കോഴിക്കോടിന്റെ മണ്ണിൽ ഇന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിയുകയാണ്. കൃത്യം പത്തു വർഷം മുമ്പ് ഒരു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വച്ച് എനിക്കുണ്ടായ ഒരു അസാധാരണമായ അനുഭവമാണ് ഇത്.
****************************
സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ഘോഷയാത്ര കണ്ടിട്ടുണ്ടോ? കാണേണ്ട കാഴ്ചയാണ്. കുറെ വർഷങ്ങൾക്കിടയ്ക്ക് ഒരിക്കൽ, സ്വന്തം ജില്ലയിലേക്ക് വിരുന്നെത്തുന്ന കൗമാര കേരളത്തെ, ആ ജില്ലക്കാർ ഹൃദയപൂർവം സ്വീകരിക്കുന്ന കാഴ്ച. ഏഷ്യയിലെ ഏറ്റവും വലിയ കലാസംഗമത്തെ ഏറ്റവും മനോഹരമാക്കാൻ ഒരു നാട് മുഴുവൻ കൈ കോർക്കുന്ന നിമിഷങ്ങൾ...കലയും സാഹിത്യവും വർണങ്ങളും സ്വപ്നങ്ങളും നിറയുന്ന ഏഴു പകലിരവുകൾക്ക്, ആ ഘോഷയാത്രയോടെയാണ് തുടക്കമാവുന്നത്. പ്രധാനവേദിയിൽ നിന്നും കിലോമീറ്ററുകൾ ദൂരെയായിരിക്കും തുടക്കം. അവിടുന്ന് നിരനിരയായി കാഴ്ചകളുടെ ഒരു ഒഴുക്കാണ്... ആശംസകൾ അർപ്പിച്ചു കൊണ്ട് ആയിരക്കണക്കിന് സ്കൂൾ കുട്ടികൾ. അതുതന്നെ വിശേഷപ്പെട്ട കാഴ്ചയാണ്. ഓരോ സ്കൂളുകളും ഒന്നിനൊന്നു മികച്ച രീതിയിലാണ് കുട്ടികളെ പങ്കെടുപ്പിക്കുന്നത്. വ്യത്യസ്തമായ വസ്ത്രങ്ങൾ, വർണക്കുടകൾ, തൊപ്പികൾ, പൂക്കൾ, ബലൂണുകൾ, ബാനറുകൾ, പ്ലക്കാഡുകൾ, റിബണുകൾ അങ്ങനെയങ്ങനെ വൈവിധ്യങ്ങളുടെ ഒരു നീണ്ട നിര. ഇതിനിടയിൽ വിവിധ കലാരൂപങ്ങൾ, നിശ്ചലദൃശ്യങ്ങൾ, പ്ലോട്ടുകൾ തുടങ്ങി കണ്ണിമ ചിമ്മാതെ നോക്കാൻ, മനോഹരമായ കാഴ്ചകളുടെ, മണിക്കൂറുകൾ നീളുന്ന ഒരു പ്രവാഹമാണ് അത്. എന്നിട്ടും ഇതൊന്നും ആസ്വദിക്കാൻ പറ്റുന്ന മാനസികാവസ്ഥയിലായിരുന്നില്ല ഞങ്ങൾ! അതെന്താ? അതാണ് കഥ.
