Showing posts with label Story. Show all posts
Showing posts with label Story. Show all posts

Tuesday, 26 May 2015

പോസ്റ്റോദകം സമർപ്പയാമി

മലയാളം കവിതാ ബ്ലോഗുകളിൽ കേറിയിറങ്ങുമ്പോഴൊക്കെ എനിക്കും തോന്നാറുണ്ട്, ബിംബങ്ങളും പ്രതീകങ്ങളും ഒക്കെ ചേർത്ത് അത്തരം കവിതകൾ എഴുതണംന്ന്! ലേഖനങ്ങളും കഥകളും എത്ര എഴുതിയാലും ഒരു ബുദ്ധിജീവി പരിവേഷം കിട്ടണമെങ്കിൽ കവിത തന്നെ എഴുതണം. വായിച്ചാൽ മനസ്സിലാകാത്തതാണെങ്കിൽ വളരെ നല്ലത്! അതായത്, ഉള്ളടക്കം ഒരു വിഷയമേയല്ലെന്ന്. ഗദ്യമായത് കൊണ്ട് പ്രാസവും വൃത്തവും ഒന്നും നോക്കുകയും വേണ്ട. ദുബായിൽ സ്വന്തമായി പത്തേക്കർ ബ്ലോഗും ഉണ്ട്. ചുരുക്കി പറഞ്ഞാ നല്ല ബെസ്റ്റ് ടൈം. പിന്നെ എന്തിന് വൈകിക്കണം? അങ്ങനെയാണ് താഴെ എഴുതിയിരിക്കുന്ന സംഗതി രൂപം കൊണ്ടത് :)

തിലോദകം പോസ്റ്റോദകം സമർപ്പയാമി


മധ്യവേനലിന്റെ മൂർദ്ധന്യത്തിൽ
പൊള്ളലേറ്റ് മരിച്ച
പുഴ.
പുഴയുടെ ആത്മാവിനെയും ചുമന്ന്
ഒഴുകി നീങ്ങുന്ന
ടിപ്പർ.
തർപ്പണം ചെയ്യുന്ന
മണ്ണുമാന്തിയുടെ മന്ത്രണം...
തരംഗിണീം തർപ്പയാമി.

ബലിക്കാക്ക ബ്യൂട്ടീ പാർലറിൽ 
ബിസി. 
കാരണം,
ചിറകിൽ നിന്നും കൊഴിഞ്ഞ 
തൂവൽ.

***

ഒന്നും ചെയ്യാനില്ലാതെ
ചിതലരിച്ച ഉത്തരത്തിൽ
ചിന്താമഗ്നനാവുന്ന പല്ലി.
അയൽവീട്ടിൽ
വിശപ്പിന്റെ നിലവിളി.
മറുപടി,
റിമോട്ടിലെ വോളിയം ബട്ടണ്‍.
ചുവരിലെ കലണ്ടറിൽ
മോണാലിസയുടെ
നിഗൂഢമായ ചിരി.

***

ഇടിഞ്ഞ കുന്നിൻ ചെരുവിൽ
ചത്തു മലച്ച 
വയൽ.
മുഖപുസ്തകത്തിൽ 
നൊസ്റ്റാൽജിയ ഉരുട്ടി 
പിണ്ഢം വെക്കുന്ന
ഞാൻ.
ബലിച്ചോറുണ്ണാൻ
നീലക്കുരുവി.
പോസ്റ്റോദകം സമർപ്പയാമി.

Thursday, 16 April 2015

ആത്മഹത്യാ കുറിപ്പ്

"നമ്മക്ക് നമ്മടെ ഉസ്കൂള് വരെ ഒന്ന് പൂവാ?"ഏഴു വർഷങ്ങൾക്ക് മുമ്പ്, കുറച്ചു ആശ്വാസം തോന്നിയ ഒരു ദിവസം, രോഗശയ്യയിൽ കിടന്ന് എന്റെ ലക്ഷ്മി ആവശ്യപ്പെട്ടു. അന്ന് ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയായിരുന്നു. നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. മഞ്ഞണിഞ്ഞ പുലരിയിലെ മങ്ങിയ വെളിച്ചത്തിൽ ഞാൻ ലക്ഷ്മിയോടൊപ്പം നടന്നു. വാകപ്പൂക്കളും പേരറിയാത്ത മഞ്ഞപ്പൂക്കളും വഴി നീളെ വീണു കിടന്നിരുന്നു...

ഇത് എൻറെ ആത്മഹത്യാ കുറിപ്പാണ്. ഇത്രയും സമചിത്തതയോടെയും ശാന്തതയോടെയും ആത്മഹത്യ ചെയ്യാമെന്നും ആത്മഹത്യാ കുറിപ്പ് എഴുതാമെന്നും എനിക്ക് അറിയില്ലായിരുന്നു. അല്ലെങ്കിലും ആത്മഹത്യയെ എക്കാലവും എതിർത്തു പോന്നിരുന്ന ഒരാളായിരുന്നല്ലോ ഞാൻ. ആ ഞാനാണ് ഏതാനും നിമിഷങ്ങൾക്കകം മരണത്തെ പുൽകാൻ തയ്യാറെടുക്കുന്നത്. എവിടെയോ വായിച്ചിട്ടുണ്ട്, 'ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നമുക്കായി എപ്പോഴും കാത്തുവെക്കുന്നു' എന്ന്.
ജീവിതം എനിക്കായി കാത്തു വെച്ചത് ആത്മഹത്യയാണ്! ചിരി വരുന്നു. ഇപ്പോൾ ചിരിക്കുന്നത് ശരിയാണോ എന്നറിയില്ല. പക്ഷേ, ഇനി ശരിയിലും തെറ്റിലും ഒക്കെ എന്തിരിക്കുന്നു?

മരണത്തിനു മുമ്പുള്ള നിമിഷങ്ങൾ തിരിച്ചറിവിന്റെ കൂടി നിമിഷങ്ങൾ ആണ്. അല്ലെങ്കിൽ, നിത്യേന എന്നവണ്ണം ആത്മഹത്യാ വാർത്തകൾ കേട്ടിട്ടും ഉണ്ടാകാത്ത തിരിച്ചറിവ് ഇപ്പോൾ എനിക്ക് ഉണ്ടാവുമായിരുന്നില്ലല്ലോ. ജീവിതം നമുക്ക് ഇഷ്ടമുള്ള രീതിയിൽ ജീവിക്കാം, ഒരു പരിധി വരെയെങ്കിലും... ഇഷ്ടമുള്ള ജോലി ചെയ്യാം. ഇഷ്ടമുള്ള സ്ത്രീയെ വിവാഹം ചെയ്യാം. ഇഷ്ടമുള്ള രീതിയിൽ വീട് പണിയാം. അങ്ങനെയെന്തും... പക്ഷേ, ഇഷ്ടമുള്ള രീതിയിൽ മരിക്കാൻ ആർക്കും കഴിയില്ല. ഒരു രോഗം, ഒരു അപകടം, ഒരു നെഞ്ചു വേദന അല്ലെങ്കിൽ ഒരു വെള്ളക്കടുവ... മരണം 'കട്ട്‌' പറയുമ്പോൾ അഭിനയം നിർത്തി വേദിയിൽ നിന്നും മടങ്ങേണ്ട ഒരു നാടകശാലയല്ലേ ജീവിതം? 

നമ്മുടെ മരണത്തെ, നാടകത്തിലെ അപ്രതീക്ഷിത വഴിത്തിരിവായി കണക്കിലെടുത്ത് മറ്റുള്ളവർ നാടകം തുടർന്ന് കൊണ്ടേ ഇരിക്കുന്നു. ഒരിക്കലും അവസാനിക്കാത്ത ജീവിത മഹാനാടകം. സങ്കൽപ്പങ്ങൾക്കപ്പുറമുള്ള ക്ലൈമാക്സിലൂടെ ജീവിതനാടകത്തിനു തിരശീലയിടുന്ന മരണത്തെ, 'രംഗബോധമില്ലാത്ത കോമാളി' എന്ന് വിളിച്ചതാരാണ്? സ്വപ്‌നങ്ങൾ എല്ലാം പൂവണിഞ്ഞ്, മക്കളും പേരക്കുട്ടികളും അരികിലിരിക്കേ, നാമജപങ്ങളിൽ അലിഞ്ഞ് മരണത്തിൽ ലയിക്കുന്ന ആ പഴയ സ്വപ്നം താലോലിക്കുന്ന ഏതെങ്കിലും സ്വപ്നജീവിയായിരിക്കും. ഓ, ഞാൻ വിഷയത്തിൽ നിന്ന് മാറിപ്പോകുന്നു.

