Showing posts with label Childhood. Show all posts
Showing posts with label Childhood. Show all posts

Friday, 5 September 2014

രണ്ടു മിനുട്ടിൽ കവിത തയ്യാറാക്കുന്നതെങ്ങനെ?!

 നാം കണ്മുന്നിലുള്ളത് മാത്രം കാണുന്നു. എന്നാൽ നമ്മുടെ അധ്യാപകർ കാണുന്നത് നാളത്തെ നമ്മളെ തന്നെയാണ്. അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ എല്ലാ തെറ്റുകളും പൊറുക്കുക. അനുഗ്രഹിക്കുക. ജീവിതവഴികളിൽ അക്ഷരവെളിച്ചം പകർന്ന ഗുരുക്കൻമാർക്ക് മുന്നിൽ കൊച്ചു ഗോവിന്ദന്റെ പ്രണാമം.
അധ്യാപകദിന സ്പെഷ്യൽ

അഞ്ചാം ക്ലാസ്സിൽ ചേർക്കാൻ നേരം ഒന്നാം ഭാഷ ഏതു വേണമെന്ന് ക്ലെർക്ക്‌ അമ്മയോട് ചോദിച്ചപ്പോൾ, സംസ്കൃതം എന്ന് ചാടിക്കേറി പറഞ്ഞത് ഞാനാണ്. എന്തോ, സംസ്കൃതത്തോട് വല്ലാത്ത ഒരു അടുപ്പം തോന്നിയിരുന്നു എനിക്ക്. അങ്ങനെ സംസ്കൃതം പഠിക്കണം എന്നാ മോഹവുമായി ചെന്ന് കയറിയത് ഒരു കൂട്ടം സിംഹങ്ങളുടെ മുന്നിൽ. ശ്രീദേവി ടീച്ചർ, നരേന്ദ്രൻ മാഷ്, രമ ടീച്ചർ, പിന്നെ എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ രാജലക്ഷ്മി ടീച്ചർ. കേരളത്തിലെ തന്നെ ഏറ്റവും പ്രഗത്ഭരായ സംസ്കൃത ഭാഷാധ്യാപകരിൽ ചിലർ. ഇവരുടെയെല്ലാം ശിക്ഷണത്തിൽ വളരാൻ കഴിഞ്ഞതിലും സ്നേഹവാത്സല്യങ്ങൾ അനുഭവിക്കാൻ കഴിഞ്ഞതിലും ജഗദീശ്വരനോട് നന്ദി പറയുന്നു.

ഇനി കഥയിലേക്ക്..

ഏഴാം ക്ലാസ്സിലെ, ക്ലാസ്സ്‌ ലീഡർ തെരഞ്ഞെടുപ്പിൽ, മുഖ്യ എതിരാളി മോഹനകൃഷ്ണനോട് തോറ്റ് തല കുനിച്ചിരിക്കുന്ന ഒരു ഉച്ച സമയം. അല്ലെങ്കിലും, എലക്ഷന്റെ അന്ന് രാവിലെ ഒരു പാക്കറ്റ് മിഠായിയും കൊണ്ട് വന്നു പ്രലോഭിപ്പിച്ചാൽ, ഏതു ഏഴാം ക്ലാസ്സ്‌കാരനാണ് വീണുപോകാത്തത്? എന്നിട്ടും തോറ്റത് വെറും രണ്ടു വോട്ടിനാണ്. 17-15. ഏതെങ്കിലും ഒരുത്തൻ മാറ്റി കുത്തിയിരുന്നെങ്കിൽ തുല്യമാവുമായിരുന്ന സ്കോർ! പിന്നെയും ഉണ്ടായിരുന്നു സ്ഥാനാർഥികൾ. ലിബിൻ മത്തായി 9 വോട്ട്. നീതു മുരളി 5 വോട്ട്. ഇരുപതിലേറെ പെണ്‍കുട്ടികൾ ഉള്ള ക്ലാസ്സിൽ ഒരേയൊരു പെണ്‍ പ്രതിനിധിക്ക് കിട്ടിയത് വെറും 5 വോട്ട്. പ്രബുദ്ധതയാണോ? നെവെർ. മോഹനകൃഷ്ണന്റെ ഗ്ലാമറിലും എന്റെ വാചകമടിയിലും വീണുപോയ പെണ്‍മനസ്സിന്റെ ചാപല്യം! അഞ്ചിലും ആറിലും എതിരില്ലാതെയാണ് ഞാൻ ജയിച്ചത്. പഠിച്ച് പഠിച്ച് പിള്ളേർക്ക് വിവരം വെച്ചത് ഏഴാം ക്ലാസ്സിൽ എത്തിയപ്പോഴാണ്.
"കൊച്ചു ഗോവിന്ദനെ രാജലക്ഷ്മി ടീച്ചർ വിളിക്കുന്നു". ആരോ പറഞ്ഞു.

