Thursday, 23 July 2015

മാഫ് കീജിയേ ഭായ് ജാൻ...

ഒരു കഥയെഴുതണമെന്ന് വിചാരിക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. സഹപാഠി കഴിഞ്ഞ ദിവസം പങ്കുവച്ച ജീവിതാനുഭവങ്ങൾ മനസ്സിലിട്ട് കൂട്ടിയും കിഴിച്ചും നോക്കി. കൊള്ളാം. ജനപ്രിയ വിഷയങ്ങളായ ദാരിദ്ര്യവും നൊമ്പരവും ഒക്കെയുണ്ട്. എഴുത്തുകാരൻ പേന കയ്യിലെടുത്തു. പശ്ചാത്തലമായി മുംബൈ നഗരം തെരഞ്ഞെടുത്തു. ഒരുവേള ചിന്താമഗ്നനായ ശേഷം അയാൾ എഴുതിത്തുടങ്ങി...

കറുത്തിരുണ്ട മുംബൈയുടെ ആകാശം മീറ്റിംഗ് റൂമിൽ ഇരിക്കുമ്പോൾ തന്നെ ഞാൻ കണ്ടിരുന്നു. മീറ്റിംഗ് കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ സമയം വൈകുന്നേരം അഞ്ചര. അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ മഹാനഗരം നനഞ്ഞു കിടക്കുന്നു. ദുബായിലേക്ക് ഉള്ള മടക്ക ഫ്ലൈറ്റ് രാത്രി പതിനൊന്ന് മണിക്കാണ്. സമയം പോക്കാൻ എന്നത്തേയും പോലെ ഇന്ത്യയുടെ കവാടം - "ഗേറ്റ് വേ ഓഫ് ഇന്ത്യ"യാണ് ആദ്യം മനസ്സിലെത്തിയത്. ലാപ്ടോപ്പ്  റിസപ്ഷനിൽ ഏൽപ്പിച്ച്, കൊളാബയിൽ നിന്നും ഞാൻ വടക്കോട്ട് നടന്നു. ഗേറ്റ് വേയിലേക്കുള്ള പ്രശസ്തമായ നടപ്പാതയിൽ, അനുഭവങ്ങളുടെ തീക്കാറ്റുമായി ഒരാൾ കാത്തിരിക്കുന്ന കാര്യം അപ്പോൾ എനിക്ക് അറിയുമായിരുന്നില്ല...

മുംബൈയുടെ സാംസ്കാരിക വൈവിധ്യം എന്നെ ഓരോ വരവിലും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾ ഏത് ദേശക്കാരനോ മതക്കാരനോ സ്വഭാവക്കാരനോ ആവട്ടെ. മുംബൈ നിങ്ങളെ ഹൃദയം തുറന്ന് സ്വീകരിക്കുന്നു. നിങ്ങളറിയാതെ അത് നിങ്ങളുടെ ഹൃദയം കവരുന്നു. അങ്ങനെയല്ലാതെ നൂറു കണക്കിന് ചേരികൾക്കും അംബരചുംബികൾക്കും ഒരുപോലെ അവിടെ നിലനിൽക്കാനാവുന്നതെങ്ങനെ? വഴിവാണിഭക്കാരും തെരുവ് സർക്കസ്സുകാരും കമിതാക്കളും വേശ്യകളും വിദേശികളും ഭിക്ഷാടകരും എല്ലാം ചേർന്ന് നടപ്പാതയിൽ അന്നും പതിവ് പോലെ തിരക്കായിരുന്നു. മഴ മാറി തെളിച്ചം കൈവന്ന ആകാശത്ത് ഒരു മഴവില്ല്! നവിമുംബൈയുടെ മീതെ ഉയർത്തിയ മനോഹരമായ കമാനം പോലെ അത് തെളിമയോടെ നിൽക്കുന്നു. അതും നോക്കി നടക്കുന്നതിനിടയിലാണ് ഞാൻ അയാളുമായി കൂട്ടിയിടിച്ചത്. "സോറി" ഞാൻ പറഞ്ഞു. "ഇറ്റ്സ് ഓക്കേ" എന്ന് മറുപടി പറഞ്ഞ് നടക്കാൻ തുടങ്ങിയ അയാളെ ഞാൻ വിളിച്ചു "ഡാ, ഹരിനാരായണാ!" അത്ഭുതവും സംശയവും നിറഞ്ഞ കണ്ണുകളോടെ അവൻ തിരിഞ്ഞ് എന്നെ നോക്കി, നീണ്ട പതിനേഴ്‌ വർഷങ്ങൾക്ക് ശേഷം!

