Showing posts with label Politics. Show all posts
Showing posts with label Politics. Show all posts

Monday, 2 February 2015

അർദ്ധരാത്രിയിൽ ഭാവനയും ഞാനും കൂടി.... ഹോ! ഹോ!

ആദ്യ ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്കുക.
അവസാന ഭാഗം വായിക്കാൻ എവിടെയും ക്ലിക്കണ്ട. തുടർന്ന് വായിച്ചാൽ മതി!
"ഇങ്ക്വിലാബ് സിന്ദാബാദ്!"
"ഇങ്ക്വിലാബ് സിന്ദാബാദ്!"
അങ്ങനെ ആകെ മൊത്തം ടോട്ടൽ ആയി പറഞ്ഞാൽ സംഗതി കേറിയങ്ങ് ഉഷാറായി. മുസ്ലിം ലീഗ് വിദ്യാഭ്യാസം കയ്യടക്കി വച്ചിരിക്കുന്ന സമയത്ത് ഇങ്ങനെയൊരു അനാസ്ഥ ആരെങ്കിലും സഹിക്കുമോ? പടച്ചോനേ, അതും മലപ്പുറത്ത്‌ വച്ച്! പോരേ പൂരം! വഴിയിലൂടെ നടന്നു പോയവർ നടത്തമൊക്കെ മതിയാക്കി സമരക്കാരുടെ കൂടെ കൂടി. വണ്ടിയോടിച്ചു പോയവർ ഓട്ടം ഒക്കെ മതിയാക്കി പിന്നേം സമരക്കാരുടെ കൂടെ കൂടി. അധികൃതരുടെ അനാസ്ഥ മൂലം കുറേ പാവങ്ങൾ തങ്ങളുടെ നാട്ടിൽ വന്ന് വെള്ളവും വെളിച്ചവും ഇല്ലാതെ കഷ്ടപ്പെടുന്നത് ആർക്കെങ്കിലും സഹിക്കുമോ?പിന്നാലെ മറ്റു പാർട്ടിക്കാരും ലോക്കൽ ജനപ്രതിനിധികളും എത്തി.  എവിടുന്നോ കുറച്ച് പോലീസും എത്തി. ചുരുക്കി പറഞ്ഞാ ഒരു പത്തര ആയപ്പോഴേക്കും സ്ഥലം സംഘർഷഭരിതമായി. വൈകാതെ ആ സമരത്തിന്റെ കേന്ദ്രബിന്ദു തന്നെ ഞങ്ങൾ ആയിത്തീർന്നു. എല്ലാവരും കൂടി ഞങ്ങളെ റോഡിൽ നിരത്തിയിരുത്തി. എല്ലാവർക്കും യുവജനോത്സവത്തിന്റെ ഓരോ നോട്ടീസും തന്നു. എന്നിട്ട് മുന്നിൽ ഓരോ മെഴുകുതിരിയും കത്തിച്ചു വച്ച് പറഞ്ഞു. "തുടങ്ങിക്കോ കവിതയെഴുത്ത്!" കണ്ണുകളിൽ കൗതുകം നിറച്ച് ഞങ്ങൾ ഇരുന്നു. ഭയവും അനിശ്ചിതത്വവും നിറഞ്ഞ മുഖങ്ങളോടെ രക്ഷിതാക്കളും അധ്യാപകരും നിന്നു. ചുറ്റും പ്രതിഷേധം മുദ്രാവാക്യങ്ങളായി അലയടിച്ചു.
"ഇങ്ക്വിലാബ് സിന്ദാബാദ്!"
"ഇങ്ക്വിലാബ് സിന്ദാബാദ്!"

ഞാൻ പങ്കെടുത്ത ആദ്യത്തെ സമരം. റോഡ്‌ ഉപരോധം! അതും കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രതിഭാധനരായ വിദ്യാർത്ഥികളോടൊപ്പം. സംസ്ഥാന യുവജനോത്സവത്തിന്റെ സംഘാടകർക്കെതിരെ. ചുരുക്കി പറഞ്ഞാ സംസ്ഥാന സർക്കാരിനെതിരെ. പരിചയമില്ലാത്ത സ്ഥലം. പരിചയമില്ലാത്ത ആളുകൾ. അവരെല്ലാം ഉറക്കം കളഞ്ഞ് മുദ്രാവാക്യം വിളിക്കുന്നത് ഞങ്ങൾക്ക് വേണ്ടി. ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത് എത്ര ശരി. "ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങൾക്കായി എപ്പോഴും കാത്തു വക്കുന്നു." അന്ന് ഞാൻ മറ്റൊരു പാഠം കൂടി പഠിച്ചു. നീതി നിഷേധം നടക്കുന്നിടത്ത് അതിനെതിരായ ശബ്ദവും സ്വാഭാവികമായി ഉയർന്നു വരും. അവിടെ ഒരു സമരം സംഘടിപ്പിക്കാനോ വിജയിപ്പിക്കാനോ ഒരു ഇവെന്റ്റ് മാനെജ്മെന്റ് സ്ഥാപനത്തിന്റെയും സഹായം ആവശ്യമില്ല.

അന്ന് കേരളത്തിലെ ആദ്യ സമ്പൂർണ വാർത്താ ചാനലായ ഇന്ത്യാ വിഷന് ഏതാനും മാസങ്ങൾ മാത്രമാണ് പ്രായം. മറ്റ് വാർത്താ ചാനലുകളുടെ ജനനത്തെ കുറിച്ച് അവയുടെ അച്ഛനമ്മമാർ ഐ മീൻ മുതലാളിമാർ ഡിസ്കഷൻ തുടങ്ങിയിട്ട് പോലുമില്ല. പത്രങ്ങൾ എല്ലാം അഞ്ചാറു കിലോമീറ്റർ അകലെ മുഖ്യ വേദിയിലും. അതുകൊണ്ട് ആ സംഭവത്തിന്‌ മീഡിയ കവറേജ് കിട്ടിയില്ല. പക്ഷേ മാധ്യമ വെട്ടുകിളികളുടെ ശല്യമില്ലാതെ സമാധാനമായി സമരം ചെയ്യാൻ പറ്റി. ഇന്നാണെങ്കിൽ പതിനെട്ട് ചാനലുകളും കൂടി പതിനാലു പിള്ളേരെ ഭാഗം വച്ച് ഇന്റർവ്യൂ നടത്തി കൊന്നേനെ!

മിനിറ്റുകൾക്കകം സൈറണ്‍ മുഴക്കിക്കൊണ്ട് ഒന്നു രണ്ടു പോലീസ് ജീപ്പും ബീക്കണ്‍ ലൈറ്റ് തെളിച്ചു രണ്ടു കാറുകളും വന്നു നിന്നു. സമരക്കാർ കാറുകളെ വളഞ്ഞു. പോലീസ് സമരക്കാരെ നിയന്ത്രിക്കാൻ പാടുപെട്ടു. ഞങ്ങൾ പ്രതീകാത്മക കവിതയെഴുത്തൊക്കെ നിർത്തി സുരേഷ് ഗോപിയുടെ സിനിമ കാണുന്നത് പോലെ വായും പൊളിച്ചു നിന്നു! സംസ്ഥാന സ്കൂൾ യുവജനോത്സവം വലിയ സംഭവമാണെന്ന് പത്രത്തിൽ വായിച്ചിട്ടുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ. ഇത്ര സംഭവ ബഹുലമാണെന്ന് നോം സ്വപ്നേപി നിരീച്ചില്യ! കാറിൽ നിന്ന് ദാ ഇറങ്ങി വരുന്നു വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ്‌ ബഷീർ. കൂടെ മലപ്പുറം ജില്ലാ കലക്ടർ. പിന്നെ ഖദറിട്ടതും ഇടാത്തതും ആയ ചിലരും. ആനന്ദലബ്ധിക്കിനിയെന്തു വേണം?! കുമ്പിട്ടും ക്യൂ നിന്നും മടുത്തിട്ടും പലപ്പോഴും സാധാരണക്കാർക്ക് അപ്രാപ്യരായ മന്ത്രിയും കലക്ടറുമൊക്കെ ഇതാ ഞങ്ങളെ അന്വേഷിച്ച് ഇങ്ങോട്ട് വന്നിരിക്കുന്നു. അദ്ധ്യാപകരുമായും രക്ഷിതാക്കളുമായും  സമരക്കാരുമായും നടുറോഡിൽ നിന്ന് ചർച്ച നടത്തുന്നു. ക്ഷമ ചോദിക്കുന്നു. ഫോണ്‍ വിളിക്കുന്നു. ഞങ്ങളെ സംബന്ധിച്ച എല്ലാ പ്രശ്നങ്ങൾക്കും നിന്ന നിൽപിൽ പരിഹാരം ഉണ്ടാക്കുന്നു. ഒരു ജനപ്രതിനിധിയുടെ നയതന്ത്രം അന്നാദ്യമായി ഞാൻ നേരിൽ കണ്ടു. മത്സരം ഭംഗിയായി നടത്തി, ഓരോ കുട്ടിയേയും സുരക്ഷിതരായി വീട്ടിലെത്തിച്ചിട്ടേ തനിക്കിനി മറ്റെന്തും ഉള്ളൂ എന്ന് വരെ അദ്ദേഹം പറഞ്ഞു കളഞ്ഞു. അങ്ങനെ സമരക്കാരും ഹാപ്പി. മന്ത്രിയും ഹാപ്പി. പിള്ളേരും ഹാപ്പി. പിന്നെയെല്ലാം ചടപടെ ചടപടെ എന്നായിരുന്നു. ഒരു ലൈൻ ബസ്‌ ഞങ്ങൾക്കായി ചാർടർ ചെയ്തു വരുത്തി. ഞങ്ങളോടൊപ്പം മന്ത്രിയും കളക്ടറും ഒക്കെ ബസിൽ കയറി യാത്രയായി. ഇന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു. ഏതെങ്കിലും ഒരു മന്ത്രി ജില്ലാ കലക്ടറോടൊപ്പം രാത്രി പതിനൊന്നു മണിക്ക് ഒരു ചാർട്ടേഡ് ലൈൻ ബസ്സിൽ യാത്ര ചെയ്തിട്ടുണ്ടാകുമോ? അതും സാധാരണക്കാരുടെ കൂടെ?