അഞ്ചാം ക്ലാസിലെ ഞങ്ങളുടെ ക്ലാസ് ടീച്ചർ. ഞങ്ങളുടെ സംസ്കൃതം അധ്യാപിക. പുതിയ സ്കൂളിന്റെ പരിഭ്രമങ്ങളിലേക്ക് കരഞ്ഞു കൊണ്ട് കടന്നു വന്ന ഒരു പത്തു വയസ്സുകാരനെ, കാലിടറാതെ, കൈ പിടിച്ചു നടത്തിയ എന്റെ പ്രിയപ്പെട്ട രാജലക്ഷ്മി ടീച്ചർ.
"തോറ്റു അല്ലേ?"
"അതെ"
"സാരമില്ല." ടീച്ചറുടെ കണ്ണിൽ വാത്സല്യം. "ഇക്കൊല്ലം അതിനേക്കാൾ പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഉണ്ട്. യുവജനോത്സവത്തിൽ പങ്കെടുക്കണം." കൂടൽമാണിക്യം ക്ഷേത്രത്തിൽ കതിനകൾ മുഴങ്ങി. ഉച്ചപ്പൂജ കഴിഞ്ഞ് നട തുറന്നിട്ടുണ്ടാകും. "രചനാമൽസരങ്ങൾക്ക് പേര് ഞാൻ കൊടുത്തോളാം. കൊച്ചു ഗോവിന്ദൻ വന്നെഴുതിയാൽ മാത്രം മതി."

പക്ഷേ പ്രശ്നം ഗുരുതരമാണ്. രചനാ മത്സരങ്ങൾ എന്ന് പറയുമ്പോൾ, കവിത, കഥ, ഉപന്യാസം മുതലായ ഇനങ്ങൾ ആണ് ടീച്ചർ ഉദ്ദേശിക്കുന്നത്. നാറാണത്ത് ഭ്രാന്തനും മാമ്പഴവും കുറച്ചു വരികൾ കാണാപ്പാഠം അറിയാം എന്നല്ലാതെ കവിതകൾ വായിച്ചോ, എഴുതിയോ ഒരു ഐഡിയയോ വോഡാഫോണോ  ഇല്ല. ഇതൊന്നും പോരാതെ സംസ്കൃതം കവിത എന്ന് പറയുമ്പോൾ...!
'വിട്ടു കള, പെട്ടത് പെട്ടു' എന്നോർത്ത് ഞാൻ ക്ലാസ്സിൽ തിരിച്ചെത്തി, മോഹനകൃഷ്ണൻ തന്ന മിഠായിയും കഴിച്ച് ക്ലാസിലെ കലപിലകളിലേക്ക് മടങ്ങി. പിന്നീട് ഏതോ ദിവസം യുവജനോത്സവത്തിന്റെ തീയതി അറിയിച്ചു കൊണ്ട് നോട്ടീസും വന്നു.

