Thursday 11 December 2014

സദാചാര സംഹിത

1) പ്രണയത്തിൽ അകപ്പെടുന്നതിനു മുമ്പ് സിനിമയിലെ കഥാപാത്രങ്ങൾ നടക്കുന്നത് പോലെ പിള്ളേരെല്ലാം അടങ്ങി ഒതുങ്ങി ജീവിക്കണം. അഥവാ പ്രണയിച്ചാൽ തന്നെ, പെമ്പിള്ളേർ നന്ദനത്തിലെ ബാലാമണിയെപ്പോലെയും ആമ്പിള്ളേർ 'ഓം ശാന്തി ഓശാന'യിലെ ഗിരീശനെയും പോലെ പെരുമാറണം. അല്ലാതെ, ഫഹദ് ഫാസിലിനെ പോലെ 'തൊട്ടു നോക്കാമോ തൊട്ടാവാടി പെണ്ണേ' എന്നൊക്കെ പാടി നടന്നാൽ തല്ലിയോടിക്കും ഞങ്ങൾ, പറഞ്ഞേക്കാം.

2) രാമരാജ്യമായ അയോധ്യയിലും ഹനുമാന്റെ രാജ്യമായ കിഷ്കിന്ധയിലും പരസ്യ ചുംബനം നിരോധിച്ചിരുന്നതായി രേഖകൾ ഉണ്ട്. രാവണനെ കൊന്ന് ധർമം പുന:സ്ഥാപിച്ച ശേഷം ലങ്കയിലും പരസ്യ ചുംബനം നിരോധിച്ചിട്ടുണ്ട്. അതിനാൽ കേരളത്തിലും പരസ്യ ചുംബനം പാടില്ല.

3) ഒരുപാട് സാമൂഹിക പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ചുംബന സമരം നടത്തുന്നത് ശരിയല്ല. പക്ഷേ, അതേ സാമൂഹിക പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ചുംബന സമരത്തെ എതിർക്കുന്നത് വളരെ ശരിയാണ്.

4) സദാചാര സംഹിത വായിക്കാത്ത ഏതെങ്കിലും ഒരുത്തി സ്വന്തം സഹോദരനെ പരസ്യമായി ചുംബിച്ചാൽ, റേഷൻ കാർഡ് കാണിച്ചു ബന്ധം തെളിയിക്കാൻ സമയം കിട്ടി എന്ന് വരില്ല. ഉടനടി അടി. അതാണ്‌ പോളിസി.

5) ഹോട്ടൽ അടിച്ചു തകർത്തവരെ അറസ്റ്റ് ചെയ്ത സ്ഥിതിക്ക് സമരം അനാവശ്യമാണ്. ഭാവിയിൽ ഞങ്ങൾ പാർക്കുകളും മ്യൂസിയങ്ങളും ഒക്കെ അടിച്ചു തകർക്കുമ്പോൾ ഇനിയും അറസ്റ്റ് വരിക്കാൻ ഞങ്ങൾക്ക് മടിയില്ല. ഇതിലെവിടെയാണ് സമരത്തിന്‌ സ്കോപ്?

6) ചുംബന സമര ദിവസം ആ പരിസരത്ത് എത്തുന്ന ഭാര്യാ ഭർത്താക്കന്മാരെയും സഹോദരീ സഹോദരന്മാരെയും ഞങ്ങൾ ആക്രമിക്കുന്നതാണ്. അതിനു ലോക ഫേസ്ബുക്ക്‌ സദാചാര കമ്മിറ്റി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അടി കൊണ്ട് ചത്താൽ ഒരു കമ്മിറ്റിയും ഉത്തരവാദികൾ ആയിരിക്കില്ല.

7) ഉമ്മ വയ്ക്കുന്നത് ഉഭയ സമ്മത പ്രകാരമാണോ എന്നത് ഒരു വിഷയമേയല്ല. സദാചാര കമ്മിറ്റിയുടെ സമ്മത പ്രകാരമാണോ എന്നതാണ് വിഷയം.

8) സംസ്കാരം ഉള്ളവരാകാൻ വേദങ്ങൾ വായിക്കുകയോ, മഹാ വാക്യങ്ങൾ അറിയുകയോ വേണ്ട. ചുംബന സമരത്തെ എതിർക്കുന്നവർ സംസ്കാര സമ്പന്നരാണ് എന്ന് ചുംബന പുരാണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

9) പിഞ്ചു കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നവർ ജാമ്യത്തിൽ ഇറങ്ങുമ്പോൾ അവരെ തല്ലിക്കൊല്ലുന്നത് സദാചാരത്തിന് നിരക്കുന്നതല്ല. പ്രതീകാത്മക ചുംബനത്തെ എതിർക്കുന്നതാണ് യഥാർത്ഥ സദാചാരം.



