Sunday 22 February 2015

ഐശ്വര്യാറായും ഞാനും! - 2

ഒന്നാം ഭാഗം ദേ ഇവിടെ. 

ഞാൻ ചപ്പാത്തി ചിക്കൻ കറിയിൽ മുക്കി ആസ്വദിച്ച് കഴിച്ചു.
മേമ: " കൊച്ചു ഗോവിന്ദൻ മിടുക്കനല്ലേ? ഞാൻ കണ്ണനോട് എപ്പോഴും പറയും കൊച്ചൂനെ കണ്ടു പഠിക്കാൻ!" (ശോ! എന്റെ ഒരു കാര്യം!)
പാപ്പൻ: " ഞാൻ ദിവസവും എത്ര പിള്ളേരെ കാണുന്നു. പക്ഷേ, കൊച്ചോവീടെ പോലെ ഒരു കുട്ടി ങേ.... ഹേ!" (ശോ! വീണ്ടും എന്റെ ഒരു കാര്യം!)

BSNL ആ മെസ്സേജ് വോഡഫോണ്‍-ന് കൈമാറി. രണ്ടു ടവറുകളിലെയും ചുവന്ന ബൾബുകൾ അപകടം മണത്ത പോലെ മിന്നി.

അച്ഛൻ: "അവന് വല്യച്ഛന്റെ അതേ സ്വഭാവമാണെന്നാ അമ്മായിമാർ പറയാറ്".
കരുണാകരൻ വല്യച്ഛൻ ചപ്പാത്തിയോടൊപ്പം ബാല്യകാലസുഹൃത്തിന്റെ സ്മരണകൾ കൂടി അയവിറക്കി.
ജൂനൂസ് മൂന്നും എന്നെ അസൂയയോടെ നോക്കി.

വോഡഫോണ്‍ എന്റെ ഫോണിന്റെ ലൊക്കേഷൻ പരതി.

അമ്മ: "  രേവതിക്ക് ക്ലോസ് ഫ്രണ്ട് എന്ന് പറയാൻ ഒരാൾ പോലും ഇല്ല. മോന് എത്ര കൂട്ടുകാരാ ഒള്ളത്. ഒക്കെ നല്ല സൽസ്വഭാവികളും!" (പരമ കാരുണികനായ ദൈവമേ, എന്റെ അമ്മയുടെ അറിവില്ലായ്മ പൊറുക്കണേ... ആമേൻ!)

ഇതൊക്കെ കേട്ട് ഞാൻ വിനയകുനയനായി കോഴിക്കാൽ കടിച്ചു വലിച്ചു.
ടിങ് ടിങ് .............   ടിങ് ടിങ് .............
അപ്പോഴാണ്‌ വല്യച്ഛന്റെ അടുത്തിരുന്ന എന്റെ ഫോണിലേക്ക് ആ മെസ്സേജ്!

ആൾ ഫോണ്‍ കയ്യിലെടുത്തു. "അനുക്കുട്ടാ സോജൻ!".
"എന്റെ ക്ലോസ് ഫ്രണ്ടാ!" ഞാൻ പറഞ്ഞു.
തന്റെ നിരീക്ഷണം കൃത്യമായതിന്റെ സന്തോഷത്തിൽ അമ്മ രേവതിയെ നോക്കി. വല്യച്ഛൻ വായന തുടങ്ങി. മറ്റുള്ളവർ മാന്യതയോടെ നിശബ്ദത പാലിച്ചു.

"രമ്യാ നമ്പീശന് വലുത്,
മീരാ ജാസ്മിന് ചെറുത്..."
കർത്താവീശോമിശിഹായേ... പാഞ്ഞടുക്കുന്ന തീവണ്ടിക്ക് മുന്നിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയാതെ കരയുന്ന കുട്ടിയെ പോലെ ഞാൻ! തുടരണോ വേണ്ടയോ എന്ന രീതിയിൽ വല്യച്ഛൻ! ഒടുവിൽ തുടർന്നു...
"ഐശ്വര്യാ റായിക്ക് വലത്തേതു വലുത്
ഇടത്തേത് ചെറുത്,
കരിഷ്മാ കപൂറിന് രണ്ടും ചെറുത്."

