Showing posts with label Friendship. Show all posts
Showing posts with label Friendship. Show all posts

Sunday, 22 February 2015

ഐശ്വര്യാറായും ഞാനും! - 2

ഒന്നാം ഭാഗം ദേ ഇവിടെ. 

ഞാൻ ചപ്പാത്തി ചിക്കൻ കറിയിൽ മുക്കി ആസ്വദിച്ച് കഴിച്ചു.
മേമ: " കൊച്ചു ഗോവിന്ദൻ മിടുക്കനല്ലേ? ഞാൻ കണ്ണനോട് എപ്പോഴും പറയും കൊച്ചൂനെ കണ്ടു പഠിക്കാൻ!" (ശോ! എന്റെ ഒരു കാര്യം!)
പാപ്പൻ: " ഞാൻ ദിവസവും എത്ര പിള്ളേരെ കാണുന്നു. പക്ഷേ, കൊച്ചോവീടെ പോലെ ഒരു കുട്ടി ങേ.... ഹേ!" (ശോ! വീണ്ടും എന്റെ ഒരു കാര്യം!)

BSNL ആ മെസ്സേജ് വോഡഫോണ്‍-ന് കൈമാറി. രണ്ടു ടവറുകളിലെയും ചുവന്ന ബൾബുകൾ അപകടം മണത്ത പോലെ മിന്നി.

അച്ഛൻ: "അവന് വല്യച്ഛന്റെ അതേ സ്വഭാവമാണെന്നാ അമ്മായിമാർ പറയാറ്".
കരുണാകരൻ വല്യച്ഛൻ ചപ്പാത്തിയോടൊപ്പം ബാല്യകാലസുഹൃത്തിന്റെ സ്മരണകൾ കൂടി അയവിറക്കി.
ജൂനൂസ് മൂന്നും എന്നെ അസൂയയോടെ നോക്കി.

വോഡഫോണ്‍ എന്റെ ഫോണിന്റെ ലൊക്കേഷൻ പരതി.

അമ്മ: "  രേവതിക്ക് ക്ലോസ് ഫ്രണ്ട് എന്ന് പറയാൻ ഒരാൾ പോലും ഇല്ല. മോന് എത്ര കൂട്ടുകാരാ ഒള്ളത്. ഒക്കെ നല്ല സൽസ്വഭാവികളും!" (പരമ കാരുണികനായ ദൈവമേ, എന്റെ അമ്മയുടെ അറിവില്ലായ്മ പൊറുക്കണേ... ആമേൻ!)

ഇതൊക്കെ കേട്ട് ഞാൻ വിനയകുനയനായി കോഴിക്കാൽ കടിച്ചു വലിച്ചു.
ടിങ് ടിങ് .............   ടിങ് ടിങ് .............
അപ്പോഴാണ്‌ വല്യച്ഛന്റെ അടുത്തിരുന്ന എന്റെ ഫോണിലേക്ക് ആ മെസ്സേജ്!

ആൾ ഫോണ്‍ കയ്യിലെടുത്തു. "അനുക്കുട്ടാ സോജൻ!".
"എന്റെ ക്ലോസ് ഫ്രണ്ടാ!" ഞാൻ പറഞ്ഞു.
തന്റെ നിരീക്ഷണം കൃത്യമായതിന്റെ സന്തോഷത്തിൽ അമ്മ രേവതിയെ നോക്കി. വല്യച്ഛൻ വായന തുടങ്ങി. മറ്റുള്ളവർ മാന്യതയോടെ നിശബ്ദത പാലിച്ചു.

"രമ്യാ നമ്പീശന് വലുത്,
മീരാ ജാസ്മിന് ചെറുത്..."
കർത്താവീശോമിശിഹായേ... പാഞ്ഞടുക്കുന്ന തീവണ്ടിക്ക് മുന്നിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയാതെ കരയുന്ന കുട്ടിയെ പോലെ ഞാൻ! തുടരണോ വേണ്ടയോ എന്ന രീതിയിൽ വല്യച്ഛൻ! ഒടുവിൽ തുടർന്നു...
"ഐശ്വര്യാ റായിക്ക് വലത്തേതു വലുത്
ഇടത്തേത് ചെറുത്,
കരിഷ്മാ കപൂറിന് രണ്ടും ചെറുത്."