"തന്റെ ബുൾഗാനും റെയ്ബാനും കണ്ടപ്പോ, സത്യത്തിൽ എനിക്ക് ആളെ മനസ്സിലായില്ല. ഇവിടെ എന്താ പരിപാടി?" ഹരി ചോദിച്ചു.
"ജോലി ദുബായിലാ. ഇവിടെ വിവാന്റയിൽ ഒരു ബിസിനസ് മീറ്റിംഗ് ഉണ്ടായിരുന്നു." താജ്മഹൽ പാലസിൽ അറബിക്കടലിനെ അഭിമുഖീകരിക്കുന്ന ഒരു ജാലകത്തിനരികെ ഇരുന്നു കൊണ്ട് ഞാൻ പറഞ്ഞു. ചായ കുടിക്കാൻ എന്നെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ക്ഷണിക്കുന്ന ആദ്യത്തെ കൂട്ടുകാരനാണ് ഹരിയെന്ന് ഞാൻ ഓർത്തു. കൂട്ടുകാർ നല്ല നിലയിൽ എത്തുന്നത് മനസ്സിന് എന്നും സന്തോഷമാണ്. പഴയ കാര്യങ്ങൾ വീണ്ടും മനസ്സിലെത്തി. "സ്കൂൾ ജീവിതത്തിലെ സന്തോഷങ്ങൾ നഷ്ടപ്പെടുത്തിയ ഒരു വിഡ്ഢിയാണ് നീയെന്ന് ഞാൻ പലപ്പോഴും ഓർത്തിട്ടുണ്ട്". ഹരിയോട് അത് പറയാതിരിക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. കാരണം, കളിചിരികളിൽ പങ്കു ചേരാതെ പുസ്തകത്തിൽ മുഖം പൂഴ്ത്തിയിരുന്നിരുന്ന ഒരു മുഷിപ്പനായിരുന്നു ഹരി.

എഴുത്ത് നിർത്തി അയാൾ ഒരുവട്ടം വായിച്ചു. മുഖവുരയും അവതരണവും ഒക്കെ ഓടിച്ചു നോക്കി സ്വയം സംതൃപ്തനായി. ഇനി കഥ അതിന്റെ ആത്മാവിലേക്ക് കടക്കുകയാണ്. തന്റെ ലോകവിജ്ഞാനവും രചനാപാടവവും വിളമ്പാനുള്ള സമയമായി. അയാൾ വീണ്ടും പേന കയ്യിലെടുത്തു.

