Wednesday, 14 December 2016

മേരീ പ്യാരീ ദേശ് വാസിയോം...

മേരീ പ്യാരീ ദേശ് വാസിയോം,

നമ്മുടെ നാട്ടിൽ ഈയിടെ നടന്നു കൊണ്ടിരിക്കുന്ന ചില അസാധാരണസംഭവങ്ങളുടെ ഇടയിൽപെട്ട് രാജ്യദ്രോഹി എന്ന് മുദ്ര കുത്തപ്പെടുന്നവരുടെ എണ്ണം നിത്യേന വർധിക്കുകയാണല്ലോ. ഈയവസരത്തിൽ, എല്ലാവരെയും രാജ്യസ്നേഹം പഠിപ്പിക്കാനും, ഭരണകൂടം ആഗ്രഹിക്കുന്ന രീതിയിലുള്ള ഉത്തമപൗരന്മാരെ വളർത്തിയെടുക്കാനുമായി ചില പൊടിക്കൈകൾ നിർദേശിക്കുകയാണ്. ഈ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിച്ചാൽ നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമാകും എന്ന കാര്യത്തിൽ സംശയമില്ല.

 1.പുലർച്ചെ 'ടിർണീം ടിർണീം' എന്ന ബോറൻ അലാറത്തിനു പകരം 'വന്ദേ മാതരം', 'ചക്ദേ  ഇന്ത്യ' മുതലായ  ഗാനങ്ങൾ സെറ്റ് ചെയ്താൽ ദേശസ്നേഹം ഷാംപെയ്ൻ കുപ്പി കുലുക്കി തുറന്ന പോലെ നുരഞ്ഞൊഴുകുന്നതായിരിക്കും. മെസേജ് ടോൺ, 'ഇന്ത്യ എന്റെ രാജ്യമാണ്' എന്ന പ്രതിജ്ഞയാക്കി മാറ്റേണ്ടതും ആകുന്നു. ഇത് യുനെസ്കോയുടെ രാജ്യസ്നേഹ സപ്രിട്ടിക്കറ്റ് നേടിയ ഉത്തേജന പദ്ധതിയാണ്.

2. പാടത്ത് പണിയെടുക്കുന്ന കോടിക്കണക്കിന് ദരിദ്രകർഷകർക്ക് ദേശസ്നേഹം  വളർത്താൻ ആരും ഹർജി കൊടുക്കാത്തതിൽ നമ്മൾ കുണ്ഠിതപ്പെടണം. അത്തരക്കാർക്ക് പാടം, പറമ്പ്, ചന്ത, ബസ് സ്റ്റാൻഡ്, ആരാധനാലയങ്ങൾ മുതലായ സ്ഥലങ്ങളിൽ ദേശീയഗാനം കേൾപ്പിക്കാൻ അവസരമൊരുക്കണം. സിനിമ കാണുന്നവർ മാത്രം അങ്ങനെ വല്യ ദേശസ്നേഹി ആവുന്നത് സമത്വത്തിന് എതിരാണ്. പക്ഷേ, സർക്കാരാപ്പീസിൽ കിടന്നുറങ്ങുന്ന പാവങ്ങളെ ഇത് കേൾപ്പിച്ച്, അവരുടെ ഉറക്കം കളയരുത്.

3. നോട്ട് നിരോധനം വഴിയുള്ള ദുരിതങ്ങൾ സാധാരണക്കാർ നിത്യേന അനുഭവിക്കുകയാണെന്നും ഭൂരിഭാഗം പണവും ബാങ്കിൽ തിരിച്ചെത്തിയതോടെ വലിയ കള്ളപ്പണക്കാർ രക്ഷപ്പെട്ടു എന്നും പറയുന്നവനെ എവിടെ കണ്ടാലും അഹങ്കാരി, വിവരമില്ലാത്തവൻ, രാജ്യദ്രോഹി എന്നീ മുദ്രകളിൽ ഏതെങ്കിലും ഒന്ന് എടുത്ത് കുത്താവുന്നതാണ്. ആ കുത്ത് പേടിച്ച് അവരും എത്രയും പെട്ടന്ന് വായടച്ച് രാജ്യസ്നേഹി ആകും എന്നാണ് രാജ്യസ്നേഹികൾക്ക് വേണ്ടി രാജ്യസ്നേഹികൾ തന്നെ ഉണ്ടാക്കിയ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

4. രാജ്യത്തിൻറെ നന്മയ്ക്ക് വേണ്ടി സാധാരണക്കാർ കുറച്ച് കഷ്ടപ്പാട് സഹിക്കണം എന്ന് പറയുന്ന സിൽമാ നടന്മാർ, ക്രിക്കറ്റ് താരങ്ങൾ, കോർപ്പറേറ്റു തലവന്മാർ എന്നിവരെ വിമർശിക്കാൻ പാടില്ല. കോടിക്കണക്കിന് രൂപ പ്രതിഫലം പറ്റുന്ന അവരുടെ കയ്യിൽ ദരിദ്രനാരായണന്മാരുടെ വേദനയും ദുരിതവും അറിയാനുള്ള ദുരിതോമീറ്റർ എന്ന യന്ത്രമുണ്ട്. അതുവച്ച് അളന്നു നോക്കിയിട്ടാണ് അവർ ബ്ലഡി കൺട്രികളായ സാധാരണക്കാരോട് സഹിക്കാൻ പറയുന്നത്.  അതവരുടെ അഭിപ്രായ സ്വാതന്ത്ര്യവും നമ്മൾ എതിരഭിപ്രായം പറയുന്നത് രാജ്യദ്രോഹവും ആകുന്നു.

5. മണിക്കൂറുകളോളം ക്യൂവിൽ നിന്ന് ആരെങ്കിലും തളർന്നു വീണാൽ അവരെ കവച്ചു വെച്ച് മുന്നേറാൻ പ്രത്യേക പരിശീലനം നേടേണ്ടതാണ്. ഇതിനായി മണിച്ചിത്രത്താഴിൽ, ലാലേട്ടൻ വെള്ളം വെള്ളം എന്ന് പറയുമ്പോൾ, കുതിരവട്ടം പപ്പുച്ചേട്ടൻ നടക്കുന്ന വീഡിയോ കണ്ടാൽ മതി. തളരുന്നതും മൃതിയടയുന്നതുമൊക്കെ രാജ്യത്തിന് വേണ്ടിയാണല്ലോ എന്നോർത്താൽ അവരെ സഹായിച്ചില്ലല്ലോ എന്ന കുറ്റബോധം പമ്പ കടക്കുകയും ദേശസ്നേഹം നിറയുകയും ചെയ്യും.


