Wednesday, 24 December 2014

ഹാപ്പി (അവസാന) ക്രിസ്മസ്!

 ബഹുമാനപ്പെട്ട തൊഗാഡിയ അങ്ങുന്നിന് കൊച്ചു ഗോവിന്ദൻ എഴുതുന്നത്,
ഭാരതത്തിലെ ഹിന്ദു ജനസംഖ്യ നൂറു ശതമാനം ആക്കുമെന്ന പ്രസ്താവന കേട്ടതിന്റെ രോമാഞ്ചം ഇതുവരെ വിട്ടുമാറിയിട്ടില്ല. അതിനു മുമ്പേ ഗുജറാത്തിൽ ഘർ വാപ്സി നടത്തിയപ്പോൾ വീണ്ടും രോമാഞ്ചി. ഇതിനിടക്ക് കേരൾ മേം ഘർ വാപസി നടത്തിയപ്പോൾ പിന്നെയും രോമാഞ്ചി. ഇങ്ങനെ രോമാഞ്ചി രോമാഞ്ചി മോഡിയമ്മാവന്റെ ഭരണം കഴിയുമ്പോഴേക്കും ഞാൻ വല്ല തുള്ളൽ പനിയും പിടിച്ച് തട്ടിപ്പോകുമോ എന്നാണ് ഇപ്പോഴത്തെ പേടി. അതിനു മുമ്പ് എന്നെക്കൊണ്ട് ആവുന്ന പോലെ ചില നുറുങ്ങു വിദ്യകൾ പറഞ്ഞു തന്ന് അങ്ങയെ സഹായിക്കണം എന്ന് തോന്നി.

അങ്ങനെ ഞാൻ കൂലങ്കഷമായി ചിന്തിച്ചപ്പോൾ തലയിൽ ഉദിച്ച പോയന്റുകൾ താഴെ പറയുന്നു. അങ്ങേക്ക് മലയാളം വായിക്കാൻ ബുദ്ധിമുട്ടാണെന്നറിയാം. പക്ഷേ, ഞങ്ങ മലയാളികൾ ഇല്ലാത്ത നാടില്ലല്ലോ! അത് കൊണ്ട് ഒരു മലയാളിയെ കണ്ടു പിടിച്ച് ഇത് വായിപ്പിക്കണം. പക്ഷേ, ഒരു ഹിന്ദു മലയാളിയെ കൊണ്ട് വേണം ഇത് വായിപ്പിക്കാൻ. എന്ന് വെച്ചാൽ യേ പത്ര് ഏക്‌ ഹിന്ദു മലയാളിയെക്കൊണ്ട് പഠ്കെ ആപ്കോ തർജമ കർനാ ചാഹിയേ. സംഝാ? അപ്പോ, കാര്യത്തിലേക്ക് കടക്കാം.

1) എല്ലാ അഹിന്ദുക്കളും ഹിന്ദുക്കളായി മാറിക്കഴിയുമ്പോൾ ക്രിസ്മസ്, ഈസ്റ്റർ, പെരുന്നാൾ, മുഹറം തുടങ്ങിയ പരിപാടികൾ നമ്മൾ നിരോധിക്കുമല്ലോ. പക്ഷേ, അന്നേ ദിവസം തരാറുള്ള അവധികൾ അനുവദിച്ചു തരണേ അമ്മാവാ. മുപ്പത്തിമുക്കോടി ദൈവങ്ങൾ നമ്മടെ കയ്യിൽ സ്റ്റോക്ക്‌ ഒള്ളപ്പോ, അവധിക്ക് കാരണം കണ്ടെത്താൻ പ്രയാസം ഒന്നും ഇല്ലല്ലോ. വല്ല മാടന്റെയും മറുതയുടെയും പിറന്നാളോ വെഡിംഗ് ആനിവേഴ്സറിയോ ആണെന്ന് പറഞ്ഞാൽ മതി.

2) വേളാങ്കണ്ണി പള്ളിയുടെ സ്ഥാനത്ത് ഒരു ശബരിമല കൂടി പണിതാൽ കുറെ തമിഴന്മാരും തെലുങ്കാനന്മാരും സീമാന്ദ്രന്മാരും ഒക്കെ അങ്ങോട്ട്‌ പൊക്കോളും. അത് വഴി ഒറിജിനൽ ശബരിമലയിലെ തിരക്ക് ഒഴിവാക്കുകയും വന നശീകരണം തടയുകയും ചെയ്യാം. എപ്പടി?

3) ഗുരുവായൂരമ്പലത്തിൽ ഇപ്പൊ തന്നെ നിന്ന് തിരിയാൻ സ്ഥലമില്ല. അത് കൊണ്ട് ഇനി ഹിന്ദുക്കളാവുന്നവർക്ക് പ്രവേശനം ആഴ്ചയിൽ രണ്ടു ദിവസമായി ക്രമീകരിക്കണം.

