Wednesday 22 August 2018

ജ്യോതിഷമഹാനാടകം!

മലയാളമനോരമയിൽ കാണിപ്പയ്യൂരിന്റെ ന്യായീകരണം വന്നതറിഞ്ഞില്ലേ? ജ്യോതിഷം ശാസ്ത്രമാണ്. അതിനു തെറ്റുപറ്റില്ല. മനുഷ്യസഹജമായ തെറ്റാണ് സംഭവിച്ചത് എന്നാണ് ന്യായീകരണത്തിന്റെ ചുരുക്കം. കേൾക്കുമ്പോൾ എല്ലാവർക്കും വളരെ നിഷ്കളങ്കമായി തോന്നും. എന്നാൽ ഫലപ്രവചനം എന്ന ഒന്നാംതരം കാപട്യത്തെ വളരെ തന്ത്രപരമായി ശാസ്ത്രത്തിന്റെ മൂടുപടം അണിയിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.


നടുവിൽ ഭൂമിയെ സങ്കൽപ്പിച്ച്, അതിനു ചുറ്റും പന്ത്രണ്ട് നക്ഷത്രരാശികളിലായി ആ സമയത്തെ ഗ്രഹങ്ങളുടെ സ്ഥാനം അടയാളപ്പെടുത്തുന്നതിനെയാണ് ഗ്രഹനില എന്ന് പറയുന്നത്. ഇതിൽ വലിയ അശാസ്ത്രീയത ഒന്നും ഇല്ല. എന്നാൽ ഇതെങ്ങനെയാണ് രേഖപ്പെടുത്തുന്നത് എന്ന് വിവരിക്കുന്നത് പറയുന്നവനും കേൾക്കുന്നവനും വളരെയേറെ സമയവും ക്ഷമയും ആവശ്യപ്പെടുന്ന സംഗതിയാണ്. ഇപ്പറഞ്ഞത് ശാസ്ത്രീയമായ ഏതൊരു കാര്യത്തിനും ബാധകമാണ്. അതുതന്നെയാണ് എല്ലാ കപടശാസ്ത്രക്കാരും മുതലെടുക്കുന്നതും. തനിക്ക് തോന്നുന്നത് പലമാർഗങ്ങളിലൂടെ തള്ളിമറിക്കുക. കേൾക്കുന്ന കുറെ എണ്ണം അത് വിശ്വസിക്കും. അത് തെറ്റാണെന്ന് തിരിച്ചറിയുന്ന ഏതെങ്കിലും ഒരു പാവം, ആ തള്ളിനെ പൊളിച്ചടുക്കാൻ, വളരെ കഷ്ടപ്പെട്ട് (തള്ളുന്ന പോലെ എളുപ്പമല്ല, അത് പൊളിക്കുന്നത്.) ഒരു നെടുനീളൻ ലേഖനമോ വീഡിയോയോ തയ്യാറാക്കും  പക്ഷേ, അശാസ്ത്രീയതയ്ക്ക് കിട്ടുന്ന സ്വീകാര്യതയുടെ പത്തിലൊന്നു പോലും അതിന് കിട്ടില്ല. ഉദാഹരണത്തിന്, ചട്ടുകതലയൻ താപാമ്പ് ഒരു ഭീകരനാണെന്ന് പ്രചരിപ്പിക്കാൻ വളരെ എളുപ്പമാണ്. ജീവന്റെ കാര്യം ആയതുകൊണ്ട് ജനങ്ങൾ വേഗത്തിൽ വിശ്വസിക്കും. എന്നാൽ അതൊരു സാധുവാണെന്ന് തെളിയിക്കാൻ നല്ല സമയവും അധ്വാനവും വേണം. നമ്മൾ അധ്വാനിച്ചു വരുമ്പോഴേക്കും ചട്ടുകതലയന്റെ കാര്യം കട്ടപൊകയായിട്ടുണ്ടാകും. അതുപോലെയാണ് ജ്യോതിഷവും.

