Friday 5 October 2018

വിശ്വാസം, അതാണോ എല്ലാം?

എത്രയും പ്രിയപ്പെട്ട ഹൈന്ദവ കുലസ്ത്രീ അമ്മമാരേ, പെങ്ങമ്മാരേ...

അധികം വളച്ചുകെട്ടൽ ഒന്നും ഇല്ലാതെ, വിഷയത്തിലേക്ക് വരാം. നിങ്ങൾ എങ്ങനെയാണ് ഒരു ഹിന്ദു ആയത് എന്ന് ചിന്തിച്ചിട്ടുണ്ടോ? എല്ലാവരും ഹിന്ദു ആയിട്ടാണ് ജനിക്കുന്നത്, ഹിന്ദുമതം ഒരു ജീവിതരീതിയാണ് എന്നൊക്കെയുള്ള വാട്സാപ്പ് ഫോർവേഡ് മെസേജുകൾ കയ്യിലിരിക്കട്ടെ. നിങ്ങൾ ഒരു ഹിന്ദു ആയിത്തീർന്നത് നിങ്ങളുടെ അച്ഛനമ്മമാർ ഹിന്ദുക്കൾ ആയതിനാലാണ്. അല്ലാതെ, ബോധം ഉറച്ചതിനു ശേഷം നിഷ്പക്ഷമായി മതങ്ങളെ വിലയിരുത്തി തെരെഞ്ഞെടുപ്പ് നടത്തിയവർ ആരും കാണില്ല. ഭ്രൂണമായിരുന്നപ്പോൾ മുതൽ കേട്ട് തുടങ്ങിയ നാമജപങ്ങളും പുരാണങ്ങളും ആചാരാനുഷ്ടാനങ്ങളും ഒക്കെ നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ബോധം ഉറയ്ക്കുമ്പോൾ നമ്മൾ ചെയ്യുന്നത് നമ്മുടെ വിശ്വാസപ്രമാണങ്ങളെ ന്യായീകരിക്കുന്ന തെളിവുകൾ മതത്തിൽ കണ്ടെത്തുക എന്നത് മാത്രമാണ്.



ശബരിമലയിലെ സ്ത്രീപ്രവേശനം അശാസ്ത്രീയമാണെന്ന് കാണിക്കാൻ നിഷ പിള്ള എന്ന കാർഡിയോളോജിസ്റ് ശാസ്ത്രത്തെ ബലാൽസംഗം ചെയ്തത് ഒരു ഉദാഹരണമാണ്. ക്ഷേത്രങ്ങൾ ഒരു മാഗ്നെറ്റിക് ഫീൽഡിൽ ആണ് സ്ഥിതി ചെയ്യുന്നത് എന്നും അവിടെ തന്നെ ഏറ്റവും മാഗ്നറ്റിക് പവർ ഉള്ള സ്ഥലത്താണ് പ്രതിഷ്ഠ നടത്തുക എന്നും സ്ത്രീകൾ ആർത്തവസമയത്ത് അവിടെ പോയാൽ കാക്രികൂക്രി പിടിക്കുമെന്നും ഒക്കെ നമ്മുടെ ഡോക്ടർ ഒരു വീഡിയോയിൽ തള്ളിമറിക്കുന്നുണ്ട്. ഭൂമി എന്ന ഗ്രഹത്തിന് മൊത്തത്തിലുള്ള കാന്തികതയല്ലാതെ ഇരിങ്ങാലക്കുടയ്ക്ക് സ്വന്തമായി ഒരു കാന്തികതയും തിരോന്തോരത്തിനു വേറൊരു കാന്തികതയും ഒന്നും ഡിങ്കൻ അനുവദിച്ചു നൽകിയിട്ടില്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ഒരു പത്താം ക്‌ളാസുകാരന്റെ കയ്യിൽ ഒരു വടക്കുനോക്കിയന്ത്രം കൊടുത്താൽ കണ്ടുപിടിക്കാവുന്ന കാര്യമേയുള്ളൂ. നിർഭാഗ്യവശാൽ വായ കൊണ്ട് കടുകുവറുക്കുമെന്നല്ലാതെ ഇന്നോളം ഒരു വിശ്വാസിയും അമ്പലത്തിനു ചുറ്റുമുള്ള കാന്തികത കണ്ടുപിടിച്ചിട്ടില്ല. എത്ര വലിയ വിഡ്ഢിത്തമാണെങ്കിലും, ഒരു സുപ്രഭാതത്തിൽ ഒരു സുപ്രീം കോടതി വന്ന് മാറ്റാൻ പറഞ്ഞാൽ മാറുന്നതല്ല നമ്മുടെ വിശ്വാസങ്ങൾ. അതിന് പരിണാമപരമായ ചില കാരണങ്ങളുണ്ട്.

