Thursday 17 December 2020

സംഘബന്ധുക്കളേ... ഇതിലേ... ഇതിലേ...

എത്രയും പ്രിയപ്പെട്ട സംഘസഹോദരങ്ങളേ, നിങ്ങൾക്കെന്റെ ധ്വജമാപ്രാണം.

ജയ് ശ്രീറാം!


വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് ഇത് എഴുതുന്നത്. സംഗതി, കേരളത്തെ ഗുജറാത്ത് പോലെയും വാരാണസി പോലെയും ആക്കാനാണ് നമ്മുടെ പ്ലാനെങ്കിലും, അത് പാലക്കാട് മുനിസിപ്പാലിറ്റി ഓഫീസിൽ ചെയ്ത പോലെ ചാടിത്തുള്ളി നടപ്പാക്കരുത്. കേന്ദ്രത്തിലെ ഒരു ജീ പറഞ്ഞ പോലെ, ഇത്തിരി ജനാധിപത്യം കൂടുതലുള്ള ആൾക്കാരാണ് ഇവിടത്തെ അലവലാതി മലയാളികൾ. മുനിസിപ്പാലിറ്റി ഓഫീസിൽ ശിവജിയങ്ങുന്നിന്റെ പടം തൂക്കിയാൽ, എടുത്തോണ്ട് പോടാ മലരേ എന്ന് ഒരു പേടിയും ഇല്ലാതെ പറയുന്ന കൂട്ടരാണ്. സുരേഷോബിയണ്ണൻ പറഞ്ഞ പോലെ ആയിരം പഞ്ചായത്തും പത്തിരുപത് കോർപറേഷനും ഒക്കെ പിടിച്ചടക്കിയിട്ട് നമ്മൾക്ക് ഇവന്മാരെയൊക്കെ കൂട്ടിയിട്ട് കത്തിക്കുകയോ വയറ്റിലൂടെ ശൂലം കേറ്റുകയോ ഒക്കെ ചെയ്യാമല്ലോ. അതുവരെ എല്ലാവരും ക്ഷമിക്കണം.

ദിതാണ് ഇന്ത്യൻ ഭരണഘടന എന്ന് പറയുന്ന സാധനം!

ആശിച്ചു മോഹിച്ചു വല്ലോടത്തും ഒരു ഭരണം കിട്ടുമ്പോ, ഭരണഘടനാ സ്ഥാപനത്തിന്റെ നെഞ്ചത്ത് തന്നെ മതഭ്രാന്ത് നാട്ടാൻ നമ്മൾക്ക് ഒരു കിരുകിരുപ്പ് ഒക്കെ തോന്നും. പക്ഷേ, ചെയ്യരുത്. കാരണം, ആ അംബേദ്കറും നെഹ്രുവും ഒക്കെക്കൂടി ഉണ്ടാക്കിയ ഭരണഘടന എന്ന സാധനത്തിൽ ഇന്ത്യ മതേതരമാണ് എന്ന് എഴുതി വച്ചിട്ടുണ്ട്. എന്നു വെച്ചാൽ മതമില്ലാത്ത രാജ്യം. അതുകാരണം, ഏതു അണ്ടനും അടകോടനും ഏതു മതത്തിലും വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. പക്ഷേ, നമ്മുടെ മതമാണ് ചക്കരമതം എന്നെങ്ങാൻ പറഞ്ഞു ചൊറിയാൻ ചെന്നാൽ കോടതിയും പോലീസും പിടിച്ചു ജയിലിലിടും. സംഗതി, ഹിന്ദു മതമാണ് ചക്കരമതം എന്ന് നമ്മൾക്കറിയാം. പക്ഷേ, മോദിജിയും അമിട്ട് ജീയും കൂടി ഭരണഘടനയുടെ സ്ഥാനത്ത് മനുസ്‌മൃതി എടുത്തു വെക്കുന്നതു വരെ നമ്മൾ ഒന്ന് ക്ഷമിച്ചേ പറ്റൂ.
എല്ലാ സംഘബന്ധുക്കളും മനുസ്‌മൃതി വാങ്ങണേ...