ഘോഷയാത്ര അറ്റം കാണാത്ത വിധം നീണ്ട് കിടക്കുന്നു. ആ തിരക്കിലൂടെ ഒരു കിലോമീറ്ററിൽ ഏറെ നടന്നു കാണും. സമയം അഞ്ചര കഴിഞ്ഞു. ഇപ്പൊ ചെറിയേ ഒരു ടെൻഷൻ ഉണ്ടോ എന്ന് ഒരു സംശയം. നടപ്പ് വേഗത്തിലാക്കി. പുതിയ പുതിയ കാഴ്ചകൾ വന്നു കൊണ്ടേയിരിക്കുന്നു.ഇപ്പൊ ആസ്വാദനം ഒന്നും ഇല്ല. മനുഷ്യനെ മെനക്കെടുത്തുന്ന ഈ പരിപാടി അവസാനിച്ചാൽ മതിയെന്നായി. എത്ര ദൂരം പിന്നിട്ടു എന്ന് തീർച്ചയില്ല. നാട്ടുകാരോട് വഴി ചോദിച്ചു ചോദിച്ചാണ് നടപ്പ്. അവസാനം ഘോഷയാത്രയുടെ വാൽ കടന്നു പോയപ്പോൾ ഒരു ആറരയായി. പിടിച്ചതിനേക്കാൾ വലുത് അളയിൽ എന്ന് പറഞ്ഞ പോലെയായി പിന്നത്തെ കഥ. അതാ ഒരായിരം വാഹനങ്ങൾ അണിനിരക്കുന്ന ഘടാഘടിയൻ ട്രാഫിക് ബ്ലോക്ക്. വണ്ടിയിൽ കയറി ബാക്കി ദൂരം പോകാം എന്നത് അതിമോഹമാണ് എന്ന് ചുരുക്കം. പക്ഷേ, പിന്മാറാൻ പറ്റില്ലല്ലോ. ഞാൻ കാരണം മത്സരം അഞ്ച് മിനിറ്റ് പോലും ലേറ്റ് ആകാൻ പാടില്ലെന്ന് എനിക്ക് നിർബന്ധം ഉണ്ട്. ഞാൻ ചെറുപ്പം മുതൽക്കേ ആദർശങ്ങൾ മുറുകെ പിടിക്കുന്ന കൂട്ടത്തിലാണ്. ഹോ, തൊട്ടടുത്ത തൃശൂർ ജില്ലക്കാരന് വേണ്ടി തിരുവനന്തപുരത്ത് നിന്നും വന്ന കുട്ടി വെയിറ്റ് ചെയ്യുക എന്ന് വെച്ചാൽ! അണ്‍സഹിക്കബിൾ! അങ്ങനെ കവിതയെഴുതാൻ തലയിൽ ശേഖരിച്ച ഊർജം മുഴുവൻ കാലുകളിൽ ആവാഹിച്ചു കൊണ്ട് ഞാൻ നടന്നു. മലപ്പുറം മറ്റൊരു രാത്രിയെ കൂടി വരവേറ്റു. സമയം ഏഴര. അയാം ദ സോറി. എത്തിയിട്ടില്ല. ഇനി ഒരു കിലോമീറ്റർ കൂടി ഉണ്ട്. നമുക്ക് തോന്നുന്ന രീതിയിൽ വളച്ചൊടിക്കാൻ പാകത്തിനാണല്ലോ ദൈവം ഈ ആദർശങ്ങൾ ഒക്കെ സൃഷ്ടിച്ചിരിക്കുന്നത്. അത് കൊണ്ട്, വലിയ വലിയ ആൾക്കാർക്ക് വേണ്ടി മറ്റുള്ളവർ കാത്തിരിക്കുന്നത് അത്ര വലിയ കാര്യം ഒന്നും അല്ല എന്ന ആദർശം മുറുകെ പിടിച്ചു കൊണ്ട് ഞങ്ങൾ നടപ്പ് തുടർന്നു! കിതച്ചിട്ടാണോ തളർന്നിട്ടാണോ ടെൻഷൻ അടിച്ചിട്ടാണോ എന്നറിയില്ല അമ്മ, "ഹോ, അമ്മേ, ഹോവ് അയ്യോ" എന്നൊക്കെ പറയുന്നുണ്ട്. സാറും ഞാനും ശക്തിയായി ശ്വാസം എടുത്തു കൊണ്ട് ഹൊ! ഹു! ഹൊ! ഹു! എന്ന് മാത്രമേ പറയുന്നുള്ളൂ. രാവിലെ പതിനൊന്ന് മണിക്ക് ഭക്ഷണം കഴിച്ചതാണ്. നടപ്പിനിടയിൽ വാങ്ങിച്ചു കുടിച്ച കുപ്പി വെള്ളത്തിന്റെ പിൻബലത്തിലാണ് ഈ പ്രയാണം. ഒടുവിൽ ആ മുഹൂർത്തം സമാഗതമായി! നടന്ന് തളർന്ന് കുഴഞ്ഞ് അങ്ങനെ എട്ട് അഞ്ചിന് ഞങ്ങൾ മത്സരം നടക്കുന്ന സ്കൂളിൽ എത്തി. ഹാവൂ!
