Wednesday, 1 June 2016

ബോംബുണ്ടോ ബ്രോ ഒരു ചായയെടുക്കാൻ?

ഇത്, തീവ്രവാദത്തിന്റെ ചോര മണക്കുന്ന കഥയാണ്. ലോലമനസ്കർ ദയവായി മാറി നിൽക്കുക. ഈ കഥയിലെ സംഭാഷണങ്ങൾ എല്ലാം അറബിയിലാണെങ്കിലും, എനിക്കും നിങ്ങൾക്കും അറബി അറിയാത്തത് കൊണ്ട് മലയാളത്തിൽ തർജമിക്കുന്നു.

************

അൽ കിലാവിയും ആത്മസുഹൃത്ത് മിസാവനീയും ബസ്സ്റ്റോപ്പിൽ എത്തുമ്പോൾ സിറിയയിലെ വിശാലമായ മരുഭൂമിയിൽ ഇരുൾ പരക്കാൻ തുടങ്ങുകയായിരുന്നു. "സുഹൃത്തേ, ബസ് വരാൻ ഇനിയും സമയമുണ്ട്. അതിനു മുമ്പ്, ഓരോ ചായ കുടിച്ചാലോ?" ബസ്  സ്റ്റോപ്പിന് അടുത്തുള്ള കണാരേട്ടന്റെ ചായക്കടയിലേക്ക് നടക്കുമ്പോൾ മിസാവനി ചോദിച്ചു. "എന്നാപ്പിന്നെ ഓരോ പരിപ്പ് വടയും കൂടി ആയിക്കോട്ടെ". അൽ കിലാവി പ്രതിവചിച്ചു.

സിറിയയിലെ ഐഎസ് തീവ്രവാദ സംഘടനയിലെ രണ്ടു ചുണക്കുട്ടികളാണ് കിലുവും മിസുവും. ചോര കണ്ട് അറപ്പ് മാറിയവർ. പക്ഷേ, അമേരിക്കയുടെ ആക്രമണത്തിൽ ഐഎസിന്റെ ട്രഷറി തകർന്നപ്പോൾ സംഘടന പ്രതിസന്ധിയിലായി. അതോടെ ജീവനക്കാരുടെ ശമ്പളം കമ്പനി പകുതിയാക്കി വെട്ടിക്കുറച്ചു. അങ്ങനെയാണ് കിലുവും മിസുവും വേറെ തീവ്രവാദ സംഘടനയിൽ ജോലി അന്വേഷിച്ചു തുടങ്ങിയത്.

 കണാരേട്ടനോട്‌ രണ്ട് ചായ ഓഡർ ചെയ്യുന്നതിനിടയിൽ അൽ കിലാവി സംഭാഷണം തുടർന്നു. "ചോരേടേം ബോംബിന്റേം എടെക്കെടന്ന് ജോലി ചെയ്യാൻ ഇപ്പോകിട്ടുന്ന ശമ്പളം തന്നെ കുറവാ. അതിന്റെടേല് ഒള്ള ശമ്പളം പകുത്യാക്കാന്നു പറഞ്ഞാലോ?"
"പിന്നല്ല." മിസാവനിയും ഏറ്റു പിടിച്ചു. "സ്വന്തം ആവശ്യത്തിനു തന്നെ പണം തികയുന്നില്ല. അതിന്റെ കൂടെ നാലഞ്ച് അടിമപ്പെണ്ണുങ്ങളെയും കൂടി എങ്ങനെ നോക്കാനാ?"

"എന്താ കിലൂ, ജോലി മാറുന്നതിന്റെ ടെൻഷൻ വല്ലതും ഉണ്ടോ?" കണാരേട്ടൻ ചായയും കൊണ്ട് വന്നു.
"ഏയ്‌. ടെൻഷൻ ഒന്നും ഇല്ല. അൽഖ്വയിദയിൽ ജോലി ചെയ്യുക എന്നത് ഏത് തീവ്രവാദിയുടെയും സ്വപ്നം അല്ലേ കണാരേട്ടാ."
ലോകം ഭയക്കുന്ന ഭീകരവാദിയെ കിലു എന്ന് വിളിക്കാൻ സ്വാതന്ത്ര്യമുള്ള ചുരുക്കം ചിലരിൽ ഒരാളാണ് കണാരേട്ടൻ. ഇന്ത്യയുടെ തെക്ക് ഭാഗത്ത് എവിടെയോ ആണ് വീട്. വർഷങ്ങൾക്ക് മുമ്പ് ഗൾഫിൽ എത്തിയ ആളാണ്‌. യുദ്ധം കാരണം സിറിയക്കാരൊക്കെ യൂറോപ്പിലേക്ക് പോയപ്പോ, ബിസിനസ്സിന്റെ സ്കോപ് മനസ്സിലാക്കി മൂപ്പർ സിറിയൻ മരുഭൂമിയിലെ ഐഎസ് തീവ്രവാദ കേന്ദ്രത്തിനടുത്ത് ഒരു ചായക്കട തുടങ്ങി. അവിടത്തെ ചായയും പരിപ്പ് വടയും തീവ്രവാദികളുടെ ഇടയിൽ പെട്ടന്ന് തന്നെ ഹിറ്റായി. ഇപ്പൊ, നിന്ന് തിരിയാൻ സമയമില്ല. ഇത് കൂടാതെ, യെമനിലും അഫ്ഗാനിലും ഇറാക്കിലും കണാരേട്ടന് കടകളുണ്ട്. അവിടുത്തെ തീവ്രവാദികളുമായി അങ്ങേർക്ക് അടുത്ത ബന്ധമാണ്. അങ്ങനെയാണ് അഫ്ഗാനിലെ അൽ ഖ്വയിദയിൽ കിലുവിനും മിസുവിനും കണാരേട്ടൻ ജോലി ശരിയാക്കിയത്. ഇതുപോലെ പലരും കണാരേട്ടന്റെ കാരുണ്യത്തിൽ രക്ഷപ്പെട്ടിട്ടുണ്ട്. വെറുതെയല്ല കേട്ടോ. ഓരോ റിക്രൂട്ട്മെന്റിനും അയ്യായിരം ഡോളർ ഫീസ്‌ കൊടുക്കണം. എന്നാലും അവരുടെ ഒക്കെ രഹസ്യ സന്ദേശങ്ങളിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ വായിച്ച് കിലുവും മിസുവും അസൂയപ്പെട്ടിട്ടുണ്ട്. ദിവസേന ഇഷ്ടം പോലെ മനുഷ്യരെ കൊല്ലാൻ പറ്റുമത്രേ! കഴുത്തറുത്ത് കൊല്ലുമ്പോൾ ചീറ്റുന്ന പച്ചച്ചോരയുടെ ഗന്ധം അവർക്ക് വളരെ ഇഷ്ടമാണ്. അതുപോലെ പച്ചക്ക് ചുട്ടു കൊല്ലുമ്പോൾ ഉണ്ടാകുന്ന കരിഞ്ഞ മാംസത്തിന്റെ ഗന്ധവും...