6. വിവരമുള്ളവർ എന്ത് പറഞ്ഞാലും അതിനെതിരെ ഉടായിപ്പ് ന്യായങ്ങൾ പഠിച്ചു വെക്കേണ്ടത് ഒരു രാജ്യസ്നേഹിയുടെ കടമയാണ്. ഉദാഹരണത്തിന്, ഡിസംബർ 31 ന് ശേഷവും പ്രശ്നങ്ങൾ തീരില്ല എന്ന് പറയുന്നവരോട് എല്ലാ വർഷവും ഡിസംബർ 31 ഉണ്ടല്ലോ എന്ന് പറഞ്ഞിട്ട് സലിം കുമാർ ശൈലിയിൽ 'ഉഹു ഉഹു' എന്ന് ചിരിച്ച് സ്ഥലം കാലിയാക്കുക. പ്രശ്നങ്ങൾ എന്ന് തീരുമെന്ന് ഭാരത് മാതായ്ക്ക് പോലും നിശ്ചയമില്ല. അതുകൊണ്ട് കൂടുതൽ ഡയലോഗ് അടിച്ച് സീൻ ചളമാക്കാതിരിക്കുന്നതാണ് നല്ലത്.

7. രണ്ടായിരത്തിന്റെ നോട്ട് ഇറക്കിയത് കള്ളനോട്ടുകാർക്ക് ഉപകാരമായി എന്ന് വിമർശിച്ചാൽ, ചില്ലറ കിട്ടാതെ ആ കള്ളനോട്ട് ചിതല് പിടിച്ച് നശിക്കും എന്ന് പറയണം. പാകിസ്ഥാനിൽ നിന്നും ആയിരത്തിന്റെ രണ്ടു കണ്ടെയ്‌നർ നോട്ട് ഇറക്കുന്നതിനു പകരം രണ്ടായിരത്തിന്റെ ഒരു കണ്ടെയ്‌നർ ഇറക്കിയാൽ മതി എന്ന് വിമർശിച്ചാൽ, അതുകൊണ്ടാണ് പതിനായിരത്തിന്റെ നോട്ട് ഇറക്കാത്തത് എന്ന് പറയണം. പതിനായിരത്തിന്റെ ഒരു കണ്ടെയ്‌നർ നോട്ടിന് പകരം അവർ രണ്ടായിരത്തിന്റെ അഞ്ച് കണ്ടെയ്‌നർ നോട്ടിറക്കി കഷ്ടപ്പെടും എന്ന് വെച്ച് കാച്ചണം.

8. നോട്ട് പിൻവലിച്ച നടപടിയെ ആരെങ്കിലും legalised blunder എന്നോ organised loot എന്നോ പറഞ്ഞാൽ ഉടനെ "മേരെ പ്യാരീ ദേശ് വാസിയോം..." എന്ന് പറഞ്ഞു പൊട്ടിക്കരയേണ്ടതാകുന്നു. രാജ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും തെളിവാണ് പൊട്ടിക്കരച്ചിൽ എന്ന് എക്കണോമിസ്റ്റുകളും സൈക്കോളജിസ്റ്റുകളും കൂടി കണ്ടെത്തിയിട്ടുണ്ട്.

9. തീയേറ്ററിൽ ജനഗണമന പാടണമെന്ന കോടതി വിധിയെ വിമർശിക്കുന്നവരോട്, 'രാജ്യദ്രോഹികൾ പാകിസ്ഥാനിലേക്ക് പോകണം' എന്ന പഴകിയ ഡയലോഗ് പറഞ്ഞു ചളമാക്കരുത്. പകരം, 'ജനഗണമന പാടി അതിന്റെ അർത്ഥവും പറഞ്ഞിട്ട് പോയാൽ മതി' എന്ന് മുഷ്ടി ചുരുട്ടി സൗമ്യമായി ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ അവരെ പോലീസിനെ കൊണ്ട് പിടിപ്പിക്കുകയോ വേണം.



10. ദേശസ്നേഹം എന്ന് വെച്ചാൽ, ഭരണാധികാരികളുടെ നയങ്ങളെ തൊണ്ട തൊടാതെ വിഴുങ്ങുന്ന വിധേയത്വമാണ് എന്ന ധാരണ പരമാവധി പ്രചരിപ്പിക്കാൻ ശ്രമിക്കണം. നിരന്തരമായ സംവാദങ്ങളിലൂടെ സമൂഹത്തിൽ രൂപപ്പെടുന്ന ധാരണകൾ ദേശസ്നേഹികളായ നമ്മളുടെ അജണ്ടകളെ  തകർത്തു കളയാൻ അനുവദിക്കരുത്. നമ്മൾ പിടിക്കുന്ന കഴുതയ്ക്ക് മൂന്നു കൊമ്പും നമ്മുടെ രാജാവിന്റെ നഗ്നത ഏറ്റവും മികച്ച വസ്ത്രവുമാകുന്നു.

ഇത് വായിച്ചു കഴിഞ്ഞ ഉടനെ എല്ലാവരും എണീറ്റ് അറ്റൻഷനായി നിന്ന് ദേശീയഗാനം ഉറക്കെ ചൊല്ലേണ്ടതാണ്.
ഭാരത് മാതാ കീ ജയ്.

