Wednesday, 29 January 2020

എന്നെ ഇങ്ങനെ അപമാനിക്കല്ലേ ബേബി മോളേ!

എന്റെ ഭാര്യേടെ വീടിന്റെ തൊട്ടടുത്തുള്ള ക്ഷേത്രമാണ് ആനയ്ക്കൽ ധന്വന്തരീ ക്ഷേത്രം. അവിടത്തെ പത്താമുദയ മഹോത്സവമായിരുന്നു... അല്ലെങ്കി വേണ്ട. കുറച്ച് ഫ്ലാഷ് ബാക്ക് ആവാം ആദ്യം.

തൊണ്ണൂറുകളുടെ പകുതി. ഞങ്ങടെ വീടിന്റെ ചുറ്റുവട്ടത്ത്,  സുശീല വല്യമ്മേടെ വീട്ടിൽ മാത്രേ അന്ന് ടീവീം ഫോണും ഒക്കെ ഉണ്ടായിരുന്നുള്ളു. ഞായറാഴ്ചയിലെ സിനിമയും വെള്ളിയാഴ്ചയിലെ ചിത്രഗീതവും ഒക്കെ കാണാൻ ആ ഭാഗത്തെ കുട്ടികളും മുതിർന്നവരും ഒക്കെ ഒന്നിച്ചു കൂടും. നല്ല രംഗങ്ങളോ ക്ളൈമാക്‌സോ ഒക്കെ വരുമ്പോഴായിരിക്കും കറന്റ് പോവുക. അയ്യോ എന്ന് നിരാശയോടെ എല്ലാവരും കൂടി ഒരു വിളിയാണ്. പിന്നെ കറന്റ് വരുന്നത് വരെ പിള്ളേരെല്ലാം മുറ്റത്തിറങ്ങി എന്തെങ്കിലും ഒക്കെ കളിക്കും. മുതിർന്നവർ, ആസ് യൂഷ്വൽ വല്ല പരദൂഷണവും പറഞ്ഞു നേരം കളയും. ആ ഒരു ആംബിയൻസ് ഒന്നും ഇന്ന് എത്ര വലിയ എൽ ഇ ഡി ടീവിയിൽ കണ്ടാലും കിട്ടില്ല. അങ്ങനെയിരിക്കേ ആണ് ഒരു ദിവസം അത് സംഭവിച്ചത്.  സൂര്യഗ്രഹണം !!!

ഗ്രഹണം പ്രമാണിച്ച് അന്ന് ആ സമയത്ത്, ദൂരദർശനിൽ പ്രത്യേകം സിനിമയൊക്കെ ഉണ്ടായിരുന്നു! "കൊച്ചോയിന്നാ, സിനിമേടെ എടേല് കറന്റ് പോയാലും മുറ്റത്തൊന്നും എറങ്ങാൻ നിക്കണ്ടാട്ടാ" ന്ന് അമ്മാമ്മ, എന്ന് വച്ചാൽ സാക്ഷാൽ ഗോവിന്ദന്റെ മിസ്സിസ്, പറഞ്ഞത് ഇപ്പോഴും നല്ല ഓർമയുണ്ട്. ഗ്രഹണസമയത്ത് രശ്മികൾക്ക് വിഷാംശം ഉണ്ടാവും ത്രെ! സിനിമ തല്ലിപ്പൊളിയായത് കൊണ്ട്, ഞാൻ കാണൽ പകുതിക്ക് നിർത്തി. വാതിൽ തുറന്ന് പതുക്കെ നോക്കി. പൊതുവെ ഒരു മങ്ങിയ വെളിച്ചമാണ്. നിറയെ മരങ്ങൾ ഉള്ളത് കൊണ്ട് വെയിലടിക്കുന്നൊന്നുമില്ല. ഞാൻ രണ്ടും കൽപ്പിച്ചു പുറത്തിറങ്ങി. തണലത്ത് കൂടെ നടന്ന്, വീട്ടിലേക്കുള്ള വഴിയിൽ എവിടെയെങ്കിലും വെയിലടിക്കുന്നുണ്ടോ എന്ന് നോക്കി. ഭൂരിഭാഗം സ്ഥലത്തും തണലാണെങ്കിലും കുറച്ചിട വെയിലുണ്ട്! ഞാൻ നടന്നു. വെയിലുള്ള ഭാഗം എത്താറായപ്പോൾ, ചെരിപ്പ് ഊരി കയ്യിൽ പിടിച്ച് നൂറേ നൂറിൽ ഒരോട്ടം അങ്ങ് വെച്ച് കൊടുത്തു. സംഗതി, കുറച്ചു വെയിലേ കൊണ്ടുള്ളൂ എങ്കിലും വിഷം ബാധിച്ച് ഞാൻ തട്ടിപ്പോവോന്ന് കുറെ നാളത്തേക്ക് എനിക്ക് പേടിയായിരുന്നു! രശ്മിക്ക് നല്ല ഉന്നം ഇല്ലാത്തത് കൊണ്ട് ഞാൻ ചത്തില്ല!

അവിടുന്നൊക്കെ ലോകം എത്രയോ മാറി. ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്ത് വിജയിപ്പിച്ച ഒരു വലയ സൂര്യഗ്രഹണത്തിനാണ്  2019 ഡിസംബർ 26 ന്റെ പ്രഭാതം സാക്ഷ്യം വഹിച്ചത്. ഗ്രഹണത്തിന്റെ ശാസ്ത്രീയത തിരിച്ചറിയാനും പുരാണകഥയെ കഥയായി കാണാനും ഒക്കെ ജനങ്ങൾക്ക് കഴിഞ്ഞു. ഏതാനും വർഷം മുമ്പ് വരെ, ഗ്രഹണസമയത്ത് വാതിലുമടച്ച്, ഭക്ഷണമൊന്നും കഴിക്കാതെ പേടിച്ച് കഴിഞ്ഞിരുന്ന ഒരു കൂട്ടം ജനങ്ങൾ വസ്തുതകൾ തിരിച്ചറിഞ്ഞ് ശാസ്ത്രത്തെ പുണരുന്നത് സന്തോഷമുള്ള കാര്യമാണ്. ഗ്രഹണം കാണാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങൾ മിക്കയിടത്തും നടന്നു എന്നതും ശ്രദ്ധേയമാണ്. എന്നാൽ ഇതൊന്നും തിരിച്ചറിയാതെ ബലമായി വാതിലടച്ച് നമ്മൾ അകത്തിരുത്തിയ ചില സാധുക്കൾ നമുക്ക് ചുറ്റും ഇപ്പോഴുമുണ്ട്. അവരെ മോചിപ്പിക്കാനാണ് ഈ കുറിപ്പ്. ദൈവങ്ങളെ കുറിച്ചാണ് പറഞ്ഞു വരുന്നത്.
സൂര്യനെ വിഴുങ്ങാൻ വരുന്ന രാഹൂന്റെ 
ഒരു ബാല്യകാല ചിത്രം.

