Monday 14 December 2020

വാക്ക് 2020

 ഈ സഹസ്രാബ്ദം പിറന്നപ്പോൾ മുതൽ എല്ലാവരും കാത്തിരുന്ന ഒരു വർഷമായിരുന്നു 2020. പറക്കും കാറുകൾ മുതൽ അഭൗമമായ  ജീവിതാനുഭവങ്ങൾ വരെ രണ്ടായിരത്തി ഇരുപതിൽ ലഭ്യമാകുമെന്ന് പലരും പതിറ്റാണ്ടുകൾ മുമ്പേ പ്രവചിച്ചതാണ്. പക്ഷേ, കാത്ത് കാത്ത് ഒരു പുണ്യാളനെ കിട്ടീട്ട് ഈ ഗതിയായല്ലോ കർത്താവേ എന്ന് പ്രാഞ്ചിയേട്ടൻ ആത്മഗതം ചെയ്ത പോലെയായി കാര്യങ്ങൾ. കാത്തുകാത്തിരുന്ന് 2020 വന്നപ്പോൾ വിമാനങ്ങൾക്ക് പോലും പറക്കാൻ പറ്റാത്ത അവസ്ഥയായി! ഇക്കൊല്ലം ഏതാണ്ട് പകുതിയായപ്പോ മുതൽ 2020 എന്ന ഈ മാരണം എങ്ങനെയെങ്കിലും തീർന്നു കിട്ടിയാൽ മതി എന്നായി എല്ലാവർക്കും!

ലോകത്ത് വിചിത്രമായ എന്തെങ്കിലും സംഭവിച്ചാൽ പോലും നമ്മൾക്ക് അത്ഭുതം ഇല്ലാതായി മാറി! 2020 അല്ലേ? ഇങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ എന്ന അവസ്ഥയായി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം ആണ് ഓക്സ്ഫോഡിന്റെ ഈ വർഷത്തെ വേഡ് ഓഫ് ദി ഇയർ! ഒരു വർഷത്തിൽ പ്രത്യേക പ്രാധാന്യം കൈവന്ന വാക്കോ ,അല്ലെങ്കിൽ ആ വർഷത്തിൽ ലോകത്തിന്റെ പൊതുവിലുള്ള അവസ്ഥ സൂചിപ്പിക്കുന്ന ഒരു വാക്കോ ആയിരിക്കും ആ വർഷത്തെ വേഡ് ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കാറ് എന്ന് എന്നെ വായിക്കുന്ന നാലും മൂന്നും ഏഴു പേർക്കും അറിയാമല്ലോ. അങ്ങനെ ഓക്സ്ഫോർഡ് ഈ വർഷം തെരഞ്ഞെടുത്ത വാക്കാണ് "                        ". 

സൂക്ഷിച്ചു നോക്കീട്ട് കാര്യം ഇല്ല ഉണ്യേ! കാരണം, അങ്ങനെ ഒരു വാക്കില്ല. അഭൂതപൂർവമായ സംഭവങ്ങളും സാഹചര്യങ്ങളും കാരണം ഒരു പ്രത്യേക വാക്ക് മാത്രം തെരഞ്ഞെടുക്കാൻ പറ്റാതെ മുട്ടുമടക്കിയിരിക്കുകയാണ് ഓക്സ്ഫോർഡ്. 2020 അല്ലേ? അങ്ങനെയൊക്കെ സംഭവിക്കും! വിശദമായ വായനയ്ക്ക് ഇതാ ഓക്സ്ഫോഡിന്റെ ലിങ്ക് ഓഫ് ദി ലിങ്ക്. മറ്റ് പല സ്ഥാപനങ്ങളും വെബ്സൈറ്റുകളും Pandemic, Lockdown തുടങ്ങിയ വാക്കുകൾ വേഡ് ഓഫ് ദി ഇയർ ആയി തെരഞ്ഞെടുത്തിട്ടുണ്ട്.

പക്ഷേ, ഓക്സ്ഫോഡ് വേ കൊച്ചു ഗോവിന്ദൻ റേ! എനിക്ക് അങ്ങനെ മുട്ടുമടക്കാൻ പറ്റില്ലല്ലോ! അതോണ്ട്, ഞാൻ എന്തായാലും 2020ലെ മലയാളം വാക്ക് അങ്ങ് തെരഞ്ഞെടുത്തു. 

"അനിശ്ചിതാവസ്ഥ " (Uncertainty)

അതാണെന്റെ 2020ലെ വാക്ക്.

2018 ൽ ഞാൻ ആർത്തവം എന്ന വാക്ക് തെരഞ്ഞെടുത്തപ്പോൾ അത് പൊതുവെ കേരളത്തെ മാത്രം ബാധിക്കുന്ന വാക്കായിരുന്നു. 2019 ൽ പൗരത്വം തെരഞ്ഞെടുത്തപ്പോൾ അത് ഇന്ത്യയിലെ മൊത്തത്തിലുള്ള സാഹചര്യങ്ങൾ കണക്കിലെടുത്തു കൊണ്ടായിരുന്നു.  പക്ഷേ, അനിശ്ചിതാവസ്ഥ എന്നത് ഇക്കൊല്ലം മുഴുവൻ ലോകത്തെ മൊത്തത്തിൽ പ്രതിഫലിപ്പിച്ച വാക്കാണ് എന്ന കാര്യത്തിൽ അശേഷം സംശയമില്ല. 