Tuesday, 15 November 2016

ഡിങ്കാഷ്ടോത്തര ശതനാമാവലി

ദൈവപുത്രനും ദൈവവും സർവോപരി, സകല ദൈവങ്ങളുടെയും അച്ഛനുമായ ഡിങ്കന് സ്തുതിയായിരിക്കട്ടെ. (Cheese Be Upon Him - CBUH)

സൂർത്തുക്കളെ,
ശക്തരിൽ ശക്തനും എതിരാളിക്കൊരു പോരാളിയും അഖിലാണ്ഡമണ്ഡല കപ്പത്തോട്ടങ്ങളുടെയും അധിപനുമായ ഡിങ്കന്റെ നൂറ്റിയെട്ട് വിശുദ്ധനാമങ്ങൾ ഉൾപ്പെടുത്തി, ഡിങ്കാഷ്ടോത്തര ശതനാമാവലി എഴുതുവാനുള്ള മഹാഭാഗ്യം ഈ കൊച്ചുഗോവിന്ദന്  കൈവന്നിരിക്കുകയാണ്. ഡിങ്കന് സ്തോത്രം! ഡിങ്കലൂയ! ഡിങ്കലൂയ!



ഈ തിരുനാമങ്ങളിൽ ഡിങ്കന്റെ വിവിധ പേരുകൾ, സവിശേഷതകൾ, ഇഷ്ടാനിഷ്ടങ്ങൾ, അവതാരങ്ങൾ, പേഴ്‌സണാലിറ്റി, ആറ്റിട്യൂഡ്, വീരസാഹസങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ, പങ്കിലവാസനും എലിയുഗവരദനുമായ മുത്ത് ഡിങ്കന്റെ നാമങ്ങൾ എത്ര വാഴ്ത്തിയാലും തീരില്ലെന്ന് ഏവർക്കും അറിയാമല്ലോ. അതുകൊണ്ട്, ആർക്കുവേണമെങ്കിലും ഈ നാമാവലിയുടെ കൂടെ പുതിയ പേരുകൾ എഴുതിച്ചേർത്ത് ഡിങ്കന്റെ പ്രീതിക്ക് പാത്രമോ കലമോ ഒക്കെ ആകാവുന്നതാണ്. ദീർഘിപ്പിക്കുന്നില്ല, വലിയ ഒരു തപസ്യയുടെ ഫലം ലോകനന്മയ്ക്കായി ഞാൻ ഇതാ സമർപ്പിക്കുന്നു. അനുഗ്രഹിച്ചാലും!

മൂലമന്ത്രം 

ഡിങ്കായ ഡിങ്കഭദ്രായ ഡിങ്കചന്ദ്രായ വേധസേ |
മിട്ടുനാഥായ നാഥായ പങ്കിലാധിപതേ നമഃ (CBUH) ||

