Thursday 16 April 2020

കുട്ടിക്ക് എന്നെ ഇഷ്ടായോ?!

ഒരു ടിപ്പിക്കൽ കേരളാ മോഡൽ പെണ്ണ് കാണൽ ആലോചിച്ചാൽ എനിക്ക് ചിരി വരും!
  • ഒരു പരിചയവും ഇല്ലാത്ത ഒരു പെണ്ണിനെ ഒരു ദിവസം കാണാൻ പോവുക.
  • വീട്ടുകാരും ബന്ധുക്കളും ഒക്കെ കൂടി നിൽക്കുന്നതിനിടയിൽ കുട്ടിയെ കാണുക.
  • പറ്റിയാൽ ഒരഞ്ചോ പത്തോ മിനിറ്റു സംസാരിക്കുക.
  • കുറച്ചു നേരം ആലോചിച്ചതിനു ശേഷം, ഇനിയുള്ള ജീവിതം പങ്കിടാൻ ഈ കുട്ടിയെ വേണോ എന്ന് തീരുമാനിക്കുക!!!
ഇതൊക്കെ എന്ത് പ്രഹസനമാണ് സജീ എന്ന് പുച്ഛിക്കാറുള്ള ഞാനാണ് കല്യാണനിശ്ചയത്തിന് നാട്ടിൽ പോകാൻ തയ്യാറെടുക്കുന്നത്! അതും ഇതുവരെ കാണാത്ത ഒരു പെണ്ണിനെ!

ഒന്ന് ആലോചിച്ചു നോക്കിയാൽ, എന്റെ ഭാഗത്തും തെറ്റുണ്ട്. കോളേജീപ്പഠിക്കുമ്പോ തന്നെ ഒരു കുട്ടിയെ സെറ്റാക്കിയാൽ മതിയായിരുന്നു. ചെയ്തില്ല. ഇനീപ്പോ, പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ലല്ലോ? അതുകൊണ്ടാണ് വീട്ടുകാര് കല്യാണം ആലോചിച്ചു തൊടങ്ങീപ്പോ, അവർക്കിഷ്ടമുള്ള പെൺകുട്ടിയെ കണ്ടുപിടിച്ചോളാൻ സമ്മതം മൂളിയത്. അമ്മേം അച്ഛനും ആരെ കണ്ടെത്തിയാലും, എന്റെ വക പേഴ്സണൽ ഇന്റർവ്യൂ പാസായാൽ മാത്രമല്ലേ കാര്യമുള്ളൂ എന്നായിരുന്നു എന്റെ ചിന്ത. ആ ഇന്റർവ്യൂവിൽ ഡിങ്കോയിസവും ഫെമിനിസവും ചളുവും ഒക്കെ ചേർത്ത് ഒരു കലക്ക് കലക്കണം!


"ഞാൻ ഒരു അവിശ്വാസിയാണ്. എന്താണ് കുട്ടീടെ ദൈവസങ്കല്പം?"
"എന്നിൽ നിന്നും പ്രതീക്ഷിക്കുന്ന പ്രാഥമികമായ ഗുണം എന്താണ്?"
"ഫെമിനിസത്തെ കുറിച്ചുള്ള കാഴ്ചപ്പാട് എന്താണ്?"
എന്നിങ്ങനെ കുറെ കിടിലോൽക്കിടിലം ചോദ്യങ്ങൾ ഞാൻ നേരത്തെ തയ്യാറാക്കി വെച്ചിട്ടുണ്ട്.

