Tuesday 12 May 2015

ചതിക്കല്ലേ മൊതലാളീ...!

ഈയിടെ ഫേസ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട ഒരു ബില്ലിന്റെ ചിത്രം കണ്ടു. അത് കണ്ടപ്പോൾ എന്റെ ധാർമികരോഷം ഉയർന്നു പൊങ്ങി ഒരു വരവങ്ങു വന്നു. മൈ ഗോഡ്! ഉടനെ തന്നെ മലബാർ ഗോൾഡിനെ തെറി വിളിച്ച് ഒരു പോസ്റ്റങ്ങ് പോസ്റ്റിയാലോ എന്ന് കരുതിയതാണ്. പിന്നെ ആലോചിച്ചപ്പോ തോന്നി വേണ്ടാന്ന്. വായിക്കുന്നവരുടെ കൂടി പ്രഷറ് കൂടും എന്നല്ലാതെ എന്ത് പ്രയോജനം? എന്നാപ്പിന്നെ ഇതിനെ കുറിച്ച് ഒന്നന്വേഷിച്ചിട്ട് കുറച്ച് ആധികാരികതയോടെ എഴുതാം എന്ന് കരുതി.

ഭാരതീയർക്ക് പൊതുവെയും, മലയാളിക്ക് പ്രത്യേകിച്ചും സ്വർണത്തോടുള്ള ഭ്രമം പ്രശസ്തമാണല്ലോ. കേവലം നിക്ഷേപം എന്ന നിലക്ക് അല്ല, സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും ജീവിതത്തിന്റെ തന്നെയും ഭാഗം എന്ന രീതിയിലാണ് നമ്മൾ സ്വർണം വാങ്ങുന്നത്. അതുകൊണ്ട് തന്നെയാണ് ഒരു തരി പൊന്ന് സ്വന്തമാക്കണമെന്നു ഏത് ഇല്ലായ്മകൾക്കിടയിലും സാധാരണക്കാരൻ ആഗ്രഹിക്കുന്നതും. എങ്കിലും നമ്മൾ ഇനിയും വേണ്ടത്ര ശ്രദ്ധ കൊടുക്കാത്ത ഒരു മേഖലയാണ് സ്വർണത്തിന്റെ ക്രയവിക്രയങ്ങൾ എന്ന് തോന്നുന്നു.
പലപ്പോഴും ആഭരണത്തിന്റെ വില യഥാർത്ഥ വിലയേക്കാൾ വളരെ കൂടുതൽ ആണെന്ന് അറിഞ്ഞിട്ടും, സെയിൽസ് മാന്റെ വിശദീകരണത്തിനു മുന്നിൽ കീഴടങ്ങേണ്ടി വരുന്നത്, അടിസ്ഥാനപരമായ അറിവുകളുടെ അഭാവം മൂലമാണ്. അതുകൊണ്ട് അത്യാവശ്യമായി സാക്ഷരത നേടേണ്ട ഒരു മേഖല കൂടിയാണിത്.

***************

നേരത്തെ പറഞ്ഞ ബില്ലിന്റെ ചിത്രം ചുവടെ കൊടുക്കുന്നു.



2.24 ഗ്രാം ഭാരമുള്ള ഒരു മോതിരത്തിന് വില 420 റിയാൽ.
സ്വർണ വില 139*2.24=311.36 റിയാൽ.
ബാക്കി എന്തൊക്കെയോ 108.64 റിയാൽ.
അതെന്താണെന്ന് ബില്ലിൽ ഒരിടത്തും രേഖപ്പെടുത്തിയിട്ടും ഇല്ല.  കാൽപ്പവന്റെ ഒരു മോതിരം സ്വന്തമാക്കാൻ ഒരു പാവം പ്രവാസി, സ്വർണ വിലയുടെ 35% അധിക തുക നല്കേണ്ടി വന്നു.

***************

എവിടെയാണ് നമ്മൾക്ക് തെറ്റ് പറ്റുന്നത്?

അതന്വേഷിച്ച് അധികമൊന്നും അലയേണ്ട കാര്യമില്ല. 'നിങ്ങളുടെ സമ്മതമില്ലാതെ നിങ്ങളെ വിഡ്ഢിയാക്കാൻ ആർക്കും കഴിയില്ല' എന്നു കേട്ടിട്ടില്ലേ? അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. നമ്മൾ സ്ഥിരമായി പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ, നമ്മുടെ സമ്മതത്തോടെ ആണെന്ന് മാത്രം. എന്ന് വച്ചാൽ, നമ്മുടെ അറിവില്ലായ്മ വിദഗ്ധമായി അവർ മുതലെടുക്കുന്നു. അതുകൊണ്ട്, ഗൂഗിളമ്മച്ചിയുടെ സഹായത്തോടെ ശേഖരിച്ച, സ്വർണാഭരണമേഖലയിലെ ചില അടിസ്ഥാനവിവരങ്ങൾ ഇവിടെ പങ്കുവെക്കട്ടെ.

പണിക്കൂലി: ഒരുപക്ഷേ സ്വർണവിപണിയിലെ ഏറ്റവും പ്രശസ്തമായ വാക്കായിരിക്കും പണിക്കൂലി. പക്ഷേ, നമ്മൾ ഏറ്റവും അധികം കബളിപ്പിക്കപ്പെടുന്ന ഒരു മേഖല കൂടിയാണ് ഇത്.
  • സ്വർണക്കട്ടിയെ ആഭരണം ആക്കി മാറ്റാൻ വേണ്ടി വരുന്ന ചെലവ് ആണ് പണിക്കൂലി. 
  • ഇത് നിശ്ചയിക്കാൻ പ്രത്യേകിച്ച് മാനദണ്ഡം ഒന്നും ഇല്ല. ആളും തരവും നോക്കി ഒരു കൂലിയങ്ങ് പറയും. അത്ര തന്നെ.
  • 5% മുതൽ 13% വരെയാണ് ആഭരണങ്ങളുടെ ഏകദേശ പണിക്കൂലി. 
  • സങ്കീർണമായ ചില ഡിസൈനുകൾക്ക് പണിക്കൂലി കൂടും. എങ്കിലും സാധാരണ ആഭരണങ്ങൾക്ക്‌ പതിമൂന്ന് ശതമാനത്തിനു മുകളിലുള്ള പണിക്കൂലി ആവശ്യപ്പെട്ടാൽ കബളിപ്പിക്കപ്പെടുന്നു എന്നുറപ്പ്.
  • ചില ജ്വല്ലറികൾ ആഭരണത്തിൽ തൂക്കവും പണിക്കൂലിയും ഒക്കെ രേഖപ്പെടുത്തിയ പ്രൈസ് ടാഗ് ചേർക്കാറുണ്ട്. പണിക്കൂലി കൂട്ടി ചോദിക്കുന്നില്ല എന്ന് ഉറപ്പു വരുത്താൻ ആണത്രേ ഇത്. പക്ഷേ, പ്രൈസ് ടാഗിൽ ഉള്ള പണിക്കൂലി ഓൾറെഡി (മലയാളം എന്തരാണോ എന്തോ!) കൂടുതലല്ലെന്നു എന്ത് ഉറപ്പ്?
അതുകൊണ്ട്, സെയിൽസ്മാനോട് പണിക്കൂലി ചോദിച്ചു മനസ്സിലാക്കേണ്ടതും, വാങ്ങുന്ന ആഭരണം അത്രയും പണിക്കൂലി അർഹിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതും നമ്മുടെ ബാധ്യതയാണ്.

