Monday 27 March 2017

മീനമാസത്തിലെ സൂര്യൻ

പ്രിയ ചങ്ക് ബ്രോ ആഡ്രിൻ വായിച്ചറിയാൻ കേഡി എഴുതുന്നത്,

മീനമാസത്തിലെ ആകാശവഴികളിൽ സൂര്യൻ കനലായി കത്തിനിൽക്കുന്നു. ജീവിതത്തിരക്കുകൾക്കിടയിൽ ഇത് മീനമാണോ മകരമാണോ എന്ന് ആരന്വേഷിക്കുന്നു?

ഒരു കൂട്ടുകാരന് കത്തെഴുതുമ്പോൾ ആരെങ്കിലും  തുടക്കത്തിൽ തന്നെ ഇമ്മാതിരി സാഹിത്യം കലർത്തി കുളമാക്കുമോ എന്ന് നീ ചിന്തിക്കുന്നുണ്ടാകും. നീ എന്ത് ചിന്തിച്ചാലും എനിക്ക് അതൊരു വിഷയമേയല്ല!

ബൈ ദി വേ, പറഞ്ഞ കാര്യം വിട്ടു പോയി. അതേ, നമ്മളെല്ലാം തിരക്കുകളുടെ ലോകത്താണ്. ഇതിനിടയിൽ നമ്മിൽ പലരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്. അത്രമേൽ ആർദ്രമായി സൗഹൃദം പങ്കിട്ട നമ്മുടെ പ്ലസ് ടു ജീവിതം അവസാനിച്ചിട്ട് ഇത് പത്താമത്തെ വർഷമാണ്! അവസാന പരീക്ഷയും എഴുതി നമ്മൾ പിരിഞ്ഞത് പഴയൊരു മീനമാസത്തിലായിരുന്നു.

എത്ര വേഗമാണ് കാലങ്ങൾ കടന്നു പോകുന്നത്! തൊമ്മിച്ചന്റെ ചിരി വരാത്ത കോമഡികളും ദേവൂന്റെ കിക്കിക്കിക്കി എന്ന ഭീകര ചിരിയും വിദ്യാനന്ദിന്റെയും അന്തപ്പന്റെയും കൊല കത്തികളും ഡെസ്‌പരാഡോസിന്റെയും റെഡ് ബുൾസിന്റെയും വീരഗാഥകളും ഒക്കെ ഓർമ്മപുസ്തകത്തിലെ  തിളക്കമുള്ള താളുകളായി മാറിയിട്ട് പത്ത് വർഷങ്ങളായെന്ന് വിശ്വസിക്കാൻ പ്രയാസം! പാറുവും അശ്വിനിയും ഒക്കെ പുതിയ ഗോസിപ്പുകൾ കണ്ടുപിടിക്കാൻ മെനക്കെട്ട് നടക്കുന്നതും ദീബ പുതിയ ഫാഷൻ എന്ന പേരിൽ ഓരോ തല്ലിപ്പൊളി പരീക്ഷണങ്ങൾ നടത്തുന്നതും ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു!
ഇന്റെർവെല്ലിനും ഫ്രീപിരീഡുകളിലും ഒക്കെ ഒരേ ബെഞ്ചിലിരുന്ന് പ്രണയം പങ്കിടുന്ന ഒരു കൂട്ടം കൗമാരക്കാർ ഇറങ്ങിപ്പോകാൻ കൂട്ടാക്കാതെ ഇന്നും മനസ്സിൽ ബെഞ്ചിട്ടിരിപ്പാണ് ബ്രോ. അതൊക്കെ പ്രണയം ആയിരുന്നോ എന്ന് തന്നെ അറിയാൻ വയ്യ. പേരറിയാത്ത ആ നൊമ്പരത്തെ പിന്നെയെന്താണ് വിളിക്കേണ്ടത്? അണ്ണാ, വീപ്പീ, അർജുനേ, ലോയ്‌ഡ് ബ്രോ... എല്ലാവർക്കും നഷ്ടപ്രണയത്തിന്റെ പത്താം വാർഷികാശംസകൾ! (കൂട്ടത്തിൽ എനിക്കും)!!!