കൊച്ചുഗോവിന്ദകൃതം ശ്രീമദ് ഡിങ്കാഷ്ടോത്തരശതനാമാവലി 
  1. ഡിം ഡിങ്കായ നമഃ 
  2. ഡിം ഡിങ്കദേവായ നമഃ 
  3. ഡിം ദൈവപുത്രായ നമഃ 
  4. ഡിം ദൈവ അച്ഛായ നമഃ 
  5. ഡിം പരിശുദ്ധ ഡിങ്കായ നമഃ 
  6. ഡിം ഡിങ്കാഹു ഡിങ്കായ നമഃ 
  7. ഡിം ഡിങ്കൻ(സ) യ നമഃ 
  8. ഡിം മുത്ത് ഡിങ്കായ നമഃ 
  9. ഡിം മാഷാ ഡിങ്കായ നമഃ 
  10. ഡിം ഹെഡ്മാസ്റ്ററാ ഡിങ്കായ നമഃ 
  11. ഡിം പ്രിൻസിപ്പാളാ ഡിങ്കായ നമഃ 
  12. ഡിം ശ്രീഡിങ്കായ നമഃ
  13. ഡിം ഡിങ്കാത്മനേ നമഃ 
  14. ഡിം ശക്തായ നമഃ 
  15. ഡിം ശക്തരിൽ ശക്തായ നമഃ 
  16. ഡിം എതിരാളിക്കൊരു പോരാളിയായ നമഃ 
  17. ഡിം മിട്ടുമിത്രായ നമഃ 
  18. ഡിം മിട്ടേശായ നമഃ 
  19. ഡിം മിട്ടുരക്ഷകായ നമഃ 
  20. ഡിം മിട്ടുപ്രിയായ നമഃ 
  21. ഡിം മിട്ടുനാഥായ നമഃ 
  22. ഡിം മിട്ടുപൂജിതായ നമഃ 
  23. ഡിം പങ്കില രക്ഷകായ നമഃ 
  24. ഡിം പങ്കിലേന്ദ്രായ നമഃ 
  25. ഡിം പങ്കിലവാസായ നമഃ 
  26. ഡിം കാനനവാസായ നമഃ 
  27. ഡിം എലിയുഗവരദായ നമഃ 
  28. ഡിം പങ്കിലേശായ നമഃ 
  29. ഡിം പങ്കിലാധിപതേ നമഃ 
  30. ഡിം പങ്കില പുംഗവായ നമഃ 
  31. ഡിം മൃഗാധിപായ നമഃ 
  32. ഡിം മൃഗനാഥായ നമഃ 
  33. ഡിം എലിനാഥായ നമഃ 
  34. ഡിം മൂഷികേശായ നമഃ 
  35. ഡിം വിശുദ്ധ തൊരപ്പായ നമഃ 
  36. ഡിം മഹാതൊരപ്പായ നമഃ 
  37. ഡിം ചുണ്ടെലിരൂപായ നമഃ 
  38. ഡിം പെരുച്ചാഴി നാഥായ നമഃ 
  39. ഡിം എലിവിഷഹാരയേ നമഃ 
  40. ഡിം ഭൂഗർഭവാസായ നമഃ 
  41. ഡിം അണ്ടർവേൾഡ് കിങ്ങായ നമഃ 
  42. ഡിം അധോലോകാധിപതയേ നമഃ 
  43. ഡിം കപ്പ പ്രിയായ നമഃ 
  44. ഡിം കെഴങ്ങേശ്വരായ നമഃ 
  45. ഡിം കപ്പത്തോട്ടവാസായ നമഃ 
  46. ഡിം കരണ്ട് തീറ്റ വീരായ നമഃ 
  47. ഡിം തേങ്ങാപ്പൂൾ തത്പരായ നമഃ 
  48. ഡിം ഉണക്കമീൻ കൊതിയായ നമഃ 
  49. ഡിം ചക്ക പ്രിയായ നമഃ 
  50. ഡിം പത്തായവാസിനേ നമഃ 
  51. ഡിം നെല്ല് തീറ്റ പ്രിയായ നമഃ 
  52. ഡിം ജെറിനേ നമഃ 
  53. ഡിം ടോം പീഢകായ നമഃ 
  54. ഡിം മിക്കി മൗസായ നമഃ 
  55. ഡിം ഡിസ്‌നി പൂജിതായ നമഃ 
  56. ഡിം സ്റ്റുവർട്ട് ലിറ്റിലായ നമഃ 
  57. ഡിം പീതാംബരധരായ നമഃ 
  58. ഡിം റെഡ് അണ്ടർവെയർധരായ നമഃ 
  59. ഡിം അല്പവസ്ത്ര പ്രിയായ നമഃ 
  60. ഡിം രക്തവർണ ജെട്ടി പ്രിയായ നമഃ 
  61. ഡിം പാന്റ് വിരുദ്ധായ നമഃ 
  62. ഡിം ടൈറ്റ് ബനിയപ്രിയായ നമഃ 
  63. ഡിം കട്ട മസിലായ നമഃ 
  64. ഡിം രക്തവർണ ഷാൾധരായ നമഃ 
  65. ഡിം ബ്ലാക്ക് ബെൽറ്റ് വീരായ നമഃ 
  66. ഡിം ഷൂധരായ നമഃ 
  67. ഡിം ആനച്ചെവിയായ നമഃ 
  68. ഡിം ദീർഘമൂക്കായ നമഃ 
  69. ഡിം ഉണ്ടക്കണ്ണായ നമഃ 
  70. ഡിം കുഞ്ഞിക്കാലായ നമഃ 
  71. ഡിം നെഞ്ചത്തെ സ്റ്റാറായ നമഃ 
  72. ഡിം സൂപ്പർ സ്റ്റാറായ നമഃ 
  73. ഡിം ജനപ്രിയായ നമഃ 
  74. ഡിം സ്റ്റൈൽ മന്നായ നമഃ 
  75. ഡിം മെഗാസ്റ്റാറായ നമഃ 
  76. ഡിം യൂണിവേഴ്സൽ സ്റ്റാറായ നമഃ 
  77. ഡിം ദി കമ്പ്ലീറ്റ് ഗോഡായ നമഃ 
  78. ഡിം ഡിങ്കഭദ്രായ നമഃ 
  79. ഡിം ഡിങ്കചന്ദ്രായ നമഃ 
  80. ഡിം ഡിങ്കബുധായ നമഃ 
  81. ഡിം ഡിങ്കശുക്രായ നമഃ  
  82. ഡിം ഡിങ്കചൊവ്വായ നമഃ 
  83. ഡിം ഡിങ്കവ്യാഴായ നമഃ 
  84. ഡിം ഡിങ്കശനയെ നമഃ 
  85. ഡിം ഫ്ളയിങ് റാറ്റായ നമഃ 
  86. ഡിം ബാലമംഗളാധിപതയേ നമഃ 
  87. ഡിം കോമിക് പ്രിയായ നമഃ 
  88. ഡിം ട്രോൾ തത്പരായ നമഃ 
  89. ഡിം ന്യൂജൻ ഗോഡായ നമഃ 
  90. ഡിം വിമർശന പ്രിയായ നമഃ 
  91. ഡിം വിമർശന വിധേയായ നമഃ 
  92. ഡിം സഹിഷ്ണുതേശ്വരായ നമഃ 
  93. ഡിം നിരീശ്വരായ നമഃ 
  94. ഡിം ഡിങ്കോയിസ്റ്റ് രക്ഷകായ നമഃ 
  95. ഡിം കാലാനുസൃത മാറ്റപ്രിയായ നമഃ 
  96. ഡിം മൂഷിക സേനാധിപായ നമഃ 
  97. ഡിം റിയലിസ്റ്റിക് വചനപ്രിയായ നമഃ 
  98. ഡിം മതകോപ്രായ വിരുദ്ധായ നമഃ 
  99. ഡിം മധ്യസ്ഥ വിഹീനായ നമഃ 
  100. ഡിം കോമൺസെൻസേശ്വരായ നമഃ 
  101. ഡിം ടെക്നോളജീശായ നമഃ 
  102. ഡിം സോഷ്യൽമീഡിയ പ്രിയായ നമഃ 
  103. ഡിം ജനാധിപത്യ വിധേയായ നമഃ
  104. ഡിം ബേബിനാ രൂപീകൃതായ നമഃ 
  105. ഡിം സോമശേഖരേണ വിരചിതായ നമഃ  
  106. ഡിം ഏലിയനേന പരീക്ഷിതായ നമഃ 
  107. ഡിം അനീതി വിനാശകായ നമഃ 
  108. ഡിം സ്നേഹദൂത നാഥായ നമോ നമഃ 
ഇതി ശ്രീ ഡിങ്കാഷ്ടോത്തര ശതനാമാവലി സമാപ്തം 

ഫലശ്രുതി 


ഈ തിരുനാമങ്ങൾ ഉരുവിട്ടുകൊണ്ട് കപ്പത്തണ്ട് നട്ട് നന്നായി പരിചരിച്ചാൽ
ഏതാനും ആഴ്ചകൾക്കുള്ളിൽ നല്ല മുഴുത്ത കപ്പ വിളവെടുക്കാവുന്നതാണ്.
ഈ നാമങ്ങൾ പാരായണം ചെയ്യുന്ന വിദ്യാർത്ഥികൾ നന്നായി പഠിച്ചാൽ പരീക്ഷയിൽ മികച്ച വിജയം കൈവരുമെന്നതിൽ സംശയമില്ല. ഈ മന്ത്രങ്ങൾ ഉരുവിടുന്ന രോഗികൾ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങി കഴിച്ചാൽ രോഗം മാറുന്നതാണ്. അതുപോലെ, ഡിങ്കാഷ്ടോത്തര ശതനാമാവലി വായിച്ച് സ്വന്തം ജോലികൾ ഭംഗിയായി ചെയ്യുന്നവരുടെ ജീവിതം വലിയ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ടു പോകുന്നതുമാണ്.