 അങ്ങനെയിരിക്കേ ഒരു ദിവസം എനിക്ക് കലശലായ പനി. എന്ത് അസുഖം വന്നാലും ക്ലാസ്സിൽ പോകാൻ നിർബന്ധം പിടിക്കുന്ന ഒരു പഠിപ്പിസ്റ്റ് ആയിരുന്നു ഞാൻ (അന്ന് അങ്ങനെയൊക്കെ സംഭവിച്ചു പോയി)! പക്ഷെ ഈ പനിയിൽ ഞാൻ ശരിക്കും തളർന്നു. രണ്ടു ദിവസം എഴുന്നേല്ക്കാൻ പോലും പറ്റിയില്ല. രണ്ടാമത്തെ ദിവസം വൈകീട്ട് പടിഞ്ഞാറേലെ സുശീല വല്യമ്മയുടെ വീട്ടിലേക്ക് ഒരു ഫോണ്‍കോൾ. അന്ന് ഞങ്ങളുടെ പരിസരത്ത് ലാൻഡ്‌ ഫോണ്‍ ഉള്ള ഒരേയൊരു വീട് അതാണ്‌. പരിസരത്തെ എല്ലാവരുടെയും കോണ്ടാക്റ്റ് നമ്പർ അവിടുത്തേതും. സ്കൂളിൽ നിന്നാണ്. കൊച്ചു ഗോവിന്ദൻ വരാത്തത് കൊണ്ട് രചനാ മത്സരങ്ങൾ നടത്തിയിട്ടില്ല. നാളെ എന്തായാലും വരാൻ പറയണം. ഇതാണ് കോളിന്റെ ഉള്ളടക്കം.

ഞാൻ ഞെട്ടിയില്ല! ഒരു തരം നിസ്സംഗതയാണ് തോന്നിയത്. ഞാൻ വന്നിട്ട് എന്ത് ചെയ്യാൻ എന്ന മനോഭാവം. പിറ്റേന്ന് പോയി. രാജലക്ഷ്മി ടീച്ചർ രോഗവിവരം തിരക്കി. എന്നിട്ട് ഒരു മുറി ചൂണ്ടി കാണിച്ചിട്ട് അവിടെ പോയി ഇരുന്നോളാൻ പറഞ്ഞു. സംസ്കൃതം കവിതാ രചനയാണ്. എന്റെ ക്ലാസ്സിലെയും മറ്റു ക്ലാസ്സുകളിലെയും കുട്ടിക്കവികൾ നേരത്തെ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. വിഷയം തന്നു.
സൂര്യോദയം!

സുന്ദര ദൃശ്യം സൂര്യോദയം!
അനുപമ ദൃശ്യം സൂര്യോദയം!
മോഹന ദൃശ്യം സൂര്യോദയം!
സുന്ദര ദൃശ്യം സൂര്യോദയം!

വരികൾ ഇപ്പോഴും കൃത്യമായി ഞാൻ ഓർക്കുന്നു. എന്റെ ജീവിതത്തിലെ ആദ്യത്തെ കവിത. ഏറ്റവും വേഗത്തിൽ എഴുതി തീർത്ത കവിത. സൂര്യോദയം! എല്ലാം വളരെ പെട്ടെന്നായിരുന്നു. രണ്ടു മിനിറ്റിനുള്ളിൽ സംഗതി കഴിഞ്ഞു.   കാരണം മറ്റൊന്നുമല്ല. ഞാൻ കുറെ ഇരുന്നു ആലോചിച്ചാലും ഒരു ചുക്കും കുരുമുളകും ഭാവനയിൽ വിരിയില്ലെന്നു എനിക്ക് ഉറപ്പുണ്ടായിരുന്നു. പിന്നെ മിക്കവാറും മലയാളം പദങ്ങൾ സംസ്കൃതത്തിൽ നിന്ന് ഉത്ഭവിച്ചതായത് കൊണ്ട് എഴുതി വച്ച വാക്കുകൾ സംസ്കൃതമാവാൻ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നി. അത്ര തന്നെ! അങ്ങനെ വെറും നാലേ നാല് വാക്കുകളിൽ നാല് വരികളും എഴുതി ഞാൻ ഇറങ്ങി.