നിശബ്ദത!

കയ്യിലിരുന്ന കോഴിക്കാൽ ഒരു മൂർഖൻ പാമ്പായി മാറിയെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോയി. എങ്കിൽ അതിനൊരു ഫ്രഞ്ച് കിസ്സ്‌ കൊടുത്ത്, ഞാൻ SMS ഇല്ലാത്ത ലോകത്തേക്ക് റ്റാറ്റ പോയേനെ!

ഞാൻ നോക്കിയപ്പോൾ അമ്മ ചപ്പാത്തി നാലാക്കി എട്ടാക്കി പതിനാറാക്കി കീറിക്കൊണ്ടിരിക്കുന്നു. പാവം ചപ്പാത്തി!
ഫോണിലേക്ക് നോക്കി അന്തം വിട്ടിരിക്കുന്ന വല്യച്ഛൻ.
തല കുനിച്ച് പ്ലേറ്റിൽ പടം വരയ്ക്കുന്ന പാപ്പൻ.
അടുക്കളയിലേക്ക് സ്കൂട്ടായ മേമ!
താൻ ഈ നാട്ടുകാരനല്ല എന്ന ഭാവത്തിൽ നിർവികാരനായി അച്ഛൻ.

പിന്നെ ഭക്ഷണം കഴിയുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല.
ഭക്ഷണം കഴിച്ചു കഴിഞ്ഞ് (വിഴുങ്ങി എന്ന് പറയുന്നതാവും ശരി) ഞാൻ ഫോണ്‍ കയ്യിലെടുത്തു.

Remya Nambeeshanu valuth
Meera Jasminu cheruth
Aiswarya Rai-kk valathethu valuth
idatheth cheruth
Karishma Kapoorinu randum cheruth.

രമ്യാ നമ്പീശന് വലുത്,
മീരാ ജാസ്മിന് ചെറുത്...
ഐശ്വര്യാ റായിക്ക് വലത്തേതു വലുത്
ഇടത്തേത് ചെറുത്,
കരിഷ്മാ കപൂറിന് രണ്ടും ചെറുത്.

വല്യച്ഛന് തെറ്റിയിട്ടില്ല. എന്നാലും അദ്ദേഹം ഈ മംഗ്ലീഷ് ഇത്ര അനായാസം വായിച്ചതോർത്ത് ഞാൻ അത്ഭുതപ്പെട്ടു. 'നമ്മളേക്കാൾ മുമ്പ് എഞ്ചിനീയറിംഗ് ഒക്കെ പയറ്റി തെളിഞ്ഞതല്ലേ, അപ്പൊ ഇതൊക്കെ സാധിക്കും' എന്നോർത്ത് സമാധാനിച്ചു. പക്ഷേ എനിക്ക് ഒരു സംശയം. ഇപ്പൊ നിങ്ങൾക്ക് തോന്നുന്ന അതേ സംശയം. എന്നാലും ഐശ്വര്യാ റായിക്ക് മാത്രം എന്താ അങ്ങനെ?! താഴോട്ടു ഞെക്കിയപ്പോൾ മെസ്സേജ് തീർന്നിട്ടില്ല!
.
.
.
.
"Answer Me".

എന്നിട്ട് വേണം അത് വായിക്കുന്നവരുടെ മുന്നിലും നാണം കെടാൻ. നിനക്കുള്ളത് ഞാൻ നേരിട്ട് തരാമെടാ '#*&@ *$#'. ഇവനൊക്കെ മെസ്സേജ് ഫ്രീ കൊടുത്ത BSNL നെ ഞാൻ പ്രാകി.
.
.
.
.
"Thotto?"