ജീവിതത്തിലെ എല്ലാ നല്ല വശങ്ങളുടെയും ക്രെഡിറ്റ് ഡിങ്കന്റെ നെഞ്ചത്തോട്ട് അഥവാ നക്ഷത്രാങ്കിതമായ ആ തിരുമാറിലേക്ക് ചാർത്തിക്കൊടുക്കാൻ മറക്കരുത്. അങ്ങനെയുള്ളവർ ചത്ത് പങ്കിലക്കാട്ടിൽ എത്തിക്കഴിയുമ്പോൾ അമ്പത് ശതമാനം ഡിസ്‌കൗണ്ടിൽ കപ്പയും ഉണക്കമീനും ലഭിക്കുമെന്ന കാര്യം ബാലമംഗളം പതിനൊന്നാം അധ്യായം ഏഴാം വാക്യത്തിൽ പറയുന്നുണ്ട്. എത്ര കഷ്ടപ്പെട്ടിട്ടും ജീവിതം കട്ടപ്പൊകയാണെങ്കിൽ അതെല്ലാം ഭഗവാൻ ഡിങ്കന്റെ പരീക്ഷണമായിക്കരുതി പിന്നേം പിന്നേം ഡിങ്കനെ പുകഴ്ത്തിക്കൊണ്ടിരിക്കേണ്ടതാണ്. കാരണം, സുഖിപ്പിക്കലും വാഴ്ത്തലും ഏത് ദൈവത്തിനാണ് ഇഷ്ടമല്ലാത്തത്! എനിഹൗ, പരിശുദ്ധ ഡിങ്കാത്മാവ് എല്ലാ ഭക്തജനങ്ങളെയും അനുഗ്രഹിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് നിർത്തുന്നു.
ശുഭം.

Wednesday, 19 October 2016

സംശയത്തിരമാലകൾ

പ്രിയപ്പെട്ട ഹിന്ദു ദൈവമേ,

കേരളത്തിലെ തൃശൂർ ജില്ലയിൽ താമസിക്കുന്ന ഒരു ഹിന്ദു യുവാവാണ് ഞാൻ. അടുത്തിടെ പത്രത്തിൽ കണ്ട വാർത്തകൾ എന്നിലുണ്ടാക്കിയ ഭീതിയാണ് ഈ കത്തിന് അടിസ്ഥാനം. കഴിഞ്ഞ വർഷം വടക്കേ ഇന്ത്യയിലെ ഒരു അമ്മാവനെ ബീഫ് കഴിച്ചതിന്റെ പേരിൽ ജനക്കൂട്ടം തല്ലിക്കൊന്ന കാര്യം അങ്ങ് മറന്നു കാണില്ലെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ ദിവസം കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പാളയത്ത് തളി ക്ഷേത്രത്തിനു സമീപം നോൺ വെജിറ്റേറിയൻ ഹോട്ടൽ തുടങ്ങുന്നതിനെതിരേ ഹിന്ദു ഐക്യവേദി നോട്ടീസ് പുറത്തിറക്കിയതും അങ്ങ് അറിഞ്ഞു കാണുമല്ലോ.


ക്ഷേത്രങ്ങളെയും പൂജാദ്രവ്യങ്ങൾ വിൽക്കുന്ന കടകളെയും ടി. ഹോട്ടൽ അശുദ്ധമാക്കും എന്നാണ് അവർ പറയുന്നത്. നിർഭാഗ്യവശാൽ എന്റെ വീടിനടുത്തും യാത്ര ചെയ്യുന്ന വഴിയിലും എല്ലാം നിറയെ ക്ഷേത്രങ്ങൾ ഉണ്ട്. വിഐപി ദൈവങ്ങളായ ശിവൻ, കൃഷ്ണൻ, ദേവി തുടങ്ങിയവർ മുതൽ ലോക്കൽ ദൈവങ്ങൾ ആയ മാടൻ, മറുത, മുത്തപ്പൻ, മുത്തി തുടങ്ങിയവർ വരെ ഇക്കൂട്ടത്തിലുണ്ട്.

ഞാനാണെങ്കിൽ ഭൂരിഭാഗം മലയാളി ഹിന്ദുക്കളെയും പോലെ നോൺ വെജ് കഴിക്കുന്നവനും ജീവിതാവശ്യങ്ങൾ നിറവേറ്റാൻ അമ്പലപരിസരത്തു കൂടി നിത്യേന യാത്ര ചെയ്യുന്നവനുമാണ്. ഇതൊന്നും പോരാതെ നല്ല കുരുമുളക് പൊടി ചേർത്ത് വരട്ടിയെടുത്ത ബീഫ് എന്റെ വീക്നെസ്സും ആണ്. ഇത് എന്റെ സ്വർഗ്ഗലോകത്തേക്ക് ഉള്ള പ്രവേശനം തടസപ്പെടുത്തുമോ? ക്ഷേത്രപരിസരത്തു നോൺവെജ് ഹോട്ടൽ തുടങ്ങിയാലോ നോൺ കഴിച്ചവർ അടുത്ത് കൂടെ പോയാലോ നിങ്ങൾ ദൈവങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? ഭാവിയിൽ ഒരു ബുൾസൈ കഴിക്കാൻ പോലും വിശ്വാസസംരക്ഷകരുടെ ഇണ്ടാസ് വേണ്ടി വരുമോ?

മറ്റ് മതസ്ഥർക്ക് എന്താണ് നോൺ വെജ് പ്രശ്നമല്ലാത്തത്? അവരൊക്കെ ചത്ത് കഴിയുമ്പോൾ അങ്ങയുടെ അടുക്കളയിൽ കിടന്ന് വെന്ത് പൊരിയുമോ? അതോ, അവരെയൊക്കെ അല്ലാഹുവും യേശുവും ഒക്കെ ജാമ്യത്തിൽ ഇറക്കിക്കൊണ്ട് പോകുമോ? ജാമ്യത്തിൽ ഇറക്കാൻ ആളില്ലാത്തവരെ പൊരിക്കാൻ അങ്ങ് ഏത് എണ്ണയാണ് ഉപയോഗിക്കുന്നത്? തീ കത്തിക്കുന്നത് വിറക് വെച്ചിട്ടാണോ അതോ ഗ്യാസ് ആണോ? ഈയിടെയായി ഭയങ്കര സംശയമാണ് സർ! ആത്മാവിനെ വറുക്കാനും പൊരിക്കാനും പറ്റില്ലെന്ന് ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറഞ്ഞ സ്ഥിതിക്ക് മേല്പറഞ്ഞ കാര്യങ്ങൾ അങ്ങ് എങ്ങനെയാണ് ചെയ്യാറുള്ളത് എന്നും അറിയാൻ ആഗ്രഹമുണ്ട്.