പണിക്കുറവ് : ഇതൊക്കെ നമ്മളെത്ര കേട്ടിരിക്കുന്നു അല്ലേ?!
  • ആഭരണം ഉണ്ടാക്കുന്നതിനിടയിൽ നഷ്ടപ്പെട്ടു പോകുന്നു എന്ന് പറയപ്പെടുന്ന സ്വർണത്തിന്റെ പൈസയും ഉപഭോക്താവിൽ നിന്ന് ഈടാക്കുന്നു. അതായത്, സ്വർണം ഉരുക്കുമ്പോഴും മുറിക്കുമ്പോഴും ഒക്കെ നഷ്ടമാകുന്ന സ്വർണത്തരികളുടെ വില. ഇതാണ് പണിക്കുറവ്. 
  • ഇതിനും പ്രത്യേകിച്ച് മാനദണ്ഡം ഒന്നും ഇല്ല. 3% മുതൽ 20% വരെ പണിക്കുറവ് ഈടാക്കുന്നവരുണ്ട്. 
  • തട്ടാൻ നഷ്ടപ്പെടുത്തുന്ന സ്വർണത്തിന് വില കൊടുക്കേണ്ടത് നമ്മളല്ലെന്ന് ഈ മേഖലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഓരോ തരി സ്വർണവും വീണ്ടെടുക്കാൻ തട്ടാന് കഴിയും എന്നതാണ് സത്യം. അല്ലാതെ ഇരുപത് ശതമാനം സ്വർണം പണിസ്ഥലത്ത് നഷ്ടപ്പെടുത്താൻ തട്ടാനെന്താ വട്ടുണ്ടോ?!
  • അതുകൊണ്ടാണ് ഇപ്പോൾ പല ജ്വല്ലറികളും പണിക്കുറവു ഈടാക്കാത്തത്. ഇത്രേം കാലം കൊടുത്ത പണിക്കുറവ് ഓർത്ത് കരഞ്ഞിട്ട് നോ ഫൽ!
കാരറ്റ് (Karat ) : സ്വർണത്തിന്റെ ശുദ്ധത അളക്കുന്ന ഏകകമാണ് കാരറ്റ്.
  • 99.9 ശതമാനം ശുദ്ധമായ സ്വർണത്തെ (തങ്കം)  24 കാരറ്റ് എന്ന് പറയുന്നു.
  • 916 അഥവാ 22 കാരറ്റ്: ആഭരണങ്ങൾ നിർമിക്കാൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് 22 കാരറ്റ് സ്വർണം ആണ്. പരിശുദ്ധമായ സ്വർണം വളരെ മൃദുവായതിനാൽ ആഭരണങ്ങൾ നിർമിക്കാൻ എളുപ്പമല്ല. അതിനാൽ, വെള്ളി, ചെമ്പ്, കാഡ്മിയം, സിങ്ക് തുടങ്ങിയവ ലോഹങ്ങൾ, ചെറിയ അളവിൽ ചേർത്ത് സ്വർണത്തെ ഉറപ്പുള്ള ഒരു ലോഹസങ്കരം ആക്കി മാറ്റുന്നു. അതായത്, ആയിരം ഗ്രാമിൽ  916 ഗ്രാം ശുദ്ധ സ്വർണവും ബാക്കി, അന്യ ലോഹങ്ങളും ആയിരിക്കും. 
  • 21 കാരറ്റ്: 87.5% പരിശുദ്ധ സ്വർണം, ബാക്കി മറ്റു ലോഹങ്ങൾ.
  • 18 കാരറ്റ്: 75% പരിശുദ്ധ സ്വർണം, ബാക്കി മറ്റു ലോഹങ്ങൾ എന്നിങ്ങനെ.
BIS Hallmark : ഭാരത സർക്കാർ 1987ൽ സ്ഥാപിച്ച ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) ആണ് പൊന്നും വെള്ളിയും മായമില്ലാത്തതാണെന്ന് സാക്ഷ്യപ്പെടുത്താൻ ഉള്ള ഇന്ത്യയിലെ ഏക സ്ഥാപനം. BISൽ നിന്ന് ലൈസെൻസ് കരസ്ഥമാക്കിയാൽ, ജ്വല്ലറികൾക്ക് അംഗീകൃത ഹാൾമാർക്കിംഗ് സെന്ററുകളിലൂടെ  ആഭരണങ്ങളിൽ BIS മുദ്ര പതിപ്പിക്കാം. ഇത് കൂടാതെ, ഓരോ ഹാൾമാർക്കിംഗ് സെന്ററിനും സ്വന്തം മുദ്രയും ഉണ്ടായിരിക്കും. ഹാൾമാർക്ക്‌ മുദ്ര പതിച്ചത് കൊണ്ട് മാത്രം അത് 22 കാരറ്റ് ആവണം എന്നില്ല കേട്ടോ. എത്ര കാരറ്റ് ആണെങ്കിലും അതാത് പരിശുദ്ധി ഉറപ്പു വരുത്തി മുദ്ര പതിപ്പിക്കാം. ഉദാഹരണത്തിന് 22 കാരറ്റ് സ്വർണത്തിൽ 916 എന്ന് എഴുതി താഴെ കാണിച്ച അടയാളം രേഖപ്പെടുത്തുന്നു. 18 കാരറ്റ് ആണെങ്കിൽ 750 എന്ന് എഴുതി അടയാളം രേഖപ്പെടുത്തുന്നു.



ഹാൾമാർക്കിംഗ് ചാർജ്: നേരത്തെ പറഞ്ഞ 'Assaying and Hallmarking Center' ൽ മുദ്ര പതിപ്പിക്കാൻ ഈടാക്കുന്ന തുകയാണ് ഇത്.
  • ഒരു ആഭരണത്തിനു കേവലം 18 മുതൽ 25 രൂപ വരെ മാത്രമാണ് ഹാൾമാർക്ക്‌ മുദ്ര പതിപ്പിക്കാനുള്ള ചാർജ്. 
  • ഒരു ഗ്രാമിനല്ല, ഒരു ആഭരണത്തിനാണ് ഈ ചാർജ്. ഇതിനേക്കാൾ ഏറെ അവർ പണിക്കൂലിയിൽ നിന്ന് ഈടാക്കുന്നുണ്ട്. അതുകൊണ്ട് ഈ ചാർജ് പ്രത്യേകം കൊടുക്കേണ്ട ആവശ്യമില്ല.
അഥവാ ചോദിച്ചാൽ പണം കൊടുത്തേക്കുക. പക്ഷേ, ഇതിൽ കൂടുതലാണ് ചോദിക്കുന്നതെങ്കിൽ, ബില്ലിൽ അത് പ്രത്യേകം രേഖപ്പെടുത്താൻ ആവശ്യപ്പെട്ടുകൊണ്ട് പണം നൽകുക.
പരാതികളുടെ എണ്ണം കൂടിയാൽ മൊതലാളീടെ ലൈസൻസ് വരെ കീറിപ്പോകും. നമ്മൾക്ക് ആരുടേയും ലൈസൻസ് കീറിക്കാൻ ആഗ്രഹമില്ല അല്ലേ?! മൊതലാളീടെ പിള്ളേരും കഞ്ഞി കുടിച്ചു പൊക്കോട്ടെ. പക്ഷെ, നമ്മളെ കബളിപ്പിക്കാൻ അനുവദിക്കരുത്.

