Wednesday, 1 June 2016

ബോംബുണ്ടോ ബ്രോ ഒരു ചായയെടുക്കാൻ?

ഇത്, തീവ്രവാദത്തിന്റെ ചോര മണക്കുന്ന കഥയാണ്. ലോലമനസ്കർ ദയവായി മാറി നിൽക്കുക. ഈ കഥയിലെ സംഭാഷണങ്ങൾ എല്ലാം അറബിയിലാണെങ്കിലും, എനിക്കും നിങ്ങൾക്കും അറബി അറിയാത്തത് കൊണ്ട് മലയാളത്തിൽ തർജമിക്കുന്നു.

************

അൽ കിലാവിയും ആത്മസുഹൃത്ത് മിസാവനീയും ബസ്സ്റ്റോപ്പിൽ എത്തുമ്പോൾ സിറിയയിലെ വിശാലമായ മരുഭൂമിയിൽ ഇരുൾ പരക്കാൻ തുടങ്ങുകയായിരുന്നു. "സുഹൃത്തേ, ബസ് വരാൻ ഇനിയും സമയമുണ്ട്. അതിനു മുമ്പ്, ഓരോ ചായ കുടിച്ചാലോ?" ബസ്  സ്റ്റോപ്പിന് അടുത്തുള്ള കണാരേട്ടന്റെ ചായക്കടയിലേക്ക് നടക്കുമ്പോൾ മിസാവനി ചോദിച്ചു. "എന്നാപ്പിന്നെ ഓരോ പരിപ്പ് വടയും കൂടി ആയിക്കോട്ടെ". അൽ കിലാവി പ്രതിവചിച്ചു.

സിറിയയിലെ ഐഎസ് തീവ്രവാദ സംഘടനയിലെ രണ്ടു ചുണക്കുട്ടികളാണ് കിലുവും മിസുവും. ചോര കണ്ട് അറപ്പ് മാറിയവർ. പക്ഷേ, അമേരിക്കയുടെ ആക്രമണത്തിൽ ഐഎസിന്റെ ട്രഷറി തകർന്നപ്പോൾ സംഘടന പ്രതിസന്ധിയിലായി. അതോടെ ജീവനക്കാരുടെ ശമ്പളം കമ്പനി പകുതിയാക്കി വെട്ടിക്കുറച്ചു. അങ്ങനെയാണ് കിലുവും മിസുവും വേറെ തീവ്രവാദ സംഘടനയിൽ ജോലി അന്വേഷിച്ചു തുടങ്ങിയത്.

 കണാരേട്ടനോട്‌ രണ്ട് ചായ ഓഡർ ചെയ്യുന്നതിനിടയിൽ അൽ കിലാവി സംഭാഷണം തുടർന്നു. "ചോരേടേം ബോംബിന്റേം എടെക്കെടന്ന് ജോലി ചെയ്യാൻ ഇപ്പോകിട്ടുന്ന ശമ്പളം തന്നെ കുറവാ. അതിന്റെടേല് ഒള്ള ശമ്പളം പകുത്യാക്കാന്നു പറഞ്ഞാലോ?"
"പിന്നല്ല." മിസാവനിയും ഏറ്റു പിടിച്ചു. "സ്വന്തം ആവശ്യത്തിനു തന്നെ പണം തികയുന്നില്ല. അതിന്റെ കൂടെ നാലഞ്ച് അടിമപ്പെണ്ണുങ്ങളെയും കൂടി എങ്ങനെ നോക്കാനാ?"

