെരഞ്ഞെടുപ്പിലൂടെ ഭാഷാചരിത്രത്തിലെ  ഒരു പുതിയ അധ്യായത്തിനാണ് ഓക്സ്ഫോഡ് തുടക്കം കുറിച്ചിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. WORD OF THE YEAR പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്റിനു താഴെ വന്നിരിക്കുന്ന ഇരുന്നൂറിൽ പരം പ്രതികരണങ്ങൾ രസകരവും ഈ തെരഞ്ഞെടുപ്പിന്റെ വിവിധവശങ്ങൾ ചർച്ച ചെയ്യുന്നവയും കൂടിയാണ് കേട്ടോ. അതുപോലെ, വിവിധ ഇമോജികളെ കുറിച്ചുള്ള നമ്മുടെ അറിവ് പരിശോധിക്കുന്ന പ്രശ്നോത്തരിയും ഓക്സ്ഫോഡിന്റെ ബ്ലോഗ് പോസ്റ്റിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തായാലും ഈ തെരഞ്ഞെടുപ്പിലൂടെ ഒരു കാര്യം അനുമാനിക്കാം.ഒന്നുകിൽ മാറ്റത്തിന്റെ കാറ്റ് തിരിച്ചറിഞ്ഞ് അവർ മുമ്പേ പറന്നിരിക്കുന്നു അല്ലെങ്കിൽ അവർ സ്വന്തം ശവപ്പെട്ടിയിൽ ആണിയടിച്ചിരിക്കുന്നു എന്ന്. ഒരു രഹസ്യം കൂടി പങ്കുവെച്ച് കൊണ്ട് നിർത്താം.

വരും വർഷങ്ങളിൽ പെയിന്റിങ്ങും ഫോട്ടോസും ഒക്കെ വാക്കിന്റെ പദവി കയ്യടക്കിയേക്കാം. എന്ന് വെച്ചാൽ, ഉളുപ്പില്ലായ്മ എന്ന പദത്തിന്റെ സ്ഥാനത്ത് ഉമ്മൻ ചാണ്ടിയുടെ പടം വരുന്ന കാലം വിദൂരമല്ല എന്ന് ചുരുക്കം. അതുകൊണ്ട്, സ്വന്തം സൃഷ്ടികൾ അന്താരാഷ്‌ട്ര ഡിക്ഷണറികളിൽ പ്രത്യക്ഷപ്പെടണം എന്ന് ആഗ്രഹിക്കുന്നവർ ഇന്ന് തന്നെ അതിനുള്ള പ്രയത്നം തുടങ്ങിക്കൊള്ളൂ എന്ന് മാത്രമേ പറയാനുള്ളൂ. ഞാൻ ഓൾറെഡി തുടങ്ങി കേട്ടോ. അതെ, ഞാനൊരു സാഹിത്യകാരനും ഫോട്ടോഗ്രാഫറും മാത്രമല്ല ഒരു ചിത്രകാരനും കൂടിയാണ് എന്ന ഞെട്ടിക്കുന്ന സത്യം ഇവിടെ വെളിപ്പെടുത്താൻ ആഗ്രഹിക്കുകയാണ്. അതിന്റെ തെളിവാണ് താഴെ കൊടുത്തിരിക്കുന്നത്. ചിത്രത്തിന്റെ പേര് - അണ്ടകടാഹം വേർഷൻ 2. (ആദ്യത്തെ അണ്ടകടാഹം, 'മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു' എന്ന സിനിമയിൽ മുകേഷേട്ടൻ വരച്ചിട്ടുണ്ട്.)