റേഷൻ കടയിൽ പോയാൽ പോലീസ് പിടിക്കുമോ എന്ന ലോക്കൽ അനിശ്ചിതാവസ്ഥ മുതൽ ലോകം എപ്പോ പഴയ പടിയാവും എന്ന ആഗോള അനിശ്ചിതാവസ്ഥ വരെ അടിമുടി അനിശ്ചിതാവസ്ഥ നിറഞ്ഞ ഒരു വർഷമായിരുന്നു 2020. വ്യോമയാന മേഖല എന്ന് ജീവൻ വയ്ക്കും? ദൂരെയുള്ള പ്രിയപ്പെട്ടവരെ എപ്പോ കാണാനാവും? നഷ്ടപ്പെട്ട തൊഴിലുകൾ എന്ന് തിരിച്ചു കിട്ടും? ഒളിംപിക്‌സും തീയേറ്ററും പൂരവും ഇനിയെന്ന് തുടങ്ങും എന്നു തുടങ്ങി ജീവിതത്തെ ബാധിക്കുന്ന വലുതും ചെറുതുമായ ഒട്ടുമിക്ക കാര്യങ്ങൾക്കും വ്യക്തമായ ഉത്തരമില്ലാത്ത ഒരു കാലഘട്ടം അടുത്തെങ്ങും ലോകം അഭിമുഖീകരിച്ചിട്ടില്ല. എന്തിനേറെ? പിഞ്ഞാണം മുട്ടലും ടോർച്ചടിക്കലും കഴിഞ്ഞ് നമ്മടെ മോഡിജീ കൊറോണയെ തുരത്താൻ അടുത്തത് എന്ത് ടാസ്ക് ആയിരിക്കും പറയുക എന്നറിയാതെ ജനകോടികൾ എത്ര രാത്രികളിൽ ഞെട്ടിയുണർന്നു! അതുകൊണ്ട്, അനിശ്ചിതാവസ്ഥ എന്ന വാക്കിന്റെ തെരഞ്ഞെടുപ്പ് പ്രസക്തമാണെന്ന് ഞാൻ കരുതുന്നു.

"ദുരന്തം", "അതിജീവനം", "മഹാമാരി", "മരണം" തുടങ്ങിയവയാണ് അവസാന റൗണ്ടിൽ എത്തിയ മറ്റു വാക്കുകൾ. ഇവയോരോന്നും 2020 നെ പ്രതിഫലിപ്പിക്കാൻ പറ്റിയ വാക്കുകൾ തന്നെയാണെന്നതിന് സംശയമില്ല. എല്ലാ വാക്കുകൾക്കും ആശംസകൾ! 

ഇതുവായിക്കുന്ന ഓരോരുത്തർക്കും ഓർമിക്കാൻ ഇഷ്ടമില്ലാത്ത നിരവധി കാര്യങ്ങൾ ഈ വർഷം സംഭവിച്ചിട്ടുണ്ടാകാനാണ് സാധ്യത. പലവിധ കാരണങ്ങളാൽ, അങ്ങേയറ്റം അനിശ്‌ചിതാവസ്ഥ നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് ഞാനും കടന്നു പോകുന്നത്. എങ്കിലും നമുക്കോരോരുത്തർക്കും പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും കൈവിടാതിരിക്കാം. മനുഷ്യരാശിയ്ക്ക് വേണ്ടി കോവിഡിനെതിരേ  മുൻനിരയിൽ പോരാടുന്നരെയും കാലിടറി വീണവരെയും ഓർത്തുകൊണ്ട് നമുക്ക് പുതുവർഷത്തെ വരവേൽക്കാം. 

എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു. ഒപ്പം ഒരു പ്രാർത്ഥനയും...

ഗോ കൊറോണ ഗോ! ഗോ കൊറോണ ഗോ!

4 comments:

  1. വിശ്വമാന പ്രശസ്ത സർവകലാശാലയായ KD സർവകലാശാലയുടെ ഈ വർഷത്തെ വാക്ക് അതി ഗംഭീരമായിരിക്കുന്നു... ഞാൻ തിരഞ്ഞെടുത്ത വാക്ക് ഇതിനാൽ പ്രഖ്യാപിക്കുന്നു...... വീട്ടിലിരിക്കുക..

    ReplyDelete
  2. 2020 ലെ എൻ്റെ വാക്ക് 'Learning' എന്നാണ് :)

    ReplyDelete
  3. കൊച്ചു ഗോവിന്ദൻ ആരാ? ആ
    ഏതായാലും oxford തോറ്റിടത്ത് kd.
    ഗിന്നസിൽ ഒന്നു നോക്കണം.
    ആശംസകൾ

    ReplyDelete