"എവടെപ്പോയാലും പണി ചെയ്യാനൊള്ള മനസ്സ് ഇണ്ടായാ മതി. ആത്മവിശ്വാസാ ഏറ്റോം വലുത്." മുകളിലേക്ക് നോക്കി ഒന്ന് പ്രാർത്ഥിച്ച ശേഷം അങ്ങേര് തുടർന്നു. "പത്തറന്നൂറ് കൊല്ലം മുന്ന് ജോസപ്പേട്ടൻ അമേരിക്കക്ക് പോയപ്പോ എന്തുട്ടാ ഇണ്ടായേ കയ്യില്? ആത്മവിശ്വാസം മാത്രം. എന്നിട്ടെന്താ? കൊളംബസ് ചേട്ടൻ അമേരിക്കേല് ചെന്ന് എറങ്ങീപ്പൊ ചായ കൊടുത്ത് സ്വീകരിക്കാൻ ഭാഗ്യം ണ്ടായീലേ? അത് മനസ്സില് വെച്ചോ."
ചരിത്രം ഒന്നും അറിയില്ലെങ്കിലും കണാരേട്ടൻ പറഞ്ഞത് രണ്ടു പേരും ശ്രദ്ധയോടെ കേട്ടു. ദൂരെ നിന്നും പൊടിപറത്തി ബസ് വരുന്നത് കണ്ടപ്പോ അൽ കിലാവിയും മിസാഉലും എഴുന്നേറ്റു. കണാരേട്ടനും പുറത്തേക്ക് ഇറങ്ങി വന്നു. "ഡാ ബാബ്വേ, എന്തൊക്കിണ്ട് വിശേഷം?" ബാബു ആ ബസിന്റെ ഡ്രൈവർ ആണ്. ബാബൂന്റെ അനിയൻ ബിനോയ്‌ കണ്ടക്ടറും. രണ്ടു പേരും കണാരേട്ടന്റെ നാട്ടുകാർ തന്നെ. "എന്തുട്ട് വിശേഷം കണാരേട്ടാ? ഇപ്പൊ തന്നെ വീട്ടിലിക്ക് വിളിച്ച് വെച്ചൊള്ളൂ. നാട്ടില് ജീവിക്കാൻ പറ്റാത്ത അവസ്ഥ്യാ." രണ്ടു യൂഎസ് യുദ്ധവിമാനങ്ങൾ ദൂരേക്കൂടി പറന്നു പോയി. "എവടെ നോക്കിയാലും അഴിമതീം പീഢനോം വെലക്കയറ്റോം തന്നെ."
കണാരേട്ടന്റെ നാടിനെ കുറിച്ചോർത്ത് അൽ കിലാവിക്ക് സങ്കടം തോന്നി. "നിങ്ങടെ നാട് നന്നാവാൻ ഞാൻ പ്രാർഥിക്കാം".

"അതൊന്നും നന്നാവാൻ പോണില്ല" കണാരേട്ടൻ ആത്മഗതിച്ചു.
"ഞാൻ പറഞ്ഞതൊക്കെ ഓർമ ഉണ്ടല്ലോ? ബാബു യെമൻ അതിർത്തി വരെ കൊണ്ട് വിടും. അവിടെ നമ്മടെ ചായക്കടയിൽ താമസിച്ച് നാളെ വൈകീട്ട് അഫ്ഗാൻ ഫ്ലൈറ്റിൽ പുറപ്പെടണം. കള്ള പാസ്പോർട്ടും വിസയും ഒക്കെ എന്റെ മോൻ സുമേഷ് റെഡിയാക്കിയിട്ടുണ്ട്. ആയുധങ്ങൾ ഒക്കെ പുതിയ സ്ഥലത്ത് ജോയിൻ ചെയ്യുമ്പോ കിട്ടും."
"കണാരേട്ടാ, കുറച്ചു ദിവസത്തേക്ക് എന്റെ ബോസ് ഇത് അറിയരുത്. യെമനിൽ പോയി രണ്ടു ബോംബ്‌ പൊട്ടിച്ചിട്ട് വരാം എന്ന് പറഞ്ഞാണ് ഇറങ്ങിയത്. കമ്പനി മാറിയതറിഞ്ഞാൽ ചെലപ്പോ ഇഷ്ടപ്പെടില്ല."
"അതൊക്കെ ഞാൻ വേണ്ട പോലെ ചെയ്തോളാം മക്കളേ. ഞാൻ എത്ര തവണ ഈ ഇടപാട് നടത്തിയിരിക്കുന്നു. എത്തിയ വിവരത്തിന് എനിക്കും ഇവിടെയുള്ള അടുത്ത കൂട്ടുകാർക്കും സന്ദേശം അയക്കണം."

യെമനിൽ പൊട്ടിക്കാനുള്ള ബോംബും തോക്കും ഒക്കെ അവർ കണാരേട്ടന് കൈമാറി. വഴിയിൽ അമേരിക്കൻ സേന വണ്ടി പരിശോധിച്ചാൽ തന്നെ ചമ്മിപ്പോകും. കാരണം കിലുവും മിസുവും ഇപ്പോൾ കാഴ്ചയിൽ സിറിയൻ അഭയാർഥികളാണ്. കണാരേട്ടനെ ആലിംഗനം ചെയ്ത് ഇരുവരും ബസിൽ കയറി. ബസ് പൊടി പറത്തി ദൂരെ ദൂരെ അപ്രത്യക്ഷമായി. രണ്ടു പേരെ സഹായിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കണാരേട്ടൻ ഡോളറിനെ ഇന്ത്യൻ രൂപയിലേക്ക് മാറ്റാൻ മനസ്സിൽ കണക്ക് കൂട്ടി 5000 x 2 x 66.83 = ...

*********************

നേരം പുലർന്നു. യെമൻ അതിർത്തിയിൽ വണ്ടി എത്തിയപ്പോൾ ബാബു രണ്ടു പേരെയും ഉണർത്തി. "ദാ, ആ ഗ്യാപ്പിലൂടെ നൂണ്ട് കടന്നോളൂ. ഈ ഭാഗത്ത് ചെക്കിങ്ങ് ഒന്നും ഇല്ല. ഒരു മുന്നൂറു മീറ്റർ നേരെ നടന്നാൽ 'കണാരൻസ് ടീഷോപ്' എന്ന ബോർഡ് കാണാം. അവിടെ ചെന്നിട്ട് "ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ" എന്ന് ചോദിക്കണം. അപ്പൊ അവർ "തീപ്പെട്ടിയുണ്ടോ സഖാവേ ഒരു ബീഡിയെടുക്കാൻ" എന്ന് പറയും. അപ്പൊ നിങ്ങൾ പറയണം "രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ" എന്ന്. അതാണ്‌ നമ്മുടെ കോഡ് ഭാഷ. 
ബാബുവിന് നന്ദി പറഞ്ഞ് കിലുവും മിസുവും ഇറങ്ങി നടന്നു. ചായക്കടയിൽ ആകെ രണ്ടോ മൂന്നോ പേരെ ഉണ്ടായിരുന്നുള്ളൂ. അവർ കടക്കാരനോട് ചോദിച്ചു. "കണാരേട്ടന്റെ മോൻ സുമേഷ് ആണോ?"
"അതെ"
"ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ"
"തീപ്പെട്ടിയുണ്ടോ സഖാവേ ഒരു ബീഡിയെടുക്കാൻ"
"രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ".
സുമേഷ് ചിരിച്ചു. "വരൂ. അകത്തേക്ക് ഇരിക്കാം".
അകത്ത് അവരെ കാത്ത് റഷ്യൻ പട്ടാളക്കാർ ഇരിക്കുന്ന കാര്യം ആ തീവ്രവാദികൾക്ക് അറിയുമായിരുന്നില്ല.

