Wednesday, 3 June 2015

ആൽബട്രോസിനെ കൊന്നിട്ടുണ്ടോ?!

ഡങ്കഡക്കേ  ഡങ്കഡക്കേ...  പെപ്പരപ്പേപ്പേ...
ഡങ്കഡക്കേ  ഡങ്കഡക്കേ...  പെപ്പരപ്പേ പെപ്പരപ്പേ...

കൊട്ടും കുരവയും പീപ്പിയും ഒക്കെയായി ഒരു പരിസ്ഥിതി ദിനം കൂടി കടന്നു വരുന്നതിന്റെ ആരവം കേൾക്കുന്നില്ലേ? ആഹാ, പരിസ്ഥിതി ദിനം എത്തുമ്പോൾ മരം നടാനും മനുഷ്യന്റെ പ്രവൃത്തികളെ അപലപിക്കാനും എല്ലാവർക്കും എന്തൊരാവേശം... ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ!

മാതൃദിനത്തിന്റെ അന്ന് അമ്മയ്ക്ക് ഇത് പോലത്തെ ഒരു ചായക്കപ്പ് സമ്മാനിച്ച്, മുഖപുസ്തകത്തിൽ തേനും പാലും ഒഴുക്കുന്ന വങ്കന്മാരെ പോലെ, പരിസ്ഥിതി ദിനത്തിന്റെ സമയത്ത് ഇത് പോലെ ഒരു പോസ്റ്റിട്ട് വങ്കനാവാൻ വന്നതാണ് ഞാനും! കമ്പ്യൂട്ടർ ഉപയോഗിക്കാനും ഇന്റർനെറ്റിലൂടെ ഈ ബ്ലോഗ്‌ വായിക്കാനും അറിയാവുന്ന നിങ്ങൾക്ക് പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച് അറിയാതിരിക്കാനും തരമില്ലല്ലോ? എന്നിട്ടും ഒരു ചെറിയ കുറിപ്പിലൂടെ ഇതേ പ്രശ്നം ചൂണ്ടിക്കാണിക്കുന്ന എന്നെ വങ്കൻ എന്നല്ലാതെ എന്താണ് വിളിക്കേണ്ടത്?

എന്തായാലും വന്ന സ്ഥിതിക്ക് വളരെ എളുപ്പത്തിൽ ഉത്തരം പറയാവുന്ന ചില ചോദ്യങ്ങൾ ചോദിക്കട്ടെ?  
  1. നിങ്ങൾ ഒരു സ്രാവിനെ ജീവനോടെ വരിഞ്ഞു മുറുക്കിയിട്ടുണ്ടോ?
  2. നിങ്ങൾ ഒരു ഒട്ടകത്തിനെ പട്ടിണിക്കിട്ട്  കൊന്നിട്ടുണ്ടോ?
  3. ഒരു ആൽബട്രോസ്സിനെ കൊല്ലാക്കൊല ചെയ്തിട്ടുണ്ടോ?
  4. ഒരു കടലാമയെ നരകിപ്പിച്ചിട്ടുണ്ടോ?
പരീക്ഷക്ക്, ഉത്തരം അറിയാത്ത ചില ചോദ്യങ്ങൾ ടീച്ചർമാർ നിങ്ങളോട് ചോദിച്ചിട്ടുണ്ട് എന്നല്ലാതെ, ഇമ്മാതിരി ബീഭത്സമായ ചോദ്യങ്ങൾ ആരും ചോദിച്ചിരിക്കാൻ ഇടയില്ല അല്ലേ. എന്നോട് ക്ഷമി. ഇങ്ങനെ ചെയ്യാൻ പോയിട്ട്, ഇങ്ങനെ ചിന്തിക്കാൻ പോലും ആർക്കും കഴിയില്ല എന്ന് എനിക്കറിഞ്ഞു കൂടേ?! ആരെങ്കിലും കൊന്ന് കറി വെച്ച് തന്നാൽ വല്ലപ്പോഴും കുറച്ച് ചിക്കനോ മട്ടനോ കഴിക്കും എന്നതൊഴിച്ച് മറ്റെല്ലാ ജീവികളെയും സ്വസ്ഥമായി ജീവിക്കാൻ അനുവദിച്ചവരാണ് നാം. അപ്പൊ പിന്നെ, കേട്ടിട്ട് പോലും ഇല്ലാത്ത ഒരു ആൽബട്രോസ്സിനെ കൊല്ലാക്കൊല ചെയ്യേണ്ട ആവശ്യം നമുക്കെന്താണ്?

