Thursday, 28 February 2019

കല്യാൺ ആണോ ചുങ്കത്ത് ആണോ ശരി?!

#കേരളം_ശാസ്ത്രം_ആഘോഷിക്കുന്നു

ആഭരണമേഖലയിലെ പരസ്യങ്ങളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണല്ലോ കല്യാൺ ജ്വല്ലേഴ്‌സിന്റെ 'വിശ്വാസം അതല്ലേ എല്ലാം' എന്ന സീരീസ്. കാമുകനൊപ്പം ഒളിച്ചോടാൻ വീടുവിട്ടിറങ്ങിയ മകൾ, അച്ഛനെ ഓർത്തു മടങ്ങി വരുന്നതാണ് ഈ സീരീസിലെ ആദ്യ പരസ്യം. അച്ഛൻ മകളെ സ്നേഹത്തോടെ പുണരുമ്പോൾ സ്‌ക്രീനിൽ ആ പ്രശസ്തമായ വരികൾ തെളിയുകയായി...

വിശ്വാസം... അതല്ലേ എല്ലാം!


സാധാരണ നിലയിൽ കേരളത്തിലെ അച്ഛനമ്മമാർ വിശ്വസിക്കുന്നത് എന്താണ്? വീട്ടിൽ സ്നേഹവും കരുതലും നൽകി വളർത്തുന്ന തന്റെ മകൾ അല്ലെങ്കിൽ മകൻ ഒരു പ്രേമത്തിൽ അകപ്പെടുകയില്ല എന്ന് തന്നെ. ഇനി പ്രേമിച്ചാൽ തന്നെ, ഒളിച്ചോടാനൊന്നും നിൽക്കാതെ, അച്ഛനമ്മമാരോട് മനസ്സ് തുറക്കും എന്ന് വിശ്വസിക്കുന്നവരും ഉണ്ടാകും. എന്റെ മകൾ/മകൻ ഒളിച്ചോടാൻ സാധ്യതയുണ്ട് എന്ന് വിശ്വസിക്കുന്നവരും കാണും. എന്നാൽ, ഒളിച്ചോടിയ മകൾ, വഴിക്ക് വെച്ച് ഓട്ടം നിർത്തി തിരിച്ചു വരും എന്ന് വിശ്വസിക്കുന്ന അച്ഛനമ്മമാർ ഈ ദുനിയാവിൽ ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നില്ല.

എന്നാൽ നമ്മടെ പരസ്യത്തിലോ? അച്ഛൻ തന്റെ മകളിലുള്ള വിശ്വാസം ശരിയായതോർത്ത് ധൃതംഗപുളകിതനാവുന്നു! ഇതാണ് ഈ വിശ്വാസത്തിന്റെ ഒരു കുഴപ്പം. ഒരു കാര്യം വിശ്വസിച്ചാൽ അത് ശരിയാണെന്ന് വരുത്തി തീർക്കാൻ നമ്മൾ ഏതറ്റം വരെയും പോകും. കാര്യങ്ങളെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കും. ഏറ്റവും എളുപ്പത്തിൽ മനസിലാകുന്ന ഒരു ഉദാഹരണം പറയാം. നമുക്ക്, മണ്ടത്തരമായി തോന്നുന്ന ഒരു ആചാരം അന്യമതസ്ഥൻ ആനക്കാര്യമായി വിളമ്പുന്നത് ശ്രദ്ധിച്ചിട്ടില്ലേ?!

വിശ്വാസ പരസ്യത്തിന് മറുപടിയെന്നോണം ചുങ്കത്ത് ജ്വല്ലേഴ്‌സ് കൊണ്ടുവന്ന പരസ്യമാണ് 'അനുഭവം അതാണ് സത്യം' എന്നത്. കൂടെ വരാം എന്ന് പറഞ്ഞ പെണ്ണ് വരാതായപ്പോൾ ചമ്മി നാറി വീട്ടിൽ കയറി വരുന്ന മകനെ അച്ഛൻ കെട്ടിപ്പിടിക്കുമ്പോൾ സ്‌ക്രീനിൽ... 'അനുഭവം, അതാണ് സത്യം'!


ഇവിടെ നമ്മടെ ചെറുക്കന് ഉണ്ടായ അനുഭവം എന്താണ്? ഒളിച്ചോടാൻ ഇറങ്ങിയ കാമുകി ഓട്ടം നിർത്തി റിവേഴ്‌സ് ഗിയർ ഇട്ട് വീട്ടിൽ പോയി. ഇതിൽ അടങ്ങിയിരിക്കുന്ന സത്യം എന്താണ്? പെണ്ണുങ്ങൾ എല്ലാം തേപ്പുകാരികൾ ആണെന്നോ? അതോ വീട്ടിൽ തിരിച്ചു വരുമ്പോൾ അച്ഛൻ കെട്ടിപ്പിടിച്ചു ഇമ്മാതിരി ഡയലോഗ് അടിക്കുമെന്നോ? ഇതിൽ ഏത് തന്നെയായാലും അത് അയാളുടെ വ്യക്തിപരമായ അനുഭവം മാത്രമാണ്. ഒരു കാര്യം സത്യമാണെന്നു സ്ഥാപിക്കാൻ തനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പറയുന്നത് ഒരു ന്യായവൈകല്യം ആണ്. എനിക്ക് പ്രേതാനുഭവം ഉള്ളത് കൊണ്ട് പ്രേതം ഉണ്ട് എന്ന് പറയുന്നത് പോലെ. മലയാളത്തിൽ ഇതിനെ അനക്ഡോട്ടൽ ഫാലസി എന്നും ഇംഗ്ലീഷിൽ Anecdotal Fallacy എന്നും പറയും 🙂 അതുകൊണ്ട്, അനുഭവങ്ങളെ സത്യത്തിന്റെ അടിസ്ഥാനം ആക്കാൻ പറ്റില്ല എന്ന് ചുരുക്കം. ഒരു കാര്യം സത്യമാണെന്നു സ്ഥാപിക്കാൻ ശാസ്ത്രീയമായ ചില രീതികളൊക്കെയുണ്ട്.