 കഥയുടെ ബാക്കി ഇങ്ങനെ ചുരുക്കാം. ആ വർഷം ഇരിഞ്ഞാലക്കുട സബ്ജില്ലാ യുവജനോത്സത്തിൽ സംസ്കൃതം കവിതയ്ക്ക് ഒന്നാം സമ്മാനം. ജില്ലാ യുവജനോത്സവത്തിൽ ഒന്നാം സമ്മാനം. പിന്നീടങ്ങോട്ട് വിവിധ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ. പത്തില്‍ പഠിക്കുമ്പോൾ ഇരിഞ്ഞാലക്കുട സബ് ജില്ലാ യുവജനോത്സവത്തിൽ മലയാളം കവിതയ്ക്കും സംസ്കൃതം കവിതയ്ക്കും ഒരുമിച്ച് ഒന്നാം സ്ഥാനം. എന്തിനേറെ, 2005ൽ മലപ്പുറം ജില്ലയിലെ തിരൂരിൽ വച്ച് നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ സംസ്കൃതം കവിതയ്ക്കും ഉപന്യാസത്തിനും ഒന്നാം സ്ഥാനം. ഇതിന്റെയെല്ലാം തുടക്കം സുന്ദരദൃശ്യം സൂര്യോദയത്തിൽ നിന്നും.

അറിവും കഴിവുമുള്ള നിരവധി കുട്ടികൾക്കിടയിൽ നിന്നും കവിതയുടെ ഏ ബീ സീ ഡി അറിയാത്ത ഞാൻ എങ്ങനെ?
ഗുരുകൃപ എന്നാണുത്തരം.
പക്ഷേ, മുമ്പ് ഒരു വരി കവിത പോലും എഴുതാത്ത എനിക്ക് വേണ്ടി മത്സരങ്ങൾ മാറ്റി വയ്ക്കാൻ ടീച്ചറെ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു? അതോർത്ത് ഞാൻ ഇന്നും  അത്ഭുതപ്പെട്ടുകൊണ്ടേയിരിക്കുന്നു...


Wednesday, 27 August 2014

ഓർമപ്പുഴയിലെ ഓളങ്ങൾ...

 ചിലപ്പോൾ നാം പോലുമറിയാതെ ചുണ്ടിൽ  ഒരു നനുത്ത പുഞ്ചിരി സമ്മാനിച്ചു കൊണ്ട് ഓർമ്മകൾ കടന്നു വരും. എത്ര ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും കുറച്ചു നേരം നാം ആ നല്ല ഓർമകളിൽ ജീവിക്കും. ഓർമ്മകൾ ബാല്യത്തെ കുറിച്ചാണെങ്കിൽ കണ്ണിൽ ഒരു നഷ്ടബോധത്തിന്റെ നോവ്‌ കൂടി മിന്നിമറയും. എന്റെ മനസ്സിന്റെ തിരശീലയിൽ ബാല്യത്തിന്റെ വർണവളപ്പൊട്ടുകൾ കൊണ്ട് കോറിയിട്ട ചില കുഞ്ഞു ചിത്രങ്ങൾ... സംഗതിയോ, വൃത്തമോ, താളമോ ഇല്ലാത്ത, കുട്ടിക്കാലത്തിന്റെ, നിഷ്കളങ്കതയുടെ, സന്തോഷത്തിന്റെ ആ നല്ല നാളുകളുടെ ചില നോവോർമകൾ... ഓർമപ്പുഴയിലെ ഓളങ്ങൾ...

എത്താറുണ്ടെന്റെ ഹൃദയത്തിലൊരു കുഞ്ഞു-
പന്തായുരുണ്ടൊരുപാടോർമകൾ...
മറവിതൻ പച്ചപ്പട്ട ബാറ്റിനാ-
ലടിച്ചതിർത്തി കടത്താൻ ശ്രമിക്കവേ,
ഹൃദയത്തെ ക്ലീൻ ബൌൾഡാക്കു-
മൊരു നൂറു നോവോർമകൾ.

ജീവിതത്തോണിയും തുഴ-
ഞ്ഞൊരു കരയെത്തേടിയലയുമ്പോൾ,
പിന്നിലുപേക്ഷിച്ചിട്ടുമെന്നെ-
പ്പിരിയാതെ പിന്തുടരുമോർമകൾ...