ഈ കുറിപ്പ് വായിക്കുന്ന ആർക്കെങ്കിലും സ്വന്തം മരണം എങ്ങനെ ആയിരിക്കും എന്ന് നിശ്ചയമുണ്ടോ? ഉണ്ടാവില്ല. കാരണം, അകാല മരണമാണെങ്കിൽ അതിൽ തീർച്ചയായും ഒരു ബാഹ്യഇടപെടൽ ഉണ്ടാകും. ഇനി സ്വാഭാവിക മരണമാണെങ്കിൽ തന്നെ എപ്പോ മരിക്കും, എവിടെ വച്ച് മരിക്കും എന്ന് വല്ല നിശ്ചയവും ഉണ്ടോ? ഇല്ല അല്ലേ? ആ തിരിച്ചറിവ് ഇപ്പോൾ മാത്രമാണ് എനിക്ക് ഉണ്ടായത്. സ്വന്തം മരണം എങ്ങനെ ആയിരിക്കും എന്ന് നിശ്ചയിക്കാനുള്ള അവകാശം ആത്മഹത്യ ചെയ്യുന്നവർക്ക് മാത്രം ഉള്ളതാണ്. ക്ഷമിക്കണം, എന്തൊക്കെയാണ് ഇവിടെ എഴുതിക്കൂട്ടുന്നത്? എന്തൊക്കെയോ... പക്ഷേ, ഒന്നറിയാം. ഞാൻ ഈ ഭൂമിയിൽ അവശേഷിപ്പിച്ചു പോകുന്ന അവസാന രേഖയാണിത്...

തൊടിയിലും പറമ്പിലും ഏറെ മരങ്ങൾ നട്ടിട്ടുണ്ടെങ്കിലും സ്കൂളിലേക്ക് ഉള്ള വഴിയുടെ ഇരുവശവും ഞങ്ങൾ നട്ട തണൽ മരങ്ങളായിരുന്നു ഞങ്ങൾക്ക് ഏറെ പ്രിയപ്പെട്ടത്. ഞങ്ങളുടെ അധ്യാപക ജീവിതത്തോടൊപ്പം വളർന്ന മരങ്ങൾ. ഞങ്ങൾ വിരമിച്ചപ്പോൾ, മക്കളില്ലാത്ത ഞങ്ങൾക്ക് തണൽ വിരിച്ചത് ആ മരങ്ങളാണല്ലോ... ഒരു ആത്മഹത്യാ കുറിപ്പ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് ഈ വൃദ്ധന് നല്ല നിശ്ചയം പോരാ. മനസ്സിൽ തോന്നിയ കാര്യങ്ങൾ കുറിച്ച് വെക്കണം എന്ന് തോന്നി. ഇത് കണ്ടെത്തി വായിക്കുന്നവർ എന്നോട് പൊറുക്കുക. സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.

അന്ന്, സ്കൂളിനു മുന്നിലുള്ള ഞാവൽ മരത്തിന്റെ ചുവട്ടിൽ ഞങ്ങൾ ഇരുന്നു. പുലരിയിലെ ആദ്യ കിരണങ്ങൾ മഞ്ഞിനും മരങ്ങൾക്കും ഇടയിലൂടെ ഭൂമിയിലേക്ക് ഇറങ്ങി വരുന്ന കാഴ്ച കണ്ടപ്പോൾ ഏറെ മാസങ്ങൾക്ക് ശേഷം ഞാനെന്റെ ദുഃഖങ്ങൾ മറന്നു. അർബുദം അതിന്റെ അവസാനഘട്ടത്തിൽ ആയിരുന്നിട്ട് പോലും, ലക്ഷ്മി അന്ന് ഏറെ പ്രസന്നയായി കാണപ്പെട്ടു. ആ പ്രഭാതകിരണങ്ങളിൽ  ലക്ഷ്മിയുടെ മുഖം ഏറ്റം മനോഹരമായിരുന്നു. "ഒരു കാര്യം പറയാനാ ഇത്രടം വരെ വന്നത്. എനിക്ക് മരിക്കാൻ ഭയല്യ,ട്ടോ." ലക്ഷ്മി പറഞ്ഞു.  "മരിച്ചാലും ഞാൻ എങ്ങും പോവില്ല മാഷേ. ഈ ഞാവൽ മരത്തിൽ ഞാൻ ഇണ്ടാവും. എനിക്ക് എന്റെ ഉസ്കൂളും കുട്ടികളെയും എപ്പഴും കാണണം." ഞാൻ നിശബ്ദനായിരുന്നു. ലക്ഷ്മി തുടർന്നു "മാഷ്‌ വെഷമിക്കരുത്. സാധിക്കും ച്ചാ ഇവടെ വരെ വല്ലപ്പോഴും ഒന്ന് വരൂ." "ഉം" ഞാൻ മൂളിക്കേട്ടതേയുള്ളൂ. "പിന്നെ, മരുന്ന് മൊടങ്ങാണ്ട് കഴിക്കണം. പഞ്ചസാര കൊറച്ച്..." വിതുമ്പലിൽ ലക്ഷ്മിയുടെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങി. സഹധർമിണിയുടെ ആസന്നമരണത്തെ കുറിച്ച് ഞാൻ എന്താണ് പറയേണ്ടിയിരുന്നത്? അറിയില്ല...

ഒന്നും മിണ്ടാതെ കൈ കോർത്ത് ഏറെ നേരം ഞങ്ങൾ ഇരുന്നു.  വെയിലിനു ശക്തി കൂടിയപ്പോഴാണ് അവിടുന്ന് മടങ്ങിയത്. ആ വഴിയിലൂടെ ഞങ്ങൾ ഒരുമിച്ചുള്ള അവസാന യാത്രയായിരുന്നു അത്. ആ മരങ്ങൾ അന്നും ഞങ്ങൾക്ക് പതിവ് പോലെ തണൽ വിരിച്ചു. പിറ്റേ ഞായറാഴ്ച ലക്ഷ്മി മരിച്ചു.

ലക്ഷ്മിയുടെ മരണശേഷം ഒരു ദിവസം പോലും ഞാൻ ആ ഞാവൽ മരച്ചുവട്ടിൽ പോകാതെ ഇരുന്നിട്ടില്ല. കർക്കിടകത്തിലെ ഇരുളടഞ്ഞു മഴ തിമിർക്കുന്ന സായാഹ്നങ്ങളിൽ പോലും ഞാൻ എന്റെ ലക്ഷ്മിയുടെ അരികിലെത്തി. പല ദീർഘയാത്രകളും ഞാൻ ഒഴിവാക്കിയത്, അന്ന് തന്നെ തിരിച്ചെത്തിയില്ലെങ്കിൽ ലക്ഷ്മി എന്നെ കാത്തിരുന്ന് മുഷിയുമോ എന്ന് കരുതിയിട്ടാണ്. ഒരു വൃദ്ധന്റെ ഭ്രാന്തമായ പരികല്പനകളായി നിങ്ങൾക്ക് തോന്നിയേക്കാം... മറുപടിയില്ല...

ഈ താളിൽ അവിടവിടെയായി ചോരപ്പാടുകൾ പടർന്നത് ഞാൻ ഇപ്പോഴാണ് ശ്രദ്ധിച്ചത്. എന്റെ ഉള്ളം കൈ തനിയെ പൊട്ടി ചോര വന്നതാണ് കേട്ടോ. അമിത രക്തസമ്മർദം. ഇന്നലെയും ഇന്നും ഗുളിക കഴിച്ചില്ല. മന:പൂർവം  കഴിക്കാഞ്ഞതാണ്. മരിക്കാൻ തീരുമാനിച്ചവന് എന്ത് ഗുളിക? ഞാൻ വീണ്ടും വിഷയത്തിൽ നിന്ന് മാറിപ്പോയി അല്ലേ?
കടന്നു പോയ ഏഴു വർഷങ്ങൾ എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് നേരത്തെ പറഞ്ഞ ആ ഭ്രാന്ത് തന്നെയാണ്. അതേ, ചില നേരങ്ങളിൽ ഭ്രാന്തും ജീവിക്കാൻ പ്രേരിപ്പിച്ചേക്കും.

പക്ഷേ, ഇന്ന് എന്റെ ഭ്രാന്ത് അവസാനിച്ചിരിക്കുന്നു. ഇനി എനിക്ക് മടങ്ങാം.

റോഡ്‌ വികസനത്തിന്റെ ഭാഗമായി എന്റെ അമ്പത്തിനാല് മക്കളെ വെട്ടിവീഴ്ത്തിയിരിക്കുന്നു. എന്റെ ലക്ഷ്മിയുടെ ആത്മാവുറങ്ങുന്ന ഞാവൽ മരം ഉൾപ്പടെ. ഞാനും ലക്ഷ്മിയും, വെള്ളവും സ്നേഹവും വാത്സല്യവും നൽകി വളർത്തിയ അമ്പത്തിനാല് തണൽ മരങ്ങൾ... വന്മരങ്ങൾ വെട്ടി വീഴ്ത്തി സൗധങ്ങൾ പണിത്, അതിന്റെ മട്ടുപ്പാവിൽ ഒരു മുളക് ചെടിയും നട്ട് പ്രകൃതി സ്നേഹം വിളമ്പുന്ന പ്രത്യയശാസ്ത്രം ഈ വൃദ്ധന് മനസ്സിലാവില്ല. ഏക്കറും സെന്റും ചുരുങ്ങി അഭിനവവാമനന്മാരെ പോലെ അടിക്കണക്കിൽ ഭൂമി അളക്കുന്ന നാട്ടിൽ എന്റെ സ്വപ്നങ്ങളിലെ മാമരങ്ങൾക്ക് പടർന്നു പന്തലിക്കാൻ എവിടെയാണ് ഇടം? അറിയില്ല...