ആഡ്രിനേ, നീയാണെടാ ഹീറോ. പ്രേമിച്ച പെണ്ണിനെ തന്നെ കെട്ടിയില്ലേ! അതുകൊണ്ട് നിനക്കും ഇരിക്കട്ടെ സഫലപ്രണയത്തിന്റെ ഒരാശംസാപുഷ്പം! നിന്റെ കല്യാണത്തിന് വന്നത് കൊണ്ട് അനിൽ, റിനിൽ, പൈ, വിനു, ലോയ്ഡ്, യദു, അണ്ണൻ, അന്തപ്പൻ, വീപ്പീ, നിമിഷ, എശ്വിൻ, ജയൻ എന്നിവരെയൊക്കെ കാണാൻ പറ്റി. തൊമ്മിച്ചൻ പറയാറുള്ളത് പോലെ, ഒരായിരം നന്ദിനി!

ഇതൊക്കെ വായിച്ച്, ഓർമകളുടെ C2 വിൽ ആരും ബഹളമുണ്ടാക്കരുത്. പ്രവിതയും വർഷയും നാരായണനും ഒക്കെ സ്വസ്ഥമായിരുന്നു പഠിച്ചോട്ടെ! എന്നാലും ഒരു കയ്യിൽ പീസീ തോമസ് സാറിന്റെ എൻട്രൻസ് മെറ്റീരിയലും മറുകയ്യിൽ ഉമ ടീച്ചറുടെ സീപ്പീപ്പിയും ഒരുമിച്ചു പഠിക്കുന്ന നീതുവിന് ഒരു സ്റ്റാന്റിംഗ് ഒവേഷൻ കൊടുക്കാതെ അടുത്ത വരിയിലേക്ക് പോകാൻ തോന്നുന്നില്ല ബ്രോ! എന്ത് നല്ല കുട്ടി!

ജ്യോതി ടീച്ചറും ഉമ ടീച്ചറും ജയശ്രീ ടീച്ചറും സീന ടീച്ചറും റാണി ടീച്ചറും നരേന്ദ്രൻ മാഷും ഒക്കെ കയ്യിലൊരു പുസ്‌തകവും പിടിച്ച്, ഇടയ്ക്കിടെ മനസിലേക്ക് കയറി വരാറുണ്ട്. സത്യത്തിൽ അവരെ കാണുമ്പോൾ എന്നോട് ചോദ്യം ചോദിച്ചാലോ എന്നോർത്ത് എനിക്ക് പേടിയാണ്. പഠിപ്പിച്ചതൊന്നും ഓർമയില്ലല്ലോ! പക്ഷേ, അവരൊന്നും ചോദിക്കാറില്ല. കുറച്ചു നേരം, അവർ പകർന്നു നൽകിയ സ്നേഹവാത്സല്യങ്ങളോർത്ത് മനസ് നിറയും. പിന്നെ, കഴിഞ്ഞ കുറെ വർഷങ്ങളിൽ ഒരിക്കൽ പോലും അവരെ കാണാൻ സ്‌കൂളിൽ പോയില്ലല്ലോ എന്ന കുറ്റബോധം ഉള്ളിൽ നിറയും. പത്ത് മിനിറ്റ് കഴിയുമ്പോ ആ കുറ്റബോധം അങ്ങ് പോകും. ദാറ്റ്സ് ഓൾ!

