Friday 2 March 2018

മുലയൂട്ടലിന്റെ ആൾക്കൂട്ടവിചാരണയിലേക്ക് എന്റെ പങ്ക്!

ജിലു ജോസഫിന്റെ മുലയാണല്ലോ ഇപ്പൊ കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നം. അപ്പൊ, നിങ്ങളെ പോലെ തന്നെ ഒരു പ്രബുദ്ധമലയാളിയായ ഞാനും അക്കാര്യത്തിൽ ഒരു അഭിപ്രായം പറയണമല്ലോ. എന്നാപ്പിന്നെ പറഞ്ഞേക്കാം.


എല്ലാവരെയും പോലെ, ദിവസേന നൂറുകണക്കിന് ആളുകളെ ഞാനും കാണാറുണ്ട്. അതിൽ സ്വാഭാവികമായും മുലയൂട്ടുന്ന അമ്മമാരും ഉണ്ടാവും. എന്നാൽ അപൂർവ്വമായല്ലാതെ പൊതുസ്ഥലത്തു മുലയൂട്ടുന്ന അമ്മമാരെ ഞാൻ കണ്ടിട്ടില്ല. അതിന്റെ കാരണം, ചുറ്റും ജനങ്ങൾ നിൽക്കുമ്പോൾ മുലയൂട്ടാനുള്ള മടി തന്നെയാണ് എന്നാണ് എന്റെ വിശ്വാസം. അഥവാ മുലയൂട്ടിയാൽ തന്നെ, ആരും ഒന്നും കാണുന്നില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും അത്.


പാർലമെന്റിലും പൊതുസ്ഥലങ്ങളിലും മറ്റും മുലയൂട്ടുന്ന വനിതകളുടെ ചിത്രങ്ങൾ വലിയ കാര്യമായി പത്രങ്ങളിൽ മുമ്പും അച്ചടിച്ചു വന്നിട്ടുണ്ട്. എന്ന് വച്ചാൽ, അത് അത്ര സാധാരണമായ സംഗതിയല്ല എന്ന് ചുരുക്കം. പിറന്നു വീണ കുഞ്ഞിന് കുറേനാളത്തേക്ക് ലഭിക്കേണ്ട ഏക ആഹാരമായ മുലപ്പാൽ, മറ്റാരും കാണാതെ ചമ്മലോടെ കൊടുക്കേണ്ടി വരുന്നതും കുഞ്ഞിന് അങ്ങനെ കഴിക്കേണ്ടി വരുന്നതും ഏതൊരു പുരോഗമന സമൂഹത്തിനും ചേരുന്ന കാര്യമല്ല. അതായത്, കുഞ്ഞു വിശന്നു കരയുമ്പോൾ അതിന് മുല കൊടുക്കാൻ സാഹചര്യത്തെ ഭയപ്പെടേണ്ടതില്ലാത്ത ഒരു ലോകമാണ് എന്റെ സ്വപ്നത്തിലെ കിനാശ്ശേരി. ഒരാൾ പൊതുസ്ഥലത്തു വച്ച് ചായ കുടിക്കുന്നത് പോലെ, തികച്ചും സ്വാഭാവികമായി അനുഭവപ്പെടുന്ന ഒരു കാര്യമായി മുലയൂട്ടൽ മാറുമ്പോഴാണ് ആ സമൂഹം ഇക്കാര്യത്തിൽ പുരോഗതി പ്രാപിച്ചു എന്ന് പറയാനൊക്കൂ. (ശോഭേ! ഞാനൊരു സ്വപ്നജീവിയാണ്!)



ഫിലോസഫി കഴിഞ്ഞു. ഇനി പ്രാക്ടിക്കൽ.