തോറ്റോന്ന്! ഞാൻ തോറ്റ് തുന്നം പാടിപ്പാടി ഈ തിരോന്തോരത്ത്  അലഞ്ഞു നടക്കുകയാടാ പന്ന *&^% മോനേ!

.
.
.
.
"English Alphabet R!!!"

അതെ! ഇംഗ്ലീഷ് ആൽഫബെറ്റ് R ! പച്ചപ്പരമാർത്ഥം! Aiswarya യുടെ 'r' ചെറുത്. Rai യുടെ 'R' വലുത്. എല്ലാവരുടെയും ആറുകൾ അങ്ങനെ തന്നെ! അപ്പൊ അതായിരുന്നോ കാര്യം??!
സോജാ! നിന്നെ ഞാൻ സംശയിച്ചല്ലോടാ?! എന്നോട് ക്ഷമിയെടാ ക്ഷമി!!!

അങ്ങനെ ആ സംശയം തീർന്നു.

പക്ഷെ, വെറ്ററൻസിനെ വിളിച്ചു ചേർത്ത്, രമ്യയുടെ ആറ് മുന്നിലായതു കൊണ്ട് വലുതായി അമ്മേ, മീരയുടെ ആറ് ഉള്ളിലായത് കൊണ്ട് ചെറുതായി അച്ഛാ, കരിഷ്മയുടെയും കരീനയുടെയും ഒക്കെ രണ്ട്  ആറുകളും ചെറുതാണ് പാപ്പാ, നിങ്ങൾ ഉദ്ദേശിച്ച സാധനം അല്ല സോജൻ ഉദ്ദേശിച്ചത്" എന്ന് ഞാൻ എങ്ങനെ പറയും? അതുകൊണ്ട് പറഞ്ഞില്ല, ഇതുവരെയും!

Wednesday, 14 January 2015

ജയിക്കണോ തോല്ക്കണോ?


പെഷവാറിലെ സൈനിക സ്കൂൾ വീണ്ടും തുറന്നിരിക്കുന്നു. ചോരപ്പാടുകൾ പതിഞ്ഞ ചുവരുകളും, വെടിയുണ്ടകൾ തുളഞ്ഞ പഠനോപകരണങ്ങളും നവീകരിച്ച്, ഭീകരതയെ ഭയക്കില്ല എന്ന് പ്രഖ്യാപിച്ചു കൊണ്ട് അധ്യാപകരും വിദ്യാർഥികളും തിരിച്ചെത്തിയിരിക്കുന്നു. ലോകത്തെ നടുക്കുന്ന ഓരോ ഭീകരാക്രമണത്തിനു ശേഷവും ലോകം പഴയ നിലയിലേക്ക് അതിവേഗം തിരിച്ചു വരാറുണ്ട്. മുംബയിൽ ആയാലും ലണ്ടനിൽ ആയാലും അമേരിക്കയിൽ ആയാലും. പക്ഷേ, ഈ തിരിച്ചു വരവ് അതിനേക്കാൾ ഒക്കെ മഹത്തരവും ശ്രദ്ധേയവും ആണ്. കാരണം സ്വന്തം കൂട്ടുകാർ വെടിയേറ്റ്‌ ചോര ചിന്തി പിടഞ്ഞു വീഴുന്ന കാഴ്ചകൾ കണ്ട കൊച്ചു കുട്ടികളാണ് അതേ സ്കൂളിലേക്ക് വീണ്ടും എത്തിയിരിക്കുന്നത്. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നടക്കാൻ...


സ്വന്തം മക്കളെ പോലെ കരുതിയ വിദ്യാർഥികളുടെ ചോരയൊഴുകിയ ക്ലാസിലേക്ക് വീണ്ടും കടന്നു വരുന്ന അധ്യാപകർ...

