Wednesday 14 December 2016

മേരീ പ്യാരീ ദേശ് വാസിയോം...

മേരീ പ്യാരീ ദേശ് വാസിയോം,

നമ്മുടെ നാട്ടിൽ ഈയിടെ നടന്നു കൊണ്ടിരിക്കുന്ന ചില അസാധാരണസംഭവങ്ങളുടെ ഇടയിൽപെട്ട് രാജ്യദ്രോഹി എന്ന് മുദ്ര കുത്തപ്പെടുന്നവരുടെ എണ്ണം നിത്യേന വർധിക്കുകയാണല്ലോ. ഈയവസരത്തിൽ, എല്ലാവരെയും രാജ്യസ്നേഹം പഠിപ്പിക്കാനും, ഭരണകൂടം ആഗ്രഹിക്കുന്ന രീതിയിലുള്ള ഉത്തമപൗരന്മാരെ വളർത്തിയെടുക്കാനുമായി ചില പൊടിക്കൈകൾ നിർദേശിക്കുകയാണ്. ഈ നിർദേശങ്ങൾ അനുസരിച്ചു പ്രവർത്തിച്ചാൽ നിങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമാകും എന്ന കാര്യത്തിൽ സംശയമില്ല.

 1.പുലർച്ചെ 'ടിർണീം ടിർണീം' എന്ന ബോറൻ അലാറത്തിനു പകരം 'വന്ദേ മാതരം', 'ചക്ദേ  ഇന്ത്യ' മുതലായ  ഗാനങ്ങൾ സെറ്റ് ചെയ്താൽ ദേശസ്നേഹം ഷാംപെയ്ൻ കുപ്പി കുലുക്കി തുറന്ന പോലെ നുരഞ്ഞൊഴുകുന്നതായിരിക്കും. മെസേജ് ടോൺ, 'ഇന്ത്യ എന്റെ രാജ്യമാണ്' എന്ന പ്രതിജ്ഞയാക്കി മാറ്റേണ്ടതും ആകുന്നു. ഇത് യുനെസ്കോയുടെ രാജ്യസ്നേഹ സപ്രിട്ടിക്കറ്റ് നേടിയ ഉത്തേജന പദ്ധതിയാണ്.

2. പാടത്ത് പണിയെടുക്കുന്ന കോടിക്കണക്കിന് ദരിദ്രകർഷകർക്ക് ദേശസ്നേഹം  വളർത്താൻ ആരും ഹർജി കൊടുക്കാത്തതിൽ നമ്മൾ കുണ്ഠിതപ്പെടണം. അത്തരക്കാർക്ക് പാടം, പറമ്പ്, ചന്ത, ബസ് സ്റ്റാൻഡ്, ആരാധനാലയങ്ങൾ മുതലായ സ്ഥലങ്ങളിൽ ദേശീയഗാനം കേൾപ്പിക്കാൻ അവസരമൊരുക്കണം. സിനിമ കാണുന്നവർ മാത്രം അങ്ങനെ വല്യ ദേശസ്നേഹി ആവുന്നത് സമത്വത്തിന് എതിരാണ്. പക്ഷേ, സർക്കാരാപ്പീസിൽ കിടന്നുറങ്ങുന്ന പാവങ്ങളെ ഇത് കേൾപ്പിച്ച്, അവരുടെ ഉറക്കം കളയരുത്.

3. നോട്ട് നിരോധനം വഴിയുള്ള ദുരിതങ്ങൾ സാധാരണക്കാർ നിത്യേന അനുഭവിക്കുകയാണെന്നും ഭൂരിഭാഗം പണവും ബാങ്കിൽ തിരിച്ചെത്തിയതോടെ വലിയ കള്ളപ്പണക്കാർ രക്ഷപ്പെട്ടു എന്നും പറയുന്നവനെ എവിടെ കണ്ടാലും അഹങ്കാരി, വിവരമില്ലാത്തവൻ, രാജ്യദ്രോഹി എന്നീ മുദ്രകളിൽ ഏതെങ്കിലും ഒന്ന് എടുത്ത് കുത്താവുന്നതാണ്. ആ കുത്ത് പേടിച്ച് അവരും എത്രയും പെട്ടന്ന് വായടച്ച് രാജ്യസ്നേഹി ആകും എന്നാണ് രാജ്യസ്നേഹികൾക്ക് വേണ്ടി രാജ്യസ്നേഹികൾ തന്നെ ഉണ്ടാക്കിയ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

