Monday 15 September 2014

ബാർട്ടണ്‍കുന്നിലെ വിസ്മയം!

കേഡി പ്രകാരമുള്ള മുന്നറിയിപ്പ്: ഈ കഥയ്ക്ക് എന്റെ ഏതെങ്കിലും കൂട്ടുകാരന്റെ ജീവിതവുമായി വല്ല ബന്ധവും തോന്നുകയാണെങ്കിൽ അത് തികച്ചും സത്യമാവാനേ തരമുള്ളൂ!

ആറേഴു വർഷം മുമ്പാണ്. കൃത്യമായി പറഞ്ഞാൽ 2007 ഓഗസ്റ്റ്‌ മാസത്തിലെ മഴ മാറി നിന്ന ഒരു പുലരി. ഓട്ടോ പി എം ജി ജങ്ങ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു...
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കയറിതാണ് ആ മുത്തച്ഛനും കൊച്ചു മകനും. മലബാറിൽ നിന്നും ശ്രീ പദ്മനാഭന്റെ നാട്ടിൽ എഞ്ചിനീയറിംഗ് പഠിക്കാൻ വന്ന കുട്ടിയും, രക്ഷിതാവായി കൂടെ വന്ന മുത്തച്ഛനും. കണ്ണൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും രണ്ടാമത്തെ അല്ലോട്മെന്റിൽ ഹയർ ഓപ്ഷൻ കിട്ടി വന്നതാണ് അവർ. ഡ്രൈവറോട് ഗവ. എഞ്ചിനീയറിംഗ് കോളേജിലേക്ക് വിടാൻ പറഞ്ഞു. തിരുവനന്തപുരം സിറ്റിയോട് ചേർന്ന് തന്നെയാണ് കോളേജ് എന്ന് അന്വേഷിച്ച് അറിഞ്ഞിരുന്നു. ഒരർത്ഥത്തിൽ സിറ്റിയുടെ ഉള്ളിൽ തന്നെ. പക്ഷെ നമ്മുടെ ഡ്രൈവർ അര മണിക്കൂറിൽ ഏറെയായി ഓട്ടം തുടങ്ങിയിട്ട്. സെക്രട്ടേറിയറ്റ് കണ്ടു, കേരള സർവകലാശാലയുടെ ആസ്ഥാനം കണ്ടു. പാളയം രക്തസാക്ഷി മണ്ഡപം കണ്ടു. മുസ്ലിം പള്ളിയും ക്രിസ്ത്യൻ പള്ളിയും കണ്ടു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം കണ്ടു, കേരള നിയമസഭ  കണ്ടു. പക്ഷേ കാണേണ്ടത് മാത്രം കണ്ടില്ല! പി.എം.ജി വഴി, പട്ടം, കേശവദാസപുരം അവിടുന്ന് ലെഫ്റ്റ് എടുത്ത് നേരെ ഉള്ളൂർ, അവിടുന്ന് റൈറ്റ് എടുത്ത് ശ്രീകാര്യം കടന്നു ചാവടിമുക്കിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കുറച്ചു ദൂരം ഓടി വണ്ടി നിന്നു.
"ഇതാണ് കോളേജ്". ഡ്രൈവർ പറഞ്ഞു. യാത്രക്കാർ ഇറങ്ങി. വിടർന്ന കണ്ണുകളോടെ നോക്കി. അതാ തലയെടുപ്പോടെ നില്ക്കുന്നു ഗവ. എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൻഹിൽ. കാറ്റാടി മരങ്ങൾ തണൽ വിരിക്കുന്ന വിശാലമായ ക്യാമ്പസ്‌. നീണ്ടു പരന്നു കിടക്കുന്ന കെട്ടിടങ്ങൾ. കണ്ണുകളിൽ സ്വപ്നം നിറച്ച് ഊർജ്ജസ്വലരായി നടന്നു നീങ്ങുന്ന നൂറു കണക്കിന് കുട്ടികൾ. നാളത്തെ നാടിനെ പണിതുയർത്തേണ്ടവർ.
പ്രഭാതസൂര്യന്റെ പൊൻകിരണങ്ങൾ ആ മുത്തച്ഛന്റെ പ്രതീക്ഷകളിൽ സ്വർണം കോരിയൊഴിച്ചു. തനിക്ക് കൈ വന്ന സൗഭാഗ്യം ഓർത്ത് ആ കൊച്ചുമകൻ അഭിമാനത്തോടെ തലയുയർത്തി. അപ്പോഴാണ്‌ ആ ബോർഡ് കണ്ടത്. "കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം"! അവൻ ഓട്ടോ ഡ്രൈവറോട് ചോദിച്ചു, "ഇത് തന്നെയല്ലേ, ബാർട്ടണ്‍ഹിൽ?"
"എന്തര് ഹില്ലാണാ പുല്ലാണാ എന്തോ? എഞ്ചിനീരിം കാളേജ് ഇത് തന്നേടേ!"  കൊക്കെത്ര കുളം കണ്ടതാ എന്ന ഭാവത്തിൽ ആ കൊക്ക് മറുപടി കൊടുത്തു.
എങ്കിലും ഒന്നുറപ്പിക്കാൻ അവൻ സെക്യൂരിറ്റിയുടെ അടുത്തേക്ക് നടന്നു. "ചേട്ടാ, ഈ ബാർട്ടണ്‍ഹിൽ?" കിണറ്റിൽ വീണ പൂച്ചയെ നോക്കുന്ന പോലെ സെക്യൂരിറ്റി ദയയോടെ ഒന്ന് നോക്കി. "വന്ന വഴി നേരെ തിരിച്ചു പോവുക. പി എം ജി യിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് നേരെ. ലോ കോളേജ് കഴിഞ്ഞു കുറച്ചു കൂടി പോയാൽ എത്തി." തിരിച്ചു പോകുമ്പോൾ ഓട്ടോക്കാരന്റെ മുഖം മ്ലാനമായിരുന്നു. താനറിയാത്ത ഏത് കോളേജ് ആണ് തിരുവനന്തപുരത്ത്?
ഓട്ടോ പി എം ജി. ജങ്ങ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞു...