പെണ്ണിന് അത്യാവശ്യം വിദ്യാഭ്യാസം വേണമെന്നും നമ്മടെ ഭാഗത്ത് നിന്നും ജാതകം നോക്കരുതെന്നും മാത്രമാണ് എന്റെ കണ്ടീഷൻസ്. പെൺ വീട്ടുകാരോട് ജാതകം നോക്കരുത് എന്ന് പറയുന്നത് ജനാധിപത്യ മര്യാദ അല്ലാത്തതുകൊണ്ടും അങ്ങനെ വാശി പിടിച്ചാൽ കല്യാണം നടക്കാൻ സാധ്യത ഇല്ലാത്തതു കൊണ്ടും അങ്ങനത്തെ ആവേശപ്രകടനങ്ങൾ ഒന്നും ഇല്ലായിരുന്നു. അതിനാൽ, ഒരു വശത്ത് ഗ്രഹനിലയും മറുവശത്തു ചെക്കന് ദുബായിൽ ബ്ലോഗ് ഒക്കെ ഉണ്ട് എന്ന് തള്ളിമറിക്കുന്ന ബയോഡാറ്റയും വെച്ച് അലങ്കരിച്ച ഒരു കുറിപ്പ് ബ്രോക്കർമാർക്കും ബ്യൂറോക്കാർക്കും  വിതരണം ചെയ്ത് എനിക്ക് പെണ്ണന്വേഷണം തുടങ്ങി. സൽസ്വഭാവിയും സുന്ദരനും സർവോപരി കിടിലോസ്‌കി ബ്ലോഗറുമായ കൊച്ചു ഗോവിന്ദന് പെണ്ണന്വേഷിക്കുന്ന കാര്യം കാട്ടുതീപോലെ പടർന്നതൊന്നും വിനയകുനയനായ ഞാൻ ഇവിടെ എഴുതാൻ ആഗ്രഹിക്കുന്നില്ല.

കമ്പനിയിൽ നല്ല തിരക്കുള്ള സമയമാണ്. ലീവൊന്നും എളുപ്പത്തിൽ കിട്ടില്ല. അതുകൊണ്ട്, വീട്ടുകാർക്കിഷ്ടപ്പെട്ടാൽ മാത്രം എന്നെ വിളിച്ചു വരുത്തിയാൽ മതി എന്നതാണ് സ്ട്രാറ്റജി. രണ്ടു മൂന്നു സ്ഥലത്തൊക്കെ അച്ഛനും അമ്മയും പോയി പെണ്ണ് കണ്ടു. അങ്ങനെ ആറ്റുനോറ്റിരുന്ന് ഒടുവിൽ, എനിക്ക് ചേരും എന്ന് തോന്നിയ ഒരു കുട്ടിയെ അമ്മ കണ്ടു പിടിച്ചു. കീർത്തന എന്നാണ് പേര്. അമ്മയ്ക്ക് നേരത്തെ തന്നെ കീർത്തനേടെ അച്ഛനെ പരിചയവും ഉണ്ട്. ഇങ്ങനൊരു പ്രൊപോസൽ വന്നപ്പോ രണ്ട് കൂട്ടർക്കും സന്തോഷം. കഥാനായിക, വെള്ളായണി കാർഷിക സർവകലാശാലയിൽ എം എസ്സിക്ക് പഠിക്കുന്നു. എടക്കുളത്ത് നിന്ന് ആറേഴു കിലോമീറ്റര് ദൂരമേയുള്ളൂ കുട്ടീടെ വീട്ടിലേക്ക്. അങ്ങനെ ഞാനെന്റെ ആദ്യത്തെ പെണ്ണുകാണലിന് തയ്യാറെടുത്തു.

പക്ഷേ അച്ഛനമ്മമാർ ഒരു മുഴം മുമ്പേ നീട്ടിയെറിഞ്ഞു. നേരിൽ കാണുമ്പോൾ ഞങ്ങൾക്ക് പരസ്പരം ഇഷ്ടപ്പെടുമെന്ന്, രണ്ടു വീട്ടുകാരും കൂടി അങ്ങ് തീരുമാനിച്ചു. പിന്നെ, എല്ലാം ശടപടേ ശടപടേന്നായിരുന്നു. എന്റെ ബന്ധുക്കൾ അങ്ങോട്ട് പോകുന്നു. കീർത്തനേടെ ബന്ധുക്കൾ ഇങ്ങോട്ട് വരുന്നു. ബന്ധുക്കൾക്കെല്ലാം പരസ്പരം ഇഷ്ടമാവുന്നു (നോട്ട് ദി പോയന്റ്!). കല്യാണനിശ്ചയത്തിന്റെ തിയതി തീരുമാനിക്കുന്നു. ആകെമൊത്തം ഒരു ജഗപൊക! ഇതെല്ലാം അറിഞ്ഞ് ഞാൻ എന്റെ തിരുമുഖം കണ്ണാടിയിൽ നോക്കി വണ്ടറടിച്ചു നിന്നു. മാൻപേടയെ പോലെ നീളമുള്ള കണ്ണുകൾ ഉണ്ടാവാൻ അമ്മ ചെറുതിലേ നീട്ടി ഉഴിഞ്ഞ് ഉഴിഞ്ഞ് കുഴിഞ്ഞു പോയ കണ്ണുകൾ... കാറ്റടിച്ചാലും  ഉറങ്ങി എഴുന്നേറ്റാലും കുളിച്ചാലും ഇല്ലെങ്കിലും ആരെയും കൂസാതെ സ്വന്തം ഇഷ്ടപ്രകാരം വളഞ്ഞും പിരിഞ്ഞും ഇരിക്കുന്ന തന്റേടിയായ തലമുടി... ഇതൊക്കെ ആ കുട്ടിക്ക് ഇഷ്ടമാവുമോ എന്തോ?! എനിക്ക് ടെൻഷനായി!