*********************

കഥയുടെ ബാക്കി പല ലോകഭാഷകളിലാണ്. എനിക്കും നിങ്ങൾക്കും അതൊന്നും അറിയാത്തത് കൊണ്ട് മലയാളത്തിൽ തർജമിക്കുന്നു.

"ഹലോ."
"ഹലോ മിസ്റ്റർ കണാരൻ. ഇത് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ആണ്."
"നമസ്കാരം സർ. എന്തൊക്കെയുണ്ട് വിശേഷം."
"നല്ല വിശേഷം മി. കണാരൻ. ഞാൻ താങ്കൾക്ക് നന്ദി പറയാൻ ആണ് വിളിച്ചത്. കിലുവും മിസുവും ഉൾപ്പടെ മുപ്പതാമത്തെ തീവ്രവാദിയെ ആണ് താങ്കൾ പിടിച്ചിരിക്കുന്നത്. അതും ഒരു നിരപരാധിയെ പോലും മുറിവേൽപ്പിക്കാതെ. താങ്കൾ ആളൊരു കിടിലൻ തന്നെ!"
"നന്ദി സർ. പിടിച്ചവൻമാരുടെ പേരിൽ കൂട്ടുകാർക്ക് നല്ല സന്ദേശങ്ങൾ അയക്കാൻ ടീമിനോട് പറയണം. ഒബാമ ലൈനിൽ ഉണ്ട്. ഞാൻ വിളിക്കാം സർ."

"ഹലോ."
"ഒബാമയാണ് കണാരാ. നമ്മളെയൊക്കെ മറന്നോ?!"
"എന്താ ബ്രോ അങ്ങനെ പറയുന്നത്? ഇവിടെ കുറച്ച് തിരക്കായിരുന്നു."
"ഞാൻ തമാശിച്ചതാടോ. അഫ്ഗാനിൽ നിന്ന് താങ്കൾ പിടിച്ചു തന്ന നാൽപ്പത്തേഴു ഭീകരവാദികൾക്ക് പകരം തനിക്ക് എന്താടോ വേണ്ടത്?"
"ഒന്നും വേണ്ടടോ. സിറിയയിലെ ചായക്കടക്ക് താഴെയുള്ള രഹസ്യ ഹൈവേയുടെ അറ്റകുറ്റപ്പണി ഒന്നു നടത്തി തരണം. പിന്നെ കടയുള്ള ഭാഗത്ത് ബോംബൊന്നും ഇട്ടേക്കല്ലേ!"
"ഹഹ. തന്റെയൊരു കാര്യം! ഒക്കെ ഞാൻ ഏറ്റു."
"ഒരു കോൾ വരുന്നുണ്ട് ഡ്യൂഡ്. ഞാൻ വിളിക്കാം."


"കെ. നരേയ്ൻ സ്പീകിംഗ് മോഡിജി"
"എല്ലാം ഓക്കെ അല്ലേ ബേഠാ"
"എവരിതിംഗ് ആൾറൈറ്റ് സർ."
"ഗുഡ്. ഞാൻ അഞ്ചാമതും യൂറോപ്പിലേക്ക് പോകുന്നു. ഒരു മാസം കഴിഞ്ഞിട്ടേ വരൂ. അതുവരെ ടേക്ക് കെയർ ബേഠാ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മെർകലിനെയൊ കാമറൂണിനെയോ വിളിച്ചാൽ മതി. ഞാൻ ആ ഭാഗത്ത് എവിടെയെങ്കിലും ഉണ്ടാകും."
"ജീ സാബ്. ജയ് ഹിന്ദ്‌."
"ജയ് ഹിന്ദ്‌." 

Wednesday, 4 May 2016

സീസണൽ ബോധോദയങ്ങൾ

ചിന്താവിഷ്ടയായ ശ്യാമളയിൽ ശ്രീനിവാസൻ അവതരിപ്പിച്ച പ്രശസ്തമായ ആശയമാണ് സീസണൽ ഭക്തി. ശബരിമലക്ക് പോയി വന്ന് മാല അഴിച്ചു വെച്ചാൽ പിന്നെ യാതൊരു മടിയുമില്ലാതെ ഭൗതിക സുഖങ്ങളിലേക്കുള്ള മടക്കം. മാല ഇടുമ്പോൾ പ്യുവർ വെജ്. അല്ലാത്തപ്പോൾ കടിച്ചു പറിക്കാൻ ഇറച്ചിയോ മീനോ നിർബന്ധം. മാല ഇടുമ്പോൾ ദിവസവും ക്ഷേത്ര ദർശനം. അല്ലെങ്കിൽ വല്ലപ്പോഴും അമ്പലത്തിന്റെ ഭാഗത്ത് കൂടെ പോയാലായി. മാല ഇടുമ്പോഴും ഇടാത്തപ്പോഴും ജീവിതക്രമങ്ങളിൽ ഉണ്ടാകുന്ന വൈരുദ്ധ്യങ്ങളുടെ ലിസ്റ്റ് നിറയ്ക്കാൻ അധികമൊന്നും ബുദ്ധിമുട്ടേണ്ടി വരില്ല.  ഇങ്ങനെ പരസ്പര വിരുദ്ധമായ കാര്യങ്ങൾ ചെയ്യുന്നത് ഭഗവാനെ പറ്റിക്കലല്ലേ എന്ന ക്രൂരമായ ചോദ്യം ദിപ്പുറത്ത്. അതല്ലാതെ എക്കാലവും സ്വാമിയായി കഴിയുന്നത് പ്രാക്ടിക്കലാണോ എന്ന സിമ്പിൾ വാദം ദപ്പുറത്ത്. ക്യാ കരൂം?



നമ്മൾ സ്വയം പറ്റിച്ചു കൊണ്ടിരിക്കുകയാണ് എന്നതാണ് ലളിതമായ ഉത്തരം. ഇതിൽ നിന്നും ദൈവങ്ങളെ മാത്രം മാറ്റി നിർത്തേണ്ട കാര്യമില്ല. സീസണൽ ബോധോദയങ്ങളുടെ വക്താക്കളായി മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത് എന്നാണ് പറഞ്ഞു വരുന്നത്. ചില ഉദാഹരണങ്ങളിലേക്ക് വരാം.