വലിയ തലച്ചോറാണല്ലോ മനുഷ്യനെ മറ്റു മൃഗങ്ങളിൽ നിന്ന് ഭീകരനാക്കുന്നത്! എന്നാൽ ആ വലിയ തലച്ചോറ് നമുക്കൊരു ബാധ്യത കൂടിയാണ്. ശരീരഭാരത്തിന്റെ നാല് ശതമാനത്തിൽ താഴെ മാത്രമാണെങ്കിലും ശരീരത്തിനാവശ്യമായ ഊർജത്തിന്റെ ഇരുപത് ശതമാനവും ഉപയോഗിക്കുന്നത് തലച്ചോറാണ്. ആദിമമനുഷ്യരെ സംബന്ധിച്ച് ഭക്ഷണം ഒരു വെല്ലുവിളി ആയിരുന്നു. വല്ല കാട്ടുകിഴങ്ങുകളോ മറ്റ് ജീവികൾ ഉപേക്ഷിച്ചു പോയ എല്ലിൻകഷണത്തിനുള്ളിലെ മജ്ജയോ ഒക്കെയായിരുന്നു അവരുടെ ഭക്ഷണം. ഇന്ന് എന്തെങ്കിലും കിട്ടിയാൽ അടുത്ത ഭക്ഷണം എപ്പോൾ കിട്ടുമെന്ന് പറയാൻ പറ്റാത്ത അവസ്ഥ. അപ്പോൾ, ഉള്ള ഊർജം സംരക്ഷിക്കേണ്ടത് ജീവൻ നിലനിർത്താൻ അത്യാവശ്യമായിത്തീർന്നു. അതിനുള്ള പല ഉപാധികളിൽ ഒന്നായിരുന്നു വിശ്വാസവും.

ഉദാഹരണത്തിന്, ഒരു ചോദ്യവും ഉത്തരവും നോക്കാം. മഴ പെയ്യുന്നത് എന്തുകൊണ്ട്? ഇന്നത്തെ പോലെ ഗൂഗിളൊന്നും ഇല്ലാത്ത കാലമല്ലേ? മഴയുടെ ശാസ്ത്രീയമായ വശം അന്വേഷിക്കാൻ പോയാൽ  ഒരുപാട് അധ്വാനിക്കേണ്ടി വരും. ഊർജം നഷ്ടപ്പെട്ട് നമ്മൾ ക്ഷീണിതരാകും. ആ സമയത്ത് വല്ല പുലിയോ സിങ്കമോ അതിലേ വന്നാൽ ഓടി രക്ഷപ്പെടാൻ പോലും പറ്റില്ല. പകരം, അത് മുകളിലിരുന്ന് ഒരു ആകാശമാമൻ വെള്ളം കോരി ഒഴിക്കുന്നതാണ് എന്ന് വിശ്വസിച്ചാലോ? ആ തലവേദന കഴിഞ്ഞു. നമ്മൾ ഉഷാറായി അടുത്ത പരിപാടി നോക്കും. ഭക്ഷണത്തിന് ഒരു ഗ്യാരന്റിയും ഇല്ലാത്ത അക്കാലത്ത് തലപുകച്ചു ഊർജം ചെലവാക്കുന്ന ഒരു മനുഷ്യന് വിശ്വാസിയായ ഒരു മനുഷ്യനേക്കാൾ അതിജീവനസാധ്യത കുറവായിരുന്നു. സ്വാഭാവികമായും, വലിയ വലിയ കാര്യങ്ങളിലൊന്നും തലയിടാതെ, വിശ്വാസം അതല്ലേ എല്ലാം എന്ന് കരുതിയ മനുഷ്യരുടെ തലമുറയാണ് നിലനിന്നത്. എന്നു വച്ചാൽ, പരിണാമത്തിന്റെ ഒരു ഉല്പന്നമാണ് വിശ്വാസവും! കഴിഞ്ഞ ഏതാനും ആയിരം വർഷങ്ങളിൽ മനുഷ്യൻ അവിശ്വസനീയമായ രീതിയിൽ പുരോഗതി നേടിയെങ്കിലും ലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് ഉരുത്തിരിഞ്ഞ അതേ പ്രാചീനമസ്‌തിഷ്‌കം തന്നെയാണ് നമുക്ക് ഇപ്പോഴും ഉള്ളത്. അതുകൊണ്ടാണ് നമ്മൾ പലതും മുൻപിൻ നോക്കാതെ വിശ്വസിക്കുന്നതും വിശ്വാസത്തിന് ക്ഷതമേൽക്കുമ്പോൾ അസ്വസ്ഥരാകുന്നതും. വിശ്വാസം ചോദ്യം ചെയ്യപ്പെട്ടാൽ നമ്മുടെ ജീവന് നേരെ വരുന്ന ഭീഷണി  ആയിട്ടാണ് മസ്തിഷ്‌കം അതിനെ വിലയിരുത്തുക. അതു തടയാൻ എന്ത് വില കൊടുക്കാനും നമ്മൾ തയ്യാറാകും.