വലിയ റോഡിലൂടെ അതിവേഗത്തിൽ പായുമ്പോൾ ആരെങ്കിലും ഓർക്കുമോ ഈ വൃദ്ധദമ്പതികളുടെ സ്വപ്നങ്ങളുടെ ശവപ്പറമ്പിലൂടെയാണ് നിങ്ങളുടെ യാത്രയെന്ന്? എനിക്കറിയാം, ഈ ചോദ്യത്തിന് തന്നെ പ്രസക്തിയില്ല.
കാരണം, മനുഷ്യവംശത്തിന്റെ അപാരമായ കുതിപ്പിനിടയിൽ ഞെരിഞ്ഞമർന്ന എത്രയെത്ര സ്വപ്‌നങ്ങൾ... അതിൽ ഏറ്റവും നിസാരമായവയുടെ കൂട്ടത്തിൽ ഇതും.

ആത്മസംഘർഷങ്ങളുടെ നെരിപ്പോട് കെട്ടടങ്ങിയിരിക്കുന്നു... നിർവികാരതയാണ്‌ തോന്നുന്നത്. ആരോടും പരാതിയില്ല. എന്റെ മരണം കൊണ്ട് ഞാൻ ബുദ്ധിമുട്ടിക്കുന്ന എല്ലാവരോടും മാപ്പ്.

ഇനി എന്റെ യാത്രയാണ്. കേട്ട് കേൾവി മാത്രമുള്ള മരണത്തിന്റെ ലോകത്തേക്ക്. ഭൂമിയിൽ വെച്ച് ഞാൻ ചെയ്ത നന്മ തിന്മകൾ ഇനിയുള്ള യാത്രയിൽ വഴി നിശ്ചയിക്കട്ടെ. ജീവിതത്തിന്റെ പരമമായ ലക്ഷ്യം കണ്ടെത്താനാവാതെ, ദൈവമേ, ഞാൻ ഭൂമിയിലെ യാത്ര ഇവിടെ അവസാനിപ്പിക്കുകയാണ്. എന്നോട് പൊറുക്കുക.
അവസാനമായി ഞാൻ ഒന്ന് പ്രാർഥിച്ചു കൊള്ളട്ടെ.

ലോകാഃ സമസ്താഃ സുഖിനോ ഭവന്തു.


Related Posts: മരണമെത്തുന്ന നേരത്ത് 

Thursday, 15 January 2015

അർദ്ധരാത്രിയിൽ ഭാവനയും ഞാനും കൂടി.... ഹോ!


കോഴിക്കോടിന്റെ മണ്ണിൽ ഇന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിയുകയാണ്. കൃത്യം പത്തു വർഷം മുമ്പ് ഒരു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വച്ച് എനിക്കുണ്ടായ ഒരു അസാധാരണമായ അനുഭവമാണ് ഇത്.

                                                          ****************************

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ഘോഷയാത്ര കണ്ടിട്ടുണ്ടോ? കാണേണ്ട കാഴ്ചയാണ്. കുറെ വർഷങ്ങൾക്കിടയ്ക്ക് ഒരിക്കൽ, സ്വന്തം ജില്ലയിലേക്ക് വിരുന്നെത്തുന്ന കൗമാര കേരളത്തെ, ആ ജില്ലക്കാർ ഹൃദയപൂർവം സ്വീകരിക്കുന്ന കാഴ്ച. ഏഷ്യയിലെ ഏറ്റവും വലിയ കലാസംഗമത്തെ ഏറ്റവും മനോഹരമാക്കാൻ ഒരു നാട് മുഴുവൻ കൈ കോർക്കുന്ന നിമിഷങ്ങൾ...കലയും സാഹിത്യവും വർണങ്ങളും സ്വപ്നങ്ങളും നിറയുന്ന ഏഴു പകലിരവുകൾക്ക്, ആ ഘോഷയാത്രയോടെയാണ് തുടക്കമാവുന്നത്. പ്രധാനവേദിയിൽ നിന്നും കിലോമീറ്ററുകൾ ദൂരെയായിരിക്കും തുടക്കം. അവിടുന്ന് നിരനിരയായി കാഴ്ചകളുടെ ഒരു ഒഴുക്കാണ്... ആശംസകൾ അർപ്പിച്ചു കൊണ്ട് ആയിരക്കണക്കിന് സ്കൂൾ കുട്ടികൾ. അതുതന്നെ വിശേഷപ്പെട്ട കാഴ്ചയാണ്.  ഓരോ സ്കൂളുകളും ഒന്നിനൊന്നു മികച്ച രീതിയിലാണ് കുട്ടികളെ പങ്കെടുപ്പിക്കുന്നത്. വ്യത്യസ്തമായ വസ്ത്രങ്ങൾ, വർണക്കുടകൾ, തൊപ്പികൾ, പൂക്കൾ, ബലൂണുകൾ, ബാനറുകൾ, പ്ലക്കാഡുകൾ, റിബണുകൾ അങ്ങനെയങ്ങനെ വൈവിധ്യങ്ങളുടെ ഒരു നീണ്ട നിര. ഇതിനിടയിൽ വിവിധ കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, പ്ലോട്ടുകൾ തുടങ്ങി കണ്ണിമ ചിമ്മാതെ നോക്കാൻ, മനോഹരമായ കാഴ്ചകളുടെ, മണിക്കൂറുകൾ നീളുന്ന ഒരു പ്രവാഹമാണ് അത്.  എന്നിട്ടും ഇതൊന്നും ആസ്വദിക്കാൻ പറ്റുന്ന മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങൾ! അതെന്താ? അതാണ്‌ കഥ.

2005 ൽ മലപ്പുറം ജില്ലയിലെ തിരൂരിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ഉദ്ഘാടനഘോഷയാത്ര നടക്കുകയാണ്. ഞങ്ങൾ, അതായത് ഞാനും അമ്മയും പിന്നെ എന്റെ മേൽനോട്ടത്തിനു തൃശൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ഒരു അധ്യാപകനും അതൊക്കെ ആസ്വദിച്ച് പ്രധാന വേദിയുടെ അരികിൽ അങ്ങനെ നിൽക്കുന്നു. സമയം ഏതാണ്ട് നാലരയായിക്കാണും. എന്റെ മത്സരം 7 മണിക്കാണ്. ഐറ്റം കവിത. ഈ ഐറ്റം ഡാൻസ് എന്ന് കേട്ടിട്ടുണ്ട്. എന്താ ഈ ഐറ്റം കവിത എന്ന് ചിന്തിക്കുന്നവർക്കായി ഞാൻ വിശദമാക്കട്ടെ. മത്സര ഇനം സംസ്കൃതം കവിതാ രചന. ശെടാ! ഇവൻ ഇതെപ്പോ കവിതയൊക്കെ എഴുതിത്തുടങ്ങി? അതും സംസ്കൃതത്തിൽ! അതറിയാൻ എന്റെ 'രണ്ടു മിനിറ്റിൽ എങ്ങനെ കവിതയെഴുതാം' എന്ന പോസ്റ്റ്‌ വായിച്ചാൽ മതി. അപ്പൊ പറഞ്ഞു വന്നത്, വണ്ടിയൊന്നും കിട്ടാനില്ല. എങ്ങനെ കിട്ടും? കിലോമീറ്ററുകളോളം നീളത്തിൽ റോഡ്‌ മൊത്തം കുട്ടികൾ കയ്യടക്കിയിരിക്കുകയല്ലേ. എന്നാലും ടെൻഷൻ ഇല്ല. ഒന്നാമത് ഏഴു മണി വരെ സമയം ഉണ്ട്. രണ്ടാമത് അഞ്ച് മണിക്ക് ഘോഷയാത്ര അവസാനിക്കും. മത്സരം നടക്കുന്ന വേദിയിലേക്ക് അഞ്ചാറു കിലോമീറ്റർ ദൂരമേയുള്ളൂ. ഒരു ഓട്ടോ പിടിച്ചാൽ അര മണിക്കൂർ കൊണ്ട് അങ്ങ് എത്താം.അങ്ങനെ അഞ്ച് മണിയായി. ഉദ്ഘാടന സമ്മേളനം തുടങ്ങി. മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള പ്രമുഖർ എത്തിയിട്ടുണ്ട്. പക്ഷേ, ഘോഷയാത്ര അവസാനിക്കുന്നില്ല! അതിങ്ങനെ വന്നു കൊണ്ടിരിക്കുകയാണ്. ആ വലിയ മൈതാനം ജനങ്ങളെക്കൊണ്ട് നിറഞ്ഞു തുടങ്ങി. വാഹന ഗതാഗതം പോയിട്ട് ഒരു വാഹനം പോലും റോട്ടിലൊന്നും ഇല്ല. "കുറച്ചു നടക്കാം. അപ്പോഴേക്കും ഇത് തീരുമായിരിക്കും" കൂടെയുള്ള ലത്തീഫ് മാഷിന്റെ നിർദേശം. അങ്ങനെ ഞങ്ങൾ നടപ്പ് തുടങ്ങി.