4. രാജ്യത്തിൻറെ നന്മയ്ക്ക് വേണ്ടി സാധാരണക്കാർ കുറച്ച് കഷ്ടപ്പാട് സഹിക്കണം എന്ന് പറയുന്ന സിൽമാ നടന്മാർ, ക്രിക്കറ്റ് താരങ്ങൾ, കോർപ്പറേറ്റു തലവന്മാർ എന്നിവരെ വിമർശിക്കാൻ പാടില്ല. കോടിക്കണക്കിന് രൂപ പ്രതിഫലം പറ്റുന്ന അവരുടെ കയ്യിൽ ദരിദ്രനാരായണന്മാരുടെ വേദനയും ദുരിതവും അറിയാനുള്ള ദുരിതോമീറ്റർ എന്ന യന്ത്രമുണ്ട്. അതുവച്ച് അളന്നു നോക്കിയിട്ടാണ് അവർ ബ്ലഡി കൺട്രികളായ സാധാരണക്കാരോട് സഹിക്കാൻ പറയുന്നത്.  അതവരുടെ അഭിപ്രായ സ്വാതന്ത്ര്യവും നമ്മൾ എതിരഭിപ്രായം പറയുന്നത് രാജ്യദ്രോഹവും ആകുന്നു.

5. മണിക്കൂറുകളോളം ക്യൂവിൽ നിന്ന് ആരെങ്കിലും തളർന്നു വീണാൽ അവരെ കവച്ചു വെച്ച് മുന്നേറാൻ പ്രത്യേക പരിശീലനം നേടേണ്ടതാണ്. ഇതിനായി മണിച്ചിത്രത്താഴിൽ, ലാലേട്ടൻ വെള്ളം വെള്ളം എന്ന് പറയുമ്പോൾ, കുതിരവട്ടം പപ്പുച്ചേട്ടൻ നടക്കുന്ന വീഡിയോ കണ്ടാൽ മതി. തളരുന്നതും മൃതിയടയുന്നതുമൊക്കെ രാജ്യത്തിന് വേണ്ടിയാണല്ലോ എന്നോർത്താൽ അവരെ സഹായിച്ചില്ലല്ലോ എന്ന കുറ്റബോധം പമ്പ കടക്കുകയും ദേശസ്നേഹം നിറയുകയും ചെയ്യും.


6. വിവരമുള്ളവർ എന്ത് പറഞ്ഞാലും അതിനെതിരെ ഉടായിപ്പ് ന്യായങ്ങൾ പഠിച്ചു വെക്കേണ്ടത് ഒരു രാജ്യസ്നേഹിയുടെ കടമയാണ്. ഉദാഹരണത്തിന്, ഡിസംബർ 31 ന് ശേഷവും പ്രശ്നങ്ങൾ തീരില്ല എന്ന് പറയുന്നവരോട് എല്ലാ വർഷവും ഡിസംബർ 31 ഉണ്ടല്ലോ എന്ന് പറഞ്ഞിട്ട് സലിം കുമാർ ശൈലിയിൽ 'ഉഹു ഉഹു' എന്ന് ചിരിച്ച് സ്ഥലം കാലിയാക്കുക. പ്രശ്നങ്ങൾ എന്ന് തീരുമെന്ന് ഭാരത് മാതായ്ക്ക് പോലും നിശ്ചയമില്ല. അതുകൊണ്ട് കൂടുതൽ ഡയലോഗ് അടിച്ച് സീൻ ചളമാക്കാതിരിക്കുന്നതാണ് നല്ലത്.

7. രണ്ടായിരത്തിന്റെ നോട്ട് ഇറക്കിയത് കള്ളനോട്ടുകാർക്ക് ഉപകാരമായി എന്ന് വിമർശിച്ചാൽ, ചില്ലറ കിട്ടാതെ ആ കള്ളനോട്ട് ചിതല് പിടിച്ച് നശിക്കും എന്ന് പറയണം. പാകിസ്ഥാനിൽ നിന്നും ആയിരത്തിന്റെ രണ്ടു കണ്ടെയ്‌നർ നോട്ട് ഇറക്കുന്നതിനു പകരം രണ്ടായിരത്തിന്റെ ഒരു കണ്ടെയ്‌നർ ഇറക്കിയാൽ മതി എന്ന് വിമർശിച്ചാൽ, അതുകൊണ്ടാണ് പതിനായിരത്തിന്റെ നോട്ട് ഇറക്കാത്തത് എന്ന് പറയണം. പതിനായിരത്തിന്റെ ഒരു കണ്ടെയ്‌നർ നോട്ടിന് പകരം അവർ രണ്ടായിരത്തിന്റെ അഞ്ച് കണ്ടെയ്‌നർ നോട്ടിറക്കി കഷ്ടപ്പെടും എന്ന് വെച്ച് കാച്ചണം.