ഒരു കാര്യം നിരീക്ഷിച്ചാൽ നമുക്ക് ചില അനുമാനങ്ങളിൽ എത്തിച്ചേരാം. എന്നാൽ അത് ശരിയാണെന്നു തെളിയിക്കാൻ നിരന്തരമായ പരീക്ഷണങ്ങൾ നടത്തണം. അതിൽ നിന്ന് കിട്ടുന്ന ഫലങ്ങൾ വിശകലനം ചെയ്യണം. അവ നമ്മുടെ അനുമാനങ്ങളുമായി ഒത്തു പോയാൽ, ആ പഠനഫലം മികച്ച ശാസ്ത്ര ജേർണലുകളിലൂടെ നമുക്ക് ലോകത്തോട് പങ്കു വെക്കാം. തലയിൽ കിഡ്നിയുള്ള ഒരുപാട് പേര് അത് വായിക്കുകയും വിമർശിക്കുകയും തിരുത്തുകയും മെച്ചപ്പെടുത്തുകയും ഒക്കെ ചെയ്യും. അങ്ങനെയൊക്കെയാണ് ഒരു കാര്യം ശാസ്ത്രീയമായി തെളിയിക്കുന്നത്.

മുകളിലിരിക്കുന്ന പല്ലി നമ്മുടെ ദേഹത്ത് വീണശേഷം, ഓടുന്ന ദിശ നോക്കി ഒരാളുടെ ഭാവി പ്രവചിക്കുന്ന (കപട)ശാസ്ത്രമാണല്ലോ ഗൗളിശാസ്ത്രം. ഇത്തരം കാര്യങ്ങളാണ് വാട്സാപ്പിലെ കേശവൻ മാമന്മാർ മുതൽ ഇന്ത്യൻ സയൻസ് കോൺഗ്രസിൽ പ്രബന്ധം അവതരിപ്പിക്കുന്ന ശാസ്ത്രജ്ഞന്മാർ വരെ പ്രോത്സാഹിപ്പിക്കാറുള്ളത്. എന്നാൽ ആ പല്ലി വീണത് കാല് സ്ലിപ്പായതുകൊണ്ടാണെന്നും വീണു കഴിഞ്ഞു ഓടിയത് സ്വന്തം ജീവൻ രക്ഷിക്കാനാണെന്നും പരീക്ഷണനിരീക്ഷണങ്ങളിലൂടെ തിരിച്ചറിയുന്നതാണ് ശാസ്ത്രത്തിന്റെ ശരിയായ രീതി!




അപ്പൊ പറഞ്ഞു വന്നത് ഇതാണ്. വിശ്വാസമോ, കാലപ്പഴക്കമോ, അനുഭവസാക്ഷ്യങ്ങളോ അല്ല ഒരു കാര്യത്തിന്റെ ആധികാരികത നിർണയിക്കുന്നത്. ശാസ്ത്രത്തിന്, സാമാന്യബുദ്ധിക്ക് നിരക്കുന്നതും കൃത്യമായ നിർവചനം ഉള്ളതുമായ ചില രീതികൾ ഉണ്ട്. അത് പിന്തുടർന്ന് നമ്മുടെ അവകാശവാദം തെളിയിച്ചാൽ അത് ശാസ്ത്രീയമായിരിക്കും. അല്ലാതെ അവിടെയും ഇവിടെയും തൊടാതെ നിങ്ങൾക്ക് ഇപ്പോൾ ഭയങ്കര കാലക്കേട് ആണ് എന്ന് ജ്യോത്സ്യൻ പറയുന്ന ഉടായിപ്പ് പരിപാടി അല്ല ശാസ്ത്രം!





Saturday, 9 February 2019

അവസാനത്തിന്റെ ആരംഭം

ഓഫീസിൽ കുഴഞ്ഞു വീണായിരിക്കുമോ?
അല്ലെങ്കിൽ വണ്ടിയിടിച്ചോ?
തലയിൽ തേങ്ങാ വീണുമാവാം.
മരിച്ചു കഴിഞ്ഞ്,
അങ്ങനെയാണോ ഇങ്ങനെയാണോ
എന്ന് ചിന്തിച്ചിട്ട് എന്ത് കാര്യം?
എന്തായാലും ഒരു ദിവസം,
പെട്ടെന്ന് ഞാനങ്ങ് മരിച്ചു പോകും!


എന്നിട്ട്,
ഓഫീസിൽ പോകാനില്ലാതെ,
ബന്ധങ്ങളും ബാധ്യതകളുമില്ലാതെ,
തർക്കിക്കാനും ട്രോളാനും
പോസ്റ്റിടാനും ഇല്ലാതെ,
മരണത്തിന്റെ സുഖാലസ്യത്തിൽ കിടന്ന്
ഞാനോർക്കും.

മാറ്റിവച്ച
ചില കാര്യങ്ങളുണ്ടായിരുന്നുവല്ലോ?
എന്ന് വേണമെങ്കിലും
ചെയ്യാമെന്ന് കരുതിയവ.


ദൂരെ ദൂരെ...
മഞ്ഞു പെയ്യുന്ന മലമുകളിൽ പോയി
വെറുതെയിരിക്കണമെന്ന്.
വാങ്ങി വച്ച പുസ്തകങ്ങൾ
വായിച്ചു തീർക്കണമെന്ന്...
പിയാനോ വായിക്കാൻ പഠിക്കണമെന്ന്
പഴയ കൂട്ടുകാരുടെ വീട്ടിൽ
അപ്രതീക്ഷിതമായി കയറി ചെന്ന്
അവരെ ഞെട്ടിക്കണമെന്ന്!
ജിമ്മിൽ പോകണമെന്ന്
ഒരു പുസ്തകമെഴുതണമെന്ന്...!

