Showing posts with label History. Show all posts
Showing posts with label History. Show all posts

Sunday, 2 November 2014

മരണമെത്തുന്ന നേരത്ത്...

"അളിയാ, മറ്റേ പുലി അയാളെ കൊല്ലുന്ന വീഡിയോ കണ്ടോ?" അത്താഴം കഴിക്കുന്നതിനിടയിൽ സഹമുറിയന്റെ അന്വേഷണം. ഡൽഹിയിലെ മൃഗശാലയിൽ വെള്ളക്കടുവ ഒരാളെ കടിച്ചു കൊന്നതിനെക്കുറിച്ചാണ് ചോദ്യം. "വാർത്ത വായിച്ചു. വീഡിയോ പ്ലേ ചെയ്തില്ല" ഞാൻ പറഞ്ഞു. പക്ഷേ, അന്ന് കൂടുതലും ഞാൻ ചിന്തിച്ചത് അതിനെ കുറിച്ചായിരുന്നു. അരവിന്ദ് അഡിഗയുടെ 'The White Tiger' നെ കുറിച്ചും മഹാഭാരതത്തിലെ യക്ഷ പ്രശ്നത്തെ കുറിച്ചും. പക്ഷേ, അതും ഇതും മറ്റേതും തമ്മിൽ ക്യാ കണക്ഷൻ? 

 മഹാഭാരതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭാഗങ്ങളിൽ ഒന്നാണ് യക്ഷപ്രശ്നം. ആ കഥ കേൾക്കാത്തവർക്കായി ഒന്ന് ചുരുക്കി പറയാം.

"സ്റ്റോപ്പ്‌ സ്റ്റോപ്പ്‌. ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു പറഞ്ഞു തീർന്നതല്ലേയുള്ളൂ. അപ്പോഴേക്കും വേണോ അടുത്ത പുരാണം? താൻ ഒരു പഴഞ്ചൻ ആണെന്ന് വായനക്കാർ തെറ്റിദ്ധരിക്കും മിസ്റ്റർ."

"നോ മാൻ. ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു ഒരു കോമഡി സ്കിറ്റ് ആയിരുന്നു. ഇത് പക്ഷേ, ധാർമികതയും അറിവും തത്വചിന്തയും ഒക്കെ ഒത്തു ചേർന്ന ഒരു പുണ്യ പുരാണ നാടകമാണ് ഹേ! മാത്രമല്ല പുട്ടിനു പീര പോലെ, നോവലും കവിതയും ഒക്കെ കുത്തിത്തിരുകിയിട്ടുമുണ്ട്."

"തനിക്ക് അത്ര വിശ്വാസമാണെങ്കിൽ നാടകം തുടരട്ടെ..."

ഈശ്വരോ രക്ഷതു!

വനവാസ കാലത്ത് ഒരിക്കൽ യുധിഷ്ഠിരന്റെ ദാഹമകറ്റാൻ നകുലൻ വെള്ളം അന്വേഷിച്ച് പോയി. കുറച്ചകലെ അദ്ദേഹം മനോഹരമായ ഒരു പൊയ്ക കണ്ടെത്തുകയും ചെയ്തു. പക്ഷേ, വെള്ളം എടുക്കുന്നതിൽ നിന്നും ഒരു കൊക്ക് അവനെ തടഞ്ഞു. തന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ വെള്ളം എടുത്തു കുടിച്ചാൽ പിന്നെ ജീവനോടെ കാണില്ല എന്നൊരു ഭീഷണിയും. ഒരു കൊക്കിന്റെ ഭീഷണി, അതും പഞ്ചപാണ്ഡവന്മാരിൽ ഒരാളായ നകുലനോട്! നകുലൻ അത് അവഗണിച്ച് വെള്ളം കുടിക്കുകയും അവിടെ തന്നെ മരിച്ചു വീഴുകയും ചെയ്തു. നകുലനെ അന്വേഷിച്ചു വന്ന സഹദേവനും പിന്നെ വന്ന അർജുനനും ഭീമനും ഇത് തന്നെ സംഭവിച്ചു. ഒടുവിൽ യുധിഷ്ഠിരനും എത്തി കുളക്കരയിൽ. വെള്ളം കൊണ്ട് വരാൻ പോയ അനുജന്മാർ വെള്ളമടിച്ചു വടിയായി കിടക്കുന്നു! നമ്മുടെ യുധി ചുറ്റും നോക്കി. അതാ ഒരു കൊക്ക്. കൂടെ, നേരത്തേ പറഞ്ഞ അതേ ഭീഷണിയും. യുധി പറഞ്ഞു, "എന്റെ അനുജന്മാരെ കൊല്ലാൻ മാത്രം ശക്തിയുള്ള അങ്ങ് കേവലം ഒരു കൊക്കല്ല എന്ന് മനസ്സിലായി. ദയവായി, സത്യം വെളിപ്പെടുത്തണം". താൻ ഒരു യക്ഷനാണ് എന്ന് കൊക്ക് മറുപടി കൊടുത്തു. യുധിഷ്ഠിരൻ ഉത്തരങ്ങൾ പറയാൻ തയ്യാറായി. പിന്നീടു യക്ഷൻ ചോദിച്ച ചോദ്യങ്ങളും യുധിഷ്ഠിരൻ നല്കിയ മറുപടികളും ആണ് 'യക്ഷപ്രശ്നം' എന്നറിയപ്പെടുന്നത്. ശാസ്ത്രവും തത്വചിന്തയും യുക്തിയും ഇടകലർന്ന യുധിഷ്ഠിരന്റെ മറുപടികൾ സഹസ്രാബ്ദങ്ങൾക്കിപ്പുറവും പ്രസക്തമായി നിലകൊള്ളുന്നു എന്നതാണ് യക്ഷപ്രശ്നത്തെ എനിക്ക് പ്രിയപ്പെട്ടതാക്കുന്നത്. ഉദാഹരണത്തിന്, പുല്ലിനേക്കാൾ അധികം ഉള്ളത് എന്ത്? ആകാശത്തേക്കാൾ ഉയരം ആർക്ക്? രോഗിയുടെ സുഹൃത്ത് ആര്?  അങ്ങനെയങ്ങനെ നിരവധി ചോദ്യങ്ങൾ. യുധിഷ്ഠിരന്റെ സുചിന്തിതമായ ഉത്തരങ്ങൾ... ആരണ്യ പർവത്തിലാണ് ഈ ഭാഗം ഉൾപ്പെടുന്നത്.കഴിയുമെങ്കിൽ കണ്ടെത്തി വായിക്കാൻ ശ്രമിക്കൂ. യക്ഷപ്രശ്നത്തിൽ  എനിക്കേറ്റവും ഇഷ്ടപ്പെട്ട ചോദ്യത്തിനെ അന്ന് മുഴുവൻ ഞാൻ കേഡിക്കണ്ണുകളിലൂടെ നോക്കുകയായിരുന്നു.