ജിലു ജോസഫ് അമ്മയല്ല എന്നതാണ് ഒന്നാമത്തെ പ്രശ്നം. അപ്പൊ, മുലയൂട്ടുന്ന ചിത്രത്തിലൂടെ അവർ ആ കുഞ്ഞിനേയും സമൂഹത്തെയും വഞ്ചിച്ചു എന്നതാണ് പ്രധാന പ്രശ്നം.
നമ്മൾ സമൂഹത്തോട് പറയാൻ ആഗ്രഹിക്കുന്ന കാര്യം, എളുപ്പത്തിലും ശക്തമായും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു മാർഗമാണ് പരസ്യങ്ങൾ. ആ പരസ്യത്തിൽ കാണിക്കുന്നത് അക്ഷരാർത്ഥത്തിൽ ശരിയായാലേ സമൂഹം അംഗീകരിക്കൂ എന്ന് പറയുന്നതിൽ എന്ത് യുക്തിയാണുള്ളത്? അങ്ങനെ നോക്കിയാൽ, കല്യാൺ ജ്വല്ലേഴ്സിന്റെ പരസ്യത്തിൽ അമിതാഭ് ബച്ചന് പകരം മഞ്ചൂന്റെ സ്വന്തം  അച്ഛൻ തന്നെ അഭിനയിക്കണം. ചർമം കണ്ടാൽ പ്രായം തോന്നാത്ത സന്തൂർ അമ്മയുടെ യഥാർത്ഥ കുഞ്ഞു വേണം ഡാൻസ് കഴിയുമ്പോൾ മമ്മീ എന്ന് ഉറക്കെ വിളിച്ചു കൂവേണ്ടത്. അങ്ങനെയൊന്നും സംഭവിക്കാത്ത സ്ഥിതിക്ക്, പരസ്യമോഡലായ ജിലുവിനും മാപ്പ് കൊടുക്കാവുന്നതേ ഉള്ളൂ. പൊതുസ്ഥലത്തെ മുലയൂട്ടൽ എന്ന ആശയം വായനക്കാരിൽ എത്തിക്കാൻ ജിലു ജോസഫ് എന്ന മോഡൽ, ഒരു മുഖചിത്രത്തിന് പോസ് ചെയ്തു. അത് അവരുടെ തൊഴിലാണ്.അത്രയേയുള്ളൂ.  ഇനി അവർ അമ്മയായിരുന്നെങ്കിലോ? മാതൃത്വത്തെ വിറ്റു കാശാക്കി എന്ന ഡയലോഗും കേൾക്കേണ്ടി വന്നേനെ. നത്തിങ് മോർ.