നിശബ്ദത!

കയ്യിലിരുന്ന കോഴിക്കാൽ ഒരു മൂർഖൻ പാമ്പായി മാറിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. എങ്കിൽ അതിനൊരു ഫ്രഞ്ച് കിസ്സ്‌ കൊടുത്ത്, ഞാൻ SMS ഇല്ലാത്ത ലോകത്തേക്ക് റ്റാറ്റ പോയേനെ!

ഞാൻ നോക്കിയപ്പോൾ അമ്മ ചപ്പാത്തി നാലാക്കി എട്ടാക്കി പതിനാറാക്കി കീറിക്കൊണ്ടിരിക്കുന്നു. പാവം ചപ്പാത്തി!
ഫോണിലേക്ക് നോക്കി അന്തം വിട്ടിരിക്കുന്ന വല്യച്ഛൻ.
തല കുനിച്ച് പ്ലേറ്റിൽ പടം വരയ്ക്കുന്ന പാപ്പൻ.
അടുക്കളയിലേക്ക് സ്കൂട്ടായ മേമ!
താൻ ഈ നാട്ടുകാരനല്ല എന്ന ഭാവത്തിൽ നിർവികാരനായി അച്ഛൻ.

പിന്നെ ഭക്ഷണം കഴിയുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല.
ഭക്ഷണം കഴിച്ചു കഴിഞ്ഞ് (വിഴുങ്ങി എന്ന് പറയുന്നതാവും ശരി) ഞാൻ ഫോണ്‍ കയ്യിലെടുത്തു.

Remya Nambeeshanu valuth
Meera Jasminu cheruth
Aiswarya Rai-kk valathethu valuth
idatheth cheruth
Karishma Kapoorinu randum cheruth.

രമ്യാ നമ്പീശന് വലുത്,
മീരാ ജാസ്മിന് ചെറുത്...
ഐശ്വര്യാ റായിക്ക് വലത്തേതു വലുത്
ഇടത്തേത് ചെറുത്,
കരിഷ്മാ കപൂറിന് രണ്ടും ചെറുത്.

വല്യച്ഛന് തെറ്റിയിട്ടില്ല. എന്നാലും അദ്ദേഹം ഈ മംഗ്ലീഷ് ഇത്ര അനായാസം വായിച്ചതോർത്ത് ഞാൻ അത്ഭുതപ്പെട്ടു. 'നമ്മളേക്കാൾ മുമ്പ് എഞ്ചിനീയറിംഗ് ഒക്കെ പയറ്റി തെളിഞ്ഞതല്ലേ, അപ്പൊ ഇതൊക്കെ സാധിക്കും' എന്നോർത്ത് സമാധാനിച്ചു. പക്ഷേ എനിക്ക് ഒരു സംശയം. ഇപ്പൊ നിങ്ങൾക്ക് തോന്നുന്ന അതേ സംശയം. എന്നാലും ഐശ്വര്യാ റായിക്ക് മാത്രം എന്താ അങ്ങനെ?! താഴോട്ടു ഞെക്കിയപ്പോൾ മെസ്സേജ് തീർന്നിട്ടില്ല!
.
.
.
.
"Answer Me".

എന്നിട്ട് വേണം അത് വായിക്കുന്നവരുടെ മുന്നിലും നാണം കെടാൻ. നിനക്കുള്ളത് ഞാൻ നേരിട്ട് തരാമെടാ '#*&@ *$#'. ഇവനൊക്കെ മെസ്സേജ് ഫ്രീ കൊടുത്ത BSNL നെ ഞാൻ പ്രാകി.
.
.
.
.
"Thotto?"

തോറ്റോന്ന്! ഞാൻ തോറ്റ് തുന്നം പാടിപ്പാടി ഈ തിരോന്തോരത്ത്  അലഞ്ഞു നടക്കുകയാടാ പന്ന *&^% മോനേ!

.
.
.
.
"English Alphabet R!!!"