എന്തായാലും, വെറും ഏഴു ദിവസത്തെ ലീവിന്, ഞാൻ കൊച്ചിയിൽ വിമാനമിറങ്ങി. ചെന്നെത്തിയ അന്ന് തന്നെ പെണ്ണ് കാണാനും ഇറങ്ങി. കൂട്ടുകാരുടെ കൂടെ പോലും പെണ്ണുകാണാൻ പോയിട്ടില്ല. തുടുതുടുന്നനെ ഒരു ഗൾഫുകാരനെ പ്രതീക്ഷിച്ചിരിക്കുന്ന അവർക്ക് എന്നെ ഇഷ്ടപ്പെടോ? എന്റെ മുപ്പത്തിരണ്ട് പല്ലും കാണിച്ചുള്ള ചിരിയും ചളുവും പെരുമാറ്റവും ഒക്കെ അബ്നോർമലായി തോന്നുമോ എന്നൊക്കെ ആലോചിച്ച് ടെൻഷൻ കൂടിക്കൂടി വന്നു. അതോണ്ട്, കാറിലിരുന്ന് ഞാനൊരു സ്ക്രിപ്റ്റ് തയ്യാറാക്കി. "ഞാൻ ചെറിയ ഗൗരവം ഒക്കെ കാണിച്ച് കാറിൽ നിന്നിറങ്ങുന്നു. വീട്ടുകാരുടെ ചോദ്യങ്ങൾക്ക് വളരെ പ്രസക്തമായ മറുപടികൾ മാത്രം പറയുന്നു. പെണ്ണിനെ കാണേണ്ട സമയമാവുമ്പോൾ ചായയും കൊണ്ട് പെണ്ണ് മുറിയിൽ നിന്നും ഇറങ്ങി വരുന്നു. ആ കുട്ടിയോടും വളരെ പക്വതയോടെ  പെരുമാറുന്നു." അങ്ങനെ മൊത്തത്തിൽ ഒരു പക്വതക്കാരൻ ഇമേജ് വരുത്താമെന്ന് ഫിക്സ് ചെയ്തു.

വീടെത്തി.
കാറിൽ നിന്നിറങ്ങി നോക്കുമ്പോ കീർത്തനയും അച്ഛനും അമ്മയും കൂടി ഞങ്ങളെ സ്വീകരിക്കാൻ ഉമ്മറത്ത് തന്നെ ചിരിച്ചു കൊണ്ട് നിൽക്കുന്നു. ഒരു കരിമ്പച്ച സാരിയൊക്കെ ഉടുത്ത് പെണ്ണുകാണലിന്റെ യാതൊരു ടെൻഷനും ഇല്ലാതെ ചിരിച്ചു കൊണ്ട് നിൽക്കുന്ന കീർത്തന! ബെസ്റ്! തല കുനിച്ച്, ചായയും കൊണ്ട് വരുന്ന പെണ്ണിനോട് പറയാൻ വെച്ചിരുന്ന സമത്വത്തിന്റെ സന്ദേശങ്ങളെല്ലാം എന്റെ ശ്വാസ നിശ്വാസങ്ങളോടൊപ്പം അന്തരീക്ഷത്തിൽ ലയിച്ചു! ഹൃദയം എട്ടരക്കട്ടയിൽ സരിഗമ പാടാൻ തുടങ്ങി.