ഘോഷയാത്ര അറ്റം കാണാത്ത വിധം നീണ്ട് കിടക്കുന്നു. ആ തിരക്കിലൂടെ ഒരു കിലോമീറ്ററിൽ ഏറെ നടന്നു കാണും. സമയം അഞ്ചര കഴിഞ്ഞു. ഇപ്പൊ ചെറിയേ ഒരു ടെൻഷൻ ഉണ്ടോ എന്ന് ഒരു സംശയം. നടപ്പ് വേഗത്തിലാക്കി. പുതിയ പുതിയ കാഴ്ചകൾ വന്നു കൊണ്ടേയിരിക്കുന്നു.ഇപ്പൊ ആസ്വാദനം ഒന്നും ഇല്ല. മനുഷ്യനെ മെനക്കെടുത്തുന്ന ഈ പരിപാടി അവസാനിച്ചാൽ മതിയെന്നായി. എത്ര ദൂരം പിന്നിട്ടു എന്ന് തീർച്ചയില്ല. നാട്ടുകാരോട് വഴി ചോദിച്ചു ചോദിച്ചാണ് നടപ്പ്. അവസാനം ഘോഷയാത്രയുടെ വാൽ കടന്നു പോയപ്പോൾ ഒരു ആറരയായി. പിടിച്ചതിനേക്കാൾ വലുത് അളയിൽ എന്ന് പറഞ്ഞ പോലെയായി പിന്നത്തെ കഥ. അതാ ഒരായിരം വാഹനങ്ങൾ അണിനിരക്കുന്ന ഘടാഘടിയൻ ട്രാഫിക് ബ്ലോക്ക്‌. വണ്ടിയിൽ കയറി ബാക്കി ദൂരം പോകാം എന്നത് അതിമോഹമാണ് എന്ന് ചുരുക്കം. പക്ഷേ, പിന്മാറാൻ പറ്റില്ലല്ലോ. ഞാൻ കാരണം മത്സരം അഞ്ച് മിനിറ്റ് പോലും ലേറ്റ് ആകാൻ പാടില്ലെന്ന് എനിക്ക് നിർബന്ധം ഉണ്ട്. ഞാൻ ചെറുപ്പം മുതൽക്കേ ആദർശങ്ങൾ  മുറുകെ പിടിക്കുന്ന കൂട്ടത്തിലാണ്. ഹോ, തൊട്ടടുത്ത തൃശൂർ ജില്ലക്കാരന് വേണ്ടി തിരുവനന്തപുരത്ത് നിന്നും വന്ന കുട്ടി വെയിറ്റ് ചെയ്യുക എന്ന് വെച്ചാൽ! അണ്‍സഹിക്കബിൾ! അങ്ങനെ കവിതയെഴുതാൻ തലയിൽ ശേഖരിച്ച ഊർജം മുഴുവൻ കാലുകളിൽ ആവാഹിച്ചു കൊണ്ട് ഞാൻ നടന്നു. മലപ്പുറം മറ്റൊരു രാത്രിയെ കൂടി വരവേറ്റു. സമയം ഏഴര. അയാം ദ സോറി. എത്തിയിട്ടില്ല. ഇനി ഒരു കിലോമീറ്റർ കൂടി ഉണ്ട്. നമുക്ക് തോന്നുന്ന രീതിയിൽ വളച്ചൊടിക്കാൻ പാകത്തിനാണല്ലോ ദൈവം ഈ ആദർശങ്ങൾ ഒക്കെ സൃഷ്ടിച്ചിരിക്കുന്നത്. അത് കൊണ്ട്, വലിയ വലിയ ആൾക്കാർക്ക് വേണ്ടി മറ്റുള്ളവർ കാത്തിരിക്കുന്നത് അത്ര വലിയ കാര്യം ഒന്നും അല്ല എന്ന ആദർശം മുറുകെ പിടിച്ചു കൊണ്ട് ഞങ്ങൾ നടപ്പ് തുടർന്നു! കിതച്ചിട്ടാണോ തളർന്നിട്ടാണോ ടെൻഷൻ അടിച്ചിട്ടാണോ എന്നറിയില്ല അമ്മ, "ഹോ, അമ്മേ, ഹോവ് അയ്യോ" എന്നൊക്കെ പറയുന്നുണ്ട്. സാറും ഞാനും ശക്തിയായി ശ്വാസം എടുത്തു കൊണ്ട് ഹൊ! ഹു! ഹൊ! ഹു! എന്ന് മാത്രമേ പറയുന്നുള്ളൂ. രാവിലെ പതിനൊന്ന് മണിക്ക് ഭക്ഷണം കഴിച്ചതാണ്. നടപ്പിനിടയിൽ വാങ്ങിച്ചു കുടിച്ച കുപ്പി വെള്ളത്തിന്റെ പിൻബലത്തിലാണ് ഈ പ്രയാണം. ഒടുവിൽ ആ മുഹൂർത്തം സമാഗതമായി! നടന്ന് തളർന്ന് കുഴഞ്ഞ് അങ്ങനെ എട്ട് അഞ്ചിന് ഞങ്ങൾ മത്സരം നടക്കുന്ന സ്കൂളിൽ എത്തി. ഹാവൂ!

ഇരുട്ട്! നിശബ്ദത!
എന്ത് മനസ്സിലായി? ജന്മനാ കേഡിയായ എന്നെ കണ്ട് അവിടുത്തെ ആളുകളുടെ കണ്ണിൽ ഇരുട്ട് കയറി, തൊണ്ടയിലെ വെള്ളം വറ്റി എന്ന് വിചാരിച്ചോ? ഓ മൈ സില്ലി ഫാൻസ്‌!!! അങ്ങനെയൊക്കെ സംഭവിക്കേണ്ടതാണ്. പക്ഷേ, ഇരുട്ട് കയറിയത് എന്റെ കണ്ണിൽ തന്നെയാണ്. നിശബ്ദത! കൂരിരുട്ട്! അതായത്, മത്സരം നടക്കുന്ന സ്കൂളിലേക്ക് ഞങ്ങൾ പ്രവേശിക്കുമ്പോൾ അവിടെ മൊത്തം കൂരിരുട്ട്. ആരുടേയും ഒച്ചയും അനക്കവും ഒന്നും കേൾക്കാനില്ല. എന്താ കാരണം? എനിക്ക് സ്കൂൾ മാറിപ്പോയി എന്ന് നിങ്ങൾക്ക് തോന്നിയത് പോലെ ഞങ്ങൾക്കും തോന്നി. യുവജനോത്സവത്തിന്റെ മത്സരക്രമം നൽകിയിട്ടുള്ള നോട്ടീസിൽ വീണ്ടും നോക്കി. സ്കൂളിന്റെ പേരും, തിയതിയും ഒക്കെ ഓക്കെ. പിന്നെന്ത് പറ്റി? എന്ത് കുന്തമെങ്കിലും ആവട്ടെ. കിതപ്പ് മാറ്റാൻ അടുത്തുള്ള ഒരു മരത്തിന്റെ അരമതിലിൽ ഇരുന്നു. കുറച്ചു കഴിഞ്ഞ് കിതപ്പോക്കെ മാറിയപ്പോഴാണ്, കാര്യങ്ങളുടെ കിടപ്പൊക്കെ മനസ്സിലായത്. റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചം വല്ലപ്പോഴും മതിലിനുള്ളിലേക്ക് കടന്നു വരുന്നുണ്ട്. സൂക്ഷിച്ചു നോക്കിയാൽ ചില മനുഷ്യരൂപങ്ങൾ കൂടി അടുത്തുണ്ടെന്നു മനസിലാകും. ക്രമേണ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. തിരുവനതപുരം മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിൽ നിന്നുള്ള കുട്ടികളും, അവരുടെ രക്ഷിതാക്കളും അധ്യാപകരും ആ പരിസരത്തുണ്ട്. അതിൽ ഉച്ചയ്ക്ക് എത്തിയവർ മുതൽ എനിക്ക് ശേഷം വന്നവർ വരെയുണ്ട്. പക്ഷേ, മത്സരം നടത്താനുള്ള ആളുകളോ, യുവജനോത്സവത്തിന്റെ ഒരു ബാനറോ, ഒരു മെഴുകുതിരി വെട്ടം പോലും സ്കൂളിൽ ഇല്ല. തിരക്കിനിടയിൽ, വേണ്ടപ്പെട്ടവർ ഇവിടെ മത്സരം ഉള്ള കാര്യം മറന്നു പോയി! ഒരു സംസ്ഥാന യുവജനോത്സവത്തിന്റെ ഫസ്റ്റ് ഇമ്പ്രെഷൻ! നല്ല ബെസ്റ്റ് ഇമ്പ്രെഷൻ!