ഈ വി.ഐ.പി പരിഗണന എന്നത് അനുഭവിച്ചു തന്നെ അറിയണം കേട്ടോ. ബസ്സിൽ നിന്നിറങ്ങി പോലിസ് സംരക്ഷണത്തിൽ നേരെ യുവജനോത്സവത്തിന്റെ  ഭക്ഷണശാലയിലേക്ക്. ടോക്കണ്‍ ഉള്ളവർക്ക് മാത്രം വരി നിന്ന് കയറാവുന്ന സംവിധാനമാണ് എല്ലാ ഭക്ഷണ ശാലയിലും നടപ്പാക്കുന്നത്. പക്ഷേ, അന്ന് ഞങ്ങളുടെ വരവും പ്രതീക്ഷിച്ച് ഭക്ഷണം ഒരുക്കി അധികൃതർ കാത്തു നിൽക്കുകയായിരുന്നു. ഇതാണ് മന്ത്രിയുമായും കലക്ടറുമായും ഒക്കെ ബന്ധം സ്ഥാപിച്ചാൽ ഉള്ള ഗുണം! ഞങ്ങളോടൊപ്പം ഊണ് കഴിക്കാനും മത്സരങ്ങൾക്ക് വേണ്ട ഒരുക്കങ്ങൾ നടത്താനും ശ്രീ. ഇ.ടി.മുഹമ്മദ്‌ ബഷീർ സന്മനസ്സ് കാണിച്ചു എന്ന് പ്രത്യേകം പറയട്ടെ. ഒടുവിൽ എല്ലാവരും കൂടി ഞങ്ങൾ കുട്ടികളെ കാറ്റും വെളിച്ചവും ഉള്ള ഒരു ക്ലാസ് മുറിയിൽ കൊണ്ട് പോയി ഇരുത്തി. രേഖകൾ പരിശോധിച്ചു. എഴുതാനുള്ള വെള്ളക്കടലാസ് തന്നു. ബോർഡിൽ വിഷയം എഴുതി.

"സർവം ന സഹതേ ധരാ"

ഞാൻ വാച്ചിൽ നോക്കി. സമയം അർദ്ധരാത്രി പന്ത്രണ്ട് മണി!
പ്രധാനവേദിയിൽ  നിന്നും മോഹിനിയാട്ട മത്സരത്തിന്റെ പക്കമേളം കേൾക്കാനുണ്ട്. ആ അസമയത്ത് ഉറക്കമൊഴിച്ച് മത്സരിക്കുന്നത് ഞങ്ങൾ മാത്രമല്ല എന്നെനിക്ക് മനസ്സിലായി. എന്നാലും കാണാതെ പഠിച്ച് അവതരിപ്പിക്കുന്ന മറ്റ് മത്സരയിനങ്ങൾ പോലെയാണോ ചിന്താശേഷിയുടെ ചിറകിലേറി ഭാവനയുടെ ചക്രവാളങ്ങൾ തേടുന്ന കവിതാ രചന?! ഞാൻ വീണ്ടും ബോർഡിലേക്ക് നോക്കി.

"സർവം ന സഹതേ ധരാ"   -   "ഭൂമിയോട് ചെയ്യുന്നതെല്ലാം ക്ഷമിച്ചു എന്ന് വരില്ല"

സുനാമി ദുരന്തം കഴിഞ്ഞ് അന്നേക്ക് 11 ദിവസം. ഇതിനേക്കാൾ കാലികപ്രസക്തമായ വിഷയം മറ്റെന്താണുള്ളത്. സർവംസഹയായ ഭൂമിക്ക് പോലും ചില നേരത്ത് സഹിക്കാൻ കഴിഞ്ഞെന്നു വരില്ല എന്ന ഓർമ്മപ്പെടുത്തൽ.

കുറെയേറെ നടന്നതിന്റെ തളർച്ചയോ സമയം വൈകിയതിന്റെ ക്ഷീണമോ
ഒന്നും അല്ല, വല്ലാത്ത ഒരു ഊർജമാണ് എനിക്ക് അപ്പോൾ അനുഭവപ്പെട്ടത്. പുറത്ത് പ്രാർഥനയോടെ കാത്തു നിൽക്കുന്ന അമ്മയെയും അക്ഷര ലോകത്തേക്ക് കൈ പിടിച്ചു നടത്തിയ അധ്യാപകരെയും ഒക്കെ മനസ്സിൽ ധ്യാനിച്ച്‌ ഒരു കാച്ചങ്ങട് കാച്ചി! എല്ലാവരും സുനാമിയെ കൊന്നു കൊലവിളിക്കും എന്ന സാധ്യത മുന്നിൽ കണ്ട്, ആഗോളതാപനം, വനനശീകരണം തുടങ്ങിയ മനുഷ്യന്റെ ഉടായിപ്പ് പരിപാടികളെ നിശിതമായി വിമർശിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു എന്നത് മാത്രമാണ് ഞാൻ കഷ്ടപ്പെട്ട് ചെയ്ത ഒരേയൊരു കാര്യം. പിന്നെ, ഭൂമിയുടെ ക്ഷമയ്ക്കും ഒരതിരുണ്ട്. അത് കഴിഞ്ഞാൽ പ്രതികരണങ്ങൾ ഭയാനകമായിരിക്കും എന്നൊരു മുന്നറിയിപ്പും. അങ്ങനെ ഭാവനയുമായി ഞാൻ മൽപ്പിടുത്തം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അവൻ വന്നത്! ആര്? ജോസ് പ്രകാശിന്റെ കയ്യിൽ നിന്നും സീമയെ രക്ഷിക്കാൻ വന്ന ജയനെ പോലെ എന്റെ കയ്യിൽ നിന്നും ഭാവനയെ രക്ഷിക്കാൻ അവൻ വന്നു. ഉറക്കം!!! മന്ത്രിയുമായുള്ള സമരത്തിൽ ജയിച്ചെങ്കിലും ഉറക്കവുമായുള്ള ആ സംഘട്ടനത്തിൽ ഞാൻ തോറ്റു. ഉറക്കം എന്റെ ഭാവനയെ ബൈക്കിനു പിന്നിൽ ഇരുത്തി ദൂരേക്ക് കൊണ്ട് പോയത് ഞാൻ നിസ്സഹായനായി നോക്കി നിന്നു. സമയം ഒരു മണി. ഇനിയൊരു വരി എഴുതാൻ പോയിട്ട് ഉണർന്നിരിക്കാൻ പോലും വയ്യാത്ത വിധം ഞാൻ തളർന്നു. എഴുതാൻ രണ്ടു മണി വരെ സമയമുണ്ട്. സഹകവികൾ തകർത്ത് എഴുതുന്നുമുണ്ട്. പക്ഷേ ഭാവനയില്ലാത്ത ഒരു ലോകം എന്റെ കവി മനസ്സിന് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. അതുകൊണ്ട് സംഭവ ബഹുലമായ ആ ഉദ്യമത്തിന് തിരശീലയിട്ടു ഞാൻ എഴുന്നേറ്റു. കവിത ക്ലാസിലെ അധ്യാപകനെ ഏൽപ്പിച്ചു. എന്നിട്ട് ജീവിതത്തിന്റെ ആകസ്മികതകൾ ഓർത്ത് ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു...

 ശുഭം!

                                                                      *************************

"അതെന്ത് പരിപാടിയാ ആശാനേ? ഇത്രേം സംഭവ ബഹുലമായ ഒരു മത്സരം കഴിഞ്ഞിട്ട് റിസൾട്ട് പറയാതെ പോവാണോ?"

"അത് ന്യായമായ ചോദ്യം. എന്നാ പിന്നെ പറഞ്ഞേക്കാം."

                                                                      *************************

പിറ്റേന്ന് മത്സരഫലങ്ങൾ രേഖപ്പെടുത്തുന്ന വലിയ ബോർഡിൽ സംസ്കൃതം കവിതാ രചനയ്ക്ക് നേരെ ഇങ്ങനെ എഴുതപ്പെട്ടു.
ഒന്നാം സ്ഥാനം എ ഗ്രേഡ് - കൊച്ചു ഗോവിന്ദൻ.


ഇപ്പൊ ശരിക്കും ശുഭം!

Thursday, 15 January 2015

അർദ്ധരാത്രിയിൽ ഭാവനയും ഞാനും കൂടി.... ഹോ!


കോഴിക്കോടിന്റെ മണ്ണിൽ ഇന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിയുകയാണ്. കൃത്യം പത്തു വർഷം മുമ്പ് ഒരു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വച്ച് എനിക്കുണ്ടായ ഒരു അസാധാരണമായ അനുഭവമാണ് ഇത്.