ക: ആശ്ചര്യ:?                       ആശ്ചര്യം എന്താണ്?                         What is Wonder ?

ഒന്നോർത്തു നോക്കിയാൽ എന്തോരം ആശ്ചര്യങ്ങളാ നമുക്ക് ചുറ്റും.
പിരമിഡ് മുതൽ ബുർജ് ഖലീഫ വരെ.
മഞ്ഞു തുള്ളി മുതൽ നയാഗ്ര വെള്ളച്ചാട്ടം വരെ.
ജോർജ് ക്ലൂണി മൂന്നാമതും പെണ്ണ് കെട്ടിയത് മുതൽ ഐശ്വര്യാ റായിയുടെ പ്രസവം വരെ... നമ്മുടെയൊക്കെ കാര്യം, കഷ്ടം തന്നെ മൊതലാളീ, കഷ്ടം തന്നെ!

യുധിഷ്ഠിരന്റെ ആശ്ചര്യം ഇതായിരുന്നു.

 അഹന്യഹനി ഭൂതാനി ഗച്ഛന്തീഹ യമാലയം|
ശേഷാ: സ്ഥാവരമിച്ഛന്തി കിമാശ്ചര്യമത: പരം||

 കാലം കൈ കൂപ്പി നിൽക്കുന്ന, ധർമപുത്രന്റെ മറുപടി:
"ദിവസേന ജീവജാലങ്ങൾ യമലോകത്തേക്ക് യാത്രയാവുന്നു. ശേഷിക്കുന്നവർ മരണമില്ലാത്തവരായിരിക്കാൻ  ആഗ്രഹിക്കുന്നു. ഇതിൽപരം ആശ്ചര്യം എന്താണ്?"

ശരിയല്ലേ, ഇതിൽപരം ആശ്ചര്യം എന്താണ്? വർഷങ്ങൾ, നൂറ്റാണ്ടുകൾ എത്രയോ പെയ്തൊഴിഞ്ഞു. കാലമെത്രയോ പുരോഗമിച്ചു. പക്ഷേ, മരണമെന്ന മഹാസത്യം തലയുയർത്തി നിൽക്കുമ്പോഴും, മരിക്കാതിരുന്നെങ്കിൽ എന്ന് ഒരു വട്ടമെങ്കിലും ആഗ്രഹിക്കാത്തവർ ആരുണ്ട്? യുധിഷ്ഠിരന്റെ മറുപടികളിൽ സന്തുഷ്ടനായ യക്ഷൻ, വെള്ളം കുടിക്കാനുള്ള അനുവാദത്തോടൊപ്പം ഒരു സഹോദരനെ ജീവിപ്പിക്കാനുള്ള ഓഫറും കൊടുത്തു. ആരായാലും കണ്‍ഫ്യുഷൻ ആയിപ്പോകും. ഭീമനെ വേണോ അതോ അർജുനനെ മതിയോ എന്ന കണ്‍ഫ്യുഷൻ. അതവിടെ നിൽക്കട്ടെ!