2011 ഫെബ്രുവരിയിൽ തിരുവനന്തപുരത്ത് പാർവതി പുത്തനാറിന്റെ കൈവഴിയായ കനാലിലേക്ക് സ്കൂൾ വാൻ മറിഞ്ഞ് പിഞ്ചു കുഞ്ഞുങ്ങൾ മരിച്ച കാര്യം കേരളമൊട്ടാകെ വലിയ വാർത്തയായിരുന്നു. റോഡിനു സമാന്തരമായി, ഭിത്തിയോ കാൽവരികളോ ഇല്ലാത്ത കനാലും വാനിന്റെ അമിത വേഗതയുമാണ് അപകടത്തിന് കാരണമായത്. അന്ന് രാഷ്ട്രീയക്കാരും നമ്മളും ഒഴുക്കിയ മുതലക്കണ്ണീർ ബാഷ്പമായി മുകളിലെത്തി മഴയായി പല തവണ പെയ്തിറങ്ങി. മറ്റൊരു കാലവർഷം അടുത്തെത്തി നിൽക്കെ, സുരക്ഷയില്ലാത്ത ജലാശയങ്ങൾക്കരികിലൂടെ വേഗ നിയന്ത്രണം ഒന്നുമില്ലാതെ, കുതിച്ചു പായാൻ തയ്യാറായി നിൽക്കുന്ന വാനുകൾ കണ്ടെത്താൻ ആർക്കും പ്രയാസമുണ്ടാകില്ല. എവിടെപ്പോയി അന്ന് നുരഞ്ഞു പൊന്തിയ ആത്മരോഷം? ആ ദുരന്തസീസൺ കഴിഞ്ഞപ്പോൾ അതങ്ങ് പോയി. അത്ര തന്നെ.

2015 ഓഗസ്റ്റിൽ വൈപ്പിനിൽ നിന്നും കൊച്ചിയിലേക്ക് വന്ന പാസഞ്ചർ ബോട്ടിൽ മറ്റൊരു ബോട്ട് ഇടിച്ച് ഏതാനും ആളുകൾ മരിച്ചു. അന്നും നമ്മൾ പതിവ് പോലെ നടുക്കം രേഖപ്പെടുത്തുകയും ഇനി ഇതാവർത്തിക്കാൻ പാടില്ലെന്ന് അലമുറയിടുകയും ചെയ്തു. പിന്നെ, അടുത്ത അപകട സീസണിൽ വീണ്ടും പുറത്തെടുക്കാൻ വേണ്ടി നമ്മൾ ആ അലമുറയെ നാലാക്കി മടക്കി പോക്കറ്റിലിട്ടു. സ്രാങ്കുമാരുടെ ജാഗ്രതയും അനുഭവവും കൈമുതലാക്കി കൊച്ചിക്കായലിൽ ഇന്നും തേരാപാരാ ബോട്ടുകൾ ഒഴുകുന്നു. അല്ലാതെ അപകടത്തിൽ നിന്നും നാം പഠിച്ച് നടപ്പിലാക്കിയത് വട്ടപ്പൂജ്യം.

2012 ഓഗസ്റ്റിൽ കണ്ണൂരിലെ ചാലയിൽ LPG കയറ്റി വന്ന ടാങ്കർ ലോറി മറിഞ്ഞ് വൻ തീപിടുത്തവും മരണങ്ങളും ഉണ്ടായി. പതിവ് പോലെ ഞെട്ടലിൽ അൽപം ദുഃഖം ചേർത്ത് നമ്മൾ മുഖപുസ്തകത്തിൽ വിളമ്പി. മേമ്പൊടിയായി ചില നിർദേശങ്ങളും വിതറി. അന്നത്തെ അപകട സാഹചര്യങ്ങളിൽ നിന്ന് നമ്മുടെ പാതകളോ ലോറികളോ എത്ര മാത്രം പരിഷ്കരിക്കപ്പെട്ടു? അത് അന്വേഷിക്കേണ്ടത് നമ്മുടെ ഡിപാർട്ട്‌മെന്റ് അല്ല. അത്ര തന്നെ.

ഉദാഹരണങ്ങൾക്ക് പഞ്ഞമില്ലാത്ത വിധം നമ്മുടെ നാട്ടിൽ വെടിക്കെട്ട് അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. പുറ്റിങ്ങൽ ക്ഷേത്രത്തിലെ അപകടത്തിന് ശേഷം ഈ രംഗത്തെ സുരക്ഷയെ കുറിച്ച് ഒട്ടേറെ മികച്ച ലേഖനങ്ങളും ചർച്ചകളും നടക്കുകയും ചെയ്തു. പക്ഷേ, അപകടങ്ങളുടെ ഒരു ശൃംഖല തന്നെ മുന്നിലുണ്ടായിട്ടും നമ്മുടെ നാട്ടിലെ ദേവാലയങ്ങൾ എന്ത് പഠിച്ചു എന്നൊരു ചോദ്യമുണ്ട്. വെടിക്കെട്ട് നടക്കുന്ന എത്ര ക്ഷേത്രങ്ങളിൽ ഫയർ എഞ്ചിൻ പോയിട്ട് ഒരു കുഞ്ഞു ഫയർ എക്സ്റ്റിന്ഗ്വിഷർ എങ്കിലും ഉണ്ട്? ഒരു ഫസ്റ്റ് എയ്ഡ് ബോക്സ്‌? എന്തിനേറെ? ദേവാലയങ്ങളിലെ ഉത്സവ കമ്മിറ്റി മീറ്റിങ്ങുകളിൽ, അപകടമുണ്ടായാൽ കൈക്കൊള്ളേണ്ട പ്രവർത്തനങ്ങളെ കുറിച്ച് (Contingency Planning) ചർച്ച നടന്നതായി എത്ര പേർക്കറിയാം?



പ്രകൃതിക്ഷോഭങ്ങൾ പോലെ,  തടയാൻ കഴിയാത്ത നിരവധി അപകട സാധ്യതകൾ ഉള്ളപ്പോൾ, തടയാൻ കഴിയുന്ന അപകടങ്ങൾ പരമാവധി കുറയ്ക്കുവാൻ നമ്മൾ ബോധപൂർവം ശ്രമിക്കുക തന്നെ വേണം. വർഷം തോറും ഫണ്ട് ലാപ്സാക്കി കളയുന്ന നിരവധി സ്വയംഭരണ സ്ഥാപനങ്ങൾ ഉള്ള നാടാണ് നമ്മുടെത്. ഓരോ പഞ്ചായത്തിലും അപകടം സംഭവിക്കാൻ ഇടയുള്ള സ്ഥലങ്ങളെ പറ്റിയോ സംഭവങ്ങളെ പറ്റിയോ ചർച്ച നടത്തുകയും അതൊഴിവാക്കാൻ ഉള്ള മുന്നൊരുക്കങ്ങളെ കുറിച്ച് ഒരു മാർഗരേഖ തയ്യാറാക്കുകയും ചെയ്യുന്നത് പലർക്കും ഒരു ആഡംബരമായി തോന്നാം. പക്ഷേ, നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ ജീവിതം ചെലവഴിക്കുന്ന സ്ഥലത്ത് സുരക്ഷയൊരുക്കുന്നതിനെ കുറിച്ച് തീർച്ചയായും ചിന്തിക്കേണ്ടതുണ്ട്. അത് ചെയ്യാതിരിക്കുന്നതാണ് ആഡംബരം. ഭാഗ്യം തുണയ്ക്കും എന്ന ആഡംബരവിശ്വാസം.