                                                          ****************************

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ഘോഷയാത്ര കണ്ടിട്ടുണ്ടോ? കാണേണ്ട കാഴ്ചയാണ്. കുറെ വർഷങ്ങൾക്കിടയ്ക്ക് ഒരിക്കൽ, സ്വന്തം ജില്ലയിലേക്ക് വിരുന്നെത്തുന്ന കൗമാര കേരളത്തെ, ആ ജില്ലക്കാർ ഹൃദയപൂർവം സ്വീകരിക്കുന്ന കാഴ്ച. ഏഷ്യയിലെ ഏറ്റവും വലിയ കലാസംഗമത്തെ ഏറ്റവും മനോഹരമാക്കാൻ ഒരു നാട് മുഴുവൻ കൈ കോർക്കുന്ന നിമിഷങ്ങൾ...കലയും സാഹിത്യവും വർണങ്ങളും സ്വപ്നങ്ങളും നിറയുന്ന ഏഴു പകലിരവുകൾക്ക്, ആ ഘോഷയാത്രയോടെയാണ് തുടക്കമാവുന്നത്. പ്രധാനവേദിയിൽ നിന്നും കിലോമീറ്ററുകൾ ദൂരെയായിരിക്കും തുടക്കം. അവിടുന്ന് നിരനിരയായി കാഴ്ചകളുടെ ഒരു ഒഴുക്കാണ്... ആശംസകൾ അർപ്പിച്ചു കൊണ്ട് ആയിരക്കണക്കിന് സ്കൂൾ കുട്ടികൾ. അതുതന്നെ വിശേഷപ്പെട്ട കാഴ്ചയാണ്.  ഓരോ സ്കൂളുകളും ഒന്നിനൊന്നു മികച്ച രീതിയിലാണ് കുട്ടികളെ പങ്കെടുപ്പിക്കുന്നത്. വ്യത്യസ്തമായ വസ്ത്രങ്ങൾ, വർണക്കുടകൾ, തൊപ്പികൾ, പൂക്കൾ, ബലൂണുകൾ, ബാനറുകൾ, പ്ലക്കാഡുകൾ, റിബണുകൾ അങ്ങനെയങ്ങനെ വൈവിധ്യങ്ങളുടെ ഒരു നീണ്ട നിര. ഇതിനിടയിൽ വിവിധ കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, പ്ലോട്ടുകൾ തുടങ്ങി കണ്ണിമ ചിമ്മാതെ നോക്കാൻ, മനോഹരമായ കാഴ്ചകളുടെ, മണിക്കൂറുകൾ നീളുന്ന ഒരു പ്രവാഹമാണ് അത്.  എന്നിട്ടും ഇതൊന്നും ആസ്വദിക്കാൻ പറ്റുന്ന മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങൾ! അതെന്താ? അതാണ്‌ കഥ.

2005 ൽ മലപ്പുറം ജില്ലയിലെ തിരൂരിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ഉദ്ഘാടനഘോഷയാത്ര നടക്കുകയാണ്. ഞങ്ങൾ, അതായത് ഞാനും അമ്മയും പിന്നെ എന്റെ മേൽനോട്ടത്തിനു തൃശൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ഒരു അധ്യാപകനും അതൊക്കെ ആസ്വദിച്ച് പ്രധാന വേദിയുടെ അരികിൽ അങ്ങനെ നിൽക്കുന്നു. സമയം ഏതാണ്ട് നാലരയായിക്കാണും. എന്റെ മത്സരം 7 മണിക്കാണ്. ഐറ്റം കവിത. ഈ ഐറ്റം ഡാൻസ് എന്ന് കേട്ടിട്ടുണ്ട്. എന്താ ഈ ഐറ്റം കവിത എന്ന് ചിന്തിക്കുന്നവർക്കായി ഞാൻ വിശദമാക്കട്ടെ. മത്സര ഇനം സംസ്കൃതം കവിതാ രചന. ശെടാ! ഇവൻ ഇതെപ്പോ കവിതയൊക്കെ എഴുതിത്തുടങ്ങി? അതും സംസ്കൃതത്തിൽ! അതറിയാൻ എന്റെ 'രണ്ടു മിനിറ്റിൽ എങ്ങനെ കവിതയെഴുതാം' എന്ന പോസ്റ്റ്‌ വായിച്ചാൽ മതി. അപ്പൊ പറഞ്ഞു വന്നത്, വണ്ടിയൊന്നും കിട്ടാനില്ല. എങ്ങനെ കിട്ടും? കിലോമീറ്ററുകളോളം നീളത്തിൽ റോഡ്‌ മൊത്തം കുട്ടികൾ കയ്യടക്കിയിരിക്കുകയല്ലേ. എന്നാലും ടെൻഷൻ ഇല്ല. ഒന്നാമത് ഏഴു മണി വരെ സമയം ഉണ്ട്. രണ്ടാമത് അഞ്ച് മണിക്ക് ഘോഷയാത്ര അവസാനിക്കും. മത്സരം നടക്കുന്ന വേദിയിലേക്ക് അഞ്ചാറു കിലോമീറ്റർ ദൂരമേയുള്ളൂ. ഒരു ഓട്ടോ പിടിച്ചാൽ അര മണിക്കൂർ കൊണ്ട് അങ്ങ് എത്താം.അങ്ങനെ അഞ്ച് മണിയായി. ഉദ്ഘാടന സമ്മേളനം തുടങ്ങി. മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള പ്രമുഖർ എത്തിയിട്ടുണ്ട്. പക്ഷേ, ഘോഷയാത്ര അവസാനിക്കുന്നില്ല! അതിങ്ങനെ വന്നു കൊണ്ടിരിക്കുകയാണ്. ആ വലിയ മൈതാനം ജനങ്ങളെക്കൊണ്ട് നിറഞ്ഞു തുടങ്ങി. വാഹന ഗതാഗതം പോയിട്ട് ഒരു വാഹനം പോലും റോട്ടിലൊന്നും ഇല്ല. "കുറച്ചു നടക്കാം. അപ്പോഴേക്കും ഇത് തീരുമായിരിക്കും" കൂടെയുള്ള ലത്തീഫ് മാഷിന്റെ നിർദേശം. അങ്ങനെ ഞങ്ങൾ നടപ്പ് തുടങ്ങി.

ഘോഷയാത്ര അറ്റം കാണാത്ത വിധം നീണ്ട് കിടക്കുന്നു. ആ തിരക്കിലൂടെ ഒരു കിലോമീറ്ററിൽ ഏറെ നടന്നു കാണും. സമയം അഞ്ചര കഴിഞ്ഞു. ഇപ്പൊ ചെറിയേ ഒരു ടെൻഷൻ ഉണ്ടോ എന്ന് ഒരു സംശയം. നടപ്പ് വേഗത്തിലാക്കി. പുതിയ പുതിയ കാഴ്ചകൾ വന്നു കൊണ്ടേയിരിക്കുന്നു.ഇപ്പൊ ആസ്വാദനം ഒന്നും ഇല്ല. മനുഷ്യനെ മെനക്കെടുത്തുന്ന ഈ പരിപാടി അവസാനിച്ചാൽ മതിയെന്നായി. എത്ര ദൂരം പിന്നിട്ടു എന്ന് തീർച്ചയില്ല. നാട്ടുകാരോട് വഴി ചോദിച്ചു ചോദിച്ചാണ് നടപ്പ്. അവസാനം ഘോഷയാത്രയുടെ വാൽ കടന്നു പോയപ്പോൾ ഒരു ആറരയായി. പിടിച്ചതിനേക്കാൾ വലുത് അളയിൽ എന്ന് പറഞ്ഞ പോലെയായി പിന്നത്തെ കഥ. അതാ ഒരായിരം വാഹനങ്ങൾ അണിനിരക്കുന്ന ഘടാഘടിയൻ ട്രാഫിക് ബ്ലോക്ക്‌. വണ്ടിയിൽ കയറി ബാക്കി ദൂരം പോകാം എന്നത് അതിമോഹമാണ് എന്ന് ചുരുക്കം. പക്ഷേ, പിന്മാറാൻ പറ്റില്ലല്ലോ. ഞാൻ കാരണം മത്സരം അഞ്ച് മിനിറ്റ് പോലും ലേറ്റ് ആകാൻ പാടില്ലെന്ന് എനിക്ക് നിർബന്ധം ഉണ്ട്. ഞാൻ ചെറുപ്പം മുതൽക്കേ ആദർശങ്ങൾ  മുറുകെ പിടിക്കുന്ന കൂട്ടത്തിലാണ്. ഹോ, തൊട്ടടുത്ത തൃശൂർ ജില്ലക്കാരന് വേണ്ടി തിരുവനന്തപുരത്ത് നിന്നും വന്ന കുട്ടി വെയിറ്റ് ചെയ്യുക എന്ന് വെച്ചാൽ! അണ്‍സഹിക്കബിൾ! അങ്ങനെ കവിതയെഴുതാൻ തലയിൽ ശേഖരിച്ച ഊർജം മുഴുവൻ കാലുകളിൽ ആവാഹിച്ചു കൊണ്ട് ഞാൻ നടന്നു. മലപ്പുറം മറ്റൊരു രാത്രിയെ കൂടി വരവേറ്റു. സമയം ഏഴര. അയാം ദ സോറി. എത്തിയിട്ടില്ല. ഇനി ഒരു കിലോമീറ്റർ കൂടി ഉണ്ട്. നമുക്ക് തോന്നുന്ന രീതിയിൽ വളച്ചൊടിക്കാൻ പാകത്തിനാണല്ലോ ദൈവം ഈ ആദർശങ്ങൾ ഒക്കെ സൃഷ്ടിച്ചിരിക്കുന്നത്. അത് കൊണ്ട്, വലിയ വലിയ ആൾക്കാർക്ക് വേണ്ടി മറ്റുള്ളവർ കാത്തിരിക്കുന്നത് അത്ര വലിയ കാര്യം ഒന്നും അല്ല എന്ന ആദർശം മുറുകെ പിടിച്ചു കൊണ്ട് ഞങ്ങൾ നടപ്പ് തുടർന്നു! കിതച്ചിട്ടാണോ തളർന്നിട്ടാണോ ടെൻഷൻ അടിച്ചിട്ടാണോ എന്നറിയില്ല അമ്മ, "ഹോ, അമ്മേ, ഹോവ് അയ്യോ" എന്നൊക്കെ പറയുന്നുണ്ട്. സാറും ഞാനും ശക്തിയായി ശ്വാസം എടുത്തു കൊണ്ട് ഹൊ! ഹു! ഹൊ! ഹു! എന്ന് മാത്രമേ പറയുന്നുള്ളൂ. രാവിലെ പതിനൊന്ന് മണിക്ക് ഭക്ഷണം കഴിച്ചതാണ്. നടപ്പിനിടയിൽ വാങ്ങിച്ചു കുടിച്ച കുപ്പി വെള്ളത്തിന്റെ പിൻബലത്തിലാണ് ഈ പ്രയാണം. ഒടുവിൽ ആ മുഹൂർത്തം സമാഗതമായി! നടന്ന് തളർന്ന് കുഴഞ്ഞ് അങ്ങനെ എട്ട് അഞ്ചിന് ഞങ്ങൾ മത്സരം നടക്കുന്ന സ്കൂളിൽ എത്തി. ഹാവൂ!