"അടൂരിന്റെയോ മൊഹ്സെൻ മക്മൽബഫിന്റെയോ നായകനാണ് ഞാൻ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്". അവൻ മറുപടി പറഞ്ഞു. ഒന്നും മനസ്സിലായില്ലെങ്കിലും അത് പുറത്ത് കാണിക്കാതിരിക്കാൻ ഞാൻ ശ്രമിച്ചു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാനറിഞ്ഞിരുന്ന ഏറ്റവും വലിയ ജാതിഭ്രാന്തനായിരുന്നു അവൻ. ഹരിനാരായണൻ നമ്പൂതിരി. മറ്റെല്ലാവരും ചോറ്റുപാത്രങ്ങളിൽ കയ്യിട്ടുവാരി പങ്കു വെക്കലിന്റെ സന്തോഷം അനുഭവിക്കുമ്പോൾ പാത്രം അടച്ചു പിടിച്ച് ഒറ്റക്ക് ഭക്ഷണം കഴിച്ചിരുന്ന വങ്കൻ. ഇല്ലത്തേക്ക് ഒരു തവണ പോലും ഞങ്ങളെ ക്ഷണിക്കുകയോ ഉണ്ണിയപ്പവും പായസവും തരികയോ ചെയ്യാത്ത പിശുക്കൻ. "നീയെന്നു തൊട്ടാ മറ്റുള്ളവരുടെ ഒപ്പമിരുന്ന് ആഹാരം കഴിക്കാൻ തുടങ്ങിയത്?" അവന്റെ അയിത്തബോധത്തെ മുറിവേൽപ്പിക്കാൻ ഞാൻ ചോദിച്ചു? "ഇങ്ങോട്ട് വണ്ടി കയറിയത് മുതൽ". ഞാൻ അവന്റെ നിർവികാരമായ കണ്ണുകളിലേക്ക് നോക്കി. "ഹരീ, സ്കൂളിൽ പഠിക്കുമ്പോ എനിക്ക് ഒട്ടും പിടിതരാത്ത കഥാപാത്രമായിരുന്നു നീ. ദാ, ഇപ്പോഴും എനിക്ക് നീ പറയുന്നത് ഒന്നും മനസിലാകുന്നില്ല. നീയെന്താ ഇങ്ങനെ? എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ..." ഞാൻ അർദ്ധോക്തിയിൽ നിർത്തി.  അവൻ പറഞ്ഞു തുടങ്ങുമ്പോൾ നഗരം സന്ധ്യയെ വരവേൽക്കുകയായിരുന്നു.

"നമുക്ക് പറയാനുള്ളത് കേൾക്കാൻ ഒരാൾ ഉണ്ടാവുക എന്നത് ഒരു അനുഗ്രഹമാണെടോ... ഞാൻ ഔപചാരികത കാണിക്കുന്നതല്ല കേട്ടോ" ഒരു കവിൾ ചായ കുടിച്ച ശേഷം അവൻ തുടർന്നു. "ഒരു മുരടൻ എന്നതിലുപരി എന്നെ ആർക്കും അറിയുമായിരുന്നില്ല. അതാണ്‌ എനിക്കും വേണ്ടിയിരുന്നത്." അറബിക്കടലിനു മീതെ ചക്രവാളം ചുവപ്പണിഞ്ഞു. ഗേറ്റ് വേയിലെ തിരക്ക് കൂടി വരുന്നത് ഞാൻ താജിലിരുന്ന് കണ്ടു. "നമ്പൂതിരി എന്ന വാൽ എനിക്കൊരു കവചമായിരുന്നു. ഒരു സ്കൂൾ കുട്ടിയുടെ അഭിമാനബോധത്തെ സംരക്ഷിക്കാൻ ഞാൻ കണ്ടെത്തിയ മികച്ച കവചം". പ്രധാനപ്പെട്ടതെന്തോ പറയാനുള്ള ഹരിയുടെ മുഖഭാവം കണ്ട് ഞാൻ ശ്രദ്ധാലുവായി.