മറ്റൊന്ന്, കൊച്ചിന്റെ മനുഷ്യാവകാശത്തെ കുറിച്ചാണ്. ആ കുഞ്ഞ്, ഈ പരസ്യത്തിന് വേണ്ടി ഏതെങ്കിലും വിധത്തിൽ വേദനിപ്പിക്കപ്പെട്ടു എന്ന് തെളിഞ്ഞാൽ തീർച്ചയായും നടപടിയെടുക്കപ്പെടുക തന്നെ വേണം. പക്ഷേ, പരസ്യ ചിത്രീകരണ സമയത്ത്, ആ കുഞ്ഞിന്റെ യഥാർത്ഥ അമ്മ അവിടെ ഉണ്ടായിരിക്കാനാണ് സാധ്യത. വിശപ്പ് മാറി പ്രസന്ന ഭാവത്തിൽ ഇരിക്കുന്ന ഒരു കുഞ്ഞിനെ മുലപ്പാലില്ലാത്ത മുല കൊടുത്തു എന്നത് അത്ര ആനക്കാര്യമായി എനിക്ക് തോന്നുന്നില്ല. അതൊരു തെറ്റാണെങ്കിൽ, ഷാമ്പൂവിന്റെ പരസ്യത്തിൽ അഭിനയിച്ച കുട്ടി, പനങ്കുല പോലെയുള്ള യഥാർത്ഥ മുടിയുമായി നടക്കണം. ബൂസ്റ്റിന്റെ പരസ്യത്തിൽ അഭിനയിച്ച കുട്ടി ഷൂട്ടിങ് കഴിയുമ്പോഴേക്കും ഒറ്റയടിക്ക് അസാധ്യ ബുദ്ധിമാനും, പൊക്കക്കാരനും കരുത്തനും ആയി മാറണം. സത്യത്തിൽ അങ്ങനെയൊക്കെയാണോ? യാതൊരു ഉളുപ്പുമില്ലാതെ, സുന്നത്തിനെയും കുത്തിയോട്ടത്തിനെയും ന്യായീകരിക്കുന്ന ഒരു സമൂഹം ബാലാവകാശത്തിന്റെ പേരിൽ അലമുറയിടുന്നത് കാണുമ്പോ, എനിക്ക് നാൺ വരുന്നു. എഴുത്തിനിരുത്തുമ്പോ അലറിക്കരയുന്ന കുഞ്ഞിന്റെ ഫോട്ടോ വലിയ സാംസ്കാരിക ചിഹ്നമായി ഫ്രണ്ട് പേജിൽ വരുന്നതിനെ ആഘോഷിക്കുന്നവരാണ്, ഇവിടെ കണ്ണീരൊഴുക്കുന്നത്. ആ കുഞ്ഞിന് പ്രകടിപ്പിക്കാവുന്ന ഒരേയൊരു പ്രതിഷേധ മാർഗമാണ് ആ അലറിക്കരച്ചിൽ എന്ന് നിങ്ങൾ ഓർത്തിട്ടുണ്ടോ? കുരിശും ചുമപ്പിച്ചു മലകയറ്റപ്പെടുന്ന കുഞ്ഞിൽ മഹത്വം ദർശിക്കുന്നവർ ഈ പരസ്യത്തോട് ദേഷ്യം കാണിക്കുമ്പോ എനിക്ക് പിന്നേം നാൺ വരുന്നു. അഞ്ചോ പത്തോ വയസുള്ള ഒരു കുഞ്ഞ്, അച്ഛനമ്മമാരോട് അങ്ങോട്ട് ചെന്ന്, തനിക്ക് ഇങ്ങനത്തെ ഹൊറിബിൾ നേർച്ചയുണ്ടെന്നു പറയില്ലെന്നാണ് എന്റെ എളിയ വിശ്വാസം. അങ്ങനെ കൺമുമ്പിൽ നിരവധി തെളിവുകളോടെ നടമാടുന്ന ,പറഞ്ഞാൽ തീരാത്ത എന്ത് മാത്രം ബാലപീഡനങ്ങൾ! ബാലാവകാശലംഘനങ്ങൾ!


മൂന്നാമത്തേ തെറ്റ്, മുല മുഴുവനായി കാണിച്ചു എന്നതാണ്.
മുലയൂട്ടുമ്പോൾ, മുലയുടെ എത്ര ഭാഗം പുറത്തേക്ക് കാണിക്കണം, എത്ര മറയ്ക്കണം എന്നതിനെ കുറിച്ച് ഭരണഘടന അനുശാസിക്കുന്നുണ്ടോ? അമ്മയുടെയും കുഞ്ഞിന്റെയും സൗകര്യം അനുസരിച്ച് മുലയൂട്ടുന്നതിൽ ആർക്കും വിരോധം തോന്നേണ്ട കാര്യമില്ല. ഇവിടെയും അതല്ലേ സംഭവിച്ചുള്ളൂ. അല്ലാതെ, താൻ മുലയൂട്ടുന്ന പോലെ കേരളത്തിലെ എല്ലാ മഹിളാരത്‌നങ്ങളും മുലയൂട്ടണമെന്ന് ജിലുവോ മാതൃഭൂമിയോ ആഹ്വാനം ചെയ്തിട്ടൊന്നുമില്ലല്ലോ. ഇതിലും അനാവൃതമായ മുലയൂട്ടലുകൾ ഇതിലും മികച്ച മാധ്യമങ്ങളിൽ വരികയും അഭിനന്ദനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട് എന്ന കാര്യം കൂടി ഓർമിക്കുക. കപടസദാചാരബോധത്തിൽ തളച്ചിടപ്പെട്ട ഒരു സമൂഹത്തിനു മുന്നിൽ ഇങ്ങനെയൊരു മുഖചിത്രം അവതരിപ്പിക്കാൻ ധൈര്യം കാണിച്ച മോഡലിനും പിന്നണി പ്രവർത്തകർക്കും അഭിമാനിക്കാം.


