ബൂലോഗത്തെ കവിതകൾ വായിച്ചാൽ കവികൾക്ക് എഴുതാൻ ഈ ലോകത്ത് രണ്ടേ രണ്ട് വിഷയങ്ങളേ ഉള്ളൂ എന്ന് തോന്നും. ഒന്നുകിൽ ഒടുക്കത്തെ നൊസ്റ്റാൾജിയ. അല്ലെങ്കിൽ പ്രണയം. നൊസ്റ്റാൾജിയക്ക് ഞാനും ഒരു തവണ
. അതുകൊണ്ട് ഇപ്രാവശ്യം പ്രണയത്തിന്റെ പരിപ്പെടുക്കാം എന്ന് തീരുമാനിച്ചു.
ദുഃഖത്തിന്റെ മൂടുപടം അണിയിച്ച് ഓരോരുത്തർ പടച്ചു വിടുന്ന ഇമ്മാതിരി ഐറ്റങ്ങൾക്ക് എത്രയാ കമന്റ്?! കവിത ഒരു വരി പോലും മനസ്സിലായില്ലെങ്കിലും ടിപ്പിക്കൽ കമന്റുകളായ ആശംസകൾ, അഭിനന്ദനങ്ങൾ, ഭാവുകങ്ങൾ, അതിമനോഹരം, ലളിതം, നന്നായിരിക്കുന്നു, ഇഷ്ടായി തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നെടുത്ത് കാച്ചിയാൽ ബ്ലോഗറും ഹാപ്പി, ബ്ലോഗറെ പറ്റിച്ചതോർത്ത് നമ്മളും ഹാപ്പി!
പക്ഷേ, എന്റെ ഈ കവിത ഉത്തര/ ദക്ഷിണ ആധുനിക ടൈപ്പ് ഒന്നും അല്ല കേട്ടോ. ഉദാത്തമായ ക്ലീഷേകൾ കോറിയിടാനും അശേഷം താല്പര്യമില്ല. അനുവാചകന്റെ ആത്മാവിലേക്ക് ഇറങ്ങി ചെല്ലാൻ
ആവശ്യമില്ലെന്നും, പകരം വല്ല തേനോ അമൃതാഞ്ചനോ കുറിഞ്ഞിപ്പൂച്ചയോ മതിയെന്നും എനിക്ക് തിരിച്ചറിവ് കൈവന്നിരിക്കുന്നു. ഇതാ അതിനുള്ള തെളിവ്.
സമർപ്പണം
ഉത്തരാധുനിക കവിതകൾ വായിച്ച് അന്തം വിട്ടിരിക്കുന്ന പാവങ്ങൾക്ക്...
പൊള്ളലേറ്റ് മൃതിയടഞ്ഞ മൂവാണ്ടൻ മാവിന്...
പിന്നെ, നിന്നെ കെട്ടാൻ പോകുന്ന ചെക്കനും!
എന്റെ പ്രണയം എന്ത് പിഴച്ചു???
ഇന്നലെയൊരു കത്ത് കിട്ടി,
എന്നെ ചാറ്റിംഗ് പഠിപ്പിച്ചവളുടെ കത്ത്.
കടം വാങ്ങാൻ പഠിപ്പിച്ചവളുടെ ക്ഷണക്കത്ത്.
ഉറക്കമൊഴിക്കാൻ പഠിപ്പിച്ചവളുടെ വിവാഹ ക്ഷണക്കത്ത്!
ഇന്ന് രാവിലെ ഉണർന്നു നോക്കുമ്പോൾ
കരിഞ്ഞുണങ്ങി നിൽക്കുന്നു...
കന്നി കായ്ച്ച മൂവാണ്ടൻ മാവ്!
പഴിചാരുന്നുണ്ട്...
അച്ഛൻ ആഗോളതാപനത്തെയും
അമ്മ അയൽക്കാരെയും.
വക്ക് പൊട്ടിയ പാത്രവും തേടി
അനിയത്തി നടക്കുന്നു...
തേരാപാരാ.
കുറിഞ്ഞി പൂച്ചക്ക്
പാലൊഴിച്ച് കൊടുക്കുന്നത്
അതിലാണത്രേ!
മാതൃഭൂമിയും പിടിച്ച്
ഞാൻ മാത്രം
നാണമില്ലാത്ത മാണിയേയും
മാനമില്ലാത്ത ചാണ്ടിയേയും
ചായയോടൊപ്പം നുണഞ്ഞു.
ഭയങ്കര കയ്പ്!
സത്യത്തിൽ എന്താ സംഭവിച്ചത്?
ആരോടും പറയില്ലെങ്കിൽ പറയാം.