തിരിച്ചറിയപ്പെടാത്ത ചാർജുകൾ : കല്ല്‌ പതിപ്പിച്ച ആഭരണങ്ങൾക്ക് സ്വർണത്തിന്റെയും കല്ലിന്റെയും വില വെവ്വേറെയാണ് നിശ്ചയിക്കാറ്. പക്ഷേ, അതിൽ കാണിച്ചിരിക്കുന്നത് കല്ലിന്റെ യഥാർത്ഥ തൂക്കവും മൂല്യവും ആണെന്നതിന് ഒരു ഉറപ്പും ഇല്ല. കല്ലിന്റെ ഭാരം കുറച്ചു കാണിച്ച് സ്വർണത്തിന്റെ ഭാരം കൂട്ടിയാൽ മൊതലാളീടെ പിള്ളേർക്ക് കഞ്ഞിക്ക് പകരം വല്ല പിസ്സയോ ബർഗറോ കഴിക്കാനുള്ള വകുപ്പ് ആകും. കോരന്റെ കുമ്പിളിൽ അവശേഷിക്കുന്ന കഞ്ഞി പോലും സ്വാഹ! മാത്രമല്ല, വിൽക്കുന്ന സമയത്ത് കല്ലിന് നയാപൈസ പോലും കിട്ടില്ല. അതുകൊണ്ട് കല്ല്‌ പതിപ്പിച്ച ആഭരണങ്ങൾ ഒഴിവാക്കിയാൽ കൂടുതൽ അമളി പിണയാതെ നോക്കാം.
ആഭരണത്തിൽ നിന്ന് കല്ല്‌ ഇളകി വീഴുന്ന കാലത്ത് അതിന്റെ തൂക്കം സത്യമാണോ എന്ന് ഏതെങ്കിലും മഹിളാമണി അന്വേഷിച്ചതായി അറിവുണ്ടോ?!

സ്ഥാപനം : പാരമ്പര്യവും പ്രശസ്തിയും ഉള്ള ജ്വല്ലറികളിൽ നിന്ന് ആഭരണം വാങ്ങിയാൽ സ്വർണത്തിന്റെ പരിശുദ്ധിയെങ്കിലും ഉറപ്പ് വരുത്താം. കാരണം, സ്വർണത്തിൽ കാണിക്കുന്ന കൃത്രിമത്വം അവരുടെ ബ്രാന്ഡിനെ ബാധിക്കും എന്നതിനാൽ ഗുണമേന്മയുണ്ടായിരിക്കും. മാത്രമല്ല, ചില ജ്വല്ലറികളിൽ ഗുണമേന്മ പരിശോധിക്കാനുള്ള സംവിധാനങ്ങളും ഉണ്ടായിരിക്കും. ഇവിടങ്ങളിലെ പണിക്കൂലിയുടെ കാര്യം അറിയാൻ മുകളിലത്തെ ബിൽ ഒന്നു കൂടി നോക്കി ഞെട്ടുക!

ആവശ്യകത : ആഭരണങ്ങൾ വാങ്ങുമ്പോൾ അവ ഉപയോഗിക്കുന്ന സാഹചര്യവും പരിഗണിക്കുക. പണക്കാരല്ലാത്തവർക്ക് ലളിതമായ ഡിസൈനിൽ ഉള്ള ആഭരണങ്ങൾ വാങ്ങി പണിക്കൂലി ലാഭിക്കാവുന്നതാണ്. പണക്കാർക്കൊക്കെ എന്തും ആവാലോ!
  • നിക്ഷേപം എന്ന രീതിയിലാണ് സ്വർണം വാങ്ങുന്നതെങ്കിൽ സ്വർണക്കട്ടികളായോ നാണയങ്ങൾ ആയോ മാത്രം വാങ്ങി സൂക്ഷിക്കുക. കാരണം, നേരത്തേ പറഞ്ഞ പണിക്കൂലി, കുറവ് തുടങ്ങിയ ചാർജുകൾ ഒഴിവാക്കാം. 
  • ഗോൾഡ്‌ ETF കളിൽ നിക്ഷേപിച്ചാൽ കയ്യിൽ സ്വർണം സൂക്ഷിക്കുന്നതിന്റെ റിസ്കും ഒഴിവാക്കാം.
സ്വർണം വിൽക്കുമ്പോൾ: വാങ്ങിയ ബിൽ സൂക്ഷിച്ചു വെക്കുക. അതേ കടയിലാണ് സ്വർണം മാറ്റി വാങ്ങുന്നതെങ്കിൽ ബില്ലിൽ രേഖപ്പെടുത്തിയ അതേ തൂക്കത്തിനുള്ള മൂല്യം ലഭിക്കും. മറ്റൊരു വ്യാപാരിയുടെ പക്കൽ നിന്ന് വാങ്ങിയ സ്വർണം ആണെങ്കിൽ മാറ്റ് നോക്കിയിട്ടേ മൂല്യം നിശ്ചയിക്കുകയുള്ളൂ. കാരണം, എപ്പോഴും  ബ്യൂട്ടി മീറ്റ്സ് ക്വാളിറ്റി ആവണമെന്നില്ല. 22 കാരറ്റ് ആണെന്ന് പറഞ്ഞു വാങ്ങിയ പലതും 20 ഓ 21 ഓ ഒക്കെയേ കാണൂ. അതെങ്ങനെയായാലും സ്വർണത്തിന്റെ പരിശുദ്ധിയനുസരിച്ച് അന്നേ ദിവസത്തെ വിപണി വില കിട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ആഭരണം ഉരുക്കാനും മറ്റുമുള്ള ചാർജ് (പണിക്കുറവ്) കഴിച്ചിട്ട് ബാക്കിയേ നമ്മൾക്ക് തരാറുള്ളൂ. ഇതും അറിവില്ലായ്മയുടെ ഒരു മുതലെടുപ്പാണ്. കാരണം, വാങ്ങുമ്പോൾ എന്ന പോലെ വിൽക്കുമ്പോഴും പണിക്കുറവ് കൊടുക്കാൻ നമ്മൾ  ബാധ്യസ്ഥരല്ല. ബില്ലിൽ ചാർജുകൾ പ്രത്യേകം പ്രത്യേകം രേഖപ്പെടുത്താൻ സെയിൽസ്മാനോട്‌ ആവശ്യപ്പെട്ടു നോക്കൂ. അവർ സമ്മതിക്കാത്തത് കാണാം. കാരണം പണിക്കുറവ് വാങ്ങാൻ നിയമപരമായി വകുപ്പില്ല എന്നത് തന്നെ.