അതെ! ഇംഗ്ലീഷ് ആൽഫബെറ്റ് R ! പച്ചപ്പരമാർത്ഥം! Aiswarya യുടെ 'r' ചെറുത്. Rai യുടെ 'R' വലുത്. എല്ലാവരുടെയും ആറുകൾ അങ്ങനെ തന്നെ! അപ്പൊ അതായിരുന്നോ കാര്യം??!
സോജാ! നിന്നെ ഞാൻ സംശയിച്ചല്ലോടാ?! എന്നോട് ക്ഷമിയെടാ ക്ഷമി!!!

അങ്ങനെ ആ സംശയം തീർന്നു.

പക്ഷെ, വെറ്ററൻസിനെ വിളിച്ചു ചേർത്ത്, രമ്യയുടെ ആറ് മുന്നിലായതു കൊണ്ട് വലുതായി അമ്മേ, മീരയുടെ ആറ് ഉള്ളിലായത് കൊണ്ട് ചെറുതായി അച്ഛാ, കരിഷ്മയുടെയും കരീനയുടെയും ഒക്കെ രണ്ട്  ആറുകളും ചെറുതാണ് പാപ്പാ, നിങ്ങൾ ഉദ്ദേശിച്ച സാധനം അല്ല സോജൻ ഉദ്ദേശിച്ചത്" എന്ന് ഞാൻ എങ്ങനെ പറയും? അതുകൊണ്ട് പറഞ്ഞില്ല, ഇതുവരെയും!

Monday 2 February 2015

അർദ്ധരാത്രിയിൽ ഭാവനയും ഞാനും കൂടി.... ഹോ! ഹോ!

ആദ്യ ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്കുക.
അവസാന ഭാഗം വായിക്കാൻ എവിടെയും ക്ലിക്കണ്ട. തുടർന്ന് വായിച്ചാൽ മതി!
"ഇങ്ക്വിലാബ് സിന്ദാബാദ്!"
"ഇങ്ക്വിലാബ് സിന്ദാബാദ്!"
അങ്ങനെ ആകെ മൊത്തം ടോട്ടൽ ആയി പറഞ്ഞാൽ സംഗതി കേറിയങ്ങ് ഉഷാറായി. മുസ്ലിം ലീഗ് വിദ്യാഭ്യാസം കയ്യടക്കി വച്ചിരിക്കുന്ന സമയത്ത് ഇങ്ങനെയൊരു അനാസ്ഥ ആരെങ്കിലും സഹിക്കുമോ? പടച്ചോനേ, അതും മലപ്പുറത്ത്‌ വച്ച്! പോരേ പൂരം! വഴിയിലൂടെ നടന്നു പോയവർ നടത്തമൊക്കെ മതിയാക്കി സമരക്കാരുടെ കൂടെ കൂടി. വണ്ടിയോടിച്ചു പോയവർ ഓട്ടം ഒക്കെ മതിയാക്കി പിന്നേം സമരക്കാരുടെ കൂടെ കൂടി. അധികൃതരുടെ അനാസ്ഥ മൂലം കുറേ പാവങ്ങൾ തങ്ങളുടെ നാട്ടിൽ വന്ന് വെള്ളവും വെളിച്ചവും ഇല്ലാതെ കഷ്ടപ്പെടുന്നത് ആർക്കെങ്കിലും സഹിക്കുമോ?പിന്നാലെ മറ്റു പാർട്ടിക്കാരും ലോക്കൽ ജനപ്രതിനിധികളും എത്തി.  എവിടുന്നോ കുറച്ച് പോലീസും എത്തി. ചുരുക്കി പറഞ്ഞാ ഒരു പത്തര ആയപ്പോഴേക്കും സ്ഥലം സംഘർഷഭരിതമായി. വൈകാതെ ആ സമരത്തിന്റെ കേന്ദ്രബിന്ദു തന്നെ ഞങ്ങൾ ആയിത്തീർന്നു. എല്ലാവരും കൂടി ഞങ്ങളെ റോഡിൽ നിരത്തിയിരുത്തി. എല്ലാവർക്കും യുവജനോത്സവത്തിന്റെ ഓരോ നോട്ടീസും തന്നു. എന്നിട്ട് മുന്നിൽ ഓരോ മെഴുകുതിരിയും കത്തിച്ചു വച്ച് പറഞ്ഞു. "തുടങ്ങിക്കോ കവിതയെഴുത്ത്!" കണ്ണുകളിൽ കൗതുകം നിറച്ച് ഞങ്ങൾ ഇരുന്നു. ഭയവും അനിശ്ചിതത്വവും നിറഞ്ഞ മുഖങ്ങളോടെ രക്ഷിതാക്കളും അധ്യാപകരും നിന്നു. ചുറ്റും പ്രതിഷേധം മുദ്രാവാക്യങ്ങളായി അലയടിച്ചു.
"ഇങ്ക്വിലാബ് സിന്ദാബാദ്!"
"ഇങ്ക്വിലാബ് സിന്ദാബാദ്!"

