Monday, 12 September 2016

രക്തം രക്തത്തെ തിരിച്ചറിഞ്ഞു!

ഓണം വാമനന്റെ ഹാപ്പി ബർത്ത്ഡേ ആണെന്നാണ് ചിലർ പറയുന്നത്. വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മഹാബലി തന്റെ രാജ്യം സന്ദർശിക്കാൻ വരുന്ന ദിവസമാണ് ഓണം എന്ന് മറ്റ് ചിലർ. ഓണം ഒരു കാർഷികോത്സവം ആണെന്ന് വേറെ ചിലർ. കഥകളിൽ വിശ്വസിക്കുന്നവർക്ക് ഇതിൽ ഏത് വേണമെങ്കിലും വിശ്വസിക്കാം. സത്യത്തിൽ എന്താണ് ഓണത്തിന്റെ ചരിത്രം? ഞാൻ പറഞ്ഞു തരാം.

ലോങ്ങ് ലോങ്ങ് എഗോ... എന്ന് വെച്ചാൽ വളരെ പണ്ട്...
കേരളം ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു മിസ്റ്റർ. മഹാബലി. ജനസമ്മതിയിൽ അച്ചുമാമനേക്കാൾ കേമനായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയെ ഉമ്മച്ചൻ എന്ന് വിളിക്കുന്ന പോലെ മഹാബലിയെ നാട്ടുകാരെല്ലാം മാവേലി എന്നാണ് വിളിച്ചിരുന്നത്.

അന്ന് ചിങ്ങമാസത്തിലെ തിരുവോണം ആയിരുന്നു. മാവേലി, പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞു ഒരു ഹോമം നടത്താൻ വട്ടം കൂട്ടുമ്പോൾ ആണ് ഒരു കൊച്ചു പയ്യൻ ഭിക്ഷ ചോദിച്ചു വന്നത്. അടിപൊളി! മാവേലിക്ക് സന്തോഷമായി.  സോഷ്യൽ മീഡിയ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് പ്രശസ്തി കിട്ടാനുള്ള ഒരു എളുപ്പ വഴിയായിരുന്നു ദാനശീലം. 'ഇന്ന് ഞാൻ പൊളിക്കും!' അദ്ദേഹം മനസ്സിൽ പറഞ്ഞു. 'ഇനി കുറച്ചു നാളത്തേക്ക് പ്രശസ്തിക്കുള്ള വകുപ്പായി!'

"മുനികുമാരാ! അങ്ങേക്ക് പ്രണാമം. അങ്ങയുടെ ആഗമനത്താൽ ഈ രാജ്യം ധന്യമായിരിക്കുന്നു" എന്ന ടിപ്പിക്കൽ സീരിയൽ ഡയലോഗ് അന്ന് നമ്മുടെ രാജാവിന് അറിയില്ലായിരുന്നു! അതുകൊണ്ട്, അദ്ദേഹം ചോദിച്ചു "നമസ്കാരം ഇണ്ട് ട്ടാ. ഇനിക്ക് അങ്ങട് മനസിലായില്യാ. നിന്നെ ഈ ഭാഗത്തൊന്നും മുമ്പ് കണ്ടട്ടില്യാല്ലാ?"

"ഞാൻ വാമനൻ.കെ. ഇവടെ വന്ന് ചോദിച്ചാൽ എന്തും കിട്ടും എന്ന് കേട്ടു." താൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്നും മഹാബലിക്ക് പണി കൊടുക്കാൻ വന്നതാണെന്നും ആ പയ്യൻ പറഞ്ഞില്ല. പകരം ഇങ്ങനെ പറഞ്ഞു. "കൊറച്ചു നാളായിട്ട് പൊറത്തായിരുന്നു. ഇവടെ ഇന്ന് കാലത്ത് ലാൻഡ് ചെയ്‌തുള്ളൂ. അച്ഛന്റെ പേര് ദേവലോകമനയ്ക്കൽ കശ്യപൻ നമ്പൂതിരി. അമ്മ അദിതി അന്തർജ്ജനം.