ഇരുട്ട്! നിശബ്ദത!
എന്ത് മനസ്സിലായി? ജന്മനാ കേഡിയായ എന്നെ കണ്ട് അവിടുത്തെ ആളുകളുടെ കണ്ണിൽ ഇരുട്ട് കയറി, തൊണ്ടയിലെ വെള്ളം വറ്റി എന്ന് വിചാരിച്ചോ? ഓ മൈ സില്ലി ഫാൻസ്!!! അങ്ങനെയൊക്കെ സംഭവിക്കേണ്ടതാണ്. പക്ഷേ, ഇരുട്ട് കയറിയത് എന്റെ കണ്ണിൽ തന്നെയാണ്. നിശബ്ദത! കൂരിരുട്ട്! അതായത്, മത്സരം നടക്കുന്ന സ്കൂളിലേക്ക് ഞങ്ങൾ പ്രവേശിക്കുമ്പോൾ അവിടെ മൊത്തം കൂരിരുട്ട്. ആരുടേയും ഒച്ചയും അനക്കവും ഒന്നും കേൾക്കാനില്ല. എന്താ കാരണം? എനിക്ക് സ്കൂൾ മാറിപ്പോയി എന്ന് നിങ്ങൾക്ക് തോന്നിയത് പോലെ ഞങ്ങൾക്കും തോന്നി. യുവജനോത്സവത്തിന്റെ മത്സരക്രമം നൽകിയിട്ടുള്ള നോട്ടീസിൽ വീണ്ടും നോക്കി. സ്കൂളിന്റെ പേരും, തിയതിയും ഒക്കെ ഓക്കെ. പിന്നെന്ത് പറ്റി? എന്ത് കുന്തമെങ്കിലും ആവട്ടെ. കിതപ്പ് മാറ്റാൻ അടുത്തുള്ള ഒരു മരത്തിന്റെ അരമതിലിൽ ഇരുന്നു. കുറച്ചു കഴിഞ്ഞ് കിതപ്പോക്കെ മാറിയപ്പോഴാണ്, കാര്യങ്ങളുടെ കിടപ്പൊക്കെ മനസ്സിലായത്. റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ വെളിച്ചം വല്ലപ്പോഴും മതിലിനുള്ളിലേക്ക് കടന്നു വരുന്നുണ്ട്. സൂക്ഷിച്ചു നോക്കിയാൽ ചില മനുഷ്യരൂപങ്ങൾ കൂടി അടുത്തുണ്ടെന്നു മനസിലാകും. ക്രമേണ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. തിരുവനതപുരം മുതൽ കാസർകോഡ് വരെയുള്ള ജില്ലകളിൽ നിന്നുള്ള കുട്ടികളും, അവരുടെ രക്ഷിതാക്കളും അധ്യാപകരും ആ പരിസരത്തുണ്ട്. അതിൽ ഉച്ചയ്ക്ക് എത്തിയവർ മുതൽ എനിക്ക് ശേഷം വന്നവർ വരെയുണ്ട്. പക്ഷേ, മത്സരം നടത്താനുള്ള ആളുകളോ, യുവജനോത്സവത്തിന്റെ ഒരു ബാനറോ, ഒരു മെഴുകുതിരി വെട്ടം പോലും സ്കൂളിൽ ഇല്ല. തിരക്കിനിടയിൽ, വേണ്ടപ്പെട്ടവർ ഇവിടെ മത്സരം ഉള്ള കാര്യം മറന്നു പോയി! ഒരു സംസ്ഥാന യുവജനോത്സവത്തിന്റെ ഫസ്റ്റ് ഇമ്പ്രെഷൻ! നല്ല ബെസ്റ്റ് ഇമ്പ്രെഷൻ!