മനസ്സിലൊരു ചുടുചോരച്ചാൽ  കീറി-
യൊഴുകാൻ കരുത്തുമായ്,
 ജീവിതച്ചില്ലലമാരയിലെയനുഭവശേഖരത്തിലു-
ണ്ടേറെയധ്യായങ്ങൾ പക്ഷേ,
 ഈരിഴത്തോർത്തിൽ കുരുക്കിയ മീനെപ്പോൽ
പിടയുന്നതെല്ലാമെൻ ബാല്യകാലത്തിന്റെ നന്മകൾ...


കാറ്റിലിറയത്തൊരു   നേർത്ത
ചാറ്റൽ മഴതൻ കുളിരു പടരവേ
ഓർമതൻ ഓടാമ്പൽ തുറന്നോടി പോകയാ-
ണൊരു കൊച്ചുകുട്ടിയെ പോലെൻ മനം.
ഈറൻ കാറ്റിലൊരിളം തിണ്ണയിൽ
കവിൾ  ചേർത്തപോൽ കണ്ണടച്ചു ഞാൻ...

 കണ്‍കോണിലിന്നും തിളക്കം തീർക്കുന്നതൊരു-
വിഷുപ്പുലരിയിലമ്മ നല്കിയ നാണയത്തുട്ടുകൾ...
കനവായ് തോന്നിയതൊരു പൂനിലാവിൽ
പാടത്തെ നെല്ലോലകൾ തീർക്കും അലകൾ...

 ഉള്ളിലുറങ്ങുമാ കുഞ്ഞുപൈതലിൻ
നൈർമല്യമൊരുമാത്ര വീണ്ടും നിറയ്ക്കുവാൻ
കലപിലകൂട്ടിക്കവിടിക-
ളൊരു നൂറു വർണഗോലികൾപ്പിന്നെ-
യത്തിയും കൊത്തങ്കല്ലുമൊരുപാട്
തീപ്പെട്ടിപ്പടങ്ങളുമെൻ വർണപ്പമ്പരവും...


 ഒരു മഴത്തുള്ളി പേറും കുളിരും പ്രതീക്ഷയും,
തൊടിയിലെപ്പൈക്കിടാവിൻ കരച്ചിലും,
നനവാർന്ന പുതുമണ്ണിൻ ഗന്ധവു-
മൊരു മയിൽപ്പീലിതൻ നിറമാർന്ന തുണ്ടും
തെളിനീരോർമ പേറും സ്ഫടിക-
പ്പാത്രത്തിൽ നിറയവേ,
ഓർമപ്പുഴയിലോളങ്ങൾ തീർക്കുവാൻ
ഇനിയുമെത്രയോ ബാല്യത്തുടിപ്പുകൾ...

ടയറുരുട്ടി നടന്ന വഴിയിലെ
പേരറിയാത്ത വേലിപ്പഴങ്ങളും
ഊയലാടിയ നാട്ടുമാങ്കൊമ്പും
ഏറുപന്തിന്റെ നോവുന്ന വീറും
നീന്തിത്തുടിച്ച പെരുമഴക്കാലവും
പൊങ്ങുചങ്ങാടവും കുട്ടിയും കോലും
കള്ളനും പോലീസുമെൻ കളിത്തോഴരും
കണ്ണുപൊത്തിക്കളിക്കുന്നു ചുറ്റും...

മകരമഞ്ഞിന്റെ കുളിരോലുമോർമകൾ
മനസ്സിലെപ്പോഴുമോഴുകിയെത്തീടവേ,
ഈറൻ കാറ്റിലൊരിളം തിണ്ണയിൽ
കവിൾ  ചേർത്തപോൽ കണ്ണടച്ചു ഞാൻ...

ഈ മരുഭൂവിലെ പുകയുന്ന കാറ്റിൽ 
വർത്തമാനത്തിന്റെ നേരിലേക്കുണരുവാൻ...