അടുത്ത പ്രശ്നം. ഗൃഹലക്ഷ്മി ആണുങ്ങളെ മുഴുവൻ അപമാനിച്ചത്രേ!
ആ ലേഖനം വായിക്കാത്ത സ്ഥിതിക്ക് ഉള്ളടക്കം എനിക്ക് അറിയില്ല. എന്നാൽ, തലവാചകം വായിക്കുമ്പോൾ തോന്നുന്നത് പറയാം. തുറിച്ചു നോട്ടങ്ങൾ മുമ്പ് നേരിട്ടത് കൊണ്ടോ, തുറിച്ചൊ ഒളിച്ചോ തന്റെ മുലകളെ ആണുങ്ങൾ നോക്കും എന്ന ഭയമോ ചമ്മലോ ഉള്ളത് കൊണ്ടോ തന്നെയാണ് പൊതുസ്ഥലത്തെ മുലയൂട്ടലുകൾ കുറയുന്നത്. അങ്ങനെ നോക്കുന്നത് ശരിയല്ലെന്ന് ജീവിതം കൊണ്ടോ, സംസ്കാരം കൊണ്ടോ, പ്രായം കൊണ്ടോ തിരിച്ചറിയുമ്പോൾ അല്ലാതെ ആ ആൺനോട്ടങ്ങൾ അവസാനിക്കുകയും ഇല്ല. അതുകൊണ്ട് കേരളത്തിലെ ഭൂരിഭാഗം ആണുങ്ങളും മുലയൂട്ടുന്ന സ്ത്രീയെ അമ്മയെ പോലെ കാണുന്നു എന്ന നിലവിളിയ്ക്ക് അഥവാ സപ്രിട്ടിക്കറ്റിനു, ആധികാരികതയേക്കാൾ കൂടുതൽ വൈകാരികതയാണുള്ളത്. നമുക്ക് ഒരു പരിചയവും ഇല്ലാത്ത സുന്ദരിയായ ഒരു സ്ത്രീ, നമ്മുടെ ചുറ്റുവട്ടത്തിരുന്ന് പരസ്യമായി മുലയൂട്ടിയാൽ അറിയാം ആ നിലവിളിയിലെ ആത്മാർത്ഥത!

മാത്രമല്ല, ഒരു പെൺകുട്ടി പീഢിപ്പിക്കപ്പെടുമ്പോഴോ ആൾക്കൂട്ട ആക്രമണങ്ങൾ ഉണ്ടാകുമ്പോഴോ 'സഹോദരീ, മാപ്പ്‍' എന്ന വാചകം എടുത്തലക്കുന്ന ആചാരം നമ്മിൽ പലരും ചെയ്യാറില്ല? നമ്മൾ ഭൂരിഭാഗവും അങ്ങനെ ആയതുകൊണ്ടാണോ മാപ്പ് ചോദിക്കുന്നത്? അല്ല, നമ്മളിലൊരുവൻ ചെയ്ത തെറ്റിന്, ആ വിഭാഗത്തിന്റെ പ്രതിനിധി എന്ന നിലയിൽ നമ്മൾ ക്ഷമ ചോദിക്കുന്നു എന്ന് മാത്രം. പക്ഷേ ഇവിടെ, വിഷയത്തിന്റെ കാമ്പിലേക്ക് കടക്കാതെ, ജിലു സുന്ദരിയാണ്, അമ്മയല്ല, കുഞ്ഞിനെ പറ്റിച്ചു, കാശിനു വേണ്ടി കാമം വിളമ്പുന്നു എന്ന് തുടങ്ങിയ എന്ത് മാത്രം ആക്രോശങ്ങൾ. തല വാചകത്തിലേത്, ഒരു ആജ്ഞയാണോ അപേക്ഷയാണോ എന്ന് ഒരു പുനർവിചിന്തനത്തിനു നല്ല സ്കോപ്പ് ഉണ്ട്.