"അവനവനാത്മസുഖത്തിനാചരിക്കുന്നവ-
യപരന്നു സുഖത്തിനായ് വരേണം"

എന്ന, നാണുഗുരുവിന്റെ ഉദ്ബോധനം കേട്ട് വളർന്നവരാണ് നമ്മൾ. മര്യാദക്ക് ജോലി ചെയ്ത് കുടുംബം പോറ്റാൻ പോലും നേരം തികയാത്ത ഇക്കാലത്ത് മരുഭൂമിയിലെ കപ്പലായ ഒട്ടകത്തിനെയും കപ്പലിന്റെ അടിയിലൂടെ നീന്തിപ്പോകുന്ന സ്രാവിനെയും അങ്ങോട്ട്‌ ചെന്ന് ഉപദ്രവിക്കേണ്ട കാര്യം എന്താണ്? അവിടെയാണ് നമുക്ക് തെറ്റിയത്.

ഉപദ്രവിക്കാൻ നമ്മൾ അങ്ങോട്ട്‌ ചെല്ലണം എന്നൊന്നും ഇല്ല. നമ്മുടെ വിവേകരഹിതമായ പ്രവൃത്തികൾ മാത്രം മതി. രണ്ട് സഹസ്രാബ്ദങ്ങൾക്ക് മുമ്പ് മനുഷ്യരുടെ പാപങ്ങൾ മുഴുവൻ ഏറ്റുവാങ്ങി യേശുദേവൻ കുരിശുമരണം വരിച്ച പോലെ ഇന്നും മനുഷ്യരുടെ പാപങ്ങൾക്ക് പകരമായി നൂറായിരം ജീവികൾ മരിച്ചു കൊണ്ടിരിക്കുന്നു. എന്റെയും നിങ്ങളുടെയും പാപഫലങ്ങൾ അനുഭവിക്കുന്ന അത്തരം മിണ്ടാപ്രാണികളെ കുറിച്ചാണ് ഈ പരിസ്ഥിതി ദിനത്തിൽ എനിക്ക് പറയാനുള്ളത്. ഈ പോസ്റ്റ്‌ ആ പാവങ്ങൾക്ക് ഡെഡിക്കേറ്റ് ചെയ്ത് ഞാൻ കൃതാർത്ഥനാവട്ടെ!

ഗൂഗിളമ്മച്ചി കാണിച്ചു തന്ന നൂറു കണക്കിന് ചിത്രങ്ങളിൽ നിന്ന് ഏതാനും ചിത്രങ്ങൾ ഇതാ. അസുഖകരമായ കാഴ്ചകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിന് ആദ്യമേ ക്ഷമാപണം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ നമ്മുടെ സഹജീവികളെ ബാധിക്കുന്നതിന്റെ ഏതാനും ഉദാഹരണങ്ങൾ മാത്രമാണിത്. അശ്രദ്ധമായി വലിച്ചെറിയുന്ന ഒരു പ്ലാസ്റ്റിക് കവർ മുതൽ മറ്റനേകം സിന്തറ്റിക് വസ്തുക്കൾ, അനേകായിരം നിരപരാധികളും നിസ്സഹായരുമായ മിണ്ടാപ്രാണികളുടെ ജീവിതം നരകതുല്യമാക്കുന്നുണ്ട്. ഈ ചിത്രങ്ങൾ വിളിച്ചു പറയുന്നതിനേക്കാൾ കൂടുതലൊന്നും എനിക്ക് ഇവിടെ എഴുതാനില്ല. മനുഷ്യന്റെ അത്യാഗ്രഹത്തെ കുറിച്ച് അപലപിക്കാനോ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവൽക്കരിക്കാനോ ഞാൻ ശ്രമിക്കുന്നുമില്ല. ഒന്ന് മാത്രം ഓർത്താൽ നന്ന്. 