അതുവരെ കിരുകിരുപ്പൊക്കെ സഹിച്ച്, ഈ കമ്മികളൊക്കെ ചെയ്യുന്ന പോലെ ജാതിയും മതവും നോക്കാതെ നാട്ടുകാരോട് പെരുമാറണം. അല്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ ഇവിടത്തെ ബ്ലഡി ജനങ്ങൾ നമ്മളെ എടുത്ത് കുപ്പത്തൊട്ടിയിലിടും. അത് പാടില്ല. വേദനയോടെയാണെങ്കിലും മുസ്ലിങ്ങൾ സഹോദരന്മാരാണെന്നും ഫെമിനിച്ചികൾ സഹോദരിമാർ ആണെന്നും ഒക്കെ കാച്ചിയേക്കണം. എന്നാലേ എന്തെങ്കിലും നടക്കൂ. 

ഭൂരിപക്ഷം കിട്ടിയതിനു ശേഷം മാത്രമേ കാക്കയെ തട്ടി താഴെയിടാവൂ...


അതുകൊണ്ട്, ഈ ചരിത്രസന്ധിയിൽ എനിക്ക് നിങ്ങളോടൊന്നേ പറയാനുള്ളൂ. ഉള്ളിൽ പുളയ്ക്കുന്ന വർഗീയതയുണ്ടെങ്കിലും ഭയങ്കര മതേതരനാണെന്ന തോന്നൽ ഉണ്ടാക്കണം. ജയിച്ച ഉടനേ, ജയ് ശ്രീരാം എന്ന ബാനർ ഒക്കെ തൂക്കിയാൽ കള്ളി പൊളിയും മിത്രമേ! വർഷങ്ങളുടെ ശ്രമഫലമായി കേരളത്തിൽ ഒരു മൃദുഹിന്ദുത്വം വളർത്താൻ നമ്മൾക്ക് കഴിഞ്ഞിട്ടുണ്ട് എന്ന കാര്യത്തിൽ നമുക്കഭിമാനിക്കാവുന്നതാണ്. ഒരാളെ പട്ടി കടിച്ചാൽ, മുസ്ലിം വളർത്തിയ പട്ടി, ഹിന്ദു വളർത്തിയ കുട്ടിയെ കടിച്ചു എന്നൊക്കെ റിപ്പോർട്ട് ചെയ്യപ്പെടുന്നത് നമ്മുടെ പരിശ്രമം കാരണമാണ്. ഇനിയും കുറച്ചു വർഷങ്ങൾ കൂടി വളരെ നൈസായി വേണം വർഗീയത കളിക്കാൻ. അതുകഴിഞ്ഞാൽ പിന്നെ പഞ്ചായത്തിലും വില്ലേജാപ്പീസിലും മൃഗാശുപത്രിയിലും ഒക്കെ ശിവജിയെയും ശ്രീരാമനെയും പ്രതിഷ്ഠിച്ച്  നമുക്ക് അർമാദിക്കാം!

ഈ സുദിനം അധികം ദൂരെയല്ല...!


ചമ്പൂർണ്ണ ചാച്ചരത, ആരോഗ്യം, വീട് എന്നൊക്കെ തള്ളിയിരുന്നവരെ കൊണ്ട് മതം, മതം, മതം എന്ന് മാത്രം പറയിപ്പിക്കുന്ന കാലം അത്ര വിദൂരമല്ല മിത്രമേ... അന്ന്, കമ്മികളെയും മൂരികളെയും കൊങ്ങികളെയും കാക്കമാരെയും അച്ചായന്മാരെയും ഒക്കെ തമ്മിൽ തല്ലിച്ച് നമുക്ക് രസിക്കണം. അതുവരെ ഒരു മയത്തിൽ മാത്രമേ കാര്യങ്ങൾ നീക്കാവൂ. ആവേശം പാടില്ല. കേരളത്തിൽ ഭൂരിപക്ഷം കിട്ടിയതിനു ശേഷം മാത്രമേ കേന്ദ്രനേതാക്കൾ പറയുന്ന പോലത്തെ ഡയലോഗ് അടിക്കാവൂ.

