Monday, 25 August 2014

കൊച്ചുഗോവിന്ദചരിതം


ഹരിശ്രീ ഗണപതയേ നമ: | അവിഘ്നമസ്തു |
ഇതൊരു കേഡിയുടെ കഥയാണ്. നാലാളെ തല്ലി പോലീസ് സ്റ്റേഷനിൽ കയറി സമ്പാദിച്ച ഇരട്ടപ്പേരല്ല. ജനിച്ചപ്പോൾ മുതൽ കേഡി ആയിത്തീർന്ന ഒരാളുടെ കഥ. ഒരു അഞ്ചടി നാലേ കാലിഞ്ച് പൊക്കം. ഒരു പത്ത് അമ്പത്തെട്ടു കിലോ തൂക്കം. മാൻപേടയെ പോലെ നീളമുള്ള കണ്ണുകൾ ഉണ്ടാവാൻ അമ്മ നീട്ടി ഉഴിഞ്ഞ് ഉഴിഞ്ഞ് കുഴിഞ്ഞു പോയ കണ്ണുകൾ.  പിന്നെ കാറ്റടിച്ചാലും  ഉറങ്ങി എഴുന്നേറ്റാലും കുളിച്ചാലും ഇല്ലെങ്കിലും ആരെയും കൂസാതെ സ്വന്തം ഇഷ്ടപ്രകാരം വളഞ്ഞും പിരിഞ്ഞും ഇരിക്കുന്ന തന്റേടിയായ തലമുടി. കണ്ടോ, മുടി പോലും കേഡിയെ പോലെയാണ് പെരുമാറ്റം. പറഞ്ഞു പറഞ്ഞു വന്നപ്പോൾ ദാ  കിടക്കുന്നു ഉമ്മറത്ത് കാലും നീട്ടി ഒരാൾ .
"ആരാ?"
"ചോദ്യം"
"ആര്?"
"ഡോ, അത് തന്നെയാ പച്ച മലയാളത്തിൽ പറഞ്ഞത്. ചോദ്യമാണെടാ ചോദ്യം!
ആരാണീ കേഡി?          Who is KD?          केडी कौन है?"
ശ്ശെടാ! ഇത് നല്ല ചോദ്യം! അത് ഞാൻ ആകുന്നു. That is ഞാൻ! केडी ഞാൻ है हूं ഹോ!
മുടി ചൂടിയും ചൂടാതെയും മന്നന്മാരും മന്നത്തികളും വാഴുന്ന  ഈ ബൂലോഗത്ത്, എന്റെ ആദ്യ പോസ്റ്റിൽ തന്നെ നാട്ടുകാരെയോ വീട്ടുകാരെയോ പ്രതിഷ്ഠിക്കാൻ ഞാൻ അത്ര വിശാലമനസ്കനോ പോങ്ങനോ ഒന്നും അല്ല ഹേ! നിങ്ങൾ അന്വേഷിച്ചു നടക്കുന്ന കേഡി ഇതെഴുതുന്ന ഞാൻ തന്നെയാണ്. സാക്ഷാൽ കൂനാക്കംപുള്ളി ഗോവിന്ദന്റെ കൊച്ചു മകനും കൂനാക്കംപുള്ളി ധർമന്റെ മകനും ആയ ഞാൻ!
"സ്ഥലം?"
"ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് എടക്കുളം എന്ന (കു)ഗ്രാമം!"
"ശരി. എന്താ ഉദ്ദേശം?"
"നിങ്ങളൊക്കെ എന്റെ പിതാശ്രീയെയും പിതാമഹനെയും വിളിക്കുന്നതിനു മുൻപ് കൊച്ചുഗോവിന്ദചരിതം പറയണം എന്നാണു ഉദ്ദേശം."
പറഞ്ഞിട്ട് വേഗം പൊക്കോണം എന്നും പറഞ്ഞു ചോദ്യം കാലും വലിച്ചെടുത്തു പോയി. എന്നാ പിന്നെ നമുക്ക് അകത്തേക്ക് കടക്കാം, എന്താ?