ഇരുട്ട്! നിശബ്ദത!
എന്ത് മനസ്സിലായി? ജന്മനാ കേഡിയായ എന്നെ കണ്ട് അവിടുത്തെ ആളുകളുടെ കണ്ണിൽ ഇരുട്ട് കയറി, തൊണ്ടയിലെ വെള്ളം വറ്റി എന്ന് വിചാരിച്ചോ? ഓ മൈ സില്ലി ഫാൻസ്‌!!! അങ്ങനെയൊക്കെ സംഭവിക്കേണ്ടതാണ്. പക്ഷേ, ഇരുട്ട് കയറിയത് എന്റെ കണ്ണിൽ തന്നെയാണ്. നിശബ്ദത! കൂരിരുട്ട്! അതായത്, മത്സരം നടക്കുന്ന സ്കൂളിലേക്ക് ഞങ്ങൾ പ്രവേശിക്കുമ്പോൾ അവിടെ മൊത്തം കൂരിരുട്ട്. ആരുടേയും ഒച്ചയും അനക്കവും ഒന്നും കേൾക്കാനില്ല. എന്താ കാരണം? എനിക്ക് സ്കൂൾ മാറിപ്പോയി എന്ന് നിങ്ങൾക്ക് തോന്നിയത് പോലെ ഞങ്ങൾക്കും തോന്നി. യുവജനോത്സവത്തിന്റെ മത്സരക്രമം നൽകിയിട്ടുള്ള നോട്ടീസിൽ വീണ്ടും നോക്കി. സ്കൂളിന്റെ പേരും, തിയതിയും ഒക്കെ ഓക്കെ. പിന്നെന്ത് പറ്റി? എന്ത് കുന്തമെങ്കിലും ആവട്ടെ. കിതപ്പ് മാറ്റാൻ അടുത്തുള്ള ഒരു മരത്തിന്റെ അരമതിലിൽ ഇരുന്നു. കുറച്ചു കഴിഞ്ഞ് കിതപ്പോക്കെ മാറിയപ്പോഴാണ്, കാര്യങ്ങളുടെ കിടപ്പൊക്കെ മനസ്സിലായത്. റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചം വല്ലപ്പോഴും മതിലിനുള്ളിലേക്ക് കടന്നു വരുന്നുണ്ട്. സൂക്ഷിച്ചു നോക്കിയാൽ ചില മനുഷ്യരൂപങ്ങൾ കൂടി അടുത്തുണ്ടെന്നു മനസിലാകും. ക്രമേണ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. തിരുവനതപുരം മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിൽ നിന്നുള്ള കുട്ടികളും, അവരുടെ രക്ഷിതാക്കളും അധ്യാപകരും ആ പരിസരത്തുണ്ട്. അതിൽ ഉച്ചയ്ക്ക് എത്തിയവർ മുതൽ എനിക്ക് ശേഷം വന്നവർ വരെയുണ്ട്. പക്ഷേ, മത്സരം നടത്താനുള്ള ആളുകളോ, യുവജനോത്സവത്തിന്റെ ഒരു ബാനറോ, ഒരു മെഴുകുതിരി വെട്ടം പോലും സ്കൂളിൽ ഇല്ല. തിരക്കിനിടയിൽ, വേണ്ടപ്പെട്ടവർ ഇവിടെ മത്സരം ഉള്ള കാര്യം മറന്നു പോയി! ഒരു സംസ്ഥാന യുവജനോത്സവത്തിന്റെ ഫസ്റ്റ് ഇമ്പ്രെഷൻ! നല്ല ബെസ്റ്റ് ഇമ്പ്രെഷൻ!

പിന്നെ എന്ത് സംഭവിച്ചു? നമ്മളൊക്കെ ഒന്നുമില്ലെങ്കിലും മലയാളികളല്ലേ ഡ്യൂഡ്‌സ് ? വേറെ ആരെങ്കിലും പരിഹാരം ഉണ്ടാക്കും എന്ന് വിചാരിച്ച് എല്ലാവരും അങ്ങനെ തന്നെ ഇരുന്നു. ഇപ്പൊ ടെൻഷൻ ഒന്നും ഇല്ല കേട്ടോ. ഞാൻ എഴുതിയില്ലെങ്കിലും കുഴപ്പമില്ല. വേറെ ആരും എഴുതാതിരുന്നാ പോരെ? അല്ല പിന്നെ! ഊണൊക്കെ കഴിച്ച് വീടിന്റെ മുറ്റത്തിരുന്നു നാട്ടുവിശേഷങ്ങൾ പറയുന്ന പോലെ, ആ സ്കൂൾ മുറ്റത്തിരുന്നു നമ്മുടെ ലത്തീഫ് മാഷിനോട് സ്കൂൾ വിശേഷങ്ങളും നാട്ടു വിശേഷങ്ങളും ഒക്കെ പറഞ്ഞു. ഊണ് കഴിച്ചത് രാവിലെയാണ് എന്ന വ്യത്യാസം മാത്രം. സമയം ഒരു ഒമ്പതര ആയിക്കാണും.
ഞാൻ നോക്കുമ്പോ, ഗേറ്റിനു പുറത്ത് ഒരാൾക്കൂട്ടം. എന്ത് സംഭവിച്ചു കാണും? നമ്മളൊക്കെ ഒന്നുമില്ലെങ്കിലും വീണ്ടും മലയാളികളല്ലേ ഡ്യൂഡ്‌സ് ? ഒരാൾക്കൂട്ടം കണ്ടാൽ ഒരു കാര്യമില്ലെങ്കിലും ഒന്ന് എത്തി നോക്കണ്ടേ? അങ്ങനെ എത്തി നോക്കി എത്തി നോക്കി ആ ആൾക്കൂട്ടം അങ്ങ് വലുതായി. ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അതിനിടയിൽ നിന്നും ഒരു മുദ്രാ വാക്യം ഉയർന്നു.
" ഇങ്ക്വിലാബ് സിന്ദാബാദ്!"
അതേ, പെരുവഴിയിലായ കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രശ്നം പാർട്ടി (ഇടതു പക്ഷം) ഏറ്റെടുത്തിരിക്കുന്നു. മറ്റു നൂറു കണ്ഠങ്ങൾ അതേറ്റു വിളിച്ചു.
 " ഇങ്ക്വിലാബ് സിന്ദാബാദ്!"
സമയം രാത്രി പത്തു മണി. സ്ഥലം മലപ്പുറം ജില്ലയിലെ ഏതോ സ്ഥലം. ഐറ്റം കവിത. എപ്പോ?
മുദ്രാവാക്യം വിളി ഉച്ചസ്ഥായിയിൽ എത്തി.
" ഇങ്ക്വിലാബ് സിന്ദാബാദ്!"
" ഇങ്ക്വിലാബ് സിന്ദാബാദ്!"

(തുടരും...)

എല്ലാ അനുജന്മാർക്കും അനിയത്തിമാർക്കും വിജയാശംസകൾ...

അവസാന ഭാഗം ഇവിടെ.

Wednesday, 24 December 2014

ഹാപ്പി (അവസാന) ക്രിസ്മസ്!

 ബഹുമാനപ്പെട്ട തൊഗാഡിയ അങ്ങുന്നിന് കൊച്ചു ഗോവിന്ദൻ എഴുതുന്നത്,
ഭാരതത്തിലെ ഹിന്ദു ജനസംഖ്യ നൂറു ശതമാനം ആക്കുമെന്ന പ്രസ്താവന കേട്ടതിന്റെ രോമാഞ്ചം ഇതുവരെ വിട്ടുമാറിയിട്ടില്ല. അതിനു മുമ്പേ ഗുജറാത്തിൽ ഘർ വാപ്സി നടത്തിയപ്പോൾ വീണ്ടും രോമാഞ്ചി. ഇതിനിടക്ക് കേരൾ മേം ഘർ വാപസി നടത്തിയപ്പോൾ പിന്നെയും രോമാഞ്ചി. ഇങ്ങനെ രോമാഞ്ചി രോമാഞ്ചി മോഡിയമ്മാവന്റെ ഭരണം കഴിയുമ്പോഴേക്കും ഞാൻ വല്ല തുള്ളൽ പനിയും പിടിച്ച് തട്ടിപ്പോകുമോ എന്നാണ് ഇപ്പോഴത്തെ പേടി. അതിനു മുമ്പ് എന്നെക്കൊണ്ട് ആവുന്ന പോലെ ചില നുറുങ്ങു വിദ്യകൾ പറഞ്ഞു തന്ന് അങ്ങയെ സഹായിക്കണം എന്ന് തോന്നി.

