Thursday, 23 February 2017

നിലനിൽക്കണോ, നമ്മുടെ നാടിന്റെ സംസ്കാരം?!

പ്രിയ ചങ്ക് ബ്രോസ്,

പൂരത്തിന്റെ പൊലിമ കുറയുന്നതിൽ എനിക്കും വിഷമമുണ്ട്. പാണ്ടിയും പഞ്ചാരിയും തീർക്കുന്ന മേളപ്രപഞ്ചവും കുടമാറ്റത്തിന്റെ വർണവിസ്മയങ്ങളും ഹൃദയതാളങ്ങളെ പ്രകമ്പനം കൊള്ളിക്കുന്ന വെടിക്കെട്ടും പകരം വയ്ക്കാൻ ഇല്ലാത്ത അനുഭവങ്ങളാണ്. ഒരു ജനതയുടെ വികാരവും ആവേശവുമാണ് ആണ്ടിലൊരിക്കലെത്തുന്ന പൂരം. പൂരത്തിനെത്തുന്ന പുരുഷാരം തന്നെയാണ് തെളിവ്.


പക്ഷേ, ഇന്നത്തെ ഹർത്താലിന് എന്റെ പിന്തുണയില്ല.

പൂരത്തിന്, കരിയും കരിമരുന്നും വേണ്ട എന്നു പറഞ്ഞാൽ ആരെങ്കിലും സമ്മതിക്കുമോ?! അപ്പൊ എന്ത് ചെയ്യും? പുതിയൊരു ടാഗ് ലൈൻ ഉണ്ടാക്കും. "നിലനിൽക്കണം നമ്മുടെ നാടിന്റെ സംസ്കാരം!".

ഈ സംസ്കാരം എന്നത്, കല്ലിൽ കൊത്തി വച്ച പോലെ, കാലാകാലം മാറ്റമില്ലാതെ നിലനിൽക്കേണ്ട ഒന്നാണ് എന്നാണ് തൃശൂർ പൂരത്തെ കുറിച്ചുള്ള പ്രതികരണങ്ങൾ കാണുമ്പോൾ മനസിലാവുന്നത്. ആനയും കരിമരുന്നും ഒഴിവാക്കുന്നത് ആചാരങ്ങളുടെ ലംഘനമാണ് എന്ന വാദം മുതൽ, അങ്ങനെയെങ്ങാനും സംഭവിച്ചാൽ അത് ചെയ്തവരുടെ കയ്യും കാലും തല്ലിയൊടിക്കും എന്ന വീരവാദം വരെ പ്രതികരണങ്ങൾ നിരവധിയാണ്. കുതിരവട്ടം പപ്പുച്ചേട്ടൻ പറഞ്ഞ പോലെ, ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയാൽ തവിടുപൊടിയാകുന്ന എഞ്ചിൻ ആണ് നമ്മുടെ സംസ്കാരം എങ്കിൽ തൃശൂർ പൂരം ഉണ്ടാവുകയേ ഇല്ലായിരുന്നു!

പണ്ട്, തൃശൂർ ജില്ലയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു ആറാട്ടുപുഴ പൂരം. തൃശൂരും തൃപ്രയാറും ഒക്കെ ഉള്ള ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പുകൾ ആറാട്ടുപുഴയിൽ എത്തി പൂരത്തിൽ പങ്കെടുക്കാറാണ് പതിവ്. ഒരിക്കൽ മഴ കാരണം ആറാട്ടുപുഴ പൂരത്തിന് സമയത്ത് എത്തിച്ചേരാത്തതിനാൽ തൃശൂർ വിഭാഗക്കാരെ എഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. അങ്ങനെ തൃശൂർ ദേശക്കാർ ശക്തൻ തമ്പുരാനോട് പരാതി പറയുകയും 1798 ൽ തൃശ്ശൂരിലെ പത്ത് ദേശക്കാരെ ഉൾപ്പെടുത്തി അദ്ദേഹം തൃശൂർ പൂരം തുടങ്ങി വെച്ച് എന്നുമാണ് ചരിത്രം.