ജനിച്ചു തൊണ്ണൂറു ദിവസം ഒരു പേര് പോലും ഇല്ലാതെ കണ്ണും മിഴിച്ചു മലര്ന്നു കിടന്ന എന്റെ ചെവിയിലേക്ക് തളിര് വെറ്റില ചേർത്ത് പിടിച്ച് അച്ഛൻ വിളിച്ചു..." ഗോവിന്ദൻ, ഗോവിന്ദൻ, ഗോവിന്ദൻ". ന്യായം. തികച്ചും ന്യായം. മുത്തച്ഛന്റെ പേര് വിളിച്ച് ചടങ്ങ് നടത്തുന്നത് നാട്ടു നടപ്പാണ്. ഞാൻ ഒന്നും മിണ്ടാൻ പോയില്ല. ചുമ്മാ കിടന്നു പല്ലില്ലാത്ത മോണ  കാട്ടി നന്നായി ഒന്ന് ചിരിച്ചു. എന്റെ കുഴിഞ്ഞ കണ്ണുകൾ തിളങ്ങി. അതോടെ വീട്ടുകാരും നാട്ടുകാരും ഒന്നു തീരുമാനിച്ചു. ഇവന് ഇനി ടിപ്പിക്കൽ വിളിപ്പേരുകളായ കണ്ണൻ, കോപ്പൻ, ഉണ്ണി, കുഞ്ഞൻ, കുട്ടൻ മുതലാദി പേരുകളൊന്നും നഹി ചാഹിയേ! അവിടെയായിരുന്നു ടേണിംഗ് പോയിന്റ്‌! തെക്കേ വീട്ടിലെ സാഹിൽ കൊച്ചു ഭാസ്കരൻ  ആയില്ല. പടിഞ്ഞാറേലെ ശ്രീഹരി കൊച്ചു കുമാരൻ ആയില്ല. വടക്കേലെ വിവിൻ കൊച്ചു മാണി ആയില്ല. പക്ഷെ ഞാൻ ആയി! എന്ത്? എന്റെ നിഷ്കളങ്കമായ ചിരി കണ്ട് എല്ലാവരും ഉച്ചൈസ്തരം ഉദ്ഘോഷിച്ചു. എന്ന് വച്ചാൽ ആ ഉച്ച നേരത്ത് വിളിച്ചു കൂവി. " ഇനി മുതൽ ഇവൻ  കൊച്ചു ഗോവിന്ദൻ ആണ്. നമ്മുടെ സ്വന്തം കൊച്ചോവി!""What?!               എന്ത്?!                  क्या?!"
കുഛ് നഹീ! വ്യാകരണം ആണ് മാഷേ, വ്യാകരണം!
കൊച്ചു ഗോവിന്ദൻ ലോപിച്ച് കൊച്ചു ഗോവി ആയി. പിന്നെ അതും ലോപി ലോപി കൊച്ചോവി ആയി. ദാറ്റ്സ് ഓൾ! എന്ത് നല്ല കുഗ്രാമീണത്തനിമയുള്ള പേര്! കേട്ടവർ കേട്ടവർ കോൾമയിർ (അത് തന്നെ!) കൊണ്ടു! അവസാനം ഞാൻ വ്യാകരണം ഒക്കെ പഠിച്ച് A+ ഉം വാങ്ങി വന്നപ്പോഴേക്കും പേരിന്റെ കാര്യം ഗുദാ ഹവ! എടക്കുളത്ത് വന്ന് എന്റെ യഥാർത്ഥ പേരിൽ വീട് ചോദിച്ചാൽ എറണാകുളം ചൂണ്ടിക്കാണിക്കുന്ന അവസ്ഥയിലായി എന്റെ BIS Hallmark 916 പേര്! പക്ഷെ സന്ധിയും സമാസവും പ്രയാസവും സമാസമം വരാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നൊള്ളൂ!

എന്റെ അച്ഛമ്മ മാത്രം മരിക്കുന്നത് വരെ എന്നെ കൊച്ചേ  എന്നോ കൊച്ചു ഗോവിന്ദൻ എന്നോ മാത്രം വിളിച്ചു. പ്രിയതമന്റെ പേര് ലോപിപ്പിച്ചു കുളമാക്കാൻ തോന്നിയിട്ടുണ്ടാവില്ല പാവത്തിന്... മൂത്ത അമ്മായി എന്നെ കൊച്ചോവിന്നൻ എന്ന് വിളിച്ചു. ഓക്കേ, അഡ്ജസ്റ്റബിൾ! അമ്മായിയുടെ മകൾ അതായത് എന്റെ മുറപ്പെണ്ണ്, കൊച്ചു ഗോവി പരിഷ്കരിച്ച് കൊച്ചു ഗോപി എന്നാക്കി. പിന്നെ ഗോപി എന്ന് മാത്രം ആക്കി. ഗോവിന്ദന്റെ  കാര്യം ഗോപി!
രണ്ടാമത്തെ അമ്മായിയും മക്കളും എന്നെ വെറുതെ വിട്ടു. കൊച്ചു ഗോവിന്ദാ... എന്ന് നീട്ടി വിളിച്ചു. മൂന്നാമത്തെ അമ്മായിക്ക് ഞാൻ കുഞ്ഞുണ്ണിയും നാലാമത്തെ അമ്മായിക്ക് ഞാൻ കൊച്ചുണ്ണിയും ആയി. അങ്ങനെ പേര് വിളിയുടെ അന്ന് പായസവും കുടിച്ചു മടങ്ങിപ്പോയ കുഞ്ഞനും ഉണ്ണിയും ഒക്കെ ഫാൻസി ഡ്രെസ്സും ഇട്ടു മടങ്ങിയെത്തി!