നഷ്ട പ്രണയത്തിന്റെ ഭാരവും ചുമന്ന്
എത്രയാണ് ഞാനലഞ്ഞത്?
നിങ്ങൾക്കറിയില്ല.
ആത്മാവിന്റെ വേദന
അമൃതാഞ്ജൻ പുരട്ടിയാൽ മാറുമോ?
ഏകാന്തതയുടെ മരുഭൂവിലൂടെ
നിരാശയുടെ തീക്കാറ്റുമേറ്റ്
നിദ്രാവിഹീനമായ രാവിൽ,
എത്രയാണ് ഞാൻ പുളഞ്ഞത്?
അഗ്മാർക്ക് മുദ്രയുള്ള ചെറുതേൻ
അന്തരാളത്തിന്റെ പൊള്ളൽ മാറ്റുമോ?
ഇല്ല തന്നെ.
അതുകൊണ്ടാണ്
അതുകൊണ്ട് മാത്രമാണ്
ഞാനാ കടുംകൈ ചെയ്തത്!
ഇന്നലെ രാത്രി,
ഏഷ്യാനെറ്റിൽ ചന്ദനമഴ തോർന്നതിനു ശേഷം
നഷ്ടസ്വപ്നങ്ങളുടെ നെടുവീർപ്പുകൾ ഉതിരുന്ന
മോഹങ്ങളുടെ കാലിച്ചാക്കിൽ
അർത്ഥഭേദം വന്ന പ്രണയലേഖനങ്ങളും,
വക്ക് പൊട്ടിയ സമ്മാനങ്ങളും നിറച്ച്
മുറ്റത്തെ മൂവാണ്ടൻ മാവിന് വളമാക്കിയത്
ഞാനാണ്!!!
രാവിലെ ഉണർന്നു നോക്കുമ്പോൾ
കരിഞ്ഞുണങ്ങി നിൽക്കുന്നു.
നഷ്ടപ്രണയത്തിന്റെ പങ്കേറ്റു വാങ്ങിയ
മൂവാണ്ടൻ മാവ്
പൊള്ളലേറ്റ് മൃതിയടഞ്ഞ മാവേ, മാപ്പ്.
പാബ്ലോ നെരൂദയെ കടം കൊള്ളട്ടെ...
സമൂഹം,
മാഗി നൂഡിൽസിനോട് ചെയ്തതെന്തോ
അതാണ്,
നീയെന്നോടും ചെയ്തത്.
എന്റെ മനപ്പായസത്തിൽ മണ്ണ് വാരിയിട്ട്,
നിന്റെ കല്യാണപ്പായസം
കുടിക്കാൻ ക്ഷണിച്ച വഞ്ചകീ,
നീ നന്നായി വരും.
**********************
അറിയിപ്പ്:
കലാപ പരിപാടികൾ അവസാനിച്ചിരിക്കുന്നു.
എനിക്ക് സമ്മാനിക്കാൻ പൂമാല, പൊന്നാട, റീത്ത്, ചൂരൽ, ചങ്ങല, ഇലക്ട്രിക് കസേര തുടങ്ങിയവ കൊണ്ടുവന്നിട്ടുള്ളവർ താഴെയുള്ള കമന്റ് പെട്ടിയിൽ നിക്ഷേപിക്കാൻ അപേക്ഷ. രാത്രി, പവർകട്ടിന്റെ നേരത്ത് ഞാൻ വന്ന് പെറുക്കിയെടുക്കുന്നതായിരിക്കും.
ഫോർ ദ ടൈം ബീയിംഗ്, ലവ് ഓഫ് എ സാഡ് വല്ലരി ക്ലൈംബിംഗ് ഓണ്‍ ദി ഹണി മാംഗോ ട്രീ ഫോർ ഗ്രേറ്റ് ക്രിയേഷൻ ആൻഡ് ഡൊണേഷൻ ഓഫ് സാറ്റിസ്ഫാക്ഷൻ ഓഫ് ഗുഡ് ബൈ. ദ എൻഡ്.
മനസ്സിലാകാത്തവർക്ക്:
പ്രണയമാകുന്ന തേൻമാവിലേക്ക് ഒരു ശോകവല്ലരിയായി പടർന്നു കയറാൻ, ഉദാത്തമായ ഒരു സൃഷ്ടി സംഭാവന ചെയ്തു എന്ന ചാരിതാർത്ഥ്യത്തോടെ തൽക്കാലം ഞാൻ വിട കൊള്ളട്ടെ... ശുഭം!
Related Posts :
തൊഗാഡിയ അങ്ങുന്നിന് ഒരു കത്ത്.
എന്റെ കോളേജിന്റെ കഥ - നൊസ്റ്റാൽജിയ