അതായത് 1797 വരെ തൃശൂർ പൂരം നമ്മുടെ ജീവിതത്തിന്റെ ഭാഗം അല്ലായിരുന്നു!
1936 വരെ  താഴ്ന്ന ജാതിക്കാരുടെ ക്ഷേത്രപ്രവേശനം നമ്മുടെ സംസ്കാരത്തിന്റെ ഭാഗം അല്ലായിരുന്നു.
1947 ൽ കമ്പക്കുടി കുളത്തുർ ശ്രീനിവാസ അയ്യർ ഹരിവരാസനം എഴുതുന്നത് വരെ ശബരിമലയിൽ നടയടക്കുമ്പോൾ പാടിയിരുന്നത് ഈ കീർത്തനം അല്ലായിരുന്നു.
ഏതാനും കൊല്ലം മുമ്പ് വരെ ഗുരുവായൂർ ക്ഷേത്രത്തിൽ ചുരിദാർ ധരിച്ചു കയറുന്നത് ആചാരപരമല്ലായിരുന്നു.
നരബലിയും മൃഗബലിയും നടത്തിയിരുന്ന ക്ഷേത്രങ്ങളിൽ ഇന്ന് നടക്കുന്നത് ചുണ്ണാമ്പും മഞ്ഞളും ചേർത്ത് ചുവപ്പിച്ച വെള്ളത്തിൽ കുമ്പളങ്ങ അരിഞ്ഞു നടത്തപ്പെടുന്ന ഗുരുതിയാണ്.
ഇതെല്ലാം അതാത് കാലത്തെ കമ്മിറ്റിക്കാരെയും അനുകൂലികളെയും ചൊടിപ്പിച്ചിട്ടുണ്ടാവും. എന്നാൽ ഒരു സമൂഹത്തിന്റെ സുരക്ഷയും പുരോഗമന ആശയങ്ങളും മുൻനിർത്തി എത്രയോ ആചാരങ്ങളിൽ നമ്മൾ മാറ്റം വരുത്തി?

അങ്ങനെ വിവിധ മതങ്ങളിലും ജാതികളിലും ആഘോഷങ്ങളിലും ജീവിതരീതിയിലും ഒക്കെ കാലക്രമത്തിൽ സംഭവിച്ച മാറ്റങ്ങൾ നിരത്താൻ തുടങ്ങിയാൽ, പ്രാചീന ശിലായുഗം മുതലുള്ള കാര്യങ്ങൾ എഴുതേണ്ടി വരും. നാടിന്റെ നന്മയും നാട്ടുകാരുടെ സൗകര്യവും മുതൽ, വൈദേശിക ആക്രമണങ്ങളും മറ്റ് സംസ്കാരങ്ങളുടെ സ്വാധീനവും വരെ, ഓരോ നാട്ടുകാരും പിന്തുടർന്നു പോരുന്ന ജീവിതരീതിയെയും സംസ്കാരത്തെയും സ്വാധീനിച്ചിട്ടുണ്ട്.

കേരളീയരുടെ പൊതുജീവിതത്തിലും ഇത്തരം നിരവധിയായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അങ്ങനെയാണ് കസവുമുണ്ടും ഓട്ടുവിളക്കും സദ്യയും ആനയും വെടിക്കെട്ടും ഒക്കെ നമ്മുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായത്. ഇതെല്ലാം ആദിമകാലം മുതൽക്കേ ഇങ്ങനെയായിരുന്നു എന്ന് ചിന്തിക്കുന്നതും ഇനി എക്കാലവും ഇങ്ങനെ തന്നെയായിരിക്കും എന്ന് ചിന്തിക്കുന്നതും ഒരു പോലെ വിഡ്ഢിത്തമാണ്. കാരണം, മാറ്റം പ്രകൃതി നിയമമാണ്.

പൂരം ആരംഭിച്ച നാൾ മുതൽ ഇന്നു വരെ തേക്കിൻ കാടിന്റെ വിസ്തൃതി കുറഞ്ഞതല്ലാതെ ഒട്ടും കൂടിയിട്ടില്ല. എന്നാൽ ജനസംഖ്യയും കെട്ടിടങ്ങളുമൊക്കെ പത്തും നൂറും മടങ്ങു വർദ്ധിച്ചു. വെടിക്കെട്ടിന്റെ ഗാംഭീര്യവും ആനകളുടെ തലയെടുപ്പും വർധിപ്പിക്കാൻ വർഷാവർഷം ശ്രമം നടക്കുന്നു. എന്നാൽ, ഒരു തീപിടുത്തമോ മറ്റോ ഉണ്ടായാൽ ശാസ്ത്രീയമായി അത് കൈകാര്യം ചെയ്യാൻ ഉള്ള ഉപാധികൾ മിക്ക കെട്ടിടങ്ങളിലും ഇല്ല. ജനങ്ങൾക്ക് ഒന്ന് ചിതറിയോടാൻ പോലും സ്ഥലവുമില്ല. എന്നിട്ടും, പൂരത്തിന്റെ പേരിൽ തൃശൂരുകാർ ഹർത്താൽ നടത്തുന്നുണ്ടെങ്കിൽ അത് ഹൃദയം കൊണ്ട് ചിന്തിക്കുന്നത് കൊണ്ടാണ്. എന്നാൽ ഇവിടെ വേണ്ടത് തലച്ചോറ് കൊണ്ടുള്ള ചിന്തയും പ്രവൃത്തിയുമാണ്. മനുഷ്യൻ സൃഷ്ടിച്ചെടുത്ത ആചാരങ്ങളും നിയമങ്ങളും എല്ലാം, അതാത് കാലത്തെ, സാമൂഹികവും സുരക്ഷാപരവുമായ കാരണങ്ങളാൽ, മാറ്റേണ്ടി വന്നിട്ടുണ്ട്. ആനയും വെടിക്കെട്ടും നിയന്ത്രിക്കണം എന്ന് പറയുന്നതും അതേ കാരണങ്ങൾ കൊണ്ട് തന്നെയാണ്.