ഞാൻ പങ്കെടുത്ത ആദ്യത്തെ സമരം. റോഡ്‌ ഉപരോധം! അതും കേരളത്തിലെ എല്ലാ ജില്ലകളിലെയും പ്രതിഭാധനരായ വിദ്യാർത്ഥികളോടൊപ്പം. സംസ്ഥാന യുവജനോത്സവത്തിന്റെ സംഘാടകർക്കെതിരെ. ചുരുക്കി പറഞ്ഞാ സംസ്ഥാന സർക്കാരിനെതിരെ. പരിചയമില്ലാത്ത സ്ഥലം. പരിചയമില്ലാത്ത ആളുകൾ. അവരെല്ലാം ഉറക്കം കളഞ്ഞ് മുദ്രാവാക്യം വിളിക്കുന്നത് ഞങ്ങൾക്ക് വേണ്ടി. ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത് എത്ര ശരി. "ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങൾക്കായി എപ്പോഴും കാത്തു വക്കുന്നു." അന്ന് ഞാൻ മറ്റൊരു പാഠം കൂടി പഠിച്ചു. നീതി നിഷേധം നടക്കുന്നിടത്ത് അതിനെതിരായ ശബ്ദവും സ്വാഭാവികമായി ഉയർന്നു വരും. അവിടെ ഒരു സമരം സംഘടിപ്പിക്കാനോ വിജയിപ്പിക്കാനോ ഒരു ഇവെന്റ്റ് മാനെജ്മെന്റ് സ്ഥാപനത്തിന്റെയും സഹായം ആവശ്യമില്ല.

അന്ന് കേരളത്തിലെ ആദ്യ സമ്പൂർണ വാർത്താ ചാനലായ ഇന്ത്യാ വിഷന് ഏതാനും മാസങ്ങൾ മാത്രമാണ് പ്രായം. മറ്റ് വാർത്താ ചാനലുകളുടെ ജനനത്തെ കുറിച്ച് അവയുടെ അച്ഛനമ്മമാർ ഐ മീൻ മുതലാളിമാർ ഡിസ്കഷൻ തുടങ്ങിയിട്ട് പോലുമില്ല. പത്രങ്ങൾ എല്ലാം അഞ്ചാറു കിലോമീറ്റർ അകലെ മുഖ്യ വേദിയിലും. അതുകൊണ്ട് ആ സംഭവത്തിന്‌ മീഡിയ കവറേജ് കിട്ടിയില്ല. പക്ഷേ മാധ്യമ വെട്ടുകിളികളുടെ ശല്യമില്ലാതെ സമാധാനമായി സമരം ചെയ്യാൻ പറ്റി. ഇന്നാണെങ്കിൽ പതിനെട്ട് ചാനലുകളും കൂടി പതിനാലു പിള്ളേരെ ഭാഗം വച്ച് ഇന്റർവ്യൂ നടത്തി കൊന്നേനെ!