"തന്റെ സെന്റിമെന്റ്സ് മോഹിച്ചല്ല ഞാൻ ഇത് പറയുന്നത്" അവൻ തുടർന്നു. "സ്കൂളിൽ സ്ഥിരമായി എന്റെ ഉച്ചഭക്ഷണം ക്ഷേത്രത്തിൽ നിന്നും കിട്ടുന്ന ഉപ്പില്ലാത്ത വെള്ളനിവേദ്യമായിരുന്നു എന്ന കാര്യം, എന്റെ ജാതി ഭ്രാന്തിനെ പുച്ഛിച്ച എത്ര പേർക്ക് അറിയാമായിരുന്നു? കുഴഞ്ഞിരിക്കുന്ന നിവേദ്യ ചോറിൽ ഉപ്പും മഞ്ഞളും ചേർത്ത് മക്കളെ സ്കൂളിൽ അയക്കുന്ന അമ്മമാരെയും താൻ കണ്ടിരിക്കാൻ ഇടയില്ല. ഉവ്വോ?" ഞാൻ നിശബ്ദനായി ഇല്ലെന്ന് തലയാട്ടി. "അച്ഛന് വയ്യാത്ത ദിവസങ്ങളിൽ ഞാൻ തന്നെ പൂജ കഴിച്ച് നടയടച്ച് വൈകിയെത്തി തല്ലു കൊണ്ടിരുന്നത് മാത്രം നല്ല ഓർമ കാണും അല്ലേ? വിശക്കുന്നവന് ഭക്ഷണത്തേക്കാൾ വലുതല്ലടോ തല്ല്"

മസാല ചായ ഒന്ന് മൊത്തിയ ശേഷം അവൻ തുടർന്നു. "ഭഗവാനെ മാത്രം സേവിച്ച് ഉപജീവനം കഴിച്ചിരുന്ന അച്ഛന്റെ വരുമാനം അമ്മയെ ചികിത്സിക്കാൻ പോലും തികയുമായിരുന്നില്ല. ഓ, പറയാൻ മറന്നു. എന്റെ അമ്മ ഒരു മാനസിക രോഗിയായിരുന്നു. നാട്ടുഭാഷയിൽ പറഞ്ഞാൽ... ഭ്രാന്ത്". അവൻ കൃത്രിമമായി ചിരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. അവന്റെ വാക്കുകൾ എന്റെ വികലമായ അറിവുകൾക്ക് മേൽ പൊള്ളലായി പടരുകയായിരുന്നു.

"അവാർഡ് പടം പോലെ തോന്നണുണ്ടോ കേഡിക്ക്?" അവൻ ആദ്യമായി എന്നെ പേര് വിളിച്ചു. "ഓപ്പോൾടെ വേളിക്ക് പണയം വെച്ച, പൊളിഞ്ഞു വീഴാറായ ഇല്ലത്തേക്കാ താനൊക്കെ വിരുന്ന് വരാൻ മോഹിച്ചത്. പേരിൽ മാത്രം വലിപ്പമുള്ള ഒരു ദരിദ്രവാസിയാണെടോ ഞാൻ."

"ഇപ്പൊ പ്രശ്നങ്ങൾ ഒക്കെ മാറി നീ ഒരു നല്ല നിലയിൽ എത്തിയല്ലോ!" ഞാൻ രംഗം പോസിറ്റീവ് ആക്കാൻ ശ്രമിച്ചു. "ഇല്ലം ജപ്തിയാവുന്നതിന് മുമ്പ് അച്ഛനും അമ്മയും പോയി. സ്ഥിരമായി പൂജിച്ച ദൈവങ്ങൾ അച്ഛനോട് നന്ദി കാട്ടിയതാവാം". ആദ്യമായി അവന്റെ തൊണ്ടയിടറി, ശബ്ദം ചിലമ്പിച്ചു. "നമ്പൂതിരിയെ കൊണ്ട് കൂലിപ്പണി ചെയ്യിക്കാൻ നാട്ടുകാർക്ക് മടി. അളിയന്റെ വീട്ടുകാരുടെ മുഖം കറുത്തപ്പോ ഓപ്പോളോട്‌ പറഞ്ഞ് ഒരു ദിവസം വണ്ടി കയറിയതാ ഇങ്ങോട്ട്. ഇത് പതിമൂന്നാമത്തെ വർഷം. വല്ലപ്പോഴും നാട്ടിൽ പോയി ഓപ്പോളെ ഒന്ന് കണ്ട് മടങ്ങും. അത്ര തന്നെ".