അങ്ങനെ ഞാൻ കൂലങ്കഷമായി ചിന്തിച്ചപ്പോൾ തലയിൽ ഉദിച്ച പോയന്റുകൾ താഴെ പറയുന്നു. അങ്ങേക്ക് മലയാളം വായിക്കാൻ ബുദ്ധിമുട്ടാണെന്നറിയാം. പക്ഷേ, ഞങ്ങ മലയാളികൾ ഇല്ലാത്ത നാടില്ലല്ലോ! അത് കൊണ്ട് ഒരു മലയാളിയെ കണ്ടു പിടിച്ച് ഇത് വായിപ്പിക്കണം. പക്ഷേ, ഒരു ഹിന്ദു മലയാളിയെ കൊണ്ട് വേണം ഇത് വായിപ്പിക്കാൻ. എന്ന് വെച്ചാൽ യേ പത്ര് ഏക്‌ ഹിന്ദു മലയാളിയെക്കൊണ്ട് പഠ്കെ ആപ്കോ തർജമ കർനാ ചാഹിയേ. സംഝാ? അപ്പോ, കാര്യത്തിലേക്ക് കടക്കാം.

1) എല്ലാ അഹിന്ദുക്കളും ഹിന്ദുക്കളായി മാറിക്കഴിയുമ്പോൾ ക്രിസ്മസ്, ഈസ്റ്റർ, പെരുന്നാൾ, മുഹറം തുടങ്ങിയ പരിപാടികൾ നമ്മൾ നിരോധിക്കുമല്ലോ. പക്ഷേ, അന്നേ ദിവസം തരാറുള്ള അവധികൾ അനുവദിച്ചു തരണേ അമ്മാവാ. മുപ്പത്തിമുക്കോടി ദൈവങ്ങൾ നമ്മടെ കയ്യിൽ സ്റ്റോക്ക്‌ ഒള്ളപ്പോ, അവധിക്ക് കാരണം കണ്ടെത്താൻ പ്രയാസം ഒന്നും ഇല്ലല്ലോ. വല്ല മാടന്റെയും മറുതയുടെയും പിറന്നാളോ വെഡിംഗ് ആനിവേഴ്സറിയോ ആണെന്ന് പറഞ്ഞാൽ മതി.

2) വേളാങ്കണ്ണി പള്ളിയുടെ സ്ഥാനത്ത് ഒരു ശബരിമല കൂടി പണിതാൽ കുറെ തമിഴന്മാരും തെലുങ്കാനന്മാരും സീമാന്ദ്രന്മാരും ഒക്കെ അങ്ങോട്ട്‌ പൊക്കോളും. അത് വഴി ഒറിജിനൽ ശബരിമലയിലെ തിരക്ക് ഒഴിവാക്കുകയും വന നശീകരണം തടയുകയും ചെയ്യാം. എപ്പടി?

3) ഗുരുവായൂരമ്പലത്തിൽ ഇപ്പൊ തന്നെ നിന്ന് തിരിയാൻ സ്ഥലമില്ല. അത് കൊണ്ട് ഇനി ഹിന്ദുക്കളാവുന്നവർക്ക് പ്രവേശനം ആഴ്ചയിൽ രണ്ടു ദിവസമായി ക്രമീകരിക്കണം.

4) നിങ്ങ നോർത്തിന്ത്യൻ ഹിന്ദുക്കൾ മരത്തിൽ കാണുന്നതിനു മുന്നേ മാനത്ത് കണ്ടവരാണ് ഞങ്ങ മലയാളി ഹിന്ദുക്കൾ. ഘർ വാപസി എന്നതിന്റെ മലയാളമായ 'വീട്ടിലേക്കുള്ള വഴി' എന്ന പേരിൽ സിനിമയെടുത്ത് അവാർഡ് വാങ്ങിയ ഞങ്ങളെ ഘർ വാപസിയുടെ ബ്രാൻഡ് അംബാസഡർമാർ ആക്കാൻ ദയവുണ്ടാകണം.

5) കേരളത്തിലെ അച്ചായന്മാരും കാക്കമാരും ഒക്കെ പൂത്ത കാശുകാരായത് കൊണ്ട് പള്ളികളൊക്കെ ഭയങ്കര സെറ്റപ്പാ. അത് കൊണ്ട് അതൊന്നും പൊളിച്ചു കളയണ്ടാ. അവിടെയൊക്കെ, നിലവാരമനുസരിച്ച് നമുക്ക് നമ്മുടെ നേരത്തെ പറഞ്ഞ മുപ്പത്തി സംതിങ്ങ് കോടി ദൈവങ്ങളെ പ്രതിഷ്ഠിച്ചേക്കാം.

6)  പഞ്ചവാദ്യവും തായമ്പകയും കേട്ട് ബോറടിക്കുമ്പോൾ ഒരു ചെയ്ഞ്ചിനു വേണ്ടി ആർത്തുങ്കൽ പള്ളിയമ്പലത്തിൽ  പെരുന്നാളും ബീമാപ്പള്ളിയമ്പലത്തിൽ ഉറൂസും നടത്തി ബാൻഡ് സെറ്റും ഗാനമേളയും കേൾപ്പിച്ചാൽ നന്നായിരിക്കും. ഇവിടെ ഒടുക്കത്തെ മതസൗഹാർദമാണെന്ന് പറഞ്ഞ് ടൂറിസ്റ്റുകളെ പറ്റിക്കുകയും ചെയ്യാം.

7) അഹിന്ദുക്കൾ ഇല്ലാതായിക്കഴിയുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്ന പള്ളീലച്ചന്മാർക്കും മൊല്ലാക്കമാർക്കും അതാത് സ്ഥലത്തെ മേല്ശാന്തിമാരായി നിയമനം കൊടുക്കാം. ഇടക്കിടക്ക് 'ഗ്ലാനിർഭവതി ഭാരതാ...', 'കട്വംളലവണാത്യുഷ്ണ...' തുടങ്ങിയ ശ്ലോകങ്ങൾ ചൊല്ലിയാൽ എവരിബഡി ഹാപ്പി.

8) യൂദാശ്ലീഹയോ തോമാശ്ലീഹയോ മറ്റോ വന്ന് മാമോദീസ മുക്കിയ വകയിൽ നമ്പൂതിരി പാരമ്പര്യം അവകാശപ്പെടുന്ന അച്ചായന്മാർക്ക്‌ തിരികെ നമ്പൂതിരിയാവാൻ പ്രൂഫ്‌ ചോദിക്കണേ അമ്മാവാ. അതില്ലാത്ത പക്ഷം വല്ല നായരോ, പിള്ളയോ ഒക്കെ ആയി ഡീഗ്രേഡ് ചെയ്യാൻ വല്ല കമ്മിറ്റിയും രൂപീകരിച്ചേക്ക്.

9) പ്രവാസി അഹിന്ദുക്കളെ ഇമ്മടെ ഗഡികളാക്കാൻ (ഗഡീന്ന് വെച്ചാ ഹിന്ദു, സംഝാ?) എല്ലാ ഇന്ത്യൻ കോണ്‍സുലേറ്റുകളിലും ഓരോ യാഗശാല തുടങ്ങാൻ മറക്കല്ലേ? ദുഫായിൽ എന്ത് ആവശ്യം ഉണ്ടെങ്കിലും ഈ കൊച്ചു ഗോവിന്ദനെ അറിയിക്കാൻ മടിക്കരുത്.

10) എല്ലാവരും ഹിന്ദുക്കളായ സ്ഥിതിക്ക്സോഷ്യൽ മീഡിയയിൽ മതസൗഹാർദ്ദവും മതവിദ്വേഷവും വിളമ്പി ലൈക്‌ വാങ്ങുന്ന ഫ്രീക്കൻമാരുടെ കാര്യം പോക്കാണല്ലോ മാമാ.  അവരെയെല്ലാം ഈശ്വരോ നീ തന്നെ രക്ഷതു.

അമ്മാവാ, എഴുതി മതിയായില്ല. എങ്കിലും നിർത്തുന്നു. മോഡിയങ്കിളിനോടും സുഷ്മാന്റിയോടും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക. അടുത്ത തവണ ഡൽഹിയിൽ വരുമ്പോൾ നേരിൽ കാണാം.

അങ്ങ് ഇതിന് എന്നോട് നന്ദിയൊന്നും പറയേണ്ടതില്ല. 'കർമണ്യേവാധികാരസ്തേ' എന്നാണല്ലോ അതിന്റെ ഒരു ഇത്. അതുകൊണ്ട്, ഭാരതാംബയെയും ഹൈന്ദവ ധർമത്തെയും പരിപാലിക്കേണ്ടത് എന്റെ കടമയാണ് അമ്മാവാ കടമയാണ്. ഇനി അത്ര നിർബന്ധമാണെങ്കിൽ അടുത്ത എലക്ഷന് നോർത്തിന്ത്യയിൽ എവിടെയെങ്കിലും ഒരു സീറ്റ് തന്നേര്. ഈ ബ്ലഡി മല്ലൂസിന് ചാണ്ടിയങ്കിളിന്റെയും അച്ചു അങ്കിളിന്റെയും ഇടയിൽ കിടന്നു കാലം കഴിക്കാനാണ് വിധി.

സ്നേഹപൂർവ്വം,
കൊച്ചു ഗോവിന്ദൻ.

                                                                                   ***************************

ദേ, ഇതിനെയൊക്കെ അതിന്റെ സ്പിരിറ്റിൽ എടുക്കും എന്ന വിശ്വാസത്തിലാണ് പടച്ചു വിടുന്നത്. ആരെയും വേദനിപ്പിക്കാനോ താഴ്ത്തിക്കാണിക്കാനോ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ വല്ലതും സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ ലേലു അല്ലു... ലേലു അല്ലു... ലേലു അല്ലു... അഴിച്ചു വിട്.