അങ്ങനെ,
ചെയ്യാതെ മാറ്റിവച്ച
ഒരു നൂറുകൂട്ടം കാര്യങ്ങൾ...
എന്നു വേണമെങ്കിലും ചെയ്യാമെന്ന് കരുതി
ഒരിക്കലും ചെയ്യാതിരുന്നവ...

തെക്കേപ്പാടത്ത്,
മാത്തിരിയുടെ കണ്ടത്തിൽ വെച്ച്,
മൂളിപ്പറന്നു വന്ന പന്തിനെ
അവസാനമായി സിക്സർ പായിച്ചത്
എന്നായിരുന്നു?
അവസാനത്തിന്റെ ആരംഭം എന്നായിരുന്നുവെന്ന്
മരണത്തിന്റെ തണുപ്പിൽ
കോടിമുണ്ടും പുതച്ചു കിടന്ന്
ഞാനോർക്കും.
അതെന്റെ അവസാന സിക്സർ ആയിരുന്നെന്ന്
എന്തേ ഞാൻ അറിയാതെപോയി?!

എന്റെ മരണത്തിന്റെ
കൂട്ടനിലവിളികൾക്കിടയിലും
ജീവിതത്തിന്റെ ആകസ്മികതകളോർത്ത്
ഞാൻ പതിയേ ചിരിക്കും, ആരും കാണാതെ!


ഒടുവിലായി കണ്ണുപൊത്തിക്കളിച്ചത്
എന്നായിരുന്നു?
കശുമാവിൻ കൊമ്പുകളിൽ ഊഞ്ഞാലാടിയത്?
ഇടവപ്പാതിയിൽ,
കലിതുള്ളിയൊഴുകുന്ന കുറിഞ്ഞാലിത്തോട്ടിൽ
കുളിച്ചു തിമിർത്തത്!!!

പൂരപ്പറമ്പുകളിലും തീയറ്ററിലും
മൈതാനങ്ങളിലും തട്ടുകടയിലും
ചങ്ങാതിമാരോടൊപ്പം അവസാനമായി
ഒത്തുകൂടിയത് എന്നായിരുന്നു?

ഇതെല്ലാം
അവസാനമായി ചെയ്ത,
ചില ദിവസങ്ങളുണ്ടായിരുന്നു...
അറിയാതെ പോയ
അവസാനത്തിന്റെ ആരംഭങ്ങൾ!!!

പണ്ടെന്നോ,
അമ്മായിമാരുടെ മക്കളും
അയലത്തെ പിള്ളേരും ഒക്കെ ചേർന്ന്
കളിച്ചു പിരിഞ്ഞത്
അവസാനത്തേതാണെന്ന് അറിഞ്ഞില്ലല്ലോ എന്ന്
ഞാനത്ഭുതപ്പെടും!


മരിക്കുമ്പോഴെങ്കിലും,
നഷ്ടോൾജിയയും പൊക്കിപ്പിടിച്ച്
തലപെരുപ്പിക്കാതെ,
അടങ്ങിക്കിടന്നൂടേയെന്ന്
ഞാനെന്നോട് കയർക്കും!

ആ കിടപ്പിൽ ഞാനൊന്നു തിരിഞ്ഞു നോക്കും
ബാക്കിയാക്കിയതെന്തൊക്കെയാണ്?
കഥയാക്കി മാറ്റാൻ ഡയറിയിൽ കുറിച്ചിട്ട
ഒറ്റവരി ആശയങ്ങൾ...
പറയാൻ ബാക്കിവെച്ച ഇഷ്ടങ്ങൾ...
കറക്കിയിട്ടും കറക്കിയിട്ടും നേരെയാവാത്ത
റുബിക്സ് ക്യൂബ്...
സേവ് ചെയ്തിട്ടും പോസ്റ്റ് ചെയ്യാത്ത
ടിക്‌ടോക് വീഡിയോകൾ...
കഷ്ടം!

ആചാരവെടി കിട്ടിയില്ലെങ്കിലും
നാലാളോർക്കാൻ
നാല് നല്ലകാര്യങ്ങളൊന്നും ചെയ്തില്ലല്ലോ
എന്ന് ഞാൻ എന്നെ പുച്ഛിക്കും!
ചെലപ്പോ കൺകോണിൽ ഒരുതുള്ളി
കണ്ണീർ പൊടിയാനും മതി!
പ്രാരാബ്ധം തീർന്നിട്ട് നന്മ ചെയ്യാൻ
തീരുമാനിച്ചതിനിടയ്ക്ക്
മരണമെന്ന മാരണം വരുമെന്ന്
ആരറിഞ്ഞു?!

അങ്ങനെ,
അത്ഭുതപ്പെട്ടും തലപെരുപ്പിച്ചും
കയർത്തും കരഞ്ഞും
ചിരിച്ചും ചിന്തിച്ചും
ഞാൻ ജീവിതത്തെ
അവസാനമായി
തിരികെപ്പിടിക്കാൻ നോക്കും!
പിന്നെ,
മാർഗ്ഗമേതായാലും
ലക്ഷ്യം മരണമാണെന്ന തിരിച്ചറിവിൽ
ഞാനത് വേണ്ടെന്നു വയ്ക്കും!

ഒടുവിൽ,
മരണത്തിന്റെ കയ്യും പിടിച്ച്...
അതോ പോത്തിന്റെ ചുമലിലോ?
കയ്യിലിരുപ്പനുസരിച്ച്,
കയറിൽ കെട്ടിവലിച്ചും ആവാം!
എങ്ങനെയായാലും,
മാവിന്റെ വിറകുകൾക്കുള്ളിൽ
ദേഹത്തിന്
ചൂടുപിടിക്കുന്നതിനു മുൻപേ,
ഞാൻ ആ യാത്ര തുടങ്ങും...
അതായിരിക്കും
അവസാനത്തിന്റെ യഥാർത്ഥ ആരംഭം!


