Friday, 1 July 2016

പിണ്ണാക്കും ദൈവങ്ങളും തമ്മിൽ...

വൃന്ദാവനത്തിലൂടെ രാധയോടൊപ്പം പാട്ടും കളിയുമായി നടക്കുന്നതിനിടയിലാണ് ആ ഒച്ച കേട്ടത്. "ണേം... ണേം ... ണേം..." ചുറ്റും വല്ലാത്ത മുഴക്കം.  വല്ല രാക്ഷസന്മാരും ആണോ എന്നാലോചിച്ച്  കൃഷ്ണൻ ഒരു നിമിഷം ശ്രദ്ധാലുവായി. പിന്നെയും ചില ശബ്ദങ്ങൾ അടുത്ത് വരുന്നു. എവിടെ നിന്നോ, മുഖത്തേക്ക് പ്രകാശം പതിക്കുന്നുണ്ട്. ചൂട് കൂടി വരുന്നു. തനിക്ക് എന്താണ് സംഭവിക്കുന്നത്? രാധയേയും പിടിച്ച് കൃഷ്ണൻ കാളിന്ദിയുടെ കരയിലൂടെ ഓടി. കാൽ വഴുതിയതും വെള്ളത്തിലേക്ക് വീണതും രാധ കൈവിട്ടു പോയതും എല്ലാം പെട്ടന്നായിരുന്നു...
രാധേ... ധേ... ധേ... ഗുരുവായൂരപ്പൻ ഞെട്ടിയുണർന്നു!

നിർമാല്യം കഴിഞ്ഞ് മേൽശാന്തി വാകച്ചാർത്ത് തുടങ്ങിയിരിക്കുന്നു. നട തുറന്നതിന്റെ ശബ്ദ കോലാഹലമായിരുന്നു ഇത്ര നേരം കേട്ടത്. മനോഹരമായ ഒരു സ്വപ്നം പകുതിയിൽ അവസാനിച്ചതിന്റെ നിരാശയോടെ അദ്ദേഹം വേഗം സിസ്റ്റം ഓണ്‍ ചെയ്തു. പരാതിയും പരിവേദനവും നന്ദിയും പ്രകടിപ്പിക്കാൻ വരിയിൽ നിൽക്കുന്ന ആയിരങ്ങളെ നോക്കി ഗുരുവായൂരപ്പൻ കർമനിരതനായി. റിക്വസ്റ്റുകൾ ഇടതടവില്ലാതെ വന്നുകൊണ്ടേയിരുന്നു.


"ഗുരുവായൂരപ്പാ, എന്റെ മോൻ പത്താം ക്ലാസ് പാസാകണേ!" എന്ന മോഡലിൽ  ഉള്ള അപേക്ഷയൊക്കെ ഈയിടെ റിജക്റ്റ് ചെയ്യുകയാണ് പതിവ്. തന്നെ മൈൻഡ് ചെയ്യാതെ തലതെറിച്ചു നടക്കുന്ന പിള്ളേരെ തോൽപ്പിക്കാൻ നോക്കിയിട്ട് പോലും ആ അബ്ദുറബ്ബ് സമ്മതിക്കുന്നില്ല. അപ്പഴാണ് പാസാകാൻ ഒരു റിക്വസ്റ്റ്! പുതിയ മന്ത്രി വന്ന സ്ഥിതിക്ക് ഇനി ചെലപ്പോ ആഗ്രഹങ്ങൾ ഒക്കെ നടക്കുമായിരിക്കും! സിസ്റ്റം ഓൺ ആയപ്പോഴേക്കും ആവശ്യങ്ങളുടെയും സഹായ അഭ്യർത്ഥനകളുടെയും പ്രവാഹമായിരുന്നു. കല്യാണം, പാലുകാച്ചൽ, പാലുകാച്ചൽ, കല്യാണം, കടം, രോഗം, പരീക്ഷ, ജോലി, ഐശ്വര്യം, സമാധാനം, ഐഫോണ്‍, ഇലക്ഷൻ റിസൾട്ട്, ലൈക്‌, കമന്റ് തുടങ്ങി വൈവിധ്യമാർന്ന ആവശ്യങ്ങളുടെ ഒരു നീണ്ട ലിസ്റ്റ് ഗുരുവായൂരപ്പൻ സിസ്റ്റത്തിൽ സേവ് ചെയ്തു. എന്തിനേറെ, ആത്മസാക്ഷാത്കാരം, മോക്ഷം തുടങ്ങിയ ഘടാഘടിയൻ റിക്വസ്റ്റുകൾ വരെ ധാരാളമായി കിട്ടി.

