Wednesday 19 October 2016

സംശയത്തിരമാലകൾ

പ്രിയപ്പെട്ട ഹിന്ദു ദൈവമേ,

കേരളത്തിലെ തൃശൂർ ജില്ലയിൽ താമസിക്കുന്ന ഒരു ഹിന്ദു യുവാവാണ് ഞാൻ. അടുത്തിടെ പത്രത്തിൽ കണ്ട വാർത്തകൾ എന്നിലുണ്ടാക്കിയ ഭീതിയാണ് ഈ കത്തിന് അടിസ്ഥാനം. കഴിഞ്ഞ വർഷം വടക്കേ ഇന്ത്യയിലെ ഒരു അമ്മാവനെ ബീഫ് കഴിച്ചതിന്റെ പേരിൽ ജനക്കൂട്ടം തല്ലിക്കൊന്ന കാര്യം അങ്ങ് മറന്നു കാണില്ലെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ ദിവസം കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പാളയത്ത് തളി ക്ഷേത്രത്തിനു സമീപം നോൺ വെജിറ്റേറിയൻ ഹോട്ടൽ തുടങ്ങുന്നതിനെതിരേ ഹിന്ദു ഐക്യവേദി നോട്ടീസ് പുറത്തിറക്കിയതും അങ്ങ് അറിഞ്ഞു കാണുമല്ലോ.


ക്ഷേത്രങ്ങളെയും പൂജാദ്രവ്യങ്ങൾ വിൽക്കുന്ന കടകളെയും ടി. ഹോട്ടൽ അശുദ്ധമാക്കും എന്നാണ് അവർ പറയുന്നത്. നിർഭാഗ്യവശാൽ എന്റെ വീടിനടുത്തും യാത്ര ചെയ്യുന്ന വഴിയിലും എല്ലാം നിറയെ ക്ഷേത്രങ്ങൾ ഉണ്ട്. വിഐപി ദൈവങ്ങളായ ശിവൻ, കൃഷ്ണൻ, ദേവി തുടങ്ങിയവർ മുതൽ ലോക്കൽ ദൈവങ്ങൾ ആയ മാടൻ, മറുത, മുത്തപ്പൻ, മുത്തി തുടങ്ങിയവർ വരെ ഇക്കൂട്ടത്തിലുണ്ട്.

ഞാനാണെങ്കിൽ ഭൂരിഭാഗം മലയാളി ഹിന്ദുക്കളെയും പോലെ നോൺ വെജ് കഴിക്കുന്നവനും ജീവിതാവശ്യങ്ങൾ നിറവേറ്റാൻ അമ്പലപരിസരത്തു കൂടി നിത്യേന യാത്ര ചെയ്യുന്നവനുമാണ്. ഇതൊന്നും പോരാതെ നല്ല കുരുമുളക് പൊടി ചേർത്ത് വരട്ടിയെടുത്ത ബീഫ് എന്റെ വീക്നെസ്സും ആണ്. ഇത് എന്റെ സ്വർഗ്ഗലോകത്തേക്ക് ഉള്ള പ്രവേശനം തടസപ്പെടുത്തുമോ? ക്ഷേത്രപരിസരത്തു നോൺവെജ് ഹോട്ടൽ തുടങ്ങിയാലോ നോൺ കഴിച്ചവർ അടുത്ത് കൂടെ പോയാലോ നിങ്ങൾ ദൈവങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? ഭാവിയിൽ ഒരു ബുൾസൈ കഴിക്കാൻ പോലും വിശ്വാസസംരക്ഷകരുടെ ഇണ്ടാസ് വേണ്ടി വരുമോ?

മറ്റ് മതസ്ഥർക്ക് എന്താണ് നോൺ വെജ് പ്രശ്നമല്ലാത്തത്? അവരൊക്കെ ചത്ത് കഴിയുമ്പോൾ അങ്ങയുടെ അടുക്കളയിൽ കിടന്ന് വെന്ത് പൊരിയുമോ? അതോ, അവരെയൊക്കെ അല്ലാഹുവും യേശുവും ഒക്കെ ജാമ്യത്തിൽ ഇറക്കിക്കൊണ്ട് പോകുമോ? ജാമ്യത്തിൽ ഇറക്കാൻ ആളില്ലാത്തവരെ പൊരിക്കാൻ അങ്ങ് ഏത് എണ്ണയാണ് ഉപയോഗിക്കുന്നത്? തീ കത്തിക്കുന്നത് വിറക് വെച്ചിട്ടാണോ അതോ ഗ്യാസ് ആണോ? ഈയിടെയായി ഭയങ്കര സംശയമാണ് സർ! ആത്മാവിനെ വറുക്കാനും പൊരിക്കാനും പറ്റില്ലെന്ന് ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറഞ്ഞ സ്ഥിതിക്ക് മേല്പറഞ്ഞ കാര്യങ്ങൾ അങ്ങ് എങ്ങനെയാണ് ചെയ്യാറുള്ളത് എന്നും അറിയാൻ ആഗ്രഹമുണ്ട്.