"എന്താ കിലൂ, ജോലി മാറുന്നതിന്റെ ടെൻഷൻ വല്ലതും ഉണ്ടോ?" കണാരേട്ടൻ ചായയും കൊണ്ട് വന്നു.
"ഏയ്‌. ടെൻഷൻ ഒന്നും ഇല്ല. അൽഖ്വയിദയിൽ ജോലി ചെയ്യുക എന്നത് ഏത് തീവ്രവാദിയുടെയും സ്വപ്നം അല്ലേ കണാരേട്ടാ."
ലോകം ഭയക്കുന്ന ഭീകരവാദിയെ കിലു എന്ന് വിളിക്കാൻ സ്വാതന്ത്ര്യമുള്ള ചുരുക്കം ചിലരിൽ ഒരാളാണ് കണാരേട്ടൻ. ഇന്ത്യയുടെ തെക്ക് ഭാഗത്ത് എവിടെയോ ആണ് വീട്. വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽ എത്തിയ ആളാണ്‌. യുദ്ധം കാരണം സിറിയക്കാരൊക്കെ യൂറോപ്പിലേക്ക് പോയപ്പോ, ബിസിനസ്സിന്റെ സ്കോപ് മനസ്സിലാക്കി മൂപ്പർ സിറിയൻ മരുഭൂമിയിലെ ഐഎസ് തീവ്രവാദ കേന്ദ്രത്തിനടുത്ത് ഒരു ചായക്കട തുടങ്ങി. അവിടത്തെ ചായയും പരിപ്പ് വടയും തീവ്രവാദികളുടെ ഇടയിൽ പെട്ടന്ന് തന്നെ ഹിറ്റായി. ഇപ്പൊ, നിന്ന് തിരിയാൻ സമയമില്ല. ഇത് കൂടാതെ, യെമനിലും അഫ്ഗാനിലും ഇറാക്കിലും കണാരേട്ടന് കടകളുണ്ട്. അവിടുത്തെ തീവ്രവാദികളുമായി അങ്ങേർക്ക് അടുത്ത ബന്ധമാണ്. അങ്ങനെയാണ് അഫ്ഗാനിലെ അൽ ഖ്വയിദയിൽ കിലുവിനും മിസുവിനും കണാരേട്ടൻ ജോലി ശരിയാക്കിയത്. ഇതുപോലെ പലരും കണാരേട്ടന്റെ കാരുണ്യത്തിൽ രക്ഷപ്പെട്ടിട്ടുണ്ട്. വെറുതെയല്ല കേട്ടോ. ഓരോ റിക്രൂട്ട്മെന്റിനും അയ്യായിരം ഡോളർ ഫീസ്‌ കൊടുക്കണം. എന്നാലും അവരുടെ ഒക്കെ രഹസ്യ സന്ദേശങ്ങളിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ വായിച്ച് കിലുവും മിസുവും അസൂയപ്പെട്ടിട്ടുണ്ട്. ദിവസേന ഇഷ്ടം പോലെ മനുഷ്യരെ കൊല്ലാൻ പറ്റുമത്രേ! കഴുത്തറുത്ത് കൊല്ലുമ്പോൾ ചീറ്റുന്ന പച്ചച്ചോരയുടെ ഗന്ധം അവർക്ക് വളരെ ഇഷ്ടമാണ്. അതുപോലെ പച്ചക്ക് ചുട്ടു കൊല്ലുമ്പോൾ ഉണ്ടാകുന്ന കരിഞ്ഞ മാംസത്തിന്റെ ഗന്ധവും...