എല്ലാ പ്രാവശ്യത്തെയും പോലെ ഇത്തവണയും ക്ഷേത്രങ്ങൾ എല്ലാം ഗ്രഹണസമയത്ത് അടഞ്ഞു കിടന്നു.  ഒരടിപൊളി ആകാശവിസ്മയം അരങ്ങേറുമ്പോൾ നമ്മളെന്തിനാണ് ദൈവങ്ങളെ പൂട്ടിയിടുന്നത്? സാധാരണനിലയിൽ ജ്യോതിഷികൾ ഒരു ചതുരം ഒക്കെ വരച്ച് ശി, ഗു, ച, മ എന്നൊക്കെ എഴുതി എന്തൊക്കെയോ നിഗൂഢതകൾ ഒക്കെ സമന്വയിപ്പിച്ച് ഭഗവാൻ കോപിച്ചിരിക്കുകയാണെന്നോ നാടിന് ദോഷം ആണെന്നോ പറഞ്ഞാൽ വിശ്വാസികൾക്ക് മറുത്തു പറയാൻ എളുപ്പമല്ല. കാരണം, ജ്യോത്സ്യത്തെ എതിർക്കണമെങ്കിൽ നമ്മൾ ഗ്രഹനിലയും  ലഗ്നവും ഭാവവും ഒക്കെ പഠിക്കേണ്ടി വരും. സ്വന്തം പ്രശ്‍നം എന്താണെന്ന് കണ്ടുപിടിക്കാനുള്ള  മടി കാരണം പ്രശ്നക്കാരനെ കാണുന്നവർ പ്രശ്നക്കാരനെ പ്രശ്നത്തിലാക്കാൻ ജ്യോതിഷം പഠിക്കുമെന്നു കരുതുക വയ്യല്ലോ?! പക്ഷേ, ഗ്രഹണത്തിന്റെ കാര്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ഒരുവിധപ്പെട്ടവർക്കൊക്കെ അറിയാം. ഒരു സാധാരണവിശ്വാസിക്ക് മനസിലാകാത്ത എന്ത് യുക്തിയാണ് ദൈവങ്ങളെ പൂട്ടിയിടുന്നതിൽ പറയാനുള്ളത്? ചന്ദ്രന്റെ മറ കാരണം പകൽസമയത്ത് കുറച്ച് നേരത്തേക്ക് കുറച്ചു വെളിച്ചം കുറഞ്ഞാൽ ക്ഷേത്രങ്ങൾക്ക് എന്താണ് സംഭവിക്കുക?

ഗ്രഹണ സമയത്ത്, ദേവചൈതന്യം കുറയുമെന്നും നെഗറ്റീവ് എനർജി വ്യാപിക്കും എന്നുമൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. ഗ്രഹണം ആസ്വദിക്കുന്ന ഒരു കുഞ്ഞിന്റെ മുഖത്ത് ഒരാൾക്ക് നെഗറ്റീവ് എനർജി കണ്ടെത്താൻ കഴിയുമോ? ആ കുഞ്ഞിന് സംഭവിക്കാത്ത എന്ത് ചൈതന്യക്ഷയമാണ് ലോകസംരക്ഷകരായ ദൈവങ്ങൾക്ക് സംഭവിക്കുക?

പിന്നെയുള്ളത് ആചാര ലംഘനമാണ്. ഇത്രേം കാലം കൊണ്ടുനടന്ന ഒരു സംഗതി പെട്ടെന്ന് നമ്മളായിട്ട് നിർത്തിയാൽ ശരിയാവുമോ എന്ന് തോന്നാം. നമ്മൾ ആചാരം നിർത്തിയാലും ഇല്ലെങ്കിലും നാളെ നമ്മുടെ ദൈവങ്ങളൊക്കെ ഗ്രഹണം കാണുക തന്നെ ചെയ്യും എന്നേ പറയാനുള്ളൂ. കാരണം, ഇനിയൊരു ഗ്രഹണം വരുമ്പോഴേക്കും, ഇപ്പൊ പായസവും കുടിച്ച് ഗ്രഹണം ആസ്വദിച്ച തലമുറയായിരിക്കും അമ്പലക്കമ്മിറ്റി അംഗങ്ങൾ! നടയടക്കേണ്ടതില്ലെന്ന് ഒരു അഭിപ്രായം വീണു കിട്ടിയാൽ, ചൂടേറിയ ചർച്ചകൾക്ക് അത് വഴിയൊരുക്കുകയും ചിലയിടത്തെങ്കിലും ദൈവങ്ങൾ ഗ്രഹണം കാണുകയും ചെയ്യും.

അടുത്ത അഞ്ചോ പത്തോ വർഷത്തിൽ ഇതൊക്കെ സംഭവിക്കും എന്നൊന്നും അല്ല. പക്ഷേ, എന്നെങ്കിലും എല്ലാം മാറി വരും. കാരണം, മാറ്റമില്ലാത്തതായി മാറ്റം മാത്രമേയുള്ളൂ. അന്ന്, ഗ്രഹണം പേടിച്ച് ദൈവങ്ങളെ മുറിക്കകത്തിരുത്തിയ പഴയ തലമുറയെ, അതായത് നമ്മളെ ഓർത്ത് അവർ ചിരിക്കും. അവരുടെ പരിഹാസച്ചിരിയിൽ ഉൾപ്പെടാൻ ഇഷ്ടമില്ലാത്തവർക്ക് വേണ്ടിയാണ് ഇതെഴുതിയത്.