  • ഭരണഘടനയുടെ ആമുഖത്തിൽ നിന്നും മതേതരം എന്ന വാക്ക് നീക്കം ചെയ്യും: ആനന്ദ് കുമാർ ഹെഗ്‌ഡെ, കേന്ദ്ര മന്ത്രി.
  • ഗാന്ധിജിയുടെ ചിത്രമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം: അനിൽ വിജ്, ഹരിയാനയിലെ മന്ത്രി.
  • ജ്യോതിഷത്തിനു മുന്നിൽ ശാസ്ത്രം ഒരു കുള്ളനാണ്: രമേഷ് പൊഖ്‌റിയാൽ, ഉത്തരാഖണ്ഡ്‌ മുൻ മുഖ്യമന്ത്രി 
  • ശൂദ്രർക്ക് വിവരമില്ലാത്ത കൊണ്ടാണ് ശൂദ്രൻ എന്ന വിളി ഇഷ്ടമില്ലാത്തത്. ബ്രാഹ്മണർക്കും, ക്ഷത്രിയർക്കും ജാതിപ്പേര് വിളിച്ചാൽ ഒരു പ്രശ്നവും ഇല്ലല്ലോ? : ബിജെപി എംപി പ്രഗ്യ താക്കൂർ.

ഇത് കേരളമാണെന്ന് ചിന്തിക്കാതെ, "അടുത്ത ജന്മത്തിലെങ്കിലും ഒരു ബ്രാഹ്മണനായി ജനിച്ചാൽ മതിയായിരുന്നു" എന്ന് സുരേഷ്‌ ഗോപിയണ്ണനെ പോലുള്ളവർ തള്ളുന്നത് കൊണ്ടാണ് നമ്മൾ പച്ച പിടിക്കാത്തത് എന്ന് ഇനിയെങ്കിലും മനസിലാക്കണം. നമ്മൾ ചാണകങ്ങൾ ആണെങ്കിലും, ഭരണം പിടിക്കുന്നത് വരെ മതസൗഹാർദ ബിരിയാണി വിളമ്പണം എന്നാണ്, രാഹുൽ ഈശ്വറിനെ പോലെ, ശ്രീജിത്ത് പണിക്കാരെ പോലെ, ജയശങ്കറിന്റെ പോലെ ഈ കൊച്ചു ഗോവിന്ദനും പറയാനുള്ളത്.



Monday 14 December 2020

വാക്ക് 2020

 ഈ സഹസ്രാബ്ദം പിറന്നപ്പോൾ മുതൽ എല്ലാവരും കാത്തിരുന്ന ഒരു വർഷമായിരുന്നു 2020. പറക്കും കാറുകൾ മുതൽ അഭൗമമായ  ജീവിതാനുഭവങ്ങൾ വരെ രണ്ടായിരത്തി ഇരുപതിൽ ലഭ്യമാകുമെന്ന് പലരും പതിറ്റാണ്ടുകൾ മുമ്പേ പ്രവചിച്ചതാണ്. പക്ഷേ, കാത്ത് കാത്ത് ഒരു പുണ്യാളനെ കിട്ടീട്ട് ഈ ഗതിയായല്ലോ കർത്താവേ എന്ന് പ്രാഞ്ചിയേട്ടൻ ആത്മഗതം ചെയ്ത പോലെയായി കാര്യങ്ങൾ. കാത്തുകാത്തിരുന്ന് 2020 വന്നപ്പോൾ വിമാനങ്ങൾക്ക് പോലും പറക്കാൻ പറ്റാത്ത അവസ്ഥയായി! ഇക്കൊല്ലം ഏതാണ്ട് പകുതിയായപ്പോ മുതൽ 2020 എന്ന ഈ മാരണം എങ്ങനെയെങ്കിലും തീർന്നു കിട്ടിയാൽ മതി എന്നായി എല്ലാവർക്കും!

