Wednesday, 14 January 2015

ജയിക്കണോ തോല്ക്കണോ?


പെഷവാറിലെ സൈനിക സ്കൂൾ വീണ്ടും തുറന്നിരിക്കുന്നു. ചോരപ്പാടുകൾ പതിഞ്ഞ ചുവരുകളും, വെടിയുണ്ടകൾ തുളഞ്ഞ പഠനോപകരണങ്ങളും നവീകരിച്ച്, ഭീകരതയെ ഭയക്കില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് അധ്യാപകരും വിദ്യാർഥികളും തിരിച്ചെത്തിയിരിക്കുന്നു. ലോകത്തെ നടുക്കുന്ന ഓരോ ഭീകരാക്രമണത്തിനു ശേഷവും ലോകം പഴയ നിലയിലേക്ക് അതിവേഗം തിരിച്ചു വരാറുണ്ട്. മുംബയിൽ ആയാലും ലണ്ടനിൽ ആയാലും അമേരിക്കയിൽ ആയാലും. പക്ഷേ, ഈ തിരിച്ചു വരവ് അതിനേക്കാൾ ഒക്കെ മഹത്തരവും ശ്രദ്ധേയവും ആണ്. കാരണം സ്വന്തം കൂട്ടുകാർ വെടിയേറ്റ്‌ ചോര ചിന്തി പിടഞ്ഞു വീഴുന്ന കാഴ്ചകൾ കണ്ട കൊച്ചു കുട്ടികളാണ് അതേ സ്കൂളിലേക്ക് വീണ്ടും എത്തിയിരിക്കുന്നത്. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നടക്കാൻ...


സ്വന്തം മക്കളെ പോലെ കരുതിയ വിദ്യാർഥികളുടെ ചോരയൊഴുകിയ ക്ലാസിലേക്ക് വീണ്ടും കടന്നു വരുന്ന അധ്യാപകർ...

മുപ്പത് സഹപാഠികളെ നഷ്ടപ്പെട്ടിട്ടും, വെടിയുണ്ടകൾ തറഞ്ഞ ഇരുകാലുകളുമായി അക്ഷരവെട്ടം തേടി  സ്കൂളിൽ എത്തിയ ഷാഹ് രുക്...

 തന്റെ കൂട്ടുകാരെ കൊന്നു തള്ളിയ ഭീകരരെ തോൽപ്പിക്കാൻ ഒരു സൈനികൻ ആവുമെന്ന് പ്രതിഞ്ഞ ചെയ്ത് മുഹമ്മദ്‌ സയിദ്...

പേടിച്ചരണ്ട മകനെ, ഭീകരതയ്ക്ക് എതിരെ പോരാടാൻ ധൈര്യം പകർന്ന്,  സ്കൂളിൽ തിരിച്ചെത്തിച്ച മൊഹമ്മദ്‌ സഹൂർ...

തന്റെ കുടുംബത്തോടൊപ്പം സ്കൂളിൽ എത്തി, കുട്ടികൾക്കും രക്ഷിതാക്കൾക്കും ധൈര്യം പകർന്ന പാക്കിസ്ഥാൻ സൈനിക മേധാവി റഹീൽ ഷരീഫ്...

മക്കളെ  സ്കൂളിൽ എത്തിച്ച് തിരിച്ചിറങ്ങുമ്പോൾ കണ്ണീരടക്കാൻ പാടുപെടുന്ന അമ്മമാർ...


പാക്കിസ്താന്റെ മാനവിക മുഖം വെളിപ്പെടുത്തിയ കാഴ്ചകളായിരുന്നു എങ്ങും.

കറാച്ചിയിലെ ഒരു വീട്ടമ്മ ഇന്സ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചു. "അന്തരീക്ഷം നിശ്ചലമായത് പോലെ തോന്നുന്നു. കുഞ്ഞുങ്ങളെ സ്കൂളിൽ അയച്ച് ലക്ഷക്കണക്കിന്‌ അമ്മമാർ പ്രാർഥിച്ചു കൊണ്ടിരിക്കുന്നതിനാലാവാം..."

അമ്മമാരുടെ പ്രാർഥനയിൽ ഞാനും പങ്കു ചേരുന്നു. ശരീരത്തിനും മനസ്സിനും ഏറ്റ മുറിവുകൾ ഉണങ്ങാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. മതത്തിനും രാഷ്ട്രീയത്തിനും മുകളിൽ സ്നേഹവും മനുഷ്യത്വവും നിറയുന്ന ഒരു ഭാവിയിലേക്ക് നമുക്ക് ഒരുമിച്ച് യാത്ര തുടരാം. നൈമിഷികമായ ഭീതി പരത്താൻ മാത്രമേ ഭീകരർക്ക്‌ കഴിയൂ. മനുഷ്യന്റെ അപാരമായ ഇച്ഛാശക്തിയെ തോൽപ്പിക്കാൻ ഒരിക്കലും അവർക്ക് കഴിയില്ല. നിങ്ങൾ കാണിച്ച ധൈര്യവും ആത്മവിശ്വാസവും തന്നെ അതിനുള്ള തെളിവ്.

ഭീകരവാദത്തെ കുറിച്ചോ ലോകസമാധാനത്തെ കുറിച്ചോ ഉപന്യസിക്കാൻ ഞാൻ ആളല്ല. കുഞ്ഞുണ്ണി മാഷിന്റെ വരികൾ ഓർമ വരുന്നു.

"വലിയൊരു ലോകം മുഴുവൻ നന്നാവാൻ
ചെറിയൊരു സൂത്രം ചെവിയിലോതാം ഞാൻ
സ്വയം നന്നാവുക."