ഞങ്ങൾ മനുഷ്യരുടെ മുതുമുതുമുത്തച്ഛന്മാരൊക്കെ കാട്ടിൽ അലഞ്ഞു തിരിയുന്ന കാലത്ത് മൃഗങ്ങളെ വേട്ടയാടി അവയുടെ പച്ചയിറച്ചിയാണ് ആഹാരമായി കഴിച്ചിരുന്നത് എന്ന് ചിലർ പറഞ്ഞു നടക്കുന്നുണ്ട്. ഇതൊന്നും പോരാതെ, ശിലായുഗത്തിലെ ആയുധങ്ങൾ പച്ചക്കറി അരിയാൻ ഉണ്ടാക്കിയതല്ലെന്നാണ് മറ്റ് ചിലർ പറയുന്നത്. അതുകൊണ്ട് നോൺ വെജ് കഴിക്കുന്നത് മനുഷ്യരുടെ സഹജപ്രകൃതിയാണത്രെ. ആണോ ദൈവമേ?


അതുപോലെ, അനുഗ്രഹം കൊടുപ്പിന്റെ അംഗീകൃത ഡീലറായ ഒരു സാമിയുടെ അടുത്ത് പോയി തിക്കിലും തിരക്കിലും പെട്ട് മരിച്ച കുറെ വടക്കേ ഇന്ത്യൻ ഹിന്ദു സഹോദരങ്ങളുടെ ആത്മാക്കൾ അവിടെ എത്തിക്കാണും എന്ന് കരുതുന്നു. അങ്ങനെ മരിച്ചാൽ പ്രത്യേക ഓഫർ വല്ലതും ഉണ്ടോ? അതോ എല്ലാവരെയും പോലെ കേസ് ഡയറി പരിശോധിച്ച് തന്നെയാണോ അവർക്കും അഡ്മിഷൻ കൊടുക്കുന്നത്? അതോ തിക്കും തിരക്കും ഇല്ലാതെ ജീവിക്കാൻ അവരെ വല്ല ആമയോ ഒച്ചോ ഒക്കെ ആക്കി മാറ്റി ഭൂമിയിലേക്ക് വീണ്ടും പറഞ്ഞു വിടുമോ? അങ്ങയുടെ പദ്ധതികൾ അപാരം തന്നെ! ഡിങ്ക ഡിങ്ക! സോറി! ദൈവമേ കാത്തു രക്ഷിക്കണേ!


ഒരു കാര്യം കൂടി പറഞ്ഞു കൊണ്ട് നിർത്തട്ടെ. ഈ ഭൂമിയിൽ ധാരാളം മതങ്ങളും ജീവിതരീതികളും ഒക്കെയുണ്ടെങ്കിലും നമ്മുടെ മതവും ജീവിതരീതിയുമാണ് സത്യവും ശ്രേഷ്ഠവും എന്ന് എല്ലാ മതമുതലാളിമാരും പറഞ്ഞു കേട്ടിട്ടുണ്ട്. സത്യത്തിൽ ഇതിൽ ഏത് മതമാണ് ശരിക്കും ശ്രേഷ്ഠം? നമ്മുടേത് തന്നെ ആയിരിക്കും അല്ലേ? നാട്ടിലെ പല മതപ്രഭാഷണങ്ങളിലും ഇക്കാര്യം പറയാറുണ്ടങ്കിലും നിർഭാഗ്യവശാൽ അത് പഠിപ്പിക്കുന്ന ദിവസം എനിക്ക് ക്‌ളാസിൽ പോകാൻ സാധിക്കാറില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ സംസാരസാഗരം എന്നിലുണ്ടാക്കുന്ന സംശയത്തിരമാലകൾക്ക് ഒരു പരിഹാരം ഉണ്ടാവാൻ കനിയണേ ദൈവമേ! പിന്നേം ഒരു കാര്യം കൂടി. ഒരു മതത്തിലും വിശ്വസിക്കാതെ ഒരു നല്ല മനുഷ്യനായി ജീവിച്ചു മരിച്ച ആളുടെ കേസ് ഏത് ദൈവത്തിന്റെ കോടതിയിലാണ് പരിഗണിക്കാറുള്ളത്?!

Monday, 12 September 2016

രക്തം രക്തത്തെ തിരിച്ചറിഞ്ഞു!

ഓണം വാമനന്റെ ഹാപ്പി ബർത്ത്ഡേ ആണെന്നാണ് ചിലർ പറയുന്നത്. വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ മഹാബലി തന്റെ രാജ്യം സന്ദർശിക്കാൻ വരുന്ന ദിവസമാണ് ഓണം എന്ന് മറ്റ് ചിലർ. ഓണം ഒരു കാർഷികോത്സവം ആണെന്ന് വേറെ ചിലർ. കഥകളിൽ വിശ്വസിക്കുന്നവർക്ക് ഇതിൽ ഏത് വേണമെങ്കിലും വിശ്വസിക്കാം. സത്യത്തിൽ എന്താണ് ഓണത്തിന്റെ ചരിത്രം? ഞാൻ പറഞ്ഞു തരാം.

ലോങ്ങ് ലോങ്ങ് എഗോ... എന്ന് വെച്ചാൽ വളരെ പണ്ട്...
കേരളം ഭരിച്ചിരുന്ന ഒരു രാജാവായിരുന്നു മിസ്റ്റർ. മഹാബലി. ജനസമ്മതിയിൽ അച്ചുമാമനേക്കാൾ കേമനായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടിയെ ഉമ്മച്ചൻ എന്ന് വിളിക്കുന്ന പോലെ മഹാബലിയെ നാട്ടുകാരെല്ലാം മാവേലി എന്നാണ് വിളിച്ചിരുന്നത്.

