Wednesday, 4 May 2016

സീസണൽ ബോധോദയങ്ങൾ

ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസൻ അവതരിപ്പിച്ച പ്രശസ്തമായ ആശയമാണ് സീസണൽ ഭക്തി. ശബരിമലക്ക് പോയി വന്ന് മാല അഴിച്ചു വെച്ചാൽ പിന്നെ യാതൊരു മടിയുമില്ലാതെ ഭൗതിക സുഖങ്ങളിലേക്കുള്ള മടക്കം. മാല ഇടുമ്പോൾ പ്യുവർ വെജ്. അല്ലാത്തപ്പോൾ കടിച്ചു പറിക്കാൻ ഇറച്ചിയോ മീനോ നിർബന്ധം. മാല ഇടുമ്പോൾ ദിവസവും ക്ഷേത്ര ദർശനം. അല്ലെങ്കിൽ വല്ലപ്പോഴും അമ്പലത്തിന്റെ ഭാഗത്ത് കൂടെ പോയാലായി. മാല ഇടുമ്പോഴും ഇടാത്തപ്പോഴും ജീവിതക്രമങ്ങളിൽ ഉണ്ടാകുന്ന വൈരുദ്ധ്യങ്ങളുടെ ലിസ്റ്റ് നിറയ്ക്കാൻ അധികമൊന്നും ബുദ്ധിമുട്ടേണ്ടി വരില്ല.  ഇങ്ങനെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നത് ഭഗവാനെ പറ്റിക്കലല്ലേ എന്ന ക്രൂരമായ ചോദ്യം ദിപ്പുറത്ത്. അതല്ലാതെ എക്കാലവും സ്വാമിയായി കഴിയുന്നത് പ്രാക്ടിക്കലാണോ എന്ന സിമ്പിൾ വാദം ദപ്പുറത്ത്. ക്യാ കരൂം?നമ്മൾ സ്വയം പറ്റിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ് ലളിതമായ ഉത്തരം. ഇതിൽ നിന്നും ദൈവങ്ങളെ മാത്രം മാറ്റി നിർത്തേണ്ട കാര്യമില്ല. സീസണൽ ബോധോദയങ്ങളുടെ വക്താക്കളായി മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത് എന്നാണ് പറഞ്ഞു വരുന്നത്. ചില ഉദാഹരണങ്ങളിലേക്ക് വരാം.

2011 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് പാർവതി പുത്തനാറിന്റെ കൈവഴിയായ കനാലിലേക്ക് സ്കൂൾ വാൻ മറിഞ്ഞ് പിഞ്ചു കുഞ്ഞുങ്ങൾ മരിച്ച കാര്യം കേരളമൊട്ടാകെ വലിയ വാർത്തയായിരുന്നു. റോഡിനു സമാന്തരമായി, ഭിത്തിയോ കാൽവരികളോ ഇല്ലാത്ത കനാലും വാനിന്റെ അമിത വേഗതയുമാണ് അപകടത്തിന് കാരണമായത്. അന്ന് രാഷ്ട്രീയക്കാരും നമ്മളും ഒഴുക്കിയ മുതലക്കണ്ണീർ ബാഷ്പമായി മുകളിലെത്തി മഴയായി പല തവണ പെയ്തിറങ്ങി. മറ്റൊരു കാലവർഷം അടുത്തെത്തി നിൽക്കെ, സുരക്ഷയില്ലാത്ത ജലാശയങ്ങൾക്കരികിലൂടെ വേഗ നിയന്ത്രണം ഒന്നുമില്ലാതെ, കുതിച്ചു പായാൻ തയ്യാറായി നിൽക്കുന്ന വാനുകൾ കണ്ടെത്താൻ ആർക്കും പ്രയാസമുണ്ടാകില്ല. എവിടെപ്പോയി അന്ന് നുരഞ്ഞു പൊന്തിയ ആത്മരോഷം? ആ ദുരന്തസീസൺ കഴിഞ്ഞപ്പോൾ അതങ്ങ് പോയി. അത്ര തന്നെ.