അരവിന്ദ് അഡിഗയുടെ 'The White Tiger' വായിച്ചപ്പോഴാണ് ഞാൻ വെള്ളക്കടുവയെ കുറിച്ച് ആദ്യമായി ചിന്തിക്കുന്നത്.
ഇന്ത്യ സന്ദർശിക്കാൻ വരുന്ന ചൈനീസ് പ്രധാനമന്ത്രിക്ക് കഥാനായകൻ എഴുതുന്ന കത്തിന്റെ രൂപത്തിലാണ് ആ നോവലിന്റെ അവതരണം. പൊറോട്ട കീറുന്നത് പോലെയാണ് ആ നോവൽ ഇന്ത്യയുടെ പ്രതിച്ഛായയെ കീറി മുറിക്കുന്നത്! ഓരോ പേജിലും വിമർശനം. ഘോരമായ വിമർശനം. എന്നിട്ടെന്താ? ആ വർഷത്തെ(2008) ബുക്കർ സമ്മാനം നല്കി സായ്പ്പന്മാർ അഡിഗയെ ആദരിച്ചു! മറ്റൊന്ന് കൂടി ചേർത്ത് വായിക്കണം. ഇന്ത്യയുടെ ചേരി മുഖം അനാവരണം ചെയ്ത 'സ്ലം ഡോഗ് മില്യണയർ' ആ വർഷത്തെ ഓസ്കാർ പുരസ്കാരങ്ങൾ വാരിക്കൂട്ടുക കൂടി ചെയ്തു. ഇന്ത്യയെ കുറ്റം പറഞ്ഞാൽ സായ്പ്പന്മാർക്ക് സന്തോഷം ആവും എന്ന് ചുരുക്കം! പക്ഷേ, ചായപ്പീടികയിലോ കവലയിലോ നിന്ന് കുറ്റം പറഞ്ഞാൽ പോരാ. ലോകത്തിനു മുമ്പിൽ ചെന്ന് നിന്ന് കാര്യകാരണസഹിതം ഉറക്കെ വിളിച്ചു പറഞ്ഞു നാറ്റിക്കണം. അവാർഡ്‌ എപ്പോ കിട്ടി എന്ന് ചോദിച്ചാൽ മതി. 
അപ്പൊ, പറഞ്ഞു വന്നത്... വൈറ്റ് ടൈഗർ.
ആ നോവലിലെ, കേന്ദ്ര കഥാപാത്രം ബൽറാം, സ്വയം ഒരു വെള്ളക്കടുവ എന്നാണ് വിശേഷിപ്പിക്കുന്നത്. അയാളുടെ വ്യക്തിത്വം ഒരു വെള്ളക്കടുവയുടേത് പോലെ വ്യത്യസ്തമാണ് എന്ന് അയാൾ കരുതുന്നു. ജീനിലെ മാറ്റം മൂലം, ഓറഞ്ച് നിറം നൽകുന്ന പദാർത്ഥം ശരീരത്തിൽ ഇല്ലാതെ വരുമ്പോഴാണ് ഒരു വെള്ളക്കടുവ ജനിക്കുന്നത്. ആയിരക്കണക്കിന് കടുവകളിൽ ഒന്ന് മാത്രം അങ്ങനെ വെള്ളക്കടുവയായിത്തീരുന്നു. കടുവകൾ തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, ഒരു വെള്ളക്കടുവയായിരിക്കുക എന്നത് എത്ര അപൂർവതയാണ്, അല്ലെ?  


അങ്ങനെ അപൂർവങ്ങളിൽ അപൂർവമായ ഒരു കടുവയുടെ കടിയേറ്റ് മരിക്കുക എന്ന് വെച്ചാൽ! മരിക്കാതിരിക്കുക എന്നാ ആഗ്രഹത്തോളം തന്നെ ആശ്ചര്യജനകമാണ് ചില മരണങ്ങളും. അന്ന് മുഴുവൻ ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുകയായിരുന്നു! ഒരു വെള്ളക്കടുവയുടെ കടിയേറ്റുള്ള മരണം ഒരാളുടെയും വന്യമായ സങ്കൽപ്പങ്ങളിൽ പോലും ഉണ്ടാകാനിടയില്ല. ഉവ്വോ? എന്നിട്ടും ആ പാവം മനുഷ്യൻ, സഹജീവികളുടെ ക്യാമറകൾക്ക് വിരുന്നൊരുക്കി ഒരു വെള്ളക്കടുവയ്ക്ക് കഴുത്ത് നീട്ടി... ഞാൻ എങ്ങനെ ചിന്തിക്കാതിരിക്കും? അല്ല, പറഞ്ഞിട്ട് കാര്യമില്ല. പണിയൊന്നും ചെയ്യാതെ ഓഫീസിൽ കുത്തിയിരുന്നാൽ ഇതല്ല ഇതിനപ്പുറവും തോന്നും!