അതുപോലെ തന്നെയാണ് മറ്റ് കൂട്ടുകാരുടെയും കാര്യം. പ്ലസ് ടൂ ലൈഫ് വാസ് ഓസം എന്നൊക്കെ ഡയലോഗ് അടിക്കുമെങ്കിലും പലരുടെയും പേരുകൾ പോലും മറന്നു തുടങ്ങിയിരിക്കുന്നു. ഫേസ്‌ബുക്കിൽ അവരിടുന്ന പോസ്റ്റിന് ഒരു ലൈക്, അല്ലെങ്കിൽ ജ്യോതീസ് ഏഞ്ചൽസിൽ ഒരു ഹായ്. കഴിഞ്ഞു. അതിനപ്പുറം, ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്നോ എവിടെയാണെന്നോ അറിയില്ല. അറിയാൻ ശ്രമിക്കാറുമില്ല! അതങ്ങനെയാണ്, ചില ജീവിതനിയമങ്ങളിൽ നിന്ന് നമുക്ക് ഒഴിഞ്ഞു മാറാനാവില്ലല്ലോ?
ഏതൊരു വിദ്യാലയ സ്മരണയിലെയും ക്ളീഷേ സീനുകളായ, പങ്കിട്ടെടുത്ത ഉച്ചയൂണുകൾക്കും കലപില കൂട്ടുന്ന ക്‌ളാസ്‌റൂമുകൾക്കുമപ്പുറം നമ്മുടെ പ്ലസ് ടു ജീവിതത്തെ വ്യത്യസ്തമാക്കിയതെന്തായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? അത് നമ്മൾ തന്നെയായിരുന്നു. ജീവിതനാടകത്തിലെ ഏറ്റവും സന്തോഷകരമായ രംഗങ്ങൾ സ്വയം മറന്നാടുകയായിരുന്നു നമ്മൾ ഓരോരുത്തരും. അവിടെ നമുക്ക് പകരം വയ്ക്കാൻ മറ്റാരുമില്ലായിരുന്നു. നമ്മുടെ വരാന്തകളും, ലാബുകളും, മഴക്കാലങ്ങളും, സ്‌കൂളിന് പിന്നിലെ വിശാലമായ പാടങ്ങൾ പോലും ആ നാടകത്തിന്റെ വേദികളായിരുന്നു. ഇല്ലാത്ത ഗൗരവം അഭിനയിക്കുന്ന മിനി ടീച്ചറും, മൊബൈൽ ഫോൺ ചെക്കിങ്ങിന് വരുന്ന സ്‌ക്വാഡും, കലോത്സവങ്ങളും ടൂറും എല്ലാം ആ നാടകത്തിന് മിഴിവേകിയ മുഹൂർത്തങ്ങളായിരുന്നു. മിക്കവാറും സ്‌കൂൾ അനുഭവങ്ങളെല്ലാം എല്ലാവർക്കും ഒരുപോലെയാണെങ്കിലും നമുക്ക് ചുറ്റുമുള്ള ഓരോരുത്തർക്കും അവരവരുടെ സ്‌കൂൾ ജീവിതം പ്രിയപ്പെട്ടതായി തോന്നുന്നത് മേല്പറഞ്ഞ കാരണങ്ങൾ കൊണ്ടുതന്നെ ആയിരിക്കും.

എന്തൊക്കെയോ എഴുതണമെന്നു കരുതിയാണ് തുടങ്ങിയത്. ഇപ്പൊ, പാതിവഴിയിൽ വരികൾ ഇടറി നിൽക്കുകയാണ് ഞാൻ. ദശലക്ഷക്കണക്കിന് കുട്ടികൾ ആവശ്യത്തിന് ഭക്ഷണമോ വസ്ത്രമോ വിദ്യാഭ്യാസമോ ഇല്ലാതെ നരകിക്കുന്ന ഒരു സമാന്തരലോകം നമുക്ക് ചുറ്റുമുണ്ട്. അതോർക്കുമ്പോൾ, രാജദ്രാവകത്തിൽ സ്വർണം ചാലിച്ച് മനസിന്റെ തിരശീലയിൽ സുവർണമുഹൂർത്തങ്ങൾ കോറിയിട്ട നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ്. സോറി ബ്രോ, വീണ്ടും സാഹിത്യം കേറി വന്നു. നീ ക്ഷമി.