2015 ഓഗസ്റ്റിൽ വൈപ്പിനിൽ നിന്നും കൊച്ചിയിലേക്ക് വന്ന പാസഞ്ചർ ബോട്ടിൽ മറ്റൊരു ബോട്ട് ഇടിച്ച് ഏതാനും ആളുകൾ മരിച്ചു. അന്നും നമ്മൾ പതിവ് പോലെ നടുക്കം രേഖപ്പെടുത്തുകയും ഇനി ഇതാവർത്തിക്കാൻ പാടില്ലെന്ന് അലമുറയിടുകയും ചെയ്തു. പിന്നെ, അടുത്ത അപകട സീസണിൽ വീണ്ടും പുറത്തെടുക്കാൻ വേണ്ടി നമ്മൾ ആ അലമുറയെ നാലാക്കി മടക്കി പോക്കറ്റിലിട്ടു. സ്രാങ്കുമാരുടെ ജാഗ്രതയും അനുഭവവും കൈമുതലാക്കി കൊച്ചിക്കായലിൽ ഇന്നും തേരാപാരാ ബോട്ടുകൾ ഒഴുകുന്നു. അല്ലാതെ അപകടത്തിൽ നിന്നും നാം പഠിച്ച് നടപ്പിലാക്കിയത് വട്ടപ്പൂജ്യം.

2012 ഓഗസ്റ്റിൽ കണ്ണൂരിലെ ചാലയിൽ LPG കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞ് വൻ തീപിടുത്തവും മരണങ്ങളും ഉണ്ടായി. പതിവ് പോലെ ഞെട്ടലിൽ അൽപം ദുഃഖം ചേർത്ത് നമ്മൾ മുഖപുസ്തകത്തിൽ വിളമ്പി. മേമ്പൊടിയായി ചില നിർദേശങ്ങളും വിതറി. അന്നത്തെ അപകട സാഹചര്യങ്ങളിൽ നിന്ന് നമ്മുടെ പാതകളോ ലോറികളോ എത്ര മാത്രം പരിഷ്കരിക്കപ്പെട്ടു? അത് അന്വേഷിക്കേണ്ടത് നമ്മുടെ ഡിപാർട്ട്‌മെന്റ് അല്ല. അത്ര തന്നെ.