പണ്ട്, കാലഗണനയ്ക്കും മതചടങ്ങുകൾക്കും കൃഷിയിറക്കാനും ഒക്കെ ഉപയോഗപ്പെടുത്തിയിരുന്ന ഒന്നായിരുന്നു ഗ്രഹനില. അത് ഒരു പരിധിവരെ ശാസ്ത്രീയവും ആയിരുന്നു. ഫലപ്രവചനം എന്ന ഭൂലോക ഉഡായിപ്പിനെ ഇതിലേക്ക് ചേർക്കുമ്പോഴാണ് ജ്യോതിഷം തികച്ചും അശാസ്ത്രീയം ആകുന്നത്. പക്ഷേ, സ്വന്തം ഭാവി മുൻകൂട്ടി അറിയാൻ കഴിയുന്നത് നല്ല രസമുള്ള സംഗതിയായത് കൊണ്ടും, ഇതിനു പിന്നിലെ കള്ളത്തരങ്ങൾ മനസിലാക്കുന്നത് മെനക്കേടായതുകൊണ്ടും ജ്യോതിഷം എന്ന കപടശാസ്ത്രം ഇന്നും സുഖമായി മുന്നോട്ടു പോകുന്നു.

ഇനി ശാസ്ത്രീയമായ കാലാവസ്ഥാപ്രവചനം നോക്കാം. അനക്കമില്ലാത്ത മുറിയിലിരുന്ന് ഒരാൾ വലിക്കുന്ന സിഗരറ്റിന്റെ പുക, കുറച്ചു മുകളിലേക്ക് ഉയർന്ന ശേഷം തരംഗരൂപത്തിൽ ചുറ്റിലും വ്യാപിക്കും. പക്ഷേ, ലോകത്തുള്ള സകല സൂപ്പർ കമ്പ്യൂട്ടർ ഉപയോഗിച്ച് വിശകലനം ചെയ്താലും അടുത്ത പുക ഏത് ആകൃതിയിലാണ് വ്യാപിക്കുകയെന്ന് കൃത്യമായി പറയാനാവില്ല. അത്രയും സങ്കീർണമാണത്. അപ്പോൾ പിന്നെ, നിരന്തരം അന്തരീക്ഷത്തിൽ മാറിമറിയുന്ന കാറ്റും, ഈർപ്പവും, മർദ്ദവും താപവും ഒക്കെ നോക്കി കാലാവസ്ഥ പ്രവചിക്കുന്ന ശാസ്ത്രജ്ഞർ നേരിടുന്ന വെല്ലുവിളി ഊഹിക്കാവുന്നതല്ലേയുള്ളു. എന്നിട്ടും ഏറെക്കുറെ കൃത്യമായി കാലാവസ്ഥ പ്രവചിക്കുന്നതിലേക്ക് ശാസ്ത്രം വളർന്നിട്ടുണ്ട്. അതെങ്ങനെയാണ് ചെയ്യുന്നതെന്ന് വിശദീകരിക്കുന്ന, സാമാന്യയുക്തിക്ക് നിരക്കുന്ന അറിവുകൾ  ഏതൊരു സാധാരണക്കാരനും പ്രാപ്യമാണ്. ഇത്രയും സങ്കീർണമായ ഒരു മേഖലയാണ് നമ്മുടെ ആശാൻ ഒരു ചതുരം നോക്കി പ്രവചിക്കുന്നത്!