ആക്രമണത്തിൽ മരിച്ച സഹോദരന്റെ കബറിൽ പ്രാർഥിച്ച് , വെടിയുണ്ടയേറ്റ് തകർന്ന ഇടം കയ്യിൽ ബാൻഡേജ് ചുറ്റി, സഹപാഠികളെ  കൂട്ടക്കൊല നടത്തിയ സ്കൂളിലേക്ക് യാത്രയാവുന്ന അഹമദ് നവാസ്... നിസാരമായ പ്രശ്നങ്ങളിൽ പോലും മനസ്സ് തകരുന്ന ഒരു സമൂഹത്തിനു നേരെ നീ അദൃശ്യമായ ഒരു ഓർമ്മപ്പെടുത്തൽ നടത്തുന്നുണ്ട്. ജയിക്കണോ തോല്ക്കണോ എന്ന് തീരുമാനിക്കുന്നത് മറ്റാരുമല്ല. നമ്മൾ തന്നെയാണ്...


ലോകാ: സമസ്താ: സുഖിനോ ഭവന്തു.

5 comments:

 1. സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരം തിരിച്ചും നേരുന്നു.

  കുഞ്ഞുങ്ങളെ സ്കൂളിൽ അയച്ച് പ്രാർഥിച്ചു കൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന്‌ അമ്മമാർക്കൊപ്പം കൂടിയ കൊച്ചുഗോവിന്ദന്റെ കൂടെ ഞാനും പ്രാർത്ഥിക്കാം. പക്ഷേ ഭാരതഖണ്ഡത്തിലെ അന്തരീക്ഷം നിശ്ചലമായത് പോലെ തോന്നണമെങ്കിൽ പാക്കിസ്ഥാനിലെ ഐ. എസ്.ഐയും പട്ടാളവും ഇത്തിരി മാന്യത കാണിച്ചേ തീരൂ.

  പിന്നെ  യു ഷുഡ് ക്നോ എബൌട്ട്‌ കപ്പൽ! ഐ ക്നോ!  ഐ ഹാവ് ട്രാവെൽഡ് ഫ്രം പോർട്ട് ബ്ലയർ റ്റു ചെന്നൈ. ഇറ്റ്സ് എ വോയേജ്!!!!!!

  ആശാനേ, സ്വരാജ് ദ്വീപെന്ന കപ്പലിന്റെ നാലാമത്തെ (അതൊ അഞ്ചോ?) നിലയിലെ കാബിനിൽ ഞാൻ കുടുംബസമേതം യാത്ര ചെയ്തിട്ടുണ്ട്. ഈ ക്ലാസിൽ മാത്രമേ യാത്ര ചെയ്യാവൂ. അല്ലെങ്കിൽ ഛർദ്ദിച്ച്  വശം കെടും. 3 പകലും 3 രാത്രിയും എടുത്തു എന്നാണോർമ്മ. 5 - 8 കൊല്ലം മുമ്പാണ്. താങ്കൾ ദുഫായിക്കാരനായതുകൊണ്ട് ഒരു ആഡംബരക്കപ്പലിൽ തന്നെ ആയിക്കോട്ടെ യാത്ര. അതൊരു യാത്ര തന്നെ ആയിരിക്കും. സംശയമില്ല.

  പിന്നെ ഞാൻ ഈയിടെ കേരളമൊക്കെ ചുറ്റിയടിച്ചാണ് വീണ്ടും ഉപ്രവാസിയായത്. യാത്രയിൽ മഹാപ്രസ്ഥാനം വാങ്ങുകയും വായിക്കുകയും ചെയ്തു. കൊള്ളാം.

  ഈ മലയാളികളൊക്കെ ഉപ്രവാസി ആയാൽ യഥാർത്ഥ ഉപ്രവാസി ആരാകും? അതു ശരിയാണ്! 

  ReplyDelete
  Replies
  1. എന്റെ ഒരു എളിയ നിർദേശം സ്വീകരിച്ചതിനു വളരെ സന്തോഷം. ആഡംബരക്കപ്പൽ യാത്രാ നിർദേശം മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്. എന്നെങ്കിലും നടക്കുമായിരിക്കും.

   Delete
 2. ഓര്മയ്ക്ക് ആയുസ്സ് വളരെ കുറച്ചു മാത്രം. ഇതെല്ലാം മറന്ന് ലോകം പഴയത് പോലെ ആകും. ഇത് പോലൊക്കെ വീണ്ടും നടക്കും. ആർത്തിയുടെയും പിടിച്ചടക്കലിന്റെയും കാലമാണിത്.ഏതായാലും നമുക്ക് സ്വയം നന്നാവാം കൊച്ചു ഗോവിന്ദാ.

  ReplyDelete
 3. സത്യം. ലോകം അങ്ങനെയാണ്. പക്ഷേ നന്മയും പ്രതീക്ഷയും കാത്തു സൂക്ഷിക്കുന്ന ഒരു വലിയ സമൂഹം ഇവിടെ ജീവിക്കുന്നു എന്നത് പ്രത്യാശ പകരുന്നുണ്ട്.

  ReplyDelete
 4. നൈമിഷികമായ ഭീതി പരത്താൻ മാത്രമേ ഭീകരർക്ക്‌ കഴിയൂ.
  മനുഷ്യന്റെ അപാരമായ ഇച്ഛാശക്തിയെ തോൽപ്പിക്കാൻ ഒരിക്കലും
  അവർക്ക് കഴിയില്ല. നിങ്ങൾ കാണിച്ച ധൈര്യവും ആത്മവിശ്വാസവും തന്നെ അതിനുള്ള തെളിവ്.

  ReplyDelete