Tuesday, 16 December 2014

മൂന്നു കുട്ടിക്കഥകൾ...

ആട്ടിൻ തോലിട്ട സദാചാര ചെന്നായ
ആസക്തി തീർക്കാൻ ഇറങ്ങിയ രാത്രിയിൽ
ആളെ തിരിച്ചറിയാതെ മറ്റു ചെന്നായ്ക്കൾ
ആക്രമിച്ച് അവശനാക്കിക്കളഞ്ഞു
ആ ചെന്നായ ഇന്ന് ചുംബനസമരത്തിന്റെ
ആഗോള നേതാവാണ്‌!!!

**********************

സുന്ദരിയുടെ ചുണ്ടുകൾ നുണയവേ 
മറ്റൊരുത്തന്റെ മുടിയിൽ പിടിച്ച് 
പരിസരം മറന്നു ചുംബിക്കുന്നവളെ അയാൾ കണ്ടു 
അത് അയാളുടെ ഭാര്യയാണെന്നു 
ബോധോദയം ഉണ്ടായ നിമിഷം 
അയാൾ ആർഷഭാരത സംസ്കാരത്തിന്റെ 
ആട്ടിൻ തോലണിഞ്ഞു.

**********************

സ്വർഗീയ ടീവിയിൽ ലൈവ് ടെലികാസ്റ്റ് 
കണ്ടു കൊണ്ടിരിക്കേ നാണുഗുരു 
ദു:ഖിതനായി.
ഗാന്ധിജിയും ബുദ്ധനും ദേവേന്ദ്രനും 
കാരണം കണ്ടെത്താനാവാതെ ദുഖിച്ചു. 
സ്വർഗത്തിൽ ഇരുട്ട് പരന്നു.
ഉടനേ, അഴീക്കോട്‌ മാഷും കൃഷ്ണയ്യരും 
വട്ട മേശയിട്ട് ചർച്ച നടത്തി.
ചർച്ചക്കൊടുവിൽ 
മലയാളം ന്യൂസ്‌ ചാനൽ പാക്കേജ് 
അണ്‍ സബ്സ്ക്രൈബ് ചെയ്തു.
ഗുരു ചിരിച്ചു. 
ഗാന്ധിജിയും ബുദ്ധനും ചിരിച്ചു.
സ്വർഗത്തിൽ പ്രകാശം പരന്നു!

ശുഭം!

Thursday, 11 December 2014

സദാചാര സംഹിത

1) പ്രണയത്തിൽ അകപ്പെടുന്നതിനു മുമ്പ് സിനിമയിലെ കഥാപാത്രങ്ങൾ നടക്കുന്നത് പോലെ പിള്ളേരെല്ലാം അടങ്ങി ഒതുങ്ങി ജീവിക്കണം. അഥവാ പ്രണയിച്ചാൽ തന്നെ, പെമ്പിള്ളേർ നന്ദനത്തിലെ ബാലാമണിയെപ്പോലെയും ആമ്പിള്ളേർ 'ഓം ശാന്തി ഓശാന'യിലെ ഗിരീശനെയും പോലെ പെരുമാറണം. അല്ലാതെ, ഫഹദ് ഫാസിലിനെ പോലെ 'തൊട്ടു നോക്കാമോ തൊട്ടാവാടി പെണ്ണേ' എന്നൊക്കെ പാടി നടന്നാൽ തല്ലിയോടിക്കും ഞങ്ങൾ, പറഞ്ഞേക്കാം.

2) രാമരാജ്യമായ അയോധ്യയിലും ഹനുമാന്റെ രാജ്യമായ കിഷ്കിന്ധയിലും പരസ്യ ചുംബനം നിരോധിച്ചിരുന്നതായി രേഖകൾ ഉണ്ട്. രാവണനെ കൊന്ന് ധർമം പുന:സ്ഥാപിച്ച ശേഷം ലങ്കയിലും പരസ്യ ചുംബനം നിരോധിച്ചിട്ടുണ്ട്. അതിനാൽ കേരളത്തിലും പരസ്യ ചുംബനം പാടില്ല.

3) ഒരുപാട് സാമൂഹിക പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ചുംബന സമരം നടത്തുന്നത് ശരിയല്ല. പക്ഷേ, അതേ സാമൂഹിക പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ചുംബന സമരത്തെ എതിർക്കുന്നത് വളരെ ശരിയാണ്.

4) സദാചാര സംഹിത വായിക്കാത്ത ഏതെങ്കിലും ഒരുത്തി സ്വന്തം സഹോദരനെ പരസ്യമായി ചുംബിച്ചാൽ, റേഷൻ കാർഡ് കാണിച്ചു ബന്ധം തെളിയിക്കാൻ സമയം കിട്ടി എന്ന് വരില്ല. ഉടനടി അടി. അതാണ്‌ പോളിസി.

5) ഹോട്ടൽ അടിച്ചു തകർത്തവരെ അറസ്റ്റ് ചെയ്ത സ്ഥിതിക്ക് സമരം അനാവശ്യമാണ്. ഭാവിയിൽ ഞങ്ങൾ പാർക്കുകളും മ്യൂസിയങ്ങളും ഒക്കെ അടിച്ചു തകർക്കുമ്പോൾ ഇനിയും അറസ്റ്റ് വരിക്കാൻ ഞങ്ങൾക്ക് മടിയില്ല. ഇതിലെവിടെയാണ് സമരത്തിന്‌ സ്കോപ്?

6) ചുംബന സമര ദിവസം ആ പരിസരത്ത് എത്തുന്ന ഭാര്യാ ഭർത്താക്കന്മാരെയും സഹോദരീ സഹോദരന്മാരെയും ഞങ്ങൾ ആക്രമിക്കുന്നതാണ്. അതിനു ലോക ഫേസ്ബുക്ക്‌ സദാചാര കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അടി കൊണ്ട് ചത്താൽ ഒരു കമ്മിറ്റിയും ഉത്തരവാദികൾ ആയിരിക്കില്ല.

7) ഉമ്മ വയ്ക്കുന്നത് ഉഭയ സമ്മത പ്രകാരമാണോ എന്നത് ഒരു വിഷയമേയല്ല. സദാചാര കമ്മിറ്റിയുടെ സമ്മത പ്രകാരമാണോ എന്നതാണ് വിഷയം.

8) സംസ്കാരം ഉള്ളവരാകാൻ വേദങ്ങൾ വായിക്കുകയോ, മഹാ വാക്യങ്ങൾ അറിയുകയോ വേണ്ട. ചുംബന സമരത്തെ എതിർക്കുന്നവർ സംസ്കാര സമ്പന്നരാണ് എന്ന് ചുംബന പുരാണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

9) പിഞ്ചു കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവർ ജാമ്യത്തിൽ ഇറങ്ങുമ്പോൾ അവരെ തല്ലിക്കൊല്ലുന്നത് സദാചാരത്തിന് നിരക്കുന്നതല്ല. പ്രതീകാത്മക ചുംബനത്തെ എതിർക്കുന്നതാണ് യഥാർത്ഥ സദാചാരം.



10) ചുംബനക്കാരെ പോലീസ് സഹായിക്കില്ല. മറ്റു പ്രതിഷേധങ്ങൾക്കൊക്കെ ബാരിക്കേഡുകൾ തുറന്നു കൊടുത്തും കല്ലുകൾ സംഭാവന നൽകിയും പോലീസ് സഹായിച്ച കാര്യം നന്ദിയോടെ ഓർക്കണം. ഗോവിന്ദചാമിക്ക് കഞ്ഞി കൊടുക്കണം, സരിതയ്ക്ക് സോപ്പ് വാങ്ങി കൊടുക്കണം. ആദി വാസികളെ തല്ലണം. ഹോ! പാവം പോലീസ്. :(

11) അമ്മയെ ചുംബിക്കാം വയറ്റിൽ ചുമന്ന നന്ദിയോടെ. പക്ഷേ, അമ്മയെയും മകനെയും തിരിച്ചറിയാത്ത ഏതെങ്കിലും സദാചാരി കേറി മേഞ്ഞിട്ട് പോയാൽ അത് അതിന്റെ സ്പിരിറ്റിൽ എടുക്കണം. അന്നേരം സമരം ചെയ്യാൻ അനുവദിക്കുന്നതല്ല.

12) നാലാൾ കാണ്‍കെ സ്നേഹം പ്രകടിപ്പിച്ച് പരിഷ്കാരികൾ ആവരുത്. സ്നേഹം അണ പൊട്ടിയൊഴുകിയാലും സദാചാരക്കാർ ഇല്ലെന്ന് ഉറപ്പു വരുത്തി വീട്ടിൽ കതകടച്ച് ഇരുന്ന് ചുംബിക്കുന്നതാണ് നട്ടെല്ലുള്ള മലയാളിയുടെ രീതി.

13) കാമുകിയുടെ വസ്ത്രം സ്ഥാനം മാറിയാൽ അത് നേരെയിടുന്നവനാണ് യഥാർത്ഥ കാമുകൻ. അല്ലാതെ ചുംബന സമരം നടത്തുന്നവൻ അല്ല. പക്ഷേ, ഏതെങ്കിലും സദാചാരക്കാരൻ ചതിച്ച പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ മറ്റ് സദാചാരക്കാർ കാണുന്നതിൽ തെറ്റില്ല. ആ പെണ്‍കുട്ടിയുടെ ഭാവി സദാചാരക്കാരെ ബാധിക്കുന്ന കാര്യം അല്ല.

14) സ്ത്രീകൾ അവരവർക്ക് യോജിച്ച വസ്ത്രം ധരിക്കരുത്. സദാചാരക്കാരന്  ഇഷ്ടപ്പെടുന്ന വസ്ത്രം വേണം ധരിക്കാൻ.