ഫ്ളാഷ്ബാക്കും ഫിലാസഫിയും ഒക്കെ കഴിഞ്ഞു. പറഞ്ഞു തുടങ്ങിയത്, ആനയ്ക്കൽ ധന്വന്തരീ ക്ഷേത്രത്തിനെ കുറിച്ചാണ്. അവിടത്തെ പത്താമുദയ മഹോത്സവമായിരുന്നു ഡിസംബർ 26നു. അന്ന് ഗ്രഹണം പ്രമാണിച്ച്, പകലത്തെ ഉത്സവം ചുരുക്കുകയും ഉച്ചയ്ക്കുള്ള അന്നദാനം ഒഴിവാക്കുകയും ചെയ്തു. കൊല്ലത്തിലൊരിക്കൽ നല്ല കളർഫുള്ളായി നടക്കേണ്ട ഉത്സവം ഭക്തശിരോമണികൾ വെട്ടിച്ചുരുക്കിയതിൽ ധന്വന്തരിക്ക് എന്തായാലും പരിഭവം കാണും.

ബൈ ദി വേ, ആരാ ഈ ധന്വന്തരീന്നാ വിചാരം? ദേവന്മാരുടെ ജരാനരകളകറ്റാൻ, കയ്യിൽ അമൃതകുംഭവും പിടിച്ച് പാലാഴിയിൽ നിന്നും ഉയർന്നു വന്ന ദേവൻ! ആയുർവേദത്തിന്റെ ദേവൻ! "ആ രാഹൂനെ പേടിയാണെന്ന് പറഞ്ഞ്, എന്നെ ഇങ്ങനെ അപമാനിക്കല്ലേ മക്കളേ!" എന്ന്  ധന്വന്തരി അഭ്യർത്ഥിക്കുന്നത്  നിങ്ങളാരും കേൾക്കുന്നില്ലേ?

 ചെലപ്പോ കേൾക്കില്ല. മറ്റൊരമ്പലത്തിലിരുന്ന്, "ആ രാഹൂനേ ചക്രായുധം വെച്ച് അരിഞ്ഞു വീഴ്ത്തിയ നിന്റെ മഹാവിഷ്ണുവാടാ പറയുന്നേ, എന്നെ തുറന്നു വിടടാ" എന്ന സാക്ഷാൽ മഹാവിഷ്ണൂന്റെ രോദനത്തിൽ ധന്വന്തരീടെ ഒച്ച മുങ്ങിപ്പോയതാവാം.

45 comments:

  1. ഞങ്ങൾ ഇത്തവണത്തെ വലയഗ്രഹണം കണ്ടത് കേരളത്തിൽ വെച്ചായിരുന്നു. മോൾക്ക് ആ സമയത്ത് അതൊക്കെ വിശദീകരിച്ചു കൊടുത്തു. ഇനി ഈ ജന്മത്ത് അവൾ അത് മറക്കില്ല..ഇത്തവണ നല്ല മാറ്റങ്ങൾ ആണ് നടന്നത്. എല്ലാ ഗ്രൗണ്ടകളും മനുഷ്യർ കയ്യടക്കി ഗ്രഹണം കണ്ടു

    ReplyDelete
    Replies
    1. കുട്ടികളെ ശാസ്ത്രം പറഞ്ഞു മനസിലാക്കുകയും ശാസ്ത്രീയ മനോവൃത്തി വളർത്തുകയും ചെയ്യുന്നത് സന്തോഷവും ആശ്വാസവും ഉണ്ടാക്കുന്ന കാര്യമാണ്. അവരാണ് നമ്മുടെ പ്രതീക്ഷ.

      Delete
  2. ആഹാ...അടിപൊളി.
    ഈ പരിപാടി കമ്പ്ലീറ്റ് കോണ്ട്രഡിക്ഷൻ ആണല്ലോ എന്ന് അന്ന് ഓർത്തിട്ടുണ്ട്. എന്തായാലും ഇങ്ങനെ എഴുതിവെച്ചത് ഉഷാറായി.

    ReplyDelete
    Replies
    1. കോൺട്രഡിക്ഷൻസ് തിരയാൻ നിന്നാൽ അവയുടെ ബാഹുല്യം കണ്ട് നമ്മൾ വണ്ടറടിച്ച് പോകും!

      Delete
  3. അയ്യോ! ഗ്രഹണ സമയാ. പാമ്പ് സൂര്യനെ വിഴുങ്ങി കൊണ്ടിരിക്കാ.ദാ തല വിഴുങ്ങി.ദാ.. ദാ.. കൊറെശേ ക്കൊറേശേയായ്... ഹോ! ഗ്രഹണ സമയത്ത് ഞാഞാളും തലപൊക്കും. "ഞാനും പാമ്പിന്റെ വർഗത്തിപ്പെട്ടോനാ" അമ്പടാ, ഞാഞ്ഞൂലേ! നല്ല എഴുത്ത്.ഇപ്പോഴുള്ളോർക്ക് വെവരം വെച്ചു വരുന്നു. ആശംസകൾ

    ReplyDelete
    Replies
    1. സത്യത്തിൽ, പിള്ളേർക്ക് വിവരം വെക്കുന്നത് മതങ്ങൾക്ക് അപകടമാണ്. നന്ദി.