പിന്നെ എന്ത് സംഭവിച്ചു? നമ്മളൊക്കെ ഒന്നുമില്ലെങ്കിലും മലയാളികളല്ലേ ഡ്യൂഡ്‌സ് ? വേറെ ആരെങ്കിലും പരിഹാരം ഉണ്ടാക്കും എന്ന് വിചാരിച്ച് എല്ലാവരും അങ്ങനെ തന്നെ ഇരുന്നു. ഇപ്പൊ ടെൻഷൻ ഒന്നും ഇല്ല കേട്ടോ. ഞാൻ എഴുതിയില്ലെങ്കിലും കുഴപ്പമില്ല. വേറെ ആരും എഴുതാതിരുന്നാ പോരെ? അല്ല പിന്നെ! ഊണൊക്കെ കഴിച്ച് വീടിന്റെ മുറ്റത്തിരുന്നു നാട്ടുവിശേഷങ്ങൾ പറയുന്ന പോലെ, ആ സ്കൂൾ മുറ്റത്തിരുന്നു നമ്മുടെ ലത്തീഫ് മാഷിനോട് സ്കൂൾ വിശേഷങ്ങളും നാട്ടു വിശേഷങ്ങളും ഒക്കെ പറഞ്ഞു. ഊണ് കഴിച്ചത് രാവിലെയാണ് എന്ന വ്യത്യാസം മാത്രം. സമയം ഒരു ഒമ്പതര ആയിക്കാണും.
ഞാൻ നോക്കുമ്പോ, ഗേറ്റിനു പുറത്ത് ഒരാൾക്കൂട്ടം. എന്ത് സംഭവിച്ചു കാണും? നമ്മളൊക്കെ ഒന്നുമില്ലെങ്കിലും വീണ്ടും മലയാളികളല്ലേ ഡ്യൂഡ്‌സ് ? ഒരാൾക്കൂട്ടം കണ്ടാൽ ഒരു കാര്യമില്ലെങ്കിലും ഒന്ന് എത്തി നോക്കണ്ടേ? അങ്ങനെ എത്തി നോക്കി എത്തി നോക്കി ആ ആൾക്കൂട്ടം അങ്ങ് വലുതായി. ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അതിനിടയിൽ നിന്നും ഒരു മുദ്രാ വാക്യം ഉയർന്നു.
" ഇങ്ക്വിലാബ് സിന്ദാബാദ്!"
അതേ, പെരുവഴിയിലായ കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രശ്നം പാർട്ടി (ഇടതു പക്ഷം) ഏറ്റെടുത്തിരിക്കുന്നു. മറ്റു നൂറു കണ്ഠങ്ങൾ അതേറ്റു വിളിച്ചു.
 " ഇങ്ക്വിലാബ് സിന്ദാബാദ്!"
സമയം രാത്രി പത്തു മണി. സ്ഥലം മലപ്പുറം ജില്ലയിലെ ഏതോ സ്ഥലം. ഐറ്റം കവിത. എപ്പോ?
മുദ്രാവാക്യം വിളി ഉച്ചസ്ഥായിയിൽ എത്തി.
" ഇങ്ക്വിലാബ് സിന്ദാബാദ്!"
" ഇങ്ക്വിലാബ് സിന്ദാബാദ്!"

(തുടരും...)

എല്ലാ അനുജന്മാർക്കും അനിയത്തിമാർക്കും വിജയാശംസകൾ...

അവസാന ഭാഗം ഇവിടെ.

Tuesday, 16 December 2014

മൂന്നു കുട്ടിക്കഥകൾ...

ആട്ടിൻ തോലിട്ട സദാചാര ചെന്നായ
ആസക്തി തീർക്കാൻ ഇറങ്ങിയ രാത്രിയിൽ
ആളെ തിരിച്ചറിയാതെ മറ്റു ചെന്നായ്ക്കൾ
ആക്രമിച്ച് അവശനാക്കിക്കളഞ്ഞു
ആ ചെന്നായ ഇന്ന് ചുംബനസമരത്തിന്റെ
ആഗോള നേതാവാണ്‌!!!

**********************

സുന്ദരിയുടെ ചുണ്ടുകൾ നുണയവേ 
മറ്റൊരുത്തന്റെ മുടിയിൽ പിടിച്ച് 
പരിസരം മറന്നു ചുംബിക്കുന്നവളെ അയാൾ കണ്ടു 
അത് അയാളുടെ ഭാര്യയാണെന്നു 
ബോധോദയം ഉണ്ടായ നിമിഷം 
അയാൾ ആർഷഭാരത സംസ്കാരത്തിന്റെ 
ആട്ടിൻ തോലണിഞ്ഞു.

**********************

സ്വർഗീയ ടീവിയിൽ ലൈവ് ടെലികാസ്റ്റ് 
കണ്ടു കൊണ്ടിരിക്കേ നാണുഗുരു 
ദു:ഖിതനായി.
ഗാന്ധിജിയും ബുദ്ധനും ദേവേന്ദ്രനും 
കാരണം കണ്ടെത്താനാവാതെ ദുഖിച്ചു. 
സ്വർഗത്തിൽ ഇരുട്ട് പരന്നു.
ഉടനേ, അഴീക്കോട്‌ മാഷും കൃഷ്ണയ്യരും 
വട്ട മേശയിട്ട് ചർച്ച നടത്തി.
ചർച്ചക്കൊടുവിൽ 
മലയാളം ന്യൂസ്‌ ചാനൽ പാക്കേജ് 
അണ്‍ സബ്സ്ക്രൈബ് ചെയ്തു.
ഗുരു ചിരിച്ചു. 
ഗാന്ധിജിയും ബുദ്ധനും ചിരിച്ചു.
സ്വർഗത്തിൽ പ്രകാശം പരന്നു!

ശുഭം!

Sunday, 2 November 2014

മരണമെത്തുന്ന നേരത്ത്...

"അളിയാ, മറ്റേ പുലി അയാളെ കൊല്ലുന്ന വീഡിയോ കണ്ടോ?" അത്താഴം കഴിക്കുന്നതിനിടയിൽ സഹമുറിയന്റെ അന്വേഷണം. ഡൽഹിയിലെ മൃഗശാലയിൽ വെള്ളക്കടുവ ഒരാളെ കടിച്ചു കൊന്നതിനെക്കുറിച്ചാണ് ചോദ്യം. "വാർത്ത വായിച്ചു. വീഡിയോ പ്ലേ ചെയ്തില്ല" ഞാൻ പറഞ്ഞു. പക്ഷേ, അന്ന് കൂടുതലും ഞാൻ ചിന്തിച്ചത് അതിനെ കുറിച്ചായിരുന്നു. അരവിന്ദ് അഡിഗയുടെ 'The White Tiger' നെ കുറിച്ചും മഹാഭാരതത്തിലെ യക്ഷ പ്രശ്നത്തെ കുറിച്ചും. പക്ഷേ, അതും ഇതും മറ്റേതും തമ്മിൽ ക്യാ കണക്ഷൻ? 

 മഹാഭാരതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭാഗങ്ങളിൽ ഒന്നാണ് യക്ഷപ്രശ്നം. ആ കഥ കേൾക്കാത്തവർക്കായി ഒന്ന് ചുരുക്കി പറയാം.

"സ്റ്റോപ്പ്‌ സ്റ്റോപ്പ്‌. ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു പറഞ്ഞു തീർന്നതല്ലേയുള്ളൂ. അപ്പോഴേക്കും വേണോ അടുത്ത പുരാണം? താൻ ഒരു പഴഞ്ചൻ ആണെന്ന് വായനക്കാർ തെറ്റിദ്ധരിക്കും മിസ്റ്റർ."

"നോ മാൻ. ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു ഒരു കോമഡി സ്കിറ്റ് ആയിരുന്നു. ഇത് പക്ഷേ, ധാർമികതയും അറിവും തത്വചിന്തയും ഒക്കെ ഒത്തു ചേർന്ന ഒരു പുണ്യ പുരാണ നാടകമാണ് ഹേ! മാത്രമല്ല പുട്ടിനു പീര പോലെ, നോവലും കവിതയും ഒക്കെ കുത്തിത്തിരുകിയിട്ടുമുണ്ട്."

"തനിക്ക് അത്ര വിശ്വാസമാണെങ്കിൽ നാടകം തുടരട്ടെ..."

ഈശ്വരോ രക്ഷതു!