10) ചുംബനക്കാരെ പോലീസ് സഹായിക്കില്ല. മറ്റു പ്രതിഷേധങ്ങൾക്കൊക്കെ ബാരിക്കേഡുകൾ തുറന്നു കൊടുത്തും കല്ലുകൾ സംഭാവന നൽകിയും പോലീസ് സഹായിച്ച കാര്യം നന്ദിയോടെ ഓർക്കണം. ഗോവിന്ദചാമിക്ക് കഞ്ഞി കൊടുക്കണം, സരിതയ്ക്ക് സോപ്പ് വാങ്ങി കൊടുക്കണം. ആദി വാസികളെ തല്ലണം. ഹോ! പാവം പോലീസ്. :(

11) അമ്മയെ ചുംബിക്കാം വയറ്റിൽ ചുമന്ന നന്ദിയോടെ. പക്ഷേ, അമ്മയെയും മകനെയും തിരിച്ചറിയാത്ത ഏതെങ്കിലും സദാചാരി കേറി മേഞ്ഞിട്ട് പോയാൽ അത് അതിന്റെ സ്പിരിറ്റിൽ എടുക്കണം. അന്നേരം സമരം ചെയ്യാൻ അനുവദിക്കുന്നതല്ല.

12) നാലാൾ കാണ്‍കെ സ്നേഹം പ്രകടിപ്പിച്ച് പരിഷ്കാരികൾ ആവരുത്. സ്നേഹം അണ പൊട്ടിയൊഴുകിയാലും സദാചാരക്കാർ ഇല്ലെന്ന് ഉറപ്പു വരുത്തി വീട്ടിൽ കതകടച്ച് ഇരുന്ന് ചുംബിക്കുന്നതാണ് നട്ടെല്ലുള്ള മലയാളിയുടെ രീതി.

13) കാമുകിയുടെ വസ്ത്രം സ്ഥാനം മാറിയാൽ അത് നേരെയിടുന്നവനാണ് യഥാർത്ഥ കാമുകൻ. അല്ലാതെ ചുംബന സമരം നടത്തുന്നവൻ അല്ല. പക്ഷേ, ഏതെങ്കിലും സദാചാരക്കാരൻ ചതിച്ച പെണ്‍കുട്ടിയുടെ നഗ്ന വീഡിയോ മറ്റ് സദാചാരക്കാർ കാണുന്നതിൽ തെറ്റില്ല. ആ പെണ്‍കുട്ടിയുടെ ഭാവി സദാചാരക്കാരെ ബാധിക്കുന്ന കാര്യം അല്ല.

14) സ്ത്രീകൾ അവരവർക്ക് യോജിച്ച വസ്ത്രം ധരിക്കരുത്. സദാചാരക്കാരന്  ഇഷ്ടപ്പെടുന്ന വസ്ത്രം വേണം ധരിക്കാൻ.

15) സദാചാരക്കാരനായി അഭിനയിക്കുകയും ചുംബന സമരത്തെ അനുകൂലിക്കുകയും ചെയ്ത മോഹൻലാൽ വെറും ആഭാസനും, ശ്രീമതി ശോഭന ഒരു ഉത്തമ കുടുംബിനിയും ആണ്. ബംഗ്ളൂർ ഡെയ്സ് നേരത്തെ ഇറക്കിയത് കൊണ്ട് അഞ്ജലി മേനോനെ വെറുതെ വിടുന്നു.

16) അടുത്ത മാസം മുതൽ അന്യ സംസ്ഥാന ഫേസ്ബുക്കന്മാരുടെ  നേതൃത്വത്തിൽ സദാചാര സംഘടനകൾ ആരംഭിക്കുന്നതാണ്. ജാംബവാൻ സേന, സേവിയർ സേന, ശരിയത്ത് സേന തുടങ്ങിയ പേരുകൾ പരിഗണനയിൽ ഉണ്ട്. ക്രമേണ ഇത് ലോകം മൊത്തം വ്യാപിപ്പിക്കും.

17) ആർഷ ഭാരത സംസ്കാരം ഉണ്ടായത് കേരളത്തിൽ ആണെന്ന് അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളിൽ പഠിപ്പിക്കും. ചുംബനം എന്നാൽ കാമം ആണെന്ന് എല്ലാ കുട്ടികളെയും ഉദ്ബോധിപ്പിക്കും.