നേരത്തെ കണ്ട കോളേജിന്റെ സ്വപ്നങ്ങളിൽ ലയിച്ച് അവൻ ഇരുന്നു. കുട്ടിയുടെ സ്വപ്നങ്ങളും യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം ഓർത്ത് കേരള നിയമസഭയ്ക്ക് തൊട്ടടുത്തുള്ള കോവിലിലെ ഹനുമാൻ ചിരിച്ചു! ഇടതു വശത്ത് വിജിലെൻസ് ഓഫീസറുടെ കാര്യാലയവും, വലത് വശത്ത് വികാസ് ഭവൻ ബസ്‌ ഡിപ്പോയും കടന്ന് വണ്ടി നീങ്ങി. റോട്ടിലെ തിരക്ക് കുറഞ്ഞു വന്നു. ഇപ്പോൾ  പോലീസ് സൂപ്രണ്ടിന്റെ ഓഫീസ് നിലകൊള്ളുന്ന സ്ഥലം അന്ന് വെറും കാടായിരുന്നു. ലോ കോളേജ് കഴിഞ്ഞതോടെ റോഡ്‌ വിജനമായി. ഇരുവശത്തും ഓടിട്ടതും ഓലമേഞ്ഞതുമായ കുറച്ച് വീടുകൾ. വഴി തെറ്റിയോ എന്ന് മൂവരും സംശയിച്ചു. കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ കണ്ടു, ഇടത് വശത്തായി കുറച്ചു ദൂരെ ഒരു ബോർഡ്‌. "ഗവ. എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടണ്‍ഹിൽ". ഗേറ്റിനു മുന്നിൽ ഓട്ടോ നിന്നു. 'തള്ളേ! ഇതെന്തെര് കാളേജ്?' എന്ന് ഓട്ടോക്കാരൻ ആത്മഗതം ചെയ്തു.