അമ്മായിമാരുടെ വീടുകളിൽ അവധിക്കാലത്ത്‌ പാർക്കാൻ  ചെല്ലുമ്പോൾ അവരുടെ അയൽക്കാർക്ക് എന്നെ കൊച്ചോവിയെന്നും കുഞ്ഞുണ്ണിയെന്നും ഒക്കെ പരിചയപ്പെടുത്തി. പിന്നെ അവിടങ്ങളിലെ വ്യാകരണ മഞ്ജരിയുടെ സഹായത്തോടെ അന്നാട്ടുകാർ എന്നെ കൊച്ചാവയെന്നും കുഞ്ഞാവയെന്നും ഒക്കെ വിളിക്കാൻ തുടങ്ങി. പേര് വിളിയുടെ അന്നത്തെ പോലെ ഞാൻ പിന്നേം പല്ലിളിച്ചു ചിരിച്ചു. പിന്നെ വളർന്നു വളർന്നു എടക്കുളത്ത് സ്ഥലം പോര എന്ന് തോന്നിയപ്പോ വിധി എന്നെ ജനശതാബ്ദിയിൽ കയറ്റി  തിരോന്തോരത്ത് എത്തിച്ചു. നാല് വർഷം കഴിഞ്ഞ് ജെറ്റ് എയർവയ്സിൽ കയറ്റി ഷാർജയിലേക്ക് വിട്ടു. കഴിഞ്ഞ വെക്കേഷന് നാട്ടിൽ പോയപ്പോൾ ഇളയ അമ്മായിയുടെ വീടിനടുത്തുള്ള ഒരു വല്യമ്മയെ കണ്ടു. ഒക്കത്ത് ഒരു കുട്ടിയേയും എടുത്ത് നടന്നു വരികയാണ് കക്ഷി. എന്നെ കണ്ടപ്പോൾ ചിരിച്ചു. എന്നിട്ട് പറഞ്ഞു, "ഇതെന്റെ മോൾടെ  മോളാ. മോന്റെ വിളിപ്പേര് തന്നെയാ ഇവൾക്കും". ഞാൻ കോൾ________ കൊണ്ടു. എന്നിട്ട് ചോദിച്ചു, " എന്താ വാവേടെ പേര്?"
"കുഞ്ഞാറ്റ!"
എന്റെ ഗോവിന്ദനപ്പൂപ്പാ!!! കൊച്ചു ഗോവിന്ദൻ എന്ന സ്റ്റൈലൻ പേരിനെ കുഞ്ഞാറ്റയാക്കിത്തീർത്ത വാമൊഴി വഴക്കത്തിന്റെ ശക്തിയെ ഞാൻ നമിച്ചു പോയി!
കൊച്ചുഗോവിന്ദചരിതം സമ്പൂർണ്ണം!
നിങ്ങളുടെ കൊച്ചു കൊച്ചു പ്രോത്സാഹനങ്ങളും വിമർശനങ്ങളും നിർദേശങ്ങളും എനിക്ക് ഏറെ വിലപ്പെട്ടതാണ്‌... തരില്ലേ? 

8 comments:

 1. "പേരിൻറെ ചരിത്രം കൊള്ളാം .... അത് അവിടെ നിൽകട്ടെ , കാര്യത്തിലേക്ക് കടക്കൂ വേഗം ....കഥകളും കവിതകളും ഒക്കെ പോരട്ടെ .... "

  ReplyDelete
  Replies
  1. ഡാ, ഇപ്പൊ ഹരിശ്രീ കുറിച്ചതല്ലേ ഉള്ളു. എഴുതാൻ ശ്രമിക്കാം.

   Delete
 2. നല്ല എഴുത്ത് , തുടര്ന്നും എഴുതൂ എല്ലാ വിധ ആശംസകളും

  ReplyDelete
  Replies
  1. നന്ദി രവി ചേട്ടാ... നന്നായി എഴുതാൻ ശ്രമിക്കാം. ഇനിയും ഇതിലേ വരണേ...

   Delete
 3. Hahahaha... kalakki.... pakshe...oru confusion... eni ninne endh perila vilikya ???

  ReplyDelete
 4. നീ എന്നെ പണ്ട് മുതലേ എന്നെ മൈ.....ഡിയറെ എന്നല്ലേ വിളിക്കാറ്. ഇനിയും അത് തന്നെ മതി!

  ReplyDelete
 5. തുടക്കം തന്നെ നന്നായിട്ടുണ്ട്....
  എല്ലാവിധ ആശംസകളും നേരുന്നു

  ReplyDelete
 6. കൊച്ചോവി നീ ആളു കൊള്ളാട്ടാ ഗെഡീ

  ReplyDelete