പിന്നെ എന്ത് സംഭവിച്ചു? നമ്മളൊക്കെ ഒന്നുമില്ലെങ്കിലും മലയാളികളല്ലേ ഡ്യൂഡ്‌സ് ? വേറെ ആരെങ്കിലും പരിഹാരം ഉണ്ടാക്കും എന്ന് വിചാരിച്ച് എല്ലാവരും അങ്ങനെ തന്നെ ഇരുന്നു. ഇപ്പൊ ടെൻഷൻ ഒന്നും ഇല്ല കേട്ടോ. ഞാൻ എഴുതിയില്ലെങ്കിലും കുഴപ്പമില്ല. വേറെ ആരും എഴുതാതിരുന്നാ പോരെ? അല്ല പിന്നെ! ഊണൊക്കെ കഴിച്ച് വീടിന്റെ മുറ്റത്തിരുന്നു നാട്ടുവിശേഷങ്ങൾ പറയുന്ന പോലെ, ആ സ്കൂൾ മുറ്റത്തിരുന്നു നമ്മുടെ ലത്തീഫ് മാഷിനോട് സ്കൂൾ വിശേഷങ്ങളും നാട്ടു വിശേഷങ്ങളും ഒക്കെ പറഞ്ഞു. ഊണ് കഴിച്ചത് രാവിലെയാണ് എന്ന വ്യത്യാസം മാത്രം. സമയം ഒരു ഒമ്പതര ആയിക്കാണും.
ഞാൻ നോക്കുമ്പോ, ഗേറ്റിനു പുറത്ത് ഒരാൾക്കൂട്ടം. എന്ത് സംഭവിച്ചു കാണും? നമ്മളൊക്കെ ഒന്നുമില്ലെങ്കിലും വീണ്ടും മലയാളികളല്ലേ ഡ്യൂഡ്‌സ് ? ഒരാൾക്കൂട്ടം കണ്ടാൽ ഒരു കാര്യമില്ലെങ്കിലും ഒന്ന് എത്തി നോക്കണ്ടേ? അങ്ങനെ എത്തി നോക്കി എത്തി നോക്കി ആ ആൾക്കൂട്ടം അങ്ങ് വലുതായി. ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് അതിനിടയിൽ നിന്നും ഒരു മുദ്രാ വാക്യം ഉയർന്നു.
" ഇങ്ക്വിലാബ് സിന്ദാബാദ്!"
അതേ, പെരുവഴിയിലായ കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രശ്നം പാർട്ടി (ഇടതു പക്ഷം) ഏറ്റെടുത്തിരിക്കുന്നു. മറ്റു നൂറു കണ്ഠങ്ങൾ അതേറ്റു വിളിച്ചു.
" ഇങ്ക്വിലാബ് സിന്ദാബാദ്!"
സമയം രാത്രി പത്തു മണി. സ്ഥലം മലപ്പുറം ജില്ലയിലെ ഏതോ സ്ഥലം. ഐറ്റം കവിത. എപ്പോ?
മുദ്രാവാക്യം വിളി ഉച്ചസ്ഥായിയിൽ എത്തി.
" ഇങ്ക്വിലാബ് സിന്ദാബാദ്!"
" ഇങ്ക്വിലാബ് സിന്ദാബാദ്!"
(തുടരും...)
എല്ലാ അനുജന്മാർക്കും അനിയത്തിമാർക്കും വിജയാശംസകൾ...
അവസാന ഭാഗം ഇവിടെ.