"എവടെപ്പോയാലും പണി ചെയ്യാനൊള്ള മനസ്സ് ഇണ്ടായാ മതി. ആത്മവിശ്വാസാ ഏറ്റോം വലുത്." മുകളിലേക്ക് നോക്കി ഒന്ന് പ്രാർത്ഥിച്ച ശേഷം അങ്ങേര് തുടർന്നു. "പത്തറന്നൂറ് കൊല്ലം മുന്ന് ജോസപ്പേട്ടൻ അമേരിക്കക്ക് പോയപ്പോ എന്തുട്ടാ ഇണ്ടായേ കയ്യില്? ആത്മവിശ്വാസം മാത്രം. എന്നിട്ടെന്താ? കൊളംബസ് ചേട്ടൻ അമേരിക്കേല് ചെന്ന് എറങ്ങീപ്പൊ ചായ കൊടുത്ത് സ്വീകരിക്കാൻ ഭാഗ്യം ണ്ടായീലേ? അത് മനസ്സില് വെച്ചോ."
ചരിത്രം ഒന്നും അറിയില്ലെങ്കിലും കണാരേട്ടൻ പറഞ്ഞത് രണ്ടു പേരും ശ്രദ്ധയോടെ കേട്ടു. ദൂരെ നിന്നും പൊടിപറത്തി ബസ് വരുന്നത് കണ്ടപ്പോ അൽ കിലാവിയും മിസാഉലും എഴുന്നേറ്റു. കണാരേട്ടനും പുറത്തേക്ക് ഇറങ്ങി വന്നു. "ഡാ ബാബ്വേ, എന്തൊക്കിണ്ട് വിശേഷം?" ബാബു ആ ബസിന്റെ ഡ്രൈവർ ആണ്. ബാബൂന്റെ അനിയൻ ബിനോയ്‌ കണ്ടക്ടറും. രണ്ടു പേരും കണാരേട്ടന്റെ നാട്ടുകാർ തന്നെ. "എന്തുട്ട് വിശേഷം കണാരേട്ടാ? ഇപ്പൊ തന്നെ വീട്ടിലിക്ക് വിളിച്ച് വെച്ചൊള്ളൂ. നാട്ടില് ജീവിക്കാൻ പറ്റാത്ത അവസ്ഥ്യാ." രണ്ടു യൂഎസ് യുദ്ധവിമാനങ്ങൾ ദൂരേക്കൂടി പറന്നു പോയി. "എവടെ നോക്കിയാലും അഴിമതീം പീഢനോം വെലക്കയറ്റോം തന്നെ."
കണാരേട്ടന്റെ നാടിനെ കുറിച്ചോർത്ത് അൽ കിലാവിക്ക് സങ്കടം തോന്നി. "നിങ്ങടെ നാട് നന്നാവാൻ ഞാൻ പ്രാർഥിക്കാം".

"അതൊന്നും നന്നാവാൻ പോണില്ല" കണാരേട്ടൻ ആത്മഗതിച്ചു.
"ഞാൻ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ? ബാബു യെമൻ അതിർത്തി വരെ കൊണ്ട് വിടും. അവിടെ നമ്മടെ ചായക്കടയിൽ താമസിച്ച് നാളെ വൈകീട്ട് അഫ്ഗാൻ ഫ്ലൈറ്റിൽ പുറപ്പെടണം. കള്ള പാസ്പോർട്ടും വിസയും ഒക്കെ എന്റെ മോൻ സുമേഷ് റെഡിയാക്കിയിട്ടുണ്ട്. ആയുധങ്ങൾ ഒക്കെ പുതിയ സ്ഥലത്ത് ജോയിൻ ചെയ്യുമ്പോ കിട്ടും."
"കണാരേട്ടാ, കുറച്ചു ദിവസത്തേക്ക് എന്റെ ബോസ് ഇത് അറിയരുത്. യെമനിൽ പോയി രണ്ടു ബോംബ്‌ പൊട്ടിച്ചിട്ട് വരാം എന്ന് പറഞ്ഞാണ് ഇറങ്ങിയത്. കമ്പനി മാറിയതറിഞ്ഞാൽ ചെലപ്പോ ഇഷ്ടപ്പെടില്ല."
"അതൊക്കെ ഞാൻ വേണ്ട പോലെ ചെയ്തോളാം മക്കളേ. ഞാൻ എത്ര തവണ ഈ ഇടപാട് നടത്തിയിരിക്കുന്നു. എത്തിയ വിവരത്തിന് എനിക്കും ഇവിടെയുള്ള അടുത്ത കൂട്ടുകാർക്കും സന്ദേശം അയക്കണം."