വായിലെ നാക്ക്!ഇതാണ് നമുക്ക് ഏറ്റവും അത്യാവശ്യമായി ഉണ്ടായിരിക്കേണ്ട സാധനം! ഏത് ഉയർന്ന വിലയും ന്യായീകരിക്കാനും ഉപഭോക്താവിനെ വിശ്വസിപ്പിക്കാനും ഉള്ള സകല അടവുകളും ജ്വല്ലറിയിലെ സ്റ്റാഫിനു അറിയാം. അതിൽ വീഴാതിരിക്കാൻ ബോധപൂർവമായ ശ്രമം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടായേ പറ്റൂ. നമ്മൾക്ക് അത്യാവശ്യം വിവരം ഉണ്ടെന്ന് കണ്ടാൽ ജ്വല്ലറിക്കാരുടെ ഭാഗത്ത് നിന്ന് വിട്ടു വീഴ്ചയുണ്ടാകും എന്ന് തീർച്ച.
  • "ഭാര്യക്ക് ഒരു പ്രണയദിന സമ്മാനം വാങ്ങുമ്പോൾ വില നോക്കുന്നത് ശരിയാണോ സാറേ" എന്ന സെയിൽസ്മാന്റെ ചോദ്യം ഒരു തന്ത്രം ആണ്. വൈകാരിക സന്ദർഭങ്ങളെ മുതലെടുക്കാൻ ഉള്ള ശ്രമം. അതിൽ വീഴാതിരിക്കുക. പകരം, "എന്റെ ഭാര്യയെ അത്ര ഇഷ്ടമാണെങ്കിൽ ആ പൈസ അളിയനങ്ങ് കൊടുത്തേക്ക്" എന്ന് ഒറ്റ കാച്ചങ്ങ് കാച്ചുക. എന്തെങ്കിലും ഒക്കെ നടക്കാതിരിക്കില്ല! 
  • വിലപേശൽ ഒരു കുറച്ചിലായി കാണാതിരിക്കുക. അനർഹമായ ലാഭം ഉണ്ടാക്കുന്നതിൽ നിന്നും ജ്വല്ലറിക്കാരെ തടയുന്നതിൽ നാണിക്കാൻ ഒന്നുമില്ല. നൂറു രൂപയുടെ പേരിൽ മീൻകാരനോട് തർക്കിക്കുന്ന നമ്മളിൽ എത്ര പേർ ആയിരക്കണക്കിന് രൂപയുടെ സ്വർണത്തിന്റെ പേരിൽ സെയിൽസ്മാനോട് തർക്കിച്ചിട്ടുണ്ട്‌?
  •  നമ്മളെ പറ്റിക്കില്ല എന്ന് വിശ്വസിക്കാൻ അവർ നമ്മുടെ അമ്മായിയുടെ മക്കളൊന്നും അല്ലല്ലോ?! അല്ല, ആണോ?!
***************

ഇനി, ഒരു ആഭരണം യഥാർത്ഥ മൂല്യം ഉള്ളതാണ് എന്നതിന് എന്താണ് തെളിവ്?
താഴെ പറയുന്ന അഞ്ച് അടയാളങ്ങൾ ആഭരണത്തിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുക.



1) BIS ഹാൾമാർക്ക്‌ മുദ്ര.
2) പരിശുദ്ധി: 916, 875 എന്നിങ്ങനെ
3) ഹാൾമാർക്കിംഗ് സെന്ററിന്റെ മുദ്ര
4) ആഭരണം നിർമിച്ച വർഷം (2000 ന് A, 2001 ന് B എന്നിങ്ങനെ)
5) ജ്വല്ലറിയുടെ അടയാളം.
ഒരു BIS മുദ്രയുള്ള ഒരു ആഭരണം കിട്ടിയാൽ അത് ഏത് ജ്വല്ലറിയിൽ നിർമിച്ചതാണെന്നും, ഏത് വർഷം നിർമിച്ചതാണെന്നും, ഏത് ഹാൾ മാർകിംഗ് സെന്ററിൽ ആണ് അത് പരിശോധിച്ചത് എന്നും, അതിന്റെ പരിശുദ്ധി എത്രയെന്നും ഒക്കെ അറിയാൻ സാധിക്കും.

സന്തോഷിക്കാൻ വരട്ടെ. ഹാൾമാർക്ക്‌ മുദ്രയുള്ള ആഭരണങ്ങൾ പോലും പരിശുദ്ധി ഉറപ്പു തരുന്നില്ല  എന്ന ഞെട്ടിക്കുന്ന വാർത്ത  'ദി ഹിന്ദു' ദിനപ്പത്രം ഒരിക്കൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹാൾമാർക്കിംഗ് സെന്റെറുകളും ജ്വല്ലറികളും ഒത്തുകളിച്ച് ഗുണമേന്മ കുറഞ്ഞ ആഭരണത്തിൽ പോലും 916 ന്റെ മുദ്ര പതിപ്പിക്കുന്ന ഏർപ്പാട് നടക്കുന്നുണ്ട് എന്ന്. അതായത്, ജ്വല്ലറി മൊതലാളി ഒരു ഷോറൂം തുറക്കും. മൊതലാളീടെ അളിയൻ ഒരു ഹാൾമാർക്കിംഗ് സെന്ററിന്റെ ലൈസൻസും ഒപ്പിക്കും. എന്നിട്ട് രണ്ടു പേരും കൂടി പാവപ്പെട്ട നമ്മളെ #@ $%@#. അപ്പൊ പിന്നെ, ഒരു എഴുത്തും കുത്തും ഇല്ലാത്ത 'ആഫരണത്തിന്റെ' കാര്യം പറയാനുണ്ടോ? സാരല്ല്യ. നല്ലതായിരിക്കും എന്ന് വിശ്വസിക്കുക തന്നെ. വിശ്വാസം. അതല്ലേ എല്ലാം?!