      Delete
  4. അന്ധവിശ്വാസത്തെ ചെറുക്കാൻ ശാസ്ത്രത്തെ കൂട്ടുപിടിക്കുന്ന പല യുക്തിവാദികളെയും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥ ശാസ്ത്രജ്ഞരായ യുക്തിവാദികൾ വളരെ കുറവാണ്. അന്ധവിശ്വാസം പരത്താനും ചിലർ ശാസ്ത്രീയ വിശദീകരണം കൊണ്ടു വരുന്നു. അവരെ നമ്മൾ pseudo scientists എന്നും വിളിക്കുന്നു. എന്റെ ഒരിതെന്താണെന്നു വച്ചാൽ ശാസ്ത്രീയമായ യുക്തികൾ മതപരമായ യുക്തികളെ സാധൂകരിക്കുന്നതോ നിരാകരിക്കുന്നതോ അല്ല. അത് തികച്ചും സ്വതന്ത്രമായി മാനവികതക്ക് വേണ്ടി നിലകൊള്ളുന്ന യുക്തിയാണ്. ദൈവത്തെയോ മതത്തെയോ കൂട്ട് പിടിക്കാതെ സ്വതന്ത്രമായി നിലനിൽക്കുന്ന ഒന്നിന് അനാചാരങ്ങളെ കൊള്ളുകയോ തള്ളുകയോ ചെയ്യണ്ട കാര്യമില്ല.മാധ്യമങ്ങൾ നടത്തുന്ന അഭിമുഖങ്ങളിലല്ലാതെ ഏതൊരു ശാസ്ത്രജ്ഞനും ഈ ഒരു വിഷയത്തെപ്പറ്റി ഒരു ശാസ്ത്രവേദികളിലും ഉത്തരം പറയേണ്ടി വന്നിട്ടില്ല. ശാസ്ത്രം മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കും.. മാനവികതയും 🤝

    ReplyDelete
    Replies
    1. ശാസ്ത്രം, കപടശാസ്ത്രം, മാനവികത, യുക്തിവാദം, അന്ധവിശ്വാസം, pseudo science, മതം, ദൈവം തുടങ്ങിയ ഘടാഘടിയൻ വിഷയങ്ങളെ ഒരൊറ്റ കമന്റിൽ വിളക്കിച്ചേർത്ത സൂര്യക്ക് ഒരു കുതിരപ്പവൻ സമ്മാനം. ഈ കമൻറും എന്റെ പോസ്റ്റും തമ്മിലുള്ള അന്തർധാരകൾ ഇഴപിരിച്ചെടുക്കാൻ ഞാൻ ഒരു വരവു കൂടെ വരേണ്ടി വരും. നന്ദി.

      Delete
    2. കേഡി ഇറങ്ങി ഒറ്റ ഓട്ടമായിരുന്നു.

      Delete
    3. പിന്നല്ലാതെ! ആരായാലും പേടിച്ചു പോവില്ലേ?!

      Delete
  5. ഗ്രഹണ സമയം കൃത്യമായി പ്രവചിക്കാൻ സാധിച്ചിരുന്ന ജേ)തിഷികൾക്ക് അതിെനെറ പേരിൽ കുറെ അന്ധവിശ്വാസങ്ങൾ എങ്ങെനെ പ്രചരിപ്പിക്കുവാൻ സാധിച്ചത്. ആ സമയത്ത് സൂര്യെനെ നോക്കിയാൽ കണ്ണ് അടിച്ച് പോകുെമെന്ന് അവർക്ക് അറിവുണ്ടായിരുേന്നോ ?
    ഇത്തവണ വലയ സൂര്യഗ്രഹണം ഒട്ടും കാണുവാൻ സാധിച്ചില്ല. തമിൾ നാട്ടിൽ അഞ രീക്ഷം പൂർണമായും മേഘാവൃതമായിരുന്നു.

    ReplyDelete
    Replies
    1. ആകാശഗോളങ്ങളുടെ ഗതിയും സ്ഥാനവും ഏറെക്കുറെ കൃത്യമായി നിർണയിക്കുവാൻ ബാബിലോൺ, ചൈന, പേർഷ്യ, ഭാരതം തുടങ്ങി നിരവധി സ്ഥലങ്ങളിലെ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിരുന്നു. അവരുടെ ഉത്സവങ്ങളും, കൃഷിയും, ആരാധനയും എല്ലാം ഇതിനെ ചുറ്റിപ്പറ്റിയായിരുന്നല്ലോ. പക്ഷേ, ഫലപ്രവചനം എന്ന ഭൂലോക ഉടായിപ്പ്, പ്രാചീന ജ്യോതിഃശാസ്ത്രത്തിൽ കൊണ്ട് കെട്ടുമ്പോഴാണ് ജ്യോതിഷം ചോദ്യം ചെയ്യപ്പെടുന്നത്. പിന്നെ, കണ്ണടിച്ചു പോകും എന്ന് നേരത്തെ അറിവുണ്ടായിരുന്നിരിക്കില്ല. പലരുടെയും കണ്ണ് പോയപ്പോ മനസിലായിട്ടുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. നിരീക്ഷണങ്ങളിലൂടെയാണല്ലോ ശാസ്ത്രം വളരുന്നത്. നന്ദി.

      Delete
  6. ശാസ്ത്രവും ആചാര വിശ്വാസങ്ങളും തമ്മിൽ താരതമ്യം പോലും അർഹിക്കുന്നില്ല. രണ്ടാമത്തേത് മനുഷ്യന്റെ സൈക്കോളജിക്കൽ relief നു വേണ്ടി ആരൊക്കെയോ ചേർന്ന് രൂപം കൊടുത്ത, കാലം തെറ്റിയും നിലനിന്നു പോരുന്ന ചില സംഗതികൾ എന്നേ തോന്നിയിട്ടുള്ളൂ. ആ അർത്ഥത്തിൽ അതിനെ ഉൾക്കൊണ്ടാൽ നല്ലത്. പലതും ഭാവനയുടെ സൗന്ദര്യം ഉള്ളതും അസ്വസ്ഥമായ മനസ്സുകൾക്ക് ആശ്വാസം നൽകുന്നതുമാണ്. ഒരു മാസ് hysteria യുടെ തലത്തിലേക്ക് പോകുമ്പോൾ രോഗം തന്നെയായി മാറുന്നു. പ്രണയം പോലെ തികച്ചും സ്വകാര്യമാവണം വിശ്വാസവും എന്നാണ് തോന്നിയിട്ടുള്ളത്