ഞങ്ങൾ മനുഷ്യരുടെ മുതുമുതുമുത്തച്ഛന്മാരൊക്കെ കാട്ടിൽ അലഞ്ഞു തിരിയുന്ന കാലത്ത് മൃഗങ്ങളെ വേട്ടയാടി അവയുടെ പച്ചയിറച്ചിയാണ് ആഹാരമായി കഴിച്ചിരുന്നത് എന്ന് ചിലർ പറഞ്ഞു നടക്കുന്നുണ്ട്. ഇതൊന്നും പോരാതെ, ശിലായുഗത്തിലെ ആയുധങ്ങൾ പച്ചക്കറി അരിയാൻ ഉണ്ടാക്കിയതല്ലെന്നാണ് മറ്റ് ചിലർ പറയുന്നത്. അതുകൊണ്ട് നോൺ വെജ് കഴിക്കുന്നത് മനുഷ്യരുടെ സഹജപ്രകൃതിയാണത്രെ. ആണോ ദൈവമേ?


അതുപോലെ, അനുഗ്രഹം കൊടുപ്പിന്റെ അംഗീകൃത ഡീലറായ ഒരു സാമിയുടെ അടുത്ത് പോയി തിക്കിലും തിരക്കിലും പെട്ട് മരിച്ച കുറെ വടക്കേ ഇന്ത്യൻ ഹിന്ദു സഹോദരങ്ങളുടെ ആത്മാക്കൾ അവിടെ എത്തിക്കാണും എന്ന് കരുതുന്നു. അങ്ങനെ മരിച്ചാൽ പ്രത്യേക ഓഫർ വല്ലതും ഉണ്ടോ? അതോ എല്ലാവരെയും പോലെ കേസ് ഡയറി പരിശോധിച്ച് തന്നെയാണോ അവർക്കും അഡ്മിഷൻ കൊടുക്കുന്നത്? അതോ തിക്കും തിരക്കും ഇല്ലാതെ ജീവിക്കാൻ അവരെ വല്ല ആമയോ ഒച്ചോ ഒക്കെ ആക്കി മാറ്റി ഭൂമിയിലേക്ക് വീണ്ടും പറഞ്ഞു വിടുമോ? അങ്ങയുടെ പദ്ധതികൾ അപാരം തന്നെ! ഡിങ്ക ഡിങ്ക! സോറി! ദൈവമേ കാത്തു രക്ഷിക്കണേ!


ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് നിർത്തട്ടെ. ഈ ഭൂമിയിൽ ധാരാളം മതങ്ങളും ജീവിതരീതികളും ഒക്കെയുണ്ടെങ്കിലും നമ്മുടെ മതവും ജീവിതരീതിയുമാണ് സത്യവും ശ്രേഷ്ഠവും എന്ന് എല്ലാ മതമുതലാളിമാരും പറഞ്ഞു കേട്ടിട്ടുണ്ട്. സത്യത്തിൽ ഇതിൽ ഏത് മതമാണ് ശരിക്കും ശ്രേഷ്ഠം? നമ്മുടേത് തന്നെ ആയിരിക്കും അല്ലേ? നാട്ടിലെ പല മതപ്രഭാഷണങ്ങളിലും ഇക്കാര്യം പറയാറുണ്ടങ്കിലും നിർഭാഗ്യവശാൽ അത് പഠിപ്പിക്കുന്ന ദിവസം എനിക്ക് ക്‌ളാസിൽ പോകാൻ സാധിക്കാറില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ സംസാരസാഗരം എന്നിലുണ്ടാക്കുന്ന സംശയത്തിരമാലകൾക്ക് ഒരു പരിഹാരം ഉണ്ടാവാൻ കനിയണേ ദൈവമേ! പിന്നേം ഒരു കാര്യം കൂടി. ഒരു മതത്തിലും വിശ്വസിക്കാതെ ഒരു നല്ല മനുഷ്യനായി ജീവിച്ചു മരിച്ച ആളുടെ കേസ് ഏത് ദൈവത്തിന്റെ കോടതിയിലാണ് പരിഗണിക്കാറുള്ളത്?!