ബേപ്പൂർ സുൽത്താൻ കണ്ട 'ഭൂമിയുടെ അവകാശികൾ' എന്ന സ്വപ്നം വായനയിൽ മാത്രമേ സുഖം നൽകുന്നുള്ളൂ. യാഥാർത്ഥ്യം എത്രയോ അകലെയാണ്. നമ്മൾ അനുഭവിക്കുന്ന ഓരോ സുഖസൗകര്യങ്ങൾക്കും പിന്നിൽ നമ്മളെ ബാധിക്കാതെ, നമ്മൾ അറിയാതെ തിരസ്കൃതമാവുന്ന ചില കാഴ്ചകളുണ്ട്‌. ആരും കേൾക്കാതെ പോകുന്ന നിലവിളികളുണ്ട്. നെഗറ്റിവിസം എന്ന് പറഞ്ഞ് ഒഴിവാക്കുന്നവയും ഉണ്ട്. നമ്മൾ അറിയുന്നില്ല എന്നത് കൊണ്ട് ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാവുകയല്ല, മറിച്ച് നാൾക്കുനാൾ വർധിക്കുകയാണ്. ബീഫ് വാങ്ങാൻ പോകുമ്പോൾ, ഇറച്ചി പൊതിയാനുള്ള പ്ലാസ്റ്റിക് കവർ, പോത്തിന്റെ വയറ്റിൽ നിന്നും ഫ്രീയായി കിട്ടുന്ന കാലം അധികം ദൂരെയല്ലെന്ന് ചുരുക്കം.

ആഗോളതാപനം എന്നും വനനശീകരണം എന്നുമൊക്കെയുള്ള ക്ലീഷേ പരിപാടികൾ മാത്രമല്ല നമ്മൾ ഈ ഭൂമിയോട് ചെയ്യുന്ന ക്രൂരത. ഒരു മരം നടുന്നതിലോ മഴവെള്ളം സംഭരിക്കുന്നതിലോ ഒതുങ്ങുന്നതല്ല നമ്മുടെ കടമയും. മനഃപൂർവമോ നേരിട്ടോ അല്ലെങ്കിൽ കൂടി നമ്മുടെ സഹജീവികളെ ദ്രോഹിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും നമുക്കെങ്ങനെ മാറി നിൽക്കാനാകും? വലിഞ്ഞു മുറുകുന്ന പ്ലാസ്റ്റിക് ചരടും കഴുത്തിൽ ചുറ്റി ഒരു പാവം സീലോ പെൻഗ്വിനോ മരണവേദനയോടെ ജീവിക്കുന്നുണ്ടെങ്കിൽ ആരാണ് അതിനുത്തരം പറയേണ്ടത്? അതിരപ്പിള്ളിയിലും ശബരിമലയിലും പ്ലാസ്റ്റിക് തിന്ന് വയറു പൊട്ടി മരിക്കുന്ന നാൽക്കാലികളുടെ ജീവന് മറുപടി പറയേണ്ടത് ആരാണ്?

പ്ലാസ്റ്റിക് വർജിക്കുക എന്നത് സമീപഭാവിയിൽ സംഭവ്യമല്ല എന്നറിയാം. എങ്കിലും, ഷോപ്പിംഗ്‌ കഴിഞ്ഞ് കൈ നിറയെ പ്ലാസ്റ്റിക് ക്യാരി ബാഗുകളുമായി പുറത്തിറങ്ങുമ്പോൾ മുഖത്ത് വിരിയുന്ന സംതൃപ്തിയുടെ ആ ചിരിയുണ്ടല്ലോ? ഭൂമിയിലെ അനേകം ജീവിവർഗങ്ങളുടെ വാസം അസാധ്യമാക്കുന്ന സാധനങ്ങളാണ് നാം സ്വന്തമാക്കിയത് എന്നോർത്ത്,  ആ ചിരി അർത്ഥശൂന്യമാണെന്ന ചിന്തയുണ്ടായാൽ നന്ന്.
ആ തിരിച്ചറിവും അതിൽ നിന്നുണ്ടാകുന്ന വിനയവും മാത്രം മതി ഈ ലോകത്ത് ഒരു ചെറിയ മാറ്റമെങ്കിലും വരുത്താൻ.
************

നിർജീവമായ കണ്ണുകളിൽ ആ പാവം പക്ഷി അവശേഷിപ്പിച്ചു പോയ ചോദ്യം എന്തായിരിക്കും?
21 comments:

  1. എന്റെയും നിങ്ങളുടെയും പാപഫലങ്ങൾ അനുഭവിക്കുന്ന മിണ്ടാപ്രാണികളെ കുറിച്ചാണ് ഈ പരിസ്ഥിതി ദിനത്തിൽ എനിക്ക് പറയാനുള്ളത്. ഈ പോസ്റ്റ്‌ ആ പാവങ്ങൾക്ക് ഡെഡിക്കേറ്റ് ചെയ്ത് ഞാൻ കൃതാർത്ഥനാവട്ടെ!

