Thursday 9 October 2014

ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!

"ഉണ്ണ്യമ്മേ... ഉണ്ണ്യമ്മേ... കുടുമ്പിയെ ഞാൻ പിടിച്ചു!
 ഉണ്ണ്യമ്മേ... കുടുമ്പിയെ ഞാൻ പിടിച്ചു..."
 കുമ്പിടിയെ കയ്യോടെ പൊക്കിയ വിവരം പറയാൻ ഓടിയടുത്ത കേശവൻ നായർ ഞെട്ടി. പകച്ചു! ശുഭ്രവസ്ത്ര ധാരിയായി ദാ ഇരിക്കുന്നു കുമ്പിടി വീടിന്റെ ഉമ്മറത്ത്. "എന്താ കേശവാ?" കുമ്പിടി ചോദിച്ചു. കേശവൻ നായർ അറിയാതെ കൈ കൂപ്പി പോയി. അടുത്ത് വന്ന കേശവനെ നോക്കി കുമ്പിടി ജപിച്ചു.

"ജംബൂ ഫലാനി പക്വാനി
പതന്തി വിമലേ ജലേ
കപി കമ്പിത ശാഖാഭ്യാത് 
 ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!"



സാഹചര്യത്തിന് യോജിച്ച ഭീകര മന്ത്രം! കേശവൻ നായർ ബോധം കെട്ട് വീണു. രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ കുമ്പിടി കിതച്ചു. ആഹ്!
എന്തായിരുന്നു നമ്മുടെ കുമ്പിടി ജപിച്ച ഭീകര മന്ത്രം?
അതൊരു കഥയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു കഥ. അക്കഥയാണ് ഇക്കുറി.

ഭോജരാജാവിന്റെ കൊട്ടാരം. സദസ്സ് ഡെസ്പ്പടിച്ചിരിക്കുകയാണ്. തലേ ദിവസത്തെ ഹോംവർക്ക്‌ ആരും ചെയ്തിട്ടില്ല! എങ്ങനെ ചെയ്യും. അമ്മാതിരി ചോദ്യം അല്ലേ കൊടുത്തു വിട്ടത്. 'ക ഖ ഗ ഘ' എന്ന് അവസാനിക്കുന്ന ഒരു ശ്ലോകം തയ്യാറാക്കണം. ഇംഗ്ലീഷ് പരീക്ഷയിൽ തോറ്റ ടിന്റുമോൻ പറഞ്ഞത് പോലെ, പലരും പറഞ്ഞു "അണ്‍പോസ്സിബിൾ!". 

"ചെമ്പനീർ പൂക്കുന്നതായ് നിനക്കായ് " എന്ന വരി ആയിരുന്നെങ്കിൽ, പണ്ട് ഞാൻ എഴുതിയ കവിത മതിയായിരുന്നു.

"ഒരു സൈക്കിളിൽ പാട്ടും മൂളി വഴിവക്കിലേ
മാഞ്ചോട്ടിൽ ഞാൻ വന്നതോർമ്മയില്ലേ
അന്ന് ലവ് ലെറ്ററിൽ ഞാനെഴുതീ എന്റെ
ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്"

അതും അല്ലെങ്കിൽ അതിന്റെ അനുകരണമായ,

"ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
ഒരുവേള നിൻ നേർക്ക് നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞു എന്റെ
ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്"

എന്നോ എഴുതാമായിരുന്നു. (ഇത് പിന്നീട് ചലച്ചിത്ര ഗാനമായി എന്നോ, ഹിറ്റായി എന്നോ ഒക്കെ കേട്ടു!)