കാട്ടിലും റോട്ടിലും കടലിലും മലയിലും ഉണ്ടാകുന്ന ദുരന്തങ്ങൾ കേൾക്കുമ്പോൾ അത് ഒഴിവാക്കണം എന്ന ബോധോദയം ഓരോരുത്തരിലും ഉണ്ടാകുന്നുണ്ട്. ഇപ്പോഴത്തെ വരൾച്ചയുടെ കാഠിന്യമാണു് ബോധപ്പട്ടികയിൽ അവസാനത്തേത്. പക്ഷേ നിർഭാഗ്യവശാൽ അത്തരം ബോധങ്ങളുടെ ആയുസ്സ് കുറവാണെന്ന് മാത്രം. ഉറുമ്പ് ചത്താൽ തവള ചാവുന്നത് വരെയും തവള ചത്താൽ പാമ്പ്‌ ചാവുന്നത് വരെയും മാത്രം വാർത്തകൾ നിലനില്ക്കുന്ന നാട്ടിൽ സീസണൽ ബോധോദയങ്ങൾ ഒരു തെറ്റല്ല. പക്ഷേ, നമ്മുടെ സുരക്ഷ നമ്മുടെ നിയന്ത്രണത്തിൽ ഉള്ളതല്ല എന്ന് തിരിച്ചറിയുകയും അത് ഉറപ്പു വരുത്തേണ്ടവർ അത് ചെയ്യുന്നില്ല എന്ന് മനസിലാക്കുകയും ചെയ്തിട്ടും ഒരു സമൂഹം ഉറക്കം നടിക്കുന്നത് ആപൽക്കരമാണ്. സാമൂഹിക മാറ്റങ്ങൾക്ക് വേണ്ടി ഇറങ്ങിത്തിരിച്ച് അത് നേടിയെടുക്കുന്നത് വരെ നിലകൊണ്ട നിരവധി പേരെ വിസ്മരിച്ചു കൊണ്ടല്ല ഇത് പറയുന്നത്. ആവശ്യങ്ങൾക്ക് വേണ്ടി ജാഗ്രതയോടെ നിലകൊണ്ടിരുന്ന ഒരു സമൂഹത്തിൽ നിന്നും ഇപ്പോൾ നമ്മൾ എത്തിനിൽക്കുന്ന അകലം വല്ലപ്പോഴും ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും എന്ന് മാത്രം.

Thursday, 31 March 2016

ലോകം ഇങ്ങനാണ് ബ്രോ...

"കൂടെയുണ്ടായിരുന്ന നിരവധി പേർ പട്ടിണി കിടന്നു മരിച്ചു. ബാക്കിയുള്ളവർ ഭക്ഷണം കഴിച്ചിട്ട് ആഴ്ചകളായി. എവിടുന്ന് കിട്ടാനാണ്‌? ഈ പ്രേതഭൂമിയിലേക്ക് എവിടുന്ന് ഭക്ഷണമെത്താനാണ്? ഐക്യരാഷ്ട്ര സഭയുടെ ദുരിതാശ്വാസ ട്രക്കുകൾക്ക് അതിർത്തി കടക്കണമെങ്കിൽ പോലും ഗവണ്മെന്റിന്റെയും പ്രതിപക്ഷത്തിന്റെയും തീവ്രവാദികളുടെയും അനുവാദം വേണം. വന്നാൽ തന്നെ ഇവിടെ ശേഷിക്കുന്ന ജനതയുടെ പത്ത് ശതമാനത്തിന് ആശ്വാസം പകരാൻ പോലും അതിനാവില്ല." അയാളുടെ എല്ലുകൾ മെലിഞ്ഞ ശരീരത്തിൽ എഴുന്നു നിന്നു. കണ്ണുകൾ കുഴിഞ്ഞും മുഖം വിളർത്തും കാണപ്പെട്ടു. "ബോംബ്‌ വീണ് കരിയാത്ത ചില മരങ്ങൾ ബാക്കിയുണ്ട്. അതിന്റെ ഇല പറിച്ചെടുത്ത് വെള്ളത്തിലിട്ട് ഞങ്ങൾ തിളപ്പിച്ച്‌ കുടിക്കും. ചിലപ്പോൾ, വെന്തളിഞ്ഞ ഇലകളും കഴിക്കും."
 യുദ്ധത്തിനും പട്ടിണിക്കും കെടുത്താൻ പറ്റാത്ത പ്രതീക്ഷയുടെ തിരിനാളം അയാളുടെ കണ്ണിൽ അപ്പോഴും അവശേഷിച്ചു. "എന്നെങ്കിലും എല്ലാം ശരിയാകും."
"വിവരങ്ങൾ പങ്കു വെച്ചതിന് വളരെ നന്ദി."
സിറിയയിലെ മദായ ഗ്രാമത്തിൽ നിന്നും ബി.ബി.സി ക്ക് വേണ്ടി ജാനെറ്റ് ഡോസ്‌.

******************

"ഇവിടെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് മാതൃരാജ്യം ഇല്ല. അവരോട് രാജ്യത്തിന്റെ പേര് ചോദിച്ചാൽ ദബാബ് എന്നാണ് പറയുക. വീടും വിലാസവും നഷ്ടപ്പെട്ട് അലയുന്ന ഇവിടുത്തെ ഓരോ മനുഷ്യ ജീവിക്കും ഈ ലോകത്ത് ജീവിക്കാൻ നിങ്ങളുടെ അത്ര തന്നെ അവകാശമുണ്ട്." അയാൾ തുടർന്നു. "പക്ഷേ, ലോകം ഞങ്ങളെ വിളിക്കുന്നത് അഭയാർഥികൾ എന്നാണ്. അടിസ്ഥാനസൗകര്യങ്ങളോ പൗരാവകാശങ്ങളോ ഇല്ലാതെ ഇവിടെ ജീവിതം തള്ളിനീക്കുന്ന ഓരോ മനുഷ്യന്റെയും പരമപ്രധാനമായ ആവശ്യം അതിജീവനം മാത്രമാണ്. ജീവിതത്തിന് നിറവും സുഗന്ധവും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ നിന്നും വളരെ പെട്ടന്ന് ഈ അവസ്ഥയിൽ എത്തിച്ചേരുന്നവരുടെ വികാരം മനസിലാക്കാൻ ചാനലുകാരുടെ ഒരു ഉപകരണത്തിനും സാധ്യമല്ല."
യുദ്ധത്തിനും പട്ടിണിക്കും കെടുത്താൻ പറ്റാത്ത പ്രതീക്ഷയുടെ തിരിനാളം അയാളുടെ കണ്ണിൽ അപ്പോഴും അവശേഷിച്ചു. "എന്നെങ്കിലും എല്ലാം ശരിയാകും."
"വിവരങ്ങൾ പങ്കു വെച്ചതിന് വളരെ നന്ദി."
മൂന്നര ലക്ഷത്തോളം അഭയാർഥികൾ അധിവസിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പ്‌ ആയ, കെനിയയിലെ ദദാബിൽ നിന്നും പ്രാറ്റ് വിൻസർ, പ്രസ്‌ ടീവി.