ഉദാഹരണത്തിന്, ദൈവത്തിന് കാലിത്തീറ്റ നേദിക്കുന്ന കുടുംബത്തിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ നിങ്ങളും മരണം വരെ അത് തന്നെ ചെയ്യും. അത് മാറ്റി കപ്പലണ്ടിപ്പിണ്ണാക്ക് ആക്കാൻ ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ എതിർക്കും. എന്റെ നെഞ്ചത്ത് ചവിട്ടിയിട്ടേ നീ കപ്പലണ്ടിപ്പിണ്ണാക്ക് നേദിക്കൂ എന്നൊക്കെ പറഞ്ഞു കളയും. അത് നിങ്ങളുടെ കാലിത്തീറ്റ ശരിയായതു കൊണ്ടല്ല. അതാണ് ശരിയെന്ന് നിങ്ങൾ വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ്. (ഉണക്കമീനും കപ്പയുമാണ് യഥാർത്ഥ നിവേദ്യം എന്നത് വേറെ കാര്യം!) 

മതത്തിനു പുറത്തും ഒരു ലോകം ഉണ്ടല്ലോ. ഇനി നമുക്ക് അങ്ങോട്ടേക്ക് ഒന്ന് പോകാം. ഭൂമിയിലെ ഏറ്റവും പഴക്കമുള്ള മതങ്ങൾക്ക് പോലും ഒരു അയ്യായിരം വർഷത്തിനപ്പുറം പഴക്കം കാണില്ല. എന്നാൽ ആധുനികമനുഷ്യൻ ഇവിടെ ജീവിച്ചു തുടങ്ങിയിട്ട് ഏകദേശം രണ്ട് ലക്ഷം വർഷങ്ങളായി. അന്നത്തെ ഏതാനും മനുഷ്യരിൽ നിന്നാണ് ഇന്ന് ഈ കാണുന്ന മനുഷ്യരെല്ലാം ഉണ്ടായത്. രാജ്യങ്ങളും സംസ്കാരങ്ങളും ആചാരങ്ങളും ഭാഷകളും ഒക്കെ അതിനു ശേഷം മാത്രം ഉണ്ടായതാണ്. സൈക്യാട്രിയിൽ ഇതിനെ 'വസുധൈവ കുടുംബകം' എന്നും 'ലോകമേ തറവാട്' എന്നുമൊക്കെ പറയും.  അപ്പോൾ അടിസ്ഥാനപരമായി നമ്മളെല്ലാം മനുഷ്യരാണ്. അതിനു ശേഷമേ മറ്റെന്തിനും പ്രസക്തിയുള്ളൂ.