    ReplyDelete
  2. ഭൂമിയുടെ അവകാശികൾ!
    വളരെ പ്രസക്തമായ പോസ്റ്റ് കൊച്ചൂ!

    ReplyDelete
    Replies
    1. അതേ ഡോക്. പട്ടയമോ രേഖയോ ഇല്ലാത്ത, ഭൂമിയുടെ അവകാശികൾ.

      Delete
  3. സത്യമാണ് . മനുഷ്യന്റെ ചെയ്തികളുടെ ദുഷ്ഫലങ്ങൾ അനുഭവിക്കുന്നത് മനുഷ്യനോടൊപ്പം മറ്റ് ജീവികളുമാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഈ ഭൂമിയെ മൂടിക്കൊണ്ടിരിക്കുകയമാണ്. ഇതൊക്കെ ഇങ്ങിനെതന്നെ നിലനിർത്തിക്കൊണ്ട് നമ്മൾ പരിസ്ഥിതിദിനം ഈ വർഷവും വൃക്ഷത്തൈ നട്ട് ആഘോഷിക്കും

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദി, സർ.
      'എഴുന്നൂറ് കോടി സ്വപ്‌നങ്ങൾ, ഒരൊറ്റ ഭൂമി. കരുതലോടെ ഉപയോഗം' എന്നതാണ് ഈ വർഷത്തെ പരിസ്ഥിതിദിനസന്ദേശം. മറ്റു ജീവികളുടെ സ്വപ്നങ്ങൾ എന്താണാവോ പരിഗണിക്കാത്തത്?!

      Delete
  4. വളരെ വലുതായി ചര്‍ച്ച ചെയ്യപ്പെടുന്ന സംഭവം..... ഹൃദയഭേദകമായ ചിത്രങ്ങള്‍ സഹിതം പറഞ്ഞു..... വളരെ വലിയൊരു പ്രയത്നം ആണിത്..... മാനവ കുലത്തിന്‍റെ തെറ്റിന് ഭൂമിയുടെ അവകാശികൾ നരകിക്കുന്നു......നന്മ മുറ്റുന്ന നല്ലമനസ്സിന്‍റെ വിങ്ങലുകള്‍ക്ക് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി കൊണ്ട് ആശംസകൾ......

    ReplyDelete
    Replies
    1. ഐക്യദാര്‍ഢ്യത്തിന് നന്ദി, വിനോദ് ഭായ്.

      Delete
  5. നാണുഗുരു എന്തു തന്നെ പഠിപ്പിച്ചാലും നമ്മൾ പഠിച്ചത് ഇങ്ങനെയാണു കെട്ടോ? മറക്കണ്ട.

    "അവനവനാത്മസുഖത്തിനാചരിക്കുന്നവ-
    യപരന്നസുഖത്തിനായ് വരേണം"

    ബാക്കി ഞാൻ പിന്നീട് പറയാം....

    ReplyDelete
    Replies
    1. പുതിയ ലോകക്രമത്തെ സൂചിപ്പിക്കാൻ ഇതിലും മികച്ച വരികൾ കാണില്ല. സമ്മതിച്ചു തന്നിരിക്കുന്നു :)

      Delete
  6. ഇങ്ങിനെ കുറേപ്പേർ എഴുതുകയും കുറേപ്പേർ വായിയ്ക്കുകയും ചെയ്യുന്നത് കൊണ്ട് തന്നെയാണു് ഗോവിന്ദൻ എല്ലാരിലും കുറെയൊക്കെ അവബോധം ഉണ്ടാകുന്നത്.അതിനാൽ കൊച്ചു ഗോവിന്ദന്റെ നിയോഗം ഭംഗിയായി നിറവേറ്റി.

