Thursday 31 March 2016

ലോകം ഇങ്ങനാണ് ബ്രോ...

"കൂടെയുണ്ടായിരുന്ന നിരവധി പേർ പട്ടിണി കിടന്നു മരിച്ചു. ബാക്കിയുള്ളവർ ഭക്ഷണം കഴിച്ചിട്ട് ആഴ്ചകളായി. എവിടുന്ന് കിട്ടാനാണ്‌? ഈ പ്രേതഭൂമിയിലേക്ക് എവിടുന്ന് ഭക്ഷണമെത്താനാണ്? ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസ ട്രക്കുകൾക്ക് അതിർത്തി കടക്കണമെങ്കിൽ പോലും ഗവണ്മെന്റിന്റെയും പ്രതിപക്ഷത്തിന്റെയും തീവ്രവാദികളുടെയും അനുവാദം വേണം. വന്നാൽ തന്നെ ഇവിടെ ശേഷിക്കുന്ന ജനതയുടെ പത്ത് ശതമാനത്തിന് ആശ്വാസം പകരാൻ പോലും അതിനാവില്ല." അയാളുടെ എല്ലുകൾ മെലിഞ്ഞ ശരീരത്തിൽ എഴുന്നു നിന്നു. കണ്ണുകൾ കുഴിഞ്ഞും മുഖം വിളർത്തും കാണപ്പെട്ടു. "ബോംബ്‌ വീണ് കരിയാത്ത ചില മരങ്ങൾ ബാക്കിയുണ്ട്. അതിന്റെ ഇല പറിച്ചെടുത്ത് വെള്ളത്തിലിട്ട് ഞങ്ങൾ തിളപ്പിച്ച്‌ കുടിക്കും. ചിലപ്പോൾ, വെന്തളിഞ്ഞ ഇലകളും കഴിക്കും."
 യുദ്ധത്തിനും പട്ടിണിക്കും കെടുത്താൻ പറ്റാത്ത പ്രതീക്ഷയുടെ തിരിനാളം അയാളുടെ കണ്ണിൽ അപ്പോഴും അവശേഷിച്ചു. "എന്നെങ്കിലും എല്ലാം ശരിയാകും."
"വിവരങ്ങൾ പങ്കു വെച്ചതിന് വളരെ നന്ദി."
സിറിയയിലെ മദായ ഗ്രാമത്തിൽ നിന്നും ബി.ബി.സി ക്ക് വേണ്ടി ജാനെറ്റ് ഡോസ്‌.

******************

"ഇവിടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മാതൃരാജ്യം ഇല്ല. അവരോട് രാജ്യത്തിന്റെ പേര് ചോദിച്ചാൽ ദബാബ് എന്നാണ് പറയുക. വീടും വിലാസവും നഷ്ടപ്പെട്ട് അലയുന്ന ഇവിടുത്തെ ഓരോ മനുഷ്യ ജീവിക്കും ഈ ലോകത്ത് ജീവിക്കാൻ നിങ്ങളുടെ അത്ര തന്നെ അവകാശമുണ്ട്." അയാൾ തുടർന്നു. "പക്ഷേ, ലോകം ഞങ്ങളെ വിളിക്കുന്നത് അഭയാർഥികൾ എന്നാണ്. അടിസ്ഥാനസൗകര്യങ്ങളോ പൗരാവകാശങ്ങളോ ഇല്ലാതെ ഇവിടെ ജീവിതം തള്ളിനീക്കുന്ന ഓരോ മനുഷ്യന്റെയും പരമപ്രധാനമായ ആവശ്യം അതിജീവനം മാത്രമാണ്. ജീവിതത്തിന് നിറവും സുഗന്ധവും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും വളരെ പെട്ടന്ന് ഈ അവസ്ഥയിൽ എത്തിച്ചേരുന്നവരുടെ വികാരം മനസിലാക്കാൻ ചാനലുകാരുടെ ഒരു ഉപകരണത്തിനും സാധ്യമല്ല."
യുദ്ധത്തിനും പട്ടിണിക്കും കെടുത്താൻ പറ്റാത്ത പ്രതീക്ഷയുടെ തിരിനാളം അയാളുടെ കണ്ണിൽ അപ്പോഴും അവശേഷിച്ചു. "എന്നെങ്കിലും എല്ലാം ശരിയാകും."
"വിവരങ്ങൾ പങ്കു വെച്ചതിന് വളരെ നന്ദി."
മൂന്നര ലക്ഷത്തോളം അഭയാർഥികൾ അധിവസിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പ്‌ ആയ, കെനിയയിലെ ദദാബിൽ നിന്നും പ്രാറ്റ് വിൻസർ, പ്രസ്‌ ടീവി.