Monday, 25 August 2014

കൊച്ചുഗോവിന്ദചരിതം


ഹരിശ്രീ ഗണപതയേ നമ: | അവിഘ്നമസ്തു |
ഇതൊരു കേഡിയുടെ കഥയാണ്. നാലാളെ തല്ലി പോലീസ് സ്റ്റേഷനിൽ കയറി സമ്പാദിച്ച ഇരട്ടപ്പേരല്ല. ജനിച്ചപ്പോൾ മുതൽ കേഡി ആയിത്തീർന്ന ഒരാളുടെ കഥ. ഒരു അഞ്ചടി നാലേ കാലിഞ്ച് പൊക്കം. ഒരു പത്ത് അമ്പത്തെട്ടു കിലോ തൂക്കം. മാൻപേടയെ പോലെ നീളമുള്ള കണ്ണുകൾ ഉണ്ടാവാൻ അമ്മ നീട്ടി ഉഴിഞ്ഞ് ഉഴിഞ്ഞ് കുഴിഞ്ഞു പോയ കണ്ണുകൾ.  പിന്നെ കാറ്റടിച്ചാലും  ഉറങ്ങി എഴുന്നേറ്റാലും കുളിച്ചാലും ഇല്ലെങ്കിലും ആരെയും കൂസാതെ സ്വന്തം ഇഷ്ടപ്രകാരം വളഞ്ഞും പിരിഞ്ഞും ഇരിക്കുന്ന തന്റേടിയായ തലമുടി. കണ്ടോ, മുടി പോലും കേഡിയെ പോലെയാണ് പെരുമാറ്റം. പറഞ്ഞു പറഞ്ഞു വന്നപ്പോൾ ദാ  കിടക്കുന്നു ഉമ്മറത്ത് കാലും നീട്ടി ഒരാൾ .
"ആരാ?"
"ചോദ്യം"
"ആര്?"
"ഡോ, അത് തന്നെയാ പച്ച മലയാളത്തിൽ പറഞ്ഞത്. ചോദ്യമാണെടാ ചോദ്യം!
ആരാണീ കേഡി?          Who is KD?          केडी कौन है?"
ശ്ശെടാ! ഇത് നല്ല ചോദ്യം! അത് ഞാൻ ആകുന്നു. That is ഞാൻ! केडी ഞാൻ है हूं ഹോ!
മുടി ചൂടിയും ചൂടാതെയും മന്നന്മാരും മന്നത്തികളും വാഴുന്ന  ഈ ബൂലോഗത്ത്, എന്റെ ആദ്യ പോസ്റ്റിൽ തന്നെ നാട്ടുകാരെയോ വീട്ടുകാരെയോ പ്രതിഷ്ഠിക്കാൻ ഞാൻ അത്ര വിശാലമനസ്കനോ പോങ്ങനോ ഒന്നും അല്ല ഹേ! നിങ്ങൾ അന്വേഷിച്ചു നടക്കുന്ന കേഡി ഇതെഴുതുന്ന ഞാൻ തന്നെയാണ്. സാക്ഷാൽ കൂനാക്കംപുള്ളി ഗോവിന്ദന്റെ കൊച്ചു മകനും കൂനാക്കംപുള്ളി ധർമന്റെ മകനും ആയ ഞാൻ!
"സ്ഥലം?"
"ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് എടക്കുളം എന്ന (കു)ഗ്രാമം!"
"ശരി. എന്താ ഉദ്ദേശം?"
"നിങ്ങളൊക്കെ എന്റെ പിതാശ്രീയെയും പിതാമഹനെയും വിളിക്കുന്നതിനു മുൻപ് കൊച്ചുഗോവിന്ദചരിതം പറയണം എന്നാണു ഉദ്ദേശം."
പറഞ്ഞിട്ട് വേഗം പൊക്കോണം എന്നും പറഞ്ഞു ചോദ്യം കാലും വലിച്ചെടുത്തു പോയി. എന്നാ പിന്നെ നമുക്ക് അകത്തേക്ക് കടക്കാം, എന്താ?