മിനിറ്റുകൾക്കകം സൈറണ്‍ മുഴക്കിക്കൊണ്ട് ഒന്നു രണ്ടു പോലീസ് ജീപ്പും ബീക്കണ്‍ ലൈറ്റ് തെളിച്ചു രണ്ടു കാറുകളും വന്നു നിന്നു. സമരക്കാർ കാറുകളെ വളഞ്ഞു. പോലീസ് സമരക്കാരെ നിയന്ത്രിക്കാൻ പാടുപെട്ടു. ഞങ്ങൾ പ്രതീകാത്മക കവിതയെഴുത്തൊക്കെ നിർത്തി സുരേഷ് ഗോപിയുടെ സിനിമ കാണുന്നത് പോലെ വായും പൊളിച്ചു നിന്നു! സംസ്ഥാന സ്കൂൾ യുവജനോത്സവം വലിയ സംഭവമാണെന്ന് പത്രത്തിൽ വായിച്ചിട്ടുള്ള അറിവേ ഉണ്ടായിരുന്നുള്ളൂ. ഇത്ര സംഭവ ബഹുലമാണെന്ന് നോം സ്വപ്നേപി നിരീച്ചില്യ! കാറിൽ നിന്ന് ദാ ഇറങ്ങി വരുന്നു വിദ്യാഭ്യാസ മന്ത്രി ഇ.ടി.മുഹമ്മദ്‌ ബഷീർ. കൂടെ മലപ്പുറം ജില്ലാ കലക്ടർ. പിന്നെ ഖദറിട്ടതും ഇടാത്തതും ആയ ചിലരും. ആനന്ദലബ്ധിക്കിനിയെന്തു വേണം?! കുമ്പിട്ടും ക്യൂ നിന്നും മടുത്തിട്ടും പലപ്പോഴും സാധാരണക്കാർക്ക് അപ്രാപ്യരായ മന്ത്രിയും കലക്ടറുമൊക്കെ ഇതാ ഞങ്ങളെ അന്വേഷിച്ച് ഇങ്ങോട്ട് വന്നിരിക്കുന്നു. അദ്ധ്യാപകരുമായും രക്ഷിതാക്കളുമായും  സമരക്കാരുമായും നടുറോഡിൽ നിന്ന് ചർച്ച നടത്തുന്നു. ക്ഷമ ചോദിക്കുന്നു. ഫോണ്‍ വിളിക്കുന്നു. ഞങ്ങളെ സംബന്ധിച്ച എല്ലാ പ്രശ്നങ്ങൾക്കും നിന്ന നിൽപിൽ പരിഹാരം ഉണ്ടാക്കുന്നു. ഒരു ജനപ്രതിനിധിയുടെ നയതന്ത്രം അന്നാദ്യമായി ഞാൻ നേരിൽ കണ്ടു. മത്സരം ഭംഗിയായി നടത്തി, ഓരോ കുട്ടിയേയും സുരക്ഷിതരായി വീട്ടിലെത്തിച്ചിട്ടേ തനിക്കിനി മറ്റെന്തും ഉള്ളൂ എന്ന് വരെ അദ്ദേഹം പറഞ്ഞു കളഞ്ഞു. അങ്ങനെ സമരക്കാരും ഹാപ്പി. മന്ത്രിയും ഹാപ്പി. പിള്ളേരും ഹാപ്പി. പിന്നെയെല്ലാം ചടപടെ ചടപടെ എന്നായിരുന്നു. ഒരു ലൈൻ ബസ്‌ ഞങ്ങൾക്കായി ചാർടർ ചെയ്തു വരുത്തി. ഞങ്ങളോടൊപ്പം മന്ത്രിയും കളക്ടറും ഒക്കെ ബസിൽ കയറി യാത്രയായി. ഇന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു. ഏതെങ്കിലും ഒരു മന്ത്രി ജില്ലാ കലക്ടറോടൊപ്പം രാത്രി പതിനൊന്നു മണിക്ക് ഒരു ചാർട്ടേഡ് ലൈൻ ബസ്സിൽ യാത്ര ചെയ്തിട്ടുണ്ടാകുമോ? അതും സാധാരണക്കാരുടെ കൂടെ?