പായൽ പറ്റി നിറം മങ്ങിയ ഒരു മതിൽ. നരച്ച പെയിന്റുമായി തുറന്നു കിടക്കുന്ന ഗേറ്റ്. കുറച്ചകലെ ഓടുമേഞ്ഞ ഒരു കെട്ടിടം. അതിനു മുന്നിൽ നിർത്തിയിട്ടിരിക്കുന്ന ഏതാനും ബൈക്കുകളും കാറുകളും. വലതു വശത്തുള്ള ബസ്‌ ഷെഡിനു സമീപം മയങ്ങുന്ന മൂന്ന് പട്ടികൾ. ഗേറ്റിനു അരികിലായി ഒരു മഞ്ചാടി മരം. 'ഓട്ടോക്കാരന് വഴി തെറ്റിയതാവണേ എന്റെ ഗുരുവായൂരപ്പാ' എന്ന പ്രാർഥനയോടെ കുട്ടി മുകളിലേക്ക് ഒന്ന് കൂടി നോക്കി. പക്ഷേ, അന്ന് ഗുരുവായൂരപ്പന് ജലദോഷമായിരുന്നു! മഞ്ഞ പ്രതലത്തിൽ എഴുതിയ കറുത്ത അക്ഷരങ്ങൾ, ഗോഡ് ഫാതറിലെ അഞ്ഞൂറാനെ പോലെ ഉറക്കെ വിളിച്ചു പറഞ്ഞു. കേറി വാടാ മക്കളേ... കേറി വാ! ഇത് തന്നെയാണ് 'GOVT. ENGINEERING COLLEGE BARTONHILL, TVPM.'
കുറച്ചു മുമ്പ് കണ്ട കാറ്റാടി മരങ്ങൾ യാഥാർത്ഥ്യത്തിന്റെ കൊടുങ്കാറ്റിൽ കടപുഴകി വീഴുന്നത് ആ കുട്ടി തിരിച്ചറിഞ്ഞു.അവർ ഉള്ളിലേക്ക് കടന്നു. ആ ഓടുപാകിയ കെട്ടിടം ആയിരുന്നു കോളേജിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്‌. പ്രിനസിപാളും മറ്റു ഓഫീസ് ജീവനക്കാരും ലെക്ച്ചർമാരും ഇരിക്കുന്ന ഭരണസിരാകേന്ദ്രം! ആറടി നീളവും ആറടി വീതിയും ഉള്ള മുറികളിൽ (അത്ര തന്നെ ഉണ്ടോ ആവോ?!) ഇരിക്കുന്ന വകുപ്പ് തലവന്മാർ (HOD) .തകർന്ന സ്വപ്നങ്ങളുമായി കുട്ടിയും മുത്തച്ഛനും സെന്റിമെന്റലായി. പക്ഷേ, അഡ്മിഷന്റെ സമയത്ത് പ്രിന്സിയും മറ്റ് ഉദ്യോഗസ്ഥരും വളരെ പ്രതീക്ഷാ നിർഭരമായാണ് സംസാരിച്ചത്. അടിസ്ഥാന സൗകര്യങ്ങളിൽ ഉള്ള പരിമിതികൾ മറികടക്കുന്നത് അവിടുത്തെ വിദ്യാർഥികളുടെ കഴിവും പ്രയത്നവും കൊണ്ടാണെന്ന് പ്രിന്സി ഓർമിപ്പിച്ചു. പക്ഷേ, നമ്മുടെ കഥാനായകൻ,മോഹങ്ങളുടെ ചുടുകാട്ടിൽ ആത്മവിദ്യാലയമേ പാടി അലഞ്ഞു നടക്കുന്ന മൂഡിലായിരുന്നു. ഒരു വട്ടം കൂടി ഓർമ്മകൾ മേയുന്ന തിരുമുറ്റത്ത്എത്തിയത് പോലെയാണ് മുത്തച്ഛന് തോന്നിയത്. താൻ പഠിച്ചു വളർന്ന വിദ്യാലയത്തിന്റെ അതേ അന്തരീക്ഷം. ഓട് മേഞ്ഞ കെട്ടിടങ്ങൾ. നീണ്ട വരാന്തകൾ. മതിലിലെ ചുവരെഴുത്തുകൾ...
ബാർട്ടണ്‍ കുന്നിന്റെ പല തട്ടുകളിലായി ഓടിട്ട ക്ലാസ് മുറികൾ ചിതറിക്കിടന്നു. തലേന്ന് പെയ്ത മഴയിൽ വഴി നിറയെ ചെളി. ഇതുമായി താരതമ്യം ചെയ്യാൻ പറ്റിയ അവശനിലയിലുള്ള കോളേജുകൾ ഓർമകളുടെ താളുകളിൽ രേഖപ്പെടുത്തിയിട്ടില്ല എന്നോർത്ത് കുട്ടി വീണ്ടും സെന്റിയായി.
അഡ്മിഷൻ കഴിഞ്ഞു. ഓട്ടോ കിട്ടാതെ അവർ പി. എം.ജി യിലേക്ക് നടന്നു. അപ്പോഴാണ്‌ മുത്തച്ഛന്റെ ആശ്വാസ ഡയലോഗുകൾ വരുന്നത്.