***************

ചുരുക്കി പറഞ്ഞാൽ,
  • BIS ഹാൾമാർക്ക്‌ മുദ്രയുള്ള ആഭരണം മാത്രം വാങ്ങുക.
  • പണിക്കൂലി ആദ്യമേ ചോദിച്ച്‌ മനസ്സിലാക്കുക. വില പേശുക. കൂടുതൽ ആണെന്ന് തോന്നിയാൽ വാങ്ങാതിരിക്കുക. നാട്ടിൽ ജ്വല്ലറികൾക്ക് ഒരു പഞ്ഞവും ഇല്ല.
  • സ്വർണവിലയും പണിക്കൂലിയും നികുതിയും മാത്രം നൽകുക. 
  • രസീത് സൂക്ഷിച്ചു വെക്കുക.
  • കണക്ക് കൂട്ടാനോ വില പേശാനോ പ്രയാസം ഉള്ള ആളാണെങ്കിൽ അറിയാവുന്നവരെ കൂടെ കൂട്ടുക.
  • ഇതിനൊക്കെ പുറമേ അവസാന ബില്ലിൽ വീണ്ടും ഡിസ്കൗണ്ട് ആവശ്യപ്പെടാവുന്നതാണ്. കരയുന്ന കുഞ്ഞിനേ പാലുള്ളൂ. ദത് പോലെ, ചോദിക്കുന്ന കസ്റ്റമർക്കേ ഡിസ്കൌണ്ട് ഉള്ളൂ.
***************

ആലുക്കാസിന്റെ ജോയേട്ടാ, അറ്റ്ലസ് രാമചന്ദ്രൻ അങ്കിളേ, മറഡോണയുടെ സ്വന്തം ബോബിക്കുട്ടാ, കല്യാണരാമൻ സാറേ, പിന്നെ എനിക്ക് പേരറിയാത്ത ഭീമ, ജോസ്കോ, ആലപ്പാട്ട്, ദമാസ്, മലബാർ ഗോൾഡ്‌ തുടങ്ങി നൂറു കണക്കിന് ജ്വല്ലറി മൊതലാളിമാരേ... ഒരു കാര്യം പറയട്ടേ.
"നിങ്ങൾ കള്ളക്കടത്ത് വഴിയോ നികുതി വെട്ടിച്ചോ സ്വർണം കൊണ്ട് വരുന്നത് ഞങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നം അല്ല. അതിന്റെ ലാഭം കൊണ്ട് നിങ്ങൾ പുട്ടടിക്കുന്നതിനും വിരോധം ഇല്ല. ഞങ്ങൾക്ക് ആകെ വേണ്ടത് അർഹിക്കുന്ന മൂല്യം മാത്രം ഈടാക്കി മികച്ച സ്വർണം ലഭ്യമാക്കുക എന്നതാണ്. നുള്ളിപ്പെറുക്കി ഉണ്ടാക്കുന്ന കാശ് നിങ്ങൾക്ക് കൊണ്ടു തരുന്നത്, സ്വർണത്തോട് ആർത്തി മൂത്തിട്ടല്ല. ഐശ്വര്യാറായിയെയും ലാലേട്ടനെയും കണ്ട് കണ്ണ് മഞ്ഞളിച്ചിട്ടും അല്ല. ഇവരെയൊക്കെ ഞങ്ങൾ ഇഷ്ടം പോലെ കണ്ടിട്ടുണ്ട്. നമ്മുടെ സമൂഹത്തിൽ സ്വർണം ഒരു അവിഭാജ്യഘടകമായി മാറിയത് കൊണ്ടാണ് ഓരോ അവസരത്തിലും ഞങ്ങൾ സ്വർണം വാങ്ങാൻ നിർബന്ധിതരാവുന്നത്. ദയവായി അത് മുതലെടുക്കാതിരിക്കുക. ഒരു സംശയം ചോദിച്ചോട്ടെ?
  • "പൊന്നിൽ തീർത്ത ബന്ധം എന്ന് വെച്ചാൽ വളരെ അധികം പണം കൊടുത്ത് സൃഷ്ടിക്കുന്ന ബന്ധം എന്നാണോ അർത്ഥം?" 
  • "ഞങ്ങളുടെ പണം ഞങ്ങളുടെ മുന്നിൽ വെച്ച് നിങ്ങൾ തൂക്കിയെടുത്ത് കൊണ്ട് പോകുന്നതിനെയാണോ എപ്പോഴും ഒരു പണത്തൂക്കം മുന്നിൽ എന്ന് പറയുന്നത്?!"
Previous Post : ആത്മഹത്യാ കുറിപ്പ് 


30 comments:

  1. നൂറു രൂപയുടെ പേരിൽ മീൻകാരനോട് തർക്കിക്കുന്ന നമ്മളിൽ എത്ര പേർ ആയിരക്കണക്കിന് രൂപയുടെ സ്വർണത്തിന്റെ പേരിൽ സെയിൽസ്മാനോട് തർക്കിച്ചിട്ടുണ്ട്‌?

    ReplyDelete
    Replies
    1. എന്റെ അമ്മ നല്ലൊരു ബാർഗൈനർ ആണു. അതു കണ്ടു ഞാനൊക്കെ പഠിചു. ബാർഗൈൻ ചെയുന്നതുകൊണ്ടും, എല്ലാ കണക്കും നല്ല പോലെ ചോദിച്ച് മനസിലാക്കി ചെയ്യുന്നതു കൊണ്ടും ഇതുപോലെ കളിപ്പിക്കപെടറില്ല. പിന്നെ ഹോൾസെയിൽ കടകളിൽ നിന്നും വെറും 3% പണിക്കൂലിക്കു കിട്ടും. തൃശുർ ഉള്ള ഒന്നു രണ്ടു കടകളിൽ പോയി ആഭരണം എടുത്ത് നോക്കിയതാണൂ. തൂക്കം + 3% പണിക്കൂലി . വേറെ വാചകടി ഒന്നും ഇല്ല. കൂടുതൽ ഒന്നും കണക്കു നോക്കെൺറ്റതും ഇല്ല. 916 പഴയ സ്വർണം കൊടുക്കുമ്പോൾ കറക്റ്റ് തൂക്കത്തിനു തിരിച്ചു തരുന്നും ഉണ്ടു.

      എന്തയാലും നല്ലൊരു ലേഖനം. സ്വന്തം അറിവില്ലായ്മക്കും, കഴിവുകേടിനും ജ്വെല്ലെറിക്കാരെ കുറ്റം പറഞു നടക്കുന്നവർക്കു പഠിക്കാനുള്ള ഒരുപാടു കാര്യങ്ങൾ .അവർ ചാരിറ്റിക്കു അല്ല ഇരിക്കുന്നതു എന്നു മാത്രം ആലോചിച്ചാ മതി.

      Delete
  2. ഇത്തരം സ്ഥലങ്ങളിലൊന്നും അധികം പോയിട്ടില്ലാത്തതുകൊണ്ട് ഈ പൊന്നുമുതലാളിമാരുടെ കളിപ്പീരിൽ വല്യ തോതിൽ വീണിട്ടില്ല. എന്നാലും ഒന്നുരണ്ടു തവണ പോയപ്പോഴൊക്കെ നിന്നെ പറ്റിച്ചു പറ്റിച്ചു എന്ന് ഉള്ളിലെ ആ മറ്റവൻ കളിയാക്കിയിട്ട് രാത്രി ഉറങ്ങാനും പറ്റിയിട്ടില്ല.....