ഈ വി.ഐ.പി പരിഗണന എന്നത് അനുഭവിച്ചു തന്നെ അറിയണം കേട്ടോ. ബസ്സിൽ നിന്നിറങ്ങി പോലിസ് സംരക്ഷണത്തിൽ നേരെ യുവജനോത്സവത്തിന്റെ  ഭക്ഷണശാലയിലേക്ക്. ടോക്കണ്‍ ഉള്ളവർക്ക് മാത്രം വരി നിന്ന് കയറാവുന്ന സംവിധാനമാണ് എല്ലാ ഭക്ഷണ ശാലയിലും നടപ്പാക്കുന്നത്. പക്ഷേ, അന്ന് ഞങ്ങളുടെ വരവും പ്രതീക്ഷിച്ച് ഭക്ഷണം ഒരുക്കി അധികൃതർ കാത്തു നിൽക്കുകയായിരുന്നു. ഇതാണ് മന്ത്രിയുമായും കലക്ടറുമായും ഒക്കെ ബന്ധം സ്ഥാപിച്ചാൽ ഉള്ള ഗുണം! ഞങ്ങളോടൊപ്പം ഊണ് കഴിക്കാനും മത്സരങ്ങൾക്ക് വേണ്ട ഒരുക്കങ്ങൾ നടത്താനും ശ്രീ. ഇ.ടി.മുഹമ്മദ്‌ ബഷീർ സന്മനസ്സ് കാണിച്ചു എന്ന് പ്രത്യേകം പറയട്ടെ. ഒടുവിൽ എല്ലാവരും കൂടി ഞങ്ങൾ കുട്ടികളെ കാറ്റും വെളിച്ചവും ഉള്ള ഒരു ക്ലാസ് മുറിയിൽ കൊണ്ട് പോയി ഇരുത്തി. രേഖകൾ പരിശോധിച്ചു. എഴുതാനുള്ള വെള്ളക്കടലാസ് തന്നു. ബോർഡിൽ വിഷയം എഴുതി.

"സർവം ന സഹതേ ധരാ"

ഞാൻ വാച്ചിൽ നോക്കി. സമയം അർദ്ധരാത്രി പന്ത്രണ്ട് മണി!
പ്രധാനവേദിയിൽ  നിന്നും മോഹിനിയാട്ട മത്സരത്തിന്റെ പക്കമേളം കേൾക്കാനുണ്ട്. ആ അസമയത്ത് ഉറക്കമൊഴിച്ച് മത്സരിക്കുന്നത് ഞങ്ങൾ മാത്രമല്ല എന്നെനിക്ക് മനസ്സിലായി. എന്നാലും കാണാതെ പഠിച്ച് അവതരിപ്പിക്കുന്ന മറ്റ് മത്സരയിനങ്ങൾ പോലെയാണോ ചിന്താശേഷിയുടെ ചിറകിലേറി ഭാവനയുടെ ചക്രവാളങ്ങൾ തേടുന്ന കവിതാ രചന?! ഞാൻ വീണ്ടും ബോർഡിലേക്ക് നോക്കി.

"സർവം ന സഹതേ ധരാ"   -   "ഭൂമിയോട് ചെയ്യുന്നതെല്ലാം ക്ഷമിച്ചു എന്ന് വരില്ല"

സുനാമി ദുരന്തം കഴിഞ്ഞ് അന്നേക്ക് 11 ദിവസം. ഇതിനേക്കാൾ കാലികപ്രസക്തമായ വിഷയം മറ്റെന്താണുള്ളത്. സർവംസഹയായ ഭൂമിക്ക് പോലും ചില നേരത്ത് സഹിക്കാൻ കഴിഞ്ഞെന്നു വരില്ല എന്ന ഓർമ്മപ്പെടുത്തൽ.