******************

"രക്തം മരവിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ശ്വാസം എടുക്കാൻ പോലും പറ്റാതെ ഞാൻ വിഷമിച്ചു. കൂടെയുള്ളവർ, അഭയാർഥികൾക്ക് വേണ്ടിയൊരുക്കിയ റെയിൽവേ സ്റ്റേഷനിലെ ക്ലിനിക്കിൽ എത്തിച്ച് ഓക്സിജൻ നല്കിയത് കൊണ്ട് രക്ഷപ്പെട്ടു. അധികം വൈകാതെ അടുത്ത രോഗി എത്തിയപ്പോൾ എനിക്ക്, പുറത്തെ മരവിക്കുന്ന തണുപ്പിലേക്ക് തിരിച്ചിറങ്ങേണ്ടി വന്നു. സത്യത്തിൽ ഞാൻ ഭാഗ്യവാനാണ്. താപനില പൂജ്യത്തിന് താഴെ പോവുന്ന ഈ മഞ്ഞുകാലത്ത് ഒരു ചെറിയ ബോട്ടിൽ കര തേടിയലയുന്ന എത്രയോ അഭയാർഥികളുണ്ട്. ഹൈപോ തെർമിയ മൂലം ഗ്രീസിലെ തെരുവുകളിൽ മരിക്കുന്ന എത്രയോ ജനങ്ങളുണ്ട്‌?"
യുദ്ധത്തിനും പട്ടിണിക്കും കെടുത്താൻ പറ്റാത്ത പ്രതീക്ഷയുടെ തിരിനാളം അയാളുടെ കണ്ണിൽ അപ്പോഴും അവശേഷിച്ചു. "എന്നെങ്കിലും എല്ലാം ശരിയാകും."
"വിവരങ്ങൾ പങ്കു വെച്ചതിന് വളരെ നന്ദി."
ആയിരക്കണക്കിന് അഭയാർഥികൾ  തീരമണയുന്ന ഗ്രീസിലെ കോസ് ദ്വീപിൽ നിന്നും യാനി ബെക്രകിസ്, റോയിറ്റേഴ്സ്.

******************

"വലത്തേ കാൽ ഒടിഞ്ഞു തൂങ്ങി. ഇടത്തേ കാലിൽ ലോഹക്കഷ്ണങ്ങൾ തുളച്ചു കയറി. വേദന കാരണം കണ്ണിൽ ഇരുട്ട് നിറഞ്ഞു. അധികം വൈകാതെ രക്ഷാപ്രവർത്തകർ എന്നെ കണ്ടെത്തിയത് കൊണ്ട് മാത്രം രക്തം വാർന്ന്, ഞാൻ മരിച്ചില്ല." വേദന കാരണം അയാളൊന്നു ഞരങ്ങി. പിന്നെ തുടർന്നു. "ഡോക്ടറുടെ പക്കൽ അവശേഷിച്ചിരുന്നത് ഏതാനും ശസ്ത്രക്രിയാ ഉപകരണങ്ങളും കുറച്ചു പഞ്ഞി കഷണങ്ങളും തുണികളും മാത്രമായിരുന്നു. മറ്റു മാർഗങ്ങൾ ഇല്ലാത്തത് കൊണ്ട് എന്റെ പച്ച മാംസത്തിലേക്ക് ഒടിഞ്ഞു തൂങ്ങിയ അസ്ഥികൾ തിരികെ കയറ്റുന്നത് എനിക്ക് പൂർണ ബോധത്തോടെ കണ്ടു നിൽക്കേണ്ടി വന്നു. മയക്കാനോ മരവിപ്പിക്കാനോ ഇവിടെ മരുന്നില്ല. പക്ഷേ, തക്ക സമയത്ത് ചികിത്സ കിട്ടാതെ അണുബാധയേറ്റും രക്തം വാർന്നും മരിച്ചവരെ കുറിച്ചോർക്കുമ്പോൾ ഞാൻ ഭാഗ്യവാനാണ്. വലിയ വലിയ രാജ്യങ്ങളിൽ കലാപത്തിലോ അക്രമത്തിലോ ഒരാൾ മരിക്കുന്നത് പോലും വലിയ സാമൂഹിക പ്രശ്നമാണെന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്. ഇവിടെ മരിക്കുന്ന ഓരോരുത്തരും സ്ഥിതിവിവരക്കണക്കുകൾ തിരുത്താൻ മാത്രമേ ഉപകരിക്കുന്നുള്ളൂ..."
യുദ്ധത്തിനും പട്ടിണിക്കും കെടുത്താൻ പറ്റാത്ത പ്രതീക്ഷയുടെ തിരിനാളം അയാളുടെ കണ്ണിൽ അപ്പോഴും അവശേഷിച്ചു. "എന്നെങ്കിലും എല്ലാം ശരിയാകും."
"വിവരങ്ങൾ പങ്കു വെച്ചതിന് വളരെ നന്ദി."
ലിബിയയിലെ മുർസൂകിൽ നിന്നും ഫാത്തിമ ഷാകിർ, അൽ ജസീറ.