മുപ്പത് സഹപാഠികളെ നഷ്ടപ്പെട്ടിട്ടും, വെടിയുണ്ടകൾ തറഞ്ഞ ഇരുകാലുകളുമായി അക്ഷരവെട്ടം തേടി  സ്കൂളിൽ എത്തിയ ഷാഹ് രുക്...

 തന്റെ കൂട്ടുകാരെ കൊന്നു തള്ളിയ ഭീകരരെ തോൽപ്പിക്കാൻ ഒരു സൈനികൻ ആവുമെന്ന് പ്രതിഞ്ഞ ചെയ്ത് മുഹമ്മദ്‌ സയിദ്...

പേടിച്ചരണ്ട മകനെ, ഭീകരതയ്ക്ക് എതിരെ പോരാടാൻ ധൈര്യം പകർന്ന്,  സ്കൂളിൽ തിരിച്ചെത്തിച്ച മൊഹമ്മദ്‌ സഹൂർ...

തന്റെ കുടുംബത്തോടൊപ്പം സ്കൂളിൽ എത്തി, കുട്ടികൾക്കും രക്ഷിതാക്കൾക്കും ധൈര്യം പകർന്ന പാക്കിസ്ഥാൻ സൈനിക മേധാവി റഹീൽ ഷരീഫ്...

മക്കളെ  സ്കൂളിൽ എത്തിച്ച് തിരിച്ചിറങ്ങുമ്പോൾ കണ്ണീരടക്കാൻ പാടുപെടുന്ന അമ്മമാർ...


പാക്കിസ്താന്റെ മാനവിക മുഖം വെളിപ്പെടുത്തിയ കാഴ്ചകളായിരുന്നു എങ്ങും.

കറാച്ചിയിലെ ഒരു വീട്ടമ്മ ഇന്സ്റ്റഗ്രാമിൽ ഇങ്ങനെ കുറിച്ചു. "അന്തരീക്ഷം നിശ്ചലമായത് പോലെ തോന്നുന്നു. കുഞ്ഞുങ്ങളെ സ്കൂളിൽ അയച്ച് ലക്ഷക്കണക്കിന്‌ അമ്മമാർ പ്രാർഥിച്ചു കൊണ്ടിരിക്കുന്നതിനാലാവാം..."

അമ്മമാരുടെ പ്രാർഥനയിൽ ഞാനും പങ്കു ചേരുന്നു. ശരീരത്തിനും മനസ്സിനും ഏറ്റ മുറിവുകൾ ഉണങ്ങാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. മതത്തിനും രാഷ്ട്രീയത്തിനും മുകളിൽ സ്നേഹവും മനുഷ്യത്വവും നിറയുന്ന ഒരു ഭാവിയിലേക്ക് നമുക്ക് ഒരുമിച്ച് യാത്ര തുടരാം. നൈമിഷികമായ ഭീതി പരത്താൻ മാത്രമേ ഭീകരർക്ക്‌ കഴിയൂ. മനുഷ്യന്റെ അപാരമായ ഇച്ഛാശക്തിയെ തോൽപ്പിക്കാൻ ഒരിക്കലും അവർക്ക് കഴിയില്ല. നിങ്ങൾ കാണിച്ച ധൈര്യവും ആത്മവിശ്വാസവും തന്നെ അതിനുള്ള തെളിവ്.

ഭീകരവാദത്തെ കുറിച്ചോ ലോകസമാധാനത്തെ കുറിച്ചോ ഉപന്യസിക്കാൻ ഞാൻ ആളല്ല. കുഞ്ഞുണ്ണി മാഷിന്റെ വരികൾ ഓർമ വരുന്നു.

"വലിയൊരു ലോകം മുഴുവൻ നന്നാവാൻ
ചെറിയൊരു സൂത്രം ചെവിയിലോതാം ഞാൻ
സ്വയം നന്നാവുക."