പരമ്പരാഗതമായി വെടിമരുന്നിന്റെ മേഖലയിൽ ജോലി ചെയ്യുന്നവരുടെ അനുഭവസമ്പത്തിലാണ് നമ്മുടെ വിശ്വാസം. പൊട്ടിത്തെറിയുണ്ടാവുന്നതിന് തൊട്ടുമുമ്പ് വരെ പുറ്റിങ്ങൽ ക്ഷേത്രത്തിലെ കരിമരുന്നു തൊഴിലാളികളും കേമന്മാരായിരുന്നു. ഇടയുന്നതിന് തൊട്ടുമുമ്പ് വരെ കൊലയാളി ആനകളെല്ലാം കണ്ണിലുണ്ണികളായിരുന്നു. അതുകൊണ്ട്, ഇക്കാര്യങ്ങളിൽ കൂടതൽ ശാസ്ത്രീയതയും സുരക്ഷയും ഉറപ്പാക്കുന്നത് വരെ നിയന്ത്രണങ്ങൾ നല്ലതാണ് എന്നാണു എന്റെ വിനീതമായ അഭിപ്രായം.

വാഹനാപകടങ്ങൾ നടന്നിട്ടും വണ്ടി നിരോധിക്കുന്നുണ്ടോ എന്നൊന്നും ചോദിച്ചു വന്നേക്കരുത്. പല അപകടങ്ങളിൽ നിന്നും പാഠം പഠിച്ചിട്ടാണ് റോഡിൽ വേഗ നിയന്ത്രണവും, വാഹനങ്ങളിൽ സ്പീഡ് ഗവർണറും ഒക്കെ വച്ചിരിക്കുന്നത്. ആദ്യകാല വാഹനങ്ങളിൽ നിന്നും എത്രയോ സുരക്ഷാ ഉപകരണങ്ങൾ പുതിയ വാഹനങ്ങളിൽ ഉൾപ്പെടുത്തി. പുതിയ പരിഷ്കാരങ്ങളും നിയന്ത്രണങ്ങളും ഇനിയും വരിക തന്നെ ചെയ്യും. ഇത്തരം ശാസ്ത്രീയ മാർഗങ്ങൾ പൂരത്തിനും ആവശ്യമാണ് എന്നേ പറയുന്നുള്ളൂ. അതുപോലെ തന്നെ മൃഗങ്ങളുടെ സുരക്ഷയും അവകാശവും സംബന്ധിച്ച നവോത്ഥാനചിന്തകളും നിയമങ്ങളും ലോകമെങ്ങും നടപ്പാക്കുന്നു. നമുക്കും നല്ലതിനായി മാറേണ്ടേ? മാറണം. മാറ്റം പ്രകൃതി നിയമമാണ്! 

ഇപ്പോഴുള്ളതിനേക്കാൾ മനോഹരവും സുരക്ഷിതവും ശാസ്ത്രീയവുമായ പൂരത്തിനായി നമുക്ക് ഒന്നിച്ചു കൈകോർക്കാം. രാഷ്ട്രീയത്തിനും വിലപേശലിനും വികാരത്തിനും അപ്പുറത്ത്, ആരോഗ്യകരമായ സംവാദങ്ങൾ തുടരട്ടെ.
സ്നേഹപൂർവം,
കൊച്ചു ഗോവിന്ദൻ.

2 comments:

 1. കൊച്ചുഗോവിന്ദൻ !!!!!!!!!ഗർ ർ ർ ർ!!!!

  ReplyDelete
 2. ഭാവിയിൽ ഒരു പക്ഷെ
  ആധുനിക സാങ്കേതിക മികവുകളോടെയുള്ള
  ഇലക്ട്രോണിക്‌സ് ഫയർ വർക്സും മറ്റുമൊക്കെയുള്ള
  ഒരു തൃശൂർ പൂരം അരങ്ങേറുമായിരിക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം
  അല്ലെ കൊച്ചു

  ReplyDelete