"മോനെ, ഓടുകൾക്ക് താഴെ പാകിയിരിക്കുന്ന പലകകൾ ശ്രദ്ധിച്ചോ? നല്ല തേക്കിന്റെ തടിയാ! ഞങ്ങളൊക്കെ പഠിക്കുന്ന സമയത്ത് വെറും തെങ്ങിന്റെ തടിയായിരുന്നു. മാത്രമല്ല ഓടായത് കൊണ്ട് മീനത്തിലും മേടത്തിലും ചൂടും കുറവായിരിക്കും. പിന്നെ, നാട്ടിലേക്ക് വരാൻ വളരെ എളുപ്പമല്ലേ?. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ ദാ അവിടെയല്ലേ." മുത്തച്ഛൻ മൂന്ന് കിലോമീറ്റർ ദൂരേക്ക് വിരൽ ചൂണ്ടി. അതിനാണല്ലോ മലബാറിൽ നിന്ന് ഇവിടെ വരെ വന്നത് എന്നോർത്ത് കുട്ടി നിശ്വസിച്ചു. "ഇനിയും ഒരു അല്ലോട്മെന്റ്റ് ബാക്കിയുണ്ടല്ലോ". മുത്തച്ഛൻ അവസാന അടവെടുത്തു. ഒടുവിൽ, കുട്ടിയെ ഹോസ്റ്റലിൽ ആക്കി മുത്തച്ഛൻ തിരിച്ച് യാത്രയായി. പക്ഷേ, കഷ്ടപ്പെട്ട് പഠിച്ചിട്ട്, തന്റെ കൊച്ചു മകൻ ഒടുവിൽ എത്തിപ്പെട്ടത് ഇവിടെയാണല്ലോ എന്നോർത്ത് ആ വൃദ്ധൻ വിഷമിച്ചു.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അടുത്ത അല്ലോട്മെന്റ്റ് വന്നു! നമ്മുടെ കഥാനായകന് കൊല്ലത്തെ T.K.M എഞ്ചിനീയറിംഗ് കോളേജിലേക്ക് പ്രൊമോഷൻ. കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക്! അവൻ മുത്തച്ഛനെ വിളിച്ചു. മുത്തച്ഛൻ പറഞ്ഞു "മോനെ, നിന്നെ എങ്ങനെ വിഷമിപ്പിക്കും എന്നോർത്ത് പറയാതിരുന്നതാ. ബാർട്ടണ്‍ഹിൽ ഒക്കെ ഒരു കോളേജ് ആണോ? പ്രിന്സിപലിന്റെ ആവേശം കണ്ടാൽ തോന്നും അത് വല്ല പാർലമെന്റും ആണെന്ന്. എന്തായിരുന്നു പുകഴ്ത്തൽ. ഇഷ്ടം പോലെ റാങ്ക്. പ്ലേസ്മെന്റ്. എന്റെ മോൻ അല്ലെങ്കിലും ഭാഗ്യവാനാ. നാലുവർഷം ആ കൂരയ്ക്കുള്ളിൽ കഴിയാൻ ഇട വന്നില്ലല്ലോ. ഒരു വണ്ടി പാർക്ക്‌ ചെയ്യാൻ സ്ഥലം ഉണ്ടോ അവിടെ? ഒരു നല്ല വാഷ്‌ റൂം ഉണ്ടോ? ഒരു പേന വാങ്ങാൻ സ്റ്റോർ ഉണ്ടോ? എന്റെ പ്രാർത്ഥന ദൈവം കേട്ടു."
ഇത്തവണ ഹനുമാന്റെ കൂടെ ശ്രീപദ്മനാഭനും ചിരിച്ചു!