    ഈ പോസ്റ്റ് നാലുവട്ടം വായിച്ച് കാണാപ്പാഠം പഠിച്ച് ഈണത്തിൽ കീച്ചിയാൽ പൊന്നുമുതലാളിമാരും, അവരുടെ പൊന്നു സെയിൽസ് അണ്ണന്മാരും ഫ്ലാറ്റാവുമെന്ന് ഉറപ്പാണ്. പിന്നെയും പിന്നെയു വന്ന് ഇത് കാണാപ്പാഠം പഠിക്കണമെന്ന് ഞാൻ ഉറപ്പിച്ചു....

    സരസവും, ലളിതവുമായി ഉപഭോക്താവിനുള്ള അവകാശങ്ങളെ ബോധ്യമാക്കിക്കൊടുക്കുന്ന നല്ല ലേഖനം. ....

    ReplyDelete
    Replies
    1. അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി, സർ. എന്നെങ്കിലും അണ്ണന്മാരെ ഫ്ലാറ്റാക്കുകയാണെങ്കിൽ ആ സന്തോഷം ഇവിടെ വന്ന് എല്ലാവരോടും പങ്കുവെക്കാൻ അപേക്ഷ!

      Delete
  3. അല്പം ദീര്‍ഘമുള്ള പോസ്റ്റ്‌ എന്തു കൊണ്ടും പ്രസക്തം.പോന്നിനോടുള്ള ആര്‍ത്തി എന്നു തീരുന്നുവോ അന്നേ പറ്റിക്കല്‍ നാടകങ്ങള്‍ക്ക് പരിസമാപ്തി കാണൂ ... അഭിനന്ദനങ്ങള്‍ !

    ReplyDelete
    Replies
    1. സാധാരണക്കാരൻ സ്വർണം വാങ്ങുന്നതിന് പിന്നിൽ ആർത്തിയെക്കാൾ ഉപരി, സമൂഹത്തിലെ പല ഘടകങ്ങളും സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ് എന്റെ അഭിപ്രായം. പക്ഷേ, പറ്റിക്കൽ നാടകങ്ങൾ തുടരാൻ അനുവദിച്ചു കൂടാ. വായനക്കും അഭിപ്രായത്തിനും വളരെ നന്ദി.

      Delete
  4. ഞങ്ങൾ ചാരന്മാരെക്കാളും ഉഗ്രൻ
    ഒരു രഹസ്യാന്വേഷണം നടത്തി പൊന്നാഭരണകോട്ടകളുടെ
    ഉള്ള് കള്ളി പൊളിച്ചതിന് ഒരു അത്യുഗ്രൻ ഹാറ്റ്സ് ഓഫ്...!
    പിന്നെ
    ഇത് വായിച്ചപ്പോൾ പൊന്നുരുക്കുന്നോടത്ത് പൊന്നുവാങ്ങുന്ന എല്ലാ
    മിണ്ടാപൂച്ചകൾക്കും കര്യമുണ്ടെന്ന് മനസ്സിലാക്കിച്ചു കേട്ടൊ കേഡി ( ഗെഡീ)

    ReplyDelete
    Replies
    1. നന്ദി മുരളി ചേട്ടാ. അന്വേഷിച്ചപ്പോൾ കിട്ടിയ ഏതാനും കാര്യങ്ങൾ കുറിച്ചിട്ടു എന്ന് മാത്രം. പൂച്ചക്കും കാര്യമുണ്ട് എന്ന നിരീക്ഷണം കലകലക്കൻ!
      ലേഖനത്തിൽ എഴുതാൻ വിട്ടു പോയ ഒരു കാര്യം ഇവിടെ ചേർക്കട്ടെ.
      "സ്വർണം വാങ്ങി വഞ്ചിതനായ ആ പാവം പ്രവാസി ചേട്ടനും മലബാർ ഗോൾഡിനും പ്രത്യേകം നന്ദി. നിങ്ങളാണ് ഈ ലേഖനത്തിന് പിന്നിലെ പ്രചോദനം!"

      Delete
  5. സ്വർണ്ണത്തിന്റെ ഉള്ളുകള്ളികൾ എഴുതിയ സ്ഥിതിക്ക് ഇനി ഭൂലോകത്തിലെ എന്തിനെക്കുറിച്ചും എഴുതാവുന്നതേയുള്ളു. പ്രതീക്ഷിക്കമല്ലോ?

    പിന്നെ രണ്ടു കാര്യം വിട്ടു പോയി എന്നു തോന്നുന്നു.
    1) സ്വർണ്ണഭരണം വിൽക്കാൻ കൊണ്ടുപോയാൽ കയ്യിൽ ഒറിജിനൽ ബില്ലില്ലെങ്കിൽ തൂക്കം നോക്കിയ ശേഷം ആകെമൊത്തം ഒരു കുറയ്ക്കലുണ്ട്.ആഭരണത്തിലെ അഴുക്കിന്റെ അളവാണത്രെ അത്.
    2) ഞാൻ ഈയിടെ ഭാര്യയുടെ വള മാറ്റി വാങ്ങി. (കഴ്ടകാലത്തിന് ഒറിജിനിനൽ ബില്ലില്ലായിരുന്നു കെട്ടോ.) കണ്ണൂരിലെ ഒരു കൃഷ്ണ ജ്വല്ലേഴ്സായിരുന്നു രംഗം. അഴുക്കെല്ലാം കുറച്ച് അളവെല്ലാം ഒരു വെള്ളക്കടലാസിൽ എഴുതിക്കാണിച്ചു. ഞാൻ സമ്മതിച്ചു എന്നായപ്പോൾ അവർ ആ വള കത്രിക വച്ച് മുറിച്ചു. പിന്നീട് അവർ എന്നോട് ഒരാളെ പിന്തുടരാൻ പറഞ്ഞു. അയാൾ ഈ മുറിച്ച വളയുമെടുത്ത് അവരുടെ ബിൽഡിങ്ങിന്റെ ടെറസ്സിലേക്കാണ് പോയത്. അവിടെ ഒരു ഗാസ് സ്റ്റൗവിൽ കാണിച്ച് അയാൾ അത് കരിച്ചു കളഞ്ഞു. ഞങ്ങൾ വീണ്ടും കടയിലെത്തി. കരിയെല്ലാം തട്ടിക്കളഞ്ഞ് അവർ അത് വീണ്ടും തൂക്കി. പറയേണ്ടല്ലോ, തൂക്കം വീണ്ടും കുറവായിരുന്നു. ആ തൂക്കത്തിന്റെ വിലയാണ് അവർ എനിയ്ക്ക് പുതിയ വള വാങ്ങിയപ്പോൾ കുറച്ച് തന്നത്. ഞാൻ വിഡ്ഡിയാകുകയാണെന്ന് ബോദ്ധ്യമായ ഞാൻ കടയുടെ പുറത്തു കടക്കുന്നത് വരെ ഒരക്ഷരം ഉരിയാടിയില്ല. ആ ....കളെയൊക്കെ പറഞ്ഞിട്ടു കാര്യമില്ല.