അതുകൊണ്ട് നമുക്കൊരു യൂ ടേണ്‍ എടുത്ത് യക്ഷന്റെ അടുത്തേക്ക് മടങ്ങാം. യുധി പറഞ്ഞു: "അങ്ങ് നകുലനെ ജീവിപ്പിച്ചാലും". 
"ബട്ട്‌ വൈ?" നമ്മളെ പോലെ യക്ഷനും ചോദിച്ചു. ഭീമനെയും അർജുനനെയും വേണ്ടെന്നു വെക്കാൻ എന്താണ് കാരണം? 
"പാണ്ഡുവിന് കുന്തിയിൽ പിറന്ന മകനായി ഞാൻ ജീവിച്ചിരിപ്പുണ്ട്. മാദ്രിയിൽ പിറന്ന നകുലനാണ് ഇനി ജീവിക്കേണ്ടത്. അല്ലാതെ കഴിവിന്റെയും കരുത്തിന്റെയും അളവ് വെച്ച് അനുജനെ തിരഞ്ഞെടുക്കുന്നത് ധർമമല്ല". (പഞ്ചപാണ്ഡവൻമാരിൽ ആദ്യത്തെ മൂന്നു പേർ കുന്തിയുടെ മക്കളാണ്. നകുല സഹദേവന്മാർ മാദ്രിയുടെയും. പാണ്ഡു മരിച്ചപ്പോൾ മാദ്രി ചിതയിൽ ചാടി മരിച്ചു. പിന്നെ കുന്തിയാണ് എല്ലാവരേയും വളർത്തിയത്.)
ഹാ! നാലനുജന്മാർ മരിച്ചു കിടക്കുമ്പോഴും സമചിത്തത വെടിയാതെ, സംശയലേശമന്യേ യുധിഷ്ഠിരന്റെ മറുപടി. എത്ര മഹത്തായ ചിന്ത! 
ഇത്ര മനോഹരവും മഹത്തരവുമായ കാഴ്ചപ്പാടുകൾ ലോകത്തിനു നൽകിയ ഋഷീശ്വരന്മാർക്ക് പ്രണാമം. വെറുതെയാണോ മാക്സ് മുള്ളറും റുഡോൾഫ് റോത്തും ഒക്കെ അടങ്ങാത്ത ആവേശത്തോടെ ഭാരതത്തിലേക്ക് എത്തിയത്? ഷേക്ക്‌സ്പിയറും ഷെല്ലിയും ജനിച്ച സ്ഥലങ്ങളിൽ മനുഷ്യവാസം ആരംഭിക്കുന്നതിനു മുന്നേ, മനുഷ്യസങ്കൽപ്പങ്ങളുടെ പരിധി അളന്നവരായിരുന്നു നമ്മുടെ പൂർവികർ. പക്ഷേ, പിന്നീടുള്ള വഴികളിൽ എവിടെയോ വച്ച് നാം നമ്മളെ മറന്നു. ഈ മറവിയാണ് ഭാരതം ഇന്ന് നേരിടുന്ന മൂല്യച്യുതിയുടെ ഒരു കാരണം. പറഞ്ഞു പറഞ്ഞു കാട് കയറിയപ്പോഴാണ് കണ്ടത്, ദാ കാട്ടിൽ നിൽക്കുന്നു യുധിഷ്ഠിരനും യമനും! "നിന്റെ അറിവിലും ധർമബോധത്തിലും ഞാൻ സന്തുഷ്ടനായിരിക്കുന്നു" യമൻ പറഞ്ഞു.
കൊച്ചു ഗോവിന്ദന് തെറ്റിപ്പോയി, യമനല്ല, യക്ഷനാണ് പറഞ്ഞത് എന്ന് തെറ്റിദ്ധരിച്ചവർക്ക് തെറ്റി! പറഞ്ഞത് യമൻ തന്നെ. യുധിഷ്ഠിരന്റെ പിതാശ്രീ! അപ്പൊ, യക്ഷനോ? യുധിഷ്ഠിരനെ പരീക്ഷിക്കാൻ കൊക്കിന്റെ/യക്ഷന്റെ വേഷം ധരിച്ചെത്തിയ സാക്ഷാൽ കാലനായിരുന്നു അത്. മകന്റെ അറിവിലും ധർമബോധത്തിലും അദ്ദേഹം സന്തുഷ്ടനായി. മരിച്ചു കിടന്ന നാലുപേരെയും ജീവിപ്പിച്ച് അനുഗ്രഹിച്ച് അദ്ദേഹം യാത്രയായി. 

കഥ കലാശ് ഹോ ഗയാ.

അതൊക്കെ ശരി. പക്ഷേ, ഈ ലേഖനത്തിന്റെ ഉള്ളടക്കവും ടൈറ്റിലും തമ്മിൽ വലിയ ബന്ധം ഒന്നും ഇല്ലല്ലോ മോനെ? 
ഓ, അത് ശരിയാണല്ലോ. ഇപ്പ ശരിയാക്കി തരാം!

"മരണമെത്തുന്ന നേരത്ത് നീയെന്റെ അരികിൽ 
ഇത്തിരി നേരം ഇരിക്കണേ.
കനലുകൾ കോരി മരവിച്ച വിരലുകൾ 
ഒടുവിൽ നിന്നെ തലോടി ശമിക്കുവാൻ..."
പക്ഷേ, ഒരു വെള്ളക്കടുവ കടിക്കുമ്പോൾ, ഹാർട്ട് അറ്റാക്ക്‌ വന്ന് പിടയുമ്പോൾ, വണ്ടി ഇടിക്കുമ്പോൾ, സുനാമി വരുമ്പോൾ... ആരാണ് പ്രിയതമയെ തലോടുന്നത്? അവളുടെ ഗന്ധം കലർന്ന ശ്വാസകണിക അവസാനമായി ഉള്ളിലേക്കെടുക്കുന്നത്? 
തൊട്ടടുത്തുള്ളപ്പോൾ ഒന്നു പുഞ്ചിരിക്കുക പോലും ചെയ്യാതെ, മരിക്കാൻ കിടക്കുമ്പോൾ സെന്റിമെന്റലാവുന്ന, നമ്മുടെ ആ സൈക്കോളജി! ആശ്ചര്യം തന്നെ!





Thursday, 9 October 2014

ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!

"ഉണ്ണ്യമ്മേ... ഉണ്ണ്യമ്മേ... കുടുമ്പിയെ ഞാൻ പിടിച്ചു!
 ഉണ്ണ്യമ്മേ... കുടുമ്പിയെ ഞാൻ പിടിച്ചു..."
 കുമ്പിടിയെ കയ്യോടെ പൊക്കിയ വിവരം പറയാൻ ഓടിയടുത്ത കേശവൻ നായർ ഞെട്ടി. പകച്ചു! ശുഭ്രവസ്ത്ര ധാരിയായി ദാ ഇരിക്കുന്നു കുമ്പിടി വീടിന്റെ ഉമ്മറത്ത്. "എന്താ കേശവാ?" കുമ്പിടി ചോദിച്ചു. കേശവൻ നായർ അറിയാതെ കൈ കൂപ്പി പോയി. അടുത്ത് വന്ന കേശവനെ നോക്കി കുമ്പിടി ജപിച്ചു.

"ജംബൂ ഫലാനി പക്വാനി
പതന്തി വിമലേ ജലേ
കപി കമ്പിത ശാഖാഭ്യാത് 
 ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!"