യെമനിൽ പൊട്ടിക്കാനുള്ള ബോംബും തോക്കും ഒക്കെ അവർ കണാരേട്ടന് കൈമാറി. വഴിയിൽ അമേരിക്കൻ സേന വണ്ടി പരിശോധിച്ചാൽ തന്നെ ചമ്മിപ്പോകും. കാരണം കിലുവും മിസുവും ഇപ്പോൾ കാഴ്ചയിൽ സിറിയൻ അഭയാർഥികളാണ്. കണാരേട്ടനെ ആലിംഗനം ചെയ്ത് ഇരുവരും ബസിൽ കയറി. ബസ് പൊടി പറത്തി ദൂരെ ദൂരെ അപ്രത്യക്ഷമായി. രണ്ടു പേരെ സഹായിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കണാരേട്ടൻ ഡോളറിനെ ഇന്ത്യൻ രൂപയിലേക്ക് മാറ്റാൻ മനസ്സിൽ കണക്ക് കൂട്ടി 5000 x 2 x 66.83 = ...

*********************

നേരം പുലർന്നു. യെമൻ അതിർത്തിയിൽ വണ്ടി എത്തിയപ്പോൾ ബാബു രണ്ടു പേരെയും ഉണർത്തി. "ദാ, ആ ഗ്യാപ്പിലൂടെ നൂണ്ട് കടന്നോളൂ. ഈ ഭാഗത്ത് ചെക്കിങ്ങ് ഒന്നും ഇല്ല. ഒരു മുന്നൂറു മീറ്റർ നേരെ നടന്നാൽ 'കണാരൻസ് ടീഷോപ്' എന്ന ബോർഡ് കാണാം. അവിടെ ചെന്നിട്ട് "ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ" എന്ന് ചോദിക്കണം. അപ്പൊ അവർ "തീപ്പെട്ടിയുണ്ടോ സഖാവേ ഒരു ബീഡിയെടുക്കാൻ" എന്ന് പറയും. അപ്പൊ നിങ്ങൾ പറയണം "രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ" എന്ന്. അതാണ്‌ നമ്മുടെ കോഡ് ഭാഷ. 
ബാബുവിന് നന്ദി പറഞ്ഞ് കിലുവും മിസുവും ഇറങ്ങി നടന്നു. ചായക്കടയിൽ ആകെ രണ്ടോ മൂന്നോ പേരെ ഉണ്ടായിരുന്നുള്ളൂ. അവർ കടക്കാരനോട് ചോദിച്ചു. "കണാരേട്ടന്റെ മോൻ സുമേഷ് ആണോ?"
"അതെ"
"ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ"
"തീപ്പെട്ടിയുണ്ടോ സഖാവേ ഒരു ബീഡിയെടുക്കാൻ"
"രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ".
സുമേഷ് ചിരിച്ചു. "വരൂ. അകത്തേക്ക് ഇരിക്കാം".
അകത്ത് അവരെ കാത്ത് റഷ്യൻ പട്ടാളക്കാർ ഇരിക്കുന്ന കാര്യം ആ തീവ്രവാദികൾക്ക് അറിയുമായിരുന്നില്ല.

*********************

കഥയുടെ ബാക്കി പല ലോകഭാഷകളിലാണ്. എനിക്കും നിങ്ങൾക്കും അതൊന്നും അറിയാത്തത് കൊണ്ട് മലയാളത്തിൽ തർജമിക്കുന്നു.