    ReplyDelete
    Replies
    1. ആഗോള / ഭൂഗോള പ്രശ്നങ്ങളെ പറ്റി കൊള്ളാവുന്ന രീതിയിൽ എഴുതാൻ ഉള്ള അറിവൊന്നും ഈയുള്ളവന് ഉണ്ടെന്ന് തോന്നുന്നില്ല. പിന്നെ, സ്വർണത്തിന്റെ കാര്യത്തിൽ കൂടുതൽ പേർക്കും വലിയ പിടിയൊന്നും ഇല്ല എന്ന വിശ്വാസത്തിന്റെ പുറത്ത് എഴുതി എന്ന് മാത്രം :)
      പുതിയ കാര്യങ്ങൾ പങ്ക് വെച്ചതിന് നന്ദി സർ.
      അമ്മയോടൊപ്പം സ്വർണം മാറ്റി വാങ്ങാൻ പോയപ്പോൾ ഞാനും കേട്ടിട്ടുണ്ട് ഈ അഴുക്കിനെ പറ്റി. പക്ഷേ, അന്ന് അത് കൃത്യമായി ചോദിച്ചു മനസ്സിലാക്കാൻ ഉള്ള കിഡ്നി ഇല്ലായിരുന്നു. സാറും മിണ്ടാതെ ഇറങ്ങി പോന്നത് ശരിയായില്ല. അവർ ഉദ്ദേശിക്കുന്നത് എന്താണെന്ന് കണ്ടു പിടിച്ച് തീർച്ചയായും ഈ ലേഖനത്തിൽ ചേർക്കുന്നതായിരിക്കും.

      Delete
    2. ഉള്ളു പൊള്ളയായ വള ആണെങ്കിൽ നല്ലപോലെ അഴുക്കു കയറുംട്ടോ. അനുഭവം ഉണ്ടൂ. ഒറിജിനൽ ബില്ല് കയ്യിൽ ഉള്ളപ്പൊ വള വിൽകാൻ ചെന്നപ്പൊ വാങിയതിനേക്കാൽ 2 ഗ്രാം വരെ അഴുക്കു കൂടുതൽ കണ്ടിട്ടുണ്ടു.

      Delete
  6. സ്വർണ്ണത്തോട് താല്പര്യമില്ലാത്തവരും,പലപ്പോഴും അതു വാങ്ങാൻ നിർബന്ധിതരാവുകയാണ്. കല്യാണം,പേരിടീൽ തുടങ്ങിയ വയ്ക്കെല്ലാം പൊന്നു നിർബന്ധമാണെന്നാണല്ലോ വയ്പ്പ്. അല്ലാത്തവൻ മോശക്കാരനാവും. അതുകൊണ്ടെന്താ,കഞ്ഞിക്കില്ലാത്തവനും ഉള്ളതെല്ലാം വിറ്റുപെറുക്കി സ്വർണ്ണം വാങ്ങും. ചെല്ലുന്നതോ,ഈ കാലന്മാരുടെ അടുത്തും.
    എഴുത്തു പതിവു പോലെ നന്നായി.

    ReplyDelete
    Replies
    1. നന്ദി, ഡോക്.
      ശെടാ! എല്ലാവർക്കും ജ്വല്ലറിക്കാരോട് കലിപ്പാണല്ലോ?!

      Delete
  7. ഇതെല്ലാം പെണ്ണിനോട് പറഞ്ഞാൽ ആർ സമ്മതിക്കാൻ ??

    ReplyDelete
    Replies
    1. ആശങ്ക പങ്കു വെച്ചതിന് നന്ദി, സർ. അത് ചിന്തനീയമായ ഒരു വിഷയമാണ്. മഹിളാമണികളെ ബോധ്യപ്പെടുത്തിയെടുക്കാൻ എളുപ്പമാണെന്ന് തോന്നുന്നില്ല!

      Delete
  8. നിങ്ങള്‍ കൊച്ചുഗോവിന്ദനല്ല...... കുറച്ച് വലിയ ഗോവിന്ദനാണ്....... കേഢി സത്യം അറിയില്ലായിരുന്നു സ്വര്‍ണ്ണത്തിലിത്രയും കാര്യമുണ്ടന്ന്...... വളരെ വലിയ കാര്യം പറഞ്ഞുതന്നതിനു നന്ദി......
    NB.ഇതൊക്കെ ഇനി പെട്ടണ്ണുമ്പിള്ളക്ക് മുന്നില്‍ പറഞ്ഞാല്‍ മനസ്സിലാവുമോ ആവോ.......

    ReplyDelete
    Replies
    1. നന്ദി, സർ. പണം കൊടുക്കുന്നത് നമ്മളായതിനാൽ പെണ്ണുമ്പിള്ളയെ പറഞ്ഞു മനസ്സിലാക്കേണ്ടത് നമ്മൾ തന്നെയാണ്.
      ഉദാഹരണത്തിന്:
      നകുലൻ: "ഗംഗ ഇപ്പൊ എവിടെ പോകുന്നു?"
      ഗംഗ: "ഞാൻ കല്ല്‌ പതിപ്പിച്ച മാല വാങ്ങാൻ പോകുന്നു."
      നകു: "ഗംഗ കല്ല്‌ വെച്ച മാല വാങ്ങണ്ട. അവര് പറ്റിക്കും. സാദാ മാല വാങ്ങിയാ മതി"
      ഗംഗ: "ഉനക്ക് എവളോ ധൈര്യം ഇരുന്താ ഇന്ത മാതിരി പേസുവേൻ?"
      നകു: "ഗംഗ പോയി വാങ്ങിച്ചോ, രണ്ടെണ്ണം!"

      Delete
  9. ചതിയ്ക്കല്ലേ കൊച്ചു ഗോവിന്ദൻ മൊയലാളീ. ഞങ്ങള് പാവങ്ങള് അൽപ്പം സ്വർണം വിറ്റ് ജീവിച്ചു പോട്ട്.

    നീയാര് ഞങ്ങടെ സ്വർണ ക്കച്ചവടം പൂട്ടാൻ വന്ന ആളോ? ഇത്രയും ഒക്കെ എഴുതിയല്ലോ. ഓരോ ഷോ റൂമിനും എത്ര കോടിയാ ചെലവ് എന്ന് അറിയാമോ? നഗരത്തിന്റെ കണ്ണായ സ്ഥലത്ത് കണ്ണഞ്ചിപ്പിയ്ക്കുന്ന ഷോ റൂമുകൾ ആണ് ഞങ്ങൾ ഒരുക്കുന്നത്. പത്തും ഇരുപത്തഞ്ചും കോടികൾ മുടക്കി. ആ പണം ആര് തരും? സ്വർണം വാങ്ങാൻ വരുന്ന പൊട്ടന്മാർ അല്ലാതെ? അത് നേരിട്ട് ചോദിച്ചാൽ തരുമോ ഇല്ല. അപ്പഴ് ഞങ്ങൾ അൽപ്പം കളിപ്പിയ്ക്കും. അത്ര തന്നെ. കല്യാണ്‍ ജ്യുവലറി യിൽ ആഭരണങ്ങളുടെ ഇൻഷുറൻസ് എന്ന പേരിൽ ആരും അറിയാതെ പണം വാങ്ങുന്നുണ്ട്.