സാഹചര്യത്തിന് യോജിച്ച ഭീകര മന്ത്രം! കേശവൻ നായർ ബോധം കെട്ട് വീണു. രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിൽ കുമ്പിടി കിതച്ചു. ആഹ്!
എന്തായിരുന്നു നമ്മുടെ കുമ്പിടി ജപിച്ച ഭീകര മന്ത്രം?
അതൊരു കഥയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പുള്ള ഒരു കഥ. അക്കഥയാണ് ഇക്കുറി.

ഭോജരാജാവിന്റെ കൊട്ടാരം. സദസ്സ് ഡെസ്പ്പടിച്ചിരിക്കുകയാണ്. തലേ ദിവസത്തെ ഹോംവർക്ക്‌ ആരും ചെയ്തിട്ടില്ല! എങ്ങനെ ചെയ്യും. അമ്മാതിരി ചോദ്യം അല്ലേ കൊടുത്തു വിട്ടത്. 'ക ഖ ഗ ഘ' എന്ന് അവസാനിക്കുന്ന ഒരു ശ്ലോകം തയ്യാറാക്കണം. ഇംഗ്ലീഷ് പരീക്ഷയിൽ തോറ്റ ടിന്റുമോൻ പറഞ്ഞത് പോലെ, പലരും പറഞ്ഞു "അണ്‍പോസ്സിബിൾ!". 

"ചെമ്പനീർ പൂക്കുന്നതായ് നിനക്കായ് " എന്ന വരി ആയിരുന്നെങ്കിൽ, പണ്ട് ഞാൻ എഴുതിയ കവിത മതിയായിരുന്നു.

"ഒരു സൈക്കിളിൽ പാട്ടും മൂളി വഴിവക്കിലേ
മാഞ്ചോട്ടിൽ ഞാൻ വന്നതോർമ്മയില്ലേ
അന്ന് ലവ് ലെറ്ററിൽ ഞാനെഴുതീ എന്റെ
ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്"

അതും അല്ലെങ്കിൽ അതിന്റെ അനുകരണമായ,

"ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
ഒരുവേള നിൻ നേർക്ക് നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞു എന്റെ
ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്"

എന്നോ എഴുതാമായിരുന്നു. (ഇത് പിന്നീട് ചലച്ചിത്ര ഗാനമായി എന്നോ, ഹിറ്റായി എന്നോ ഒക്കെ കേട്ടു!)

പക്ഷേ, ക ഖ ഗ ഘ എന്ന് പറയുമ്പോൾ??? നോ വേ! അപ്പോഴാണ്‌ നമ്മുടെ കാളിദാസൻ ക്ലാസ്സിലേക്ക്, അതായത് സദസ്സിലേക്ക് കടന്നു വന്നത്. "ഗുഡ് മോണിംഗ് രാജാവേ"
"മോണിംഗ്. മോണിംഗ്.  മണി പതിനൊന്നായി. എന്താ ലേറ്റ് ആയത്?"
"പത്തേകാലിന്റെ കുതിരവണ്ടി മിസ്സായി മൈ ലോർഡ്‌. പിന്നെ പത്തേ ഇരുപതിന്റെ കാളവണ്ടിയിലാ വന്നത്."
"ഹോം വർക്ക്‌ ചെയ്തിട്ടുണ്ടോ?"
 "ഞാൻ ഇന്നലെ ലീവ് ആയിരുന്നു യുവർ എക്സലൻസി"
"നോ എക്സ്ക്യൂസസ്. ഉത്തരം പറഞ്ഞിട്ട് ഇരുന്നാൽ മതി."
"ആയിക്കോട്ടെ! പക്ഷേ, ചോദ്യം എന്താണാവോ?"
"സമസ്യാ പൂരണം ആണ്. ക ഖ ഗ ഘ"
ഓഹോ. അപ്പോൾ അതാണ്‌ സംഗതി. സമസ്യാപൂരണം എന്ന് വച്ചാൽ, ചോദ്യകർത്താവ്‌ഒരു വരി തരും. ഒരു ശ്ലോകത്തിന്റെ അവസാന വരി. അതിനനുസരിച്ചുള്ള ആദ്യ മൂന്ന് വരികൾ തയ്യാറാക്കൽ ആണ് സമസ്യാപൂരണം. പക്ഷേ, ഒരു പ്രശ്നമുണ്ട്. പ്രൊജക്റ്റ്‌ പ്രസന്റേഷന്റെ സമയത്ത് H O D ചോദിക്കുന്ന പോലെ, ചോദ്യത്തിന് ഒരു ലോജിക്കും ഉണ്ടാവില്ല. പക്ഷെ ഉത്തരത്തിനു നല്ല ലോജിക് വേണം. അതാണതിന്റെ ബൂട്ടി! കാളിദാസന്റെ മനസ്സിന്റെ താളിയോലയിൽ നാലക്ഷരങ്ങൾ മിന്നി. ക ഖ ഗ ഘ.
ഓണ്‍ ദി സ്പോട്ടിൽ അദ്ദേഹം മറുപടി കൊടുത്തു.

"കാ ത്വം ബാലേ? കാഞ്ചന മാലാ 
കസ്യാ പുത്രീ? കനക ലതായാ 
കിം തേ ഹസ്തേ? താളീ പത്രം.
കാ വാ രേഖാ? ക ഖ ഗ ഘ!"

മലയാളം ഇങ്ങനെ:      
നീ ആരാണ് കുട്ടീ? കാഞ്ചന മാല.
ആരുടെ മകൾ? കനകലതയുടെ 
കയ്യിലെന്താ? താളിയോല.
എന്താ എഴുത്ത്? ക ഖ ഗ ഘ.