പിന്നെ, മാർക്കറ്റിങ് തന്ത്രം.
ഗൃഹലക്ഷ്മി ഒരു ബുദ്ധിജീവി മാസികയൊന്നും അല്ല എന്നാണ് എന്റെ അറിവ്. വീട്ടുപണിയൊക്കെ കഴിഞ്ഞ് നേരം കിട്ടിയാൽ കേരളത്തിലെ മധ്യവർഗ വീട്ടമ്മമാർക്ക് വായിക്കാനുള്ള ഒരു നേരംകൊല്ലി മാഗസിൻ ആയിട്ടേ എനിക്ക് തോന്നിയിട്ടുള്ളൂ. അതിന്റെ കവറിൽ, തുടുത്ത മോഡലുകൾ വരുന്നത് ആദ്യം ഒന്നും അല്ലല്ലോ? അപ്പൊ ഒരു സുന്ദരിയെ 'കുലസ്ത്രീ' മോഡൽ മാതാവാക്കിയതിൽ എന്താണ് തെറ്റ്. അത്തരം മോഡലുകളെ പോലെയാവാൻ ഉള്ളുകൊണ്ട് ആഗ്രഹിക്കുന്നവരാണ് ഗൃഹലക്ഷ്മിയുടെ ടാർഗെറ് ഓഡിയൻസ്. അപ്പോൾ, ജിലു അല്ലെങ്കിൽ മറ്റൊരു സുന്ദരി സ്വാഭാവികമായും കവറിൽ വന്നിരിക്കും. എന്റെ ശരീരം എന്റെ സ്വാതന്ത്ര്യമാണ്. നിങ്ങൾ തുറിച്ചു നോക്കിയാലും എനിക്ക് ഒരു ചുക്കുമില്ല എന്ന് തന്റേടത്തോടെ പറയുന്ന ഒരു സ്ത്രീയെ അവതരിപ്പിച്ചെങ്കിൽ കൂടുതൽ മികച്ചതായേനെ എന്ന് മാത്രം.

അപ്പോൾ, പറഞ്ഞു വന്നത്, ഗൃഹലക്ഷ്മിയോ ജിലുവോ ഒരു മഹാപരാധം ചെയ്തതായി എനിക്ക് തോന്നുന്നില്ല. പൊതുസ്ഥലത്തു സ്വസ്ഥമായി മുലയൂട്ടുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിടാൻ കഴിഞ്ഞത് നല്ല കാര്യമാണ്. അതിനു പറ്റിയ സാഹചര്യം ഒരുക്കുന്നതിലേക്ക് സമൂഹം എത്തിച്ചേരട്ടെ എന്ന് ആഗ്രഹിക്കുന്നു.

ഗൃഹലക്ഷ്മിയുടെ കവറിൽ ഇന്നയിന്ന തെറ്റുകളും നിയമപ്രശ്നങ്ങളും ഉണ്ട് എന്ന് പറഞ്ഞു തരുന്നവർക്ക് മുൻ‌കൂർ നന്ദി. സദാചാരവും സംസ്കാരവും താങ്ങിപ്പിടിച്ചു വരുന്നവരോട്, OMKV.