ഉദാഹരണങ്ങൾക്ക് പഞ്ഞമില്ലാത്ത വിധം നമ്മുടെ നാട്ടിൽ വെടിക്കെട്ട് അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. പുറ്റിങ്ങൽ ക്ഷേത്രത്തിലെ അപകടത്തിന് ശേഷം ഈ രംഗത്തെ സുരക്ഷയെ കുറിച്ച് ഒട്ടേറെ മികച്ച ലേഖനങ്ങളും ചർച്ചകളും നടക്കുകയും ചെയ്തു. പക്ഷേ, അപകടങ്ങളുടെ ഒരു ശൃംഖല തന്നെ മുന്നിലുണ്ടായിട്ടും നമ്മുടെ നാട്ടിലെ ദേവാലയങ്ങൾ എന്ത് പഠിച്ചു എന്നൊരു ചോദ്യമുണ്ട്. വെടിക്കെട്ട് നടക്കുന്ന എത്ര ക്ഷേത്രങ്ങളിൽ ഫയർ എഞ്ചിൻ പോയിട്ട് ഒരു കുഞ്ഞു ഫയർ എക്സ്റ്റിന്ഗ്വിഷർ എങ്കിലും ഉണ്ട്? ഒരു ഫസ്റ്റ് എയ്ഡ് ബോക്സ്‌? എന്തിനേറെ? ദേവാലയങ്ങളിലെ ഉത്സവ കമ്മിറ്റി മീറ്റിങ്ങുകളിൽ, അപകടമുണ്ടായാൽ കൈക്കൊള്ളേണ്ട പ്രവർത്തനങ്ങളെ കുറിച്ച് (Contingency Planning) ചർച്ച നടന്നതായി എത്ര പേർക്കറിയാം?പ്രകൃതിക്ഷോഭങ്ങൾ പോലെ,  തടയാൻ കഴിയാത്ത നിരവധി അപകട സാധ്യതകൾ ഉള്ളപ്പോൾ, തടയാൻ കഴിയുന്ന അപകടങ്ങൾ പരമാവധി കുറയ്ക്കുവാൻ നമ്മൾ ബോധപൂർവം ശ്രമിക്കുക തന്നെ വേണം. വർഷം തോറും ഫണ്ട് ലാപ്സാക്കി കളയുന്ന നിരവധി സ്വയംഭരണ സ്ഥാപനങ്ങൾ ഉള്ള നാടാണ് നമ്മുടെത്. ഓരോ പഞ്ചായത്തിലും അപകടം സംഭവിക്കാൻ ഇടയുള്ള സ്ഥലങ്ങളെ പറ്റിയോ സംഭവങ്ങളെ പറ്റിയോ ചർച്ച നടത്തുകയും അതൊഴിവാക്കാൻ ഉള്ള മുന്നൊരുക്കങ്ങളെ കുറിച്ച് ഒരു മാർഗരേഖ തയ്യാറാക്കുകയും ചെയ്യുന്നത് പലർക്കും ഒരു ആഡംബരമായി തോന്നാം. പക്ഷേ, നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ ജീവിതം ചെലവഴിക്കുന്ന സ്ഥലത്ത് സുരക്ഷയൊരുക്കുന്നതിനെ കുറിച്ച് തീർച്ചയായും ചിന്തിക്കേണ്ടതുണ്ട്. അത് ചെയ്യാതിരിക്കുന്നതാണ് ആഡംബരം. ഭാഗ്യം തുണയ്ക്കും എന്ന ആഡംബരവിശ്വാസം.

കാട്ടിലും റോട്ടിലും കടലിലും മലയിലും ഉണ്ടാകുന്ന ദുരന്തങ്ങൾ കേൾക്കുമ്പോൾ അത് ഒഴിവാക്കണം എന്ന ബോധോദയം ഓരോരുത്തരിലും ഉണ്ടാകുന്നുണ്ട്. ഇപ്പോഴത്തെ വരൾച്ചയുടെ കാഠിന്യമാണു് ബോധപ്പട്ടികയിൽ അവസാനത്തേത്. പക്ഷേ നിർഭാഗ്യവശാൽ അത്തരം ബോധങ്ങളുടെ ആയുസ്സ് കുറവാണെന്ന് മാത്രം. ഉറുമ്പ് ചത്താൽ തവള ചാവുന്നത് വരെയും തവള ചത്താൽ പാമ്പ്‌ ചാവുന്നത് വരെയും മാത്രം വാർത്തകൾ നിലനില്ക്കുന്ന നാട്ടിൽ സീസണൽ ബോധോദയങ്ങൾ ഒരു തെറ്റല്ല. പക്ഷേ, നമ്മുടെ സുരക്ഷ നമ്മുടെ നിയന്ത്രണത്തിൽ ഉള്ളതല്ല എന്ന് തിരിച്ചറിയുകയും അത് ഉറപ്പു വരുത്തേണ്ടവർ അത് ചെയ്യുന്നില്ല എന്ന് മനസിലാക്കുകയും ചെയ്തിട്ടും ഒരു സമൂഹം ഉറക്കം നടിക്കുന്നത് ആപൽക്കരമാണ്. സാമൂഹിക മാറ്റങ്ങൾക്ക് വേണ്ടി ഇറങ്ങിത്തിരിച്ച് അത് നേടിയെടുക്കുന്നത് വരെ നിലകൊണ്ട നിരവധി പേരെ വിസ്മരിച്ചു കൊണ്ടല്ല ഇത് പറയുന്നത്. ആവശ്യങ്ങൾക്ക് വേണ്ടി ജാഗ്രതയോടെ നിലകൊണ്ടിരുന്ന ഒരു സമൂഹത്തിൽ നിന്നും ഇപ്പോൾ നമ്മൾ എത്തിനിൽക്കുന്ന അകലം വല്ലപ്പോഴും ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും എന്ന് മാത്രം.