ആക്രമണത്തിൽ മരിച്ച സഹോദരന്റെ കബറിൽ പ്രാർഥിച്ച് , വെടിയുണ്ടയേറ്റ് തകർന്ന ഇടം കയ്യിൽ ബാൻഡേജ് ചുറ്റി, സഹപാഠികളെ  കൂട്ടക്കൊല നടത്തിയ സ്കൂളിലേക്ക് യാത്രയാവുന്ന അഹമദ് നവാസ്... നിസാരമായ പ്രശ്നങ്ങളിൽ പോലും മനസ്സ് തകരുന്ന ഒരു സമൂഹത്തിനു നേരെ നീ അദൃശ്യമായ ഒരു ഓർമ്മപ്പെടുത്തൽ നടത്തുന്നുണ്ട്. ജയിക്കണോ തോല്ക്കണോ എന്ന് തീരുമാനിക്കുന്നത് മറ്റാരുമല്ല. നമ്മൾ തന്നെയാണ്...


ലോകാ: സമസ്താ: സുഖിനോ ഭവന്തു.

Wednesday, 3 December 2014

ഐശ്വര്യാ റായും ഞാനും!

  "കൊച്ചു ഗോവിന്ദൻ അല്ലെങ്കിലും മിടുക്കനല്ലേ!"
 "ഞാൻ ദിവസവും സ്കൂളിൽ എത്രയോ പിള്ളേരെ കാണുന്നു. പക്ഷെ ഗോവിന്ദന്റെ പോലെ ഒരു കുട്ടി, ങേ ....ഹേ!"

ഡോ, തനിക്ക് നാണമാവില്ലേ ഇങ്ങനെ സ്വയം പുകഴ്ത്താൻ? സ്വന്തം ബ്ലോഗാണെന്ന് കരുതി ഇങ്ങനെയൊക്കെ തട്ടി വിട്ടാൽ മറ്റുള്ളവർ കയറി വായിക്കുമോടോ?
വാലിഡ്‌ ക്വസ്റ്റ്യൻ. ബട്ട്‌ ഇതൊന്നും ഞാൻ പറഞ്ഞതല്ല മാഷേ. പാപ്പനും മേമയും ഒക്കെ പറയുന്നതല്ലേ?
ഏത് പാപ്പൻ? ഏത് മേമ?
 അനതർ വാലിഡ്‌ ക്വസ്റ്റ്യൻ. പ്ലോട്ട് എക്സ്പ്ളെയ്ൻ ചെയ്യാതിരുന്നതാണ് പ്രശ്നം. ഇന്നാ പിടിച്ചോ എടക്കുളം സിറ്റിയിൽ ഒന്നരയേക്കർ സ്ക്വയർ പ്ലോട്ട്...