പക്ഷേ, ക ഖ ഗ ഘ എന്ന് പറയുമ്പോൾ??? നോ വേ! അപ്പോഴാണ്‌ നമ്മുടെ കാളിദാസൻ ക്ലാസ്സിലേക്ക്, അതായത് സദസ്സിലേക്ക് കടന്നു വന്നത്. "ഗുഡ് മോണിംഗ് രാജാവേ"
"മോണിംഗ്. മോണിംഗ്.  മണി പതിനൊന്നായി. എന്താ ലേറ്റ് ആയത്?"
"പത്തേകാലിന്റെ കുതിരവണ്ടി മിസ്സായി മൈ ലോർഡ്‌. പിന്നെ പത്തേ ഇരുപതിന്റെ കാളവണ്ടിയിലാ വന്നത്."
"ഹോം വർക്ക്‌ ചെയ്തിട്ടുണ്ടോ?"
 "ഞാൻ ഇന്നലെ ലീവ് ആയിരുന്നു യുവർ എക്സലൻസി"
"നോ എക്സ്ക്യൂസസ്. ഉത്തരം പറഞ്ഞിട്ട് ഇരുന്നാൽ മതി."
"ആയിക്കോട്ടെ! പക്ഷേ, ചോദ്യം എന്താണാവോ?"
"സമസ്യാ പൂരണം ആണ്. ക ഖ ഗ ഘ"
ഓഹോ. അപ്പോൾ അതാണ്‌ സംഗതി. സമസ്യാപൂരണം എന്ന് വച്ചാൽ, ചോദ്യകർത്താവ്‌ഒരു വരി തരും. ഒരു ശ്ലോകത്തിന്റെ അവസാന വരി. അതിനനുസരിച്ചുള്ള ആദ്യ മൂന്ന് വരികൾ തയ്യാറാക്കൽ ആണ് സമസ്യാപൂരണം. പക്ഷേ, ഒരു പ്രശ്നമുണ്ട്. പ്രൊജക്റ്റ്‌ പ്രസന്റേഷന്റെ സമയത്ത് H O D ചോദിക്കുന്ന പോലെ, ചോദ്യത്തിന് ഒരു ലോജിക്കും ഉണ്ടാവില്ല. പക്ഷെ ഉത്തരത്തിനു നല്ല ലോജിക് വേണം. അതാണതിന്റെ ബൂട്ടി! കാളിദാസന്റെ മനസ്സിന്റെ താളിയോലയിൽ നാലക്ഷരങ്ങൾ മിന്നി. ക ഖ ഗ ഘ.
ഓണ്‍ ദി സ്പോട്ടിൽ അദ്ദേഹം മറുപടി കൊടുത്തു.

"കാ ത്വം ബാലേ? കാഞ്ചന മാലാ 
കസ്യാ പുത്രീ? കനക ലതായാ 
കിം തേ ഹസ്തേ? താളീ പത്രം.
കാ വാ രേഖാ? ക ഖ ഗ ഘ!"

മലയാളം ഇങ്ങനെ:      
നീ ആരാണ് കുട്ടീ? കാഞ്ചന മാല.
ആരുടെ മകൾ? കനകലതയുടെ 
കയ്യിലെന്താ? താളിയോല.
എന്താ എഴുത്ത്? ക ഖ ഗ ഘ.

പെർഫെക്റ്റ്‌! ഉത്തരത്തിൽ നിന്നും ചോദ്യം ഉണ്ടാക്കിയ പോലെ ചേർന്നിരിക്കുന്ന വരികൾ! കാളിദാസന് മാത്രം പറ്റുന്നത്. സദസ്സ് എഴുന്നേറ്റു നിന്ന് കയ്യടിച്ചു. രാജാവ് 100 ഗോൾഡ്‌ കോയിൻ ഗിഫ്റ്റ് കൊടുത്തു. പിന്നെ രാജ്യകാര്യങ്ങളെ കുറിച്ച് ചർച്ച നടന്നു. ഈ സമയത്തൊക്കെ കുറേക്കൂടി സങ്കീർണ്ണമായ ഒരു സമസ്യ ആലോചിക്കുകയായിരുന്നു മിസ്റ്റർ. ഭോജൻ. ഒടുവിൽ രണ്ടു കിടിലോൽക്കിടിലൻ സമസ്യകൾ നമ്മുടെ ബഷീർ സ്റ്റൈലിൽ രാജാവ് കണ്ടെത്തി.
1) ടഡണ്ട ടണ്ടണ്ട ടഡണ്ട ടണ്ട!
2)  ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!
രണ്ടും ഹോം വർക്ക്‌ ആയി കൊടുത്തു വിട്ടു. സഭ പിരിയുമ്പോൾ, കാളിദാസൻ മെനഞ്ഞെടുക്കുന്ന ഭാവന എന്തായിരിക്കും എന്ന് മാത്രമായിരുന്നു രാജാവിന്റെ സംശയം...

പിറ്റേന്ന് പത്തേകാലിന്റെ വണ്ടിക്ക് തന്നെ എല്ലാവരും ഹാജരായി. രാജാവ്‌  ചോദിച്ചു " വല്ലതും നടന്നോ?". ടീച്ചർ ക്ലാസ്സിനോട് ചോദ്യം ചോദിക്കുമ്പോൾ കുട്ടികൾ എല്ലാം പഠിപ്പിസ്റ്റിനെ നോക്കുന്നത് പോലെ, സഹകവികൾ എല്ലാം കാളിദാസനെ നോക്കി. കാളിദാസൻ പറഞ്ഞു " ഒന്നും നടന്നില്ല മഹാരാജൻ. ചിലതൊക്കെ വീണു". കാളിദാസൻ സമസ്യ പൂരിപ്പിച്ചുവെന്നു രാജാവിന് മനസിലായി. "വീണതെന്താണെന്ന് കേൾക്കട്ടെ" രാജാവ്‌ ആവശ്യപ്പെട്ടു.