പെർഫെക്റ്റ്‌! ഉത്തരത്തിൽ നിന്നും ചോദ്യം ഉണ്ടാക്കിയ പോലെ ചേർന്നിരിക്കുന്ന വരികൾ! കാളിദാസന് മാത്രം പറ്റുന്നത്. സദസ്സ് എഴുന്നേറ്റു നിന്ന് കയ്യടിച്ചു. രാജാവ് 100 ഗോൾഡ്‌ കോയിൻ ഗിഫ്റ്റ് കൊടുത്തു. പിന്നെ രാജ്യകാര്യങ്ങളെ കുറിച്ച് ചർച്ച നടന്നു. ഈ സമയത്തൊക്കെ കുറേക്കൂടി സങ്കീർണ്ണമായ ഒരു സമസ്യ ആലോചിക്കുകയായിരുന്നു മിസ്റ്റർ. ഭോജൻ. ഒടുവിൽ രണ്ടു കിടിലോൽക്കിടിലൻ സമസ്യകൾ നമ്മുടെ ബഷീർ സ്റ്റൈലിൽ രാജാവ് കണ്ടെത്തി.
1) ടഡണ്ട ടണ്ടണ്ട ടഡണ്ട ടണ്ട!
2)  ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!
രണ്ടും ഹോം വർക്ക്‌ ആയി കൊടുത്തു വിട്ടു. സഭ പിരിയുമ്പോൾ, കാളിദാസൻ മെനഞ്ഞെടുക്കുന്ന ഭാവന എന്തായിരിക്കും എന്ന് മാത്രമായിരുന്നു രാജാവിന്റെ സംശയം...

പിറ്റേന്ന് പത്തേകാലിന്റെ വണ്ടിക്ക് തന്നെ എല്ലാവരും ഹാജരായി. രാജാവ്‌  ചോദിച്ചു " വല്ലതും നടന്നോ?". ടീച്ചർ ക്ലാസ്സിനോട് ചോദ്യം ചോദിക്കുമ്പോൾ കുട്ടികൾ എല്ലാം പഠിപ്പിസ്റ്റിനെ നോക്കുന്നത് പോലെ, സഹകവികൾ എല്ലാം കാളിദാസനെ നോക്കി. കാളിദാസൻ പറഞ്ഞു " ഒന്നും നടന്നില്ല മഹാരാജൻ. ചിലതൊക്കെ വീണു". കാളിദാസൻ സമസ്യ പൂരിപ്പിച്ചുവെന്നു രാജാവിന് മനസിലായി. "വീണതെന്താണെന്ന് കേൾക്കട്ടെ" രാജാവ്‌ ആവശ്യപ്പെട്ടു.

 "ജംബൂ ഫലാനി പക്വാനി
പതന്തി വിമലേ ജലേ
കപി കമ്പിത ശാഖാഭ്യാത് 
 ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!"

കുസൃതിയും ലോജിക്കും നിറഞ്ഞ ഒരു കുട്ടിക്കവിത!

കുരങ്ങൻ കുലുക്കുന്ന ചില്ലയിൽ നിന്ന് 
പഴുത്ത ഞാവൽ പഴങ്ങൾ 
 ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു എന്ന് 
നിർമലമായ വെള്ളത്തിലേക്ക് വീഴുന്നു.

ലളിതം. സുന്ദരം! അഞ്ചാം ക്ലാസിലെ സംസ്കൃത പാഠപുസ്തകത്തിന് നന്ദി പറഞ്ഞ് കുമ്പിടി ബാക്കിയുള്ള ചിക്കെൻ ഫ്രൈ അകത്താക്കാൻ പുറത്തേക്ക് യാത്രയായി.
പിൻകുറിപ്പ്: കഥ കഴിഞ്ഞു. ഇനിയും എന്താണാവോ നോക്കുന്നത്? ഓഹോ! രണ്ടാമത്തെ ഹോം വർക്കിന്റെ ഉത്തരം, അല്ലെ? അത് പിന്നെ പറയാം.
ടഡണ്ട ടണ്ടണ്ട ടഡണ്ട ടണ്ട!