 എന്റെ വല്യച്ഛന്റെയും അച്ഛന്റെയും  ബാല്യകാല സുഹൃത്തുക്കളാണ് കരുണാകരൻ വലിയച്ഛനും ചന്ദ്രശേഖരൻ പാപ്പനും. എന്റെ അച്ഛാച്ചൻ, അതായത്, സാക്ഷാൽ മിസ്റ്റർ ഗോവിന്ദൻ അവർകൾ, റെസിഡൻസ് വിസയിൽ പരലോകത്തേക്ക് യാത്രയായ കാലം. 1960s. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന ഞങ്ങളുടെ കുടുംബത്തിലേക്ക് ഇല്ലായ്മകൾ പങ്കിടാൻ വന്നിരുന്ന രണ്ടു കുട്ടികൾ. പടിഞ്ഞാറേലെ കണക്കിയമ്മാമയുടെ അഞ്ചു മക്കളിൽ രണ്ടു പേർ. എന്റെ അച്ഛമ്മക്ക് ജനിക്കാതെ പോയ രണ്ടു മക്കൾ.
 മിസ്റ്റർ കരുണാകരൻ ആൻഡ്‌ മിസ്റ്റർ ചന്ദ്രശേഖരൻ.
പീച്ചി ഡാമിലേക്ക് വിനോദയാത്ര പോകാൻ പത്തു പൈസ എന്ന ഭീമമായ എസ്കഷൻ ഫീ ഇല്ലാതെ കരുണാകരൻ വല്യച്ഛൻ മാനം നോക്കി നടക്കുന്ന ആ പഞ്ഞക്കാലം...
അച്ഛനും പാപ്പനും ഒരേ മാവിലെറിഞ്ഞ്, ഒരുമിച്ചു ക്ലാസ്സ്‌ കട്ട്‌ ചെയ്ത്, ഒരുമിച്ചു ചീട്ട് കളിച്ച് നടന്ന ക്ലോസ് ഫ്രണ്ട്സ്. നോ ഹറി നോ വറി. 
കരുണാകരൻ വലിയച്ഛനും  എന്റെ സ്വന്തം വലിയച്ഛനും എഗയ്ൻ ക്ലോസ് ഫ്രണ്ട്സ്. ഇവർ ബുജികൾ ആയതു കൊണ്ട് 'കപ്പയിൽ കാർബോഹൈഡ്രേറ്റിന്റെ അളവ്', 'എടക്കുളത്തെ എങ്ങനെ പൂങ്കാവനമാക്കം' മുതലായ വിഷയങ്ങൾ ചർച്ച ചെയ്ത് നേരം കളഞ്ഞു എന്നാണു ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. എന്റെ വല്യച്ഛൻ ചെറുപ്പത്തിലേ ഒരു രോഗിയാവുകയും അദ്ദേഹത്തിന്റെ ഇരുപത്തിമൂന്നാം വയസ്സിൽ  മരിക്കുകയും ചെയ്തു. കാലം കരുണാകരൻ വല്യച്ഛനെ എഞ്ചിനീയറുടെ വേഷവും പാപ്പനെ അധ്യാപകന്റെ വേഷവും കെട്ടിച്ച് അനന്തപുരിയിൽ സർക്കാർ ഉദ്യോഗസ്ഥരാക്കി. അതേ കാലത്തിന്റെ കൊടുങ്കാറ്റിൽ പെട്ട് അച്ഛൻ അറബിക്കടലിനു മുകളിലൂടെ പറന്നു പറന്നു, ദുബായിലും എത്തി.
കാലം പിന്നെ കുറെ നാൾ കിടന്നുരുണ്ടു. അപ്പൊ ഞാനും എത്തി തിരുവനന്തപുരത്ത്. വിത്തൌട്ട് ഡൌട്ട്, എബവ് സെഡ് രണ്ടു പേരും എന്റെ ലോക്കൽ ഗാർഡിയൻസും ആയി.

അങ്ങനെയിരിക്കേയാണ് അച്ഛൻ ഒരു ഓണക്കാലത്ത് അവധിക്ക് നാട്ടിൽ വന്നത്. പത്രത്തിലും ടി വി യിലും മാത്രം കേട്ട് പരിചയമുള്ള ബാർട്ടണ്‍ഹില്ലിലെ ഘടാഘടിയൻ ഗവ: എഞ്ചിനീയറിംഗ് കോളേജ് നേരിട്ട് കാണാനും പ്രിൻസിയെയും HOD യെയും കണ്ട് മകന്റെ പെർഫോമൻസ് ഗ്രാഫ് ഒന്ന് ഡിസ്കസ്‌ ചെയ്യാനും അച്ഛൻ, അമ്മയെയും അനിയത്തിയെയും കൂട്ടി വണ്ടി കയറി.
അതാ അങ്ങോട്ട്‌ നോക്കൂ ---------------->>>> മലയം ഗവ: ഹൈസ്കൂളിൽ അധ്യാപകനായ പാപ്പനും, മേമയും രണ്ടു മക്കളും (കണ്ണനും മാളുവും) അടങ്ങുന്ന ഒരു കൊച്ചു കുടുംബം. അവിടേക്കാണ് അവരുടെ വരവ്. ഞാനും കരുണാകരൻ വല്യച്ചനും അവരെ പിക്ക് ചെയ്ത് മലയത്ത് എത്തി. ആ കൊച്ചു കുടുംബം ഞങ്ങളെ നിറഞ്ഞ സ്നേഹത്തോടെ സ്വാഗതം ചെയ്തു.