Saturday, 29 December 2018

വാക്ക് 2018

അക്ഷരലോകത്ത് പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങൾക്കും 'വേഡ് ഓഫ് ദി ഇയർ' (Word of the year) എന്ന പേരിൽ ഒരു വാക്ക് തെരഞ്ഞെടുക്കുന്ന പതിവുണ്ട്. ആ വർഷം ഏറ്റവും ചർച്ച ചെയ്യപ്പെട്ടതോ ആ വർഷത്തിന്റെ മൊത്തത്തിലുള്ള സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതോ ആയിരിക്കും വേഡ് ഓഫ് ദി ഇയർ. ആയിരക്കണക്കിന് വാക്കുകളുള്ള ഒരു നിഘണ്ടുവിൽ നിന്ന് ഒരു വാക്കിനെ തെരഞ്ഞെടുക്കുന്നത് രസകരമായ സംഗതിയായത് കൊണ്ട് ഞാൻ അത് ശ്രദ്ധിക്കാറുണ്ട്. 2015 ലെ വാക്കായി ഓക്സ്ഫോർഡ് തെരഞ്ഞെടുത്തത് ഒരു വാക്ക് പോലും അല്ലായിരുന്നു! നമ്മൾ വാട്സാപ്പിലും ഫേസ്ബുക്കിലും ഒക്കെ പുട്ടിന് പീര പോലെ ചേർക്കുന്ന, സന്തോഷക്കണ്ണീർ പൊഴിക്കുന്ന ഇമോജിയാണ് 2015 ലെ വാക്കായി ഓക്സ്ഫോഡ് തെരഞ്ഞെടുത്തത്. ആശയവിനിമയത്തിൽ നമ്മൾ ഇമോജികളെ എത്ര മാത്രം ആശ്രയിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു അത്. കൂടുതൽ വായിക്കാനുള്ള ലിങ്ക് ഓഫ് ദി ലിങ്ക് ഇവിടെ. സെൽഫി ഭ്രമം മൂത്ത് തുടങ്ങിയ കാലത്തെ വേഡ് ഓഫ് ദി ഇയർ ആയിരുന്നു സെൽഫി (2013). ഇപ്രാവശ്യത്തെ Oxford വേഡ് ഓഫ് ദി ഇയർ TOXIC ആണ്. അതിനു പിന്നിലെ കാരണങ്ങൾ ദാ ദിവിടെ.

മലയാളത്തിൽ ഇങ്ങനത്തെ കലാപരിപാടികൾ ഒന്നും ഇല്ലെങ്കിലും ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ മലയാളവാക്ക് ഏതാണെന്ന് ചിന്തിക്കുന്നത് രസകരമായിരിക്കും എന്ന് തോന്നുന്നു. മലയാളം വാക്ക് തെരഞ്ഞെടുക്കാൻ ഓക്സ്ഫോർഡിനെ പോലെ നമുക്കൊരു സ്ഥാപനം ഇല്ലാതെ പോയി. പക്ഷേ നമ്മൾ വിട്ടുകൊടുക്കാൻ പാടുണ്ടോ?! അതുകൊണ്ട് ഞാൻ സ്വന്തം നിലയ്ക്ക് ഒരു മലയാളം വാക്കിനെ വേർഡ് ഓഫ് ദി ഇയർ പ്രഖ്യാപിക്കുകയാണ്. 'ആർത്തവം' ആണ് എന്റെ വേഡ് ഓഫ് ദി ഇയർ.



ഞാൻ വലിയ പുരോഗമനക്കാരനാണെന്നു എനിക്ക് സ്വയം തോന്നാറുണ്ടെങ്കിലും(!) ആർത്തവം എന്ന വാക്ക് ഞാൻ കാര്യമായി ഉപയോഗിച്ചിട്ടില്ലായിരുന്നു. വീട്ടിലോ ചുറ്റുപാടുമോ ഉള്ള മഹിളാമണികളോട് പിരീഡ്‌സിനെ കുറിച്ചോ സാനിറ്ററി നാപ്കിനെ കുറിച്ചോ സംസാരിച്ചത് എന്റെ ഓർമയിലെങ്ങുമില്ല. എന്നാൽ അതെല്ലാം പൊളിച്ചടുക്കിയ ഒരു വർഷമായിരുന്നു 2018.

പാഡ് മാൻ എന്ന അക്ഷയ് കുമാർ  ചിത്രത്തിലൂടെ 2018 ന്റെ തുടക്കത്തിൽ തന്നെ ആർത്തവം ഇന്ത്യയൊട്ടുക്ക് ചർച്ചാ വിഷയമായിരുന്നു. ബോളിവുഡ് താരങ്ങൾ മുതൽ സാധാരണക്കാർ വരെ സാനിറ്ററി നാപ്കിൻ പിടിച്ചു കൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്ത് പിന്തുണയറിയിച്ചു. പിന്നീട് പ്രളയം വന്നപ്പോൾ ആർത്തവം വീണ്ടും ചർച്ചാ വിഷയമായി. വെറും കയ്യോടെ വീട് വിട്ടിറങ്ങി ദുരിതാശ്വാസ ക്യാമ്പിൽ കഴിയേണ്ടി വന്ന പെണ്ണുങ്ങൾക്ക് ആർത്തവം ബുദ്ധിമുട്ടേറിയ സമയമാണെന്നും ആവശ്യത്തിന് സാനിറ്ററി നാപ്‌കിൻസ് ലഭ്യമാക്കേണ്ടത് അത്യാവശ്യമാണെന്നും സമൂഹത്തിന് തിരിച്ചറിവുണ്ടായി. ഫ്രീക്കന്മാരുൾപ്പടെ നിരവധി ആളുകൾ സാഹചര്യം മനസിലാക്കി സംഗതി സംഘടിപ്പിക്കാൻ മുന്നിട്ടിറങ്ങി. എന്നാൽ ഇതിനേക്കാളൊക്കെ ശക്തമായി ആർത്തവം ചർച്ചയായത് യുവതികളുടെ ശബരിമല പ്രവേശനം സാധ്യമായതോടെയാണ്.