ഓരോന്നിനും നേരെ ആവശ്യക്കാരന്റെ പേര്, അഡ്രെസ്സ്, ഭണ്ടാരത്തിൽ നിക്ഷേപിച്ച തുക, വഴിപാടുകളുടെ എണ്ണം, വലിപ്പം ഒക്കെ രേഖപ്പെടുത്തി. അതുപോലെ, തുലാഭാരം നടത്തുമ്പോൾ തട്ടുകൾ ലെവലാണോ എന്നും ഇടക്കിടക്ക് ചെക്ക്‌ ചെയ്തു. ഉഷഃപൂജക്ക് നടയടച്ചപ്പോഴേക്കും ഗുരുവായൂരപ്പന്റെ തല പെരുത്തു. അമ്പലത്തിലെ ഡ്യൂട്ടി മാത്രമാണെങ്കിൽ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു. ഇതിപ്പോ അങ്ങനെയാണോ? അട്ടപ്പാടി മുതൽ അമേരിക്ക വരെയുള്ള സ്ഥലങ്ങളിൽ നിന്നും വിളിയോട് വിളിയല്ലേ. നേരമില്ലാത്ത നേരത്ത് വിളിച്ചവരുടെ അടുത്ത് ഒന്ന് ഓടിയെത്തിയാലോ? പലപ്പോഴും ഒരു കാര്യവും ഉണ്ടാവില്ല. പലരും വെറുതെ ഇരിക്കുമ്പോ ഇങ്ങനെ വിളിച്ചു കൊണ്ടേയിരിക്കും ഗുരുവായൂരപ്പാ ഗുരുവായൂരപ്പാന്ന്. സ്വയം കൂട്ടിയാൽ കൂടാത്ത എന്തെങ്കിലും കാര്യം സാധിക്കാൻ അപ്രോച്ച് ചെയ്യേണ്ട ഒരു സംഭവമാണ് ദൈവം എന്ന് ഇവരൊക്കെ ഇനി എന്ന് പഠിക്കുമോ ആവോ?!

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഗുരുവായൂരപ്പനോട് സിമ്പതി തോന്നേണ്ട കാര്യം ഒന്നും ഇല്ല കേട്ടോ. അതിന്റെ കാരണം അറിയണമെങ്കിൽ മറ്റ് ചിലരുടെ കഷ്ടപ്പാടുകൾ മനസ്സിലാക്കണം.