മധ്യവേനലവധി, സന്തോഷത്തിന്റെ പെരുമഴക്കാലമാണെങ്കിലും വേർപാടിന്റെ വർഷങ്ങളിൽ അതങ്ങനെയല്ല. ക്‌ളാസുകൾ അവസാനിക്കാറാകുന്നതിനു മുമ്പേ മൗനത്തിനു വഴി മാറുന്ന കലപിലകൾ, ഓർമപുസ്തകത്തിൽ കോറിയിട്ട ഹൃദയാക്ഷരങ്ങൾ, പരസ്പരം കൈമാറുന്ന സ്നേഹസമ്മാനങ്ങൾ, വിഷാദച്ചിരിയോടെ പോസ് ചെയ്യുന്ന ഗ്രൂപ്പ് ഫോട്ടോകൾ, കയ്‌പേറിയ അനുഭവങ്ങൾ മറക്കുകയും എല്ലാവരിലേയും നന്മ മാത്രം കണ്ടെത്തുകയും ചെയ്യുന്ന മായാജാലം, ബാക്‌ബെഞ്ചേഴ്സിന്റെ പരുക്കൻ പുറന്തോടിനുള്ളിലെ ഹൃദയനൈർമല്യം വെളിപ്പെടുത്തുന്ന ഏറ്റുപറച്ചിലുകൾ, കണ്ണീരും നൊമ്പരവും നിറയുന്ന, വേർപാടിന്റെ വിഷാദകാലമാണ് ചില അവധിക്കാലങ്ങൾ.

പിന്നെ, പതിയെ പതിയെ പുതിയ കാഴ്ചകളിലേക്കും ലോകങ്ങളിലേക്കും ജീവിതം ചുവടു വയ്ക്കും. അതിനിടയിലെപ്പോഴോ ആ പഴയ സ്‌കൂൾ ജീവിതം വിസ്‌മൃതിയിലാവും. എങ്കിലും ഓർമക്കൂമ്പാരത്തിനിടയിൽ എവിടെയോ ആ കാലഘട്ടം പൊടിപിടിച്ചു കിടപ്പുണ്ടാകും. നമ്മുടെ ജീവിതത്തിലും സംഭവിച്ചത് ഇതൊക്കെത്തന്നെയല്ലേ? ഉപരിപഠനം, ജോലി എന്നിങ്ങനെ ഒരു ട്രാന്സ്ഫോമേഷന്റെ കാലമാണ് നമുക്കിത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ പലരും പല ടൈം സോണുകളിൽ ആയി. പല തൊഴിൽ മേഖലകളിൽ ആയി. പലരും കുടുംബിനികളും കുടുംബൻമാരും ഒക്കെ ആയി. ഈ തിരക്കുകളൊക്കെ കഴിഞ്ഞ് അധികം വൈകാതെ ആ ഓർമ്മകളൊക്കെ നമ്മൾ 54 പേരും ചേർന്നു പൊടി തട്ടിയെടുക്കണം. അവ വജ്രശോഭയോടെ തിളങ്ങുന്നത് നമുക്ക് നമ്മുടെ അദ്ധ്യാപകരോടൊപ്പം ആസ്വദിക്കണം. പിന്നെ, നിന്റെ ബസ്സിൽ ഒരു ഫ്രീ ട്രിപ്പും റിനിലിന്റെ ഹോട്ടലീന്ന് ഫ്രീ ഫുഡ്ഡും! എങ്ങനിണ്ട്? എങ്ങനിണ്ട്?!

എല്ലാ കുട്ടികൾക്കും സുരക്ഷിതവും മനോഹരവുമായ ഒരു അവധിക്കാലം സമ്മാനിക്കാൻ ഡിങ്കനോട് പ്രാർത്ഥിച്ചു കൊണ്ട് നിർത്തുന്നു.