15) സദാചാരക്കാരനായി അഭിനയിക്കുകയും ചുംബന സമരത്തെ അനുകൂലിക്കുകയും ചെയ്ത മോഹൻലാൽ വെറും ആഭാസനും, ശ്രീമതി ശോഭന ഒരു ഉത്തമ കുടുംബിനിയും ആണ്. ബംഗ്ളൂർ ഡെയ്സ് നേരത്തെ ഇറക്കിയത് കൊണ്ട് അഞ്ജലി മേനോനെ വെറുതെ വിടുന്നു.

16) അടുത്ത മാസം മുതൽ അന്യ സംസ്ഥാന ഫേസ്ബുക്കന്മാരുടെ  നേതൃത്വത്തിൽ സദാചാര സംഘടനകൾ ആരംഭിക്കുന്നതാണ്. ജാംബവാൻ സേന, സേവിയർ സേന, ശരിയത്ത് സേന തുടങ്ങിയ പേരുകൾ പരിഗണനയിൽ ഉണ്ട്. ക്രമേണ ഇത് ലോകം മൊത്തം വ്യാപിപ്പിക്കും.

17) ആർഷ ഭാരത സംസ്കാരം ഉണ്ടായത് കേരളത്തിൽ ആണെന്ന് അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളിൽ പഠിപ്പിക്കും. ചുംബനം എന്നാൽ കാമം ആണെന്ന് എല്ലാ കുട്ടികളെയും ഉദ്ബോധിപ്പിക്കും.

18) ബോംബെ, ബംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ പരസ്യ ചുംബനം നിർത്തലാക്കാൻ ഹനുമാനോട് പ്രാർഥിക്കും.

19) ഭാവി തലമുറയെ സദാചാരം പഠിപ്പിക്കാൻ ഒരു ചാനൽ തുടങ്ങും.
ചാനലിന്റെ പേര്: KISS (കൊച്ചുഗോവിന്ദൻസ് ഇന്റർനാഷണൽ സദാചാര സംഹിത)

20) ഈ സദാചാര സംഹിത എഴുതി തയ്യാറാക്കിയ കൊച്ചു ഗോവിന്ദന്റെ ജന്മദിനം 'സദാചാര ദിന'മായി ആചരിക്കും.

നാട്ടിലെ സദാചാരക്കാരന് തോന്നുന്ന നിയമങ്ങൾ ഇതിൽ എഴുതി ചേർക്കാവുന്നതാണ്.


"സർവേ ഭവന്തു സുഖിനഃ 
സർവേ സന്തു നിരാമയഃ 
സർവേ ഭദ്രാണി പശ്യന്തു 
മാ കശ്ചിത് ദുഃഖഭാഗ്ഭവേത് "

എല്ലാ ആർഷഭാരതീയ സദാചാര സഹോദരങ്ങൾക്കും ഈയുള്ളവന്റെ കൂപ്പു കൈ. 
ആഞ്ജനേയാ.......!!!

Related Post : മൂന്ന് കുട്ടിക്കഥകൾ

Wednesday, 1 October 2014

ബാറുകളേ... നിങ്ങൾക്ക് വിട!

അങ്ങനെ, നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്ന ബാറുകൾ അടച്ചു പൂട്ടുകയാണ്. യേശുദാസിന്റെ പാട്ടുകൾ കേൾക്കാത്ത ഒരു ദിവസം പോലും മലയാളിയുടെ ജീവിതത്തിൽ ഇല്ല എന്ന് പറയുന്നത് പോലെയായിരുന്നു ബാറുകളുടെ കാര്യവും. പത്ര വാർത്തകളുടെ രൂപത്തിൽ, മന്ത്രി പുങ്കന്മാരുടെ പ്രസ്താവനകളുടെ രൂപത്തിൽ, മിനിമം, ബാറിൽ നിന്നിറങ്ങിയ ഒരു സഹയാത്രികന്റെ രൂപത്തിലെങ്കിലും അവ നമ്മുടെ ജീവിതത്തിൽ ദിവസവും ഇടപെട്ടു. കാര്യം, ഞാൻ മദ്യപിക്കില്ലെങ്കിലും, ഐസ് ക്യൂബ്സ്  ഇട്ട ക്രിസ്റ്റൽ ഗ്ലാസ്സിലേക്ക്‌ രണ്ടു പെഗ്ഗ് ഷിവാസ് ഒഴിച്ച് അടിച്ച്, കൂട്ടുകാരുടെ കൂടെയിരുന്ന് വിശേഷങ്ങൾ പങ്കു വെക്കുന്നതിന്റെ ആ ഒരു സുഖം എനിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ!!!
പക്ഷേ, മദ്യപാനം മൂലം തകരുന്ന കുടുംബങ്ങളിലെ വീട്ടമ്മമാർക്ക്, അതായത് നമ്മിൽ പലരുടെയും അമ്മമാർക്ക് താത്കാലികമായെങ്കിലും ആശ്വാസം നൽകുന്ന തീരുമാനം എന്ന നിലയിലാണ് ഞാൻ ഈ നീക്കത്തെ കാണുന്നത്.

മദ്യനിരോധനം എന്ന ആവശ്യം സമൂഹത്തിന്റെ പല കോണുകളിൽ നിന്നും കേട്ട് തുടങ്ങിയിട്ട് കാലമെത്രയോ ആയി. ഒടുവിൽ, പൂട്ടിയ നാനൂറ്റി ചില്വാനം ബാറുകൾ തുറക്കല്ലേ, തുറക്കല്ലേ എന്നു മാത്രമാണ് സുഗതകുമാരി ടീച്ചർ പോലും സുധീരൻ മാഷിനോട് ആവശ്യപ്പെട്ടത്. പക്ഷേ, ടീച്ചറെ അത്ഭുതപ്പെടുത്തിക്കൊണ്ട്, സുധീരനെയും ചെന്നിത്തലയെയും നിഷ്പ്രഭരാക്കിക്കൊണ്ട്, വെള്ളാപ്പള്ളിയെയും വെള്ളമടിക്കാരെയും കരയിച്ചു കൊണ്ട് ശ്രീ. ഉമ്മൻ ചാണ്ടി തുറുപ്പ് ഗുലാൻ ഇറക്കി പ്രഖ്യാപിച്ചു. "തുറന്നു വച്ചിരിക്കുന്ന മുന്നൂറ്റി ചില്വാനം ബാറുകൾ കൂടി പൂട്ടും. ബെവ്കോ ഔട്ട്‌ലെറ്റുകൾ ഘട്ടം ഘട്ടമായി പൂട്ടും. പത്തു വർഷത്തിനപ്പുറം, പഞ്ചനക്ഷത്ര ബാറുകൾ മാത്രമുള്ള കേരളം!" സെക്രട്ടേറിയറ്റിന് രണ്ടു ദിവസം അവധി കൊടുത്ത്, LDF ന്റെ ഉപരോധസമരം അവസാനിപ്പിച്ച ബുദ്ധിയെ, കടത്തി വെട്ടുന്ന ഒടുക്കത്തെ ബുദ്ധി! പിറ്റേന്നത്തെ മാതൃഭൂമിയിൽ സുഗതകുമാരി ടീച്ചർ ആദ്യം നന്ദി രേഖപ്പെടുത്തിയത് ഉമ്മൻ ചാണ്ടിക്കായിരുന്നു. സ്വാഭാവികമായും, കയ്യൊതുക്കത്തോടെയും ദീർഘ വീക്ഷണത്തോടെയും ചെയ്യേണ്ട ഈ നടപടി വിമർശനങ്ങളും നേരിട്ടു. പ്രത്യേകിച്ച് രണ്ട് ചോദ്യങ്ങൾ.
1) ബാറുകൾ പൂട്ടലാണോ മദ്യ നിരോധനത്തിനുള്ള മാർഗം? അതും ബെവ്കോ ഔട്ട്‌ലെറ്റുകൾ തുറന്നു വച്ചുകൊണ്ട്.
2) ബാറുകളെ ആശ്രയിച്ചു ഉപജീവനം നയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ എന്ത് ചെയ്യും? ബാറിലെ സപ്ലയർ മുതൽ ബാറിനു മുന്നിലെ കപ്പലണ്ടി കച്ചവടക്കാരാൻ വരെ?
മൂന്നാമത്, എന്റെ സ്വന്തം ചോദ്യം. ഈ കുടിയന്മാരുടെയൊക്കെ ഫാവി എന്താകും?

മദ്യനിരോധനത്തിന്റെ കാര്യത്തിൽ, അലക്ക് ഒഴിഞ്ഞിട്ട് കാശിക്ക് പോകാൻ നേരമില്ലാത്ത പോലെയായിരുന്നു, മാറി മാറി വന്ന സർക്കാരുകൾ. പ്രതിശീർഷ ഉപയോഗത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ നമ്പർ വണ്‍ സംസ്ഥാനം. വർഷാവർഷം കൂടുന്ന മദ്യവില്പന. 2012-'13 വർഷത്തിൽ 8100 കോടി രൂപ. 2013-'14 ൽ 8500 കോടി രൂപ. ഏറ്റവും കൂടുതൽ മദ്യ ഉപഭാഗം 21നും 40നും മദ്ധ്യേ പ്രായമുള്ള പുരുഷന്മാർക്കിടയിൽ. ഇവരെയൊക്കെ ബോധവൽക്കരിച്ച്, വരുമാന നഷ്ടത്തിന് ബദൽ മാർഗം കണ്ടെത്തി, പഴുതടച്ചുള്ള ഒരു മദ്യനിരോധനം, ഗണപതിക്കല്യാണം പോലെ നീളുകയേ ചെയ്യുമായിരുന്നുള്ളൂ. ഇതിപ്പോ, പെട്ടന്ന് ഒരു സുപ്രഭാതത്തിൽ, നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും കണ്ണുനീരിനും ജീവിതത്തിനും ഭരണകൂടം അറിഞ്ഞോ അറിയാതെയോ ശ്രദ്ധ കൊടുത്തിരിക്കുന്നു. അതുകൊണ്ട് തന്നെ, ഇതിനു പിന്നിലെ രാഷ്ട്രീയ അജണ്ടകൾ എന്ത് തന്നെ ആയിരുന്നാലും, ഈയടുത്ത കാലത്ത് സർക്കാർ സ്വീകരിച്ച ഏറ്റവും ധീരവും അഭിനന്ദനാർഹവുമായ നടപടിയാണ് ബാറുകൾ അടച്ചു പൂട്ടാനുള്ള തീരുമാനം.