"പൊറത്ത്‌ ന്ന് പറയുമ്പോ... ഗൾഫാ യൂറോപ്പാ?" അടുത്ത് നിന്നിരുന്ന ശുക്രാചാര്യർ ഇടപെട്ടു.
"അതുക്കും മേലെ" എന്ന് പറയാൻ തോന്നിയെങ്കിലും ഡൌട്ട് തോന്നാതിരിക്കാൻ വാമനൻ പറഞ്ഞു "ഗൾഫിലാ. ദുബായിൽ. ദെയ്‌റ സിറ്റി സെന്ററിന്റെ അടുത്ത്."

"ചെക്കൻ ഗൾഫാ ട്ടാ. പൂത്ത കാശ് ഇണ്ടാവും കൈയില്." ശുക്രാചാര്യർ മാവേലിയുടെ ചെവിയിൽ പിറുപിറുത്തു. "ഇവനെ സഹായിക്കേണ്ട കാര്യം ഒന്നും ഇല്യ. വെറുതെ ഓരോന്ന് എടുത്ത് കൊടുത്ത് കുടുമ്മം വെളുപ്പിക്കരുത്."

പക്ഷേ, പയ്യനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ മാവേലി തീരുമാനിച്ചു കഴിഞ്ഞിരുന്നു. "നീയിപ്പോ എന്തിനാ വന്നേ?" മാവേലി ചോദിച്ചു "കമോണ്ട്രാ വാമനാ. എന്തുട്ട് വേണെങ്കിലും ചോദിച്ചോട്ടാ. നോ പ്രോബ്സ് ലിറ്റിൽ മാൻ!"

"എനിക്ക് മൂന്നടി മണ്ണ് വേണം" വാമനൻ ആവശ്യപ്പെട്ടു. "അത് മാത്രം മതി".

മാവേലി ചിരിച്ചു. "ദൂരെ ദൂരെയുള്ള ആ മലകളിലെ ഏലത്തോട്ടങ്ങൾ മുതൽ റബർ എസ്റ്റേറ്റ്, നെൽവയലുകൾ, തെങ്ങിൻ തോപ്പുകൾ, ക്വാറികൾ, തുടങ്ങി ഈ അറബിക്കടൽ വരെയുള്ള വിശാലമായ സ്ഥലം മുഴുവൻ എന്റെ സ്വന്തമാണ്. എവിടുന്നു വേണമെങ്കിലും അളന്നെടുത്തോ."

വാമനൻ ചുറ്റും ശ്രദ്ധയോടെ വീക്ഷിച്ചു. കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങൾ. വിളവെടുത്ത കൃഷിസ്ഥലങ്ങൾ. പണികഴിഞ്ഞു വന്ന്, രണ്ട് പെഗ്ഗടിച്ച് മാവേലിയെ കുറ്റം പറയുന്ന ആണുങ്ങൾ. അയലത്തെ വീട്ടിൽ പോയിരുന്നു മാവേലിയുടെ അടുക്കള രഹസ്യങ്ങൾ പങ്കിടുന്ന പെണ്ണുങ്ങൾ... ആവേശഭരിതനായ  വാമനൻ പെട്ടന്ന് കോംപ്ലാൻ ബോയേക്കാൾ വേഗത്തിൽ വളരാൻ തുടങ്ങി. വളർന്ന് വളർന്ന് ആകാശത്തോളം ഉയരത്തിൽ എത്തി. എന്നിട്ട് വലത് കാൽ ഉയർത്തി ആദ്യ ചുവടിൽ ഭൂമി മുഴുവൻ അളന്നു. രണ്ടാമത്തെ ചുവടിൽ ആകാശവും അളന്നു... മാവേലിക്ക് പണി കിട്ടാൻ പോകുന്നു എന്നറിഞ്ഞ ദേവന്മാർ പുഷ്പവൃഷ്ടി നടത്താൻ, പൂക്കൾ നിറച്ച കവറുകളുമായി വാമനന്റെ തലക്ക് മുകളിൽ റെഡിയായി നിന്നു. മാവേലിക്ക് പണി കിട്ടിയതോർത്ത് ശുക്രാചാര്യർ ഡെസ്പായി. വാമനൻ ചോദിച്ചു. "മിസ്റ്റർ മാവേലി, എനിക്ക് മൂന്നാമത്തെ ചുവട് വെക്കാൻ സ്ഥലമെവിടെ?".