സ്നേഹപൂർവ്വം,
കേഡി

പിൻകുറിപ്പ്: ഇത് വായിക്കുന്ന ഭൂരിഭാഗം പേർക്കും തരക്കേടില്ലാത്ത ഒരു സ്‌കൂൾ കാലഘട്ടം ഓർത്തെടുക്കാനുണ്ടാകും. പഴയ കളിക്കൂട്ടുകാരുടെ കൂടെയുള്ള നനുത്ത സ്മരണകളും ഏറെയുണ്ടാകും. എന്നാൽ വിദ്യാഭ്യാസത്തിനുപരിയായി, ഒരു നേരത്തെ ഉച്ചക്കഞ്ഞി കിട്ടുമല്ലോ എന്ന പ്രതീക്ഷയിൽ മാത്രം കുഞ്ഞുങ്ങളെ സ്‌കൂളിലയയ്ക്കുന്ന അച്ഛനമ്മമാരും, അട്ടപ്പാടി മുതൽ ജാർഖണ്ഡ് വരെയുള്ള നാടുകളിൽ ജീവിക്കുന്ന കാര്യം നമുക്ക് മറക്കാതിരിക്കാം. അത്തരം കുട്ടികൾക്ക് വേനലവധി കൊടിയ ദാരിദ്ര്യത്തിന്റെ ദിനങ്ങളാണ്. അടുത്ത അധ്യയന വർഷത്തിൽ സ്‌കൂളിൽ മടങ്ങിയെത്തുന്ന കുട്ടികൾ വിളർച്ചയും പോഷകാഹാരക്കുറവും ബാധിച്ച് ക്ഷീണിതരായിരിക്കും. അത് അടുത്ത വർഷത്തെ അവരുടെ പഠനത്തെയും ബാധിക്കുന്നു. വൈകാതെ, പാതിവഴിയിൽ പഠനം നിർത്തി തൊഴിലെടുക്കാൻ അവർ നിർബന്ധിതരായിത്തീരും. കാരണം, വിശപ്പാണ് പരമമായ സത്യം!

നേരിട്ടോ സന്നദ്ധസംഘടനകളിലൂടെയോ അത്തരക്കാരെ സഹായിക്കേണ്ട കടമ നമുക്കുണ്ട്. സ്വന്തം സുഖത്തിനപ്പുറം, സഹജീവികളുടെ ദുരവസ്ഥ മനസിലാക്കാനും തന്നാലാവും വിധം മറ്റുള്ളവരെ സഹായിക്കാനും മനസുള്ള കുട്ടികൾ വളർന്നു വരുമ്പോഴാണ് സമൂഹം കൂടുതൽ ആരോഗ്യമുള്ളതായിത്തീരുന്നത്. ഈ അവധിക്കാലത്ത്, കളിചിരികൾക്കൊപ്പം കുട്ടികളുടെ മനസ്സിൽ സഹാനുഭൂതിയും സ്നേഹവും നിറയ്ക്കാൻ നമുക്കോരോരുത്തർക്കും കഴിയട്ടെ. മാറ്റം എന്നത് പുറമേ നിന്നും സംഭവിക്കുന്നതല്ല. അത് നമ്മൾ തന്നെയാണ്. 

Thursday 23 February 2017

നിലനിൽക്കണോ, നമ്മുടെ നാടിന്റെ സംസ്കാരം?!

പ്രിയ ചങ്ക് ബ്രോസ്,

പൂരത്തിന്റെ പൊലിമ കുറയുന്നതിൽ എനിക്കും വിഷമമുണ്ട്. പാണ്ടിയും പഞ്ചാരിയും തീർക്കുന്ന മേളപ്രപഞ്ചവും കുടമാറ്റത്തിന്റെ വർണവിസ്മയങ്ങളും ഹൃദയതാളങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന വെടിക്കെട്ടും പകരം വയ്ക്കാൻ ഇല്ലാത്ത അനുഭവങ്ങളാണ്. ഒരു ജനതയുടെ വികാരവും ആവേശവുമാണ് ആണ്ടിലൊരിക്കലെത്തുന്ന പൂരം. പൂരത്തിനെത്തുന്ന പുരുഷാരം തന്നെയാണ് തെളിവ്.


പക്ഷേ, ഇന്നത്തെ ഹർത്താലിന് എന്റെ പിന്തുണയില്ല.