അടുത്ത ദിവസം കുട്ടി ഞെട്ടി! മുത്തച്ഛൻ ഞെട്ടിട്ടി!
ബഹുമാനപ്പെട്ട സംസ്ഥാനസർക്കാർ ആ അല്ലോട്മെന്റ്റ് റദ്ദ് ചെയ്തു! ആത്മവിദ്യാലയമേ...! പുതിയ അല്ലോട്മെന്റിൽ നമ്മുടെ ശങ്കരൻ വീണ്ടും തെങ്ങിൽ തന്നെ! മുത്തച്ഛനോ? മൗനം വിദ്വാനു ഭൂഷണം!

***********                          ***********                          ***********                         **********
ഇന്ന് തിരുവനന്തപുരം നഗരത്തിലെ ഏറ്റവും തലയെടുപ്പുള്ള കെട്ടിടങ്ങളിൽ ഒന്നായി ബാർട്ടണ്‍ കുന്നിലെ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് നില
കൊള്ളുന്നു. രണ്ട് എലവേറ്റർ ഉൾപടെയുള്ള ആധുനിക സൗകര്യങ്ങളുമായി, ഏഴു നിലകളിൽ, അറിവിന്റെ വിശാലമായ ലോകം. പിന്നെ ഹോസ്റ്റൽ, ലാബുകൾ മുതലായ അനുബന്ധ കെട്ടിടങ്ങൾ വേറെയും.  2011ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.എം.എ.ബേബിയാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്. (അന്ന് അദ്ദേഹം മുറിച്ച റിബണ്‍ എന്റെ വീട്ടിൽ ഭദ്രമായി ഇരിപ്പുണ്ട്!) ആ ബ്രാൻഡ്‌ ന്യൂ ബിൽഡിങ്ങിൽ കയറി താമസിക്കാൻ എനിക്കും എന്റെ സഹക്ലാസനായ നമ്മുടെ കഥാനായകനും ഭാഗ്യം ഉണ്ടായി. അന്നത്തെ ഞങ്ങളുടെ ആദ്യ ക്ലാസിന്റെ ഉദ്ഘാടനം ഇവിടെ കാണാം.
***********                          ***********                          ***********                 **********
അൽപം ചരിത്രം:
നഗരത്തിനുള്ളിൽ തന്നെ ഒരു എഞ്ചിനീയറിംഗ് കോളേജ് വേണം എന്ന തീരുമാനത്തിലാണ് കോളേജ് ഇവിടെ സ്ഥാപിതമായത്. നഗരത്തിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ. സ്വാഭാവികമായും സ്ഥലലഭ്യത ഒരു പ്രശ്നമായിരുന്നു. ഒടുവിൽ ബാർട്ടണ്‍ഹില്ലിലെ അടച്ചു പൂട്ടിയിരുന്ന ഗേൾസ് ഹൈസ്കൂൾ, കോളേജ് സ്ഥാപിക്കാൻ തിരഞ്ഞെടുത്തു. കേവലം ഏഴ് ഏക്കറിൽ താഴെ സ്ഥലത്ത് കോളേജ് പ്രവർത്തനം തുടങ്ങി. തുടക്കം മുതലേ, കേരളത്തിന്റെ നാനാ ഭാഗത്ത്‌ നിന്നും മിടുക്കരായ വിദ്യാർഥികളെ ആകർഷിക്കാൻ കോളെജിനു കഴിഞ്ഞു. കോളേജിന്റെ ഇല്ലായ്മകൾ പങ്കിടാൻ എത്തിയ കുട്ടികളെ മഞ്ചാടി മണികളും മഞ്ഞപ്പൂക്കളും പൊഴിച്ച് കോളേജ് വരവേറ്റു. കോളേജിന്റെ വലുപ്പക്കുറവ് ഒരിക്കലും സ്വപ്നങ്ങളുടെ വലിപ്പം കുറച്ചില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ കേരള സർവ കലാശാലയ്ക്ക് കീഴിലെ ഏറ്റവും മികച്ച കോളേജുകളിൽ ഒന്നായി ബാർട്ടണ്‍ഹിൽ മാറി.