Monday, 25 August 2014

കൊച്ചുഗോവിന്ദചരിതം


ഹരിശ്രീ ഗണപതയേ നമ: | അവിഘ്നമസ്തു |
ഇതൊരു കേഡിയുടെ കഥയാണ്. നാലാളെ തല്ലി പോലീസ് സ്റ്റേഷനിൽ കയറി സമ്പാദിച്ച ഇരട്ടപ്പേരല്ല. ജനിച്ചപ്പോൾ മുതൽ കേഡി ആയിത്തീർന്ന ഒരാളുടെ കഥ. ഒരു അഞ്ചടി നാലേ കാലിഞ്ച് പൊക്കം. ഒരു പത്ത് അമ്പത്തെട്ടു കിലോ തൂക്കം. മാൻപേടയെ പോലെ നീളമുള്ള കണ്ണുകൾ ഉണ്ടാവാൻ അമ്മ നീട്ടി ഉഴിഞ്ഞ് ഉഴിഞ്ഞ് കുഴിഞ്ഞു പോയ കണ്ണുകൾ.  പിന്നെ കാറ്റടിച്ചാലും  ഉറങ്ങി എഴുന്നേറ്റാലും കുളിച്ചാലും ഇല്ലെങ്കിലും ആരെയും കൂസാതെ സ്വന്തം ഇഷ്ടപ്രകാരം വളഞ്ഞും പിരിഞ്ഞും ഇരിക്കുന്ന തന്റേടിയായ തലമുടി. കണ്ടോ, മുടി പോലും കേഡിയെ പോലെയാണ് പെരുമാറ്റം. പറഞ്ഞു പറഞ്ഞു വന്നപ്പോൾ ദാ  കിടക്കുന്നു ഉമ്മറത്ത് കാലും നീട്ടി ഒരാൾ .
"ആരാ?"
"ചോദ്യം"
"ആര്?"
"ഡോ, അത് തന്നെയാ പച്ച മലയാളത്തിൽ പറഞ്ഞത്. ചോദ്യമാണെടാ ചോദ്യം!
ആരാണീ കേഡി?          Who is KD?          केडी कौन है?"
ശ്ശെടാ! ഇത് നല്ല ചോദ്യം! അത് ഞാൻ ആകുന്നു. That is ഞാൻ! केडी ഞാൻ है हूं ഹോ!
മുടി ചൂടിയും ചൂടാതെയും മന്നന്മാരും മന്നത്തികളും വാഴുന്ന  ഈ ബൂലോഗത്ത്, എന്റെ ആദ്യ പോസ്റ്റിൽ തന്നെ നാട്ടുകാരെയോ വീട്ടുകാരെയോ പ്രതിഷ്ഠിക്കാൻ ഞാൻ അത്ര വിശാലമനസ്കനോ പോങ്ങനോ ഒന്നും അല്ല ഹേ! നിങ്ങൾ അന്വേഷിച്ചു നടക്കുന്ന കേഡി ഇതെഴുതുന്ന ഞാൻ തന്നെയാണ്. സാക്ഷാൽ കൂനാക്കംപുള്ളി ഗോവിന്ദന്റെ കൊച്ചു മകനും കൂനാക്കംപുള്ളി ധർമന്റെ മകനും ആയ ഞാൻ!
"സ്ഥലം?"
"ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് എടക്കുളം എന്ന (കു)ഗ്രാമം!"
"ശരി. എന്താ ഉദ്ദേശം?"
"നിങ്ങളൊക്കെ എന്റെ പിതാശ്രീയെയും പിതാമഹനെയും വിളിക്കുന്നതിനു മുൻപ് കൊച്ചുഗോവിന്ദചരിതം പറയണം എന്നാണു ഉദ്ദേശം."
പറഞ്ഞിട്ട് വേഗം പൊക്കോണം എന്നും പറഞ്ഞു ചോദ്യം കാലും വലിച്ചെടുത്തു പോയി. എന്നാ പിന്നെ നമുക്ക് അകത്തേക്ക് കടക്കാം, എന്താ?

ജനിച്ചു തൊണ്ണൂറു ദിവസം ഒരു പേര് പോലും ഇല്ലാതെ കണ്ണും മിഴിച്ചു മലര്ന്നു കിടന്ന എന്റെ ചെവിയിലേക്ക് തളിര് വെറ്റില ചേർത്ത് പിടിച്ച് അച്ഛൻ വിളിച്ചു..." ഗോവിന്ദൻ, ഗോവിന്ദൻ, ഗോവിന്ദൻ". ന്യായം. തികച്ചും ന്യായം. മുത്തച്ഛന്റെ പേര് വിളിച്ച് ചടങ്ങ് നടത്തുന്നത് നാട്ടു നടപ്പാണ്. ഞാൻ ഒന്നും മിണ്ടാൻ പോയില്ല. ചുമ്മാ കിടന്നു പല്ലില്ലാത്ത മോണ  കാട്ടി നന്നായി ഒന്ന് ചിരിച്ചു. എന്റെ കുഴിഞ്ഞ കണ്ണുകൾ തിളങ്ങി. അതോടെ വീട്ടുകാരും നാട്ടുകാരും ഒന്നു തീരുമാനിച്ചു. ഇവന് ഇനി ടിപ്പിക്കൽ വിളിപ്പേരുകളായ കണ്ണൻ, കോപ്പൻ, ഉണ്ണി, കുഞ്ഞൻ, കുട്ടൻ മുതലാദി പേരുകളൊന്നും നഹി ചാഹിയേ! അവിടെയായിരുന്നു ടേണിംഗ് പോയിന്റ്‌! തെക്കേ വീട്ടിലെ സാഹിൽ കൊച്ചു ഭാസ്കരൻ  ആയില്ല. പടിഞ്ഞാറേലെ ശ്രീഹരി കൊച്ചു കുമാരൻ ആയില്ല. വടക്കേലെ വിവിൻ കൊച്ചു മാണി ആയില്ല. പക്ഷെ ഞാൻ ആയി! എന്ത്? എന്റെ നിഷ്കളങ്കമായ ചിരി കണ്ട് എല്ലാവരും ഉച്ചൈസ്തരം ഉദ്ഘോഷിച്ചു. എന്ന് വച്ചാൽ ആ ഉച്ച നേരത്ത് വിളിച്ചു കൂവി. " ഇനി മുതൽ ഇവൻ  കൊച്ചു ഗോവിന്ദൻ ആണ്. നമ്മുടെ സ്വന്തം കൊച്ചോവി!"