"ഹലോ."
"ഹലോ മിസ്റ്റർ കണാരൻ. ഇത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആണ്."
"നമസ്കാരം സർ. എന്തൊക്കെയുണ്ട് വിശേഷം."
"നല്ല വിശേഷം മി. കണാരൻ. ഞാൻ താങ്കൾക്ക് നന്ദി പറയാൻ ആണ് വിളിച്ചത്. കിലുവും മിസുവും ഉൾപ്പടെ മുപ്പതാമത്തെ തീവ്രവാദിയെ ആണ് താങ്കൾ പിടിച്ചിരിക്കുന്നത്. അതും ഒരു നിരപരാധിയെ പോലും മുറിവേൽപ്പിക്കാതെ. താങ്കൾ ആളൊരു കിടിലൻ തന്നെ!"
"നന്ദി സർ. പിടിച്ചവൻമാരുടെ പേരിൽ കൂട്ടുകാർക്ക് നല്ല സന്ദേശങ്ങൾ അയക്കാൻ ടീമിനോട് പറയണം. ഒബാമ ലൈനിൽ ഉണ്ട്. ഞാൻ വിളിക്കാം സർ."

"ഹലോ."
"ഒബാമയാണ് കണാരാ. നമ്മളെയൊക്കെ മറന്നോ?!"
"എന്താ ബ്രോ അങ്ങനെ പറയുന്നത്? ഇവിടെ കുറച്ച് തിരക്കായിരുന്നു."
"ഞാൻ തമാശിച്ചതാടോ. അഫ്ഗാനിൽ നിന്ന് താങ്കൾ പിടിച്ചു തന്ന നാൽപ്പത്തേഴു ഭീകരവാദികൾക്ക് പകരം തനിക്ക് എന്താടോ വേണ്ടത്?"
"ഒന്നും വേണ്ടടോ. സിറിയയിലെ ചായക്കടക്ക് താഴെയുള്ള രഹസ്യ ഹൈവേയുടെ അറ്റകുറ്റപ്പണി ഒന്നു നടത്തി തരണം. പിന്നെ കടയുള്ള ഭാഗത്ത് ബോംബൊന്നും ഇട്ടേക്കല്ലേ!"
"ഹഹ. തന്റെയൊരു കാര്യം! ഒക്കെ ഞാൻ ഏറ്റു."
"ഒരു കോൾ വരുന്നുണ്ട് ഡ്യൂഡ്. ഞാൻ വിളിക്കാം."


"കെ. നരേയ്ൻ സ്പീകിംഗ് മോഡിജി"
"എല്ലാം ഓക്കെ അല്ലേ ബേഠാ"
"എവരിതിംഗ് ആൾറൈറ്റ് സർ."
"ഗുഡ്. ഞാൻ അഞ്ചാമതും യൂറോപ്പിലേക്ക് പോകുന്നു. ഒരു മാസം കഴിഞ്ഞിട്ടേ വരൂ. അതുവരെ ടേക്ക് കെയർ ബേഠാ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മെർകലിനെയൊ കാമറൂണിനെയോ വിളിച്ചാൽ മതി. ഞാൻ ആ ഭാഗത്ത് എവിടെയെങ്കിലും ഉണ്ടാകും."
"ജീ സാബ്. ജയ് ഹിന്ദ്‌."
"ജയ് ഹിന്ദ്‌." 

17 comments:

 1. അന്താരാഷ്ട്രതലത്തില്‍ പിടിപാടുള്ള കുമാരേട്ടനുപോലും നമ്മുടെ രാജ്യം നന്നാവുമെന്ന് ഒരു പ്രതീക്ഷയും ഇല്ലല്ലോ. എഴുത്ത് വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
  Replies
  1. നന്ദി, സർ. അന്യരാജ്യങ്ങളിലെ സെറ്റപ്പ് കാണുമ്പോ നമ്മുടെ നാടിനെ കുറ്റം പറയുന്നത് മലയാളികളുടെ ഒരു ശീലം ആണല്ലോ. അല്ലാതെ അങ്ങേര് മനസ്സിൽ തട്ടി പറഞ്ഞതായി കരുതേണ്ട!

   Delete
 2. കൊച്ചുഗോവിന്ദന്റെ മുന്ന റിയിപ്പ്‌ കണ്ട്‌ ഒന്ന് മാറിനിന്നതാ.പിന്നെ രണ്ടും കൽപ്പിച്ച്‌ വായിക്കാൻ തുടങ്ങി.