വനവാസ കാലത്ത് ഒരിക്കൽ യുധിഷ്ഠിരന്റെ ദാഹമകറ്റാൻ നകുലൻ വെള്ളം അന്വേഷിച്ച് പോയി. കുറച്ചകലെ അദ്ദേഹം മനോഹരമായ ഒരു പൊയ്ക കണ്ടെത്തുകയും ചെയ്തു. പക്ഷേ, വെള്ളം എടുക്കുന്നതിൽ നിന്നും ഒരു കൊക്ക് അവനെ തടഞ്ഞു. തന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ വെള്ളം എടുത്തു കുടിച്ചാൽ പിന്നെ ജീവനോടെ കാണില്ല എന്നൊരു ഭീഷണിയും. ഒരു കൊക്കിന്റെ ഭീഷണി, അതും പഞ്ചപാണ്ഡവന്മാരിൽ ഒരാളായ നകുലനോട്! നകുലൻ അത് അവഗണിച്ച് വെള്ളം കുടിക്കുകയും അവിടെ തന്നെ മരിച്ചു വീഴുകയും ചെയ്തു. നകുലനെ അന്വേഷിച്ചു വന്ന സഹദേവനും പിന്നെ വന്ന അർജുനനും ഭീമനും ഇത് തന്നെ സംഭവിച്ചു. ഒടുവിൽ യുധിഷ്ഠിരനും എത്തി കുളക്കരയിൽ. വെള്ളം കൊണ്ട് വരാൻ പോയ അനുജന്മാർ വെള്ളമടിച്ചു വടിയായി കിടക്കുന്നു! നമ്മുടെ യുധി ചുറ്റും നോക്കി. അതാ ഒരു കൊക്ക്. കൂടെ, നേരത്തേ പറഞ്ഞ അതേ ഭീഷണിയും. യുധി പറഞ്ഞു, "എന്റെ അനുജന്മാരെ കൊല്ലാൻ മാത്രം ശക്തിയുള്ള അങ്ങ് കേവലം ഒരു കൊക്കല്ല എന്ന് മനസ്സിലായി. ദയവായി, സത്യം വെളിപ്പെടുത്തണം". താൻ ഒരു യക്ഷനാണ് എന്ന് കൊക്ക് മറുപടി കൊടുത്തു. യുധിഷ്ഠിരൻ ഉത്തരങ്ങൾ പറയാൻ തയ്യാറായി. പിന്നീടു യക്ഷൻ ചോദിച്ച ചോദ്യങ്ങളും യുധിഷ്ഠിരൻ നല്കിയ മറുപടികളും ആണ് 'യക്ഷപ്രശ്നം' എന്നറിയപ്പെടുന്നത്. ശാസ്ത്രവും തത്വചിന്തയും യുക്തിയും ഇടകലർന്ന യുധിഷ്ഠിരന്റെ മറുപടികൾ സഹസ്രാബ്ദങ്ങൾക്കിപ്പുറവും പ്രസക്തമായി നിലകൊള്ളുന്നു എന്നതാണ് യക്ഷപ്രശ്നത്തെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഉദാഹരണത്തിന്, പുല്ലിനേക്കാൾ അധികം ഉള്ളത് എന്ത്? ആകാശത്തേക്കാൾ ഉയരം ആർക്ക്? രോഗിയുടെ സുഹൃത്ത് ആര്?  അങ്ങനെയങ്ങനെ നിരവധി ചോദ്യങ്ങൾ. യുധിഷ്ഠിരന്റെ സുചിന്തിതമായ ഉത്തരങ്ങൾ... ആരണ്യ പർവത്തിലാണ് ഈ ഭാഗം ഉൾപ്പെടുന്നത്.കഴിയുമെങ്കിൽ കണ്ടെത്തി വായിക്കാൻ ശ്രമിക്കൂ. യക്ഷപ്രശ്നത്തിൽ  എനിക്കേറ്റവും ഇഷ്ടപ്പെട്ട ചോദ്യത്തിനെ അന്ന് മുഴുവൻ ഞാൻ കേഡിക്കണ്ണുകളിലൂടെ നോക്കുകയായിരുന്നു.

ക: ആശ്ചര്യ:?                       ആശ്ചര്യം എന്താണ്?                         What is Wonder ?

ഒന്നോർത്തു നോക്കിയാൽ എന്തോരം ആശ്ചര്യങ്ങളാ നമുക്ക് ചുറ്റും.
പിരമിഡ് മുതൽ ബുർജ് ഖലീഫ വരെ.
മഞ്ഞു തുള്ളി മുതൽ നയാഗ്ര വെള്ളച്ചാട്ടം വരെ.
ജോർജ് ക്ലൂണി മൂന്നാമതും പെണ്ണ് കെട്ടിയത് മുതൽ ഐശ്വര്യാ റായിയുടെ പ്രസവം വരെ... നമ്മുടെയൊക്കെ കാര്യം, കഷ്ടം തന്നെ മൊതലാളീ, കഷ്ടം തന്നെ!

യുധിഷ്ഠിരന്റെ ആശ്ചര്യം ഇതായിരുന്നു.

 അഹന്യഹനി ഭൂതാനി ഗച്ഛന്തീഹ യമാലയം|
ശേഷാ: സ്ഥാവരമിച്ഛന്തി കിമാശ്ചര്യമത: പരം||

 കാലം കൈ കൂപ്പി നിൽക്കുന്ന, ധർമപുത്രന്റെ മറുപടി:
"ദിവസേന ജീവജാലങ്ങൾ യമലോകത്തേക്ക് യാത്രയാവുന്നു. ശേഷിക്കുന്നവർ മരണമില്ലാത്തവരായിരിക്കാൻ  ആഗ്രഹിക്കുന്നു. ഇതിൽപരം ആശ്ചര്യം എന്താണ്?"

ശരിയല്ലേ, ഇതിൽപരം ആശ്ചര്യം എന്താണ്? വർഷങ്ങൾ, നൂറ്റാണ്ടുകൾ എത്രയോ പെയ്തൊഴിഞ്ഞു. കാലമെത്രയോ പുരോഗമിച്ചു. പക്ഷേ, മരണമെന്ന മഹാസത്യം തലയുയർത്തി നിൽക്കുമ്പോഴും, മരിക്കാതിരുന്നെങ്കിൽ എന്ന് ഒരു വട്ടമെങ്കിലും ആഗ്രഹിക്കാത്തവർ ആരുണ്ട്? യുധിഷ്ഠിരന്റെ മറുപടികളിൽ സന്തുഷ്ടനായ യക്ഷൻ, വെള്ളം കുടിക്കാനുള്ള അനുവാദത്തോടൊപ്പം ഒരു സഹോദരനെ ജീവിപ്പിക്കാനുള്ള ഓഫറും കൊടുത്തു. ആരായാലും കണ്‍ഫ്യുഷൻ ആയിപ്പോകും. ഭീമനെ വേണോ അതോ അർജുനനെ മതിയോ എന്ന കണ്‍ഫ്യുഷൻ. അതവിടെ നിൽക്കട്ടെ!

അരവിന്ദ് അഡിഗയുടെ 'The White Tiger' വായിച്ചപ്പോഴാണ് ഞാൻ വെള്ളക്കടുവയെ കുറിച്ച് ആദ്യമായി ചിന്തിക്കുന്നത്.
ഇന്ത്യ സന്ദർശിക്കാൻ വരുന്ന ചൈനീസ് പ്രധാനമന്ത്രിക്ക് കഥാനായകൻ എഴുതുന്ന കത്തിന്റെ രൂപത്തിലാണ് ആ നോവലിന്റെ അവതരണം. പൊറോട്ട കീറുന്നത് പോലെയാണ് ആ നോവൽ ഇന്ത്യയുടെ പ്രതിച്ഛായയെ കീറി മുറിക്കുന്നത്! ഓരോ പേജിലും വിമർശനം. ഘോരമായ വിമർശനം. എന്നിട്ടെന്താ? ആ വർഷത്തെ(2008) ബുക്കർ സമ്മാനം നല്കി സായ്പ്പന്മാർ അഡിഗയെ ആദരിച്ചു! മറ്റൊന്ന് കൂടി ചേർത്ത് വായിക്കണം. ഇന്ത്യയുടെ ചേരി മുഖം അനാവരണം ചെയ്ത 'സ്ലം ഡോഗ് മില്യണയർ' ആ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങൾ വാരിക്കൂട്ടുക കൂടി ചെയ്തു. ഇന്ത്യയെ കുറ്റം പറഞ്ഞാൽ സായ്പ്പന്മാർക്ക് സന്തോഷം ആവും എന്ന് ചുരുക്കം! പക്ഷേ, ചായപ്പീടികയിലോ കവലയിലോ നിന്ന് കുറ്റം പറഞ്ഞാൽ പോരാ. ലോകത്തിനു മുമ്പിൽ ചെന്ന് നിന്ന് കാര്യകാരണസഹിതം ഉറക്കെ വിളിച്ചു പറഞ്ഞു നാറ്റിക്കണം. അവാർഡ്‌ എപ്പോ കിട്ടി എന്ന് ചോദിച്ചാൽ മതി. 
അപ്പൊ, പറഞ്ഞു വന്നത്... വൈറ്റ് ടൈഗർ.
ആ നോവലിലെ, കേന്ദ്ര കഥാപാത്രം ബൽറാം, സ്വയം ഒരു വെള്ളക്കടുവ എന്നാണ് വിശേഷിപ്പിക്കുന്നത്. അയാളുടെ വ്യക്തിത്വം ഒരു വെള്ളക്കടുവയുടേത് പോലെ വ്യത്യസ്തമാണ് എന്ന് അയാൾ കരുതുന്നു. ജീനിലെ മാറ്റം മൂലം, ഓറഞ്ച് നിറം നൽകുന്ന പദാർത്ഥം ശരീരത്തിൽ ഇല്ലാതെ വരുമ്പോഴാണ് ഒരു വെള്ളക്കടുവ ജനിക്കുന്നത്. ആയിരക്കണക്കിന് കടുവകളിൽ ഒന്ന് മാത്രം അങ്ങനെ വെള്ളക്കടുവയായിത്തീരുന്നു. കടുവകൾ തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, ഒരു വെള്ളക്കടുവയായിരിക്കുക എന്നത് എത്ര അപൂർവതയാണ്, അല്ലെ?  