പൂരത്തിന്, കരിയും കരിമരുന്നും വേണ്ട എന്നു പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ?! അപ്പൊ എന്ത് ചെയ്യും? പുതിയൊരു ടാഗ് ലൈൻ ഉണ്ടാക്കും. "നിലനിൽക്കണം നമ്മുടെ നാടിന്റെ സംസ്കാരം!".

ഈ സംസ്കാരം എന്നത്, കല്ലിൽ കൊത്തി വച്ച പോലെ, കാലാകാലം മാറ്റമില്ലാതെ നിലനിൽക്കേണ്ട ഒന്നാണ് എന്നാണ് തൃശൂർ പൂരത്തെ കുറിച്ചുള്ള പ്രതികരണങ്ങൾ കാണുമ്പോൾ മനസിലാവുന്നത്. ആനയും കരിമരുന്നും ഒഴിവാക്കുന്നത് ആചാരങ്ങളുടെ ലംഘനമാണ് എന്ന വാദം മുതൽ, അങ്ങനെയെങ്ങാനും സംഭവിച്ചാൽ അത് ചെയ്തവരുടെ കയ്യും കാലും തല്ലിയൊടിക്കും എന്ന വീരവാദം വരെ പ്രതികരണങ്ങൾ നിരവധിയാണ്. കുതിരവട്ടം പപ്പുച്ചേട്ടൻ പറഞ്ഞ പോലെ, ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയാൽ തവിടുപൊടിയാകുന്ന എഞ്ചിൻ ആണ് നമ്മുടെ സംസ്കാരം എങ്കിൽ തൃശൂർ പൂരം ഉണ്ടാവുകയേ ഇല്ലായിരുന്നു!

പണ്ട്, തൃശൂർ ജില്ലയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു ആറാട്ടുപുഴ പൂരം. തൃശൂരും തൃപ്രയാറും ഒക്കെ ഉള്ള ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകൾ ആറാട്ടുപുഴയിൽ എത്തി പൂരത്തിൽ പങ്കെടുക്കാറാണ് പതിവ്. ഒരിക്കൽ മഴ കാരണം ആറാട്ടുപുഴ പൂരത്തിന് സമയത്ത് എത്തിച്ചേരാത്തതിനാൽ തൃശൂർ വിഭാഗക്കാരെ എഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. അങ്ങനെ തൃശൂർ ദേശക്കാർ ശക്തൻ തമ്പുരാനോട് പരാതി പറയുകയും 1798 ൽ തൃശ്ശൂരിലെ പത്ത് ദേശക്കാരെ ഉൾപ്പെടുത്തി അദ്ദേഹം തൃശൂർ പൂരം തുടങ്ങി വെച്ച് എന്നുമാണ് ചരിത്രം.


അതായത് 1797 വരെ തൃശൂർ പൂരം നമ്മുടെ ജീവിതത്തിന്റെ ഭാഗം അല്ലായിരുന്നു!
1936 വരെ  താഴ്ന്ന ജാതിക്കാരുടെ ക്ഷേത്രപ്രവേശനം നമ്മുടെ സംസ്കാരത്തിന്റെ ഭാഗം അല്ലായിരുന്നു.
1947 ൽ കമ്പക്കുടി കുളത്തുർ ശ്രീനിവാസ അയ്യർ ഹരിവരാസനം എഴുതുന്നത് വരെ ശബരിമലയിൽ നടയടക്കുമ്പോൾ പാടിയിരുന്നത് ഈ കീർത്തനം അല്ലായിരുന്നു.
ഏതാനും കൊല്ലം മുമ്പ് വരെ ഗുരുവായൂർ ക്ഷേത്രത്തിൽ ചുരിദാർ ധരിച്ചു കയറുന്നത് ആചാരപരമല്ലായിരുന്നു.
നരബലിയും മൃഗബലിയും നടത്തിയിരുന്ന ക്ഷേത്രങ്ങളിൽ ഇന്ന് നടക്കുന്നത് ചുണ്ണാമ്പും മഞ്ഞളും ചേർത്ത് ചുവപ്പിച്ച വെള്ളത്തിൽ കുമ്പളങ്ങ അരിഞ്ഞു നടത്തപ്പെടുന്ന ഗുരുതിയാണ്.
ഇതെല്ലാം അതാത് കാലത്തെ കമ്മിറ്റിക്കാരെയും അനുകൂലികളെയും ചൊടിപ്പിച്ചിട്ടുണ്ടാവും. എന്നാൽ ഒരു സമൂഹത്തിന്റെ സുരക്ഷയും പുരോഗമന ആശയങ്ങളും മുൻനിർത്തി എത്രയോ ആചാരങ്ങളിൽ നമ്മൾ മാറ്റം വരുത്തി?