ജനിച്ചു തൊണ്ണൂറു ദിവസം ഒരു പേര് പോലും ഇല്ലാതെ കണ്ണും മിഴിച്ചു മലര്ന്നു കിടന്ന എന്റെ ചെവിയിലേക്ക് തളിര് വെറ്റില ചേർത്ത് പിടിച്ച് അച്ഛൻ വിളിച്ചു..." ഗോവിന്ദൻ, ഗോവിന്ദൻ, ഗോവിന്ദൻ". ന്യായം. തികച്ചും ന്യായം. മുത്തച്ഛന്റെ പേര് വിളിച്ച് ചടങ്ങ് നടത്തുന്നത് നാട്ടു നടപ്പാണ്. ഞാൻ ഒന്നും മിണ്ടാൻ പോയില്ല. ചുമ്മാ കിടന്നു പല്ലില്ലാത്ത മോണ  കാട്ടി നന്നായി ഒന്ന് ചിരിച്ചു. എന്റെ കുഴിഞ്ഞ കണ്ണുകൾ തിളങ്ങി. അതോടെ വീട്ടുകാരും നാട്ടുകാരും ഒന്നു തീരുമാനിച്ചു. ഇവന് ഇനി ടിപ്പിക്കൽ വിളിപ്പേരുകളായ കണ്ണൻ, കോപ്പൻ, ഉണ്ണി, കുഞ്ഞൻ, കുട്ടൻ മുതലാദി പേരുകളൊന്നും നഹി ചാഹിയേ! അവിടെയായിരുന്നു ടേണിംഗ് പോയിന്റ്‌! തെക്കേ വീട്ടിലെ സാഹിൽ കൊച്ചു ഭാസ്കരൻ  ആയില്ല. പടിഞ്ഞാറേലെ ശ്രീഹരി കൊച്ചു കുമാരൻ ആയില്ല. വടക്കേലെ വിവിൻ കൊച്ചു മാണി ആയില്ല. പക്ഷെ ഞാൻ ആയി! എന്ത്? എന്റെ നിഷ്കളങ്കമായ ചിരി കണ്ട് എല്ലാവരും ഉച്ചൈസ്തരം ഉദ്ഘോഷിച്ചു. എന്ന് വച്ചാൽ ആ ഉച്ച നേരത്ത് വിളിച്ചു കൂവി. " ഇനി മുതൽ ഇവൻ  കൊച്ചു ഗോവിന്ദൻ ആണ്. നമ്മുടെ സ്വന്തം കൊച്ചോവി!"



"What?!               എന്ത്?!                  क्या?!"
കുഛ് നഹീ! വ്യാകരണം ആണ് മാഷേ, വ്യാകരണം!
കൊച്ചു ഗോവിന്ദൻ ലോപിച്ച് കൊച്ചു ഗോവി ആയി. പിന്നെ അതും ലോപി ലോപി കൊച്ചോവി ആയി. ദാറ്റ്സ് ഓൾ! എന്ത് നല്ല കുഗ്രാമീണത്തനിമയുള്ള പേര്! കേട്ടവർ കേട്ടവർ കോൾമയിർ (അത് തന്നെ!) കൊണ്ടു! അവസാനം ഞാൻ വ്യാകരണം ഒക്കെ പഠിച്ച് A+ ഉം വാങ്ങി വന്നപ്പോഴേക്കും പേരിന്റെ കാര്യം ഗുദാ ഹവ! എടക്കുളത്ത് വന്ന് എന്റെ യഥാർത്ഥ പേരിൽ വീട് ചോദിച്ചാൽ എറണാകുളം ചൂണ്ടിക്കാണിക്കുന്ന അവസ്ഥയിലായി എന്റെ BIS Hallmark 916 പേര്! പക്ഷെ സന്ധിയും സമാസവും പ്രയാസവും സമാസമം വരാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നൊള്ളൂ!