12 comments:

 1. ഗോവിന്ദാ പറഞ്ഞതൊക്കെ ശരി. വളരെ ശരി. പക്ഷെ ഇവിടെ മറ്റു പലതിനും ആണ് മുൻഗണന. ഇപ്പറഞ്ഞ സംഭവങ്ങൾ നടന്ന സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വന്നവരോട്, സ്ഥാനാർഥികളോട് ഏതെങ്കിലും ഒരു വോട്ടർ ഇതിന്റെ കാര്യം ചോദിച്ചോ? ഇല്ല. ഇതിനു വേണ്ടി എന്ത് ചെയ്തു എന്ന് ചോദിച്ചോ ഇല്ല.കാരണം നമ്മൾ പല കൊടിക്കീഴിൽ ആനി നിരന്നു കഴിഞ്ഞു. ഇനി എതിരാളികൾക്ക് ആഹിതമായ കാര്യം മാത്രമേ നമുക്ക് പറയാൻ കഴിയൂ.

  അതവിടെ നിൽക്കട്ടെ. എന്തെങ്കിലും പറയുകയോ ചെയ്യുകയോ ചെയ്തു എന്നിരിക്കട്ടെ. ഭരണാധികാരികളുടെ സഹായം ഇല്ലാതെ അത് നടത്തിക്കിട്ടുമോ? ഇല്ല.

  അപ്പോൾ ചെയ്യേണ്ട ഒരു കാര്യം. ഗോവിന്ദൻ പറഞ്ഞത് പോലെ ഒരു രൂപ രേഖ തയ്യാറാക്കുക.ഓരോ പ്രദേശത്തെയും. അത് നടപ്പിലാക്കുന്നവർക്ക് മാത്രം വോട്ട് ചെയ്യുക. എന്നിട്ട് അതിനെ ഫോളോ അപ് ചെയ്യുക. അതിനു നമുക്ക് ഒരു കൂട്ടായ്മ വേണ്ടി വരും.

  ReplyDelete
  Replies
  1. അതെ. രാഷ്ട്രീയക്കാരുടെ ഭാഗത്ത് നിന്നും ക്രിയാത്മകമായ ഇടപെടലുകളും ജനങ്ങളുടെ ഭാഗത്ത് നിന്നും മികച്ച സഹകരണവും ഉണ്ടാവേണ്ടതുണ്ട്.

   Delete
 2. നമുക്കിതൊക്കെ മതി.ഈ കേരളത്തിൽ ഒന്നും നടക്കാൻ പോകുന്നില്ല.ഇനിയിപ്പോൾ ഇങ്ങനെയങ്ങ്‌ പോകുക,അത്രതന്നെ.!!!!!

  ReplyDelete
  Replies
  1. ഇങ്ങനെയൊക്കെ മതിയെങ്കിൽ ഓക്കെ. പെരുമ്പാവൂര് നിന്ന് നമ്മുടെ വീടുകളിലേക്ക് അധികം ദൂരമില്ലാത്തത് പോലെ മുകളിൽ സൂചിപ്പിച്ച സ്ഥലങ്ങളിൽ നിന്നു കൂടി അധികം ദൂരമില്ലെന്ന് ഓർമ വേണം.