******************

"രക്തം മരവിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ശ്വാസം എടുക്കാൻ പോലും പറ്റാതെ ഞാൻ വിഷമിച്ചു. കൂടെയുള്ളവർ, അഭയാർഥികൾക്ക് വേണ്ടിയൊരുക്കിയ റെയിൽവേ സ്റ്റേഷനിലെ ക്ലിനിക്കിൽ എത്തിച്ച് ഓക്സിജൻ നല്കിയത് കൊണ്ട് രക്ഷപ്പെട്ടു. അധികം വൈകാതെ അടുത്ത രോഗി എത്തിയപ്പോൾ എനിക്ക്, പുറത്തെ മരവിക്കുന്ന തണുപ്പിലേക്ക് തിരിച്ചിറങ്ങേണ്ടി വന്നു. സത്യത്തിൽ ഞാൻ ഭാഗ്യവാനാണ്. താപനില പൂജ്യത്തിന് താഴെ പോവുന്ന ഈ മഞ്ഞുകാലത്ത് ഒരു ചെറിയ ബോട്ടിൽ കര തേടിയലയുന്ന എത്രയോ അഭയാർഥികളുണ്ട്. ഹൈപോ തെർമിയ മൂലം ഗ്രീസിലെ തെരുവുകളിൽ മരിക്കുന്ന എത്രയോ ജനങ്ങളുണ്ട്‌?"
യുദ്ധത്തിനും പട്ടിണിക്കും കെടുത്താൻ പറ്റാത്ത പ്രതീക്ഷയുടെ തിരിനാളം അയാളുടെ കണ്ണിൽ അപ്പോഴും അവശേഷിച്ചു. "എന്നെങ്കിലും എല്ലാം ശരിയാകും."
"വിവരങ്ങൾ പങ്കു വെച്ചതിന് വളരെ നന്ദി."
ആയിരക്കണക്കിന് അഭയാർഥികൾ  തീരമണയുന്ന ഗ്രീസിലെ കോസ് ദ്വീപിൽ നിന്നും യാനി ബെക്രകിസ്, റോയിറ്റേഴ്സ്.

******************

"വലത്തേ കാൽ ഒടിഞ്ഞു തൂങ്ങി. ഇടത്തേ കാലിൽ ലോഹക്കഷ്ണങ്ങൾ തുളച്ചു കയറി. വേദന കാരണം കണ്ണിൽ ഇരുട്ട് നിറഞ്ഞു. അധികം വൈകാതെ രക്ഷാപ്രവർത്തകർ എന്നെ കണ്ടെത്തിയത് കൊണ്ട് മാത്രം രക്തം വാർന്ന്, ഞാൻ മരിച്ചില്ല." വേദന കാരണം അയാളൊന്നു ഞരങ്ങി. പിന്നെ തുടർന്നു. "ഡോക്ടറുടെ പക്കൽ അവശേഷിച്ചിരുന്നത് ഏതാനും ശസ്ത്രക്രിയാ ഉപകരണങ്ങളും കുറച്ചു പഞ്ഞി കഷണങ്ങളും തുണികളും മാത്രമായിരുന്നു. മറ്റു മാർഗങ്ങൾ ഇല്ലാത്തത് കൊണ്ട് എന്റെ പച്ച മാംസത്തിലേക്ക് ഒടിഞ്ഞു തൂങ്ങിയ അസ്ഥികൾ തിരികെ കയറ്റുന്നത് എനിക്ക് പൂർണ ബോധത്തോടെ കണ്ടു നിൽക്കേണ്ടി വന്നു. മയക്കാനോ മരവിപ്പിക്കാനോ ഇവിടെ മരുന്നില്ല. പക്ഷേ, തക്ക സമയത്ത് ചികിത്സ കിട്ടാതെ അണുബാധയേറ്റും രക്തം വാർന്നും മരിച്ചവരെ കുറിച്ചോർക്കുമ്പോൾ ഞാൻ ഭാഗ്യവാനാണ്. വലിയ വലിയ രാജ്യങ്ങളിൽ കലാപത്തിലോ അക്രമത്തിലോ ഒരാൾ മരിക്കുന്നത് പോലും വലിയ സാമൂഹിക പ്രശ്നമാണെന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്. ഇവിടെ മരിക്കുന്ന ഓരോരുത്തരും സ്ഥിതിവിവരക്കണക്കുകൾ തിരുത്താൻ മാത്രമേ ഉപകരിക്കുന്നുള്ളൂ..."
യുദ്ധത്തിനും പട്ടിണിക്കും കെടുത്താൻ പറ്റാത്ത പ്രതീക്ഷയുടെ തിരിനാളം അയാളുടെ കണ്ണിൽ അപ്പോഴും അവശേഷിച്ചു. "എന്നെങ്കിലും എല്ലാം ശരിയാകും."
"വിവരങ്ങൾ പങ്കു വെച്ചതിന് വളരെ നന്ദി."
ലിബിയയിലെ മുർസൂകിൽ നിന്നും ഫാത്തിമ ഷാകിർ, അൽ ജസീറ.