  ആക്ഷേപഹാസ്യത്തിനിങ്ങനേം വേർഷനുണ്ടോന്ന് സംശയം.

  പഞ്ചുകൾ മാത്രം കുത്തിത്തിരുകി എഴുതാൻ കഴിയുന്നതിൽ ഞാൻ സഹബ്ലോഗറുടേതായ രീതിയിൽ എന്റെ കടുത്ത അസൂയയും കുശുമ്പും നിർവ്വ്യാജം രേഖപ്പെടുത്തുന്നു.ചുണ്ടിൽ ചിരിയില്ലാതെ ഒരു വരിയും വായിക്കാനാവില്ല.

  ആശംസളോടാശംസകൾ!!!!എന്നാലും മോഡിയെ ഒരു മാസത്തിനു യൂറോപ്പിനു വിടണ്ടാർന്ന്!!!!! 😜😜😜😜😜😜

  ReplyDelete
  Replies
  1. സുധി ഒരു ലോലഹൃദയനാണെന്ന് ഞങ്ങളെ അറിയിക്കാനുള്ള സൈക്കിളോടിക്കൾ മൂവ് ആദ്യ വരിയിൽ ഉണ്ടെന്ന് എനിക്ക് മനസിലായതേയില്ല കേട്ടോ!
   പിന്നെ, ഈ ഉള്ളു തുറന്നുള്ള അഭിനന്ദനം മനസ്സിൽ തട്ടി എന്ന് പറയാതെ വയ്യ. ഞാനൊക്കെ എഴുത്ത് ഇഷ്ടപ്പെട്ടാൽ പോലും തരക്കേടില്ല എന്ന് പറഞ്ഞ് ബുജി ആവാനാണ് ശ്രമിക്കാറുള്ളത്. ഒരായിരം നന്ദി.
   ഇതെഴുതുമ്പോൾ മോഡിജി ഖത്തറിൽ ആണ്. ഇന്നലെ അഫ്ഗാനിൽ ആയിരുന്നു. ഖത്തറിൽ നിന്ന് സ്വിറ്റ്സർലൻഡ്. പിന്നെ മെക്സിക്കോ അത് കഴിഞ്ഞ് യൂഎസ്. വിടണ്ടാ എന്ന് നമ്മൾ മാത്രം വിചാരിച്ചാൽ മതിയോ? അങ്ങേർക്കും കൂടി തോന്നണ്ടേ?

   Delete
 3. പ്രിയപ്പെട്ട കേഡി, നിങ്ങൾ ഒരു വല്ലാത്ത ഭീകരൻ തന്നെ !! ഇതൊരു സിനിമയാക്കുവാണേൽ , കണാരന്റെ റോൾ നമ്മുടെ ലാലേട്ടന് കൊടുത്തു , മേജർ രവിയെക്കൊണ്ട് സംവിധാനം ചെയ്തു , " സെക്രെറ്റ്‌ എജന്റ്റ് .ലെഫ്റ്റ് .കേണൽ . കണാർ സാബ്‌ " എന്ന് പേരിടണം .... :)

  ReplyDelete
  Replies
  1. എന്റെ ഷഹീം ഭായ്, സീക്രട്ട് എജന്റ്റ് എന്ന് പേര് കൊടുത്താൽ നമ്മടെ സസ്പെന്സ് ആദ്യമേ പൊളിയില്ലേ?! കണാരേട്ടന്റെ പരിപ്പുവട എന്നോ മറ്റോ കൊടുത്താലോ? ലാലേട്ടന്റെ കൂടെ ബിഗ്‌ ബി കൂടി അഭിനയിച്ചാൽ കുറച്ചു കൂടി അടിപൊളിയാവും എന്നാണ് എന്റെ ഒരു ഇത്. ഇത്ര മഹത്തായ ഒരു സംഗതി ഈ കൊച്ചു കഥയിൽ മറഞ്ഞിരിപ്പുണ്ടെന്നു ചൂണ്ടിക്കാട്ടിയതിന് നന്ദി നന്ദി നന്ദി!