ലോകത്ത് വിചിത്രമായ എന്തെങ്കിലും സംഭവിച്ചാൽ പോലും നമ്മൾക്ക് അത്ഭുതം ഇല്ലാതായി മാറി! 2020 അല്ലേ? ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന അവസ്ഥയായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് ഓക്സ്ഫോഡിന്റെ ഈ വർഷത്തെ വേഡ് ഓഫ് ദി ഇയർ! ഒരു വർഷത്തിൽ പ്രത്യേക പ്രാധാന്യം കൈവന്ന വാക്കോ ,അല്ലെങ്കിൽ ആ വർഷത്തിൽ ലോകത്തിന്റെ പൊതുവിലുള്ള അവസ്ഥ സൂചിപ്പിക്കുന്ന ഒരു വാക്കോ ആയിരിക്കും ആ വർഷത്തെ വേഡ് ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കാറ് എന്ന് എന്നെ വായിക്കുന്ന നാലും മൂന്നും ഏഴു പേർക്കും അറിയാമല്ലോ. അങ്ങനെ ഓക്സ്ഫോർഡ് ഈ വർഷം തെരഞ്ഞെടുത്ത വാക്കാണ് "                        ". 

സൂക്ഷിച്ചു നോക്കീട്ട് കാര്യം ഇല്ല ഉണ്യേ! കാരണം, അങ്ങനെ ഒരു വാക്കില്ല. അഭൂതപൂർവമായ സംഭവങ്ങളും സാഹചര്യങ്ങളും കാരണം ഒരു പ്രത്യേക വാക്ക് മാത്രം തെരഞ്ഞെടുക്കാൻ പറ്റാതെ മുട്ടുമടക്കിയിരിക്കുകയാണ് ഓക്സ്ഫോർഡ്. 2020 അല്ലേ? അങ്ങനെയൊക്കെ സംഭവിക്കും! വിശദമായ വായനയ്ക്ക് ഇതാ ഓക്സ്ഫോഡിന്റെ ലിങ്ക് ഓഫ് ദി ലിങ്ക്. മറ്റ് പല സ്ഥാപനങ്ങളും വെബ്സൈറ്റുകളും Pandemic, Lockdown തുടങ്ങിയ വാക്കുകൾ വേഡ് ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തിട്ടുണ്ട്.

പക്ഷേ, ഓക്സ്ഫോഡ് വേ കൊച്ചു ഗോവിന്ദൻ റേ! എനിക്ക് അങ്ങനെ മുട്ടുമടക്കാൻ പറ്റില്ലല്ലോ! അതോണ്ട്, ഞാൻ എന്തായാലും 2020ലെ മലയാളം വാക്ക് അങ്ങ് തെരഞ്ഞെടുത്തു. 

"അനിശ്ചിതാവസ്ഥ " (Uncertainty)

അതാണെന്റെ 2020ലെ വാക്ക്.

2018 ൽ ഞാൻ ആർത്തവം എന്ന വാക്ക് തെരഞ്ഞെടുത്തപ്പോൾ അത് പൊതുവെ കേരളത്തെ മാത്രം ബാധിക്കുന്ന വാക്കായിരുന്നു. 2019 ൽ പൗരത്വം തെരഞ്ഞെടുത്തപ്പോൾ അത് ഇന്ത്യയിലെ മൊത്തത്തിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്തു കൊണ്ടായിരുന്നു.  പക്ഷേ, അനിശ്ചിതാവസ്ഥ എന്നത് ഇക്കൊല്ലം മുഴുവൻ ലോകത്തെ മൊത്തത്തിൽ പ്രതിഫലിപ്പിച്ച വാക്കാണ് എന്ന കാര്യത്തിൽ അശേഷം സംശയമില്ല. 

