Saturday 9 February 2019

അവസാനത്തിന്റെ ആരംഭം

ഓഫീസിൽ കുഴഞ്ഞു വീണായിരിക്കുമോ?
അല്ലെങ്കിൽ വണ്ടിയിടിച്ചോ?
തലയിൽ തേങ്ങാ വീണുമാവാം.
മരിച്ചു കഴിഞ്ഞ്,
അങ്ങനെയാണോ ഇങ്ങനെയാണോ
എന്ന് ചിന്തിച്ചിട്ട് എന്ത് കാര്യം?
എന്തായാലും ഒരു ദിവസം,
പെട്ടെന്ന് ഞാനങ്ങ് മരിച്ചു പോകും!


എന്നിട്ട്,
ഓഫീസിൽ പോകാനില്ലാതെ,
ബന്ധങ്ങളും ബാധ്യതകളുമില്ലാതെ,
തർക്കിക്കാനും ട്രോളാനും
പോസ്റ്റിടാനും ഇല്ലാതെ,
മരണത്തിന്റെ സുഖാലസ്യത്തിൽ കിടന്ന്
ഞാനോർക്കും.

മാറ്റിവച്ച
ചില കാര്യങ്ങളുണ്ടായിരുന്നുവല്ലോ?
എന്ന് വേണമെങ്കിലും
ചെയ്യാമെന്ന് കരുതിയവ.


ദൂരെ ദൂരെ...
മഞ്ഞു പെയ്യുന്ന മലമുകളിൽ പോയി
വെറുതെയിരിക്കണമെന്ന്.
വാങ്ങി വച്ച പുസ്തകങ്ങൾ
വായിച്ചു തീർക്കണമെന്ന്...
പിയാനോ വായിക്കാൻ പഠിക്കണമെന്ന്
പഴയ കൂട്ടുകാരുടെ വീട്ടിൽ
അപ്രതീക്ഷിതമായി കയറി ചെന്ന്
അവരെ ഞെട്ടിക്കണമെന്ന്!
ജിമ്മിൽ പോകണമെന്ന്
ഒരു പുസ്തകമെഴുതണമെന്ന്...!

അങ്ങനെ,
ചെയ്യാതെ മാറ്റിവച്ച
ഒരു നൂറുകൂട്ടം കാര്യങ്ങൾ...
എന്നു വേണമെങ്കിലും ചെയ്യാമെന്ന് കരുതി
ഒരിക്കലും ചെയ്യാതിരുന്നവ...

തെക്കേപ്പാടത്ത്,
മാത്തിരിയുടെ കണ്ടത്തിൽ വെച്ച്,
മൂളിപ്പറന്നു വന്ന പന്തിനെ
അവസാനമായി സിക്സർ പായിച്ചത്
എന്നായിരുന്നു?
അവസാനത്തിന്റെ ആരംഭം എന്നായിരുന്നുവെന്ന്
മരണത്തിന്റെ തണുപ്പിൽ
കോടിമുണ്ടും പുതച്ചു കിടന്ന്
ഞാനോർക്കും.
അതെന്റെ അവസാന സിക്സർ ആയിരുന്നെന്ന്
എന്തേ ഞാൻ അറിയാതെപോയി?!

എന്റെ മരണത്തിന്റെ
കൂട്ടനിലവിളികൾക്കിടയിലും
ജീവിതത്തിന്റെ ആകസ്മികതകളോർത്ത്
ഞാൻ പതിയേ ചിരിക്കും, ആരും കാണാതെ!


ഒടുവിലായി കണ്ണുപൊത്തിക്കളിച്ചത്
എന്നായിരുന്നു?
കശുമാവിൻ കൊമ്പുകളിൽ ഊഞ്ഞാലാടിയത്?
ഇടവപ്പാതിയിൽ,
കലിതുള്ളിയൊഴുകുന്ന കുറിഞ്ഞാലിത്തോട്ടിൽ
കുളിച്ചു തിമിർത്തത്!!!

പൂരപ്പറമ്പുകളിലും തീയറ്ററിലും
മൈതാനങ്ങളിലും തട്ടുകടയിലും
ചങ്ങാതിമാരോടൊപ്പം അവസാനമായി
ഒത്തുകൂടിയത് എന്നായിരുന്നു?

ഇതെല്ലാം
അവസാനമായി ചെയ്ത,
ചില ദിവസങ്ങളുണ്ടായിരുന്നു...
അറിയാതെ പോയ
അവസാനത്തിന്റെ ആരംഭങ്ങൾ!!!

പണ്ടെന്നോ,
അമ്മായിമാരുടെ മക്കളും
അയലത്തെ പിള്ളേരും ഒക്കെ ചേർന്ന്
കളിച്ചു പിരിഞ്ഞത്
അവസാനത്തേതാണെന്ന് അറിഞ്ഞില്ലല്ലോ എന്ന്
ഞാനത്ഭുതപ്പെടും!


മരിക്കുമ്പോഴെങ്കിലും,
നഷ്ടോൾജിയയും പൊക്കിപ്പിടിച്ച്
തലപെരുപ്പിക്കാതെ,
അടങ്ങിക്കിടന്നൂടേയെന്ന്
ഞാനെന്നോട് കയർക്കും!