   Delete
  2. വേണമെന്കില് ഈ സിനിമ ഞാൻ സംവിധാനം ചെയ്യാം......

   Delete
 4. ഭീകര വാദവും കൊല്ലും കൊലയും ആയുധ കള്ളക്കടത്തും ഒക്കെ സാധാരണമായി മാറിയ ഈ ലോകത്തിന്റെ കഥ ഹാസ്യത്തിൽ എഴുതി. ഹാസ്യം അതിര് വിടുന്നുമില്ല. പശ്ചാത്തലവും നന്നായി.

  ഒബാമയുമായുള്ള സംഭാഷണം ഹാസ്യത്തിന് വേണ്ടി ഹാസ്യം എഴുതിയത് പോലെ തോന്നി. അവസാനം മോഡിയുമായുള്ള സംഭാഷണം കഥയ്ക്ക്‌ ഒട്ടും അനുയോജ്യമായില്ല. അതോഴിവാക്കിയാൽ കഥ കുറേക്കൂടി മെച്ചപ്പെടുമായിരുന്നു.

  കണാരേട്ടൻറെ പാത്ര സൃഷ്ടിയും നന്നായി. ഒരേ സമയം arms dealer,spy, counterspy, diplomat

  കണാരേട്ടൻ വല്ല അഡ്നൻ ഖാഷോഗിയും ആയിരിക്കും എന്നു തോന്നുന്നു.

  ReplyDelete
  Replies
  1. നന്ദി ബിപിൻ സർ. കണാരേട്ടന്റെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ആണ് മൂന്ന് രാഷ്ട്രനേതാക്കളുമായുള്ള സംഭാഷണം ഉൾപ്പെടുത്തിയത്. ഇക്കാര്യത്തിൽ പാളിച്ച പറ്റാൻ ഉണ്ടായ സാഹചര്യം പഠിക്കാൻ രഹസ്യാന്വേഷണസമിതിയെ നിയോഗിച്ചു കഴിഞ്ഞു! പിന്നെ അഡ്നൻ ഖാഷോഗിയും കണാരേട്ടനും തമ്മിലുള്ള സാമ്യം യാദൃശ്ചികം മാത്രം. കാരണം, ബിപിൻ സർ പറയുമ്പോൾ മാത്രമാണ് ഇങ്ങേരെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത്. പിന്നെ വിക്കിയിൽ പോയി നോക്കിയപ്പോഴാണ് സംഗതി മനസിലായത്.

   Delete
 5. കേഡിയിലേക്ക് വഴികാട്ടിയത് സുധിയാണ്. മോശായില്ലാട്ടോ വരവ്..അല്‍ കിലാവിവരെ നമ്മുടെ നാട് നന്നാവാന്‍ പ്രാര്‍ത്ഥിച്ചല്ലോന്ന് ഓര്‍ക്കുമ്പോഴാ ഒരാശ്വാസം! നന്നായിട്ടോ :)

  ReplyDelete
  Replies
  1. നന്ദി, ചേച്ചീ. രണ്ടു മലയാളികൾ കണ്ടു മുട്ടിയാൽ പ്രാരാബ്ധവും കുറ്റങ്ങളും അല്ലാതെ നാടിനെ കുറിച്ച് നല്ലതൊന്നും പറയാറില്ലല്ലോ. ഇത് കേട്ട് കേട്ട് കിലു പോലും സെന്റി ആയിപ്പോയി. തനിക്ക് ചായയും പരിപ്പ് വടയും തരുന്ന ചേട്ടന്റെ നാടിനോട് ഏത് തീവ്രവാദിക്കും കാണില്ലേ ഒരു സോഫ്റ്റ്‌ കോർണർ?!