പറയാൻ ഉള്ളതൊക്കെ പറഞ്ഞു കഴിഞ്ഞു. കഥ അവസാനിപ്പിക്കണം. അതിന് മുമ്പ് ഹരിക്ക് ഒരു തൊഴിൽ കണ്ടെത്തണം. ഹരിയെ തനിക്ക് വേണമെങ്കിൽ ഒരു ബിസിനസ്സുകാരൻ ആക്കാം. അല്ലെങ്കിൽ ഒരു അധോലോക നേതാവ്. ഹരിയുടെ ജീവിതം നിശ്ചയിക്കുന്നത് തന്റെ തൂലികയാണെന്ന് ഓർത്തപ്പോൾ അയാൾക്ക് അഭിമാനം തോന്നി. അയാൾ അവസാന ഖണ്ഡികയിലേക്ക് കടന്നു...

സമയം എഴ് കഴിഞ്ഞിരിക്കുന്നു. ഹോട്ടലിൽ പോയി സാധനങ്ങൾ എടുത്ത് എയർ പോർട്ടിൽ എത്തണം. ഞങ്ങൾ താജിൽ നിന്നും ഇറങ്ങി. മഹാനഗരം ഞങ്ങൾക്ക് ചുറ്റും ഇരമ്പിക്കൊണ്ടേയിരുന്നു. "ഇവിടെ എന്താ പരിപാടി?" അവൻ ആദ്യമായി എന്നോട് ചോദിച്ച ചോദ്യം അവസാനമായി ഞാൻ അവനോട് ചോദിച്ചു. "ഒമ്പതാം ക്ലാസിൽ ബഷീറിന്റെ 'ഒരു മനുഷ്യൻ' വായിച്ചതോർമയുണ്ടോ?" പോക്കറ്റിൽ നിന്നും എന്റെ പേഴ്സ് എടുത്ത് എനിക്ക് നേരെ നീട്ടിക്കൊണ്ട് അവൻ പറഞ്ഞു. "ഇതാണ് ഇപ്പോഴത്തെ ഹരിനാരായണൻ നമ്പൂതിരി. മാഫ് കീജിയേ ഭായ് ജാൻ...".

പൂർത്തിയാക്കിയതിന്റെ സംതൃപ്തിയോടെ എഴുത്തുകാരൻ കഥ ഒരാവർത്തി വായിച്ചു. തരക്കേടില്ല. എങ്കിലും എന്തോ ഒരു കുറവുള്ളത് പോലെ തോന്നി. പിന്നെയും രണ്ട് മൂന്ന് തവണ വായിച്ചപ്പോഴാണ് അയാൾക്ക് തിരിച്ചറിവ് കൈ വന്നത്.

അപ്രതീക്ഷിതമായ കൂട്ടിമുട്ടലിലൂടെയുള്ള കണ്ടുമുട്ടൽ - ക്ലീഷേ.
ചായക്ക് ചുറ്റുമിരുന്നുള്ള സ്മരണ പുതുക്കൽ  - അത് താജ് ആയാലും തട്ടുകട ആയാലും ക്ലീഷേ.
ദാരിദ്ര്യം, രോഗം, ജപ്തി, നാട് വിടൽ - വായിച്ചു മടുത്ത പക്കാ ക്ലീഷേ.

തന്നെ വായിക്കാനെത്തുന്നവർക്ക് താൻ എന്താണ് പകരം നൽകുന്നതെന്ന് അയാൾ ഒരുവേള ചിന്തിച്ചു. എന്നിട്ട്, എവിടുന്നോ കൈവന്ന ഒരു തിരിച്ചറിവിൽ കഥ ചുരുട്ടി മുറിയുടെ ഒരു മൂലയിലേക്ക് വലിച്ചെറിഞ്ഞു... അവിടെ കിടന്നുറങ്ങിയിരുന്ന അയാളുടെ പൂച്ച ഞെട്ടിയുണർന്ന് മ്യാവൂ എന്ന് കരഞ്ഞു. എന്നിട്ട് വീണ്ടും തല താഴ്ത്തി മയങ്ങാൻ തുടങ്ങി...