കുറെയേറെ നടന്നതിന്റെ തളർച്ചയോ സമയം വൈകിയതിന്റെ ക്ഷീണമോ
ഒന്നും അല്ല, വല്ലാത്ത ഒരു ഊർജമാണ് എനിക്ക് അപ്പോൾ അനുഭവപ്പെട്ടത്. പുറത്ത് പ്രാർഥനയോടെ കാത്തു നിൽക്കുന്ന അമ്മയെയും അക്ഷര ലോകത്തേക്ക് കൈ പിടിച്ചു നടത്തിയ അധ്യാപകരെയും ഒക്കെ മനസ്സിൽ ധ്യാനിച്ച്‌ ഒരു കാച്ചങ്ങട് കാച്ചി! എല്ലാവരും സുനാമിയെ കൊന്നു കൊലവിളിക്കും എന്ന സാധ്യത മുന്നിൽ കണ്ട്, ആഗോളതാപനം, വനനശീകരണം തുടങ്ങിയ മനുഷ്യന്റെ ഉടായിപ്പ് പരിപാടികളെ നിശിതമായി വിമർശിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു എന്നത് മാത്രമാണ് ഞാൻ കഷ്ടപ്പെട്ട് ചെയ്ത ഒരേയൊരു കാര്യം. പിന്നെ, ഭൂമിയുടെ ക്ഷമയ്ക്കും ഒരതിരുണ്ട്. അത് കഴിഞ്ഞാൽ പ്രതികരണങ്ങൾ ഭയാനകമായിരിക്കും എന്നൊരു മുന്നറിയിപ്പും. അങ്ങനെ ഭാവനയുമായി ഞാൻ മൽപ്പിടുത്തം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അവൻ വന്നത്! ആര്? ജോസ് പ്രകാശിന്റെ കയ്യിൽ നിന്നും സീമയെ രക്ഷിക്കാൻ വന്ന ജയനെ പോലെ എന്റെ കയ്യിൽ നിന്നും ഭാവനയെ രക്ഷിക്കാൻ അവൻ വന്നു. ഉറക്കം!!! മന്ത്രിയുമായുള്ള സമരത്തിൽ ജയിച്ചെങ്കിലും ഉറക്കവുമായുള്ള ആ സംഘട്ടനത്തിൽ ഞാൻ തോറ്റു. ഉറക്കം എന്റെ ഭാവനയെ ബൈക്കിനു പിന്നിൽ ഇരുത്തി ദൂരേക്ക് കൊണ്ട് പോയത് ഞാൻ നിസ്സഹായനായി നോക്കി നിന്നു. സമയം ഒരു മണി. ഇനിയൊരു വരി എഴുതാൻ പോയിട്ട് ഉണർന്നിരിക്കാൻ പോലും വയ്യാത്ത വിധം ഞാൻ തളർന്നു. എഴുതാൻ രണ്ടു മണി വരെ സമയമുണ്ട്. സഹകവികൾ തകർത്ത് എഴുതുന്നുമുണ്ട്. പക്ഷേ ഭാവനയില്ലാത്ത ഒരു ലോകം എന്റെ കവി മനസ്സിന് സങ്കൽപ്പിക്കാൻ പോലും കഴിയുമായിരുന്നില്ല. അതുകൊണ്ട് സംഭവ ബഹുലമായ ആ ഉദ്യമത്തിന് തിരശീലയിട്ടു ഞാൻ എഴുന്നേറ്റു. കവിത ക്ലാസിലെ അധ്യാപകനെ ഏൽപ്പിച്ചു. എന്നിട്ട് ജീവിതത്തിന്റെ ആകസ്മികതകൾ ഓർത്ത് ചിരിച്ചു കൊണ്ട് പുറത്തേക്ക് നടന്നു...

 ശുഭം!

                                                                      *************************

"അതെന്ത് പരിപാടിയാ ആശാനേ? ഇത്രേം സംഭവ ബഹുലമായ ഒരു മത്സരം കഴിഞ്ഞിട്ട് റിസൾട്ട് പറയാതെ പോവാണോ?"

"അത് ന്യായമായ ചോദ്യം. എന്നാ പിന്നെ പറഞ്ഞേക്കാം."

                                                                      *************************

പിറ്റേന്ന് മത്സരഫലങ്ങൾ രേഖപ്പെടുത്തുന്ന വലിയ ബോർഡിൽ സംസ്കൃതം കവിതാ രചനയ്ക്ക് നേരെ ഇങ്ങനെ എഴുതപ്പെട്ടു.
ഒന്നാം സ്ഥാനം എ ഗ്രേഡ് - കൊച്ചു ഗോവിന്ദൻ.


ഇപ്പൊ ശരിക്കും ശുഭം!