ലോകത്ത് ഏറ്റവും കൂടുതൽ ജോലി ഭാരം ഉള്ളത് ശ്രീ.യേശുവിനാണ്. കാരണം, ലോകത്ത് ഏറ്റവും അധികം ഫോളോവേഴ്സ് ഉള്ള ബ്ലോഗ്ഗർ, സോറി, ദൈവം അദ്ദേഹമാണ്. മാത്രമല്ല, ഇക്കണ്ട ക്രിസ്ത്യാനികൾക്കെല്ലാം ആകപ്പാടെ ആശ്രയിക്കാൻ അദ്ദേഹം മാത്രമേയുള്ളൂ. അദ്ദേഹത്തിന്റെ പിതാവും പരിശുദ്ധാത്മാവും ഒന്നും ഈ വക അൽകുൽത്ത് കാര്യങ്ങളിൽ ഇടപെടാറില്ല. ഒക്കെ യേശുവിന്റെ ഷോൾഡറിൽ  ആണ്. എന്തൊക്കെ ശ്രദ്ധിക്കണം പാവത്തിന്. "കർത്താവേ, അമ്മായി അമ്മക്ക് എന്റെ ഫിഷ്‌ മോളി ഇഷ്ടമാകണേ" എന്ന മരുമകളുടെ പ്രാർത്ഥന മുതൽ "ആറ്റം ബോംബ്‌ നന്നായി പൊട്ടണേ" എന്ന അമേരിക്കൻ പ്രസിടന്റിന്റെ പ്രാർത്ഥന വരെ കേൾക്കണം. പുണ്യാളന്മാരുടെയും പുണ്യാളത്തിമാരുടെയും റെക്കമന്റേഷനും കൊണ്ട് വരുന്നവർക്ക് പ്രത്യേക പരിഗണന കൊടുക്കണം. അതും പോരാഞ്ഞിട്ട്, കൂടുതൽ മെഴുകുതിരി കത്തിക്കുന്നവർക്ക് കൂടുതൽ റിസൾട്ട് കൊടുക്കണം, ധ്യാനത്തിന് പോകുന്നവർക്ക് രോഗശാന്തി കൊടുക്കണം, കാര്യം സാധിച്ചിട്ട് നേർച്ച തരാത്തവർക്ക് നല്ല മുട്ടൻ പണി കൊടുക്കണം അങ്ങനെയങ്ങനെ നൂറായിരം കാര്യങ്ങൾ.

ഇതിനൊക്കെ പുറമേ വേണം ലോകത്തുള്ള എല്ലാ കുരിശിലും പോയി തൂങ്ങിക്കിടന്ന് സാന്നിധ്യം അറിയിക്കാൻ. കാരണം, വിശ്വാസികളായ പാവം കുഞ്ഞാടുകളെ പേടിപ്പിക്കാൻ ഓരോരോ അലവലാതി പ്രേതങ്ങൾ എപ്പഴാ കേറി വരാന്നു പറയാൻ പറ്റില്ലല്ലോ. ഓണ്‍ ദ സ്പോട്ടിൽ കുരിശ് പൊക്കി കാണിക്കുമ്പോ പ്രേതം ഓടിപ്പോയില്ലെങ്കിൽ അതിന്റെ നാണക്കേട്‌  യേശുവിനാണ്. "രണ്ടായിരത്തി ചില്വാനം കൊല്ലം മുമ്പ് വരെ എന്ത് സുഖമായിരുന്നു" എന്ന് പുള്ളി ഇടയ്ക്കിടെ ആത്മഗതം ചെയ്യാറുണ്ടത്രേ, പാവം!

ഏതാണ്ട് ഇതേ പ്രശ്നങ്ങൾ തന്നെയാണ് ശ്രീ. അള്ളാഹുവിനും. ഫോളോവേഴ്സിന്റെ എണ്ണം അൽപം കുറവാണ് എന്ന് മാത്രം. ബാക്കിയൊക്കെ ഓൾമോസ്റ്റ്‌ സെയിം. യേശുവിന് ആഴ്ചയിൽ ഒരിക്കൽ പള്ളിയിൽ പോകുന്നവരുടെ ഡാറ്റാ എന്ട്രിയാണ് പ്രധാന പ്രശ്നമെങ്കിൽ, അള്ളാഹുവിന് ദിവസവും അഞ്ച് നേരം നിസ്കരിക്കുന്നവരുടെ ഡാറ്റാബേസ് അപ്ഡേറ്റ് ചെയ്യണം എന്നതാണ് ഒരു ചെറിയ വ്യത്യാസം. ബട്ട്‌, കേരളം വളരുന്തോറും അദ്ദേഹത്തിന് ജോലി ഭാരം കൂടി വരികയാണ് കേട്ടോ. നിലവിളക്ക് കത്തിക്കുന്നവരുടെ  ലിസ്റ്റ്, സൂര്യനമസ്കാരം ചെയ്യുന്നവരുടെ ലിസ്റ്റ്, കുറി തൊടുന്നവരുടെ ലിസ്റ്റ് തുടങ്ങിയവ ഉണ്ടാക്കി ഓവർടൈം ഡ്യൂട്ടി ചെയ്താണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. ഇതൊക്കെ ചെയ്യുന്നവരെ നരകത്തിൽ ഇട്ട് പൊരിച്ചില്ലെങ്കിൽ അതിന്റെ നാണക്കേട്‌ സോഷ്യൽ മീഡിയയിൽ മതം വിളമ്പുന്നവർക്കാണ്.