4) നിങ്ങ നോർത്തിന്ത്യൻ ഹിന്ദുക്കൾ മരത്തിൽ കാണുന്നതിനു മുന്നേ മാനത്ത് കണ്ടവരാണ് ഞങ്ങ മലയാളി ഹിന്ദുക്കൾ. ഘർ വാപസി എന്നതിന്റെ മലയാളമായ 'വീട്ടിലേക്കുള്ള വഴി' എന്ന പേരിൽ സിനിമയെടുത്ത് അവാർഡ് വാങ്ങിയ ഞങ്ങളെ ഘർ വാപസിയുടെ ബ്രാൻഡ് അംബാസഡർമാർ ആക്കാൻ ദയവുണ്ടാകണം.

5) കേരളത്തിലെ അച്ചായന്മാരും കാക്കമാരും ഒക്കെ പൂത്ത കാശുകാരായത് കൊണ്ട് പള്ളികളൊക്കെ ഭയങ്കര സെറ്റപ്പാ. അത് കൊണ്ട് അതൊന്നും പൊളിച്ചു കളയണ്ടാ. അവിടെയൊക്കെ, നിലവാരമനുസരിച്ച് നമുക്ക് നമ്മുടെ നേരത്തെ പറഞ്ഞ മുപ്പത്തി സംതിങ്ങ് കോടി ദൈവങ്ങളെ പ്രതിഷ്ഠിച്ചേക്കാം.

6)  പഞ്ചവാദ്യവും തായമ്പകയും കേട്ട് ബോറടിക്കുമ്പോൾ ഒരു ചെയ്ഞ്ചിനു വേണ്ടി ആർത്തുങ്കൽ പള്ളിയമ്പലത്തിൽ  പെരുന്നാളും ബീമാപ്പള്ളിയമ്പലത്തിൽ ഉറൂസും നടത്തി ബാൻഡ് സെറ്റും ഗാനമേളയും കേൾപ്പിച്ചാൽ നന്നായിരിക്കും. ഇവിടെ ഒടുക്കത്തെ മതസൗഹാർദമാണെന്ന് പറഞ്ഞ് ടൂറിസ്റ്റുകളെ പറ്റിക്കുകയും ചെയ്യാം.

7) അഹിന്ദുക്കൾ ഇല്ലാതായിക്കഴിയുമ്പോൾ തൊഴിൽ നഷ്ടപ്പെടുന്ന പള്ളീലച്ചന്മാർക്കും മൊല്ലാക്കമാർക്കും അതാത് സ്ഥലത്തെ മേല്ശാന്തിമാരായി നിയമനം കൊടുക്കാം. ഇടക്കിടക്ക് 'ഗ്ലാനിർഭവതി ഭാരതാ...', 'കട്വംളലവണാത്യുഷ്ണ...' തുടങ്ങിയ ശ്ലോകങ്ങൾ ചൊല്ലിയാൽ എവരിബഡി ഹാപ്പി.

8) യൂദാശ്ലീഹയോ തോമാശ്ലീഹയോ മറ്റോ വന്ന് മാമോദീസ മുക്കിയ വകയിൽ നമ്പൂതിരി പാരമ്പര്യം അവകാശപ്പെടുന്ന അച്ചായന്മാർക്ക്‌ തിരികെ നമ്പൂതിരിയാവാൻ പ്രൂഫ്‌ ചോദിക്കണേ അമ്മാവാ. അതില്ലാത്ത പക്ഷം വല്ല നായരോ, പിള്ളയോ ഒക്കെ ആയി ഡീഗ്രേഡ് ചെയ്യാൻ വല്ല കമ്മിറ്റിയും രൂപീകരിച്ചേക്ക്.

9) പ്രവാസി അഹിന്ദുക്കളെ ഇമ്മടെ ഗഡികളാക്കാൻ (ഗഡീന്ന് വെച്ചാ ഹിന്ദു, സംഝാ?) എല്ലാ ഇന്ത്യൻ കോണ്‍സുലേറ്റുകളിലും ഓരോ യാഗശാല തുടങ്ങാൻ മറക്കല്ലേ? ദുഫായിൽ എന്ത് ആവശ്യം ഉണ്ടെങ്കിലും ഈ കൊച്ചു ഗോവിന്ദനെ അറിയിക്കാൻ മടിക്കരുത്.

10) എല്ലാവരും ഹിന്ദുക്കളായ സ്ഥിതിക്ക്സോഷ്യൽ മീഡിയയിൽ മതസൗഹാർദ്ദവും മതവിദ്വേഷവും വിളമ്പി ലൈക്‌ വാങ്ങുന്ന ഫ്രീക്കൻമാരുടെ കാര്യം പോക്കാണല്ലോ മാമാ.  അവരെയെല്ലാം ഈശ്വരോ നീ തന്നെ രക്ഷതു.

അമ്മാവാ, എഴുതി മതിയായില്ല. എങ്കിലും നിർത്തുന്നു. മോഡിയങ്കിളിനോടും സുഷ്മാന്റിയോടും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക. അടുത്ത തവണ ഡൽഹിയിൽ വരുമ്പോൾ നേരിൽ കാണാം.