ഒരു ഉദാഹരണം കൂടി പറഞ്ഞുകൊണ്ട് നിർത്താം. സൂര്യനെ ഒരു ഫുട്‍ബോൾ ആയി സങ്കല്പിച്ചാൽ ആ ഫുട്ബാളിൽ നിന്നും 26 മീറ്റർ ദൂരെയിരിക്കുന്ന ഒരു പയറുമണി പോലെയാണ് ഭൂമി. ആ ഫുട്ബാളിൽ നിന്ന് ഒരു നെല്ലിക്കയേക്കാൾ ചെറുതായ ശനിയിലേക്ക് 250 മീറ്റർ ദൂരം വരും. ഭൂമിയെന്ന പയറുമണിക്ക്  മുകളിലാണ് മഹാസമുദ്രങ്ങളും കൊടുമുടികളും ബാക്ടീരിയ മുതൽ ആനമയിലൊട്ടകം വരെയുള്ള സകലമാന ജീവികളും വസിക്കുന്നത്. അതിനെല്ലാം ഇടയിൽ ജീവിക്കുന്ന സൂക്ഷ്മജീവികളെപോലെയുള്ള  മനുഷ്യരെ പ്രത്യേകം പ്രത്യേകം സ്വാധീനിക്കാൻ ഇരുന്നൂറ്റിച്ചില്വാനം മീറ്റർ അകലെയിരിക്കുന്ന ഒരു നെല്ലിക്കയ്ക്ക് കഴിയും എന്നാണ് ജ്യോതിഷികൾ പറഞ്ഞു വയ്ക്കുന്നത്! ഒന്നോർത്തു നോക്കൂ. ഒരു നെല്ലിക്ക ഇരുന്നൂറ്റമ്പത് മീറ്റർ ദൂരെയുള്ള പയറുമണിയിൽ ജീവിക്കുന്ന ഓരോ ബാക്റ്റീരിയയെയും ജനനസമയത്തിന്റെ അടിസ്ഥാനത്തിൽ വെവ്വേറെ സ്വാധീനിക്കുമെന്ന്! എത്രയോ അപഹാസ്യമാണത്?!
എന്നിട്ട് അതും വിശ്വസിച്ച് ആ നെല്ലിക്കയെ പുകഴ്ത്തി സീരിയൽ പിടിക്കുന്ന ബാക്ടീരിയയെ എന്താണ് പറയേണ്ടത്?!

ഇനി ഗുരുത്വ)കർഷണം.  70 കിലോഗ്രാം ഭാരമുള്ള ഒരാളുടെ മേൽ ചൊവ്വാഗ്രഹം ചെലുത്തുന്ന സ്വാധീനം 0.00000048 ന്യൂട്ടൻ ആണ്. അതായത് പൂജ്യം തന്നെ! അതിനു നിങ്ങളുടെ ജനനസമയവുമായോ സ്ഥലവുമായോ ഒരു ബന്ധവും ഇല്ല. അമേരിക്കയിൽ ജീവിക്കുന്ന ഡിസൂസ ഫെർണാണ്ടസും ഇരിങ്ങാലക്കുടയിൽ താമസിക്കുന്ന കൊച്ചു ഗോവിന്ദനും ഒക്കെ ചൊവ്വയെ സംബന്ധിച്ച് ഒരു പോലെയാണ്. ബുധനായാലും വ്യാഴം ആയാലും അതുപോലെത്തന്നെ! ഇനി അങ്ങനെയല്ല, കൊച്ചുഗോവിന്ദനെ വ്യാഴം നോട്ടമിട്ടിട്ടുണ്ട് എന്നാണെങ്കിൽ അത് ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കണം. അപ്പൊ പറഞ്ഞു വന്നത് ദിതാണ്. കാലാവസ്ഥാപ്രവചനം മൂന് അല്ലെങ്കിൽ വേണ്ട 3G യത് കാണിപ്പയ്യൂരിന്റെ കുഴപ്പം കൊണ്ടല്ല. ജ്യോതിഷഫലപ്രവചനത്തിന് കാമ്പില്ലാത്തത് കൊണ്ട് തന്നെയാണ്.

നേരത്തെ പറഞ്ഞ കാലാവസ്ഥയേക്കാൾ എത്രയോ സങ്കീർണമാണ് നമ്മുടെയൊക്കെ ജീവിതം! സാധാരണ സമയങ്ങളിൽ കലഹിച്ചും വെള്ളപ്പൊക്കം വരുമ്പോൾ സ്നേഹിച്ചും ഒക്കെ ഒരു അഡ്ജസ്റ്മെന്റിലാണ് നമ്മളൊക്കെ ജീവിക്കുന്നത്. അടുത്ത നിമിഷം അതെങ്ങനെയായിത്തീരുമെന്ന് ഭഗവാൻ പരിശുദ്ധമുത്തുഡിങ്കനു മാത്രമേ അറിയൂ.

ആ ജീവിത മഹാത്ഭുതത്തെ പോലും പ്രവചിച്ച് മലമറിക്കുമെന്ന് പറയുന്ന ജ്യോതിഷികളെയും അവരെ വിശ്വസിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്ന വിശ്വാസികളെയും എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്? അത് ഡിങ്കൻ(സ) യ്ക്ക് പോലും അറിയുമെന്ന് തോന്നുന്നില്ല!