ആർത്തവത്തെ കുറിച്ച് മിണ്ടാൻ മടിച്ചിരുന്ന ഞാൻ പോലും വാട്സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലും നേരിലും ഫോണിലുമായി എത്രയോ സ്ത്രീകളുമായി സംസാരിച്ചു. തർക്കിച്ചു. അപ്പോഴാണ് എനിക്ക് മനസിലായത് ആർത്തവം എന്നത് ഞാൻ കരുതിയത് പോലെ ഒളിപ്പിച്ചു വയ്‌ക്കേണ്ട സംഗതിയൊന്നുമില്ലെന്ന്. 2018ൽ പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ചാനലുകളിലും മുൻവർഷങ്ങളിലേതിനേക്കാൾ ഒരു നൂറു മടങ്ങെങ്കിലും ആർത്തവം എന്ന വാക്ക് ഉപയോഗിച്ചു കാണും. എത്രയോ ലേഖനങ്ങളും ചർച്ചകളും ഈ വിഷയത്തിൽ പിറന്നു. അതുകൊണ്ട് 2018 ലെ വാക്ക് ഓഫ് ദി വർഷം ആയി ഞാൻ ആർത്തവം തെരഞ്ഞെടുക്കുന്നു.

ഇതോടൊപ്പം എന്റെ സുഹൃത്തുക്കളെ #vaakk2018 എന്ന ചലഞ്ചിലേക്ക് ഞാൻ ക്ഷണിക്കുകയാണ്. അപ്പോൾ പറയൂ, ഏതായിരുന്നു നിങ്ങളുടെ വാക്ക് ഓഫ് ദി വർഷം 2018?! എന്തായിരുന്നു അതിനുള്ള കാരണങ്ങൾ?

വാക്ക് 2019 കാണാൻ ദിവിടെ ക്ലിക്കുക.

Friday, 5 October 2018

വിശ്വാസം, അതാണോ എല്ലാം?

എത്രയും പ്രിയപ്പെട്ട ഹൈന്ദവ കുലസ്ത്രീ അമ്മമാരേ, പെങ്ങമ്മാരേ...

അധികം വളച്ചുകെട്ടൽ ഒന്നും ഇല്ലാതെ, വിഷയത്തിലേക്ക് വരാം. നിങ്ങൾ എങ്ങനെയാണ് ഒരു ഹിന്ദു ആയത് എന്ന് ചിന്തിച്ചിട്ടുണ്ടോ? എല്ലാവരും ഹിന്ദു ആയിട്ടാണ് ജനിക്കുന്നത്, ഹിന്ദുമതം ഒരു ജീവിതരീതിയാണ് എന്നൊക്കെയുള്ള വാട്സാപ്പ് ഫോർവേഡ് മെസേജുകൾ കയ്യിലിരിക്കട്ടെ. നിങ്ങൾ ഒരു ഹിന്ദു ആയിത്തീർന്നത് നിങ്ങളുടെ അച്ഛനമ്മമാർ ഹിന്ദുക്കൾ ആയതിനാലാണ്. അല്ലാതെ, ബോധം ഉറച്ചതിനു ശേഷം നിഷ്പക്ഷമായി മതങ്ങളെ വിലയിരുത്തി തെരെഞ്ഞെടുപ്പ് നടത്തിയവർ ആരും കാണില്ല. ഭ്രൂണമായിരുന്നപ്പോൾ മുതൽ കേട്ട് തുടങ്ങിയ നാമജപങ്ങളും പുരാണങ്ങളും ആചാരാനുഷ്ടാനങ്ങളും ഒക്കെ നമ്മുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ബോധം ഉറയ്ക്കുമ്പോൾ നമ്മൾ ചെയ്യുന്നത് നമ്മുടെ വിശ്വാസപ്രമാണങ്ങളെ ന്യായീകരിക്കുന്ന തെളിവുകൾ മതത്തിൽ കണ്ടെത്തുക എന്നത് മാത്രമാണ്.



ശബരിമലയിലെ സ്ത്രീപ്രവേശനം അശാസ്ത്രീയമാണെന്ന് കാണിക്കാൻ നിഷ പിള്ള എന്ന കാർഡിയോളോജിസ്റ് ശാസ്ത്രത്തെ ബലാൽസംഗം ചെയ്തത് ഒരു ഉദാഹരണമാണ്. ക്ഷേത്രങ്ങൾ ഒരു മാഗ്നെറ്റിക് ഫീൽഡിൽ ആണ് സ്ഥിതി ചെയ്യുന്നത് എന്നും അവിടെ തന്നെ ഏറ്റവും മാഗ്നറ്റിക് പവർ ഉള്ള സ്ഥലത്താണ് പ്രതിഷ്ഠ നടത്തുക എന്നും സ്ത്രീകൾ ആർത്തവസമയത്ത് അവിടെ പോയാൽ കാക്രികൂക്രി പിടിക്കുമെന്നും ഒക്കെ നമ്മുടെ ഡോക്ടർ ഒരു വീഡിയോയിൽ തള്ളിമറിക്കുന്നുണ്ട്. ഭൂമി എന്ന ഗ്രഹത്തിന് മൊത്തത്തിലുള്ള കാന്തികതയല്ലാതെ ഇരിങ്ങാലക്കുടയ്ക്ക് സ്വന്തമായി ഒരു കാന്തികതയും തിരോന്തോരത്തിനു വേറൊരു കാന്തികതയും ഒന്നും ഡിങ്കൻ അനുവദിച്ചു നൽകിയിട്ടില്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ ഒരു പത്താം ക്‌ളാസുകാരന്റെ കയ്യിൽ ഒരു വടക്കുനോക്കിയന്ത്രം കൊടുത്താൽ കണ്ടുപിടിക്കാവുന്ന കാര്യമേയുള്ളൂ. നിർഭാഗ്യവശാൽ വായ കൊണ്ട് കടുകുവറുക്കുമെന്നല്ലാതെ ഇന്നോളം ഒരു വിശ്വാസിയും അമ്പലത്തിനു ചുറ്റുമുള്ള കാന്തികത കണ്ടുപിടിച്ചിട്ടില്ല. എത്ര വലിയ വിഡ്ഢിത്തമാണെങ്കിലും, ഒരു സുപ്രഭാതത്തിൽ ഒരു സുപ്രീം കോടതി വന്ന് മാറ്റാൻ പറഞ്ഞാൽ മാറുന്നതല്ല നമ്മുടെ വിശ്വാസങ്ങൾ. അതിന് പരിണാമപരമായ ചില കാരണങ്ങളുണ്ട്.