ആസ്വാദനം എളുപ്പമാക്കുന്നതിനു വേണ്ടി ചില ബിംബങ്ങളെ വിശദീകരിക്കാം.
 • ചതുരത്തിലുള്ള പരമ്പരാഗത ഫ്രെയിം സങ്കൽപ്പങ്ങളെ പാടേ നിരാകരിക്കുന്ന ഈ ചിത്രം വലതു ഭാഗത്ത് മുകളിലായി അതിരുകൾ ഭേദിക്കുന്നു. അതായത് അദ്വൈതത്തിന്റെ പ്രതീകവൽക്കരണം. 
 • വിവിധ വർണങ്ങൾ സമ്മേളിക്കുന്ന പശ്ചാത്തലം മാക്രോസ്കോപിക് ലെവലിൽ ഈ പ്രപഞ്ചത്തെയും ചക്രവാളങ്ങളെയും സൂചിപ്പിക്കുന്നു. മൈക്രോസ്കോപിക് തലത്തിൽ ആ വർണസങ്കലനങ്ങൾ  ആന്തരികചോദനകളുടെ ബഹിർസ്ഫുരണമായി പരിണമിക്കുന്നു.
 • ഒന്ന് നേരെയും മറ്റേത് ചരിഞ്ഞും ഇരിക്കുന്ന രണ്ടു കണ്ണുകൾ കണ്ടില്ലേ? അത്, വ്യത്യസ്ത വീക്ഷണകോണുകളെ പ്രോത്സാഹിപ്പിക്കുന്നു. അതായത് സഹിഷ്ണുത. മനസ്സിലാവുന്നുണ്ടല്ലോ അല്ലേ?! 
 • കണ്ണിനെ സീഡിയായും മൂക്കിനെ സോളാർ കമ്മീഷനായും സങ്കല്പ്പിച്ചാൽ ചിത്രം ആനുകാലിക കേരളത്തിനു നേരെ പിടിച്ച കണ്ണാടിയാവുന്നു. അങ്ങനെ വരുമ്പോൾ ആ പുഞ്ചിരിക്കുന്ന ചുണ്ടുകൾ നാണംകെട്ട മാധ്യമങ്ങളുടെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? 
കൂടുതൽ വിശദീകരിച്ചാൽ നിങ്ങളുടെ ആസ്വാദനത്തെ അത് ബാധിക്കും. ഇത്രയും പറഞ്ഞതിലൂടെ തന്നെ എന്റെ ചിത്രരചനാപാടവത്തെ കുറിച്ച് എല്ലാവർക്കും ഏകദേശം മനസ്സിലായി എന്ന് കരുതുന്നു. ഈ ചിത്രത്തിൽ അവിടവിടെയായി ഒളിപ്പിച്ചു വെച്ചിരിക്കുന്ന അതിജീവനം, ആഗോളതാപനം, അഭയാർത്ഥി പ്രശ്നം, അഴിമതി, സദാചാരം തുടങ്ങിയ വിഷയങ്ങൾ നിങ്ങൾ കണ്ടെത്തും എന്ന് പ്രതീക്ഷിക്കുന്നു. ഈ ചിത്രത്തിന്റെ ആത്മാവിനെ സ്വാംശീകരിക്കാൻ കഴിയാത്ത പലരും ഞാൻ ചിത്രകലയെ മാനഭംഗം ചെയ്തു എന്നൊക്കെ ആക്ഷേപിക്കാൻ ഇടയുണ്ട്. സത്യത്തിൽ, ചീന്തിയെറിയപ്പെടുന്ന വ്രണിതഹൃദയങ്ങളുടെ നഗ്നമായ ആവിഷ്കാരം കൂടിയാണ് ഇത് എന്ന് മനസിലാക്കുക. അതോടൊപ്പം, പ്രതീക്ഷയുടെ വർണം നിരാശയുടെ ഇടയിൽ നിന്ന് എത്തിനോക്കുന്നത് എല്ലാവരും ശ്രദ്ധിക്കുമല്ലോ?

ഏവർക്കും അണ്ടകടാഹം പോലെ അർത്ഥപൂർണവും വർണാഭവുമായ പുതുവർഷം നേരുന്നു. നന്ദി.😂😂😂


14 comments:

 1. ഈ അണ്ടകടാഹത്തിന്റെ ഉത്ഭവം നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്ക് കിട്ടി.!!!

  ReplyDelete
  Replies
  1. ഈ അണ്ടകടാഹം വരയ്ക്കാൻ എന്നെ പ്രേരിപ്പിച്ചത് രാഹുലും അനൂപും ആണെന്ന സത്യം ഈ ലോകത്തോട് വിളിച്ചു പറയാൻ ഞാൻ ആഗ്രഹിക്കുകയാണ് :)

   Delete
 2. This comment has been removed by the author.

  ReplyDelete
 3. ഈ അണ്ഡകടാഹത്തിൽ എവിടെയാണ് കൊച്ചു ഗോവിന്ദൻ കുറെ നാളായി ഒളിച്ചിരുന്നത്‌? താഴെ ആ വലതു മൂലയ്ക്കുള്ള എലി ഗോവിന്ദൻ ആണെന്ന് മനസ്സിലായി. ഓക്സ്‌ ഫെഡ് ലേയ്ക്ക് റെക്കമെൻഡഷൻ വേണമെങ്കിൽ പറയാൻ മടിക്കണ്ട.

  ReplyDelete
  Replies
  1. ഇവിടെയൊക്കെ തന്നെ ഉണ്ട് ബിപിൻ സർ. റെക്കമെന്റ് ചെയ്യാനുള്ള സന്മനസിന് നന്ദി :)

   Delete
 4. മലയാള സൈബർ ലോകത്ത് ആദ്യമാ‍യി
  ബൂലോകത്ത് ഒരു പോസ്റ്റിട്ട പോൾ ഭായ്, യൂണി: ഫോണ്ട്
  കണ്ടുപിടിച്ച സിജോ മുതലായവരെ പോലെ തന്നെ , അന്നത്തെ
  പ്രശസ്തനായിരുന്ന നമ്മുടെ നാട്ടുകാരനായ വിശ്വൻ ഭായിയേയും നാം നമിക്കണം ....

  മലയാളം വിക്കി പീഡിയയടക്കം
  മലയാള ഭാഷാ രംഗത്ത് അദ്ദേഹവും കൂട്ടരും
  നടത്തികൊണ്ടിരിക്കുന്ന ശ്രമങ്ങളെ തീർച്ചയായും നാം ആദരിക്കേണ്ടതുണ്ട്...