നിലവിളക്ക് കത്തിച്ച ശ്രീ. എ.പി.ജെ അബ്ദുൾ കലാമിന്റെ അക്കോമഡേഷൻ സ്വർഗത്തിൽ വേണോ നരകത്തിൽ വേണോ എന്നാലോചിച്ച് എത്ര രാത്രികളിൽ തല പെരുത്തിരിക്കുന്നു. സിറിയയിലും ഇറാഖിലും ഒക്കെ സ്ഥിതി ഇതിനേക്കാൾ കോമ്പ്ലിക്കേറ്റ് ആണ്. ആത്മാർഥതയോടെയുള്ള ദൈവവിളി കേട്ട് ചെന്ന് നോക്കുമ്പോ കാണാം, കൊല്ലുന്നവനും ചാവുന്നവനും കൂടി ദൈവത്തെ വിളിക്കുന്നത്?! ക്യാ കരേഗാ? ഈ പൊല്ലാപ്പുകൾക്കിടയിൽ  കൂട്ടുകാരനായ യേശുവിനെ പോലെ കല്ലിലും മരത്തിലും ഒന്നും പോയി ചോരയൊലിപ്പിച്ച് നില്ക്കേണ്ട എന്ന ഒരു അഡ്വാന്റേജ് മാത്രമാണ് ഒരു ആശ്വാസം. എങ്കിലും ഹിന്ദു ദൈവങ്ങളെ കാണുമ്പോൾ അസൂയ തോന്നിപ്പോകും!

സെക്രട്ടേറിയറ്റിൽ  സർക്കാർ ജോലി കിട്ടിയ പോലെ ജീവിതം ആസ്വദിക്കുന്ന ഹിന്ദു ദൈവങ്ങൾ ആണ് ഏറ്റവും ഭാഗ്യം ചെയ്ത ദൈവങ്ങൾ! ലക്സിന്റെ പരസ്യത്തിൽ കാണുന്ന പോലെ, ദിവസവും പാലും വെള്ളത്തിൽ കുളി. മലബാർ ഗോൾഡിന്റെ പരസ്യത്തിലെ പോലെ പളപളാ മിന്നുന്ന ആഭരണങ്ങൾ. നെയ്യ്, പഴം, അവില്, മലര്, പായസം തുടങ്ങി വിഭവ സമൃദ്ധമായ ഭക്ഷണം. എണ്ണത്തിൽ വളരെ കുറവുള്ള ഹിന്ദുക്കളുടെ പ്രോബ്ലംസ് സോൾവ്‌ ചെയ്യാൻ മുപ്പത്തി മുക്കോടി ദൈവങ്ങളും! അതാണ്‌ നേരത്തെ പറഞ്ഞത് സിമ്പതി തോന്നേണ്ട കാര്യം ഇല്ലാന്ന്.