    ReplyDelete
    Replies
    1. മനുഷ്യന്റെ സൈക്കോളജിക്കൽ relief നു വേണ്ടി ആരൊക്കെയോ ചേർന്ന് രൂപം കൊടുത്ത, കാലം തെറ്റിയും നിലനിന്നു പോരുന്ന ചില സംഗതികളെ, ആ അർത്ഥത്തിൽ ഉൾക്കൊണ്ട് തുടർന്ന് പോന്നിരുന്നെങ്കിൽ മൃഗബലി മുതൽ നരബലി വരെ ഇന്നും തുടർന്നു പോന്നേനെ. നിരന്തരമായി ചോദ്യം ചെയ്തും വിമർശിച്ചും നിയമം കൊണ്ട് നേരിട്ടും തന്നെയാണ് പലതും മാറ്റിയെടുത്തിട്ടുള്ളത്. വിശ്വാസം സ്വകാര്യം ആവണം എന്ന കാര്യത്തിൽ തർക്കമില്ല. ഭാവനയുടെ സൗന്ദര്യം ഉൾക്കൊള്ളുമ്പോൾ അത് കേവലം ഭാവന മാത്രമാണ് എന്ന യാഥാർഥ്യം പലർക്കും നഷ്ടപ്പെടുന്നുണ്ട് എന്നതും ഒരു പ്രശ്നമാണ്. നന്ദി.

      Delete
  7. കൊച്ചുവിന്റെ തനതായ ശൈലിയിലേക്ക്, നിലവാരത്തിലേക്ക് പോസ്റ്റ്‌ ഉയർന്നില്ല...
    ഒരുപക്ഷേ ഞാൻ കുറെയേറെ പ്രതീക്ഷിച്ചു വന്നതു കൊണ്ടു ആകും...!!
    പോസ്റ്റിലെ വിഷയത്തെ കുറിച്ച് വലുതായി പറയാൻ ഒന്നും അറിയില്ല..
    സൂര്യ എഴുതിയ പോലെയും എഴുതാൻ അറിയില്ല.. അതുകൊണ്ട് ഞാൻ മുണ്ടാണ്ടിരിക്കുന്നു...!!! 🤭

    ReplyDelete
    Replies
    1. പോസ്റ്റ് പോരാ എന്നത് തോന്നലല്ല. പോസ്റ്മാനും അത് തോന്നി. അടുത്തതിൽ ശരിയാക്കാം. സൂര്യ എഴുതിയ പോലെ എഴുതാൻ ശ്രമിക്കുന്നതിലും എളുപ്പം അവസാനം പറഞ്ഞതാണ്. മൗനം വിദ്വാന് ഭൂഷണം എന്നാണല്ലോ! സൂര്യ എന്നെ അന്വേഷിക്കേണ്ട. ഞാൻ ഓടി.

      Delete
  8. കൊച്ചുവിന്റെ പോസ്റ്റ് നന്നായി. പക്ഷേ, കാര്യങ്ങളെ ശാസ്ത്രീയമായി കാണാൻ കഴിവുള്ള ( പഠിച്ചു മിടുക്കരായ) എത്ര പേർ ആ യുക്തി ഇത്തരം ഘട്ടങ്ങളിൽ പ്രയോഗിക്കുന്നുണ്ട്?

    ഇത്തരം പോസ്റ്റു വഴിയോ മറ്റോ ബോധ്യപ്പെടുത്തായ്കയല്ല , പഠിച്ചതു വഴി ബോധ്യപ്പെടായ്കയുമല്ല, എന്റെ ആ ബോധ്യോം ശരിയാണ് ,ഈ ബോധ്യോം ശര്യാണ് എന്ന വിചാരമാണ് പ്രശ്നം

    ReplyDelete
    Replies
    1. വളരെ നല്ല നിരീക്ഷണം. എങ്കിലും, ഇതിലെല്ലാം എന്തോ ഭയങ്കര കാര്യമുണ്ട് എന്ന് വിചാരിക്കുന്ന ചിലരെങ്കിലുമുണ്ട്. നന്ദി.

      Delete
  9. കൊച്ചുവിന്റെ സ്ഥിരം ശൈലിയിലുള്ള പോസ്റ്റാകും എന്ന് കരുതി.
    പോസ്റ്റ് കൊള്ളാം...
    തമാശയിലൂടെ കുറേ കാര്യങ്ങൾ പറഞ്ഞു.
    ഇഷ്ടം

    ReplyDelete
    Replies
    1. ഇങ്ങനെയൊരു വിഷയമായത് കൊണ്ട്, ജ്യോതീം വന്നില്ല ശൈലീം വന്നില്ല. അടുത്ത പോസ്റ്റിൽ വരാൻ പറഞ്ഞിട്ടുണ്ട്. തിരിച്ചും ഇഷ്ടം.

      Delete
  10. വിശ്വാസം എന്നത് മിക്കപ്പോഴും ദൈവം എന്ന ഹൈപോതെസിസിനു മുകളിൽ കെട്ടിയുയർത്തപ്പെട്ട ഒരുകൂട്ടം ശീലങ്ങൾ അല്ലെങ്കിൽ ആചാരങ്ങൾ ആണല്ലോ. ശാസ്ത്രം എന്നതാകട്ടെ ലഭ്യമായ അറിവുകൾ വെച്ച് ഒരുകാര്യത്തെ പരീക്ഷിച്ചുനോക്കാവുന്ന വിശദീകരണങ്ങളായും പ്രവചനങ്ങളായും ക്രമീകരിക്കുകയും അതിനൊരു വിശദീകരണം നൽകുകയും ചെയ്യുന്ന ഒരു സമ്പ്രദായവും. അതുകൊണ്ടുതന്നെ ഇതുരണ്ടും തമ്മിൽ താരതമ്യം അർഹിക്കുന്നു എന്ന് തോന്നുന്നില്ല. ദൈവമുണ്ട് എന്ന് ശാസ്ത്രം വിശ്വസിക്കുന്നില്ല. അപ്പോൾപ്പിന്നെ കേവലം വിശ്വാസപ്രമാണങ്ങൾ മാത്രം അടിസ്ഥാനമാക്കി ഉണ്ടാക്കിയ ചില ഗ്രന്ഥങ്ങളിലെ ആചാരരീതികൾ അനുസരിച്ച് പൂജകൾ അനുഷ്ഠിക്കുന്ന അമ്പലം എന്ന എസ്റ്റാബ്ലിഷ്‌മെന്റ് ഗ്രഹണ സമയത്ത് നേരത്തെ അടക്കുന്നതെന്തിന് എന്നതിൽ ശാസ്ത്രയുക്തി തിരയുന്നതിൽ കാര്യമുണ്ട് എന്നു എനിക്ക് തോന്നുന്നില്ല.