 "ജംബൂ ഫലാനി പക്വാനി
പതന്തി വിമലേ ജലേ
കപി കമ്പിത ശാഖാഭ്യാത് 
 ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!"

കുസൃതിയും ലോജിക്കും നിറഞ്ഞ ഒരു കുട്ടിക്കവിത!

കുരങ്ങൻ കുലുക്കുന്ന ചില്ലയിൽ നിന്ന് 
പഴുത്ത ഞാവൽ പഴങ്ങൾ 
 ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു എന്ന് 
നിർമലമായ വെള്ളത്തിലേക്ക് വീഴുന്നു.

ലളിതം. സുന്ദരം! അഞ്ചാം ക്ലാസിലെ സംസ്കൃത പാഠപുസ്തകത്തിന് നന്ദി പറഞ്ഞ് കുമ്പിടി ബാക്കിയുള്ള ചിക്കെൻ ഫ്രൈ അകത്താക്കാൻ പുറത്തേക്ക് യാത്രയായി.
പിൻകുറിപ്പ്: കഥ കഴിഞ്ഞു. ഇനിയും എന്താണാവോ നോക്കുന്നത്? ഓഹോ! രണ്ടാമത്തെ ഹോം വർക്കിന്റെ ഉത്തരം, അല്ലെ? അത് പിന്നെ പറയാം.
ടഡണ്ട ടണ്ടണ്ട ടഡണ്ട ടണ്ട!

31 comments:

  1. പുതിയ തലമുറ അറിയാതെ പോകുന്ന എത്രയെത്ര വിജ്ഞാന ശകലങ്ങൾ...
    Twinkle twinkle little star എഴുതിയത് ആരാണെന്ന് അറിയാം.
    പക്ഷേ, 'കാക്കേ കാക്കേ കൂടെവിടെ' എഴുതിയത് ആരാണെന്ന് നോ ഐഡിയ! പിന്നെയാണ് സംസ്കൃതം!

    ReplyDelete
  2. സമസ്യ പൂരണം അസ്സലായി
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി, സീവി അങ്കിൾ. വായനക്കും പ്രോത്സാഹനത്തിനും.

      Delete
  3. സത്യം ... ലളിതം, സുന്ദരം.

    നല്ല ശൈലി, നല്ല എഴുത്ത്. ക ഖ ഗ ഘ യുടെ കഥ അറിയാമായിരുന്നു, പക്ഷെ, ഗുളു ഗുഗ്ഗുളു വിന്റെ കഥ ഇപ്പോഴാണറിയുന്നത്. :)

    ReplyDelete
    Replies
    1. ശ്രീയേട്ടാ നന്ദി. വരികളുടെ അർഥം അത് തന്നെ. പക്ഷേ, സംഭവം നടക്കുമ്പോൾ ഞാൻ സ്ഥലത്ത് ഇല്ലായിരുന്നു. അതുകൊണ്ട് കഥ ഇങ്ങനെ തന്നെയാണോ എന്ന് ഉറപ്പില്ല!

      Delete
  4. ഗുളുഗുഗ്ഗുളുവിന്റെ പുറകില്‍ ഇങ്ങനെ ഒരു കഥയുണ്ടെന്ന് ഇപ്പോഴാണല്ലോ അറിയുന്നത്.

    ReplyDelete
    Replies
    1. അജിത്തേട്ടാ, വായിക്കാൻ സമയം കണ്ടെത്തിയതിൽ വളരെ നന്ദി, സന്തോഷം. പിന്നെ, കഥയുടെ കാര്യം നോ ഗാരന്റി!

      Delete
  5. കൊച്ചു ഗോവിന്ദാ.. സംഗതി കലക്കി ഗോവിന്ദാ...!!!

    ReplyDelete
  6. അഞ്ചാം ക്ലാസിലെ സംസ്കൃത പാഠപുസ്തകത്തിന് നന്ദി

    ReplyDelete
    Replies
    1. മുരളി ചേട്ടാ, എന്റെ ഈ കൊച്ചു ബ്ലോഗ്‌ സന്ദർശിക്കാൻ സമയം കണ്ടെത്തിയതിനും കമന്റിനും നന്ദി. സന്തോഷം.

      Delete
  7. ഞാനിപ്പോ കാളിദാസന്‍ വായിച്ചു കഴിഞ്ഞതെ ഉള്ളൂ , ഈ സമസ്യകള്‍ കണ്ടപ്പോള്‍ സന്തോഷം തോന്നി .അപ്പൊ കേഡി കൊള്ലാംട്ടോ ഈ ഗുളു ഗുളു ഗുഗ്ഗുളു........................