    പിന്നെ ഞങ്ങടെ കല്യാണ രാമൻ അണ്ണന് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകാൻ ഒരു വിമാനം വാങ്ങിയത് അറിഞ്ഞില്ലേ? 175 കോടിയുടെ എംബ്രയെർ. ഇത് മൂന്നാമത്തെ വിമാനമാ. ഇതിൻറെ ചിലവൊക്കെ ആര് കൊടുക്കും? ആലുക്കാ ജോയിച്ചായനും ഇത് പോലെ ജെറ്റ് വിമാനം ഉണ്ട്. ഇതൊക്കെ വർഷങ്ങളായി സ്വർണ കച്ചവടം നടത്തി ഉണ്ടാക്കിയതാ. അല്ലാതെ കുടുംബത്തിൽ നിന്നും കൊണ്ട് വന്നത് അല്ല. അങ്ങിനെയാ ആണുങ്ങള്. അക്ഷയ ത്രിദീയ എന്നൊക്കെ പറയുമ്പോൾ എല്ലാം കൂടെ വന്ന് തള്ളിക്കേറിയാൽ ഞങ്ങള് എന്ത് ചെയ്യും.

    ഞങ്ങള് കള്ളക്കടത്ത് സ്വർണം തന്നെയാ വാങ്ങുന്നത്. തിരുവനന്തപുരത്ത് അങ്ങിനെ കള്ളക്കടത്ത് സ്വർണം പിടിച്ചപ്പോൾ അത് ഭീമാ യുടെ ത് ആണെന്ന് എഴുതിയത് ഹിന്ദു പത്രം മാത്രം. ബാക്കിയുള്ള പത്രക്കാർക്ക് " ഒരു പ്രമുഖ ജ്യുവലറി മാത്രം.

    ReplyDelete
    Replies
    1. പ്രിയ ജ്വല്ലറി മൊതലാളിമാരേ,
      എന്നോട് പൊറുക്കണം. ഇതുവരെ നിങ്ങളുടെ കഷ്ടപ്പാടുകളെ കുറിച്ച് ഞാൻ ഓർത്തതേയില്ല. ബിപിൻ സാറിന്റെ കുറിപ്പാണ് എന്റെ കണ്ണ് തുറപ്പിച്ചത്. അപ്പൊ തന്നെ ഈ പോസ്റ്റ്‌ ഡിലീറ്റിയാലോ എന്ന് ഓർത്തതാണ്. പിന്നെ തോന്നി, എന്റെ അറിവില്ലായ്മയുടെ തിരുശേഷിപ്പായി ഇത് ഇവിടെ തന്നെ കിടക്കട്ടെ എന്ന്. അടുത്ത ആഴ്ച പത്ത് പവൻ സ്വർണം വാങ്ങാൻ വരുമ്പോൾ എന്നെ ജ്വല്ലറിയിൽ കയറ്റാതിരിക്കരുത്. പ്ലീസ്...

      Delete
  10. വാങ്ങിയ്കുമ്പോള്‍ വാങ്ങുന്ന കാശ് വില്‍ക്കുമ്പോളുംകിട്ടിയാല്‍ ok

    ReplyDelete
    Replies
    1. അങ്ങനെയല്ല നിസിൽ. പത്ത് വർഷം മുമ്പ് വാങ്ങിയ സ്വർണം ഇപ്പൊ വിറ്റാൽ നാലിരട്ടി വില കിട്ടും. പക്ഷേ, അന്നത്തെ അതേ തൂക്കവും ഗുണമേന്മയും ഇപ്പോൾ പരിഗണിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. അഭിപ്രായം പങ്കു വച്ചതിന് നന്ദി.

      Delete
  11. ഇത് മുൻപ് ഞാൻ സുഹൃത്തിനെ കാണിക്കാൻ എത്ര സെർച്ചീട്ടും കിട്ടാതെ പോയതാണ്. രണ്ടാഴ്ച മുൻപ്ऽ/ ഇപ്പോൾ ബ്ലോഗ് തുറന്നപ്പോൾ ദാ കെടക്കണു ആ വാർത്ത ബ്ലോഗായിട്ട്.. സന്തോഷം.. അപ്പോൾ അവനെ കൂട്ടി വരാം ട്ടാ :)

    ReplyDelete
    Replies
    1. മഴ സ്വപ്നങ്ങൾക്ക്, കേഡിക്കാഴ്ച്ചകളിലേക്ക് സ്വാഗതം :) ഈ പോസ്റ്റ്‌ ഇങ്ങനെ ഉപകാരപ്പെടുന്നു എന്നറിയുമ്പോൾ വളരെ സന്തോഷം.

      Delete
  12. കിടിലന്‍ ....ഈ പോസ്റ്റിനു മുന്നില്‍ നമിക്കുന്നു....
    വളരെ നല്ലൊരു പ്രയത്നം............നന്ദി

    ReplyDelete
    Replies
    1. ഹരീഷിന് എന്റെയും പ്രണാമം. പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ നന്ദി.

      Delete
  13. excellent information, good way of narration, defiantly I will share this amongst my circle. Keep writing, I foresee you have a great future in blogging.

    ReplyDelete
    Replies
    1. Welcome Mr. Jhonmelvin. Thank you so much for the inspiring words.

      Delete
  14. ഗോവിന്ദാ .. നിങ്ങൾ പല കാര്യങ്ങളും വളരെ രസകരമായി explain ചെയ്യുന്നുണ്ട് .. I really wish ഖുർആൻ, ബൈബിൾ ഗീത .. ഇതൊക്ക ഇതു പോലെ പണ്ട് എഴുതിയവർ എഴുതിയിരുന്നെങ്കിൽ എല്ലാവരും അതിന്റ ardham മനസ്സിലാക്കി ജീവിച്ചേനെ .. ഇപ്പോഴത്തെ വങ്കത്തരവും വിവരക്കേടും കാണിക്കില്ലായിരുന്നു .. Its my openion .

    ReplyDelete
  15. അമ്മേ... അയ്യോ.. തോറ്റ്.. നല്ല പോലെ അധ്വാനിച്ച് എഴുതിയ പോസ്റ്റ് തന്നെ. സ്വർണം വാങ്ങുകയോ വിൽക്കുകയോ അടുത്തൊന്നും ചെയ്തിട്ടില്ല. കാശും ഇല്ല.. സ്വർണപ്രാന്തും ഇല്ലാ.. കിടു പോസ്റ്റ് തന്നെ.. ഒറ്റ കുഴപ്പമേ ഒള്ളൂ.. വായിച്ച് പഠിച്ചിട്ടെ സ്വർണം വാങ്ങാൻ പോകാൻ പറ്റൂ

    ReplyDelete