ഏതെങ്കിലും ഭക്തൻ "എന്റെ ഗുരുവായൂരപ്പാ" എന്ന് വിളിച്ചാൽ ഗുരുവായൂരപ്പൻ മാത്രം അറ്റൻഡ് ചെയ്‌താൽ മതി. ബാക്കിയുള്ളവരൊക്കെ ഫ്രീ. അല്ലെങ്കിലും ഗുരുവായൂരപ്പാ എന്ന് വിളിക്കുമ്പോൾ ശ്രീപദ്മനാഭൻ തല കടത്തുന്നത് ശരിയാണോ? ഓരോ ഫയലും അതാത് ഡിപ്പാർട്ട്മെന്റ് വേണം അറ്റൻഡ് ചെയ്യാൻ. സർക്കാർ കാര്യം മുറ പോലെ എന്നാണല്ലോ?

പിന്നെയും ഉണ്ട് ഗുണങ്ങൾ. മക്കയിലും വത്തിക്കാനിലും ലക്ഷങ്ങൾ തടിച്ചു കൂടുന്ന അവസരത്തിൽ പ്രാർഥനയുടെ തള്ളിക്കയറ്റം കൊണ്ട് ശ്രീ. യേശുവിന്റെയും ശ്രീ. അല്ലാഹുവിന്റെയും ഒക്കെ സിസ്റ്റം ഹാങ്ങ്‌ ആവാൻ സാധ്യതയുണ്ട്. പക്ഷേ, ഗുരുവായൂരോ ശബരിമലയിലോ തിരുപ്പതിയിലോ ഒന്നും സിസ്റ്റം ഹാങ്ങ്‌ ആവുന്ന പ്രശ്നമേയില്ല. എന്താ കാരണം? അച്ചായന്മാരും കാക്കമാരും ഒക്കെ നിരന്ന് നിന്ന് പ്രാർത്ഥിക്കുമ്പോൾ ബുദ്ധിമാന്മാരായ ഹിന്ദുക്കൾ ക്യൂവിൽ നിന്നാണ് പ്രാർത്ഥിക്കുന്നത്. അപ്പൊ ഓരോരുത്തരുടെയും പ്രാർത്ഥന ശ്രദ്ധയോടെ അറ്റൻഡ് ചെയ്യാനും പറ്റും സിസ്റ്റം ഹാങ്ങ്‌ ആവുകയും ഇല്ല! പിന്നെ, ഹിന്ദുക്കൾ തോന്നുമ്പോ അമ്പലത്തിൽ പോവും എന്നല്ലാതെ ദിവസവും ആഴ്ചയിലും ഒക്കെ പോയി ബുദ്ധിമുട്ടിക്കുകയൊന്നും ഇല്ല. ചുരുക്കി പറഞ്ഞാ, ഭക്തന്മാർ ഹാപ്പി ദൈവങ്ങൾ ഡബിൾ ഹാപ്പി!

പറയാനാണെങ്കിൽ അങ്ങനെയങ്ങനെ കുറേ കാര്യങ്ങൾ ഉണ്ട്. ഇക്കണ്ട വിശുദ്ധ പുസ്തകങ്ങൾ മുഴുവൻ വിചാരിച്ചിട്ടും ദൈവങ്ങളുടെ കാര്യം വിവരിച്ചു തീർക്കാൻ പറ്റുന്നില്ല. അപ്പൊ പിന്നെ ഈ 'കൊച്ചു' ഗോവിന്ദൻ എങ്ങനെ പറഞ്ഞു തീർക്കാനാണ്? അതുകൊണ്ട് ഡിങ്കനെ പോലുള്ള ന്യൂജെൻ ദൈവങ്ങളുടെ പ്രോപ്പർട്ടീസ് വിവരിക്കാൻ മുതിരുന്നില്ല. "പ്രപഞ്ചസൃഷ്ടിക്ക് മുമ്പ് ഡിങ്കൻ ആ ചുവന്ന ജെട്ടി തുന്നുകയായിരുന്നു" (വിശുദ്ധ ബാലമംഗളം 22:55) എന്നു മാത്രം തത്കാലം മനസിലാക്കുക.