മാവേലി പറഞ്ഞു "അതൊക്കെ നമുക്ക് ശരിയാക്കാം. അതിനു മുമ്പ് ഒരു കാര്യം. എന്റെ കേരളം ഒഴിച്ച് മറ്റു സ്ഥലങ്ങൾ അളക്കാൻ തന്നോടാര് പറഞ്ഞു? കർണാടകവും തമിഴ്നാടും തനിക്ക് തരാൻ അതൊന്നും എന്റപ്പൻ സമ്പാദിച്ച മൊതലല്ല. വ്യോമാതിർത്തിയും അങ്ങനെ തന്നെ. അണ്ടർസ്റ്റാൻഡ്?" വാമനൻ ഞെട്ടി. ശെടാ! ഇത് വല്യ ഇതായിപ്പോയല്ലോ! എന്നാലും മൂന്നാമത്തെ ചുവട് ബാക്കിയാണ്. അതുകൊണ്ട് മാവേലി പറഞ്ഞ കാര്യങ്ങൾ സമ്മതിച്ചു കൊടുക്കാം.

"ഓഹ്! അയാം സോറി മിസ്റ്റർ മാവേലി. എനിക്ക് താങ്കളുടെ കേരളവും ആകാശവും മാത്രം മതി. ബട്ട്, മൂന്നാമത്തെ ചുവട്?"
ലോകം മുഴുവൻ ആ മറുപടിക്കായി കാതോർത്തു. മൂന്നാമത്തെ ചുവട്?!

"എടോ വാമനാ. ഞാൻ ഈ മലയാളികൾടെ ഇടയിൽ കിടന്നു രാജ്യം ഭരിക്കാൻ തുടങ്ങിയിട്ട് കൊല്ലം കുറച്ചായി. ആ എന്നോട് മുട്ടാൻ വരുമ്പോ ദേവന്മാരുടെ ബുദ്ധിയൊന്നും പോരാ. നല്ല അസ്സൽ മലയാളി ബുദ്ധി തന്നെ വേണം. താൻ ഇടത്തേ കാൽ കുത്തി നിൽക്കുന്നതേ, ഇതുവരെ അളക്കാത്ത എന്റെ മണ്ണിലാ. താൻ ഒരു കാര്യം ചെയ്യ്. വലത്തേ കാൽ വെച്ച് അതും കൂടി അളന്ന് എടുത്തിട്ട് ഈ മലയാളികളെയും ഭരിച്ച് ഇവടെ തന്നെ കൂടിക്കോ. ഞാൻ പോണ്!"

അങ്ങനെ പറഞ്ഞു കൊണ്ട് മഹാബലി തമ്പുരാൻ കേരളത്തിൽ നിന്നും യാത്രയായി. അപ്രതീക്ഷിതമായി മലയാളികൾ ഒക്കെ വാമനന്റെ തലയിലുമായി. എത്ര നന്നായി ഭരിച്ചിട്ടും നാട്ടുകാരും പത്രക്കാരും കൂടി വാമനനെ വിമർശിച്ച് വിമർശിച്ച് ഒരു വഴിയ്ക്കാക്കി. പോരാത്തതിന് തൊട്ടതിനും പിടിച്ചതിനും എല്ലാം സമരവും. മലയാളികളെ കൊണ്ട് പൊറുതി മുട്ടിയ വാമനൻ ഒടുവിൽ ഒരു വലിയ പ്രളയം സൃഷ്ടിച്ച് കേരളത്തെ കടലിനടിയിലാക്കിയ ശേഷം സ്ഥലം വിട്ടു.