റേഷൻ കടയിൽ പോയാൽ പോലീസ് പിടിക്കുമോ എന്ന ലോക്കൽ അനിശ്ചിതാവസ്ഥ മുതൽ ലോകം എപ്പോ പഴയ പടിയാവും എന്ന ആഗോള അനിശ്ചിതാവസ്ഥ വരെ അടിമുടി അനിശ്ചിതാവസ്ഥ നിറഞ്ഞ ഒരു വർഷമായിരുന്നു 2020. വ്യോമയാന മേഖല എന്ന് ജീവൻ വയ്ക്കും? ദൂരെയുള്ള പ്രിയപ്പെട്ടവരെ എപ്പോ കാണാനാവും? നഷ്ടപ്പെട്ട തൊഴിലുകൾ എന്ന് തിരിച്ചു കിട്ടും? ഒളിംപിക്‌സും തീയേറ്ററും പൂരവും ഇനിയെന്ന് തുടങ്ങും എന്നു തുടങ്ങി ജീവിതത്തെ ബാധിക്കുന്ന വലുതും ചെറുതുമായ ഒട്ടുമിക്ക കാര്യങ്ങൾക്കും വ്യക്തമായ ഉത്തരമില്ലാത്ത ഒരു കാലഘട്ടം അടുത്തെങ്ങും ലോകം അഭിമുഖീകരിച്ചിട്ടില്ല. എന്തിനേറെ? പിഞ്ഞാണം മുട്ടലും ടോർച്ചടിക്കലും കഴിഞ്ഞ് നമ്മടെ മോഡിജീ കൊറോണയെ തുരത്താൻ അടുത്തത് എന്ത് ടാസ്ക് ആയിരിക്കും പറയുക എന്നറിയാതെ ജനകോടികൾ എത്ര രാത്രികളിൽ ഞെട്ടിയുണർന്നു! അതുകൊണ്ട്, അനിശ്ചിതാവസ്ഥ എന്ന വാക്കിന്റെ തെരഞ്ഞെടുപ്പ് പ്രസക്തമാണെന്ന് ഞാൻ കരുതുന്നു.

"ദുരന്തം", "അതിജീവനം", "മഹാമാരി", "മരണം" തുടങ്ങിയവയാണ് അവസാന റൗണ്ടിൽ എത്തിയ മറ്റു വാക്കുകൾ. ഇവയോരോന്നും 2020 നെ പ്രതിഫലിപ്പിക്കാൻ പറ്റിയ വാക്കുകൾ തന്നെയാണെന്നതിന് സംശയമില്ല. എല്ലാ വാക്കുകൾക്കും ആശംസകൾ! 

ഇതുവായിക്കുന്ന ഓരോരുത്തർക്കും ഓർമിക്കാൻ ഇഷ്ടമില്ലാത്ത നിരവധി കാര്യങ്ങൾ ഈ വർഷം സംഭവിച്ചിട്ടുണ്ടാകാനാണ് സാധ്യത. പലവിധ കാരണങ്ങളാൽ, അങ്ങേയറ്റം അനിശ്‌ചിതാവസ്ഥ നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് ഞാനും കടന്നു പോകുന്നത്. എങ്കിലും നമുക്കോരോരുത്തർക്കും പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും കൈവിടാതിരിക്കാം. മനുഷ്യരാശിയ്ക്ക് വേണ്ടി കോവിഡിനെതിരേ  മുൻനിരയിൽ പോരാടുന്നരെയും കാലിടറി വീണവരെയും ഓർത്തുകൊണ്ട് നമുക്ക് പുതുവർഷത്തെ വരവേൽക്കാം. 

എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു. ഒപ്പം ഒരു പ്രാർത്ഥനയും...

ഗോ കൊറോണ ഗോ! ഗോ കൊറോണ ഗോ!