   Delete
 6. 'ബോംബ്‌'എന്ന് കേട്ടപ്പോള്‍ പേടിയോടെയാണ് വായന തുടങ്ങിയത് ...അക്ഷര ബോംബുകള്‍ തകര്‍ത്ത വര്ണവിസ്മയങ്ങളില്‍ ബോംബ്‌ പൊട്ടിക്കുന്ന പരാവര്‍ത്തനത്തിലെ മിടുക്ക് അപാരമെന്നും തോന്നി ...എന്നാലും ആ അറബി ഭാഷയും മറ്റും തനി രൂപത്തില്‍ പറഞ്ഞു മൊഴിയും മൊഴിമാറ്റവും ഉണ്ടായെങ്കില്‍ എന്നും കൊതിച്ചു ....ആശംസകള്‍ !

  ReplyDelete
  Replies
  1. നന്ദി, മുഹമ്മദ്‌ സർ.
   ഈ സിറിയയിലെ അറബി എന്ന് പറഞ്ഞാൽ ഒരു പ്രത്യേക തരം അറബിയാ. അതുകൊണ്ടാണ് എഴുതാഞ്ഞത്. ഏകദേശം ഇങ്ങനെ ഇരിക്കും ----->
   "جرتجك فجرل منك ಅಸಳಮು ಅಲೈಕುಂ ولبکور فجرووا ఫగాత్ర్ ਤਾਡਿੰਕੋ لوکا سمستها
   سخنو بهاوانتهو ..." :)

   Delete
 7. പ്രിയപ്പെട്ട ഗെഡി ബ്രൊ കൊച്ചു ,
  ഇതിട്ടപ്പൊ തന്നെ ഞാനൊരഭിപ്രായം ഇവിടെ പൂശിയിട്ടിരുന്നു..
  എന്തൊ ഉള്ളിൽ കിടന്ന ‘ജാക്ക്ഡാനിയ‘ലേട്ടന്റെ ലഹരിയിൽ പബ്ലിഷ്
  ബട്ടന് പകരം ഉന്തുട്ട് കുന്ത്രാണ്ടത്തിലാ ഞെക്കിയതെന്ന് ഓർമ്മയില്ല ...ഒപ്പം
  ആ കലക്കൻ കമ്മെന്റും ഇപ്പോൾ ഓർമ്മയിൽ നിന്നും ഡിലീറ്റായി പോയി...!

  ലോകത്തുള്ള സകലകലാ ഭീകരർക്കും പിന്നിൽ കൂടി പണി കൊടുക്കുന്ന കണാരേട്ടനെ
  പോലെയുള്ള നമ്മ മലയാളികളുടെ ഉടായിപ്പുകളെയെല്ലാം പൂവിട്ട് പൂജിക്കുന്നവരാണ് ഇന്ന്
  ലോകത്തുള്ള ഏത് വമ്പൻ നേതക്കളും എന്നറിയില്ലേ മച്ചൂ ...
  ഇത്തരം നപ്പ് നൊളപ്പൻ സാഹസിക കേഡി കഥകളോട് കിടപിടിക്കുവാൻ കൊച്ചുവിനല്ലാതെ
  ബൂലോഗത്തെ ഒരു കൊമ്പ് വെച്ച തമ്പ്രാനും പറ്റില്ലാന്നുള്ള രഹസ്യം ആർക്കാ അറിയാൻ പാടില്ല്യാത്തെ...

  എന്ന്
  സസ്നേഹം
  കഥ തുടങ്ങി ക്ലൈമാക്സ് വരെ കോരിതരിച്ച്
  വായിച്ച ഒരു കുഞ്ഞ് കണാരേട്ടന്റെ മോൻ ചാരൻ

  ReplyDelete
 8. അടിപൊളി..

  ReplyDelete
 9. കണാരെട്ടനെപ്പോലുള്ള മലയാളികള്‍ ഇനിയുമിനിയും ഉണ്ടാവട്ടെ...

  ReplyDelete