18 comments:

 1. ശുക്രിയ ഭായ് ജാൻ! ഈ നല്ല വായനാനുഭവത്തിന്!!

  ReplyDelete
 2. എന്നാലും നമ്പൂതിരിയെ (അതും പഴയ ഒരു സഹപാഠിയെ) പോക്കറ്റടിക്കാരനാക്കേണ്ടിയിരുന്നില്ല.

  അല്ലാ, അപ്പോൾ പോക്കറ്റടിക്കാരും താജിലൊക്കെ ഇരുന്നാണോ ചായ കുടി ബോംബേയിൽ?

  ReplyDelete
  Replies
  1. പോക്കറ്റടിക്കാർക്ക് സംവരണം ഒന്നും ഇല്ല. കുറച്ച് ധൈര്യം ഉണ്ടെങ്കിൽ ആർക്കും ഒരു കൈ നോക്കാവുന്നതേയുള്ളൂ.
   പിന്നെ ചായ കുടി. താജിൽ കയറി ചായ കുടിക്കാൻ തൊഴിൽ ഒരു പ്രശ്നമല്ല. കയ്യിൽ കാശുണ്ടായാൽ മതി. കാണാൻ കുറച്ച് ഗെറ്റപ്പും കുറച്ച് ആംഗലേയവും കൂടി ഉണ്ടെങ്കിൽ സംഗതി ഉഷാറാകും!

   Delete
 3. സാരമില്ല .ജീവിതം ഇങ്ങനെയൊക്കെ തന്നെ.

  ReplyDelete
  Replies
  1. അതെ, സുധി. ജീവിതം മിക്കപ്പോഴും ഒരു ക്ലീഷേയാണ്.

   Delete
 4. കഥാകാരന് കൈയ്യടി........കഥയും മോശമായില്ല...... കേഡി തന്‍റെ നര്‍മ്മത്തിന്‍റെ കൊനഷ്ട് അപാരം......താന്‍ കലക്കി ചങ്ങാതി... അടി കിട്ടാനുള്ള വഴി മൊത്തം അടച്ചു..... എന്നാലും താജില്‍ കയറി മസാലചായ കുടിച്ചത് കടന്ന കൈയ്യായി...... ആശംസകൾ.....

  ReplyDelete
  Replies
  1. താജിലെ ചായ കുടി ഇത്ര പ്രശ്നമാവുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞങ്ങൾ വല്ല കെമ്പെൻസ്കിയിലൊ ഒബറോയിയിലോ പോയേനേ. ഇപ്രാവശ്യത്തേക്ക് ഒന്ന് ക്ഷമി. പിന്നെ, നിരീക്ഷണങ്ങൾ കലക്കി കേട്ടോ!

   Delete
 5. പ്രൊഫൈൽ ഫോട്ടോ കണ്ടു. ഇപ്പോൾ ശരിക്കും കൊച്ചുഗോവിന്ദനായി. ഇനി ഇതു മാറ്റണ്ട!

  ReplyDelete
 6. കഥ യെഴുതണമെന്ന് വിചാരിച്ചു. എഴുതി. കഥ മനസ്സിൽ ശരിയായി രൂപപ്പെട്ടില്ല. വായനക്കാരൻറെ മനസ്സിലും അത് പോലെ തന്നെ അനുഭവപ്പെട്ടു. ഹരിനാരായണന്റെ കുട്ടിക്കാലം അത്ര പ്രശ്നം ഉള്ളതായി തോന്നിയില്ല. മറ്റുള്ള കുട്ടികളോട് ഇടപെടാത്തത് അത്ര വലിയ പാപം ആയി തോന്നിയില്ല. അത് കൊണ്ട് തന്നെ അയാളുടെ മാറ്റവും മനസ്സിൽ വികാരം ഒന്നും കൊണ്ട് വന്നില്ല. അവസാനത്തെ ട്വിസ്റ്റും ഒട്ടും മനസ്സിൽ തട്ടിയില്ല. മൊത്തം നോക്കുമ്പോൾ കഥ അത്ര ഭംഗിയായില്ല.