    ശാസ്ത്രത്തിന്റെ പ്രാഥമികമായ ഉദ്ദേശം വിശ്വാസത്തെ ഇല്ലാതാക്കുക എന്നതല്ലല്ലോ. അതുകൊണ്ടുതന്നെ ശാസ്ത്രം വളർന്നാൽ വിശ്വാസം പാടേ ഇല്ലാതാകും എന്ന് കരുതാനാകില്ല. അങ്ങനെയെങ്കിൽ ശാസ്ത്രപുരോഗതി നേടിയ രാജ്യങ്ങളിൽ ഇന്ന് വിശ്വാസം/ആചാരം തരിമ്പുപോലും ഉണ്ടാകില്ലല്ലോ. വിശ്വാസത്തിന്റെ തിരുത്തുകൾ പലപ്പോഴും ശാസ്ത്രത്തിന്റെ വളർച്ചയിൽ നിന്നല്ല, മറിച്ച് വിശ്വാസത്തിന്റെ അകത്തു നിന്നുകൊണ്ട് വിശ്വാസികളിലെ ഒരു വിഭാഗം നടത്തുന്ന വിപ്ലവങ്ങളിൽ നിന്നാണെന്നു കാണാം. അതുപോലെ നാളെയൊരിക്കൽ ഗ്രഹണ സമയത്ത് അമ്പലങ്ങളും, പള്ളികളുമെല്ലാം തുറന്നിടുന്നു എങ്കിൽ അത് ഇതുപോലെ വിശ്വാസികളിൽ ഒരുവിഭാഗത്തിന്റെ മാറിയ ചിന്തകളുടെ ഫലമായി ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത്. അന്നവർ പറയുന്ന ന്യായം പക്ഷെ ശാസ്ത്രം പ്രയോഗിച്ചു എന്നാകില്ല മറിച്ച് കാലത്തിനനുസരിച്ച് വിശ്വാസങ്ങളും പരിഷ്കരിക്കപ്പെട്ടു എന്നായിരിക്കുമെന്നു മാത്രം. കാരണം ശാസ്ത്രം മാത്രമാണ് ശരി എന്ന് സമ്മതിച്ചാൽ പിന്നെ വിശ്വാസത്തിന്റെ അടിത്തറ ഇളകുമല്ലോ!

    ReplyDelete
    Replies
    1. ആദ്യമേ തന്നെ, എന്റെ പോസ്റ്റ് വിലയിരുത്താൻ ഇത്രേം സമയം ചെലവഴിച്ചതിന് വളരെ നന്ദി. എന്നെങ്കിലും നേരിൽ കാണുമ്പോൾ ഒരു ചായേം കടീം ഓഫർ ചെയ്യുന്നു :)

      മഹേഷ് ഭായ് പറഞ്ഞ പോലെ, വിശ്വസത്തിൽ യുക്തിയോ ശാസ്ത്രമോ തിരയുന്നതിൽ വലിയ കാര്യം ഒന്നും ഇല്ല. പക്ഷേ, ശാസ്ത്രത്തിൽ കൊണ്ട് ചെന്ന് കെട്ടാത്ത വിശ്വാസങ്ങൾ ചുരുക്കമാണ്. കേവലം വിശ്വാസപ്രമാണങ്ങൾ മാത്രം അടിസ്ഥാനമാക്കി ഉണ്ടാക്കിയ ചില ഗ്രന്ഥങ്ങളിലെ ആചാരരീതികൾ അനുസരിച്ച് പൂജകൾ അനുഷ്ഠിക്കുന്ന ഒരു എസ്റ്റാബ്ലിഷ്‌മെന്റ് മാത്രം ആണ് അമ്പലം എന്ന് ഒരു വിശ്വാസിയും സമ്മതിച്ചു തരില്ല.

      ഒരാളുടെ വിശ്വാസം, അതെത്ര ഉടായിപ്പാണെങ്കിലും, ന്യായീകരിച്ചു വെളുപ്പിക്കാൻ അയാൾ ശ്രമിക്കുമെന്നത് സംശയം ഇല്ലാത്ത കാര്യമാണ്. വിശ്വാസം എന്നത് ദൈവം എന്ന ഹൈപോതെസിസിനു മുകളിൽ കെട്ടിയുയർത്തപ്പെട്ട ഒരുകൂട്ടം ശീലങ്ങൾ മാത്രമല്ല എന്നാണ് പറഞ്ഞു വരുന്നത്. നല്ല തോതിൽ ശാസ്ത്രത്തിൽ മുക്കി, നാസയിൽ പൊരിച്ചെടുക്കുന്ന അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഇഷ്ടം പോലെയുണ്ട് എല്ലാ മതത്തിലും. അപ്പോൾ പിന്നെ, വല്ലപ്പോഴും ചിലത് തുറന്നു കാണിക്കേണ്ടത് ആവശ്യമാണെന്ന് ഞാൻ കരുതുന്നു. ശാസ്ത്രം വളർന്നത് വലിയ തോതിൽ മതങ്ങൾക്കും വിശ്വാസങ്ങൾക്കും കോട്ടം ഏൽപ്പിച്ചിട്ടുണ്ട് എന്നാണ് എന്റെ ഒരു ഇത്.

      Delete
  11. ഈ വിഷയം എന്റെ വിഷയമല്ല, എല്ലാരുടെയും ആണ്.. പക്ഷെ.. ഇതിലേക്ക് വരാൻ താൽപര്യമില്ല..
    എഴുതിനെക്കുറിച്ചു പറയാനാണെങ്കിൽ ഒരു വിദൂഷകൻ ശൈലി എല്ലാത്തിലുമുണ്ട്.. ആക്ഷേപ ഹാസ്യത്തിന്റെ സ്വാദ് ഈ വരികൾക്ക് ഉണ്ട്.. അതിന്റെ താളമുണ്ട്.
    വിഷയത്തെ നല്ലപോലെ അവതരിപ്പിച്ചു.