   Delete
 3. നമുക്കിതൊക്കെ മതി.ഈ കേരളത്തിൽ ഒന്നും നടക്കാൻ പോകുന്നില്ല.ഇനിയിപ്പോൾ ഇങ്ങനെയങ്ങ്‌ പോകുക,അത്രതന്നെ.!!!!!

  ReplyDelete
 4. നാം ഇങ്ങനെയായിപ്പോയി കൊച്ചുഗോവിന്ദാ...

  ReplyDelete
  Replies
  1. ശരിയാണ് വിനുവേട്ടാ. നമ്മൾ ഇങ്ങനെ ആയിപ്പോയി. പോകുന്നിടത്തോളം ഇങ്ങനെ തന്നെ പോട്ടെ അല്ലേ?!

   Delete
  2. വിനുവേട്ടൻ പറഞ്ഞതുതന്നെയല്ലേ ഞാനും പറഞ്ഞതെന്നൊരു സംശയം!/!/!/!/!//!/

   Delete
 5. എന്തിനാദിന് .. കൊട്ടപ്പറ ഉദാഹരണങ്ങൾ ?
  അപകടങ്ങൾ തോനെ വരുമെന്നറിഞ്ഞിട്ടും നാം പരസ്പരം
  കല്ല്യാണം കഴിച്ച് ജീവിക്കുന്നില്ലെ..., എന്നിട്ടും ആരെങ്കിലും
  കല്ല്യാണിക്കാതിരിക്കുന്നുണ്ടൊ.. ന്റെ.. കൊച്ചു ?
  പിന്നെ
  ഇവിടെയുള്ള രാജ്യങ്ങളിലും മറ്റും ഒരു കൊച്ച് കാര്യം
  മുതൽ എന്ത് ചെയ്യണമെങ്കിലും ‘ഹെൽത്ത് & സേഫ്റ്റി’യുടെ
  ഉപാധികളോ, ആളുകളോ ഇല്ലാതെ അത് ചെയ്യുവാൻ സാധ്യമല്ല.
  എല്ലാ കുത്തകകളും പ്രൈവറ്റ് കമ്പനികളാൽ മേൽനോട്ടം വഹിക്കുന്നവയാണേലും
  ‘ഹെൽത്ത് & സേഫ്റ്റി’ ഉപാധികളില്ലാതെ ഒരാൾക്ക് ഒരു സ്ഥാപനവും , വസ്തുവും
  നടത്തുവാനോ ഉണ്ടാക്കുവാനോ സാധിക്കില്ല...

  നമ്മുടെ നാട്ടിൽ ഇതെല്ലാം ഉണ്ടെങ്കിലും എല്ലാം കാറ്റിൽ
  പറത്തി എളുപ്പത്തിൽ കാര്യം നടത്തുവാൻ പറ്റും എന്നുള്ളതാണ്
  സകലമാന അപകടങ്ങൾക്കും , പിന്നീടുള്ള താൽക്കാലിക നെലോളികൾക്കും
  കാരണം ....

  അപ്പോൾ വരുന്ന ഒരു കുന്ത്രാണ്ടമാണ് കേട്ടൊ
  ഈ ‘സീസണൽ ബോധോദയം..!‘

  ReplyDelete
 6. നല്ല ലേഖനം ..ചിന്തിക്കേണ്ടവിഷയം .

  ReplyDelete
 7. എല്ലായിടത്തും ഇത്തരം സീസണ്‍ ബോധോദയം ഉണ്ടെന്ന്‌ തോന്നുന്നു..എന്ത്‌ തന്നെ ആയാലും മനുഷ്യന്‍ സഹജീവികളോട്‌ കരുണ(ശരിക്കും ഉള്ളില്‍ നിന്നുള്ളത്‌) ഇല്ല്യാത്തത്കൊണ്ടല്ലേ അങ്ങനെ സീസണല്‍ ആകുന്നത്? എന്തായാലും നല്ല ചിന്തകള്‍..

  ReplyDelete