അങ്ങനെ അപൂർവങ്ങളിൽ അപൂർവമായ ഒരു കടുവയുടെ കടിയേറ്റ് മരിക്കുക എന്ന് വെച്ചാൽ! മരിക്കാതിരിക്കുക എന്നാ ആഗ്രഹത്തോളം തന്നെ ആശ്ചര്യജനകമാണ് ചില മരണങ്ങളും. അന്ന് മുഴുവൻ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു! ഒരു വെള്ളക്കടുവയുടെ കടിയേറ്റുള്ള മരണം ഒരാളുടെയും വന്യമായ സങ്കൽപ്പങ്ങളിൽ പോലും ഉണ്ടാകാനിടയില്ല. ഉവ്വോ? എന്നിട്ടും ആ പാവം മനുഷ്യൻ, സഹജീവികളുടെ ക്യാമറകൾക്ക് വിരുന്നൊരുക്കി ഒരു വെള്ളക്കടുവയ്ക്ക് കഴുത്ത് നീട്ടി... ഞാൻ എങ്ങനെ ചിന്തിക്കാതിരിക്കും? അല്ല, പറഞ്ഞിട്ട് കാര്യമില്ല. പണിയൊന്നും ചെയ്യാതെ ഓഫീസിൽ കുത്തിയിരുന്നാൽ ഇതല്ല ഇതിനപ്പുറവും തോന്നും!

അതുകൊണ്ട് നമുക്കൊരു യൂ ടേണ്‍ എടുത്ത് യക്ഷന്റെ അടുത്തേക്ക് മടങ്ങാം. യുധി പറഞ്ഞു: "അങ്ങ് നകുലനെ ജീവിപ്പിച്ചാലും". 
"ബട്ട്‌ വൈ?" നമ്മളെ പോലെ യക്ഷനും ചോദിച്ചു. ഭീമനെയും അർജുനനെയും വേണ്ടെന്നു വെക്കാൻ എന്താണ് കാരണം? 
"പാണ്ഡുവിന് കുന്തിയിൽ പിറന്ന മകനായി ഞാൻ ജീവിച്ചിരിപ്പുണ്ട്. മാദ്രിയിൽ പിറന്ന നകുലനാണ് ഇനി ജീവിക്കേണ്ടത്. അല്ലാതെ കഴിവിന്റെയും കരുത്തിന്റെയും അളവ് വെച്ച് അനുജനെ തിരഞ്ഞെടുക്കുന്നത് ധർമമല്ല". (പഞ്ചപാണ്ഡവൻമാരിൽ ആദ്യത്തെ മൂന്നു പേർ കുന്തിയുടെ മക്കളാണ്. നകുല സഹദേവന്മാർ മാദ്രിയുടെയും. പാണ്ഡു മരിച്ചപ്പോൾ മാദ്രി ചിതയിൽ ചാടി മരിച്ചു. പിന്നെ കുന്തിയാണ് എല്ലാവരേയും വളർത്തിയത്.)
ഹാ! നാലനുജന്മാർ മരിച്ചു കിടക്കുമ്പോഴും സമചിത്തത വെടിയാതെ, സംശയലേശമന്യേ യുധിഷ്ഠിരന്റെ മറുപടി. എത്ര മഹത്തായ ചിന്ത! 
ഇത്ര മനോഹരവും മഹത്തരവുമായ കാഴ്ചപ്പാടുകൾ ലോകത്തിനു നൽകിയ ഋഷീശ്വരന്മാർക്ക് പ്രണാമം. വെറുതെയാണോ മാക്സ് മുള്ളറും റുഡോൾഫ് റോത്തും ഒക്കെ അടങ്ങാത്ത ആവേശത്തോടെ ഭാരതത്തിലേക്ക് എത്തിയത്? ഷേക്ക്‌സ്പിയറും ഷെല്ലിയും ജനിച്ച സ്ഥലങ്ങളിൽ മനുഷ്യവാസം ആരംഭിക്കുന്നതിനു മുന്നേ, മനുഷ്യസങ്കൽപ്പങ്ങളുടെ പരിധി അളന്നവരായിരുന്നു നമ്മുടെ പൂർവികർ. പക്ഷേ, പിന്നീടുള്ള വഴികളിൽ എവിടെയോ വച്ച് നാം നമ്മളെ മറന്നു. ഈ മറവിയാണ് ഭാരതം ഇന്ന് നേരിടുന്ന മൂല്യച്യുതിയുടെ ഒരു കാരണം. പറഞ്ഞു പറഞ്ഞു കാട് കയറിയപ്പോഴാണ് കണ്ടത്, ദാ കാട്ടിൽ നിൽക്കുന്നു യുധിഷ്ഠിരനും യമനും! "നിന്റെ അറിവിലും ധർമബോധത്തിലും ഞാൻ സന്തുഷ്ടനായിരിക്കുന്നു" യമൻ പറഞ്ഞു.
കൊച്ചു ഗോവിന്ദന് തെറ്റിപ്പോയി, യമനല്ല, യക്ഷനാണ് പറഞ്ഞത് എന്ന് തെറ്റിദ്ധരിച്ചവർക്ക് തെറ്റി! പറഞ്ഞത് യമൻ തന്നെ. യുധിഷ്ഠിരന്റെ പിതാശ്രീ! അപ്പൊ, യക്ഷനോ? യുധിഷ്ഠിരനെ പരീക്ഷിക്കാൻ കൊക്കിന്റെ/യക്ഷന്റെ വേഷം ധരിച്ചെത്തിയ സാക്ഷാൽ കാലനായിരുന്നു അത്. മകന്റെ അറിവിലും ധർമബോധത്തിലും അദ്ദേഹം സന്തുഷ്ടനായി. മരിച്ചു കിടന്ന നാലുപേരെയും ജീവിപ്പിച്ച് അനുഗ്രഹിച്ച് അദ്ദേഹം യാത്രയായി. 

കഥ കലാശ് ഹോ ഗയാ.

അതൊക്കെ ശരി. പക്ഷേ, ഈ ലേഖനത്തിന്റെ ഉള്ളടക്കവും ടൈറ്റിലും തമ്മിൽ വലിയ ബന്ധം ഒന്നും ഇല്ലല്ലോ മോനെ? 
ഓ, അത് ശരിയാണല്ലോ. ഇപ്പ ശരിയാക്കി തരാം!

"മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ 
ഇത്തിരി നേരം ഇരിക്കണേ.
കനലുകൾ കോരി മരവിച്ച വിരലുകൾ 
ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ..."
പക്ഷേ, ഒരു വെള്ളക്കടുവ കടിക്കുമ്പോൾ, ഹാർട്ട് അറ്റാക്ക്‌ വന്ന് പിടയുമ്പോൾ, വണ്ടി ഇടിക്കുമ്പോൾ, സുനാമി വരുമ്പോൾ... ആരാണ് പ്രിയതമയെ തലോടുന്നത്? അവളുടെ ഗന്ധം കലർന്ന ശ്വാസകണിക അവസാനമായി ഉള്ളിലേക്കെടുക്കുന്നത്? 
തൊട്ടടുത്തുള്ളപ്പോൾ ഒന്നു പുഞ്ചിരിക്കുക പോലും ചെയ്യാതെ, മരിക്കാൻ കിടക്കുമ്പോൾ സെന്റിമെന്റലാവുന്ന, നമ്മുടെ ആ സൈക്കോളജി! ആശ്ചര്യം തന്നെ!





Thursday, 9 October 2014

ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!

"ഉണ്ണ്യമ്മേ... ഉണ്ണ്യമ്മേ... കുടുമ്പിയെ ഞാൻ പിടിച്ചു!
 ഉണ്ണ്യമ്മേ... കുടുമ്പിയെ ഞാൻ പിടിച്ചു..."
 കുമ്പിടിയെ കയ്യോടെ പൊക്കിയ വിവരം പറയാൻ ഓടിയടുത്ത കേശവൻ നായർ ഞെട്ടി. പകച്ചു! ശുഭ്രവസ്ത്ര ധാരിയായി ദാ ഇരിക്കുന്നു കുമ്പിടി വീടിന്റെ ഉമ്മറത്ത്. "എന്താ കേശവാ?" കുമ്പിടി ചോദിച്ചു. കേശവൻ നായർ അറിയാതെ കൈ കൂപ്പി പോയി. അടുത്ത് വന്ന കേശവനെ നോക്കി കുമ്പിടി ജപിച്ചു.

"ജംബൂ ഫലാനി പക്വാനി
പതന്തി വിമലേ ജലേ
കപി കമ്പിത ശാഖാഭ്യാത് 
 ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!"



സാഹചര്യത്തിന് യോജിച്ച ഭീകര മന്ത്രം! കേശവൻ നായർ ബോധം കെട്ട് വീണു. രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ കുമ്പിടി കിതച്ചു. ആഹ്!
എന്തായിരുന്നു നമ്മുടെ കുമ്പിടി ജപിച്ച ഭീകര മന്ത്രം?
അതൊരു കഥയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു കഥ. അക്കഥയാണ് ഇക്കുറി.