അന്ന് ചിങ്ങമാസത്തിലെ തിരുവോണം ആയിരുന്നു. മാവേലി, പല്ലുതേപ്പും കുളിയും ഒക്കെ കഴിഞ്ഞു ഒരു ഹോമം നടത്താൻ വട്ടം കൂട്ടുമ്പോൾ ആണ് ഒരു കൊച്ചു പയ്യൻ ഭിക്ഷ ചോദിച്ചു വന്നത്. അടിപൊളി! മാവേലിക്ക് സന്തോഷമായി.  സോഷ്യൽ മീഡിയ ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് പ്രശസ്തി കിട്ടാനുള്ള ഒരു എളുപ്പ വഴിയായിരുന്നു ദാനശീലം. 'ഇന്ന് ഞാൻ പൊളിക്കും!' അദ്ദേഹം മനസ്സിൽ പറഞ്ഞു. 'ഇനി കുറച്ചു നാളത്തേക്ക് പ്രശസ്തിക്കുള്ള വകുപ്പായി!'

"മുനികുമാരാ! അങ്ങേക്ക് പ്രണാമം. അങ്ങയുടെ ആഗമനത്താൽ ഈ രാജ്യം ധന്യമായിരിക്കുന്നു" എന്ന ടിപ്പിക്കൽ സീരിയൽ ഡയലോഗ് അന്ന് നമ്മുടെ രാജാവിന് അറിയില്ലായിരുന്നു! അതുകൊണ്ട്, അദ്ദേഹം ചോദിച്ചു "നമസ്കാരം ഇണ്ട് ട്ടാ. ഇനിക്ക് അങ്ങട് മനസിലായില്യാ. നിന്നെ ഈ ഭാഗത്തൊന്നും മുമ്പ് കണ്ടട്ടില്യാല്ലാ?"

"ഞാൻ വാമനൻ.കെ. ഇവടെ വന്ന് ചോദിച്ചാൽ എന്തും കിട്ടും എന്ന് കേട്ടു." താൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്നും മഹാബലിക്ക് പണി കൊടുക്കാൻ വന്നതാണെന്നും ആ പയ്യൻ പറഞ്ഞില്ല. പകരം ഇങ്ങനെ പറഞ്ഞു. "കൊറച്ചു നാളായിട്ട് പൊറത്തായിരുന്നു. ഇവടെ ഇന്ന് കാലത്ത് ലാൻഡ് ചെയ്‌തുള്ളൂ. അച്ഛന്റെ പേര് ദേവലോകമനയ്ക്കൽ കശ്യപൻ നമ്പൂതിരി. അമ്മ അദിതി അന്തർജ്ജനം.

"പൊറത്ത്‌ ന്ന് പറയുമ്പോ... ഗൾഫാ യൂറോപ്പാ?" അടുത്ത് നിന്നിരുന്ന ശുക്രാചാര്യർ ഇടപെട്ടു.
"അതുക്കും മേലെ" എന്ന് പറയാൻ തോന്നിയെങ്കിലും ഡൌട്ട് തോന്നാതിരിക്കാൻ വാമനൻ പറഞ്ഞു "ഗൾഫിലാ. ദുബായിൽ. ദെയ്‌റ സിറ്റി സെന്ററിന്റെ അടുത്ത്."

"ചെക്കൻ ഗൾഫാ ട്ടാ. പൂത്ത കാശ് ഇണ്ടാവും കൈയില്." ശുക്രാചാര്യർ മാവേലിയുടെ ചെവിയിൽ പിറുപിറുത്തു. "ഇവനെ സഹായിക്കേണ്ട കാര്യം ഒന്നും ഇല്യ. വെറുതെ ഓരോന്ന് എടുത്ത് കൊടുത്ത് കുടുമ്മം വെളുപ്പിക്കരുത്."

പക്ഷേ, പയ്യനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ മാവേലി തീരുമാനിച്ചു കഴിഞ്ഞിരുന്നു. "നീയിപ്പോ എന്തിനാ വന്നേ?" മാവേലി ചോദിച്ചു "കമോണ്ട്രാ വാമനാ. എന്തുട്ട് വേണെങ്കിലും ചോദിച്ചോട്ടാ. നോ പ്രോബ്സ് ലിറ്റിൽ മാൻ!"

"എനിക്ക് മൂന്നടി മണ്ണ് വേണം" വാമനൻ ആവശ്യപ്പെട്ടു. "അത് മാത്രം മതി".

മാവേലി ചിരിച്ചു. "ദൂരെ ദൂരെയുള്ള ആ മലകളിലെ ഏലത്തോട്ടങ്ങൾ മുതൽ റബർ എസ്റ്റേറ്റ്, നെൽവയലുകൾ, തെങ്ങിൻ തോപ്പുകൾ, ക്വാറികൾ, തുടങ്ങി ഈ അറബിക്കടൽ വരെയുള്ള വിശാലമായ സ്ഥലം മുഴുവൻ എന്റെ സ്വന്തമാണ്. എവിടുന്നു വേണമെങ്കിലും അളന്നെടുത്തോ."