എന്റെ അച്ഛമ്മ മാത്രം മരിക്കുന്നത് വരെ എന്നെ കൊച്ചേ  എന്നോ കൊച്ചു ഗോവിന്ദൻ എന്നോ മാത്രം വിളിച്ചു. പ്രിയതമന്റെ പേര് ലോപിപ്പിച്ചു കുളമാക്കാൻ തോന്നിയിട്ടുണ്ടാവില്ല പാവത്തിന്... മൂത്ത അമ്മായി എന്നെ കൊച്ചോവിന്നൻ എന്ന് വിളിച്ചു. ഓക്കേ, അഡ്ജസ്റ്റബിൾ! അമ്മായിയുടെ മകൾ അതായത് എന്റെ മുറപ്പെണ്ണ്, കൊച്ചു ഗോവി പരിഷ്കരിച്ച് കൊച്ചു ഗോപി എന്നാക്കി. പിന്നെ ഗോപി എന്ന് മാത്രം ആക്കി. ഗോവിന്ദന്റെ  കാര്യം ഗോപി!
രണ്ടാമത്തെ അമ്മായിയും മക്കളും എന്നെ വെറുതെ വിട്ടു. കൊച്ചു ഗോവിന്ദാ... എന്ന് നീട്ടി വിളിച്ചു. മൂന്നാമത്തെ അമ്മായിക്ക് ഞാൻ കുഞ്ഞുണ്ണിയും നാലാമത്തെ അമ്മായിക്ക് ഞാൻ കൊച്ചുണ്ണിയും ആയി. അങ്ങനെ പേര് വിളിയുടെ അന്ന് പായസവും കുടിച്ചു മടങ്ങിപ്പോയ കുഞ്ഞനും ഉണ്ണിയും ഒക്കെ ഫാൻസി ഡ്രെസ്സും ഇട്ടു മടങ്ങിയെത്തി!

അമ്മായിമാരുടെ വീടുകളിൽ അവധിക്കാലത്ത്‌ പാർക്കാൻ  ചെല്ലുമ്പോൾ അവരുടെ അയൽക്കാർക്ക് എന്നെ കൊച്ചോവിയെന്നും കുഞ്ഞുണ്ണിയെന്നും ഒക്കെ പരിചയപ്പെടുത്തി. പിന്നെ അവിടങ്ങളിലെ വ്യാകരണ മഞ്ജരിയുടെ സഹായത്തോടെ അന്നാട്ടുകാർ എന്നെ കൊച്ചാവയെന്നും കുഞ്ഞാവയെന്നും ഒക്കെ വിളിക്കാൻ തുടങ്ങി. പേര് വിളിയുടെ അന്നത്തെ പോലെ ഞാൻ പിന്നേം പല്ലിളിച്ചു ചിരിച്ചു. പിന്നെ വളർന്നു വളർന്നു എടക്കുളത്ത് സ്ഥലം പോര എന്ന് തോന്നിയപ്പോ വിധി എന്നെ ജനശതാബ്ദിയിൽ കയറ്റി  തിരോന്തോരത്ത് എത്തിച്ചു. നാല് വർഷം കഴിഞ്ഞ് ജെറ്റ് എയർവയ്സിൽ കയറ്റി ഷാർജയിലേക്ക് വിട്ടു. കഴിഞ്ഞ വെക്കേഷന് നാട്ടിൽ പോയപ്പോൾ ഇളയ അമ്മായിയുടെ വീടിനടുത്തുള്ള ഒരു വല്യമ്മയെ കണ്ടു. ഒക്കത്ത് ഒരു കുട്ടിയേയും എടുത്ത് നടന്നു വരികയാണ് കക്ഷി. എന്നെ കണ്ടപ്പോൾ ചിരിച്ചു. എന്നിട്ട് പറഞ്ഞു, "ഇതെന്റെ മോൾടെ  മോളാ. മോന്റെ വിളിപ്പേര് തന്നെയാ ഇവൾക്കും". ഞാൻ കോൾ________ കൊണ്ടു. എന്നിട്ട് ചോദിച്ചു, " എന്താ വാവേടെ പേര്?"
"കുഞ്ഞാറ്റ!"
എന്റെ ഗോവിന്ദനപ്പൂപ്പാ!!! കൊച്ചു ഗോവിന്ദൻ എന്ന സ്റ്റൈലൻ പേരിനെ കുഞ്ഞാറ്റയാക്കിത്തീർത്ത വാമൊഴി വഴക്കത്തിന്റെ ശക്തിയെ ഞാൻ നമിച്ചു പോയി!
കൊച്ചുഗോവിന്ദചരിതം സമ്പൂർണ്ണം!
നിങ്ങളുടെ കൊച്ചു കൊച്ചു പ്രോത്സാഹനങ്ങളും വിമർശനങ്ങളും നിർദേശങ്ങളും എനിക്ക് ഏറെ വിലപ്പെട്ടതാണ്‌... തരില്ലേ?