8. നോട്ട് പിൻവലിച്ച നടപടിയെ ആരെങ്കിലും legalised blunder എന്നോ organised loot എന്നോ പറഞ്ഞാൽ ഉടനെ "മേരെ പ്യാരീ ദേശ് വാസിയോം..." എന്ന് പറഞ്ഞു പൊട്ടിക്കരയേണ്ടതാകുന്നു. രാജ്യസ്നേഹത്തിന്റെയും ത്യാഗത്തിന്റെയും തെളിവാണ് പൊട്ടിക്കരച്ചിൽ എന്ന് എക്കണോമിസ്റ്റുകളും സൈക്കോളജിസ്റ്റുകളും കൂടി കണ്ടെത്തിയിട്ടുണ്ട്.

9. തീയേറ്ററിൽ ജനഗണമന പാടണമെന്ന കോടതി വിധിയെ വിമർശിക്കുന്നവരോട്, 'രാജ്യദ്രോഹികൾ പാകിസ്ഥാനിലേക്ക് പോകണം' എന്ന പഴകിയ ഡയലോഗ് പറഞ്ഞു ചളമാക്കരുത്. പകരം, 'ജനഗണമന പാടി അതിന്റെ അർത്ഥവും പറഞ്ഞിട്ട് പോയാൽ മതി' എന്ന് മുഷ്ടി ചുരുട്ടി സൗമ്യമായി ഭീഷണിപ്പെടുത്തുകയോ അല്ലെങ്കിൽ അവരെ പോലീസിനെ കൊണ്ട് പിടിപ്പിക്കുകയോ വേണം.



10. ദേശസ്നേഹം എന്ന് വെച്ചാൽ, ഭരണാധികാരികളുടെ നയങ്ങളെ തൊണ്ട തൊടാതെ വിഴുങ്ങുന്ന വിധേയത്വമാണ് എന്ന ധാരണ പരമാവധി പ്രചരിപ്പിക്കാൻ ശ്രമിക്കണം. നിരന്തരമായ സംവാദങ്ങളിലൂടെ സമൂഹത്തിൽ രൂപപ്പെടുന്ന ധാരണകൾ ദേശസ്നേഹികളായ നമ്മളുടെ അജണ്ടകളെ  തകർത്തു കളയാൻ അനുവദിക്കരുത്. നമ്മൾ പിടിക്കുന്ന കഴുതയ്ക്ക് മൂന്നു കൊമ്പും നമ്മുടെ രാജാവിന്റെ നഗ്നത ഏറ്റവും മികച്ച വസ്ത്രവുമാകുന്നു.

ഇത് വായിച്ചു കഴിഞ്ഞ ഉടനെ എല്ലാവരും എണീറ്റ് അറ്റൻഷനായി നിന്ന് ദേശീയഗാനം ഉറക്കെ ചൊല്ലേണ്ടതാണ്.
ഭാരത് മാതാ കീ ജയ്.

11 comments:

  1.  ഡിസംബർ 31 ന് ശേഷവും പ്രശ്നങ്ങൾ തീരില്ല എന്ന് പറയുന്നവരോട് എല്ലാ വർഷവും ഡിസംബർ 31 ഉണ്ടല്ലോ എന്ന് പറഞ്ഞിട്ട് സലിം കുമാർ ശൈലിയിൽ 'ഉഹു ഉഹു' എന്ന് ചിരിച്ച് സ്ഥലം കാലിയാക്കുക...
    കൊള്ളാം രാജാവ് നഗ്നനാണന്ന്‌ പറയാൻ ആരെങ്കിലും ഒക്കെ ഉണ്ടല്ലോ.. ആശ്വാസം. നന്നായി എഴുത്ത്‌ ആശംസകൾ










    ReplyDelete
    Replies
    1. രാജാവ് എങ്ങനെ നടന്നാലും വേണ്ടില്ല. നമ്മളെ പിടിച്ച് രാജ്യദ്രോഹി, UAPA തുടങ്ങിയ പദവികൾ ഒന്നും ചാർത്തി തരാതിരുന്നാൽ മതി എന്നാണ് എല്ലാവരുടെയും പൊതുവെയുള്ള മാനസികനില!