ചുരുക്കി പറഞ്ഞാൽ നാനാവിധത്തിലുള്ള ദൈവങ്ങളുടെ ഒരു സൂപ്പർ മാർക്കറ്റ്‌ തന്നെയാണ് നമ്മുടെ ഈ ഭൂമി. ഓരോ ദൈവങ്ങളെയും പ്രീതിപ്പെടുത്താൻ ഉള്ള രീതികളും വെവ്വേറെ. ചത്തതിനു ശേഷം ദൈവങ്ങൾ ആത്മാക്കളെ കൈകാര്യം ചെയ്യുന്നത് പോലും പല തരത്തിലാണ്. എന്നാ പിന്നെ, ഏറ്റവും ചുരുങ്ങിയ ചെലവിൽ മികച്ച ഓഫർ തരുന്ന ദൈവത്തെ അങ്ങ് തെരഞ്ഞെടുത്താ പോരെ? ങേ ഹേ! ജനിച്ച മതത്തിൽ തുടരാനും അതിനെ ന്യായീകരിച്ച് കാലം കഴിച്ചു കൂട്ടാനുമാണ് കുട്ടിക്കാലം മുതൽക്കേ സമൂഹം നമ്മളെ പഠിപ്പിച്ചു വെച്ചിരിക്കുന്നത്. അതായത്, സൂപ്പർ മാർക്കറ്റിൽ കയറുന്നതൊക്കെ കൊള്ളാം. വാങ്ങേണ്ട സാധനം എന്താണെന്ന് നീ ജനിക്കുന്നതിനു മുന്നേ ഞങ്ങൾ തീരുമാനിച്ചു വെച്ചിട്ടുണ്ടെന്ന് നാട്ടുകാരും വീട്ടുകാരും പറയുന്ന അവസ്ഥ! എന്നാപ്പിന്നെ, കടയിൽ കയറാതിരുന്നാൽ പോരേ? അതും സമ്മതിക്കില്ല! ഇനീപ്പോ ഈ വ്യവസ്ഥിതിയൊക്കെ മാറ്റാൻ ശ്രമിച്ച് വെറുതെ കലിപ്പാകുന്നതിലും നല്ലത് ഇങ്ങനെയങ്ങു പോകുന്നതല്ലേ ല്ലേ ല്ലേ?!


തല്കാലം ഇവിടെ നിർത്തുന്നു. ഇത്രയും സമയം ചെലവഴിച്ചത് ദൈവങ്ങൾക്ക് വേണ്ടിയാണല്ലോ എന്ന് ആലോചിക്കുമ്പോ ഒരു ആശ്വാസം. ഹിന്ദു ദൈവങ്ങളെ സെക്രട്ടേറിയറ്റിലെ അഴിമതിക്കാരോട് ഉപമിച്ചു എന്ന് വ്യാഖാനിച്ച്‌ ഏതെങ്കിലും ഹിന്ദുവും, മറ്റ് ദൈവങ്ങളെ അവഹേളിച്ചു എന്ന് പറഞ്ഞ് മറ്റ് മതക്കാരും ദൈവങ്ങളെ മൊത്തത്തിൽ അപമാനിച്ചു എന്ന് പറഞ്ഞ് ദൈവങ്ങളും പണി തന്നില്ലെങ്കിൽ വീണ്ടും കാണാം. അതുവരെ എല്ലാവരെയും അതാത് ഡിപ്പാർട്ട്മെന്റിലെ ദൈവങ്ങൾ കാത്ത് രക്ഷിക്കട്ടെ.

എന്നാലും ഒരു സംശയം ഇപ്പോഴും ബാക്കിയാണ്. ഈ തേങ്ങയിൽ വെള്ളം നിറയ്ക്കുന്നതും ഈന്തപ്പഴത്തിൽ കുരു നിറയ്ക്കുന്നതും കൊപ്രയെ പിണ്ണാക്ക് ആക്കി മാറ്റുന്നതും ഇതിൽ ഏത് ദൈവമാണോ ആവോ?!