വലിയ തലച്ചോറാണല്ലോ മനുഷ്യനെ മറ്റു മൃഗങ്ങളിൽ നിന്ന് ഭീകരനാക്കുന്നത്! എന്നാൽ ആ വലിയ തലച്ചോറ് നമുക്കൊരു ബാധ്യത കൂടിയാണ്. ശരീരഭാരത്തിന്റെ നാല് ശതമാനത്തിൽ താഴെ മാത്രമാണെങ്കിലും ശരീരത്തിനാവശ്യമായ ഊർജത്തിന്റെ ഇരുപത് ശതമാനവും ഉപയോഗിക്കുന്നത് തലച്ചോറാണ്. ആദിമമനുഷ്യരെ സംബന്ധിച്ച് ഭക്ഷണം ഒരു വെല്ലുവിളി ആയിരുന്നു. വല്ല കാട്ടുകിഴങ്ങുകളോ മറ്റ് ജീവികൾ ഉപേക്ഷിച്ചു പോയ എല്ലിൻകഷണത്തിനുള്ളിലെ മജ്ജയോ ഒക്കെയായിരുന്നു അവരുടെ ഭക്ഷണം. ഇന്ന് എന്തെങ്കിലും കിട്ടിയാൽ അടുത്ത ഭക്ഷണം എപ്പോൾ കിട്ടുമെന്ന് പറയാൻ പറ്റാത്ത അവസ്ഥ. അപ്പോൾ, ഉള്ള ഊർജം സംരക്ഷിക്കേണ്ടത് ജീവൻ നിലനിർത്താൻ അത്യാവശ്യമായിത്തീർന്നു. അതിനുള്ള പല ഉപാധികളിൽ ഒന്നായിരുന്നു വിശ്വാസവും.

ഉദാഹരണത്തിന്, ഒരു ചോദ്യവും ഉത്തരവും നോക്കാം. മഴ പെയ്യുന്നത് എന്തുകൊണ്ട്? ഇന്നത്തെ പോലെ ഗൂഗിളൊന്നും ഇല്ലാത്ത കാലമല്ലേ? മഴയുടെ ശാസ്ത്രീയമായ വശം അന്വേഷിക്കാൻ പോയാൽ  ഒരുപാട് അധ്വാനിക്കേണ്ടി വരും. ഊർജം നഷ്ടപ്പെട്ട് നമ്മൾ ക്ഷീണിതരാകും. ആ സമയത്ത് വല്ല പുലിയോ സിങ്കമോ അതിലേ വന്നാൽ ഓടി രക്ഷപ്പെടാൻ പോലും പറ്റില്ല. പകരം, അത് മുകളിലിരുന്ന് ഒരു ആകാശമാമൻ വെള്ളം കോരി ഒഴിക്കുന്നതാണ് എന്ന് വിശ്വസിച്ചാലോ? ആ തലവേദന കഴിഞ്ഞു. നമ്മൾ ഉഷാറായി അടുത്ത പരിപാടി നോക്കും. ഭക്ഷണത്തിന് ഒരു ഗ്യാരന്റിയും ഇല്ലാത്ത അക്കാലത്ത് തലപുകച്ചു ഊർജം ചെലവാക്കുന്ന ഒരു മനുഷ്യന് വിശ്വാസിയായ ഒരു മനുഷ്യനേക്കാൾ അതിജീവനസാധ്യത കുറവായിരുന്നു. സ്വാഭാവികമായും, വലിയ വലിയ കാര്യങ്ങളിലൊന്നും തലയിടാതെ, വിശ്വാസം അതല്ലേ എല്ലാം എന്ന് കരുതിയ മനുഷ്യരുടെ തലമുറയാണ് നിലനിന്നത്. എന്നു വച്ചാൽ, പരിണാമത്തിന്റെ ഒരു ഉല്പന്നമാണ് വിശ്വാസവും! കഴിഞ്ഞ ഏതാനും ആയിരം വർഷങ്ങളിൽ മനുഷ്യൻ അവിശ്വസനീയമായ രീതിയിൽ പുരോഗതി നേടിയെങ്കിലും ലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് ഉരുത്തിരിഞ്ഞ അതേ പ്രാചീനമസ്‌തിഷ്‌കം തന്നെയാണ് നമുക്ക് ഇപ്പോഴും ഉള്ളത്. അതുകൊണ്ടാണ് നമ്മൾ പലതും മുൻപിൻ നോക്കാതെ വിശ്വസിക്കുന്നതും വിശ്വാസത്തിന് ക്ഷതമേൽക്കുമ്പോൾ അസ്വസ്ഥരാകുന്നതും. വിശ്വാസം ചോദ്യം ചെയ്യപ്പെട്ടാൽ നമ്മുടെ ജീവന് നേരെ വരുന്ന ഭീഷണി  ആയിട്ടാണ് മസ്തിഷ്‌കം അതിനെ വിലയിരുത്തുക. അതു തടയാൻ എന്ത് വില കൊടുക്കാനും നമ്മൾ തയ്യാറാകും.