******************

"ജോലി സ്ഥലത്തെ ബോസിന്റെ ശകാരം നിങ്ങളെ അലട്ടുകയാണോ? 
ജാതകദോഷം കാരണം വിവാഹം മുടങ്ങി നിരാശനായ ആളാണോ നിങ്ങൾ? 
ലിംഗത്തിന്റെ വലുപ്പക്കുറവു നിങ്ങളെ തീരാദുരിതത്തിൽ ആഴ്ത്തിയോ?
കാറ് വാങ്ങാനുള്ള സാമ്പത്തിക തടസ്സം നിങ്ങളുടെ സമാധാനം കെടുത്തുകയാണോ?
സഹപ്രവർത്തകന് കിട്ടിയ പ്രമോഷൻ താങ്കളെ അസ്വസ്ഥനാക്കിയോ?
ഇതൊന്നുമല്ലാതെ കൂടോത്രം, ഒടിവിദ്യ, കുതികാൽ വെട്ട്, മൂലക്കുരു, സ്തനസൗന്ദര്യക്കുറവ്, സ്തനസൗന്ദര്യക്കൂടുതൽ തുടങ്ങി നൂറു കണക്കിന് ജീവിതപ്രശ്നങ്ങളിൽ ഏതെങ്കിലും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ഇതാ ഒരു സന്തോഷവാർത്ത...
പ്രശസ്തരായ ജ്യോതിഷ/ ആഭിചാര/ വാസ്തു/ ഫെങ്ങ്ഷുയി/ താന്ത്രിക/ മാന്ത്രിക വിദഗ്ധരുടെ സഹായത്തോടെ ലൈംഗിക ഉത്തേജനം, മദ്യപാനം, പെണ്ണുപിടി, കൈവിഷം, രോമവളർച്ച തുടങ്ങി സാമ്പത്തികം, മാനസികം, രാഷ്ട്രീയം, ആരോഗ്യം വരെയുള്ള എല്ലാ ജീവിത പ്രശ്നങ്ങൾക്കും ഉടനടി പരിഹാരം.
വലംപിരി ശംഖ്, വശ്യവരാഹി, മാന്ത്രിക ഏലസ്സ്, നാഗമാണിക്യം തുടങ്ങിയ പോപ്പുലർ മാന്ത്രിക ഐറ്റങ്ങൾ മുതൽ നൂറ്റൊന്നു ദിവസം പങ്കിലക്കാട്ടിൽ പൂജിച്ച  'ഡിങ്ക' ജട്ടികൾ വരെ ഒരു കുടക്കീഴിൽ അണിനിരത്തുന്നു. നേരിൽ ബന്ധപ്പെടാൻ താല്പര്യം ഇല്ലാത്തവർക്ക് ഫോണിലൂടെയും ബന്ധപ്പെടാവുന്നതാണ്. കൺസൾട്ടേഷൻ ഫീസ്‌ കേവലം 4999/- രൂപ മാത്രം."

ഇന്ത്യയിലെ കേരളത്തിൽ നിന്നും ലോകനന്മക്ക് വേണ്ടി മാധ്യമഡാഷുകൾ...

Tuesday, 12 January 2016

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടേ?

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടേ എന്ന് സുപ്രീം കോടതി ചോദിച്ചിരിക്കുന്നു. ഇനി കുറച്ച് ദിവസത്തേക്ക് മലയാളികൾക്ക് തല പുകയ്ക്കാനുള്ള വകുപ്പായി! കോടതിയുടെ ചോദ്യം ന്യായമാണ്. സ്ത്രീകളെ വിലക്കുന്നത് ലിംഗവിവേചനവും മൗലികാവകാശ ലംഘനവും ആണ്. വിശ്വാസികളുടെ ഭാഗത്തും ന്യായമുണ്ട്. ശബരിമല ക്ഷേത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയും വളരെ പഴക്കമുള്ള ആചാരവും ആണ് സ്ത്രീകൾക്കുള്ള വിലക്ക്. പെട്ടന്ന് ഒരു ദിവസം ഇങ്ങനെയൊരു ചോദ്യം ഉയരുമ്പോൾ എതിർപ്പ് ഉണ്ടാവുന്നത് സ്വാഭാവികം. ആചാരങ്ങളിലേക്ക് കടക്കും മുമ്പ് ഒരു ചോദ്യം ചോദിക്കാം. എങ്ങനെയാണ് നിങ്ങൾ ഒരു ഹിന്ദു ആവുന്നത്? ക്രിസ്ത്യാനിയോ മുസ്ലീമോ ആവുന്നത്? അരയിൽ ചരട് കെട്ടുന്നത് കൊണ്ടോ, മാമോദീസ മുക്കുന്നത് കൊണ്ടോ, സുന്നത്ത് ചെയ്യുന്നത് കൊണ്ടോ ആണോ? എനിക്ക് തോന്നുന്നത് മറ്റൊന്നാണ്.

SSLC പരീക്ഷ എഴുതാൻ പോകുമ്പോൾ നാട്ടുകാരും വീട്ടുകാരും പറയും, "മോനെ, ഇതാണ് ജീവിതത്തിലെ ഏറ്റവും പ്രധാന വഴിത്തിരിവ്!". എൻട്രൻസ് പരീക്ഷക്ക് പോകുമ്പോഴും ഇതുതന്നെ പറയും. പിന്നെ, ജോലിക്കുള്ള ഇന്റർവ്യൂവിന് പോകുമ്പോഴും വിവാഹം കഴിക്കുമ്പോഴും പറയും, "മോനെ, ഇതാണ് ജീവിതത്തിലെ ഏറ്റവും പ്രധാന വഴിത്തിരിവ്!". ഇതെല്ലാം, ഒരു വ്യക്തി എന്ന നിലയിൽ നമുക്ക് ഇടപെടാവുന്നതും ഗതി നിയന്ത്രിക്കാവുന്നതുമായ കാര്യങ്ങളാണ്. എന്നാൽ, ഇതിനേക്കാൾ എത്രയോ മുമ്പ്, നമ്മൾ പിറവിയെടുക്കുന്ന നിമിഷത്തിൽ, നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വഴിത്തിരിവ് സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. ഒരുപക്ഷേ അതിനും മുമ്പ്, അമ്മയുടെ വയറ്റിൽ ഒരു കുഞ്ഞുജീവന്റെ തുടിപ്പ് തിരിച്ചറിയുന്ന നിമിഷം!!!

ആ നിമിഷത്തിൽ നമ്മളറിയാതെ, നമ്മുടെ സമ്മതമില്ലാതെ സമൂഹം നമുക്ക് മേൽ ചില ലേബലുകൾ പതിക്കുന്നുണ്ട്. ബോധം ഉറയ്ക്കുന്നതിനു മുമ്പ്, ഇനി പറിച്ചു മാറ്റാൻ ആവാത്ത വിധം ആ ലേബലുകൾ നമ്മുടെ ഭാഗമായിത്തീരുന്നു. എന്ന് വച്ചാൽ ഒരു ഹൈന്ദവ കുടുംബത്തിൽ ജനിക്കുന്ന കുട്ടി ഹിന്ദു ആയിത്തീരുന്നു. കൃസ്തീയ കുടുംബത്തിൽ ജനിച്ചാൽ ആ കുട്ടി ക്രിസ്ത്യാനിയും മുസ്ലീം കുടുംബത്തിൽ ജനിച്ചാൽ മുസ്ലീമും ആയി മാറുന്നു. അതായത്, ഭാവിയിൽ ആഘോഷങ്ങൾക്ക് പാൽപ്പായസം കഴിക്കണോ പത്തിരി കഴിക്കണോ എന്ന് നമ്മുടെ ജനനത്തിനും മുമ്പേ തീരുമാനിക്കപ്പെടുന്നു. യക്ഷിയെ പേടിക്കണോ സാത്താനെ പേടിക്കണോ, പോത്തിനെ ഒഴിവാക്കണോ പോർക്കിനെ ഒഴിവാക്കണോ എന്ന് തുടങ്ങി ഒരുപാടൊരുപാട് വേർതിരിവുകളിലേക്ക് ആണ് നാം ജനിച്ചു വീഴുന്നത്. പ്രവാചകനും യേശുദേവനും അയ്യപ്പസ്വാമിയും നമ്മുടെ മനസ്സിൽ സ്ഥാനം പിടിക്കുന്നത് ഇവരുടെ ഗുണദോഷങ്ങളുടെ പട്ടിക പഠിച്ച് ഏറ്റവും മികച്ചയാളെ തെരഞ്ഞെടുക്കുന്നത് കൊണ്ടല്ല. ഭ്രൂണമായിരിക്കുമ്പോൾ മുതൽ കേട്ട് തുടങ്ങുന്ന കുർബാനയും ബാങ്കുവിളിയും കീർത്തനങ്ങളും, ഭാവിയിലെ നമ്മുടെ വിശ്വാസപ്രമാണങ്ങളെ നിർണയിച്ചു കഴിഞ്ഞിരിക്കും...! അങ്ങനെ നമ്മൾ പോലുമറിയാതെ നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം നിർണയിക്കുന്ന സംഗതിയാണ് മതം.