ആ കിടപ്പിൽ ഞാനൊന്നു തിരിഞ്ഞു നോക്കും
ബാക്കിയാക്കിയതെന്തൊക്കെയാണ്?
കഥയാക്കി മാറ്റാൻ ഡയറിയിൽ കുറിച്ചിട്ട
ഒറ്റവരി ആശയങ്ങൾ...
പറയാൻ ബാക്കിവെച്ച ഇഷ്ടങ്ങൾ...
കറക്കിയിട്ടും കറക്കിയിട്ടും നേരെയാവാത്ത
റുബിക്സ് ക്യൂബ്...
സേവ് ചെയ്തിട്ടും പോസ്റ്റ് ചെയ്യാത്ത
ടിക്‌ടോക് വീഡിയോകൾ...
കഷ്ടം!

ആചാരവെടി കിട്ടിയില്ലെങ്കിലും
നാലാളോർക്കാൻ
നാല് നല്ലകാര്യങ്ങളൊന്നും ചെയ്തില്ലല്ലോ
എന്ന് ഞാൻ എന്നെ പുച്ഛിക്കും!
ചെലപ്പോ കൺകോണിൽ ഒരുതുള്ളി
കണ്ണീർ പൊടിയാനും മതി!
പ്രാരാബ്ധം തീർന്നിട്ട് നന്മ ചെയ്യാൻ
തീരുമാനിച്ചതിനിടയ്ക്ക്
മരണമെന്ന മാരണം വരുമെന്ന്
ആരറിഞ്ഞു?!

അങ്ങനെ,
അത്ഭുതപ്പെട്ടും തലപെരുപ്പിച്ചും
കയർത്തും കരഞ്ഞും
ചിരിച്ചും ചിന്തിച്ചും
ഞാൻ ജീവിതത്തെ
അവസാനമായി
തിരികെപ്പിടിക്കാൻ നോക്കും!
പിന്നെ,
മാർഗ്ഗമേതായാലും
ലക്ഷ്യം മരണമാണെന്ന തിരിച്ചറിവിൽ
ഞാനത് വേണ്ടെന്നു വയ്ക്കും!

ഒടുവിൽ,
മരണത്തിന്റെ കയ്യും പിടിച്ച്...
അതോ പോത്തിന്റെ ചുമലിലോ?
കയ്യിലിരുപ്പനുസരിച്ച്,
കയറിൽ കെട്ടിവലിച്ചും ആവാം!
എങ്ങനെയായാലും,
മാവിന്റെ വിറകുകൾക്കുള്ളിൽ
ദേഹത്തിന്
ചൂടുപിടിക്കുന്നതിനു മുൻപേ,
ഞാൻ ആ യാത്ര തുടങ്ങും...
അതായിരിക്കും
അവസാനത്തിന്റെ യഥാർത്ഥ ആരംഭം!


10 comments:

  1. ഒരു യാത്രയും അവസാനിക്കുന്നില്ലല്ലോ... അതു പോലെ മരണവും ഒരു പുതിയ യാത്രയാവും അല്ലേ?

    ReplyDelete
  2. ദൂരെ ദൂരെ...
    മഞ്ഞു പെയ്യുന്ന മലമുകളിൽ പോയി
    വെറുതെയിരിക്കണമെന്ന്...
    വാങ്ങി വച്ച പുസ്തകങ്ങൾ വായിച്ചു തീർക്കണമെന്ന്...
    പിയാനോ വായിക്കാൻ പഠിക്കണമെന്ന്, പഴയ കൂട്ടുകാരുടെ വീട്ടിൽ
    അപ്രതീക്ഷിതമായി കയറി ചെന്ന്അവരെ ഞെട്ടിക്കണമെന്ന്,ജിമ്മിൽ പോകണമെന്ന്
    ഒരു പുസ്തകമെഴുതണമെന്ന്...

    അങ്ങനെ,ചെയ്യാതെ മാറ്റിവച്ച, ചെയ്യുവാൻ പറ്റാത്ത
    ഒരു നൂറുകൂട്ടം കാര്യങ്ങൾ...എന്നു വേണമെങ്കിലും ചെയ്യാമെന്ന്
    കരുതിഒരിക്കലും ചെയ്യാതിരുന്നവ ... അങ്ങിനെയങ്ങിനെ പൂർത്തീകരിക്കുവാൻ
    പറ്റാത്ത മാറാപ്പുമായാണ് നാമെല്ലാം തിരിച്ചു പോകുക ...!

    ReplyDelete
  3. മരണത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള വിഹഗ വീക്ഷണങ്ങൾ...ജീവന്റെ വിലയും ആയുസ്സിന്റെ നൈമിഷികതയുമാണ് ഞാൻ വായിച്ചത്..

    ReplyDelete
    Replies
    1. അത്രയൊന്നും ചിന്തിച്ച് എഴുതിയതല്ല. പുതിയ അർഥങ്ങൾ കണ്ടെടുക്കുമ്പോൾ ആണല്ലോ എഴുത്തിന് വിലയുണ്ടാവുന്നത്! ഒത്തിരി നന്ദി!

      Delete
  4. നല്ല പോസ്റ്റാണ് . ചിന്തിപ്പിക്കുന്നത് .!!! ചിരിപ്പിക്കാത്തത് !!!

    ReplyDelete
  5. ഇഷ്ടപ്പെട്ടു. തിരിഞ്ഞ് നോട്ടവും അവതരണവും ☺️👍

    ReplyDelete