******************

"ജോലി സ്ഥലത്തെ ബോസിന്റെ ശകാരം നിങ്ങളെ അലട്ടുകയാണോ? 
ജാതകദോഷം കാരണം വിവാഹം മുടങ്ങി നിരാശനായ ആളാണോ നിങ്ങൾ? 
ലിംഗത്തിന്റെ വലുപ്പക്കുറവു നിങ്ങളെ തീരാദുരിതത്തിൽ ആഴ്ത്തിയോ?
കാറ് വാങ്ങാനുള്ള സാമ്പത്തിക തടസ്സം നിങ്ങളുടെ സമാധാനം കെടുത്തുകയാണോ?
സഹപ്രവർത്തകന് കിട്ടിയ പ്രമോഷൻ താങ്കളെ അസ്വസ്ഥനാക്കിയോ?
ഇതൊന്നുമല്ലാതെ കൂടോത്രം, ഒടിവിദ്യ, കുതികാൽ വെട്ട്, മൂലക്കുരു, സ്തനസൗന്ദര്യക്കുറവ്, സ്തനസൗന്ദര്യക്കൂടുതൽ തുടങ്ങി നൂറു കണക്കിന് ജീവിതപ്രശ്നങ്ങളിൽ ഏതെങ്കിലും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത...
പ്രശസ്തരായ ജ്യോതിഷ/ ആഭിചാര/ വാസ്തു/ ഫെങ്ങ്ഷുയി/ താന്ത്രിക/ മാന്ത്രിക വിദഗ്ധരുടെ സഹായത്തോടെ ലൈംഗിക ഉത്തേജനം, മദ്യപാനം, പെണ്ണുപിടി, കൈവിഷം, രോമവളർച്ച തുടങ്ങി സാമ്പത്തികം, മാനസികം, രാഷ്ട്രീയം, ആരോഗ്യം വരെയുള്ള എല്ലാ ജീവിത പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം.
വലംപിരി ശംഖ്, വശ്യവരാഹി, മാന്ത്രിക ഏലസ്സ്, നാഗമാണിക്യം തുടങ്ങിയ പോപ്പുലർ മാന്ത്രിക ഐറ്റങ്ങൾ മുതൽ നൂറ്റൊന്നു ദിവസം പങ്കിലക്കാട്ടിൽ പൂജിച്ച  'ഡിങ്ക' ജട്ടികൾ വരെ ഒരു കുടക്കീഴിൽ അണിനിരത്തുന്നു. നേരിൽ ബന്ധപ്പെടാൻ താല്പര്യം ഇല്ലാത്തവർക്ക് ഫോണിലൂടെയും ബന്ധപ്പെടാവുന്നതാണ്. കൺസൾട്ടേഷൻ ഫീസ്‌ കേവലം 4999/- രൂപ മാത്രം."

ഇന്ത്യയിലെ കേരളത്തിൽ നിന്നും ലോകനന്മക്ക് വേണ്ടി മാധ്യമഡാഷുകൾ...