"What?!               എന്ത്?!                  क्या?!"
കുഛ് നഹീ! വ്യാകരണം ആണ് മാഷേ, വ്യാകരണം!
കൊച്ചു ഗോവിന്ദൻ ലോപിച്ച് കൊച്ചു ഗോവി ആയി. പിന്നെ അതും ലോപി ലോപി കൊച്ചോവി ആയി. ദാറ്റ്സ് ഓൾ! എന്ത് നല്ല കുഗ്രാമീണത്തനിമയുള്ള പേര്! കേട്ടവർ കേട്ടവർ കോൾമയിർ (അത് തന്നെ!) കൊണ്ടു! അവസാനം ഞാൻ വ്യാകരണം ഒക്കെ പഠിച്ച് A+ ഉം വാങ്ങി വന്നപ്പോഴേക്കും പേരിന്റെ കാര്യം ഗുദാ ഹവ! എടക്കുളത്ത് വന്ന് എന്റെ യഥാർത്ഥ പേരിൽ വീട് ചോദിച്ചാൽ എറണാകുളം ചൂണ്ടിക്കാണിക്കുന്ന അവസ്ഥയിലായി എന്റെ BIS Hallmark 916 പേര്! പക്ഷെ സന്ധിയും സമാസവും പ്രയാസവും സമാസമം വരാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നൊള്ളൂ!

എന്റെ അച്ഛമ്മ മാത്രം മരിക്കുന്നത് വരെ എന്നെ കൊച്ചേ  എന്നോ കൊച്ചു ഗോവിന്ദൻ എന്നോ മാത്രം വിളിച്ചു. പ്രിയതമന്റെ പേര് ലോപിപ്പിച്ചു കുളമാക്കാൻ തോന്നിയിട്ടുണ്ടാവില്ല പാവത്തിന്... മൂത്ത അമ്മായി എന്നെ കൊച്ചോവിന്നൻ എന്ന് വിളിച്ചു. ഓക്കേ, അഡ്ജസ്റ്റബിൾ! അമ്മായിയുടെ മകൾ അതായത് എന്റെ മുറപ്പെണ്ണ്, കൊച്ചു ഗോവി പരിഷ്കരിച്ച് കൊച്ചു ഗോപി എന്നാക്കി. പിന്നെ ഗോപി എന്ന് മാത്രം ആക്കി. ഗോവിന്ദന്റെ  കാര്യം ഗോപി!
രണ്ടാമത്തെ അമ്മായിയും മക്കളും എന്നെ വെറുതെ വിട്ടു. കൊച്ചു ഗോവിന്ദാ... എന്ന് നീട്ടി വിളിച്ചു. മൂന്നാമത്തെ അമ്മായിക്ക് ഞാൻ കുഞ്ഞുണ്ണിയും നാലാമത്തെ അമ്മായിക്ക് ഞാൻ കൊച്ചുണ്ണിയും ആയി. അങ്ങനെ പേര് വിളിയുടെ അന്ന് പായസവും കുടിച്ചു മടങ്ങിപ്പോയ കുഞ്ഞനും ഉണ്ണിയും ഒക്കെ ഫാൻസി ഡ്രെസ്സും ഇട്ടു മടങ്ങിയെത്തി!

അമ്മായിമാരുടെ വീടുകളിൽ അവധിക്കാലത്ത്‌ പാർക്കാൻ  ചെല്ലുമ്പോൾ അവരുടെ അയൽക്കാർക്ക് എന്നെ കൊച്ചോവിയെന്നും കുഞ്ഞുണ്ണിയെന്നും ഒക്കെ പരിചയപ്പെടുത്തി. പിന്നെ അവിടങ്ങളിലെ വ്യാകരണ മഞ്ജരിയുടെ സഹായത്തോടെ അന്നാട്ടുകാർ എന്നെ കൊച്ചാവയെന്നും കുഞ്ഞാവയെന്നും ഒക്കെ വിളിക്കാൻ തുടങ്ങി. പേര് വിളിയുടെ അന്നത്തെ പോലെ ഞാൻ പിന്നേം പല്ലിളിച്ചു ചിരിച്ചു. പിന്നെ വളർന്നു വളർന്നു എടക്കുളത്ത് സ്ഥലം പോര എന്ന് തോന്നിയപ്പോ വിധി എന്നെ ജനശതാബ്ദിയിൽ കയറ്റി  തിരോന്തോരത്ത് എത്തിച്ചു. നാല് വർഷം കഴിഞ്ഞ് ജെറ്റ് എയർവയ്സിൽ കയറ്റി ഷാർജയിലേക്ക് വിട്ടു. കഴിഞ്ഞ വെക്കേഷന് നാട്ടിൽ പോയപ്പോൾ ഇളയ അമ്മായിയുടെ വീടിനടുത്തുള്ള ഒരു വല്യമ്മയെ കണ്ടു. ഒക്കത്ത് ഒരു കുട്ടിയേയും എടുത്ത് നടന്നു വരികയാണ് കക്ഷി. എന്നെ കണ്ടപ്പോൾ ചിരിച്ചു. എന്നിട്ട് പറഞ്ഞു, "ഇതെന്റെ മോൾടെ  മോളാ. മോന്റെ വിളിപ്പേര് തന്നെയാ ഇവൾക്കും". ഞാൻ കോൾ________ കൊണ്ടു. എന്നിട്ട് ചോദിച്ചു, " എന്താ വാവേടെ പേര്?"
"കുഞ്ഞാറ്റ!"
എന്റെ ഗോവിന്ദനപ്പൂപ്പാ!!! കൊച്ചു ഗോവിന്ദൻ എന്ന സ്റ്റൈലൻ പേരിനെ കുഞ്ഞാറ്റയാക്കിത്തീർത്ത വാമൊഴി വഴക്കത്തിന്റെ ശക്തിയെ ഞാൻ നമിച്ചു പോയി!
കൊച്ചുഗോവിന്ദചരിതം സമ്പൂർണ്ണം!
നിങ്ങളുടെ കൊച്ചു കൊച്ചു പ്രോത്സാഹനങ്ങളും വിമർശനങ്ങളും നിർദേശങ്ങളും എനിക്ക് ഏറെ വിലപ്പെട്ടതാണ്‌... തരില്ലേ?