 ഇന്ന്, ബാലാരിഷ്ടതകൾ പിന്നിട്ട് കോളേജ് കൗമാരത്തിലേക്ക് കടന്നിരിക്കുന്നു. എല്ലാ ഓട്ടോക്കാരും ആ കൗമാരക്കാരിയെ തിരിച്ചറിയുന്നു. മുത്തച്ഛനെയും, പഴയ ബാച്ചുകാരെയും ഓർമകളുടെ തിരുമുറ്റത്ത് എത്തിച്ച ആ ഓടിട്ട ക്ലാസ് മുറികൾ, കളിചിരികൾ നിലച്ച് ഏകാന്തമായി നിലകൊള്ളുന്നു. ഒരു കാര്യം കൂടി... പണി അറിയാവുന്ന ആരെങ്കിലും കേറി വിക്കിപീഡിയയിലെ ഈ പേജ് ഒന്ന് എഡിറ്റിയാൽ നന്നായിരിക്കും. എസ്പെഷലി ചിത്രങ്ങൾ.

അപ്പോ, നമ്മുടെ കഥാനായകൻ? അവൻ നല്ല നിലയിൽ പഠിച്ചു പാസ്സായി, നാവികനായി ലോകം ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അളിയാ, നേരം കിട്ടുമെങ്കിൽ മുത്തച്ഛനെ ഒന്ന് കൂടി കൊണ്ട് വാ. അദ്ദേഹവും ഒന്ന് ചിരിക്കട്ടെ...

5 comments:

  1. നന്ദി, മുരളി ചേട്ടാ...

    ReplyDelete
  2. അപ്പൊ, പപ്പനാവന്റെ മണ്ണിലൊക്കെ കളി പഠിച്ചവനാണല്ലെ പയലേ? നാവികനായിട്ട് ഡോണ്ട് ക്നോ എബൗട്ട് കപ്പൽ? ങൂംം!!

    അപ്പീ, ഞാനും തിര്യോന്തര്‌ത്ത് കുറേ കാലം ഉണ്ടായിരുന്നു. ("കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം" ഉൾപ്പെടെ)

    ReplyDelete
  3. അയാം നോട്ട് ദ നായകൻ ഇൻ ദിസ്‌ സ്റ്റോറി. ഇറ്റ്സ് മൈ ദോസ്ത്.
    ഐ ഓൾറെഡി ക്ന്യൂ ദാറ്റ്‌ യൂ ആർ എ ട്രാവൻകൊറിയൻ. ബട്ട്‌, ഹാപ്പി ടു നോ ദാറ്റ്‌ യൂവാർ എ സീഈടിയൻ ടൂ. :)

    ReplyDelete
  4. കേ. ഡി, ഐ ആം ഫ്രം മലബാർ.... ഫ്രം തിരുന്നാവായ റ്റു ബി പ്രിസൈസ്..

    ReplyDelete