18) ബോംബെ, ബംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ പരസ്യ ചുംബനം നിർത്തലാക്കാൻ ഹനുമാനോട് പ്രാർഥിക്കും.

19) ഭാവി തലമുറയെ സദാചാരം പഠിപ്പിക്കാൻ ഒരു ചാനൽ തുടങ്ങും.
ചാനലിന്റെ പേര്: KISS (കൊച്ചുഗോവിന്ദൻസ് ഇന്റർനാഷണൽ സദാചാര സംഹിത)

20) ഈ സദാചാര സംഹിത എഴുതി തയ്യാറാക്കിയ കൊച്ചു ഗോവിന്ദന്റെ ജന്മദിനം 'സദാചാര ദിന'മായി ആചരിക്കും.

നാട്ടിലെ സദാചാരക്കാരന് തോന്നുന്ന നിയമങ്ങൾ ഇതിൽ എഴുതി ചേർക്കാവുന്നതാണ്.


"സർവേ ഭവന്തു സുഖിനഃ 
സർവേ സന്തു നിരാമയഃ 
സർവേ ഭദ്രാണി പശ്യന്തു 
മാ കശ്ചിത് ദുഃഖഭാഗ്ഭവേത് "

എല്ലാ ആർഷഭാരതീയ സദാചാര സഹോദരങ്ങൾക്കും ഈയുള്ളവന്റെ കൂപ്പു കൈ. 
ആഞ്ജനേയാ.......!!!

Related Post : മൂന്ന് കുട്ടിക്കഥകൾ

16 comments:

  1. കൊള്ളാമെടാ മക്കളെ...

    ReplyDelete
    Replies
    1. എവിടുന്നെങ്കിലും കൊള്ളുമോ ആവോ?!

      Delete
  2. ഇതൊക്കെ എഴുതുന്നത് ചുംബനത്തെക്കുറിച്ച് ഒരു ആഗോളസമ്മേളനം വിജയകരമായി നടത്തിയതിനു ശേഷമാകട്ടെ.ഡെലിഗേറ്റുകൾക്കും വല്ലതുമൊക്കെ പറയാൻ കാണുമല്ലോ?

    ReplyDelete
    Replies
    1. ആഗോളത്ത് ഇപ്പൊ തന്നെ അത്യാവശ്യം പ്രശ്നങ്ങൾ ഒക്കെ ഉണ്ട്. ചുംബനവിഷയം നമ്മുടെ കൊച്ചു കേരളത്തിൽ ഒതുക്കിയാൽ പോരെ? അല്ല, ഇനി നിർബന്ധമാണെങ്കിൽ ഞാൻ നമ്മടെ ഷേക്ക്‌മാരുടെ അടുത്തൊന്നു ഡിസ്കസ് ചെയ്യട്ടെ! :)

      Delete
  3. This comment has been removed by a blog administrator.

    ReplyDelete
  4. ഈ സദാചാര സംഹിത എഴുതി തയ്യാറാക്കിയ കൊച്ചു ഗോവിന്ദന്റെ ജന്മദിനം 'സദാചാര ദിന'മായി ആചരിക്കും.
    നോക്കണേ, ഓരോ ആഗ്രഹങ്ങളെയ്!

    ReplyDelete
    Replies
    1. ഹോം ഗ്രൗണ്ട് അല്ലേ മാഷേ, ഒരു ഗോൾ ഞാനും അടിച്ചോട്ടെ!

      Delete
  5. പരസ്യ ചുംബന സമരം അഭൂത പൂർവമായ വിജയം ആയ സ്ഥിതിയ്ക്ക് അതിന്റെ രണ്ടാം ഭാഗം ഉടൻ ആരംഭിയ്ക്കാം. പരസ്യ ഇണ ചേരൽ. 2015 പരസ്യ ഇണ ചേരൽ വർഷം ആയി ആചരിയ്ക്കുകയും ചെയ്യാം.

    ReplyDelete
    Replies
    1. ഇത് പ്രലോഭനമാണ്‌. ഞാൻ വീഴില്ല. സദാചാരം നീണാൾ വാഴട്ടെ!
      ആഞ്ജനേയാ!!!

      Delete
    2. ഗോവിന്ദാ നീ കുട്ടിയാണ്.

      Delete
    3. ഞാൻ അത് മനസ്സിലാക്കുന്നു. സാറിനെ വേദനിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും കമന്റിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.

      Delete
  6. Govinda...HARI GOVINDA!!!!!!!!!!!!!!!!

    ReplyDelete
    Replies
    1. mr.koch govindan :ഈ സദാചാരക്കാരെ എങ്ങനെ തിരിച്ചറിയാംം?

      Delete