ഭോജരാജാവിന്റെ കൊട്ടാരം. സദസ്സ് ഡെസ്പ്പടിച്ചിരിക്കുകയാണ്. തലേ ദിവസത്തെ ഹോംവർക്ക്‌ ആരും ചെയ്തിട്ടില്ല! എങ്ങനെ ചെയ്യും. അമ്മാതിരി ചോദ്യം അല്ലേ കൊടുത്തു വിട്ടത്. 'ക ഖ ഗ ഘ' എന്ന് അവസാനിക്കുന്ന ഒരു ശ്ലോകം തയ്യാറാക്കണം. ഇംഗ്ലീഷ് പരീക്ഷയിൽ തോറ്റ ടിന്റുമോൻ പറഞ്ഞത് പോലെ, പലരും പറഞ്ഞു "അണ്‍പോസ്സിബിൾ!". 

"ചെമ്പനീർ പൂക്കുന്നതായ് നിനക്കായ് " എന്ന വരി ആയിരുന്നെങ്കിൽ, പണ്ട് ഞാൻ എഴുതിയ കവിത മതിയായിരുന്നു.

"ഒരു സൈക്കിളിൽ പാട്ടും മൂളി വഴിവക്കിലേ
മാഞ്ചോട്ടിൽ ഞാൻ വന്നതോർമ്മയില്ലേ
അന്ന് ലവ് ലെറ്ററിൽ ഞാനെഴുതീ എന്റെ
ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്"

അതും അല്ലെങ്കിൽ അതിന്റെ അനുകരണമായ,

"ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
ഒരുവേള നിൻ നേർക്ക് നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞു എന്റെ
ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്"

എന്നോ എഴുതാമായിരുന്നു. (ഇത് പിന്നീട് ചലച്ചിത്ര ഗാനമായി എന്നോ, ഹിറ്റായി എന്നോ ഒക്കെ കേട്ടു!)

പക്ഷേ, ക ഖ ഗ ഘ എന്ന് പറയുമ്പോൾ??? നോ വേ! അപ്പോഴാണ്‌ നമ്മുടെ കാളിദാസൻ ക്ലാസ്സിലേക്ക്, അതായത് സദസ്സിലേക്ക് കടന്നു വന്നത്. "ഗുഡ് മോണിംഗ് രാജാവേ"
"മോണിംഗ്. മോണിംഗ്.  മണി പതിനൊന്നായി. എന്താ ലേറ്റ് ആയത്?"
"പത്തേകാലിന്റെ കുതിരവണ്ടി മിസ്സായി മൈ ലോർഡ്‌. പിന്നെ പത്തേ ഇരുപതിന്റെ കാളവണ്ടിയിലാ വന്നത്."
"ഹോം വർക്ക്‌ ചെയ്തിട്ടുണ്ടോ?"
 "ഞാൻ ഇന്നലെ ലീവ് ആയിരുന്നു യുവർ എക്സലൻസി"
"നോ എക്സ്ക്യൂസസ്. ഉത്തരം പറഞ്ഞിട്ട് ഇരുന്നാൽ മതി."
"ആയിക്കോട്ടെ! പക്ഷേ, ചോദ്യം എന്താണാവോ?"
"സമസ്യാ പൂരണം ആണ്. ക ഖ ഗ ഘ"
ഓഹോ. അപ്പോൾ അതാണ്‌ സംഗതി. സമസ്യാപൂരണം എന്ന് വച്ചാൽ, ചോദ്യകർത്താവ്‌ഒരു വരി തരും. ഒരു ശ്ലോകത്തിന്റെ അവസാന വരി. അതിനനുസരിച്ചുള്ള ആദ്യ മൂന്ന് വരികൾ തയ്യാറാക്കൽ ആണ് സമസ്യാപൂരണം. പക്ഷേ, ഒരു പ്രശ്നമുണ്ട്. പ്രൊജക്റ്റ്‌ പ്രസന്റേഷന്റെ സമയത്ത് H O D ചോദിക്കുന്ന പോലെ, ചോദ്യത്തിന് ഒരു ലോജിക്കും ഉണ്ടാവില്ല. പക്ഷെ ഉത്തരത്തിനു നല്ല ലോജിക് വേണം. അതാണതിന്റെ ബൂട്ടി! കാളിദാസന്റെ മനസ്സിന്റെ താളിയോലയിൽ നാലക്ഷരങ്ങൾ മിന്നി. ക ഖ ഗ ഘ.
ഓണ്‍ ദി സ്പോട്ടിൽ അദ്ദേഹം മറുപടി കൊടുത്തു.

"കാ ത്വം ബാലേ? കാഞ്ചന മാലാ 
കസ്യാ പുത്രീ? കനക ലതായാ 
കിം തേ ഹസ്തേ? താളീ പത്രം.
കാ വാ രേഖാ? ക ഖ ഗ ഘ!"

മലയാളം ഇങ്ങനെ:      
നീ ആരാണ് കുട്ടീ? കാഞ്ചന മാല.
ആരുടെ മകൾ? കനകലതയുടെ 
കയ്യിലെന്താ? താളിയോല.
എന്താ എഴുത്ത്? ക ഖ ഗ ഘ.

പെർഫെക്റ്റ്‌! ഉത്തരത്തിൽ നിന്നും ചോദ്യം ഉണ്ടാക്കിയ പോലെ ചേർന്നിരിക്കുന്ന വരികൾ! കാളിദാസന് മാത്രം പറ്റുന്നത്. സദസ്സ് എഴുന്നേറ്റു നിന്ന് കയ്യടിച്ചു. രാജാവ് 100 ഗോൾഡ്‌ കോയിൻ ഗിഫ്റ്റ് കൊടുത്തു. പിന്നെ രാജ്യകാര്യങ്ങളെ കുറിച്ച് ചർച്ച നടന്നു. ഈ സമയത്തൊക്കെ കുറേക്കൂടി സങ്കീർണ്ണമായ ഒരു സമസ്യ ആലോചിക്കുകയായിരുന്നു മിസ്റ്റർ. ഭോജൻ. ഒടുവിൽ രണ്ടു കിടിലോൽക്കിടിലൻ സമസ്യകൾ നമ്മുടെ ബഷീർ സ്റ്റൈലിൽ രാജാവ് കണ്ടെത്തി.
1) ടഡണ്ട ടണ്ടണ്ട ടഡണ്ട ടണ്ട!
2)  ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!
രണ്ടും ഹോം വർക്ക്‌ ആയി കൊടുത്തു വിട്ടു. സഭ പിരിയുമ്പോൾ, കാളിദാസൻ മെനഞ്ഞെടുക്കുന്ന ഭാവന എന്തായിരിക്കും എന്ന് മാത്രമായിരുന്നു രാജാവിന്റെ സംശയം...

പിറ്റേന്ന് പത്തേകാലിന്റെ വണ്ടിക്ക് തന്നെ എല്ലാവരും ഹാജരായി. രാജാവ്‌  ചോദിച്ചു " വല്ലതും നടന്നോ?". ടീച്ചർ ക്ലാസ്സിനോട് ചോദ്യം ചോദിക്കുമ്പോൾ കുട്ടികൾ എല്ലാം പഠിപ്പിസ്റ്റിനെ നോക്കുന്നത് പോലെ, സഹകവികൾ എല്ലാം കാളിദാസനെ നോക്കി. കാളിദാസൻ പറഞ്ഞു " ഒന്നും നടന്നില്ല മഹാരാജൻ. ചിലതൊക്കെ വീണു". കാളിദാസൻ സമസ്യ പൂരിപ്പിച്ചുവെന്നു രാജാവിന് മനസിലായി. "വീണതെന്താണെന്ന് കേൾക്കട്ടെ" രാജാവ്‌ ആവശ്യപ്പെട്ടു.

 "ജംബൂ ഫലാനി പക്വാനി
പതന്തി വിമലേ ജലേ
കപി കമ്പിത ശാഖാഭ്യാത് 
 ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!"

കുസൃതിയും ലോജിക്കും നിറഞ്ഞ ഒരു കുട്ടിക്കവിത!

കുരങ്ങൻ കുലുക്കുന്ന ചില്ലയിൽ നിന്ന് 
പഴുത്ത ഞാവൽ പഴങ്ങൾ 
 ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു എന്ന് 
നിർമലമായ വെള്ളത്തിലേക്ക് വീഴുന്നു.

ലളിതം. സുന്ദരം! അഞ്ചാം ക്ലാസിലെ സംസ്കൃത പാഠപുസ്തകത്തിന് നന്ദി പറഞ്ഞ് കുമ്പിടി ബാക്കിയുള്ള ചിക്കെൻ ഫ്രൈ അകത്താക്കാൻ പുറത്തേക്ക് യാത്രയായി.
പിൻകുറിപ്പ്: കഥ കഴിഞ്ഞു. ഇനിയും എന്താണാവോ നോക്കുന്നത്? ഓഹോ! രണ്ടാമത്തെ ഹോം വർക്കിന്റെ ഉത്തരം, അല്ലെ? അത് പിന്നെ പറയാം.
ടഡണ്ട ടണ്ടണ്ട ടഡണ്ട ടണ്ട!