  ആ‍ വിശ്വപ്രഭയുടെ പ്രഭയാൽ മലയാളം
  ഇന്ന് ലോകഭാഷകൾക്കൊപ്പം പ്രഭയുയർത്തി നിൽക്കുകയാണിപ്പോൾ...!

  പിന്നെ
  ആ അണ്ടകടാഹ ചിത്രത്തിലൂടെ നടത്തിയ
  ആക്ഷേപഹാസ്യത്താൽ ഇന്നത്തെ നമ്മുടെ അവസ്ഥയെ ശരിക്കും വരച്ചുകാട്ടിയിരിക്കുന്നു...!

  അതെ, ‘കൊച്ചു‘ വെറുമൊരു സാഹിത്യകാരനും ഫോട്ടോഗ്രാഫറും മാത്രമല്ല
  ഒരു ചിത്രകാരനും കൂടിയാണ് എന്ന ഞെട്ടിക്കുന്ന സത്യം ഇവിടെ വെളിപ്പെടുത്തിയിരിക്കുന്നു...!

  അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

  ReplyDelete
  Replies
  1. നന്ദി, മുരളിയേട്ടാ. ഇങ്ങനെ പ്രോത്സാഹിപ്പിച്ചാൽ ഞാൻ ഒരു ഇന്റർസ്റ്റെല്ലാർ കൂടി വരയ്ക്കും കേട്ടോ!

   Delete
 5. അജിത്‌ ഭായിയുടെ ശബ്ദതാരാവലിയെക്കുറിച്ചുള്ള പോസ്റ്റ്‌ വായിച്ചിരുന്നു. അദ്ദേഹത്തിന്റെയും, കൂട്ടാളികളുടെയും ആ ഉദ്യമം വളരെ അധികം പ്രശംസ അർഹിക്കുന്നു.
  പിന്നെ ഗോവിന്ദന്റെ സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള വീക്ഷണം കൊള്ളാം. ചിത്രം?? അങ്ങനെ ഒരു ചിത്രകാരനാണെന്നു കൂടി തെളിയിച്ചിരിക്കയാണ് അല്ലെ? ആശംസകൾ.

  ReplyDelete
  Replies
  1. 'ചിത്രം??'- ആ ചോദ്യ ചിന്ഹങ്ങൾ എന്തിനാണാവോ?! ഓ, ഒരുപക്ഷേ, ഈ അണ്ടകടാഹം ഒരു ചിത്രം എന്നതിനപ്പുറം ഒരു കവിതയും കൂടിയാണ് എന്നായിരിക്കും ഉദേശിച്ചത് അല്ലേ? :P
   നന്ദി, ഗീത ചേച്ചി.

   Delete

 6. ശബ്ദതാരാവലി ഡിജിറ്റൽ പതിപ്പ് , ഓക്സ്ഫോഡ് ഡിക്ഷണറി 'WORD OF THE YEAR-2015', അണ്ടകടാഹം വേർഷൻ 2..... മൂന്നു വത്യസ്തമായ വിഷയങ്ങൾ കൊണ്ട് ഈ കേഡിക്കാഴ്ച ഗംഭീരം ആയി .. എന്റെ ആശംസകൾ.

  ഈ ഒരൊറ്റ ചിത്രത്തോടെ ലോകത്തിലെ വലിയ ചിത്രകാരന്മാരുടെ നിരയിലേക്ക് നാളെ ഒരിക്കൽ ഈ കേഡിയും ഉയരും എന്ന പരമ സത്യം ഞാൻ ഇവിടെ പ്രവചിക്കട്ടെ .... :)

  ReplyDelete
  Replies
  1. നന്ദി, ഷഹീം ഭായ്.
   ആ പ്രവചനം എനിക്ക് ഇഷ്ടപ്പെട്ടു കേട്ടോ! നേരിൽ കാണുമ്പോൾ ഞാൻ ഒരു ദുബായ് ഷേക്ക്‌ സോറി, ഷാർജാ ഷേക്ക്‌ വാങ്ങി തരുന്നതായിരിക്കും.

   Delete
 7. ഹെന്‍റമ്മോ... ഒന്നൊന്നര ചിത്രം തന്നെ.!!!
  നമിച്ചാശാനേ... നമിച്ചു.!!! ;-)

  ReplyDelete
  Replies
  1. ഈ പോസ്റ്റ് വായിച്ചപ്പോള്‍ ആ ഇമോജിയുടെ അവസ്ഥയിൽ ആണ് ഞാൻ...
   ചിരിച്ച് ചിരിച്ച് കണ്ണില്‍ നിന്നും വെള്ളം വന്നൂ.....!,

   Delete
 8. കൊച്ചുഗോവിന്ദൻ ഒരു സംഭവം തന്നെ.


  അല്ലാ ഞാനാദ്യം ഇട്ട കമന്റെവിടെ??

  ReplyDelete