കഥയുടെ ബാക്കി ഇങ്ങനെയാണ്:-

പരശുരാമൻ മഴുവെറിഞ്ഞു കേരളം വീണ്ടെടുത്തു.
മലയാളികളുടെ ഇടയിൽ നിന്നും ബുദ്ധിപൂർവം രക്ഷപ്പെട്ട മഹാബലി, തമിഴ്നാട്, ഒറീസ, ആന്ധ്രാപ്രദേശ് വഴി ബംഗാളിൽ എത്തി ഒരു കല്യാണം ഒക്കെ കഴിച്ച് അവിടെ തന്നെ കൂടി.
മാവേലിയുടെ പിൻതലമുറക്കാരായ ബംഗാളികൾ കേരളത്തിലേക്ക് ഒഴുകിയെത്തി. അഥവാ, രക്തം രക്തത്തെ തിരിച്ചറിഞ്ഞു!
ഗൾഫുകാർ പൂത്ത കാശുകാർ ആണെന്ന് ശുക്രാചാര്യരെ പോലെ നാട്ടുകാർ എല്ലാവരും കരുതി തുടങ്ങി.
വാമനനും മാവേലിയും ബുദ്ധിപൂർവം രക്ഷപ്പെട്ടെങ്കിലും, വളച്ചൊടിച്ച കഥകൾ വിശ്വസിച്ച് മലയാളികൾ ഇപ്പോഴും ഓണം ആഘോഷിക്കുന്നു.

ആഘോഷങ്ങൾ തുടരട്ടെ. എല്ലാ മലയാളികൾക്കും ഓണാശംസകൾ.


30 comments:

 1. വളച്ചൊടിയുടെ ആശാനായ കെഡിഗോവിന്ദാ,


  ഇത്തവണയും
  മോശമായില്ല.
  എന്നാലും
  ഇങ്ങനെയൊരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല .

  ReplyDelete
  Replies
  1. ശെടാ! ഇത് വല്യ ഇതായിപ്പോയല്ലോ! ഞാനൊന്നും പറയുന്നില്ല. ചരിത്രം വളച്ചൊടിച്ചത് ആരാണെന്ന് കാലം തെളിയിക്കട്ടെ.

   Delete
 2. അപ്പൊ അങ്ങിനെയാണ് കേരളം ഉണ്ടായത് ല്ലേ?

  ഒഴിവു പോലെ രാമായണം മഹാഭാരതം ഓക്കേ പറഞ്ഞു തരണം ട്ടോ..

  ReplyDelete
  Replies
  1. അതെ ഷഹീം ഭായ്. അങ്ങിനെയാണ് കേരളം ഉണ്ടായത്.
   രാമായണം കിഡ്നാപ്പിങ്ങുമായി ബന്ധപ്പെട്ട ഒരു ക്രിമിനൽ കേസ് ആണ്. മഹാഭാരതം സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട ഒരു സിവിൽ കേസും. സമയം കിട്ടട്ടെ. ശരിയാക്കിത്തരാം!

   Delete
  2. ഹാ ഹാ ഹാാ.കൊച്ചുഗോവിന്ദനു തെറ്റി.ഇത്‌ ഷഹീമല്ല.ഇത്‌ കുഞ്ഞിക്കട്ട വെലുതാക്കാൻ പോയ ജിമ്മൻ ഷാഹിദാണു.

   ഷാഹിദിനെക്കണ്ടാൽ
   ഷഹീമീണെന്ന്
   തോന്നുന്നതിനെ എന്തെങ്കിലും പ്രത്യേക മാനിയ എന്ന് പറയാൻ പറ്റുവോ ??? ?

   Delete
  3. പലരും എന്നെ ശെരിയായ പേരല്ല വിളിക്കുന്നത്.