അങ്ങ് ഇതിന് എന്നോട് നന്ദിയൊന്നും പറയേണ്ടതില്ല. 'കർമണ്യേവാധികാരസ്തേ' എന്നാണല്ലോ അതിന്റെ ഒരു ഇത്. അതുകൊണ്ട്, ഭാരതാംബയെയും ഹൈന്ദവ ധർമത്തെയും പരിപാലിക്കേണ്ടത് എന്റെ കടമയാണ് അമ്മാവാ കടമയാണ്. ഇനി അത്ര നിർബന്ധമാണെങ്കിൽ അടുത്ത എലക്ഷന് നോർത്തിന്ത്യയിൽ എവിടെയെങ്കിലും ഒരു സീറ്റ് തന്നേര്. ഈ ബ്ലഡി മല്ലൂസിന് ചാണ്ടിയങ്കിളിന്റെയും അച്ചു അങ്കിളിന്റെയും ഇടയിൽ കിടന്നു കാലം കഴിക്കാനാണ് വിധി.

സ്നേഹപൂർവ്വം,
കൊച്ചു ഗോവിന്ദൻ.

                                                                                   ***************************

ദേ, ഇതിനെയൊക്കെ അതിന്റെ സ്പിരിറ്റിൽ എടുക്കും എന്ന വിശ്വാസത്തിലാണ് പടച്ചു വിടുന്നത്. ആരെയും വേദനിപ്പിക്കാനോ താഴ്ത്തിക്കാണിക്കാനോ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ വല്ലതും സംഭവിച്ചു പോയിട്ടുണ്ടെങ്കിൽ ലേലു അല്ലു... ലേലു അല്ലു... ലേലു അല്ലു... അഴിച്ചു വിട്.

11 comments:

 1. 33 മുക്കോടി ദൈവങ്ങൾ എന്നത് തെറ്റാണ്. അവരുടെ എണ്ണം 33 ആണ്. ഒരു പരിഭാഷയിൽ പറ്റിയ അബദ്ധമാണ് അത് കോടിയാകാൻ കാരണം. 

  ഘർ വാപസി എന്നാൽ വീട്ടിലേക്കുള്ള മടക്കം എന്നാണ്.

  എല്ലാം ഞാൻ തൊഗാഡിയമാമന് വായിച്ചു കൊടുത്തു. ദുഫായിൽ എന്ത് ആവശ്യം ഉണ്ടെങ്കിലും കൊച്ചു ഗോവിന്ദനെ അറിയിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.

  PS: ആശാനേ, ഒന്നു ചോദിച്ചോട്ടെ, എങ്ങനെയാ ഇങ്ങനെ എഴുതുന്നത്? ആ സൂത്രം എനിയ്ക്കു കൂടി ഒന്നു പറഞ്ഞു തരുമോ?

  ReplyDelete
  Replies
  1. വീട്ടിലേക്കുള്ള വഴിയിലൂടെ ആണല്ലോ ഹം ലോക് വീട്ടിലേക്ക് മടങ്ങുന്നത്. അപ്പൊ വഴി കാണിച്ചു കൊടുത്തത് ആരാ? ഹം മലയാളികൾ.!!!
   മുജ്കോ പണ്ട് മുതലേ ഹിന്ദി നന്നായി മാലൂം ഹേ. എന്റെ കൊച്ചു കൊച്ചു മണ്ടത്തരങ്ങൾ വായിച്ച് കമന്റാൻ സമയം കണ്ടെത്തുന്നതിന് ബഹുത് നന്ദി സാബ്... ബഹുത് നന്ദി.

   Delete
 2. This comment has been removed by a blog administrator.

  ReplyDelete
 3. ഡേയ് പയ്യൻൻൻൻ....തൊഗാഡിയക്ക് ഹിന്ദി അറിയില്ല എന്നുവച്ച് .......ഇവിടെ ഹിന്ദി അറിയാവുന്ന വി.എച്.പി.ക്കാരുണ്ട് .....

  ReplyDelete
  Replies
  1. ദൈവമേ, വീയെച്ച്പീക്കാർക്ക് നല്ല നർമബോധം കൊടുക്കണേ! അല്ലെങ്കിൽ, ഈശ്വരോ എന്നെ നീ തന്നെ രക്ഷതു!

   Delete
 4. സൂപ്പർ ...
  ആക്ഷേപ ഹാസ്യം എന്ന് പറഞ്ഞാൽ
  ഇതാണ് കേട്ടൊ ഗോവിന്ദാ

  ReplyDelete
  Replies
  1. ഈ പ്രോത്സാഹനങ്ങൾ തരുന്ന ഊർജം വളരെ വലുതാണ്‌ മുരളിയേട്ടാ. നന്ദി.

   Delete
 5. സംഭവം നല്ല സെറ്റപ്പായല്ലോ.
  സരസമാക്കി കാര്യങ്ങള്‍.
  ഒരു ഫോളോ ഓപ്ഷന്‍ ഉണ്ടെങ്കില്‍ പുതിയ പോസ്റ്റുകള്‍ കാണാന്‍ സൌകര്യമായിരുന്നു.

  ReplyDelete
  Replies
  1. വായനക്കും അഭിനന്ദനത്തിനും വളരെ നന്ദി, സർ. ഫോളോ ഓപ്ഷൻ ഉൾപ്പെടുത്താം.

   Delete