    ReplyDelete
    Replies
    1. ആനന്ദിനെ കണ്ടില്ലല്ലോ എന്ന് വിചാരിച്ച് ഇരിക്കായിരുന്നു. വിഷയത്തെ കുറിച്ച് അഭിപ്രായം രേഖപ്പെടുത്താൻ താത്പര്യമില്ലാഞ്ഞിട്ടു പോലും വായന രേഖപ്പെടുത്തിയിൽ വളരെ സന്തോഷം. നന്ദി.

      Delete
  12. കൊച്ചൂ...
    പോസ്റ്റ് വായിച്ചു
    കമന്റുകൾ വായിച്ചു..
    എല്ലാം കിടു.
    പോസ്റ്റ്-സൂര്യ ഗ്രഹണം-ആ സമയത്തെ നടയടക്കൽ
    നാസ പൊരിച്ചെടുത്ത man on moon തന്നെ സത്യമാണോ എന്ന് ഇപ്പഴും ചർചിച്ചിച്ചു കൊണ്ടിരിക്കുന്നു.
    സ്റ്റീഫൻ ഹാക്കിങ് ബ്ളാക്ക് ഹോൾസ് നെ കുറിച്ചാണ് എന്നു തോന്നുന്നു
    നടത്തിയ നിരീക്ഷണങ്ങൾ തെറ്റാണ് എന്ന് തിരുത്തിയിട്ടും അധികം ആയിട്ടില്ല.

    പറഞ്ഞു വന്നത് അപ്‌ഡേഷസ്,തെറ്റുകൾ സംഭവിക്കാത്തത്,എവിടെ ആണ്??
    എത്ര മെഡിസിൻസ് മാർക്കറ്റിൽ നിന്ന് പിൻവലിക്കുകപ്പെട്ടു??
    നേരിട്ട് ബോധ്യം വരാത്ത എത്രയോ വസ്തുതകൾ ശാസ്ത്രീയ നിരീക്ഷണങ്ങളുടെ പുറത്തു മാത്രം സത്യം എന്ന് വിഷ്വസിക്കപ്പെടുന്നു??

    മതവും,അതിന്റെ സ്ഥാപനങ്ങളും(മര ചോട്ടിലെ മട്ടികല്ല് മുതൽ)
    മനുഷ്യൻ രൂപം കൊണ്ട് എത്രയോ കാലങ്ങൾക്ക് ശേഷം നിർമ്മിക്ക പെട്ടവയാണ് എന്നുള്ളത് വസ്തുതയാണ്.
    അതുൾക്കൊള്ളുന്ന ജീർണതകളെ മനസിലാക്കുകയും ചെയ്യുന്നു.
    അന്ധവിശ്വാസങ്ങളിൽ മാരകമായ മനുഷ്യദ്രോഹം ഉൾച്ചേർന്നവനൊരുപാടുണ്ട്.
    അത് വെച്ചു താരതമ്യം ചെയ്യുമ്പോൾ
    കൊച്ചു ഉന്നയിച്ച നടയട പ്രശനം
    അത്ര ജനദ്രോഹപാരമാണോ???
    വിശ്വാസങ്ങൾ...അവ അന്ധമായാലും
    അല്ലെങ്കിലും,
    ശാസ്ത്രീയമായ കണ്ടു പിടുത്തങ്ങൾ
    നല്ലതായാലും ചീത്ത ആയാലും
    സംഭവിച്ചിട്ടുള്ളത്
    മനുഷ്യന്റെ ചിന്തകളിൽ നിന്നല്ലേ??

    കൊച്ചുവിന്റെ ഉദ്ദേശശുദ്ധിയെ മാനിക്കുമ്പോൾ തന്നെ..
    ഈ പോസ്റ്റിൽ ഉപയോഗിച്ച ഭാഷക്ക്
    100% ശാസ്‌ത്രവിശ്വാസിയായ ഒരു മാടമ്പി ചുവ വന്ന പോലെ തോന്നി..

    പക്ഷെ എന്തൊക്കെ ആയാലും
    കൊച്ചുവിന്റെ എഴുത്തിന്റെ വഴക്കം അതിന്റെ ശൈലിയുടെ രസികത്വം
    പെരുത്ത് ഇഷ്ടം.
    സലാം

    ReplyDelete
    Replies
    1. ഗ്രഹണസമയത്തെ നടയടപ്പ്, ഏതൊരു സാധാരണക്കാരനും ചോദ്യം ചെയ്യാനാവും വിധം സിംപിളായ ഒരു മണ്ടത്തരമല്ലേ എന്നൊരു സിംപിൾ ചോദ്യമാണ് ഞാൻ മുന്നോട്ട് വെക്കുന്നത്. പിന്നെ, ആ നൂറു ശതമാനത്തിന്റെ കാര്യം, നൂറു ശതമാനം ശരിയാണ്. താങ്കൾക്ക് നൂറു സലാം!

      Delete
  13. പണ്ട് ചെമ്പ് കിണ്ണത്തിൽ ചാണം വെള്ളമൊഴിച്ച്
    ചന്ദ്രേട്ടൻ സൂര്യേട്ടനെ മറയ്ക്കുന്നത് കണ്ടവർ , ഇന്ന്
    ടെലസ്കോപ്പിൽ വരെ സൂര്യഗ്രഹണം കണ്ടിട്ടും അന്ധ
    വിശ്വാസത്തിന്റെ ഗ്രഹിണി വിട്ടുമാറാത്തവരോട്  രോഗം
    മാറ്റുന്ന മൂർത്തിയുടെ വെഷമം പറഞ്ഞിട്ടെന്തുട്ട് ..കാര്യം ന്റെ കൊച്ചു..!

    ReplyDelete
    Replies
    1. പറഞ്ഞിട്ട് കാര്യം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. ഇല്ലേ എന്ന് ചോദിച്ചാൽ, ചെലപ്പോ ഉണ്ടായാലോ എന്ന് വർണ്യത്തിലാശങ്ക. നന്ദി.

      Delete
  14. എന്റെ നിരാശയും അമർഷവും അറിയിക്കുന്നു.