അങ്ങനെ വിവിധ മതങ്ങളിലും ജാതികളിലും ആഘോഷങ്ങളിലും ജീവിതരീതിയിലും ഒക്കെ കാലക്രമത്തിൽ സംഭവിച്ച മാറ്റങ്ങൾ നിരത്താൻ തുടങ്ങിയാൽ, പ്രാചീന ശിലായുഗം മുതലുള്ള കാര്യങ്ങൾ എഴുതേണ്ടി വരും. നാടിന്റെ നന്മയും നാട്ടുകാരുടെ സൗകര്യവും മുതൽ, വൈദേശിക ആക്രമണങ്ങളും മറ്റ് സംസ്കാരങ്ങളുടെ സ്വാധീനവും വരെ, ഓരോ നാട്ടുകാരും പിന്തുടർന്നു പോരുന്ന ജീവിതരീതിയെയും സംസ്കാരത്തെയും സ്വാധീനിച്ചിട്ടുണ്ട്.

കേരളീയരുടെ പൊതുജീവിതത്തിലും ഇത്തരം നിരവധിയായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെയാണ് കസവുമുണ്ടും ഓട്ടുവിളക്കും സദ്യയും ആനയും വെടിക്കെട്ടും ഒക്കെ നമ്മുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായത്. ഇതെല്ലാം ആദിമകാലം മുതൽക്കേ ഇങ്ങനെയായിരുന്നു എന്ന് ചിന്തിക്കുന്നതും ഇനി എക്കാലവും ഇങ്ങനെ തന്നെയായിരിക്കും എന്ന് ചിന്തിക്കുന്നതും ഒരു പോലെ വിഡ്ഢിത്തമാണ്. കാരണം, മാറ്റം പ്രകൃതി നിയമമാണ്.

പൂരം ആരംഭിച്ച നാൾ മുതൽ ഇന്നു വരെ തേക്കിൻ കാടിന്റെ വിസ്തൃതി കുറഞ്ഞതല്ലാതെ ഒട്ടും കൂടിയിട്ടില്ല. എന്നാൽ ജനസംഖ്യയും കെട്ടിടങ്ങളുമൊക്കെ പത്തും നൂറും മടങ്ങു വർദ്ധിച്ചു. വെടിക്കെട്ടിന്റെ ഗാംഭീര്യവും ആനകളുടെ തലയെടുപ്പും വർധിപ്പിക്കാൻ വർഷാവർഷം ശ്രമം നടക്കുന്നു. എന്നാൽ, ഒരു തീപിടുത്തമോ മറ്റോ ഉണ്ടായാൽ ശാസ്ത്രീയമായി അത് കൈകാര്യം ചെയ്യാൻ ഉള്ള ഉപാധികൾ മിക്ക കെട്ടിടങ്ങളിലും ഇല്ല. ജനങ്ങൾക്ക് ഒന്ന് ചിതറിയോടാൻ പോലും സ്ഥലവുമില്ല. എന്നിട്ടും, പൂരത്തിന്റെ പേരിൽ തൃശൂരുകാർ ഹർത്താൽ നടത്തുന്നുണ്ടെങ്കിൽ അത് ഹൃദയം കൊണ്ട് ചിന്തിക്കുന്നത് കൊണ്ടാണ്. എന്നാൽ ഇവിടെ വേണ്ടത് തലച്ചോറ് കൊണ്ടുള്ള ചിന്തയും പ്രവൃത്തിയുമാണ്. മനുഷ്യൻ സൃഷ്ടിച്ചെടുത്ത ആചാരങ്ങളും നിയമങ്ങളും എല്ലാം, അതാത് കാലത്തെ, സാമൂഹികവും സുരക്ഷാപരവുമായ കാരണങ്ങളാൽ, മാറ്റേണ്ടി വന്നിട്ടുണ്ട്. ആനയും വെടിക്കെട്ടും നിയന്ത്രിക്കണം എന്ന് പറയുന്നതും അതേ കാരണങ്ങൾ കൊണ്ട് തന്നെയാണ്.