    ReplyDelete
  8. കാളിദാസനും കലക്കി, കൊച്ചുഗോവിന്ദനും കലക്കി.

    ReplyDelete
  9. ടഡണ്ട ടണ്ടണ്ട ടഡണ്ട ടണ്ട! .............. കലക്കീ...... കൊച്ച് ഗോവിന്ദാ..............

    ReplyDelete
    Replies
    1. ഹൃദയം നിറഞ്ഞ നന്ദി, വായനക്കും അഭിനന്ദനത്തിനും.

      Delete
  10. ഫേസ്ബുക്കില്‍ ഒരു റിക്വസ്റ്റ് അയക്കൂ..ബാക്കി നമുക്ക് അവിടെ തീര്‍ക്കാം!

    ReplyDelete
    Replies
    1. ഞാൻ കുറെ സെർച്ചി. പക്ഷേ, നോ രക്ഷ. ഒരു ലിങ്ക് അയച്ചു തന്നാൽ ഉപകാരം. കാരണം, തീർക്കാൻ പലതും ബാക്കിയാണല്ലോ!

      Delete
  11. കൊച്ചുഗോവിന്ദാ, നീ കൊച്ചല്ല മോനേ, വലിയ ഗോവിന്ദൻ തന്നെ. 
    അല്ലെങ്കിൽ ഇങ്ങനെ വലിയ തരത്തിൽ എഴുതുന്നതെങ്ങനെ?

    ഉണ്ണ്യമ്മേ... ഉണ്ണ്യമ്മേ...ഞാൻ തോറ്റു....... കൊച്ചുഗോവിന്ദന്റെ എഴുത്ത് ക്ഷ പിടിച്ചു!!!

    PS: ഇവിടെ പുതിയവനാണെന്ന് മനസ്സിലായി. ശ്രദ്ധിക്കണേ, ഒരു പാട് പക്ഷപാതിത്വങ്ങളും മറ്റും ഉള്ളവരാണേ ഞങ്ങളീ പഴയ ബൂലോഗർ!

    ReplyDelete
    Replies
    1. അഭിനന്ദനത്തിനു നന്ദി. മുന്നറിയിപ്പിന് അതിലേറെ നന്ദി. ഞാൻ സൂക്ഷിച്ചോളാം!

      Delete
  12. കൊച്ചാണെങ്കിലും എന്ത് വലിയ കാര്യങ്ങൾ ആണ് പറയുന്നത്. അത്ര ലളിതം സുന്ദരം ( കൊച്ചു ഗോവിന്ദൻ പറഞ്ഞത് തന്നെ).

    ReplyDelete
    Replies
    1. എഴുത്ത് ഇഷ്ടപ്പെട്ടു എന്നറിയുന്നതിൽ വളരെ സന്തോഷം. നന്ദി.

      Delete
  13. കേടി ഭാവനയുടെ ഒപ്പം നടക്കുന്നു എന്ന് അറിഞ്ഞാണ് ഇവിടെ കേറി വന്നത്. ഇവിടെ വന്നപോഴല്ലേ കാര്യങ്ങളുടെ കിടപ്പ് മനസ്സിലാകുന്നത്. അങ്ങനെ പരതാൻ തുടങ്ങി. എന്തായാലും ഗുഗ്ഗുളു കലക്കി. ഇനി ബാക്കിയുള്ള പോസ്റ്റുകൾ കൂടെ വായിക്കട്ടെ.

    ReplyDelete
    Replies
    1. നന്ദി, വിഷ്ണു. ഇങ്ങനെ ഒക്കെയാണ് കാര്യങ്ങളുടെ കിടപ്പ്!

      Delete
  14. excellent info again, eager to share with the family. Please input more info in such manner. Thank you.

    ReplyDelete
  15. ഈ ഗുളു ഗുഗ്ഗുളുവിന്‍റെ ഒരു വികെഎന്‍ ഭാഷ്യം ഉണ്ട്, ആര്‍ക്കെങ്കിലും അറിയുമെങ്കില്‍ ഒന്ന് പങ്കു വെക്കുമോ?

    ReplyDelete
  16. കൊച്ചു ഗോവിന്ദാ
    തൃശൂർകാരി അടിച്ചു മാറ്റാതെ നോക്കണേ.

    ReplyDelete
  17. കലക്കി മാഷേ..... നമിച്ചു.

    ReplyDelete
  18. ജംബു ഫലം = ഞാവൽപ്പഴം

    ReplyDelete