മദ്യം വിഷമാണെന്നും ആ വിഷത്തിന്റെ പേര് എന്താണെന്നും വരെ എല്ലാവർക്കും അറിയാം. പക്ഷേ, ആ വിഷം കേരളത്തിൽ, ഇന്നത്തെ നിലയിൽ, ദേശ-മത-രാഷ്ട്രീയ-പ്രായ ഭേദമന്യേ വേരോടിത്തുടങ്ങിയിട്ട് ഏതാനും പതിറ്റാണ്ടുകളേ ആവുന്നുള്ളൂ. "ജീവിത പ്രശ്നങ്ങൾ ഓർത്തപ്പോ രണ്ടെണ്ണം വിട്ടതാ അളിയാ", "ജോലി ചെയ്ത് തളർന്നപ്പോ ഒന്ന് മിനുങ്ങിയതാ മോനെ" എന്ന മറുപടിയിൽ ഒതുങ്ങുന്നതല്ല ഇന്നത്തെ നമ്മുടെ മദ്യാസക്തിയുടെ വലുപ്പം. എല്ലാ നാടുകളിലും മദ്യം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. പക്ഷെ, കേരളം പോലെ ഒരു കൊച്ചു സംസ്ഥാനത്ത്, ആയിരക്കണക്കിന് കോടി രൂപയുടെ ബിസിനസ് ആയി മദ്യവ്യവസായം മാറിയത്, നാം നേരിട്ട സാംസ്കാരിക അധ:പതനം കൊണ്ട് മാത്രമാണ്. അല്ലാതെ, എല്ലാ വർഷവും എണ്ണായിരം കോടിക്ക് കുടിച്ചു തീർക്കാൻ മാത്രം ജീവിതപ്രശ്നങ്ങളോ, ജോലിഭാരമോ നമ്മുടെ നാട്ടിൽ ഇല്ല. യു.പി യും ബീഹാറും പോലുള്ള സംസ്ഥാനങ്ങൾ നേരിടുന്ന ജന്മിത്തം, നിരക്ഷരത, കൂട്ടബലാത്സംഗങ്ങൾ, മാവോവാദം ഒക്കെ വച്ച് നോക്കുമ്പോൾ കേരളം അക്ഷരാർത്ഥത്തിൽ ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ്.

അമ്മയുടെ ശവമടക്കും, മകളുടെ പ്രസവവും, ഹർത്താലും ഭക്തിയും ആചാരങ്ങളും മഴയും വെയിലും എല്ലാമെല്ലാം മദ്യപിക്കാനുള്ള കാരണങ്ങളാക്കി മാറ്റിയ ദൈവത്തിന്റെ സ്വന്തം നാട്!  സാക്ഷരതയിലും ആത്മഹത്യാനിരക്കിലും ഒരുമിച്ച് ഒന്നാം സ്ഥാനം കയ്യടക്കുന്ന വിചിത്രമായ നാട്! മദ്യപാനം മൂലമുള്ള വാഹനാപകടങ്ങളും അക്രമങ്ങളും കൂടി വരുന്ന നാട്. ഒന്നോർത്തു നോക്കിയാൽ നിങ്ങൾക്ക് ചുറ്റും കാണാം മദ്യപിച്ചു കരൾ നശിച്ചു മരിച്ചവരെ, മദ്യപാനത്തിന്റെ പേരിൽ വിവാഹമോചനം തേടുന്നവരെ, മനോരോഗികളെ, കൈ വിറയ്ക്കുന്നവരെ, വീട്ടിലെ സമാധാനം നശിപ്പിക്കുന്നവരെ, കടക്കെണിയിൽ പെട്ടവരെ, വിഷാദരോഗികളെ, ആരോഗ്യം നശിച്ച യുവാക്കളെ... മദ്യനിരോധനം നമ്മുടെ അമ്മമാർ ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് തെറ്റ്? സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ ഉള്ള കുടിയന്മാർ, ഇവരിൽ ചിലരുടെ ഭർത്താക്കന്മാരോ സഹോദരന്മാരോ മക്കളോ ആണ്. അതിലൂടെ അപമാനിക്കപ്പെടുന്നത് വീട്ടിലിരിക്കുന്ന പാവം സ്ത്രീകൾ കൂടിയാണ്. മദ്യനിരോധനം നമ്മുടെ അമ്മമാർ ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് തെറ്റ്? ഗവണ്മെന്റ് മദ്യം നിരോധിച്ചാൽ, ഇന്നലെ വരെ കുടിച്ചിരുന്ന എല്ലാ ആണുങ്ങളും ഇന്ന് മുതൽ കുടി നിർത്തി മാന്യരായി വീട്ടിലെത്തും എന്ന പ്രതീക്ഷ മാത്രമാണ് തെറ്റ്!

ബാറുകൾ പൂട്ടാനുള്ള തീരുമാനം പുച്ഛത്തോടെയാണ് ഒരു വലിയ 'കുടിയ' വിഭാഗം വരവേറ്റത്. ഡിമാന്റ് ഉള്ള കാലത്തോളം സപ്ലൈ ഉണ്ടാകും എന്ന അടിസ്ഥാന പ്രമാണത്തിലുള്ള വിശ്വാസം. നാടനും വ്യാജനും വാറ്റും ഡ്യൂട്ടി ഫ്രീയും വച്ച് അഡ്ജസ്റ്റ് ചെയ്തോളാം എന്ന ആത്മവിശ്വാസം. ആര് വിചാരിച്ചാലും ഞങ്ങളെ തോല്പ്പിക്കാൻ ആവില്ല എന്ന വാശി. ആരോട്? സമൂഹത്തോടോ? കുടുംബത്തോടോ? ഹും! അല്ല, അവരെ പറഞ്ഞിട്ടും കാര്യമില്ല. തലേ ദിവസം വരെ ഫുള്ളടിച്ചു നടന്നവരോട് ഇന്ന് മുതൽ ഫ്രൂട്ടി കുടിച്ചാ മതി എന്ന് പറയുന്നത് ന്യായമാണോ? നെവെർ.
പക്ഷേ, ഒരുപാട് പ്രതീക്ഷകളുമായി വളരുന്ന ഒരു പുതിയ തലമുറയെ പ്രലോഭിപ്പിക്കരുത്. നിർബന്ധിക്കരുത്. മദ്യപാനത്തിലേക്ക് വലിച്ചിഴക്കരുത്. ആവശ്യമുള്ളവർ അത് അന്വേഷിച്ച് കണ്ടെത്തിക്കൊള്ളും.

മദ്യത്തിനു മനുഷ്യചരിത്രത്തോളം, അല്ലെങ്കിൽ ദൈവങ്ങളുടെ 'ചരിത്ര'ത്തോളം തന്നെ പഴക്കമുണ്ട്.പക്ഷേ, മദ്യനിരോധനത്തിന്റെ ചരിത്രം വളരെ ശോചനീയമാണ് (അതങ്ങനെയേ വരൂ. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത കുടിയന്മാരുടെ ശാപം!!!). പരാജയത്തിന്റെ കഥകളാണ് കൂടുതൽ. അതുകൊണ്ട് തന്നെ കേരളത്തിന്റെ ഈ പുതിയ നീക്കം വലിയ വാർത്താപ്രാധാന്യം നേടുകയും ചെയ്തു. ഇനിയത്തെ കാഴ്ചകൾ എന്തരാവുമൊ യെന്തോ? "നൂറ്റിക്കണക്കിന് സായ്പന്മാരുടെ തലകൾ അരിഞ്ഞു വീഴ്ത്തിയ എന്റെ ഖഡ്ഗമേ.... നിന്നോട് വിട!" എന്ന ജഗതി ശ്രീകുമാറിന്റെ ഡയലോഗ് ആണ് ഓർമ വരുന്നത്. "ആയിരമായിരം ദു:ഖങ്ങൾ, സ്വപ്‌നങ്ങൾ, ചർച്ചകൾ, കദനങ്ങൾ, സന്തോഷങ്ങൾ, ആഘോഷങ്ങൾ പങ്കിട്ട പ്രിയപ്പെട്ട ബാറുകളേ... നിങ്ങൾക്ക് വിട! വിട! വിട!" ബാറുകൾക്ക് മുന്നിൽ ഇഴഞ്ഞു നടന്ന പാമ്പുകളേ... നിങ്ങൾക്കും വിട! പുതിയ മാളങ്ങൾ കണ്ടെത്താൻ പ്രാർത്ഥന. ആശംസ. ശുഭം!

കുറിപ്പ്:
1) ഷിവാസ് എന്ന് എഴുതിയത് ഒരു ഗുമ്മിനു വേണ്ടി മാത്രമാണ്. ആ സ്ഥലത്ത് കല്യാണി ബിയർ മുതൽ മുകളിലോട്ട് എല്ലാം ഉൾപ്പെടും!
2) വിമർശന കൂരമ്പുകളെ എനിക്ക് പേടിയില്ല. വന്ദേ മാതരം!