പരമ്പരാഗതമായി വെടിമരുന്നിന്റെ മേഖലയിൽ ജോലി ചെയ്യുന്നവരുടെ അനുഭവസമ്പത്തിലാണ് നമ്മുടെ വിശ്വാസം. പൊട്ടിത്തെറിയുണ്ടാവുന്നതിന് തൊട്ടുമുമ്പ് വരെ പുറ്റിങ്ങൽ ക്ഷേത്രത്തിലെ കരിമരുന്നു തൊഴിലാളികളും കേമന്മാരായിരുന്നു. ഇടയുന്നതിന് തൊട്ടുമുമ്പ് വരെ കൊലയാളി ആനകളെല്ലാം കണ്ണിലുണ്ണികളായിരുന്നു. അതുകൊണ്ട്, ഇക്കാര്യങ്ങളിൽ കൂടതൽ ശാസ്ത്രീയതയും സുരക്ഷയും ഉറപ്പാക്കുന്നത് വരെ നിയന്ത്രണങ്ങൾ നല്ലതാണ് എന്നാണു എന്റെ വിനീതമായ അഭിപ്രായം.

വാഹനാപകടങ്ങൾ നടന്നിട്ടും വണ്ടി നിരോധിക്കുന്നുണ്ടോ എന്നൊന്നും ചോദിച്ചു വന്നേക്കരുത്. പല അപകടങ്ങളിൽ നിന്നും പാഠം പഠിച്ചിട്ടാണ് റോഡിൽ വേഗ നിയന്ത്രണവും, വാഹനങ്ങളിൽ സ്പീഡ് ഗവർണറും ഒക്കെ വച്ചിരിക്കുന്നത്. ആദ്യകാല വാഹനങ്ങളിൽ നിന്നും എത്രയോ സുരക്ഷാ ഉപകരണങ്ങൾ പുതിയ വാഹനങ്ങളിൽ ഉൾപ്പെടുത്തി. പുതിയ പരിഷ്കാരങ്ങളും നിയന്ത്രണങ്ങളും ഇനിയും വരിക തന്നെ ചെയ്യും. ഇത്തരം ശാസ്ത്രീയ മാർഗങ്ങൾ പൂരത്തിനും ആവശ്യമാണ് എന്നേ പറയുന്നുള്ളൂ. അതുപോലെ തന്നെ മൃഗങ്ങളുടെ സുരക്ഷയും അവകാശവും സംബന്ധിച്ച നവോത്ഥാനചിന്തകളും നിയമങ്ങളും ലോകമെങ്ങും നടപ്പാക്കുന്നു. നമുക്കും നല്ലതിനായി മാറേണ്ടേ? മാറണം. മാറ്റം പ്രകൃതി നിയമമാണ്! 

ഇപ്പോഴുള്ളതിനേക്കാൾ മനോഹരവും സുരക്ഷിതവും ശാസ്ത്രീയവുമായ പൂരത്തിനായി നമുക്ക് ഒന്നിച്ചു കൈകോർക്കാം. രാഷ്ട്രീയത്തിനും വിലപേശലിനും വികാരത്തിനും അപ്പുറത്ത്, ആരോഗ്യകരമായ സംവാദങ്ങൾ തുടരട്ടെ.
സ്നേഹപൂർവം,
കൊച്ചു ഗോവിന്ദൻ.