ഇതാണ് പ്ലോട്ട്. എങ്ങനെയുണ്ട്?
ഡോ, നല്ല ഫ്ലോയിൽ പോയിക്കൊണ്ടിരുന്ന കഥയ്ക്ക് സഡൻ ബ്രേക്ക്‌ ഇട്ടു പ്ലോട്ട് എങ്ങനെ ഉണ്ടെന്നു ചോദിക്കുന്ന താൻ എത്ര അരസികനാടോ?
അയാം ദ സോറി! ലെറ്റ്‌ മി കണ്ടിന്യൂ.
വണ്‍ മിനിറ്റ്. സാധാരണ ആംഗലേയം മിക്സ്‌ ചെയ്യാത്ത താൻ, ഇന്നെന്താ ഒരു മാതിരി ആക്കുന്ന തരത്തിൽ ഒരു ഇംഗ്ലീഷ്?
ബിക്കോസ് ഇറ്റ്‌ ഹാസ്‌ ആൻ ഇമ്പോർട്ടന്റ് റോൾ ഇൻ ദിസ്‌ സ്റ്റോറി.
ഈസ്‌ ഇറ്റ്‌? ദെൻ പ്രോസീഡ്.
ഷുവർ. താങ്ക് യൂ.

അസ്തമിക്കുന്ന ചിങ്ങ വെയിൽ മാനത്ത് സിന്ദൂരം ചാലിക്കുന്ന ഒരു സായം സന്ധ്യ. ഒത്തു ചേരലിന്റെ സന്തോഷം നിറഞ്ഞ അന്തരീക്ഷം. പണ്ട് കപ്പ പറിക്കാൻ പോയതിന്റെയും തെങ്ങിൽ കയറി തേങ്ങയിട്ടതിന്റെയും കഥകൾ അയവിറക്കുന്ന പുവർ വെറ്ററൻസ് ഒരു വശത്ത്. അന്നത്തെ സൂപ്പർ ഹിറ്റ്‌ സിനിമ ചോക്ലേറ്റിന്റെ വ്യാജ പ്രിന്റ്‌ കണ്ടു കൊണ്ടിരിക്കുന്ന ജൂനൂസ് മറു വശത്ത്. നേരം കുറേയായി. ഒടുവിൽ എല്ലാവരും അത്താഴം കഴിക്കാൻ ഇരുന്നു. നല്ല ചൂടുള്ള ചപ്പാത്തിയും ചിക്കൻ കറിയും. വിശേഷങ്ങൾ പറഞ്ഞ് പറഞ്ഞ് ഒടുവിൽ എന്റെ ഗുണഗണങ്ങളെ കുറിച്ചായി സംസാരം. അതിന്റെ പ്രസക്തഭാഗങ്ങളാണ് ഞാൻ ഏറ്റവും മുകളിൽ സംപ്രേഷണം ചെയ്തത്.

അങ്ങനെ ഞാൻ മൂന്നാമത്തെ ചപ്പാത്തിയിലേക്ക് രണ്ടാമത്തെ കോഴിക്കാൽ സെർവ് ചെയ്തു കൊണ്ടിരിക്കേ, അങ്ങ് ദൂരെ LMS ഹോസ്റ്റലിൽ, എന്റെ കൂട്ടുകാരൻ ഫോണിൽ വിരലൊന്നമർത്തി. എന്റെ സ്വഭാവ ഗുണത്തിന്റെ ശവപ്പെട്ടിയിൽ അടിക്കാനുള്ള തിളങ്ങുന്ന ആണിയുമായി, ഒരു എസ് എം എസ്, BSNL ടവർ അന്വേഷിച്ച് പറന്നു.
( തുടരും... )

ബാക്കി വായിക്കാൻ പ്ലീസ് ക്ലിക്ക് ഇവിടെ.