    സഹജീവികളോട് ഒരു സ്നേഹം. അത്ര മാത്രം മതി. നമുക്ക് ഒഴിവാക്കാൻ പറ്റിയ എത്രയോ കാര്യങ്ങൾ. പ്ലാസ്റ്റിക് ഒഴിവാക്കാം. ഭക്ഷണം നഷ്ട്ടപ്പെടുത്താതിരിയ്ക്കാം. കാട് വെട്ടി നശിപ്പിയ്ക്കാതിരിയ്ക്കാം.അങ്ങിനെ എത്രയെത്ര കാര്യങ്ങൾ. അത് ചെയ്യാം നമുക്ക്. നമുക്ക് വേണ്ടി നമ്മുടെ പിൻതല മുറയ്ക്‌ വേണ്ടി.

    ReplyDelete
    Replies
    1. നല്ല വാക്കുകൾക്ക് നന്ദി, ബിപിൻ സർ. ഒരു വശത്ത് വമ്പൻ നശീകരണം നടക്കുകയാണ്. എങ്കിലും മറുവശത്ത്, സാറ് പറഞ്ഞത് പോലത്തെ കൊച്ചു കൊച്ചു നന്മകളിലൂടെ രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുന്ന ഒരു വലിയ സമൂഹം അവശേഷിക്കുന്നുണ്ട്. ഭൂമിക്കും ഇനി വരുന്ന തലമുറകൾക്കും വേണ്ടി...

      Delete
  7. അനുബന്ധം.
    വങ്കൻ എന്ന് വിളിയ്ക്കുന്നതാണോ നല്ലത് എന്നൊക്കെ സ്വയം തീരുമാനിച്ചോളൂ. അതൊക്കെ സ്വന്തം ഇഷ്ട്ടം. ഞങ്ങൾ അതിൽ ഇടപെടുന്നില്ല.

    ReplyDelete
    Replies
    1. ഇതൊന്നും വലിയ സംഭവമല്ല എന്ന തരത്തിലുള്ള പ്രതികരണങ്ങൾ ആണ് ഞാൻ പ്രതീക്ഷിച്ചത്. അങ്ങനെ അല്ലാത്ത സ്ഥിതിക്ക്, ഇപ്പൊ വിളിക്കുന്നത് പോലെ ഇനിയും കൊച്ചു ഗോവിന്ദൻ എന്ന് വിളിച്ചാൽ മതി :)

      Delete
  8. മാഷെ..
    ആദ്യമായിട്ടാണീ വഴിക്ക്...
    വ്യത്യസ്ഥമായ ചിന്തകള്...
    മുന്നോട്ടുള്ള പാതയില് നിഴലായ് കൂടെകൂടുന്നു...

    ReplyDelete
  9. പുതിയ കാഴ്ചകൾ കണ്ട് ഒരുമിച്ച് യാത്ര തുടരാം... സ്വാഗതം മുബാറക്ക്.

    ReplyDelete
  10. ഞാനിപ്പോളാണ് ഈ വഴി വരുന്നത്. നല്ല എഴുത്ത്

    ReplyDelete
    Replies
    1. കേഡിക്കാഴ്ച്ചകളിലേക്ക് സ്വാഗതം, ചേച്ചീ. പ്രോത്സാഹനത്തിന് നന്ദി.

      Delete
  11. ‘ആഗോളതാപനം എന്നും വനനശീകരണം എന്നുമൊക്കെയുള്ള ക്ലീഷേ പരിപാടികൾ മാത്രമല്ല നമ്മൾ ഈ ഭൂമിയോട് ചെയ്യുന്ന ക്രൂരത. ഒരു മരം നടുന്നതിലോ മഴവെള്ളം സംഭരിക്കുന്നതിലോ ഒതുങ്ങുന്നതല്ല നമ്മുടെ കടമയും. മനഃപൂർവമോ നേരിട്ടോ അല്ലെങ്കിൽ കൂടി നമ്മുടെ സഹജീവികളെ ദ്രോഹിക്കുന്നതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും നമുക്കെങ്ങനെ മാറി നിൽക്കാനാകും? വലിഞ്ഞു മുറുകുന്ന പ്ലാസ്റ്റിക് ചരടും കഴുത്തിൽ ചുറ്റി ഒരു പാവം സീലോ പെൻഗ്വിനോ മരണവേദനയോടെ ജീവിക്കുന്നുണ്ടെങ്കിൽ ആരാണ് അതിനുത്തരം പറയേണ്ടത്? അതിരപ്പിള്ളിയിലും ശബരിമലയിലും പ്ലാസ്റ്റിക് തിന്ന് വയറു പൊട്ടി മരിക്കുന്ന നാൽക്കാലികളുടെ ജീവന് മറുപടി പറയേണ്ടത് ആരാണ്?‘