      Delete
  2. ജനങ്ങളുടെ കഷ്ടപ്പാട് 'നാളെ നാളെ നീളെ നീളെ'.... എന്ന് പറഞ്ഞത് പോലെയാണ്. അടുത്തൊന്നും തീരുന്ന ഒരു ലക്ഷണവും കാണുന്നില്ല.

    ReplyDelete
    Replies
    1. എല്ലാം രാജ്യത്തിന് വേണ്ടിയാണല്ലോ എന്നോർക്കുമ്പോ ഒരു ആശ്വാസം!

      Delete
  3. ദേശ സ്നേഹം എന്നത് ഒരു ഉണ്ടമ്പൊരി
    പോലെ പോലെ പെട്ടെന്ന് വാങ്ങിക്കൂട്ടാൻ പറ്റുന്ന സാധനമല്ല .

    നമ്മൾ ഇതുവരെ ഒരു കലക്കൻ യുദ്ധത്തിൽ അകപ്പെട്ട് ആ ദുരിതകൾ
    അനുഭവിച്ചിട്ടില്ല . എല്ലാം ഉപേഷിച്ച് അഭയാർത്ഥികളായി മാറ്റ് രാജ്യങ്ങളിലേക്ക്
    പാലായാനം ചെയ്യപ്പെട്ട് അവിടങ്ങളിലെ ദുരിതം അനുഭവിച്ചിട്ടില്ല.രാജ്യത്ത് അരാജകത്തം
    സൃഷ്ട്ടിക്കുന്ന ഒരു ഭീകരവാദികളുടെയും അടിമകളായി ജീവിച്ചിട്ടില്ല .ഒരു പട്ടാള ഭരണത്തിന്റേയോ ,
    ഏകാധിപതിയിടെയോ കീഴിൽ നാം ഭരിക്കപ്പെട്ടിട്ടില്ല , എന്നുമെന്നോണം പ്രകൃതി ദുരന്തങ്ങളാൽ നാം വീർപ്പ്
    മുട്ടിയിട്ടിയില്ല ,...., ...
    ഇത്തരം സംഭവ വികാസങ്ങളൊക്കെ ഏതെങ്കിലും അനുഭവിച്ചാൽ മതി
    ദേശ സ്നേഹം ശരിക്കും നമ്മളിലേക്ക് ഏത് കാളവണ്ടി പിടിച്ചാണെങ്കിലും വരും കേട്ടോ

    ReplyDelete
    Replies
    1. രാജ്യത്തിന് ഒരു പ്രതിസന്ധി വരുമ്പോൾ രാജ്യസ്നേഹം ഉണരുന്നത് സ്വാഭാവികം. എന്നാൽ വാക്കിലും നോക്കിലും 24 x 7 രാജ്യസ്നേഹം പൂത്തുലയുന്ന ഒരു ജനതയാണ് സുപ്രീം കോടതിയും കേന്ദ്രവും സ്വപ്നം കാണുന്ന കിനാശ്ശേരി!

      Delete
  4. അടിപൊളി :)

    പുതുവത്സരാശംസകൾ

    ReplyDelete
  5. പഴയ പഞ്ച്‌ വന്നില്ല.എന്നാലും കേഡിഗോവിന്ദന്റെ എഴുത്തായകൊണ്ട്‌ ആകെ മൊത്തം ഒരു ആനച്ചന്തമൊക്കെയുണ്ട്‌.

    ReplyDelete
  6. വളരെ നല്ല ശൈലി, അതിനെക്കാളേറെ വിഷയത്തിന്‍റെ ട്രീറ്റ്മെന്റ് രീതി വളരെ ഇഷ്ടപ്പെട്ടു..ഇത്രയും മനോഹരമായി നോട്ടു നിരോധനവും ദേശീയഗാനവിധിയും അവതരിപ്പിച്ചല്ലോ..congrats

    ReplyDelete