ഇനി ആചാരങ്ങളുടെ കാര്യം. ഗുരുവായൂർ ക്ഷേത്രത്തിൽ മറക്കുട ചൂടി, അന്തർജനങ്ങൾ വന്നിരുന്നതിൽ നിന്നും ലെഗ്ഗിൻസും ചുരിദാറിന്റെ ടോപ്പും ധരിച്ച് 'ന്യൂജൻ ഗാൾസ്' ഗുരുവായൂരപ്പനെ കാണാനെത്തുന്ന കാലത്തിലേക്ക് ഏതാനും പതിറ്റാണ്ടുകളുടെ ദൂരമേ വേണ്ടി വന്നുള്ളൂ. അങ്ങിനെയെങ്കിൽ വിവിധ മതങ്ങളിലെ വിവിധങ്ങളായ ആചാരങ്ങളും വിശ്വാസങ്ങളും നൂറ്റാണ്ടുകളിലൂടെയും സഹസ്രാബ്ദങ്ങളിലൂടെയും എത്രയേറെ മാറ്റത്തിന് വിധേയമായിരിക്കും? ഒരുപാട് സംസ്കാരങ്ങളുടെയും അധിനിവേശങ്ങളുടെയും വളർച്ചക്കും തളർച്ചക്കും സാക്ഷിയായ ഇക്കാലത്തിനിടക്ക് ഗീതയും ഖുറാനും ബൈബിളും എത്രയോ കൈകളിലൂടെ പരിഷ്കരിക്കപ്പെട്ടിട്ടുണ്ടാകും? സ്വന്തം മതം എക്കാലവും സ്ഥായിയും സത്യവുമാണെന്ന് അതാത് വിശ്വാസികൾ പറഞ്ഞേക്കാം. അതവരുടെ വിശ്വാസവും അവകാശവുമാണ്. പക്ഷേ, മാറ്റം പ്രകൃതി നിയമമാണ്.

1500 കൊല്ലം മുമ്പ് ശബരിമലയിൽ സ്ത്രീകൾ പൂജ ചെയ്തില്ല എന്നതിന് തെളിവുണ്ടോ എന്ന് കോടതി ചോദിക്കുമ്പോൾ, മേൽപറഞ്ഞ  സാഹചര്യങ്ങൾ മുൻ നിർത്തിയാണ്  ശബരിമലയെ കുറിച്ചുള്ള പരാമർശം ശ്രദ്ധിക്കേണ്ടത്.


യുവറോണർ,
മതവിശ്വാസങ്ങളും ആചാരങ്ങളും യുക്തി കൊണ്ടോ നിയമം കൊണ്ടോ സാധൂകരിക്കാവുന്നതല്ല. അത് പല കാലഘട്ടങ്ങളിലൂടെയും ജീവിത രീതികളിലൂടെയും രൂപപ്പെട്ടു വരുന്നതാണ്. ശബരിമലയുടെ കാര്യത്തിൽ, നാൽപ്പത്തിയൊന്നു ദിവസത്തെ വ്രതവും ആർത്തവവും അനുബന്ധ ഗുലുമാലുകളും എല്ലാം ഇങ്ങനെ രൂപപ്പെട്ടവ തന്നെ. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലവും അങ്ങോട്ടേക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകളും ഐതിഹ്യങ്ങളും ഒക്കെ നിബന്ധനകൾക്ക് കാരണമായിട്ടുണ്ട്. അതിന് മാറ്റം വേണമെങ്കിൽ ക്രമേണ അത് സംഭവിക്കുക തന്നെ ചെയ്യും. കാരണം, മാറ്റത്തെ ഉൾക്കൊള്ളുന്ന മതങ്ങൾ മാത്രമേ കാലത്തെ അതിജീവിക്കുകയുള്ളൂ. സ്ഥാപകനോ പെരുമാറ്റസംഹിതയോ ഇല്ലാതെ ഇക്കാലമത്രയും സചേതനമായി നിലകൊള്ളുന്ന ഹിന്ദുമതം തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. വിവിധ മതങ്ങളിൽ പണ്ടത്തെ ആചാരങ്ങൾ അല്ല ഇപ്പോൾ. ഇപ്പോഴത്തെ ആചാരങ്ങൾ ആയിരിക്കില്ല ഇനിയൊരു നൂറു കൊല്ലം കഴിഞ്ഞ്. അതുകൊണ്ട്, 1500 വർഷം മുമ്പ് പൂജ ചെയ്തോ ഇല്ലയോ എന്നതല്ല ഇപ്പോൾ സ്ത്രീകൾ ക്ഷേത്രത്തിൽ പ്രവേശിക്കണോ എന്നതിനുള്ള മാനദണ്ഡം. ആചാരങ്ങളിലെ മാറ്റം വിശ്വാസി സമൂഹം തീരുമാനിക്കുന്നതാണ് നല്ലത്. വിശ്വാസികൾ ഇക്കാര്യത്തിൽ രണ്ടു തട്ടിൽ ആണെന്നത് ശരിതന്നെ. പക്ഷേ, ജനനത്തിനും മുമ്പേ ജനങ്ങളിൽ അടിയുറച്ചു പോയ വിശ്വാസങ്ങളെ, ബാഹ്യമായ ഇടപെടൽ കൊണ്ട്, ഒരു സുപ്രഭാതത്തിൽ പറിച്ചെറിയുക പ്രയാസവും സാഹസവുമാണ്. വ്യാഖ്യാനങ്ങളുടെ മൂടുപടം അണിയിച്ച് എല്ലാ മതങ്ങളിലും കാലങ്ങളായി നിലനിൽക്കുന്ന ലിംഗവിവേചനം മാറ്റിയെടുക്കാൻ കോടതി ഇടപെടൽ മതിയാവുമെന്നു തോന്നുന്നില്ല.