വാമനൻ ചുറ്റും ശ്രദ്ധയോടെ വീക്ഷിച്ചു. കൊയ്ത്തു കഴിഞ്ഞ നെൽപ്പാടങ്ങൾ. വിളവെടുത്ത കൃഷിസ്ഥലങ്ങൾ. പണികഴിഞ്ഞു വന്ന്, രണ്ട് പെഗ്ഗടിച്ച് മാവേലിയെ കുറ്റം പറയുന്ന ആണുങ്ങൾ. അയലത്തെ വീട്ടിൽ പോയിരുന്നു മാവേലിയുടെ അടുക്കള രഹസ്യങ്ങൾ പങ്കിടുന്ന പെണ്ണുങ്ങൾ... ആവേശഭരിതനായ  വാമനൻ പെട്ടന്ന് കോംപ്ലാൻ ബോയേക്കാൾ വേഗത്തിൽ വളരാൻ തുടങ്ങി. വളർന്ന് വളർന്ന് ആകാശത്തോളം ഉയരത്തിൽ എത്തി. എന്നിട്ട് വലത് കാൽ ഉയർത്തി ആദ്യ ചുവടിൽ ഭൂമി മുഴുവൻ അളന്നു. രണ്ടാമത്തെ ചുവടിൽ ആകാശവും അളന്നു... മാവേലിക്ക് പണി കിട്ടാൻ പോകുന്നു എന്നറിഞ്ഞ ദേവന്മാർ പുഷ്പവൃഷ്ടി നടത്താൻ, പൂക്കൾ നിറച്ച കവറുകളുമായി വാമനന്റെ തലക്ക് മുകളിൽ റെഡിയായി നിന്നു. മാവേലിക്ക് പണി കിട്ടിയതോർത്ത് ശുക്രാചാര്യർ ഡെസ്പായി. വാമനൻ ചോദിച്ചു. "മിസ്റ്റർ മാവേലി, എനിക്ക് മൂന്നാമത്തെ ചുവട് വെക്കാൻ സ്ഥലമെവിടെ?".

മാവേലി പറഞ്ഞു "അതൊക്കെ നമുക്ക് ശരിയാക്കാം. അതിനു മുമ്പ് ഒരു കാര്യം. എന്റെ കേരളം ഒഴിച്ച് മറ്റു സ്ഥലങ്ങൾ അളക്കാൻ തന്നോടാര് പറഞ്ഞു? കർണാടകവും തമിഴ്നാടും തനിക്ക് തരാൻ അതൊന്നും എന്റപ്പൻ സമ്പാദിച്ച മൊതലല്ല. വ്യോമാതിർത്തിയും അങ്ങനെ തന്നെ. അണ്ടർസ്റ്റാൻഡ്?" വാമനൻ ഞെട്ടി. ശെടാ! ഇത് വല്യ ഇതായിപ്പോയല്ലോ! എന്നാലും മൂന്നാമത്തെ ചുവട് ബാക്കിയാണ്. അതുകൊണ്ട് മാവേലി പറഞ്ഞ കാര്യങ്ങൾ സമ്മതിച്ചു കൊടുക്കാം.

"ഓഹ്! അയാം സോറി മിസ്റ്റർ മാവേലി. എനിക്ക് താങ്കളുടെ കേരളവും ആകാശവും മാത്രം മതി. ബട്ട്, മൂന്നാമത്തെ ചുവട്?"
ലോകം മുഴുവൻ ആ മറുപടിക്കായി കാതോർത്തു. മൂന്നാമത്തെ ചുവട്?!

"എടോ വാമനാ. ഞാൻ ഈ മലയാളികൾടെ ഇടയിൽ കിടന്നു രാജ്യം ഭരിക്കാൻ തുടങ്ങിയിട്ട് കൊല്ലം കുറച്ചായി. ആ എന്നോട് മുട്ടാൻ വരുമ്പോ ദേവന്മാരുടെ ബുദ്ധിയൊന്നും പോരാ. നല്ല അസ്സൽ മലയാളി ബുദ്ധി തന്നെ വേണം. താൻ ഇടത്തേ കാൽ കുത്തി നിൽക്കുന്നതേ, ഇതുവരെ അളക്കാത്ത എന്റെ മണ്ണിലാ. താൻ ഒരു കാര്യം ചെയ്യ്. വലത്തേ കാൽ വെച്ച് അതും കൂടി അളന്ന് എടുത്തിട്ട് ഈ മലയാളികളെയും ഭരിച്ച് ഇവടെ തന്നെ കൂടിക്കോ. ഞാൻ പോണ്!"

അങ്ങനെ പറഞ്ഞു കൊണ്ട് മഹാബലി തമ്പുരാൻ കേരളത്തിൽ നിന്നും യാത്രയായി. അപ്രതീക്ഷിതമായി മലയാളികൾ ഒക്കെ വാമനന്റെ തലയിലുമായി. എത്ര നന്നായി ഭരിച്ചിട്ടും നാട്ടുകാരും പത്രക്കാരും കൂടി വാമനനെ വിമർശിച്ച് വിമർശിച്ച് ഒരു വഴിയ്ക്കാക്കി. പോരാത്തതിന് തൊട്ടതിനും പിടിച്ചതിനും എല്ലാം സമരവും. മലയാളികളെ കൊണ്ട് പൊറുതി മുട്ടിയ വാമനൻ ഒടുവിൽ ഒരു വലിയ പ്രളയം സൃഷ്ടിച്ച് കേരളത്തെ കടലിനടിയിലാക്കിയ ശേഷം സ്ഥലം വിട്ടു.

കഥയുടെ ബാക്കി ഇങ്ങനെയാണ്:-

പരശുരാമൻ മഴുവെറിഞ്ഞു കേരളം വീണ്ടെടുത്തു.
മലയാളികളുടെ ഇടയിൽ നിന്നും ബുദ്ധിപൂർവം രക്ഷപ്പെട്ട മഹാബലി, തമിഴ്നാട്, ഒറീസ, ആന്ധ്രാപ്രദേശ് വഴി ബംഗാളിൽ എത്തി ഒരു കല്യാണം ഒക്കെ കഴിച്ച് അവിടെ തന്നെ കൂടി.
മാവേലിയുടെ പിൻതലമുറക്കാരായ ബംഗാളികൾ കേരളത്തിലേക്ക് ഒഴുകിയെത്തി. അഥവാ, രക്തം രക്തത്തെ തിരിച്ചറിഞ്ഞു!
ഗൾഫുകാർ പൂത്ത കാശുകാർ ആണെന്ന് ശുക്രാചാര്യരെ പോലെ നാട്ടുകാർ എല്ലാവരും കരുതി തുടങ്ങി.
വാമനനും മാവേലിയും ബുദ്ധിപൂർവം രക്ഷപ്പെട്ടെങ്കിലും, വളച്ചൊടിച്ച കഥകൾ വിശ്വസിച്ച് മലയാളികൾ ഇപ്പോഴും ഓണം ആഘോഷിക്കുന്നു.

ആഘോഷങ്ങൾ തുടരട്ടെ. എല്ലാ മലയാളികൾക്കും ഓണാശംസകൾ.