ഉദാഹരണത്തിന്, ദൈവത്തിന് കാലിത്തീറ്റ നേദിക്കുന്ന കുടുംബത്തിലാണ് നിങ്ങൾ ജനിച്ചതെങ്കിൽ നിങ്ങളും മരണം വരെ അത് തന്നെ ചെയ്യും. അത് മാറ്റി കപ്പലണ്ടിപ്പിണ്ണാക്ക് ആക്കാൻ ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ എതിർക്കും. എന്റെ നെഞ്ചത്ത് ചവിട്ടിയിട്ടേ നീ കപ്പലണ്ടിപ്പിണ്ണാക്ക് നേദിക്കൂ എന്നൊക്കെ പറഞ്ഞു കളയും. അത് നിങ്ങളുടെ കാലിത്തീറ്റ ശരിയായതു കൊണ്ടല്ല. അതാണ് ശരിയെന്ന് നിങ്ങൾ വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ്. (ഉണക്കമീനും കപ്പയുമാണ് യഥാർത്ഥ നിവേദ്യം എന്നത് വേറെ കാര്യം!) 

മതത്തിനു പുറത്തും ഒരു ലോകം ഉണ്ടല്ലോ. ഇനി നമുക്ക് അങ്ങോട്ടേക്ക് ഒന്ന് പോകാം. ഭൂമിയിലെ ഏറ്റവും പഴക്കമുള്ള മതങ്ങൾക്ക് പോലും ഒരു അയ്യായിരം വർഷത്തിനപ്പുറം പഴക്കം കാണില്ല. എന്നാൽ ആധുനികമനുഷ്യൻ ഇവിടെ ജീവിച്ചു തുടങ്ങിയിട്ട് ഏകദേശം രണ്ട് ലക്ഷം വർഷങ്ങളായി. അന്നത്തെ ഏതാനും മനുഷ്യരിൽ നിന്നാണ് ഇന്ന് ഈ കാണുന്ന മനുഷ്യരെല്ലാം ഉണ്ടായത്. രാജ്യങ്ങളും സംസ്കാരങ്ങളും ആചാരങ്ങളും ഭാഷകളും ഒക്കെ അതിനു ശേഷം മാത്രം ഉണ്ടായതാണ്. സൈക്യാട്രിയിൽ ഇതിനെ 'വസുധൈവ കുടുംബകം' എന്നും 'ലോകമേ തറവാട്' എന്നുമൊക്കെ പറയും.  അപ്പോൾ അടിസ്ഥാനപരമായി നമ്മളെല്ലാം മനുഷ്യരാണ്. അതിനു ശേഷമേ മറ്റെന്തിനും പ്രസക്തിയുള്ളൂ.

ഒരാൾ ആണോ പെണ്ണോ ഒക്കെ ആകുന്നത് എങ്ങനെയാണ്? മാതാപിതാക്കളുടെ  സെക്സ് ക്രോമോസോമുകളുടെ രണ്ട് കോമ്പിനേഷനുകളാണ് ആണിനേയും പെണ്ണിനേയും ഒക്കെ തീരുമാനിക്കുന്നത്. രണ്ട് എക്സ് ക്രോമോസോമുകളാണ് ചേരുന്നതെങ്കിൽ കുട്ടി പെണ്ണാകുന്നു. ഒരു എക്‌സും ഒരു വൈയും ആണെങ്കിൽ കുട്ടി ആണാകുന്നു. ഇക്കാര്യത്തിൽ, ജനിക്കുന്ന കുട്ടിയ്ക്ക് ഒരു പങ്കും ഇല്ല. അതുപോലെ തന്നെയാണ് ആ കുട്ടിയുടെ ജാതി, മതം, നിറം, ഉയരം എല്ലാം. സ്വന്തം നിയന്ത്രണത്തിൽ അല്ലാത്ത കാരണങ്ങൾ കൊണ്ട് സംഭവിക്കുന്ന കാര്യങ്ങൾക്ക് വിവേചനം അനുഭവിക്കേണ്ടി വരുന്നത് വളരെ വേദനിപ്പിക്കുന്ന കാര്യമാണ്. കറുത്ത നിറക്കാരനായ കുട്ടി വംശീയമായ അധിക്ഷേപം നേരിടേണ്ടി വരുന്നത് ഒരു നിലയ്ക്കും ന്യായീകരിക്കാവുന്നതല്ല എന്ന് ഒരുമാതിരി എല്ലാവർക്കും അറിയാം. ഇതേ ചിന്താഗതി തന്നെയാണ് ഒരാളെ കുള്ളൻ എന്നോ, പാണ്ടൻ എന്നോ, പൊട്ടൻ എന്നോ പുലയൻ എന്നോ ഒക്കെ വിളിച്ചു കളിയാക്കുമ്പോൾ നമ്മുടെ മനസ്സിൽ ഉണ്ടാകേണ്ടത്. എന്നാൽ അതിൽ ഏറ്റവും പ്രാധാന്യമുള്ളതും ഏറ്റവും അവഗണിക്കപ്പെടുന്നതുമായ കാര്യമാണ് ലിംഗവിവേചനം.

ഒരു ആരാധനാലയത്തിൽ സ്ത്രീകളുടെ ജൈവപരമായ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ പ്രവേശനം നിഷേധിക്കപ്പെടുന്നു എന്ന് വരുമ്പോൾ കോടതിയുടെ ആദ്യപരിഗണന പോകുന്നതും പോകേണ്ടതും  മനുഷ്യത്വം എന്ന കാര്യത്തിനാണ്. ഒരു പുരുഷന് കിട്ടുന്ന അവകാശങ്ങൾ ഒരു സ്ത്രീയാണെന്ന കാരണം കൊണ്ട് മാത്രം അവൾക്ക് നിഷേധിക്കപ്പെട്ടു കൂടാ. വളരെ ലളിതമായ യുക്തിയാണത്. മനുഷ്യത്വത്തെ മുൻനിർത്തി ആചാരങ്ങൾ പരിഷ്കരിക്കപ്പെടുമ്പോഴാണ് മതങ്ങൾ നവീകരിക്കപ്പെടുന്നത്. അല്ലായിരുന്നെങ്കിൽ ഇന്നും മൃഗബലിയും നരബലിയും കഴിച്ച് വിശപ്പ് മാറ്റുന്ന പ്രാകൃതദൈവങ്ങളായി നമ്മുടെ വി ഐ പി ദൈവങ്ങൾ തുടർന്നേനെ.