ഒരാൾ ആണോ പെണ്ണോ ഒക്കെ ആകുന്നത് എങ്ങനെയാണ്? മാതാപിതാക്കളുടെ  സെക്സ് ക്രോമോസോമുകളുടെ രണ്ട് കോമ്പിനേഷനുകളാണ് ആണിനേയും പെണ്ണിനേയും ഒക്കെ തീരുമാനിക്കുന്നത്. രണ്ട് എക്സ് ക്രോമോസോമുകളാണ് ചേരുന്നതെങ്കിൽ കുട്ടി പെണ്ണാകുന്നു. ഒരു എക്‌സും ഒരു വൈയും ആണെങ്കിൽ കുട്ടി ആണാകുന്നു. ഇക്കാര്യത്തിൽ, ജനിക്കുന്ന കുട്ടിയ്ക്ക് ഒരു പങ്കും ഇല്ല. അതുപോലെ തന്നെയാണ് ആ കുട്ടിയുടെ ജാതി, മതം, നിറം, ഉയരം എല്ലാം. സ്വന്തം നിയന്ത്രണത്തിൽ അല്ലാത്ത കാരണങ്ങൾ കൊണ്ട് സംഭവിക്കുന്ന കാര്യങ്ങൾക്ക് വിവേചനം അനുഭവിക്കേണ്ടി വരുന്നത് വളരെ വേദനിപ്പിക്കുന്ന കാര്യമാണ്. കറുത്ത നിറക്കാരനായ കുട്ടി വംശീയമായ അധിക്ഷേപം നേരിടേണ്ടി വരുന്നത് ഒരു നിലയ്ക്കും ന്യായീകരിക്കാവുന്നതല്ല എന്ന് ഒരുമാതിരി എല്ലാവർക്കും അറിയാം. ഇതേ ചിന്താഗതി തന്നെയാണ് ഒരാളെ കുള്ളൻ എന്നോ, പാണ്ടൻ എന്നോ, പൊട്ടൻ എന്നോ പുലയൻ എന്നോ ഒക്കെ വിളിച്ചു കളിയാക്കുമ്പോൾ നമ്മുടെ മനസ്സിൽ ഉണ്ടാകേണ്ടത്. എന്നാൽ അതിൽ ഏറ്റവും പ്രാധാന്യമുള്ളതും ഏറ്റവും അവഗണിക്കപ്പെടുന്നതുമായ കാര്യമാണ് ലിംഗവിവേചനം.

ഒരു ആരാധനാലയത്തിൽ സ്ത്രീകളുടെ ജൈവപരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ പ്രവേശനം നിഷേധിക്കപ്പെടുന്നു എന്ന് വരുമ്പോൾ കോടതിയുടെ ആദ്യപരിഗണന പോകുന്നതും പോകേണ്ടതും  മനുഷ്യത്വം എന്ന കാര്യത്തിനാണ്. ഒരു പുരുഷന് കിട്ടുന്ന അവകാശങ്ങൾ ഒരു സ്ത്രീയാണെന്ന കാരണം കൊണ്ട് മാത്രം അവൾക്ക് നിഷേധിക്കപ്പെട്ടു കൂടാ. വളരെ ലളിതമായ യുക്തിയാണത്. മനുഷ്യത്വത്തെ മുൻനിർത്തി ആചാരങ്ങൾ പരിഷ്കരിക്കപ്പെടുമ്പോഴാണ് മതങ്ങൾ നവീകരിക്കപ്പെടുന്നത്. അല്ലായിരുന്നെങ്കിൽ ഇന്നും മൃഗബലിയും നരബലിയും കഴിച്ച് വിശപ്പ് മാറ്റുന്ന പ്രാകൃതദൈവങ്ങളായി നമ്മുടെ വി ഐ പി ദൈവങ്ങൾ തുടർന്നേനെ.