   ശിഹാബ്...ഷഹീം...കൂടുതൽ വിളിക്കപ്പെടുന്നത് ഇത് രണ്ടുമാണ്.എന്താണ് കാരണം എന്നറിയില്ല

   Delete
  4. @ ഷാഹിദ് ഭായ്: ശ്രദ്ധക്കുറവ് കൊണ്ട് സംഭവിച്ചതാണ്. ക്ഷമാപണം!
   @ സുധി : നീ പക തീർക്കുകയാണല്ലേടാ (മണപ്പള്ളി പവിത്രൻ).jpg :P

   Delete
  5. ഇതൊക്കെയൊരു രസമല്ലേ കൊച്ചുഗോവിന്ദൻ!!!

   Delete
 3. ഹഹഹ... വെറുതെ ഓരോ കഥകള്‍ പഠിച്ചു സമയം കളഞ്ഞു. :) :)

  ReplyDelete
  Replies
  1. കുറച്ചു വൈകിയാണെങ്കിലും സത്യം അറിഞ്ഞില്ലേ?! ആഹ്ലാദിപ്പിൻ! ആഹ്ലാദിപ്പിൻ!

   Delete
 4. Engane okke sambhavichathayi Mavelikkum Vamananum ariyamo??

  Enthayalum nannayittundu...Vayikyan rasamundu.

  ReplyDelete
 5. എഴുത്തിനെ ഗൗരവത്തോടെ സമീപിക്കുക എന്ന മിനിമം കാര്യം കൊച്ചു ഗോവിന്ദൻ മറന്നു പോകുന്നു.അത് ഹാസ്യം ആയാലും നർമം ആയാലും വേണം. ഇപ്പോൾ എഴുതാൻ സമയമില്ല എന്ന് തോന്നുന്നു. എന്തൊക്കെയോ തിരക്കുകൾ. അത് കൊണ്ടാണ് വരവ് കുറഞ്ഞത്. ഓണത്തിനും ചങ്കരാന്തിക്കും മാത്രമായി വരവ്.

  ReplyDelete
  Replies
  1. ബിപിൻ സർ, നിർദ്ദേശങ്ങൾ മുഖവിലയ്‌ക്കെടുക്കുന്നു. നന്ദി.

   Delete
 6. തകർപ്പൻ കഥ ഭായ് ... എന്റെ ഓണാശംസകൾ ...

  പിന്നെ , നേരത്തെ ഷാഹിദ് ഭായെ പേര് തെറ്റി വിളിച്ചത് കൊണ്ട് , ഇവിടെ എന്നെ ഷാഹിദ് ഭായ് എന്ന് മാറ്റി വിളിച്ചു , പ്രായത്തിത്വം ചെയ്തോളു ... :)

  ReplyDelete
 7. സൗമ്യയെ വധിച്ചതിനുശേഷം മതം മാറി രക്ഷപ്പെട്ട തമിഴ്സുന്ദരനേക്കുറിച്ചും, പെണ്ണിന്റെ മാനത്തിനു പുല്ലുവില പോലും കൽപ്പിക്കാത്ത ആ നശിച്ച കോടതി വിധിയേക്കുറിച്ചും,നമ്മുടെ സർക്കാർ വക്കീൽ തോമയേക്കുറിച്ചുമാകട്ടെ അടുത്ത വൈറൽ പോസ്റ്റെന്ന് ആശിക്കുന്നു.

  ReplyDelete
 8. വെറുതെ പഴംങ്കഥ കേട്ട് ലൈഫിൽ
  നിന്നും അമ്പത് കൊല്ലം പോയി കിട്ടി എന്ന്
  പറഞ്ഞാൽ മതിയല്ലോ . ഇനി നമുക്ക് ഈ ന്യൂ-ജെൻ
  കഥ മാത്രം ഫോളോ ചെയ്‌താൽ മതി അല്ലെ

  ReplyDelete