ചുറ്റും അച്ഛനമ്മമാരൊക്കെ നന്നായി കത്തിവെക്കുകയാണ്. ഞാൻ മാത്രം, എന്ത് ചെയ്യണം എന്ത് പറയണം എന്നറിയാതെ കണ്ണും മിഴിച്ച് ബ്ലിങ്കസ്യാ എന്നിരിക്കുന്നു. ശെടാ! എന്റെ സ്വപ്നത്തിലെ പെണ്ണ് കാണൽ ഇങ്ങനെ ഒന്നും അല്ലായിരുന്നു. "അനുക്കുട്ടനും കീർത്തനയും മാറി നിന്ന് എന്തെങ്കിലും ഒക്കെ സംസാരിച്ചോ എന്ന് ഇതിനിടയിൽ രണ്ട് തവണ അറിയിപ്പ് വന്നു. എനിക്കാണെങ്കിൽ എഴുന്നേൽക്കാൻ പോലും ധൈര്യം വരുന്നില്ല. ഞാൻ കീർത്തനയോട് ചോദിക്കാൻ വച്ചിരുന്ന ഘടാഘടിയൻ വിഷയങ്ങൾ ഒക്കെ മറന്നു പോയി! ഒടുവിൽ, എല്ലാവരും നിർബന്ധിച്ച് നിർബന്ധിച്ച് ഞാനും കീർത്തനയും ഒറ്റയ്ക്ക് സംസാരിക്കാൻ മുറ്റത്തേക്കിറങ്ങി.

"ഈ പ്ലാവ് കായ്ക്കാറുണ്ടോ?" അതിരിൽ നിന്നിരുന്ന പ്ലാവിനെ നോക്കി ഞാൻ ചോദിച്ചു!
"പിന്നേ. ഇതിൽ എല്ലാക്കൊല്ലവും കൊറേ കൊറേ ചക്ക ഉണ്ടാവും."
നശിപ്പിച്ച്!!! ഞാനെന്നോട് തന്നെ പറഞ്ഞു. ഫെമിനിസത്തെ പറ്റി ചോദിക്കാതെ പ്ലാവിനെ പറ്റി ചോദിച്ചിരിക്കുന്നു!


ഞാൻ വേഗം തന്നെ അടുത്ത ചോദ്യം എറിഞ്ഞു.
തിരുവനന്തപുരത്തേയ്ക്ക് ഏത് ട്രെയിനിലാ പോവാറ്?
"ചെലപ്പോ വെളുപ്പിന് ഗുരുവായൂർ തിരുവനന്തപുരം ഇന്റർസിറ്റി. അല്ലെങ്കിൽ ബാംഗ്ലൂർ കന്യാകുമാരി ഐലൻഡ്."
ഛെ! ഞാനെന്തൊക്കെയാണ് ഈ ചോദിക്കുന്നത്? ആ കുട്ടി ഏതെങ്കിലും ട്രെയിനിൽ പോട്ടെ. അതിനിവിടെ എന്ത് പ്രസക്തി?

ഞാൻ, മൂന്നാമത്തെ ചോദ്യത്തിലേക്ക് കടന്നു.
ഡാൻസ് പഠിച്ചിട്ടുണ്ടല്ലേ? അതൊരു നല്ല ചോദ്യമായിരുന്നു.
അവിടുന്ന് പിന്നെ, ഞങ്ങൾ ഡാൻസിനെ കുറിച്ചും എഴുത്തിനെ കുറിച്ചും പടംവരയെ കുറിച്ചും ബ്ലോഗിനെ കുറിച്ചുമൊക്കെ സംസാരിച്ചു. ഫൈനൽ ഇയർ പ്രൊജക്റ്റ് മുതൽ ചളു വരെ ഇടയ്ക്ക് കടന്നു വന്നു. ഇടയ്ക്ക് എന്റെ തമാശകൾ കേട്ട് കീർത്തന ചിരിക്കുക പോലും ചെയ്തു! അങ്ങനെ ഈ കുട്ടി കൂടെ കൂട്ടാൻ പറ്റുന്ന ആളാണെന്ന് എനിക്ക് തോന്നി.

"പഴയ കാലമൊന്നുമല്ല. ഞാൻ ഇവിടെ വന്നു കണ്ടത് പോലെ, കീർത്തനയ്ക്ക് അങ്ങോട്ടും വരാം. എന്നെയും എന്റെ വീടും ഒക്കെ കാണാൻ. എന്നിട്ട് തീരുമാനിച്ചാൽ മതി. എനിക്കിഷ്ടപ്പെട്ടു." എന്ന് ഞാൻ പറഞ്ഞു. എല്ലാവരും യാത്ര പറഞ്ഞിറങ്ങി. അങ്ങനെ ആദ്യ പെണ്ണുകാണൽ തന്നെ വിജയകരമായി പൂർത്തിയാക്കി ഏഴാം ദിവസം മോതിരവും കൈമാറി ഞാൻ തിരിച്ചു പറന്നു.