ഇനി പവിത്രതയുടെ വശം പരിശോധിക്കാം. ഒരു ഉല്പന്നത്തിന്റെ ഗുണമേന്മ, മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച്, അത് സാക്ഷ്യപ്പെടുത്തുന്ന സ്ഥാപനങ്ങൾ ലോകമെങ്ങും ഉണ്ട്. അതിൽ ചിലതാണ് ISO, ISI, BIS തുടങ്ങിയവ. ISI മാർക്ക് ഉള്ള ഹെൽമെറ്റ്, BIS ഹാൾമാർക് മുദ്രയുള്ള സ്വർണം, പത്തരമാറ്റ് വിശ്വാസം എന്നൊക്കെ കേട്ടിട്ടില്ലേ? അതിൽ ആദ്യം പറഞ്ഞ രണ്ടെണ്ണം നമുക്ക് വ്യക്തമായി പരിശോധിക്കാനും സാക്ഷ്യപ്പെടുത്താനും പറ്റുന്നതാണ്. എന്നാൽ പവിത്രത അളക്കുന്ന പവിത്രോമീറ്ററോ സ്ത്രീയുടെ അശുദ്ധി അളക്കുന്ന അശുദ്ധോഗേയ്ജൊ ഒന്നും ശാസ്ത്രം ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. മോസ്‌ക്  ഹിന്ദുവിനെ സംബന്ധിച്ച് ഒരു കെട്ടിടം മാത്രമാണ്. എന്നാൽ മുസ്ലിംകൾക്ക് അത് പവിത്രമാണ്. ക്ഷേത്രത്തിന്റെ കാര്യത്തിൽ തിരിച്ചും. എല്ലാ ദൈവങ്ങളും ഒന്നാണെന്ന് പറയുന്ന സനാതനമത ഡിപ്ലോമസി അനുസരിച്ച് ക്രിസ്ത്യൻ യുവതികൾക്ക് 'ആ ദിവസങ്ങളിൽ' പള്ളിയിൽ പോകാമെങ്കിൽ അതെ യുക്തി എന്ത് കൊണ്ട് ക്ഷേത്രകാര്യത്തിൽ പ്രയോഗിക്കുന്നില്ല. ഉത്തരം സിംപിളാണ്. നമ്മൾ ജനിക്കുന്നതിനു മുമ്പേ നടന്നു വന്നിരുന്ന കാര്യങ്ങളാണ് അതൊക്കെ. തിരുത്താൻ ശ്രമിക്കുന്നതിലും എളുപ്പം പിന്തുടരുന്നതാണ്. പവിത്രതയും അശുദ്ധിയും ഒക്കെ അതിനെ ന്യായീകരിക്കാൻ ഉപയോഗിക്കുന്നു എന്ന് മാത്രം. പ്രളയകാലത്ത് കക്കൂസ് മാലിന്യങ്ങളും അറവു മാലിന്യങ്ങളും നിറഞ്ഞ വെള്ളത്തിൽ ദിവസങ്ങളോളം ദൈവങ്ങൾക്ക് മുങ്ങിക്കിടക്കാമെങ്കിൽ ഭക്തിയോടെയും വൃത്തിയോടെയും വരുന്നവരെ വേർതിരിവില്ലാതെ സ്വീകരിക്കാൻ ദൈവങ്ങൾക്ക് സന്തോഷമേ കാണൂ.

ഇതെല്ലാം എളുപ്പത്തിൽ ഉൾക്കൊള്ളാൻ വിശ്വാസികൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടാണല്ലോ ആചാരങ്ങൾ സംരക്ഷിക്കാൻ അവർ തെരുവിലിറങ്ങുന്നത്. അവരോട് ഒരപേക്ഷയേ ഉള്ളൂ. ദയവായി നിങ്ങളുടെ കുഞ്ഞു മക്കളെ വീട്ടിലിരുത്തിയിട്ട് സമരത്തിന് പോകുക. ആർത്തവമുള്ള സ്ത്രീ അശുദ്ധയാണെന്നും അകറ്റി നിർത്തപ്പെടേണ്ടവളാണെന്നും ഉള്ള ധാരണകൾ അവരിൽ കുത്തിനിറയ്ക്കാതിരിക്കുക. അവിടെ വിവേചനം ഉണ്ടല്ലോ, അതുകൊണ്ട് ഇവിടെയും വിവേചനം ആവാം എന്ന് പഠിപ്പിക്കാതിരിക്കുക. എല്ലാ ശാരീരിക വ്യത്യസ്ഥതകൾക്കും അപ്പുറം സ്ത്രീയും പുരുഷനും തുല്യരാണെന്ന ചിന്തയോടെ അവരെ വളരാൻ അനുവദിക്കുക. അവരിൽ ശാസ്ത്രീയ മനോവൃത്തിയും അന്വേഷണത്വരയും വളർത്താൻ ശ്രമിക്കുക. സമത്വസുന്ദരമായ ഒരു ലോകത്തേക്കുള്ള യാത്രയിലേക്ക് കുട്ടികളെയെങ്കിലും തയ്യാറാക്കുക. അല്ലെങ്കിൽ, ലോകം ശരികളിൽ നിന്ന് മികച്ച ശരികളിലേക്ക് മുന്നേറുമ്പോൾ മറ്റൊരു വിവേചനം തുടരാൻ നാളെ നിങ്ങളുടെ മക്കൾ തെരുവിലായിരിക്കും. നന്ദി.