ഇനി പവിത്രതയുടെ വശം പരിശോധിക്കാം. ഒരു ഉല്പന്നത്തിന്റെ ഗുണമേന്മ, മുൻകൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച്, അത് സാക്ഷ്യപ്പെടുത്തുന്ന സ്ഥാപനങ്ങൾ ലോകമെങ്ങും ഉണ്ട്. അതിൽ ചിലതാണ് ISO, ISI, BIS തുടങ്ങിയവ. ISI മാർക്ക് ഉള്ള ഹെൽമെറ്റ്, BIS ഹാൾമാർക് മുദ്രയുള്ള സ്വർണം, പത്തരമാറ്റ് വിശ്വാസം എന്നൊക്കെ കേട്ടിട്ടില്ലേ? അതിൽ ആദ്യം പറഞ്ഞ രണ്ടെണ്ണം നമുക്ക് വ്യക്തമായി പരിശോധിക്കാനും സാക്ഷ്യപ്പെടുത്താനും പറ്റുന്നതാണ്. എന്നാൽ പവിത്രത അളക്കുന്ന പവിത്രോമീറ്ററോ സ്ത്രീയുടെ അശുദ്ധി അളക്കുന്ന അശുദ്ധോഗേയ്ജൊ ഒന്നും ശാസ്ത്രം ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. മോസ്‌ക്  ഹിന്ദുവിനെ സംബന്ധിച്ച് ഒരു കെട്ടിടം മാത്രമാണ്. എന്നാൽ മുസ്ലിംകൾക്ക് അത് പവിത്രമാണ്. ക്ഷേത്രത്തിന്റെ കാര്യത്തിൽ തിരിച്ചും. എല്ലാ ദൈവങ്ങളും ഒന്നാണെന്ന് പറയുന്ന സനാതനമത ഡിപ്ലോമസി അനുസരിച്ച് ക്രിസ്ത്യൻ യുവതികൾക്ക് 'ആ ദിവസങ്ങളിൽ' പള്ളിയിൽ പോകാമെങ്കിൽ അതെ യുക്തി എന്ത് കൊണ്ട് ക്ഷേത്രകാര്യത്തിൽ പ്രയോഗിക്കുന്നില്ല. ഉത്തരം സിംപിളാണ്. നമ്മൾ ജനിക്കുന്നതിനു മുമ്പേ നടന്നു വന്നിരുന്ന കാര്യങ്ങളാണ് അതൊക്കെ. തിരുത്താൻ ശ്രമിക്കുന്നതിലും എളുപ്പം പിന്തുടരുന്നതാണ്. പവിത്രതയും അശുദ്ധിയും ഒക്കെ അതിനെ ന്യായീകരിക്കാൻ ഉപയോഗിക്കുന്നു എന്ന് മാത്രം. പ്രളയകാലത്ത് കക്കൂസ് മാലിന്യങ്ങളും അറവു മാലിന്യങ്ങളും നിറഞ്ഞ വെള്ളത്തിൽ ദിവസങ്ങളോളം ദൈവങ്ങൾക്ക് മുങ്ങിക്കിടക്കാമെങ്കിൽ ഭക്തിയോടെയും വൃത്തിയോടെയും വരുന്നവരെ വേർതിരിവില്ലാതെ സ്വീകരിക്കാൻ ദൈവങ്ങൾക്ക് സന്തോഷമേ കാണൂ.

ഇതെല്ലാം എളുപ്പത്തിൽ ഉൾക്കൊള്ളാൻ വിശ്വാസികൾക്ക് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ടാണല്ലോ ആചാരങ്ങൾ സംരക്ഷിക്കാൻ അവർ തെരുവിലിറങ്ങുന്നത്. അവരോട് ഒരപേക്ഷയേ ഉള്ളൂ. ദയവായി നിങ്ങളുടെ കുഞ്ഞു മക്കളെ വീട്ടിലിരുത്തിയിട്ട് സമരത്തിന് പോകുക. ആർത്തവമുള്ള സ്ത്രീ അശുദ്ധയാണെന്നും അകറ്റി നിർത്തപ്പെടേണ്ടവളാണെന്നും ഉള്ള ധാരണകൾ അവരിൽ കുത്തിനിറയ്ക്കാതിരിക്കുക. അവിടെ വിവേചനം ഉണ്ടല്ലോ, അതുകൊണ്ട് ഇവിടെയും വിവേചനം ആവാം എന്ന് പഠിപ്പിക്കാതിരിക്കുക. എല്ലാ ശാരീരിക വ്യത്യസ്ഥതകൾക്കും അപ്പുറം സ്ത്രീയും പുരുഷനും തുല്യരാണെന്ന ചിന്തയോടെ അവരെ വളരാൻ അനുവദിക്കുക. അവരിൽ ശാസ്ത്രീയ മനോവൃത്തിയും അന്വേഷണത്വരയും വളർത്താൻ ശ്രമിക്കുക. സമത്വസുന്ദരമായ ഒരു ലോകത്തേക്കുള്ള യാത്രയിലേക്ക് കുട്ടികളെയെങ്കിലും തയ്യാറാക്കുക. അല്ലെങ്കിൽ, ലോകം ശരികളിൽ നിന്ന് മികച്ച ശരികളിലേക്ക് മുന്നേറുമ്പോൾ മറ്റൊരു വിവേചനം തുടരാൻ നാളെ നിങ്ങളുടെ മക്കൾ തെരുവിലായിരിക്കും. നന്ദി.