    ReplyDelete
    Replies
    1. താങ്കൾ നിരാശനായതിലും അമർഷം രേഖപ്പെടുത്തേണ്ടി വന്നതിലും ഞാൻ നിർവ്യാജം ഖേദിക്കുന്നു. എങ്കിലും താത്വികമായ അവലോകനം നടത്താതെ, മനസിലാവുന്ന രീതിയിൽ പറഞ്ഞിരുന്നെങ്കിൽ അന്തർധാരകൾ കുറച്ചു കൂടി സജീവമാക്കാമായിരുന്നു.

      Delete
    2. ഞാൻ ഗംഭീരൻ തമാശ പോസ്റ്റ്‌ ആണ് ഉദ്ദേശിച്ചത് എന്നേ അർത്ഥം ഉള്ളൂ..

      Delete
  15. തമാശ നിറഞ്ഞ വരികളിലൂടെയും , പ്രയോഗങ്ങളിലൂടെയും , വലിയ കാര്യങ്ങൾ പറയാനുള്ള കൊച്ചു ഗോവിന്ദൻ കേഡി ശൈലിയുടെ വലിയൊരാരാധകൻ ആണ് ഞാൻ …. ആശംസകൾ ഗുരുവേ …. :)

    ReplyDelete
    Replies
    1. എന്റെ പൊന്നോ, ഒരു മട്ടൻ ബിരിയാണിയിൽ കുറഞ്ഞതൊന്നും എനിക്ക് ഓഫർ ചെയ്യുവാൻ തോന്നുന്നില്ല. സാഗർ കോട്ടപ്പുറത്തിനെ കടം കൊള്ളട്ടെ. നന്ദി ഷഹീം ഭായ് ഒരായിരം നന്ദി.

      Delete
  16. അന്ന് ഗ്രഹണ സമയത്ത് വെയില് കൊണ്ടതിന്റെ effect ആണ് ഇന്നും ഗോവിന്റെ പ്രശ്നം.

    ReplyDelete
    Replies
    1. ഇപ്പഴാണ് ഒരാളെങ്കിലും കൃത്യമായ രോഗവിശകലനം നടത്തിയത്. നന്ദി ബിപിൻ സർ.

      Delete
    2. ബിബിൻ സർ..... ഹാ------- വൂ -----

      Delete
  17. ഗ്രഹണ വെയില്‍ കൊണ്ട് ഓടുന്ന കേഡി....ആലോചിക്കാന്‍ നല്ല രസം. പിന്നെ കല്പറ്റയില്‍ ആണ് ലോകത്ത് തന്നെ ഏറ്റവും വ്യക്തമായി വലയ ഗ്രഹണംകാണാന്‍ സാധിക്കാ എന്നൊക്കെ പറഞ്ഞ് മൂചിമ്മെ കയറ്റി നമ്മള്‍ ഒരു കുന്തവും കണ്ടില്ല.

    ReplyDelete
    Replies
    1. ഗ്രഹണം കാണാൻ കഴിയാഞ്ഞത് കഷ്ടമായിപ്പോയി.

      Delete
  18. എന്റെ ചെറുപ്പത്തിൽ 1980 ലോ മറ്റോ ആണ് എന്ന് തോന്നുന്നു ഒരു സമ്പൂർണസൂര്യ ഗ്രഹണം ഉണ്ടായി.. അന്ന് അപ്പൻ ചാണക വെള്ളം കലക്കി അതിലൂടെ സൂര്യഗ്രഹണം കണ്ടത് ഓർമ്മ വന്നു.. പോസ്റ്റ്‌ ഇഷ്ടം ആയി.. ആശംസകൾ

    ReplyDelete
  19. കിടുക്കി. അവതരണം, ഭാഷ, വിഷയം എല്ലാം. അഭിനന്ദനങ്ങൾ, പ്രിയ സുഹൃത്തെ..

    ReplyDelete
  20. കുട്ടിക്കാലത്ത് സൂര്യഗ്രഹണ സമയത്ത് ചോറിന് മുകളിൽ വലിയ കരിക്കട്ട കഷ്ണങ്ങൾ ഇട്ട് വയ്ക്കുമായിരുന്നു. ഗ്രഹണ സമയം കഴിഞ്ഞ ശേഷമെ കരിക്കട്ട എടുത്ത് മാറ്റൂ. അതൊക്കെ ഓർക്കാൻ പറ്റി.

    ReplyDelete
  21. ഞാൻ ബ്ലോഗ് പോസ്റ്റിലൂടെ വായനാനുഭവം എന്നൊരു പംക്തി എഴുതുന്നുണ്ട്. അപ്പോ പറഞ്ഞു വന്നത് ആദ്യ ബ്ലോഗ് പോസ്റ്റുകൾ അതായതു വാരം ഒന്ന് വായിച്ചു വരുന്നേയുള്ളൂ. സത്യം പറയാല്ലോ കൊച്ചൂ .. ഈ ബല്യ ശാസ് ത്രോം കണ്ടുപിടുത്തോം ഒക്കെ വായിച്ചു വന്നപ്പോ ഈ പോസ്റ്റിനെ പറ്റിയൊക്കെ ഞാനെന്തേലും എഴുതി മണ്ടത്തരമായാൽ അതതിലും വല്യ മണ്ടത്തരമാവില്ലേ. അതോണ്ട് ഞാനെങ്ങും ഇവിടെ ഒന്നും പറയില്ലാട്ടോ.
    കാലം മാറ്റങ്ങൾ വരുത്തട്ടെ ... മാറ്റങ്ങൾ താനേ വന്നുകൊള്ളും കൊച്ചൂ ... എന്നെപ്പോലുള്ള പഴഞ്ചൻസിനു ഈ പഴയ ആചാരങ്ങളിൽ ചിലതു മാറണോ ... മാറിയാൽ കുഴപ്പമാവില്ലേ ഈശ്വരാ ... എന്നൊക്കെയേ ചിന്തിക്കാനറിയൂ ... എന്താ ചെയ്ക .. നാം മാറേണ്ട സമയം അതിക്രമിച്ചു. ആശംസകൾ ട്ടോ .
    ഇനിയും വരൂ കേഡിക്കാഴ്ചകളുമായി .

    ReplyDelete