    ബലേ ഭേഷ്...
    കൊച്ചു തീഷ്ണമായ വരികളിൽ കൂടി തന്നെ
    ഭൂമിയിലെ അവകാശികളെ പീഡിപ്പിക്കുന്നതിനെ
    കുറിച്ച് ഒരു നല്ല അവബോധം നടത്തിയിരിക്കുന്നു. ഇത്തരം
    ബോധവൽക്കരണങ്ങൾ തന്നെയാണ് നമുക്ക് വേണ്ടതും...
    അഭിനന്ദനങ്ങൾ കേട്ടൊ ഭായ്

    ReplyDelete
    Replies
    1. ലേഖനം വെറുതെയായില്ല എന്ന് മനസിലാകുന്നത് ഇത്തരം പ്രോത്സാഹനങ്ങൾ കിട്ടുമ്പോഴാണ്. നന്ദി, മുരളി ചേട്ടാ.

      Delete
  12. ഇത്തരം നല്ല സന്ദേശങ്ങൾ ബ്ലോഗു വഴി മറ്റുള്ളവരിലേക്ക് പകർന്നു നല്കിയ
    കെ.ഡി കൊച്ചുഗോവിന്ദന് ഒത്തിരി ഒത്തിരി ആശംസകൾ. പലപ്പോഴും പരിസ്ഥിതി മലിനീകരണത്തെപ്പറ്റിയുള്ള എന്തെങ്കിലും വാർത്തകൾ കേൾക്കയോ, വായിക്കയോ ഒക്കെ ചെയ്യുമ്പോൾ ഞാനും മനസ്സിൽ ശപഥമെടുക്കാറുണ്ട് പ്ലാസ്റ്റിക് കവർ ഉപയോഗിക്കരുത് എന്ന്. കഴിവതും അങ്ങനെ തന്നെ ചെയ്യാൻ ശ്രമിക്കാറുമുണ്ട്. പക്ഷെ ചില സന്ദർഭങ്ങളിൽ നാം അറിയാതെ തന്നെ സാധനസാമഗ്രികൾ കവറിൽ വാങ്ങിക്കൂട്ടി ഒടുക്കം ഇത് നമ്മുടെ വീട്ടിൽ തന്നെ കുമിഞ്ഞുകൂടുകയും ചെയ്യും. ചില ഷോപ്പുകളിൽ ഇത് പാടെ നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളയിടങ്ങളിൽ ഒക്കെയും ഇത് തന്നെയാണ് ധാരാളമായി ഉപയോഗിക്കുന്നത്. ആൽബട്രോസിനെ ഞാൻ കണ്ടിട്ടില്ലാട്ടോ അതെന്തൂട്ടാ ആ സാധനം. അതു പോയിട്ട് ഒരു പാറ്റയെപ്പോലും കണ്ടാൽ കൊല്ലാൻ പേടിയാ. അതോടുന്നതിനേക്കാൾ സ്പീഡിൽ ഞാൻ അവിടുന്ന് സ്ഥലം വിടും.

    ReplyDelete
    Replies
    1. സ്വാഗതം, ചേച്ചീ.
      ഞാനും കണ്ടിട്ടില്ല ഈ ആൽബട്രോസ്സിനെ (ആരോടും പറയണ്ടാ!). പക്ഷേ, കൊന്നിട്ടുണ്ടാകാൻ സാധ്യതയുണ്ട്. മനുഷ്യവാസമില്ലാത്ത ദ്വീപുകളിലെ ജീവികൾ പോലും പ്ലാസ്റ്റിക്‌ ഉത്പന്നങ്ങൾ (കേവലം കവർ മാത്രം അല്ല കേട്ടോ.) തിന്ന് മരിക്കുന്നു എന്നറിയാമോ? അതൊക്കെ നമ്മളിൽ ആരെങ്കിലും ഉപയോഗിച്ചതാവാനേ തരമുള്ളൂ.
      പിന്നെ പാറ്റ, എട്ടുകാലി - സെയിം പിച്ച്. ഞാൻ എപ്പോ ഓടി എന്ന് ചോദിച്ചാൽ മതി!

      Delete