  ReplyDelete
  Replies
  1. നല്ല അഭിപ്രായങ്ങൾ കിട്ടുന്നത് സന്തോഷകരമാണ്. പക്ഷേ, സത്യസന്ധവും വിമർശനാത്മകവുമായ അഭിപ്രായങ്ങളാണ് തുടർന്നുള്ള എഴുത്തുകൾക്ക് ഉപകാരപ്പെടുന്നത്. അക്കാര്യത്തിൽ ബിപിൻ സാറിനോട് പ്രത്യേകം നന്ദിയുണ്ട്. പോസ്റ്റിയതിനു ശേഷവും പലവട്ടം തിരുത്തലുകൾ വരുത്തിയതാണ്. പക്ഷേ, ഒരു വലിയ കുറവ് അനുഭവപ്പെട്ടു കൊണ്ടേയിരുന്നു. ഒടുവിൽ ഈ പരുവത്തിലെത്തിയപ്പോൾ കച്ചോടം പൂട്ടി! വിശദമായ വിശകലനത്തിന് ഒരിക്കൽ കൂടി നന്ദി.

   Delete
 7. കഥ നന്നായി എഴുതി.
  ആശംസകൾ..
  നർമ്മം കൈകാര്യം ചെയ്യാനുള്ള താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു.

  ReplyDelete
  Replies
  1. നന്ദി, ശ്രീജിത്ത്‌ ഭായ്.

   Delete


 8. കഥ ..
  കവിത ..
  പ്രണയം ..
  ജനകീയം ...
  വല്ലഭന് പുല്ല് ആയുധമെന്നപോലെ
  ഈ കേഡി ചെക്കൻ എഴുത്തിന്റെ എല്ലാഭാവങ്ങളും
  നല്ല ഭാവനകളോടെ തന്റെ നർമ്മ കൈയ്യാൽ എടുത്ത്
  അമ്മാനാമാടുന്ന ഈ ബൂലോഗക്കാഴ്ച്ചകൾ അതി സുന്ദരം തന്നെ ..!
  നീ വെറും സാധാരണ കൊച്ചു അല്ല കേട്ടൊ ഭായ് , ഇമ്മിണിയിമ്മിണി വലിയ കൊച്ചപ്പൻ തന്നേയാണ്..!

  പിന്നെ
  ബൂലോക എഴുത്തുകളിൽ ഒരു മിനിമം 7, 10 , 15 ദിവസം
  ഇടവേളകൾ ഉണ്ടാക്കിയാൽ , ഒരു പോസ്റ്റ് കൂടുതൽ വായനക്കാരിലേക്ക്
  എത്തിപ്പെടും കേട്ടൊ കേഡി ഗെഡി

  ReplyDelete
  Replies
  1. ഈ പ്രോത്സാഹനത്തിന് എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല മുരളിയേട്ടാ. എങ്കിലും പറയാതെ വയ്യ. ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം നന്ദി. (ശോ, ദേ വീണ്ടും ക്ലീഷേ!)

   Delete
 9. വ്യത്യസത്നാം ഒരു ബ്ലോഗ്ഗെറാം കൊച്ചു ഗോവിന്ദനെ, സത്യത്തിൽ ഞാൻ ഇത് വരെ തിരിച്ചറിയാതത്തിനു എന്നോടും മാഫ് കീജിയേ കൊച്ചു ഗോവിന്ദൻ ഭായ് ജാൻ......

  ReplyDelete
  Replies
  1. ഓക്കേ. മാഫ് കീജിയിരിക്കുന്നു!

   Delete